Tuesday, 20 November 2007

ഒരു ലീവ്‌ ലെറ്റര്‍

അങ്ങനെ ഞങ്ങളും നാട്ടിലേക്ക് വരികയാണു കേട്ടോ....മാര്‍ച്ചില് ലീവ് ഉണ്ടായിരുന്നിട്ടും, അത് ഡിസംബറിലേക്ക് മാറ്റിയത് ചിക്കന് ഗുനിയ, തക്കാളി പനി മുതലായ ഞങ്ങള് കേട്ടിട്ടില്ലാത്ത പല സാധനങ്ങളും നാട്ടില് രംഗ പ്രവേശം നടത്തിയപ്പോള്, ഞങ്ങള് ഒന്ന് പകച്ചുവെന്നത് സത്യം. അങ്ങനെ നവംബര് ഒടുക്കം വരെ ഒരു പരുവത്തില് പിടിച്ച് നിന്ന്, നവംബര് 27നു നാട്ടിലേക്ക് വരുന്നു. വരുന്നുവെന്ന് പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം പുറകെ വരും... എന്നാ പോകുന്നത്? അത് ജനുവരി 18, 2008നു.

എന്.എസ്.എസിന്റെ [നായര് സര്വ്വീസ് സോസൈറ്റി] സ്വന്തം വിമാനത്തില് നാട്ടില് വരുമ്പോള്, ക്രിസ്ത്യാനി ആയത് കൊണ്ടായിരിക്കും എനിക്ക് യാതൊരു ഡിസ്ക്കൗണ്ടും കിട്ടിയില്ല. എനിക്ക് അതില് പരാതിയുമില്ല. ഈ അന്യ രാജ്യത്ത് വന്ന് നമ്മള് ആരോട് പരാതി പറയാന്. ഡിസ്ക്കൗണ്ട് ചോദിയ്ക്കും എന്ന് പേടിച്ചായിരിക്കും ഓമ നായറിന്റെ [OMA NAIR- OMAN AIR] തലപ്പത്തിരിക്കുന്നതും ഒമാനിയാണു.
കോളേജില് പഠിയ്ക്കുന്ന സമയത്ത് നല്ല നായര് കുടുംബത്തില് നിന്നുള്ള എന്റെ അടുത്ത ഒരു സുഹ്രുത്ത് ഡെബോ നായറിന്റെ [DEBONAIR] സ്ഥിര വരിക്കാരനായിരുന്നു.
അന്ന് അവനും ഒരു ഡിസ്ക്കൗണ്ടും കിട്ടിയില്ല.

പിന്നെയാണോ ക്രിസ്ത്യാനിയായി ജനിച്ച എനിക്ക്... ഇനി ഞാനിതു പറഞ്ഞുവെന്ന് പറഞ്ഞ്‌ ക്രിസ്ത്യന്‍ ബ്രദേഴ്സും [Christian Brothers] , മറ്റും അടിച്ച്‌ ഡിസ്ക്കൗണ്ടും ചോദിച്ച്‌ വഴക്കുണ്ടാക്കിയാല്‍.... കിട്ടുന്നതു മൊത്തം സ്വന്തമായി എണ്ണി നോക്കി രസീതും കൊടുത്ത്‌ സ്വീകരിയ്ക്കുക. എനിയ്ക്ക്‌ ഈ രക്തത്തില്‍ യാതൊരു പങ്കുമില്ലയെന്ന് സാരം.

പോട്ട്...നമ്മുടെ നാട് ഇങ്ങനെയാ. ആറിയാവുന്ന പോലീസാണോ... എങ്കില് 2 ഇടി കൂടുതല്. എന്ന് പറയുന്നതെത്ര ശരി.

ക്രിസ്തുമസ്സ് ആശംസകള്, പുതുവത്സരാശംസകള് എല്ലാം അല്പം നേരത്തെ തന്നെ നേരുന്നു.

ദൈവം അനുവദിച്ചാല് പഴമ്പുരാണം ഇനി അവധി കഴിഞ്ഞ് വന്നിട്ട്...

അപ്പോള് എല്ലാം പറഞ്ഞതു പോലെ..... വീണ്ടും സന്ധിയ്ക്കും വരെ വണക്കം....

സസ്നേഹം,
പഴമ്പുരാണംസ്.

ഇതും കൂടി ഒന്നു കാണുചുമ്മാതെയാണോ നമ്മുടെ വെള്ളാപള്ളിയുടെ തല പള പളാന്ന് തിളങ്ങുന്നെ. നായന്മാരോടാ കളി...

Thursday, 15 November 2007

വീണ്ടും ചില കോളേജ്‌ വിശേഷങ്ങള്‍.

പ്രീഡിഗ്രി കഴിഞ്ഞു. ഇനി സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി വന്നാല്‍ പോലും ഇനി ഡിഗ്രി പഠിച്ച്‌ സമയം കളയാന്‍ ഞാനില്ലായെന്ന് പറഞ്ഞ്‌ ഹോട്ടല്‍ മാനേജ്‌മന്റ്‌ എന്ന സുന്ദര സ്വപ്നവുമായി നടന്ന്, കേരളാ എന്റ്രന്‍സ്‌ എഴുതിയെങ്കിലും അതു 8 നിലയില്‍ പൊട്ടിയെന്ന് മാത്രവുമല്ല ഡിഗ്രി തന്നെ ശരണം എന്ന നിലയില്‍ കൊണ്ട്‌ എത്തിക്കുകയും ചെയ്തു. എന്റ്രന്‍സിന്റെ പുറകെ നടക്കുകയും, ഡിഗ്രിക്ക്‌ പോകില്ലായെന്ന് വാശി പിടിക്കുകയും ചെയ്ത്‌ കാരണം ഞാന്‍ നല്ല കോളെജില്‍ ഒന്നും തന്നെ അപേക്ഷയും സമര്‍പ്പിച്ചില്ല. ആയതിനാല്‍ പാരലല്‍ കോളേജ്‌ തന്നെ ശരണം. അങ്ങനെ മാര്‍ത്തോമാ കോളേജില്‍ വിലസി നടന്ന ആ പഴയ ആറംഗ സംഘത്തില്‍ നിന്ന് ഒരുവന്‍ ചരിഞ്ഞ്‌, അഞ്ചംഗം എന്ന പുതിയ കണക്കോടെ തിരുവല്ലയിലെ തന്നെ ഒരു 'പ്രശസ്തമായ' പാരലല്‍ കോളേജില്‍ ബി.കോമിനു ചേര്‍ന്നു.

മാര്‍ത്തോമാ കോളേജ്‌ എവിടെ, ഇത്‌ എവിടെ? പെണ്‍കുട്ടികളോട്‌ മിണ്ടാന്‍ പറ്റില്ല, അവരെ നോക്കാന്‍ പറ്റില്ല, ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ പറ്റില്ല, അങ്ങനെ ആകെ മൊത്തം ഒരു സുഖമില്ലായ്ം. തീഹാര്‍ ജയിലില്‍ ഇതിലും സ്വാതന്ത്ര്യമുണ്ടു എന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അവിടുത്തെ ഓരോ സംവിധാനങ്ങളും. ഓരോ ക്ലാസ്സ്‌ കഴിഞ്ഞും പ്യൂണന്മാര്‍ വന്ന് ക്ലാസ്സ്‌ മുറികളുടെ പുറത്ത്‌ റോന്ത്‌ ചുറ്റി ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവരെ കയ്യോടെ പിടിക്കുകയും, ആണും പെണ്ണും സംസാരിക്കുകയോ മറ്റും ചെയ്താല്‍, ആ പെണ്‍കുട്ടികളെ ഉടനടി പ്രിന്‍സി മുന്‍പാകെ ഹാജരാക്കി, താക്കീത്‌ നല്‍കിപ്പിക്കുക മുതലായവയാണു ഇവിടുത്തെ ഈ പ്യൂണന്മാരുടെ പ്രധാന വിനോദങ്ങള്‍. ഈ അനീതിയ്ക്കും, ക്രൂരതകള്‍ക്കും എതിരെ സമരം നടത്തി പ്രതികരിയ്ക്കാം എന്ന് വെച്ചാല്‍ കൂടി, ഞങ്ങള്‍ 5 പേര്‍ മാത്രം കാണും അതിനും. ബാക്കി എല്ലാവരും, അയ്യോ, പ്രിന്‍സി വക്കു പടയും. എനച്ചു പേടിയാ എന്നു പറയുന്ന ധൈര്യശാലികള്‍. ആയതിനാല്‍ അവരുടെ കാടന്‍ നിയമങ്ങള്‍ ഞങ്ങള്‍ മാര്‍ത്തോമാ സന്തതികള്‍ പൊട്ടിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ 5 പേരും ക്ലാസ്സുകള്‍ കട്ട്‌ ചെയ്യാനും, റിലീസ്‌ പടങ്ങള്‍ ഒന്നൊഴിയാതെ കാണാനും ഒക്കെ തീരുമാനിച്ചു. ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ്‌ വരെ ഞങ്ങള്‍ ക്ലാസ്സില്‍ കാണും. സാര്‍ ക്ലാസ്സില്‍ വന്നാല്‍ ഉടന്‍ തന്നെ നിയമസഭ ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷം പോലെ ഞങ്ങള്‍ ക്ലാസ്സുകള്‍ ധൈര്യപൂര്‍വ്വം ബഹിഷ്ക്കരിച്ചു കൊണ്ടിരുന്നു. ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍, നമ്മുടെ മാര്‍ത്തോമാ കോളേജിലെ കെ.എസ്‌.യുക്കാര്‍ പഠിപ്പു മുടക്കി കളിക്കുന്നു. ഞങ്ങളും അവരോടൊപ്പം സമരത്തില്‍ കയറി. പിന്നീട്‌ നേതാവിനോട്‌ പറഞ്ഞ്‌ നേരെ ഞങ്ങളുടെ കോളേജിലേക്കും സമരം വ്യാപിപ്പിച്ചു. ആ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന സമരം. സമരക്കാര്‍ കോളേജില്‍ പ്രവേശിച്ചിട്ടും പഠനം തുടര്‍ന്ന് കൊണ്ടേയിരുന്നു. അപ്പോള്‍ നേതാവ്‌ ഞങ്ങളോട്‌ വന്ന് ഇവിടുത്തെ മണി എവിടെയാണു എന്നു തിരക്കി സത്യത്തില്‍ അപ്പോള്‍ മാത്രമാണു അങ്ങനെ ഒരു വസ്തുവിനെ പറ്റി ഞങ്ങളും ഓര്‍ത്തത്‌.. അവിടുത്തെ മണിയെ പറ്റി ഞങ്ങള്‍ക്കും വലിയ ധാരണയില്ലഞ്ഞതിനാല്‍ അവിടുത്തെ പ്യൂണിനോട്‌ തന്നെ മണി തിരക്കി. ഏതായാലും അച്ചടക്കമുള്ള പ്യൂണ്‍ ആയതിനാല്‍ ശരിക്കുള്ള മണി തന്നെ കാട്ടി. [ഇതേ സ്ഥാനത്ത്‌ മാര്‍ത്തോമാ കോളേജിലെ രസതന്ത്ര വിഭാഗത്തിലെ അറ്റന്‍ഡറോട്‌ ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ ചിലപ്പോള്‍ തല കറങ്ങി, കണ്ണില്‍ ഇരുട്ട്‌ കയറി ഫ്ലാറ്റ്‌ ആയേനേ. പിന്നീട്‌ മണി പോയിട്ട്‌ കലാഭവന്‍ മണിയെ പോലും തിരിച്ചറിയാന്‍ പറ്റിയെന്നും വരില്ല.] അങ്ങനെ കെ.എസ്‌.യു വക ആദ്യത്തെ സമര മണി മുഴങ്ങി. അതോടെ അന്ന് അവിടുത്തെ കുട്ടികള്‍ ആദ്യമായി പരോളിലിറങ്ങി. കെ.എസ്‌.യൂക്കാര്‍ സമരം നടത്തിയതല്ലേ, പിന്നീട്‌ എസ്‌.എഫ്‌.ഐക്കാരും സമരവുമായി എത്തി ഞങ്ങളെ മോചിതരാക്കി. സമരത്തോടെ ഞങ്ങള്‍ക്കു സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ഉണ്ടായി. പണ്ടുള്ളവര്‍ പറയുന്നത്‌ എത്ര സത്യം. മൂക്കില്ലാ രാജ്യത്ത്‌ മുറി മൂക്കന്‍ രാജാവ്‌. അങ്ങനെ പെണ്‍കുട്ടികള്‍ ഞങ്ങളോട്‌ ധൈര്യമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അല്‍പ സ്വല്‍പം ക്ലാസ്സില്‍ കയറ്റം തുടങ്ങി.

ഇവിടുത്തെ റ്റീച്ചറന്മാരെല്ലാവരും വെറും മിസ്സ്‌ മാത്രമാണെന്ന സത്യം ക്ലാസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണറിഞ്ഞത്‌. ആര്‍ക്കും കൊള്ളാവുന്ന ഒരു ഇരട്ട പേരു പോലും ഇല്ല. മാര്‍ത്തോമാ കോളേജില്‍ ഇരട്ട പേരില്ലാത്ത ഒരു റ്റീച്ചറന്മാര്‍ പോലുമില്ല. ഞങ്ങള്‍ ആ ദൗത്യവും ഏറ്റെടുത്തു. അങ്ങനെ കോളേജില്‍ മിസ്സ്‌ മോര്‍ച്ചറിയും [യാതൊരു ഭാവ വ്യത്യാസവുമില്ലാത്ത റ്റീച്ചര്‍] , ചാടി ചാടി നടക്കുന്ന റ്റീച്ചര്‍-മിസ്സ്‌ റബര്‍ പന്തും, മസ്സിലു പിടിച്ചു നടക്കുന്ന സാര്‍ കൊച്ചിന്‍ ഹനീഫയും ഒക്കെയായി മാറി.

കോളേജിന്റെ അടുത്ത്‌ ഒരു നല്ല ഹോട്ടല്‍ ഇല്ല. നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ അല്‍പം നടക്കണം. പൊരി വെയിലത്ത്‌ നടന്ന് ഭക്ഷണവും കഴിച്ച്‌ തിരിച്ചു വരുമ്പോഴെക്കും കഴിച്ച ഭക്ഷണവും ദഹിച്ചിരിക്കും. അപ്പോള്‍ മറ്റൊരു വിദ്വാന്‍ ഒരു പുതിയ സൂത്രം പറഞ്ഞു. അതു ഞങ്ങള്‍ക്ക്‌ നന്നേ ബോധിച്ചു. ഞങ്ങളുടെ കോളേജിന്റെ, സോറി, ജയിലിന്റെ അടുത്ത്‌ ഒരു അടി പൊളി പള്ളിയും അതിനോടു ചേര്‍ന്ന് ഒരു നല്ല ഹാളും ഉണ്ട്‌. അവിടെ മിക്ക ദിവസവും കല്യാണം കാണും. ആയതിനാല്‍ നമ്മള്‍ക്ക്‌ അതു ഒന്ന് പയറ്റിയാലോ? അങ്ങനെ പിന്നെ ഞങ്ങളും കല്യാണരാമന്മാരായി. ആദ്യമൊക്കെ ചില്ലറ ചമ്മല്‍ തോന്നിയെങ്കിലും പിന്നീട്‌ അതു ഞങ്ങളുടെ ക്ലാസ്സിന്റെ തന്നെ ഒരു ഭാഗമായി മാറി. ഭക്ഷണം മാത്രമായിരുന്നില്ലാ ഞങ്ങളുടെ ഉന്നം. ചെറുക്കന്റെയും പെണ്ണിന്റെയും വണ്ടിയില്‍ നിന്നും പൂവുകള്‍, മിഠായി, ഇവ മൊത്തമായും ചില്ലറയായും ശേഖരിച്ച്‌ ക്ലാസ്സില്‍ കൊണ്ട്‌ ചെന്നു ‘ഗുണവും, നിറവും’ നോക്കി പെണ്‍കുട്ടികള്‍ക്ക്‌ പൂക്കളും, മിഠായികളും സമ്മാനിച്ചു ഞങ്ങള്‍ ഉദാരവത്ക്കരണത്തിന്റെ വക്താക്കളായി. ഉച്ചയ്ക്‌ ഞങ്ങളുടെ വരവും കാത്ത്‌ പെണ്‍കുട്ടികള്‍ കാത്തിരുന്നു.. പൂവിനും, മിഠായ്ക്കുമായി.. അങ്ങനെ ഞങ്ങളുടെ സ്റ്റാര്‍ വാല്യു പിന്നെയും കൂടി. ഒരു വിളിക്കാത്ത കല്യാണത്തിനു പോയാല്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും ഞങ്ങള്‍ കുറഞ്ഞ സമയം കൊണ്ട്‌ സ്വായത്തമാക്കി. ആയതിനാല്‍ ഞങ്ങള്‍ ചെറുക്കന്‍ കൂട്ടരോട്‌ പെണ്‍ക്കൂട്ടരെന്നും , പെണ്‍കൂട്ടരോട്‌ ആണ്‍കൂട്ടരെന്നും പറഞ്ഞ്‌ നില്‍ക്കാനും ഞങ്ങള്‍ പഠിച്ചു. അങ്ങനെ ഞങ്ങള്‍ ബിരിയാണിയും, ഫ്രൈഡ്‌ റൈസും കഴിച്ച്‌ മടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുതിയ കേറ്ററിംഗ്‌ കമ്പനിയുടെ ഭക്ഷണം. ഞങ്ങള്‍ പതിവു പോലെ ഹാളില്‍ കയറി സ്ഥാനമുറപ്പിച്ചു. ചെറുക്കനും പെണ്ണും സ്റ്റേജില്‍ വന്നപ്പോള്‍ കേറ്ററിംഗ്‌ കമ്പനി വക ഒരു അനൗണ്‍സ്‌മന്റ്‌. അവര്‍ ആരുടെയോ പ്ലേറ്റിന്റെ അടിയില്‍ ഒരു കൂപ്പണ്‍ വെച്ചിട്ടുണ്ട്‌. അതു കിട്ടുന്നവര്‍ വന്ന് ബന്ധം പറഞ്ഞ്‌ ചെറുക്കന്റെയും പെണ്ണിന്റെയും കൈയില്‍ നിന്നും ഒരു റ്റൈറ്റാന്‍ വാച്ച്‌ സമ്മാനം വാങ്ങുക. കേറ്ററിംഗ്‌ കമ്പനിയുടെ കഷ്ടകാലത്തിനു ഈ കൂപ്പണ്‍ ഞങ്ങളുടെ സുഹ്രുത്തിന്റെ പ്ലേറ്റിന്റെ അടിയിലാണിരുന്നത്‌. ആ റ്റൈറ്റാന്‍ വാച്ച്‌ വാങ്ങാന്‍ സ്റ്റേജില്‍ കയറിയാല്‍ ചിലപ്പോള്‍ ഞങ്ങളുടെ റ്റൈറ്റായ പാന്റ്‌ വരെ കീറും. മുള്ളിയപ്പം തെറിച്ച ഒരു ബന്ധം പോലും ഇല്ലാത്ത ആ സാഹചര്യ്ത്തില്‍ ആ റ്റൈറ്റാന്‍ വാച്ച്‌ ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചു. ആരും സമ്മാനം വാങ്ങാന്‍ കയറിയില്ലായെന്ന ഒറ്റ കാരണത്താല്‍ ആ കല്യാണത്തിനു പങ്കെടുത്തയെല്ലാവര്‍ക്കും ഒരു കാര്യം മനസ്സിലായി- കേറ്ററിംഗ്‌ കമ്പനിക്കാര്‍ ലോക വെട്ടിപ്പുകാര്‍. പിന്നെ ഞങ്ങള്‍ അവരുടെ ഭക്ഷണം കഴിച്ചിട്ടേയില്ല. പാവങ്ങള്‍.

അങ്ങനെ ഈ കോളേജിലും ഓണം വന്നെത്തി. അത്തപ്പൂവിടീല്‍ മത്സരത്തിനു ഞങ്ങളും ചേര്‍ന്നു. അന്ന് അവിടെ ഉണ്ടായിരുന്ന കേരള മങ്കമാരുടെ ഇടയില്‍ കൂടി ഒരു വലിയ സഞ്ചിയുമായി കടന്ന് ചെന്ന് അത്തപ്പൂവിടീല്‍ നോക്കി കണ്ടു. വിധി നിര്‍ണ്ണയത്തിനു സമയം ആയപ്പോള്‍ ഞങ്ങളുടെ സഞ്ചിയില്‍ നിന്നും ഒരു റീത്ത്‌ പുറത്തെടുത്ത്‌ അഭിമാനപുരസ്സരം ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍പില്‍ വെച്ചു, അവിടുന്നും, ഇവിടുന്നും ഉപേക്ഷിക്കപ്പെട്ട പൂക്കള്‍ കൊണ്ട്‌ ‘എക്സ്‌ മാര്‍ത്തോമാ കുഞ്ഞുങ്ങള്‍’ എന്നെഴുതി ഇന്‍സ്റ്റന്റ്‌ അത്തപ്പൂക്കളം തീര്‍ത്തു.

മാര്‍ത്തോമാ കോളേജില്‍ പിരിവിന്റെ [സംഭാവന] കാര്യം വരുമ്പോള്‍ നമ്മുടെ കെ.എസ്‌.യു / എസ്‌.എഫ്‌.ഐയ്ക്കാര്‍ എല്ലാം മറന്ന് ഒരു അമ്മ പെറ്റ മക്കളെ പോലെയാകും. ക്രിസ്തുമസ്സ്‌ സമയത്ത്‌ രണ്ട്‌ പാര്‍ട്ടിക്കാരും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയ്ക്കാരുടെ സ്വന്തം ബക്കറ്റുമായി ക്രിസ്തുമസ്സ്‌ കരോളുമായി ക്ലാസ്സില്‍ വന്നു.

" ബേതലഹേമില്‍ കുഞ്ഞ്‌ പിറന്നതിനു കാശെട്‌ പിള്ളേരെ... കാശെട്‌ പിള്ളേരെ.." ഈ കരോള്‍ ഗാനം കേട്ട്‌ ജാതി മത ഭേദമന്യേ എല്ലാവരും തല കുത്തി ചിരിച്ചു. സഹോദരങ്ങള്‍ കാശ്‌ വാരുകയും ചെയ്തു.

അടുത്ത വര്‍ഷം കെ.എസ്‌.യു / എസ്‌.എഫ്‌.ഐയ്ക്കാര്‍ പുതിയ കരോള്‍ ഗാനവുമായി രംഗത്ത്‌ വന്നു. ഇത്തവണ പാരഡി ഗാനങ്ങളുടെ ട്രെന്‍ഡായതിനാല്‍ ഏക്‌, ദോ, തീന്‍ എന്ന ഹിറ്റ്‌ ഗാനത്തിന്റെ പാരഡി.

ഓരെശു, രണ്ടേശു, മൂന്നെശു, നാലേശു പിന്നഞ്ചാറേശു......[2]
ദേ കിടയ്ക്കുന്നു കാലിക്കൂട്ടില്‍...
മറിയത്തിന്‍ പൊന്മകനായി...
ആട്ടിടയന്മാര്‍ അവര്‍ യമഹായില്‍ വന്നു...
മാലാഖമാര്‍ അവര്‍ ജെറ്റില്‍ വന്നു...

ഇങ്ങനെ പോയ ആ പാട്ട്‌ കേട്ടിട്ടും മാര്‍ത്തോമാ കോളെജില്‍ ഒരു വര്‍ഗ്ഗീയ കലാപവവും ഉണ്ടായില്ല. എല്ലാവരും ചിരിച്ചു ആര്‍മാദിച്ചു. മാര്‍ത്തോമാ കോളേജില്‍ ആകെയുണ്ടായിരുന്ന 2 പാര്‍ട്ടികള്‍ കെ.എസ്‌.യുവും, എസ്‌.എഫ്‌.ഐയും മാത്രമായിരുന്നു. അടി എന്ന് എഴുതി കാണിച്ചാല്‍ മതി, കെ.എസ്‌.യുക്കാര്‍ എന്നും പി.ടി.ഉഷയെക്കാളും മുന്‍പിലായിരുന്നതിനാല്‍ ക്യാമ്പസ്‌ തല്ലുകള്‍ ലൈവായി കണ്ടിട്ടേയില്ല. പിന്നെ ആകെ കണ്ടിട്ടുള്ളത്‌ അവിടെയും ഇവിടെയും അഴിഞ്ഞ്‌ കിടക്കുന്ന ഖദര്‍ മുണ്ടുകള്‍ മാത്രമാണു. അതിനെ പറ്റി കെ.എസ്‌.യു നേതാക്കളോട്‌ ചോദിച്ചാല്‍ പറയും, അതു പിന്നെ ഞങ്ങള്‍ മഹാത്മാ ഗാന്ധിയുടെ അനുയായികളാ... “ഫ്രീഡംമൂവ്‌ മെന്റ്‌.”

എന്നാല്‍ ഞാന്‍ ഡിഗ്രിയ്ക്ക്‌ ജോയിന്‍ ചെയ്ത്‌ ഈ പാരലല്‍ കോളേജില്‍ കരോള്‍ നടന്നതാകട്ടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക്‌ ഉള്ള സുരക്ഷാ സന്നാഹത്തോടെയാണു. ആര്‍ക്കും ചലിക്കാന്‍ പോലും പറ്റാത്ത സാഹശ്ചര്യമായിരുന്നു അന്ന് അവിടെ ഉണ്ടായത്‌.

ഏതായാലും ഞങ്ങളെ സഹിക്കാന്‍ കോളേജും, കോളെജിനെ സഹിക്കാന്‍ ഞങ്ങളും തയ്യാറായില്ല. അങ്ങനെ ആ കോളെജില്‍ നിന്നും ഞങ്ങള്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടും മൂന്നും വര്‍ഷം ഞങ്ങള്‍ വേറെ 2 കോളെജില്‍ കൂടി പഠിച്ച്‌ 3 വര്‍ഷം 3 കോളേജ്‌ എന്ന അപൂര്‍വ്വ ബഹുമതിക്കര്‍ഹരായി.

എന്തു പറഞ്ഞാലും അവസാനം ഞാന്‍ ബി. കോം കാരനായി. അങ്ങനെ ലോകത്തിലെ ആദ്യ വിദ്യാഭ്യാസ വെബ്‌ സൈറ്റില്‍ ഞാനും അംഗമായി. ഞെട്ടെണ്ട. തമിഴ്‌നാട്ടുക്കാരന്‍ പേരിന്റെ കൂടെ അവന്റെ ഡിഗ്രിയും എഴുതും. ആ സ്റ്റയിലില്‍ എന്റെ പേരും എഴുതിക്കോ- senueapenthomasb.com. [www അതു ഇപ്പോള്‍ വന്ന സാധനമാ].

Thursday, 1 November 2007

തെറിയഭിഷേകം....ഒരു എക്സ്‌ക്ലൂസ്സീവ്‌ റിപ്പോര്‍ട്ട്‌.

മഞ്ജുഷ്‌ ഗോപാലിനു പ്രഥമ വി.കെ.മാധവന്‍ കുട്ടി പുരസ്ക്കാരം. ഫ്ലാഷ്‌ ന്യൂസ്‌ കണ്ടപ്പോള്‍ തന്നെ രോമം കുറവായ എനിക്കും സാമാന്യം ഭേദപ്പെട്ട രോമാഞ്ചം ഉണ്ടായി. ഒട്ടും അമാന്തിക്കാതെ, ഫോണ്‍ വിളിച്ച്‌ മഞ്ജുഷിനു അഭിനന്ദനങ്ങളും കൊടുത്തു. വൈകിട്ടത്തെ വാര്‍ത്തയില്‍, അവാര്‍ഡിനു അര്‍ഹമായ സ്കൂപ്പുകള്‍ വീണ്ടും കാണിച്ചു. ദേവസ്വം ബോര്‍ഡിലെ അഴിമതി, സ്പീഡ്‌ ഗവേര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അതി വേഗത്തില്‍ പായ്യുന്ന കാഴ്ച്ചകള്‍, അതിന്റെ ട്രിക്കുകള്‍ ഇവയൊക്കെ കണ്ടപ്പോള്‍ ഈ അവാര്‍ഡിനു എന്തു കൊണ്ടും മഞ്ജുഷ്‌ യോഗ്യനാണെന്ന് മനസ്സിലായി. ഇത്രയും സാഹസികമായി ഈ കാര്യങ്ങള്‍ അത്രയും തന്റെ ക്യാമറായില്‍ പകര്‍ത്തിയ ക്യാമറാമാനു സ്ഥലപേരു മാത്രം മിച്ചം – “തലവടി”.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ സിനിമാകള്‍ കാണുകയെന്നത്‌ ഞങ്ങളുടെ ഒരു പ്രധാന വിനോദമാണു. ഹലോ, അറബി കഥ, ബിഗ്‌ ബി, മിഷന്‍ 90 എന്നിവകളുടെ ഒന്നാന്തരം വ്യാജ സി.ഡികള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ ഭയങ്കര കണ്‍ഫ്യൂഷന്‍. ഏത്‌ ആദ്യം കാണണം? [ദിലീപും, മോഹന്‍ ലാലും ഒക്കെ മാറി മാറി വ്യാജ സി.ഡികള്‍ കാണരുതേ, അതു പാപമാണേയെന്ന് പല തവണ റ്റിവിയില്‍ കൂടെ പറയുന്നത്‌ ഞങ്ങളും കേട്ടിട്ടുണ്ടെങ്കിലും, വ്യാജ സി ഡികള്‍ ഞങ്ങളുടെ കൈയ്യില്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക്‌ ‘തന്മാത്ര അസുഖം’ ബാധിയ്ക്കും.] ഏതായാലും 2 ദിവസത്തെ സമയം കൊണ്ട്‌ 4 സിനിമാകളും കണ്ടു തീര്‍ത്തു.

ഉള്ളത്‌ പറയണമല്ലോ...ഋഷിരാജ്‌ സിംഗ്‌ വന്നു പോയതില്‍ പിന്നെ വ്യാജ സി.ഡികളുടെ എല്ലാം ക്വാളിറ്റി മെച്ചപ്പെട്ടു. ഇപ്പോള്‍ വ്യാജന്‍ വരുന്നതെല്ലാം സിംഗപ്പൂരില്‍ നിന്നാണത്രേ.

രാത്രിയില്‍ ഹലോയിലെ ചില തമാശകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോള്‍, പെട്ടെന്ന് എനിക്ക്‌ ഒരു കാര്യം ഓര്‍മ്മ വന്നു. ആ 4 സി.ഡികളില്‍ ഒന്നിനകത്ത്‌ വ്യാജ സി.ഡി നിര്‍മ്മാതാക്കളുടേത്‌ എന്ന് തോന്നുന്ന ഫോണ്‍ നമ്പരുകളും, സൗദി അറേബ്യയിലെ ചില കടകളുടെ പരസ്യവും വരുന്നുണ്ട്‌. പിന്നെ ഒട്ടും വൈകിയില്ല. സി.ഡികള്‍ വീണ്ടും ഇട്ട്‌ ആ നമ്പരുകള്‍ കുറിച്ചെടുത്തു. ദൈവമേ!!! ഒത്താല്‍ അടുത്ത വര്‍ഷത്തെ ശ്രീ. വി.കെ.മാധവന്‍ കുട്ടി പുരസ്ക്കാരം തനിക്ക്‌ ആയിരിക്കണേ!!! ആ പ്രാര്‍ഥനയോടെ അന്നത്തെ രാത്രി ഒരു പരുവത്തില്‍ കഴിച്ചു കൂട്ടി.

അങ്ങനെ പിറ്റേന്ന്, അലാറം അടിയ്ക്കുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ഉറക്കം ഉണര്‍ന്നു. സത്യത്തില്‍ ഞാന്‍ അന്ന് ഉറങ്ങിയതേയില്ല. രാവിലെ എഴുന്നേറ്റ്‌, ഫോണ്‍ വിളിച്ച്‌ സി.ഡിക്കാരോട്‌ ചോദിയ്ക്കേണ്ട ചോദ്യങ്ങള്‍ നല്ല ഒരു വെള്ള കടലാസ്സില്‍ കുറിച്ച്‌ വെച്ചു. എന്റെ കലാപരിപാടികള്‍ കണ്ട്‌ ഭാര്യ എന്നോട്‌ ചോദിച്ചു:- വേറേ ഒരു പണിയും ഇല്ലേ? എന്തിനാ വെറുതെ ഇതിനൊക്കെ സമയം കളയുന്നത്‌? നിങ്ങളെന്നാ ഋഷി രാജ്‌ സിംഗാണോ വ്യാജ സി.ഡി പിടിയ്ക്കാന്‍? ഉള്ള കഞ്ഞിയില്‍ പാറ്റ ഇടേണ്ടാ....അവള്‍ അടുക്കളയിലേക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍, മഞ്ജുഷ്‌ ഗോപാല്‍ നടത്തിയ അടിപൊളി അന്വേഷണങ്ങളുടെ ഒരു ചെറിയ റിപ്പോര്‍ട്ടും, അവാര്‍ഡിന്റെ ഘനത്തെ പറ്റിയും ഒക്കെ ചെറിയ ഒരു ക്ലാസ്സ്‌ എടുത്തു.

അങ്ങനെ 9.00 മണിയായപ്പോള്‍ ഞാന്‍ തലേന്ന് കുറിച്ച്‌ വെച്ച നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു. തയ്യാറാക്കി വെച്ചിരുന്ന ചോദ്യ പേപ്പര്‍ ബെല്ലടി ശബ്ദത്തോടൊപ്പം മറുകൈയ്യില്‍ ഇരുന്ന് വിറയ്ക്കാന്‍ തുടങ്ങി. പെട്ടന്ന് അങ്ങേ തലയ്ക്കല്‍ ഹലോ ശബ്ദം കേട്ടു.

ഹലോ.... ഞാനും പ്രതികരിച്ചു. പിന്നെ ഞാന്‍ പറഞ്ഞ്‌ തുടങ്ങി... ഇതേ ഞാന്‍ മസ്ക്കറ്റില്‍ നിന്ന് വിളിക്കുകയാ.....

എന്തു വേണം? ആരാ ഇത്‌? മറുതലയ്ക്കല്‍ പരുക്കന്‍ ശബ്ദം കേട്ട്‌ എന്റെ ശബ്ദം അല്‍പം ഇടറി.

ഞാന്‍ നിങ്ങള്‍ പുറത്തിറക്കിയ വ്യാജ സി.ഡി ഇട്ട്‌ സിനിമാ കണ്ടു. അതില്‍ നിന്നാണു നിങ്ങളുടെ നമ്പര്‍ കിട്ടിയത്‌.

ഓഹ്‌ താങ്ക്സ്‌. അയാള്‍ ലാല്‍ ജോസിന്റെ ഗമയില്‍ പറഞ്ഞു.

ഇത്രയും കഴിഞ്ഞപ്പോഴെക്കും ഞാന്‍ ഫോമിലായി.

നിങ്ങളുടെ പേരു എന്താണു? നിങ്ങള്‍ എങ്ങനെയാണിപ്പോഴും വ്യാജ സി.ഡികള്‍ ഇറക്കുന്നത്‌?

പിന്നെ ഞാന്‍ കേട്ടത്‌ അറബിയാണോ, ജാപ്പനീസ്സാണോ, സ്വഹിലിയാണോ, മറാഠിയോ, കാശ്മീരിയോ.......ഒന്നും മനസ്സിലായില്ല. ഫോണ്‍ കട്ടായപ്പോള്‍ ചെവിയില്‍ ഇരുന്ന് ആരോ കൂവുന്നതു പോലെ ഒരു ശബ്ദം കേട്ടു. പക്ഷെ ഒരു കാര്യം ഞാന്‍ വ്യക്തമായി കേട്ടു- താനാരാ ഇതൊക്കെ തിരക്കാന്‍....ഋഷിരാജ്‌ സിംഗിന്റെ അപ്പനാണോയെന്ന്?? അതു മാത്രമേ ഇവിടെ എഴുതാന്‍ പറ്റൂ... ശ്വാസം വിടാതെ ഇത്രയും തെറി പറയാന്‍ ഇവനാരുവാ... കൊടുങ്ങല്ലൂരെ ആസ്ഥാന ഗായകനോ???? തെറികള്‍ കേട്ട്‌ എന്റെ നാക്ക്‌ താണു പോയതു പോലെ തോന്നി. എത്രയോ സുരേഷ്‌ ഗോപി ചിത്രങ്ങള്‍ കണ്ടിട്ടുള്ള എന്റെ വായില്‍ നിന്ന് “ഭ!! പുല്ലേ” എന്ന ഡയലോഗ്‌ പോലും വെളിയിലേക്ക്‌ വന്നില്ല. ഹോ, ഇവന്റെ മുന്‍പില്‍ നമ്മുടെ മന്ത്രി സുധാകരന്‍ എത്രയോ ഡീസെന്റാ.

പറ്റിയ അബദ്ധം ഭാര്യ തന്റെ വിളറിയ മുഖത്തില്‍ നിന്ന് തന്നെ മനസ്സില്ലാക്കി.

ഇന്നലെ ടിവി യില്‍ ബജാജിന്റെ ഏറ്റവും പുതിയ ബൈയ്ക്കിന്റെ പരസ്യം കണ്ടപ്പോള്‍, അതിന്റെ ചുവട്ടില്‍ എഴുതിയ വാചകങ്ങള്‍ ഭാര്യ എന്നെ വായിച്ച്‌ കേള്‍പ്പിച്ചു.

വാചകത്തിന്റെ ഏകദേശ മലയാള പരിഭാഷ ഇങ്ങനെ:- ഈ പരസ്യത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്‌ പ്രഫഷണല്‍സ്സിനെ കൊണ്ടാണു. ആയതിനാല്‍ അനുകരിച്ച്‌ അപകടം വരുത്തരുതു.

എന്റെ ദൈവമേ!!! അന്ന് ആ മഞ്ജുഷും ഇതു പോലെ ഒന്ന് എഴുതി കാണിച്ചിരുന്നെങ്കില്‍.... ഓഹ്‌ അതെങ്ങനാ... വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലായെന്ന് പറയുന്നത്‌ എത്ര ശരിയാ. പിന്നെ കേവലം ഒരു അന്വേഷണത്തിനു ഇത്രയും തെറി എനിക്ക്‌ കിട്ടിയപ്പോള്‍, മഞ്ജുഷിനു തെറിയുടെ ആഘോഷം തന്നെയായിരിക്കുമല്ലോ... ആ ഒറ്റ ആശ്വാസത്തിലാണു ഞാനിപ്പോള്‍...

Monday, 15 October 2007

ഉപരി പഠനം - ഒരു വിലാപ കാവ്യം.

ബി. കോം കഴിഞ്ഞ്‌ നില്‍ക്കുന്ന സമയം. ഒരു ജോലി കിട്ടിയിട്ട്‌ വേണം കുറച്ച്‌ ലീവെടുക്കാന്‍ എന്ന്, മോഹന്‍ലാലിനെ പോലെ ഞാനും കരുതി നില്‍ക്കുമ്പോഴാണു ആ പത്ര പരസ്യം എന്റെ കണ്ണില്‍പ്പെട്ടത്‌. തിരുവല്ലായില്‍ ആദ്യമായി ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്സ്‌. 3 മാസത്തെ കോഴ്സ്‌ കഴിഞ്ഞാല്‍ ഉടനെ ഉയര്‍ന്ന ശബളത്തോടെ ജോലി. ആ ഉയര്‍ന്ന ശബളം എന്ന ഒറ്റ വാക്ക്‌, എന്തോ എന്നെ വല്ലാതെ അങ്ങ്‌ ആകര്‍ക്ഷിച്ചു. ഉടനെ തന്നെ പോയി തിരക്കി. 3500 രൂപാ ഫീസ്‌. അങ്ങനെ ഞാനും ആ കോഴ്സിനു ജോയിന്‍ ചെയ്തു.

ആദ്യ ദിവസത്തെ ചെയര്‍മാന്റെ പ്രസംഗത്തില്‍ നിന്നും, റ്റൈ കെട്ടി വേണം എല്ലാവരും ക്ലാസ്സില്‍ വരാന്‍ എന്നുള്ള താക്കീത്‌ എനിക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. കാരണം ഞാനൊഴികെ ബാക്കി എല്ലാവരും, കഴുത്തില്‍ അടിപൊളി റ്റൈ ധരിച്ചിരുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാനും ഒരു “കോ…..ട്ടണ്‍ റ്റൈ” വാങ്ങി. പണ്ടാരം കെട്ടാന്‍ വന്ന പ്രയാസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ എന്റെ കഴുത്തിലും റ്റൈ കാണും. ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവനെ ഞാന്‍ ഭദ്രമായി അഴിച്ചു വെയ്ക്കും. എന്തു ചെയ്യാം.. ഉയര്‍ന്ന ശമ്പളത്തിന്റെ ജോലി, ഈ കോട്ടണ്‍ റ്റൈ ഇല്ലാത്തതിന്റെ പേരില്‍ കിട്ടിയില്ലായെന്നു വന്നാല്‍ നഷ്ടം എനിക്കു തന്നെ. ക്ലാസ്സില്‍ മൊത്തം 20 പേര്‍. 12 ആണ്‍കുട്ടികളും, 8 പെണ്‍ക്കുട്ടികളും. അങ്ങനെ ബി.കോമിനു പഠിച്ച അസ്സറ്റ്‌, ലയബിലിറ്റി, ക്രെഡിറ്റ്‌, ഡെബിറ്റ്‌, എന്നീ പദങ്ങളെ പരിപൂര്‍ണ്ണമായി മറന്ന് IATA, PATA എന്നീ പുതിയ പദങ്ങളെ സ്നേഹിച്ചും, നാളെ കിട്ടാന്‍ പോകുന്ന ആ വലിയ ശമ്പളത്തെ സ്വപനം കണ്ടും ക്ലാസ്സുകള്‍ നീക്കി. TVM എന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Kottayam എന്നും പഠിച്ചു വെച്ചിരുന്ന എനിക്ക്‌ ഈ ക്ലാസ്സില്‍ ചേര്‍ന്നതോടെ TRVഎന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Katmandu എന്നും പഠിക്കേണ്ടി വന്നു. കൂടാതെ ലോകത്തിലുള്ള സകല രാജ്യത്തിന്റെ പേരുകളും പഠിച്ചു. ക്ലാസ്സിന്റെ ഇടയ്ക്ക്‌ നമ്മുടെ ഇംഗ്ലീഷ്‌ അടിപൊളിയാക്കാന്‍, ഇംഗ്ലീഷില്‍ ഓരോരുത്തരും എന്തെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു ചെറിയ ക്ലാസ്സ്‌ എടുക്കണം. ക്ലാസ്സ്‌ കഴിഞ്ഞാല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. അതിനു മറുപടി കൊടുക്കണം. ഇതു ഞങ്ങളുടെ ക്ലാസ്സിലെ പല കുട്ടികള്‍ക്കും ഒരു തലവേദനയായിരുന്നു.

അങ്ങനെ ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ ഊഴമെത്തി. സുഹ്രുത്തു ക്ലാസ്സ്‌ എടുക്കുന്നതിനു മുന്‍പ്‌, ഞാന്‍ പറയുന്നത്‌ എല്ലാം കേട്ടോണം, ഒരു സംശയം പോലും ചോദിച്ച്‌ എന്നെ ബുദ്ധിമുട്ടിക്കരുതേയെന്ന് താണു വീണു മുന്‍ക്കൂര്‍ ജാമ്യാപേക്ഷയൊക്കെ സമര്‍പ്പിച്ചിട്ടാണു ക്ലാസ്സെടുക്കാന്‍ കയറിയത്‌. നെതര്‍ലാന്‍ഡ്സിനെ പറ്റിയായിരുന്നു ക്ലാസ്സ്‌. അതിനകത്തെ ഒരു വാചകം ഇങ്ങനെയായിരുന്നു- Netherlands is a CAREFREE country. ഏതായാലും ക്ലാസ്സ്‌ തീര്‍ന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം എന്ന് നേരത്തെ സമര്‍പ്പിച്ചിരുന്ന മുന്‍ക്കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ ചോദിച്ചു. പക്ഷെ സുഹ്രുത്തിന്റെ ജാമ്യാപേക്ഷ നിരുപാധികം തള്ളി കൊണ്ട്‌ ഒരു സുഹ്രുത്ത്‌ ചോദിച്ചു- In your speech you mentioned that Netherlands is a CAREFREE country. What do you mean by a carefree country? ഈ ചോദ്യം കേട്ടതോടെ പെണ്‍ക്കുട്ടികള്‍ കമിഴ്‌ന്ന് കിടന്ന് ചിരിക്കാന്‍ തുടങ്ങി. തന്റെ ക്ലാസ്സിനു എന്തോ തട്ടുക്കേട്‌ പറ്റിയെന്ന് സുഹ്രുത്തിനു മനസ്സിലായി. എന്നിട്ട്‌ ഞങ്ങളെ എല്ലാം ദയനീയമായി നോക്കി കൊണ്ട്‌ ചോദ്യമെറിഞ്ഞ സുഹ്രുത്തിനെ നോക്കി, അരിശത്തോടെ പിറുപിറുക്കാന്‍ തുടങ്ങി. അപ്പോള്‍ ചോദ്യകര്‍ത്തവിന്റെ തന്നെ അടുത്ത ചോദ്യവും വന്നു- Why are you WHISPERing now? Answer Loudly. അതോടെ ക്ലാസ്സില്‍ കൂട്ടചിരി ഉയര്‍ന്നു. സുഹ്രുത്ത്‌ ശരിക്കും വിയര്‍ത്തു.. ഏതായാലും എന്തൊക്കെയോ പറഞ്ഞ്‌ സുഹ്രുത്ത്‌ ആ ക്ലാസ്സില്‍ നിന്നും തലയൂരി.

ഇങ്ങനെ പലതുമായി 3 മാസം കടന്നു പോയി. റിസള്‍ട്ട്‌ വന്നപ്പോള്‍ ഞങ്ങളുടെ ഒരു സുഹ്രുത്ത്‌ മാത്രം A+ Outstanding-ഇല്‍ പാസ്സായി. ഞങ്ങള്‍ 4 ആള്‍ക്ക്‌ A+, കേര്‍ഫ്രീ സുഹ്രുത്ത്‌ B ഗ്രേഡിലും പാസ്സായി. ചെയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്തിട്ട്‌ പറഞ്ഞു, A+ Outstanding കിട്ടിയ ആളിനു 2 മാസത്തിനകം ജോലി ലഭിയ്ക്കും. ബാക്കി കുട്ടികള്‍ക്ക്‌ പുറകാലെ...

കോഴ്സ്‌ കഴിഞ്ഞപ്പോള്‍ കിട്ടിയ ആ വലിയ ഭംഗിയുള്ള സര്‍ട്ടിഫിക്കേറ്റില്‍ എനിക്കു കിട്ടിയ ആ A +, കണ്ടപ്പോള്‍ ഞാന്‍ എതോ ഷക്കീല ചേച്ചിയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ കീറി കയ്യില്‍ പിടിച്ചതു പോലെ തോന്നി. രൂപാ ഒന്നും രണ്ടുമല്ല... 3500 ആണു കളഞ്ഞത്‌. പിന്നെ 'ഇതര ചിലവുകള്‍' വേറെയും. ഒടുക്കം കിട്ടിയതോ A + സര്‍ട്ടിഫിക്കേറ്റും. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്ത്‌ ജീന്‍സിനകത്ത്‌ വെച്ചതു പോലെയായി ഇത്‌...

ഇനി എന്താണു അടുത്ത പരിപാടിയെന്ന് സഹപാഠികള്‍ തിരക്കിയപ്പോള്‍, സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയല്ലോ... ഇനി ഞാന്‍ അങ്കിളിന്റെ കൂടെ കൂടും. ഓഹ്‌!!! അങ്കിള്‍ എവിടെയാ? എന്തെടുക്കുന്നു? മുതലായ ചോദ്യങ്ങള്‍ക്ക്‌ ഓഹ്‌ അങ്കിള്‍ ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ ചുമ്മാതെയിരിക്കുകയായെന്ന വലിയ തമാശ പറഞ്ഞ്‌ ഞാന്‍ അവരെ ചിരിപ്പിച്ചുവെങ്കിലും അതു ഇങ്ങനെ അറം പറ്റുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല.

3 മാസം കഴിഞ്ഞു, 6 മാസം കഴിഞ്ഞു.. ഏതായാലും ആര്‍ക്കും ജോലി കിട്ടിയതായി ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല. അതിനിടയില്‍ A+ Outstanding കിട്ടിയ സുഹ്രുത്ത്‌ അച്ചനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത കേട്ടതോടെ അവനേക്കാള്‍ മുന്‍പേ ഞങ്ങള്‍ ‘വികാരി’കളായി.

മാസങ്ങള്‍ക്കു ശേഷം, ട്രാവല്‍ ആന്‍ഡ്‌ ടൂറിസം പഠിപ്പിച്ച ഒരു സാറിനെ കണ്ടു. എന്നെ കണ്ടപ്പോള്‍ സാറു തിരക്കി-സെനു ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? ഞാന്‍ പറഞ്ഞു,:- ഈസ്റ്റ്‌ വെസ്റ്റില്‍ [എയര്‍ലൈന്‍സ്‌] ജോലി ചെയ്യുന്നു. സാര്‍ ഞെട്ടി പോയി. സാര്‍ എന്നെ പിടിച്ച്‌ കുലുക്കി അഭിനന്ദിച്ചു. എന്നിട്ട്‌ പറഞ്ഞു, ഞങ്ങള്‍ ഇപ്പോഴും പഠിപ്പിച്ചു തന്നെ നടക്കുന്നു. ആട്ടെ, എങ്ങനെയാണു ഈസ്റ്റ്‌ വെസ്റ്റില്‍ ജോലി കിട്ടിയത്‌? എന്നാണു അവര്‍ അപേക്ഷ ക്ഷണിച്ചത്‌?? അങ്ങനെ കുറച്ച്‌ ചോദ്യങ്ങള്‍ പുറത്തേക്ക്‌ വന്നു. ചോദ്യങ്ങള്‍ എല്ലാം തീര്‍ന്ന്, സാര്‍ ഒന്ന് ശ്വാസം വിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ജോലി ഒന്നും കിട്ടാതെ തെക്ക്‌ വടക്ക്‌ നടക്കുകയാണെന്ന സത്യം ഞാന്‍ സാറിനോട്‌ ഇംഗ്ലീഷില്‍ പറഞ്ഞുവെന്ന് മാത്രം... ഈസ്റ്റ്‌ വെസ്റ്റ്‌.. സാര്‍ ചമ്മിയ മുഖത്തോടെ ചിരിച്ചു. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു.

കഴിഞ്ഞ തവണ നാട്ടില്‍ ലീവിനു എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍, നമ്മുടെ ആ പഴയ കേര്‍ഫ്രീ സുഹ്രുത്തിനെ കണ്ടു. അതും എയര്‍പ്പോര്‍ട്ട്‌ യൂണിഫോമില്‍. അവനെ കണ്ടതും ഞാന്‍ ഓടി ചെന്നു. അവനു എന്നെ മനസ്സിലായില്ല. അടുത്ത്‌ ചെന്നതും അവന്‍ എന്നോട്‌ ഒരു ചോദ്യം- Any Problem Sir, May I Help you? എന്റെ ദൈവമേ.. പണ്ട്‌ ഞങ്ങള്‍ കേര്‍ഫ്രീയില്‍ നിന്നും രക്ഷിച്ചെടുത്ത ആ സുഹ്രുത്ത്‌ ഇന്ന് ഇംഗ്ലീഷില്‍ തന്നോട്‌ സംവാദിക്കുന്നു. ഇതു അവന്‍ തന്നെയല്ലേയെന്ന് അവന്റെ ഐഡന്റിറ്റി കാര്‍ഡില്‍ നോക്കി വേരിഫൈ ചെയ്തു. ഞാന്‍ പിന്നെ അവനെ ആ പഴയ കാലത്തിലേക്കു കൂട്ടി കൊണ്ട്‌ പോയി.

20 പേരുടെ ക്ലാസ്സില്‍ ഇരുപതാം സ്ഥാനത്തായിരുന്ന എന്റെ ആ സുഹ്രുത്ത്‌ ഇന്നു നാട്ടില്‍ 5 അക്ക ശമ്പളവും, അതിനൊപ്പം കിമ്പളവും വാങ്ങുന്നു. ഒന്നാം സ്ഥാനത്തായിരുന്ന സുഹ്രുത്ത്‌ ഇന്ന് ഏതോ പള്ളിയില്‍ വികാരി..3500 രൂപാ വെറുതെ കളഞ്ഞ എനിക്ക്‌ കിട്ടിയത്‌ കുറച്ച്‌ നല്ല സുഹ്രുത്തുക്കളെയും.... പിന്നെ ഒരു കോ....ട്ടണ്‍ റ്റൈയും..

Monday, 1 October 2007

മധുവിധു പുരാണം.

എന്റെ ചെറുപ്പത്തില്‍, എന്റെ അപ്പ വല്ലപ്പോഴും മദ്യപിക്കുമായിരുന്നു. വളരെ അടുത്ത കുടുംബ സുഹ്രുത്തുക്കള്‍ക്കു ഒപ്പം അതും വിശേഷ അവസരങ്ങളില്‍ മാത്രമേ അപ്പ മദ്യപിച്ചിരുന്നുള്ളു. സ്വതവേ സംസാരപ്രിയനായ അപ്പ [ആ സ്വഭാവം തലമുറ തലമുറ കൈമാറി കെടാതെ ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു] മദ്യപിച്ചു കഴിഞ്ഞാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡ്‌ സിനിമായിലെ നായകനായി മാറും [ ഒട്ടും സംസാരമില്ലായെന്ന് സാരം]. അപ്പ മദ്യപിച്ചു കഴിഞ്ഞാല്‍ മദ്യം ഉടനടി മെഡുല്ലായില്‍ കൂടി കടന്ന് അപ്പയുടെ സംസാരത്തിന്റെ സ്വിച്ച്‌ ഓഫാക്കും എന്ന് അപ്പയുടെ ഏറ്റവും അടുത്ത്‌ സുഹ്രുത്ത്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഏതായാലും വീട്ടില്‍ ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി ചിയേഴ്സ്‌ കേട്ട്‌ കഴിഞ്ഞാല്‍ എനിക്കു ഒട്ടും സ്വസ്ഥതയില്ല. പഠിയ്ക്കാന്‍ പിന്നെ ഒരു മൂഡും കിട്ടില്ല. [അപ്പോള്‍ എപ്പോഴാണെനിക്ക്‌ പഠിക്കാന്‍ മൂഡ്‌ കിട്ടുകയെന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍:- ആ എനിക്കറിയില്ല, എന്നായിരിക്കും ഇപ്പോഴും ഉത്തരം.]ഹോംവര്‍ക്കുകള്‍ ചെയ്തുവെന്ന് വരുത്തി, ഞാന്‍ പിന്നെ അപ്പയുടെ അടുത്ത്‌ പ്ലാനില്‍ പറ്റി കൂടും. നേരിട്ട്‌ അങ്ങോട്ട്‌ ചെന്നാല്‍, അകത്ത്‌ പോയിരുന്ന് പഠിയ്ക്കടാ എന്ന് പറഞ്ഞ്‌ ഓടിക്കും. ആയതിനാല്‍ അപ്പ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ടാണു മിക്കപ്പോഴും ഞാന്‍ രംഗപ്രവേശം നടത്തിയിരുന്നതു. ഇറച്ചി കടയുടെ മുന്‍പില്‍ പട്ടി നില്‍ക്കുന്നതു പോലെ ഞാന്‍ പിന്നെ ആ മുറിയുടെ മുന്‍പില്‍ നിന്നും മാറില്ല. ഇടയ്ക്കിടെ ചെന്ന് റ്റച്ചിങ്ങസ്‌ തൊട്ട്‌ നക്കിയും, ബീഫ്‌ ഫ്രൈ തിന്ന് എരിവു അഭിനയിച്ചും , കുപ്പിയുടെ പേരു വായിച്ചും അല്‍പം നടപ്പ്‌ ജോണിയ്ക്കായി [ജോണി വാക്കര്‍], ഞാന്‍ വെള്ളമിറക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എന്റെ ഉദ്ദേശ്യം മനസ്സിലാക്കി അപ്പ എന്നെ അടുത്ത്‌ വിളിച്ച്‌, ആ കുപ്പിയുടെ അടപ്പിലേയ്ക്ക്‌ അല്‍പം നടപ്പു ജോണി ഒഴിച്ചു തരും. ഒരു തഴക്കം വന്ന കുടിയനെ പോലെ സെല്‍ഫായി ചിയേഴ്സും പറഞ്ഞ്‌ ഒറ്റ വലിക്ക്‌ അതു ഞാന്‍ അകത്താക്കും. മാന്നാര്‍ മത്തായി സ്പീക്കിംഗ്‌ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനും ഇതേ പോലേ വിജയരാഘവന്‍ അല്‍പം മദ്യം അടപ്പില്‍ ഒഴിച്ച്‌ കൊടുത്തിട്ട്‌ നിനക്ക്‌ അതു മതി എന്ന് പറയുന്ന ആ ഡയലോഗ്‌ കേട്ട്‌, അന്ന് ആ തിയറ്ററില്‍ ഇരുന്ന് ഏറ്റവും ഉറക്കെ ചിരിച്ചത്‌ ഞാന്‍ ആയിരുന്നു. അന്ന് വിജയരാഘവനെ പോലെ എന്റെ അപ്പയും അതേ ഡയലോഗ്‌ മനസ്സിലെങ്കിലും പറഞ്ഞു കാണുമല്ലോ എന്ന് ഓര്‍ത്തതു കൊണ്ടാണു എനിക്കു അത്രയും ചിരി വന്നത്‌. ഏതായാലും എന്റെ മദ്യസേവയ്ക്ക്‌ അധികം ആയുസ്സ്‌ ഉണ്ടായില്ല. മകന്‍ വലുതായി വരുന്നു,ഇനി ഞാന്‍ മദ്യപിച്ചാല്‍ ശരിയാകില്ലായെന്ന കാരണം പറഞ്ഞ്‌ അപ്പ മദ്യപാനം പൂര്‍ണ്ണമായി അങ്ങ്‌ ഉപേക്ഷിച്ചു.

പല ആഘോഷങ്ങളും കടന്നു പോയി. പഴയ കൂട്ടുകാര്‍ കുപ്പിയുമായി വന്ന് നിര്‍ബന്ധിച്ചപ്പോഴും അപ്പ തന്റെ പോളിസിയില്‍ തന്നെ ഉറച്ചു നിന്നു.

ഞാന്‍ വളര്‍ന്നു. സ്ക്കൂള്‍ ജീവിതം കഴിഞ്ഞ്‌ കോളേജിലേക്ക്‌. അപ്പ ഒരു കാര്യം പ്രത്യേകം പറഞ്ഞു :- കൂട്ട്‌ കൂടി വെള്ളം അടിക്കാന്‍ ഒന്നും പോയേക്കരുത്‌. അങ്ങനെ വല്ലതും അറിഞ്ഞാല്‍........ അപ്പ വളരെ കുറച്ചെ എന്നെ തല്ലിയിട്ടുള്ളു. പക്ഷെ ആ തല്ലുകള്‍ക്ക്‌ ഓരോന്നും കുറഞ്ഞത്‌ ഒരു വര്‍ഷത്തെ വാലിഡിറ്റി കാണും. അതു ഗ്യാരന്റി. ആയതിനാല്‍ അപ്പയുടെ ആ 'അറിഞ്ഞാല്‍' എന്നതിന്റെ ബാക്കി ഞാനായി ഫില്ലാക്കാന്‍ പോയില്ല.

പിന്നെയും ഞാന്‍ വളര്‍ന്നു. കല്യാണവും കഴിഞ്ഞു. അങ്ങനെ ഞാനും എന്റെ ഭാര്യയും കൂടി കൃത്യം ഏഴാം ദിവസം തിരുവനന്തപുരത്തെ കോവളം അശോകാ ഹോട്ടലില്‍ ഹണിമൂണിന്റെ ഭാഗമായി 2-3 ദിവസം തങ്ങാന്‍ തീരുമാനിച്ചു. കോവളം ബീച്ചില്‍ പോയി അന്തസ്സായി നീന്തി തിമിര്‍ത്തു.

ഇരുട്ടായി,രാത്രിയായി, ഞങ്ങള്‍ക്ക്‌ വിശപ്പുമായി. അങ്ങനെ വേഗം ഒരു കാക്ക കുളി പാസ്സാക്കി, റസ്റ്റോറന്റില്ലേക്ക്‌ ഞങ്ങള്‍ കുതിച്ചു. അവിടെ ഞങ്ങളെ കൂടാതെ 3-4 വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാല്‍ റസ്റ്റോറന്റിന്റെ മൂലയ്ക്ക്‌ രണ്ട്‌ പേര്‍ക്ക്‌ മാത്രമിരിക്കാവുന്ന സ്ഥലത്ത്‌ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ കോഫി ഹവ്സ്സ്സില്‍ കാണുന്ന ആ വലിയ രാജാവിനെക്കാട്ടിലും വലിയ ഒരു മഹാരാജാവ്‌ മെനുവുമായി ആഗതനായി. ഭക്ഷണത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ചിട്ട്‌ കുടിക്കാന്‍ ഹോട്ട്‌, സോഫ്റ്റ്‌, ബിയര്‍ അങ്ങനെ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭാര്യ വേഗം 2 തംസ്‌-അപ്പിനു ഓര്‍ഡര്‍ കൊടുത്തു. മഹാരാജന്‍ വീണ്ടും ബിയര്‍ വേണ്ടായോ എന്ന് തിരക്കിയപ്പോള്‍ ഭാര്യയുടെ മുന്‍പില്‍ താനും ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് കാട്ടാന്‍ കിട്ടിയ ആ ചാന്‍സ്‌ മുതലാക്കി ഒരു കിംഗ്‌ ഫിഷര്‍ ബിയറിനു ഓര്‍ഡര്‍ കൊടുത്തു. ആ ഓര്‍ഡര്‍ കൊടുത്തതും, ഭാര്യയുടെ മുഖം കടന്നല്‍ കുത്തിയ പരുവമായി. ബിയര്‍ ഒക്കെ കുടിയ്ക്കുമോ? എന്ന അവളുടെ ആ ചോദ്യത്തെ ബിയര്‍ എനിക്ക്‌ അത്ര ഇഷ്ടമല്ല. ഹോട്ടാണു എന്റെ ഫേവറിറ്റ്‌. പിന്നെ നീ ഉള്ളതു കൊണ്ട്‌ ബിയര്‍ ആക്കിയതായെന്നും പറഞ്ഞ്‌ ഞാന്‍ അല്‍പം ജാഡ കാട്ടി. ഇതൊരു ശീലമാക്കരുത്‌. എനിക്ക്‌ കുടിക്കുന്നവരെ ഇഷ്ടമേയല്ലയെന്നും പറഞ്ഞ്‌ അവള്‍ മുഖം കുറച്ചും കൂടി വീര്‍പ്പിച്ചിരുന്നു. അങ്ങനെ വില്ലനായി ബിയര്‍ വന്നു. ഭക്ഷണത്തിനു 15 മിനിറ്റ്‌ കൂടി കാത്തിരിയ്ക്കണമെന്ന് പറഞ്ഞ്‌ സൂപ്പുമായി മഹാരാജാവ്‌ വീണ്ടും വന്നു. മഹാരാജാവ്‌ തന്നെ ബിയറും ഗ്ലാസ്സിലേക്കു പകര്‍ത്തി അകത്തേക്ക്‌ വലിഞ്ഞു. ഞാന്‍ ബിയര്‍ എടുത്ത്‌ അല്‍പം നിനക്കും വേണോയെന്ന് കുശലം തിരക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കു തന്റെ ഈ ചോദ്യം ഒട്ടും പിടിച്ചില്ല. ഓഹ്‌ ഭാര്യയ്ക്കു കുടിക്കാന്‍ കൊടുക്കാന്‍ പറ്റിയ സാധനം. പിന്നെ കല്യാണത്തിന്റെ അന്ന് അച്ചന്‍ പറഞ്ഞത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - നീ തിന്നില്ലായെങ്കിലും അവളെ തീറ്റണം…..ഞാന്‍ അത്‌ പൂര്‍ത്തികരിക്കും മുന്‍പേ അവള്‍ പറഞ്ഞു- നീ കുടിച്ചില്ലായെങ്കിലും അവളെ കുടിപ്പിക്കണമെന്ന് അന്ന് അച്ചന്‍ പറഞ്ഞത്‌ ഞാന്‍ കേട്ടില്ല. അതോ അന്നും ഫിറ്റായിരുന്നോ? ഏതായാലും എന്റെ ഒരു തലവിധി. അവള്‍ പരിതപിക്കാന്‍ തുടങ്ങി. പരിതാപനങ്ങള്‍ക്കിടയില്‍ അവളുടെ തംസ്‌-അപ്പ്‌ ഗ്ലാസ്സിലേക്ക്‌ എന്റെ ബിയര്‍ ഗ്ലാസ്സ്‌ മുട്ടിച്ച്‌ ഒരു ചിയേഴ്സും പറഞ്ഞു ഞാന്‍ ഒരു സിപ്പ്‌ എടുത്തു. ചെറുപ്പത്തില്‍ കിട്ടിയ ഒരു അടപ്പ്‌ മദ്യത്തിന്റെ സ്ഥാനത്ത്‌ ഇന്നു ഇതാ ഒറ്റ ഗ്ലാസ്സ്‌ ബിയര്‍ മുഴുവനും തനിയ്ക്കായി ഇരിക്കുന്നു. പക്ഷെ ഇതു മൊത്തം തനിയ്ക്ക്‌ കുടിച്ചു തീര്‍ക്കാനാകില്ലായെന്ന ആ വലിയ സത്യം ആദ്യത്തെ ആ സിപ്പില്‍ നിന്ന് തന്നെ എനിക്കു ബോദ്ധ്യമായി. ഗോമൂത്രത്തിന്റെ മണവും, ചവര്‍പ്പും, പുളിയും എല്ലാം കൂടി കലര്‍ന്ന ഒരു രുചി. അതിന്റെ ആ തികട്ടിയ രുചി വായില്‍ നിന്ന് മാറി കിട്ടാന്‍ സ്വീറ്റ്‌ കോണ്‍ ചിക്കന്‍ സൂപ്പ്‌ ആസ്വദിച്ച്‌ കുടിച്ച്‌ തീര്‍ത്തു. അപ്പോഴെയ്ക്കും ഭക്ഷണവും വന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഒരു സിപ്പ്‌ കൂടി എടുത്തു. വായ പിന്നെയും വൃത്തികേടാക്കി. പിന്നെ ചിക്കന്‍ ഫ്രൈഡ്‌ റൈസും, ചില്ലി ചിക്കനിലേക്കും ഞാന്‍ തല താഴ്ത്തി. ഇടയ്ക്ക്‌ ഇട വരാല്‍ മീന്‍ വെള്ളം കുടിയ്ക്കുന്നതു പോലെ ബിയറും മോന്തി കൊണ്ടിരുന്നു. അങ്ങനെ ഒരു പരുവത്തില്‍ ആദ്യം ഗ്ലാസ്സിലേക്കു പകര്‍ന്ന ആ ബിയറിന്റെ 'ലാര്‍ജ്ജ്‌' ഞാന്‍ തീര്‍ത്തു. ഈ ബിയര്‍ തീര്‍ത്തില്ലായെങ്കില്‍ മാനം കപ്പല്‍ കയറി പോകും. ആയതിനാല്‍ വീണ്ടും ബിയറിന്റെ ലാര്‍ജ്ജ്‌ തന്നെ ഒഴിച്ചു. ഭാര്യ വീണ്ടും എന്നെ ഒന്ന് കനപ്പിച്ച്‌ നോക്കിയിട്ട്‌ വീണ്ടും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഏതായാലും ആ ലാര്‍ജ്ജും ഞാന്‍ തീര്‍ത്തു. അതു തീര്‍ന്നു കഴിഞ്ഞപ്പോഴെയ്ക്കും എനിക്ക്‌ എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങി. എന്റെ കൈയ്കള്‍ക്ക്‌ ഒരു മരവിപ്പ്‌. മൂക്കിന്റെ സ്ഥാനത്ത്‌ മൂക്ക്‌ തന്നെയുണ്ടോ എന്ന് സംശയം. മൂക്കില്‍ തൊട്ട്‌ നോക്കി അത്‌ അവിടെ തന്നെ ഉണ്ട്‌ എന്ന് ഒരു ഉറപ്പ്‌ വരുത്തി. ചെവിക്ക്‌ നല്ല ചൂട്‌. മുഖം അങ്ങ്‌ തരിയ്ക്കുന്നു. വയറ്റിലും എന്തോ ഒരു എരിച്ചില്‍ പോലെ. അവസാനം എനിക്ക്‌ ഒരു കാര്യം വ്യക്തമായി. ഇനി ഞാന്‍ അവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഒരു ജെ.സി.ബി വേണ്ടി വരും എന്നെ കോരി കൊണ്ട്‌ പോകാന്‍. ബലം പിടിച്ചിരുന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വാളും വെച്ചേയ്ക്കും. ഭാര്യയോടു ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ്‌ വാഷ്‌ റൂമിലേക്ക്‌ പോയി. വാഷ്‌ റൂമിലെ കണ്ണാടിയില്‍ എന്നെ കണ്ടപ്പോള്‍ അടിച്ചു വീലായ ഒരു കുടിയന്റെ ഛായ എനിക്ക്‌ തോന്നി. പെട്ടന്നാണത്‌ സംഭവിച്ചത്‌.... കൊടുവാള്‍. ഏതായാലും കൊടുവാള്‍ വാഷ്ബെയ്സനില്‍ തന്നെയാണു വീണത്‌. ആകെ കുടിച്ചതു 4 കവിള്‍ ബിയര്‍. പക്ഷെ വാഷ്ബെയ്സിന്‍ നിറയെ സാധനം. എനിക്ക്‌ നേരെ നില്‍ക്കാന്‍ കൂടി പറ്റുന്നില്ല. പിന്നെയും ഞാന്‍ ഒരു കുട്ടി വാളും വെച്ചു. മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ്‌ പിഴിഞ്ഞ്‌ കളഞ്ഞു. ഞാന്‍ ചില്ലി ചിക്കന്‍ ആണു കഴിച്ചതു. എന്നാല്‍ മൂക്കില്‍ നിന്നും ചില്ലി വേറേ, ചിക്കന്‍ വേറെയായിട്ടാണു വന്നതു. ഏതായലും മൂക്കിനകത്ത്‌ നല്ല പുകച്ചില്‍. മുഖം നന്നായി ഒന്ന് കഴുകി. ഗര്‍ഭിണി പെണ്ണുങ്ങള്‍ പറയുമ്പോലെ വീണ്ടും മനം പുരട്ടല്‍, ഓക്കാനം.... പിന്നെയും തികട്ടി. വാഷ്ബേസിനില്‍ ഞാന്‍ അകത്തക്കിയ സകല സാധനങ്ങളും എന്നെ നോക്കി ചിരിച്ചു. തന്റെ വാള്‍ കാരണം അവ എല്ലാം ബ്ലോക്കായി വാഷ്ബെയ്സനില്‍ തന്നെ കിടക്കുന്നു. ബ്ലോക്ക്‌ മാറ്റാന്‍ ഞാന്‍ ഒരു വ്രഥാ ശ്രമം നടത്തി. ഉംഹും.. എന്നെയും കൊണ്ടേ അതു പോകൂവെന്ന ലക്ഷണത്തില്‍ അതു അവിടെ തന്നെ കിടന്നു. രക്ഷപ്പെടുക തന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലേ... രാമ നാരായണായെന്ന് പറഞ്ഞ്‌ ഒന്നും അറിയാത്ത ഒരു ഇന്നച്ചനെ പോലെ പിന്നെയും എന്റെ ഇരുപ്പിടത്തില്‍ വന്ന് ഭക്ഷണം കഴിപ്പ്‌ തുടര്‍ന്നു. ഭാര്യയുടെ മുഖം അപ്പോഴും കനത്ത്‌ തന്നെയിരുന്നു. പിന്നെ ഞാന്‍ അതിവിദഗ്ദമായി ഭാര്യയോടു പറഞ്ഞു- ഓഹ്‌ നിനക്കു ഞാന്‍ ബിയര്‍ കുടിച്ചത്‌ ഇഷ്ടപ്പെട്ടില്ലായെങ്കില്‍ ദാ ഞാന്‍ ഇവിടെ നിര്‍ത്തി. ഇനി ഞാന്‍ കുടിക്കുന്നില്ല. പോരെ... ഇത്രയും പറഞ്ഞു ഞാന്‍ ആ ബിയര്‍ കുപ്പിയെ അടുത്ത മേശയിലേക്കു മാറ്റി വെച്ചു. അവള്‍ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ പറഞ്ഞു-ഇതു ഞാന്‍ എന്തായാലും വീട്ടില്‍ പറയും. ആ പറഞ്ഞോ…… എന്നു പറഞ്ഞുവെങ്കിലും അപ്പയുടെ ആ പഴയ അറിഞ്ഞാല്‍ ഭീഷണി ഒന്ന് മനസ്സിലോര്‍ത്ത്‌ എന്റെ തുടകള്‍ മെല്ലെ തടവി.
വേച്ചു വേച്ചു ഞാന്‍ ഒരു പരുവത്തില്‍ മുറിയില്‍ എത്തി. പക്ഷെ എന്റെ അവസ്ഥ ഭാര്യ മനസ്സില്ലാക്കാതിരിയ്ക്കാന്‍ ഞാന്‍ പരമാവധി മസ്സിലു പിടിച്ചുവെന്നത്‌ മറ്റൊരു സത്യം. കട്ടിലില്‍ കിടന്നത്‌ ഞാന്‍ ഓര്‍ക്കുന്നു. പിന്നെ പിറ്റേന്നാണു ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത്‌.

ആഹാ എഴുന്നേറ്റോ..വേഗം പോയി കുളിക്ക്‌. ശര്‍ദ്ദില്‍ നാറിയിട്ട്‌ എനിക്ക്‌ രാത്രിയില്‍ ഉറങ്ങാനെ പറ്റിയില്ലായെന്ന് അവള്‍ പറഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു ഇന്നു ഏഴല്ലേ ആയുള്ളൂ.. അതിനിടയില്‍ നീ ശര്‍ദ്ദിക്കുകയും ചെയ്തോ...എന്നെ സമ്മതിച്ചേ പറ്റൂ.. എന്ന് വലിയ ഒരു തമാശയും പാസ്സാക്കി ഞാന്‍ ബാത്ത്‌ റൂമിനെ ലക്ഷ്യമാക്കി പോയി.

അതു കഴിഞ്ഞ്‌ ഇന്നു വരെയും എന്റെ ഭാര്യയ്ക്ക്‌ കൊടുത്ത്‌ ആ വാക്ക്‌ ഞാന്‍ തെറ്റിച്ചിട്ടില്ല. അതു അവളോടുള്ള ഇഷ്ടം കൊണ്ടല്ല... ശര്‍ദ്ദിക്കാന്‍ എനിക്ക്‌ ഇനിയും ആരോഗ്യം പോരാ.

അയ്യപ്പ ബൈജു പറഞ്ഞത്‌ എത്ര സത്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം. അതു ആരോഗ്യമുള്ളവര്‍ക്ക്‌.

Saturday, 15 September 2007

നാടന്‍ ഡോഗ്‌ ഷോ

നാട്ടില്‍ കൂണു പോലെ ബ്ലേഡ്‌ കമ്പനികള്‍ ഉണ്ടെങ്കിലും, മിക്ക ഗ്രാമങ്ങളിലുമുണ്ട്‌ ബോര്‍ഡ്‌ പോലും വയ്ക്കാതെ, പരസ്യങ്ങള്‍ പോലും കൊടുക്കാതെ നാട്ടുകാരുടെ മാത്രം സഹകരണത്തോടെ, നാട്ടുകാരുടെ മാത്രം ബ്ലേഡുകള്‍. ബ്ലേഡുകാര്‍ എല്ലാവരും ഒരേ ഗ്രൂപ്പുകാര്‍. അവര്‍ സ്വന്തം അമ്മ ചെന്ന് കടം ചോദിച്ചാലും ഉരുപ്പടി ചോദിയ്ക്കും. പിന്നെയാണോ വെറുതാക്കാര്‍. അറുത്ത കൈയ്ക്ക്‌ ഉപ്പ്‌ തേയ്ക്കാത്തവര്‍. ആര്‍ക്കും 5 പൈസയ്ക്ക്‌ ഉപകാരം ചെയ്യാത്തവര്‍.

അത്തരത്തിലുള്ള ഒരു ബ്ലേഡ്കാരനാണു ഞങ്ങളുടെ ഗ്രാമത്തിലെ 65 വയസ്സുള്ള കോരച്ചായന്‍. ഞങ്ങളുടെ പള്ളിയിലെ ഒരു പ്രമാണി കൂടിയാണു ഈ കോരച്ചായന്‍.അതു പിന്നെ അങ്ങനെയല്ലേ വരൂ.. പൈസയുണ്ടെങ്കില്‍ ആരും പള്ളി പ്രമാണിയാകും. മൊത്തമൂറ്റ്‌ ബ്ലേഡാണെങ്കില്‍ ഞങ്ങളുടെ കോരച്ചായന്‍ കൊടുവാളാണു. 2 സൈഡിലും മൂര്‍ച്ചയുള്ള ഉഗ്രന്‍ വാള്‍. കോരച്ചായനോട്‌ 10 മിനിറ്റ്‌ സംസാരിച്ചാല്‍ ഒരു കാര്യം വ്യക്തമാകും... പൈസയെ പറ്റിയും, പണയ ഉരുപ്പ്പ്പടികളെയും പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ ആളുടെ പിരി ഒരല്‍പ്പം ലൂസ്സ്‌ ആയെന്ന്. മുണ്ടിന്റെ കോത്തലയില്‍ ഒരു വലിയ ചരടില്‍ കെട്ടിയിട്ട താക്കോല്‍ കൂട്ടവുമായിട്ടാണു നമ്മുടെ കോരച്ചായന്റെ സഞ്ചാരം തന്നെ. കോരച്ചായന്റെ വീടിന്റെ മുന്‍പില്‍ കൂടി ആരു കടന്ന് പോയാലും അവരെ ഞെട്ടിക്കാന്‍ പാകത്തിനു കോരച്ചായന്റെ പ്രത്യേക കോച്ചിംഗ്‌ കോടുത്ത്‌ വളര്‍ത്തുന്ന ഒരു അല്‍സേഷ്യന്‍ പട്ടി. അവന്റെ കുര കേട്ടാല്‍ മാത്രം മതി..സാധരണക്കാര്‍ ഒന്ന് ഭയക്കും. അന്നേരം അവനെ നേരിട്ട്‌ കണ്ടാലോ?? അല്‍സേഷ്യന്‍ പട്ടിയുടെ എല്ലാ രാജകീയത്വവുമുള്ള ഒരു അടിപൊളി പട്ടി. കൈസര്‍ എന്നാണിവന്റെ പേരു. ഇവനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ കോരചേട്ടന്‍ വാചാലനാകും. അവന്‍ പ്രീഡിഗ്രിയാണു [പെഡിഗ്രിയെന്ന് നമ്മള്‍ മനസ്സിലാക്കുക], റോയല്‍ ബ്ലഡാണു..അങ്ങനെ അങ്ങനെ പലതും കേള്‍ക്കും..പിന്നെ അവസാനം അച്ചായന്‍ പറയും - അവന്റെ അടുത്ത്‌ ഞാനല്ലാതെ ആരും പോകത്തില്ല. എന്റെ ഭാര്യ, മക്കള്‍ എല്ലാവര്‍ക്കും അവനെ പേടിയാണു. അവന്റെ സ്വഭാവം എപ്പോള്‍ മാറുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതു കൊണ്ടല്ലേ അവന്റെ കൂട്‌ ഞാന്‍ ഗോദ്രേജിന്റെ 8 ലീവര്‍ താഴിട്ടു പൂട്ടുന്നത്‌ തന്നെ. അതു കേള്‍ക്കുന്നവര്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോകും, അച്ചായന്റെയല്ലേ പട്ടി... അതേ സ്വഭാവവും..അച്ചായനെയും പൂട്ടേണ്ട സമയം അടുത്തിരിക്കുന്നു...

വെളുപ്പാന്‍ കാലത്ത്‌ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഓടാന്‍ പൊകുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്‌. [എന്നെ നേരിട്ട്‌ അറിയാവുന്നവര്‍ക്ക്‌ എന്റെ ആരോഗ്യത്തെ പറ്റി അറിയാം. കാറ്റുള്ളപ്പോള്‍ പോക്കറ്റില്‍ കല്ലിട്ട്‌ ഓടണേ മോനെ എന്ന് ഉപദേശിച്ചവര്‍ ധാരാളം.] അങ്ങനെ ഒരു ദിവസം ഓട്ടം കഴിഞ്ഞ്‌ തിരികെ വരുന്ന സമയം..നമ്മുടെ കഥാനായകന്‍ കോരച്ചായന്റെ വീട്ടില്‍ നിന്നും വലിയ കരച്ചിലും ബഹളവും - ഓടി വായോ..അരെങ്കിലും ഒന്ന് വന്ന് രക്ഷിക്കോ?? ആരെങ്കിലും ഒന്ന് വരണേയെന്ന് പറഞ്ഞ്‌ അലമുറയിട്ട്‌ കരയുന്ന കോരച്ചായ്ന്റെ ഭാര്യയുടെ കരച്ചില്‍..ബ്ലേഡ്കാരന്റെ വീടല്ലേ...കള്ളന്മാര്‍ വല്ലതും കയറിയതാണോ? ഞാന്‍ ഒന്ന് ശങ്കിച്ചു. വണ്ടി തിരിച്ചു വിട്ടാലോ? ഗേറ്റിന്റെ മുന്‍പില്‍ ചെന്നപ്പോള്‍ 3-4 പേര്‍ ഗേറ്റിന്റെ അവിടെ നിന്ന് കാഴ്ച കാണുന്നു. അന്നേരം പേടിക്കാന്‍ ഒന്നുമില്ല. ഇനി കാഴ്ച കാണുക തന്നെ. ആ കാഴ്ച കണ്ടപ്പോള്‍ ആര്‍ത്ത്‌ ചിരിക്കാനാണെനിക്ക്‌ തോന്നിയത്‌. കോരച്ചായന്‍ രാവിലെ കൈസറിനെ പൂട്ടാന്‍ ചെന്നതാണു. കഷ്ടം. കൈസറിന്റെ സ്വഭാവം മാറി. അവന്‍ കോരച്ചായനെ ഉരുട്ടിയിട്ട്‌ കടിച്ചു. ഞാന്‍ ചെന്നപ്പോള്‍ കോരച്ചായന്‍ സ്വതന്ത്രനായി [നൂല്‍ ബന്ധമില്ലാതെ] കൈസറിന്റെ പുറത്ത്‌ കയറിയിരിക്കുന്നു. പിന്നെ ഒരു ഉറപ്പിനു വേണ്ടി അച്ചായന്‍ കൈസറിന്റെ ചെവിയിലും മുറുക്കെ പിടിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കോരച്ചായന്റെ ഇരുപ്പ്‌ കണ്ടാല്‍ ബജാജ്‌ കവസാക്കിയില്‍ ഇരിക്കുന്ന സച്ചിനെ പോലെയുണ്ട്‌.. എന്റെ കുട്ടിക്കാലത്ത്‌ മിക്ക വീടുകളുടെയും മുകളിലും വെയ്കുന്ന ഒരു പ്രതിമയുണ്ടായിരുന്നു - ഒരു മീനിന്റെ മുകളില്‍ ഉടുക്കാകുണ്ടിയായി ഇരിക്കുന്ന ഒരു കുഞ്ഞി പയ്യന്റെ പ്രതിമ..അതിന്റെ ഒരു വലിയ രൂപമാണിപ്പോള്‍ കോരച്ചായന്റെ വീടീന്റെ മുന്‍പില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്‌.

പിന്നെയും കാഴ്ചക്കാര്‍ കൂടി. കോരച്ചായന്‍ ഗെയിറ്റിന്റെ മുന്‍പില്‍ കൂടി നില്‍ക്കുന്നയാള്‍ക്കാരെ നോക്കിയപ്പോള്‍ അച്ചായന്റെ കണ്ണുകള്‍ തിളങ്ങി. അച്ചായന്‍ നീട്ടി വിളിച്ചു... എടാ സരസ്സാ...., ഒന്നു കയറി വാടാ....ഇവനെ ഒന്നു കൂട്ടില്‍ കയറ്റാന്‍ കൂടെടാ...കോരച്ചായന്റെ വിളിയും സരസ്സന്റെ മറുപടിയും വളരെ പെട്ടന്നായിരുന്നു..ഓഹ്‌ പിന്നെ...ചോറു കൊടുക്കുന്ന അച്ചായന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനെ പോലെ, “ഉള്ള കുന്തവും” കൊണ്ട്‌ മുകളിലിരുമ്പോഴാ വഴിയെ പോകുന്ന ഞാന്‍...പോരാത്തതിനു ഞാനും വിത്തൗട്ടാ...സരസ്സന്‍ ഇത്രയും പറഞ്ഞു നടന്ന് നീങ്ങിയപ്പോള്‍ വിത്തൗട്ടായ ഞാനും ഊറി ചിരിച്ച്‌ കൊണ്ട്‌ വണ്ടി വിട്ടു.
ഏതായാലും ഈ സംഭവത്തോടെ നാട്ടുക്കാര്‍ കോരച്ചായനു ഒരു പുതിയ പേരിട്ടു- കോര ശ്ലീഹാ.

സത്യം സത്യമായി എനിക്ക്‌ ഈ നാമകരണ ശശ്രൂഷയില്‍ അറിഞ്ഞോ, അറിയാതെയോ, യാതൊരു പങ്കുമില്ലായെന്ന വസ്തുത കൂടി നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഇതു കോരച്ചായനെ പേടിച്ചിട്ടൊന്നുമല്ല... എനിക്ക്‌ കോര സുവിശേഷം തീരെ ഇഷ്ടമല്ല. അത്ര തന്നെ.

[ടി കഥയിലെ കഥാപാത്രത്തിന്റെ പേരുകള്‍ വ്യാജമാണു. കൈസറിന്റെ പോലും.....]

Thursday, 30 August 2007

പുത്ര മാഹാത്മ്യം

പഴമ്പുരാണത്തില്‍ നിന്നും അല്‍പം മാറി ഇതാ ഈ ലക്കം ഒരു പുതിയ പുരാണം.

അങ്ങനെ ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞും 04/08/07 മുതല്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. ചേച്ചി നേരത്തെ സ്കൂളില്‍ പോകുന്നതു കാണുമ്പോള്‍ അവനും അതു പോലെ സ്കൂളില്‍ പോകണമെന്നു പറഞ്ഞു വഴക്കായിരുന്നു. ആദ്യ 1-2 ദിവസം 'എ,ബി,സി,ഡി' ബാ, ബാ ബ്ലാക്ക്‌ ഷീപ്പും, സ്കൂള്‍ വിശേഷങ്ങളും വായ പൂട്ടാതെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം സ്കൂളില്‍ നിന്നും വന്ന് ഭക്ഷണവും കഴിഞ്ഞു ചേച്ചിയും അവനും കൂടെ കിച്ചന്‍ സെറ്റുമെടുത്ത്‌ കളിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ എന്റെ ഗ്രഹപ്പിഴയ്ക്ക്‌ അവനോട്‌ പോയി കിടന്നുറങ്ങാന്‍ പറഞ്ഞു. അപ്പോള്‍ അവന്റെ സത്യസന്ധമായ മറുപടി കേട്ട്‌ ഞങ്ങള്‍ ചിരിച്ചു. അവന്‍ പറഞ്ഞതു- മോനോ ഇന്നു ക്ലാസ്സില്‍ കിടന്ന് ഉറങ്ങിയപ്പാ...ഇപ്പോ, മോനോയ്ക്ക്‌ ‘ചീണം’ ഇല്ലപ്പാ..
ഏതായാലും പഠനത്തോടൊപ്പം എഴുത്തും തുടങ്ങിയതോടെ അവന്റെയും ഞങ്ങളുടെയും ശനിദശ തുടങ്ങി. നേര്‍ വര, ഇടത്തേക്കും വലത്തേക്കും ചരിഞ്ഞ വരകള്‍ ഒക്കെ ക്ലാസ്സില്‍ പഠിപ്പിച്ചു. പക്ഷെ ആ വരകള്‍ എല്ലാം അവന്റെ ബുക്കില്‍ ഒരു പോലെ തന്നെ കിടന്നു. ഭാര്യ അതു കണ്ട്‌ അവനെ ഈ വരകള്‍ പഠിപ്പിക്കാന്‍ ഒരു പാഴ്‌ ശ്രമം നടത്തി. അവനു ഉറക്കം വരുന്നുവെന്നു പറഞ്ഞു അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കാണിച്ചു ഉറങ്ങാന്‍ പോയി കിടന്നു. ഉറങ്ങി എഴുന്നേറ്റ്‌, പാലും കുടിച്ച ശേഷം അവന്‍ സൈക്കിള്‍ എടുത്തപ്പോള്‍, ഭാര്യ വീണ്ടും വിളിച്ചു പറഞ്ഞു, 'മോനെ പഠിക്കാന്‍ വാടാ...' സൈക്കള്‍ കളിച്ചിട്ടു പഠിക്കാം എന്നായിരുന്നു അവന്റെ പ്രതികരണം. അല്‍പം കഴിഞ്ഞു ഒരു വീഴ്ചയുടെ ശബ്ദം കേട്ട്‌ ശ്രീമതി വിളിച്ച്‌ ചോദിച്ചു- മോനോ, എന്തവാടാ ഒരു ശബ്ദം കേട്ടത്‌? അതോ, സൈക്കിളില്‍ നിന്നും മോനോയുടെ ചന്തി താഴെ വീണതാ... [ഉരുണ്ടു വീണുവെന്ന് പറഞ്ഞതാ]ഏതായാലും ആ വീഴ്ചയോടെ അവന്‍ പഠിക്കാന്‍ തന്നെ അങ്ങ്‌ തീരുമാനിച്ചു. അവന്‍ സൈക്കിള്‍ കൊണ്ടു വെച്ച ശേഷം അമ്മയുടെ അടുത്ത്‌ അനുസരണയോടെ ചെന്നു. ഭാര്യ അവനെ വരകള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കഷ്ടി ഒരു പേജ്‌ അവന്‍ എഴുതി കാണും, അതിനു ശേഷം ആശാന്‍ ബുക്ക്‌ മടക്കി അടുക്കളയില്‍ ചെന്ന് മുഖം വക്രിപ്പിച്ച്‌ അമ്മയോടു അല്‍പം സീരിയസ്സ്‌ ആയി പറഞ്ഞു :- ഞാന്‍ സ്കൂളില്‍ പോകുന്നില്ലാ, എനിക്ക്‌ ഇനിയും പഠിക്കേണ്ടാ. ഭാര്യക്കു അവന്റെ പറച്ചില്‍ കേട്ടു ചിരി വന്നുവെങ്കിലും, മുഖത്തു ദേഷ്യം കാട്ടി അവനോടു ചോദിച്ചു :- പഠിക്കാതെ നീ എന്തു ചെയ്യാന്‍ പോവുകയാ???

മറുപടിയും വളരെ പെട്ടന്നായിരുന്നു... ഞാന്‍ സുരേഷ്‌ അങ്കിളിന്റെ കൂടെ പോകും. ഇതു കേട്ടതും എന്റെ ഭാര്യ പൊട്ടിചിരിച്ചു കൊണ്ടു എന്നെ വിളിച്ചു പറഞ്ഞു, നമ്മള്‍ ഇവനു ആരോണ്‍ എന്ന് പേരിട്ടതു വെറുതെയാ... ഇവനു പറ്റിയ പേരു ബാര്‍ബറാ സെനു എന്നായിരുന്നു. അതെങ്ങനാ മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുക്കുമോ??

ഇനി എന്റെ ഭാര്യയോടു അല്‍പം സ്വകാര്യം. ബാര്‍ബറാ ബുഷ്‌ ബാര്‍ബറും അല്ല. എലിസബേത്ത്‌ ടയ്‌ലര്‍ തയ്യല്‍ക്കാരിയുമല്ല. .അവരാരും ഇതു കേള്‍ക്കുകയും വേണ്ട.. എന്റെ ഭാര്യ, ഇനി മുതല്‍ ഏഷ്യാനെറ്റില്‍ മുന്‍ഷി കാണുകയും വേണ്ട. ഒടുക്കത്തെ കുറച്ച്‌ പഴഞ്ചൊല്ലുകളേ!!!
ഈശ്വരാാ.. മോനു നല്ല ബുദ്ധി കൊടുക്കണേ.... മിച്ചമുണ്ടെങ്കില്‍ എന്റെ ഭാര്യയ്ക്കും..

ഇനി കുറച്ച്‌ ആരോണ്‍ തമാശകള്‍.

* വീട്ടിലെ റ്റാങ്കിലെ വെള്ളം തീര്‍ന്നു. പിന്നെ വെള്ളം വന്ന് കഴിഞ്ഞ്‌ മോന്‍, വാഷ്ബേസിന്റെ ടാപ്പ്‌ തുറന്നു. അപ്പോള്‍ അതില്‍ നിന്നും പൊട്ടലും ചീറ്റലും ആണു പുറത്ത്‌ വന്നത്‌. അപ്പോള്‍ മോന്‍ അവിടുന്ന് ഓടി വന്ന് എന്റെ അടുത്ത്‌ പറഞ്ഞു:- അപ്പാ ബാത്ത്‌ റൂമിലെ റ്റാപ്പ്‌ മോനോയോട്‌ പറയുകയാ പോടാ, പോടാന്ന്....

* ഞങ്ങള്‍ വൈകിട്ട്‌ ഒന്ന് നടക്കാനിറങ്ങി. അപ്പോള്‍ ഒരു കാക്കയെ ചൂണ്ടി കാട്ടി, മോള്‍ എന്നോട്‌ ചോദിച്ചു:- അപ്പ, അപ്പാ, ആ കാക്ക എന്താണു തിന്നുന്നത്‌? അപ്പോള്‍ മൊന്റെ മറുപടി:- ചേച്ചി, ആ കാക്ക ചൂയിംഗം തിന്നുകയാ. കണ്ടില്ലേ അതു ചവയ്ക്കുന്നത്‌.

* ഒരിക്കല്‍ ലുലുവില്‍ വെച്ചു ഞാന്‍ ഒരു ഓര്‍ബിറ്റ്‌ ചൂയിംഗം എടുത്തു. അത്‌ അവന്റെ കണ്ണില്‍ പെട്ടു. അവന്‍ എന്നെ അതു അവിടെ തിരിച്ചു വെയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ട്‌ അവന്‍ എന്നോട്‌ പറഞ്ഞു:- അപ്പ, അതു പശു തിന്നുന്നതാ.. [റ്റി.വി പരസ്യം കണ്ടാണു അവന്‍ ഈ കാര്യം മനസ്സിലായത്‌]

* ഒരു ദിവസം ഞാനും, മോനും കവലയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഒരു സുഹ്രുത്ത്‌ വന്ന് അവനെ എടുത്ത്‌ ഇക്കിള്‍ ഇട്ട്‌ അവന്റെ ചന്തിക്ക്‌ ഒരു പിച്ചും പിച്ചി. ഉടനെ അവന്‍ എന്നോട്‌ പരാതി പറഞ്ഞു- ഈ അങ്കിള്‍ എന്റെ ചന്തിക്ക്‌ പിച്ചി അപ്പാ. ഞാന്‍ പറഞ്ഞു, പോട്ട്‌.. അങ്കിള്‍ സ്നേഹം കൊണ്ടല്ലേ നിന്നെ പിച്ചിയത്‌. ഉടനെ അവന്‍...അല്ല അപ്പാ അങ്കിള്‍ കൈ കൊണ്ടാ പിച്ചിയത്‌.

Tuesday, 14 August 2007

പാരയായ റിംഗ്‌ റ്റോണ്‍.

ഇന്‍ഡ്യയുടെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരു സ്വാതന്ത്ര്യ സേനാനിയുടെ ശവസംസ്കാര ചടങ്ങിന്റെ ഒരു ഓര്‍മ്മയിലേക്ക്‌...

രണ്ട്‌ വര്‍ഷം മുന്‍പ്‌ ഞാന്‍ നാട്ടില്‍ അവധിക്ക്‌ ചെന്ന സമയത്താണു തിരുവല്ലായില്‍ ഉണ്ടായിരുന്ന ഒരു പഴയ സ്വാതന്ത്ര്യസമര സേനാനിയായ അപ്പച്ചന്‍ മരിച്ചത്‌. ഇന്‍ഡ്യയ്ക്ക്‌ വേണ്ടി പോരാടിയ ആള്‍ ആയതിനാല്‍ അപ്പച്ചനെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ ഞാനും തീരുമാനിച്ചു. എന്റെ ആഗ്രഹം കേട്ട്‌ എന്റെ ഒരു സുഹ്രുത്തും എന്നോടൊപ്പം കൂടി. അങ്ങനെ ഞങ്ങള്‍ അപ്പച്ചന്റെ വീട്ടില്‍ എത്തി. ഖദര്‍ധാരികളെ കൊണ്ട്‌ അവിടെ നിറഞ്ഞിരിക്കുന്നു. ഉന്തിനും തള്ളിനും ഇടയില്‍ കൂടി ഞങ്ങള്‍ അവസാനം അപ്പച്ചന്റെ അടുത്ത്‌ എത്തി. മൃതദേഹത്തിന്റെ അടുത്ത്‌ നിന്ന് അലമുറയിട്ട്‌ കരയുന്ന പെണ്മക്കളും, കൊച്ചു മക്കളെയും ഒക്കെ നോക്കി ഞങ്ങള്‍ അവിടെ നിന്നു. ക്യാമറയും മൈക്കും വീക്ക്‌ പോയിന്റ്‌ ആയിട്ടുള്ള ഒരു ഛോട്ടാ രാഷ്ട്രീയ നേതാവ്‌ കിട്ടിയ സമയം പാഴാക്കാതെ അപ്പച്ചന്‍ പണ്ട്‌ നടത്തിയ ദണ്ഡി യാത്രയെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്നു. ആ പ്രസംഗം കേട്ടപ്പോള്‍ നേതാവും, അപ്പച്ചനും കൂടിയാണു ഈ യാത്രകള്‍ അത്രയും ചെയ്തതെന്ന് തോന്നി പോയി. അങ്ങനെ ഞങ്ങളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ തിരുമേനിയും ആഗതനായി. തിരുമേനി വന്നപ്പോള്‍ നേതാവ്‌ പ്രസംഗം നിര്‍ത്തി. വീഡിയോക്കാരനും തിരുമേനിക്കൊപ്പം വന്നു. തിരുമേനിയെ കണ്ടപ്പോള്‍ അപ്പച്ചന്റെ ബന്ധുമിത്രാധികള്‍, പെണ്‍പടകള്‍ എല്ലാവരും ഒന്നടങ്കം വലിയ വായില്‍ കരയാന്‍ തുടങ്ങി. പെട്ടെന്നാണു അതു സംഭവിച്ചത്‌....ആരുടെയോ മൊബൈയില്‍ ശബ്ദിച്ചു. അലമുറയിട്ട്‌ കരഞ്ഞ്‌ കൊണ്ടിരുന്ന ബന്ധുമിത്രാധികള്‍ കരച്ചില്‍ നിര്‍ത്തി. വീഡിയോക്കാരന്‍ വീഡിയോ പിടിത്തം നിര്‍ത്തി. പക്ഷെ അപ്പോളും ആ മൊബൈയില്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു. പലരും ചിരി അടക്കാന്‍ കഷ്ടപ്പെടുന്നത്‌ ഞാന്‍ കണ്ടു. പക്ഷെ ഈ പണ്ടാരം പിടിച്ച ഫോണ്‍ അതിന്റെ ഉടയവന്‍ എന്തേ ഓഫ്‌ ചെയ്യാത്തത്‌ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ എന്റെ സുഹ്രുത്തിനെ നോക്കിയപ്പോള്‍ എനിക്ക്‌ ഒരു കാര്യം വ്യക്തമായി...ഇതു എന്റെ പ്രിയ സുഹ്രുത്തിന്റെ മൊബൈയില്‍ തന്നെ. പിന്നെ എന്തേ ഇവന്‍ ഇതു ഓഫ്‌ ചെയ്യാത്തെ??..ഏതായാലും അവന്‍ അല്‍പം നേരം കൂടി ശബ്ദിച്ചിട്ട്‌ ശാന്തനായി. ഓഹ്ഹ്‌ അപ്പോള്‍ ആണു മരിച്ച അപ്പച്ചന്‍ ഉള്‍പ്പെടെ എല്ലാവരുടെയും ശ്വാസം ഒന്ന് നേരെ വീണത്‌.

പിന്നെ ഒരു 5 മിനിറ്റ്‌ കൂടി അവിടെ നിന്നിട്ട്‌ ഞങ്ങള്‍ വെളിയില്‍ ചാടി. വണ്ടിയില്‍ കയറി ഡോര്‍ അടച്ചു ഞാന്‍ അടക്കി വെച്ച ചിരി അത്രയും തുറന്നു വിട്ടു. ചിരിച്ചു ചിരിച്ചു ഞാന്‍ കരഞ്ഞു. എന്നിട്ട്‌ ഞാന്‍ അവനോട്‌ ചോദിച്ചു- എടാ അതു അത്രയും അടിച്ചിട്ടും എന്താ ആ ഫോണ്‍ ഓഫ്‌ ചെയ്യാതിരുന്നതെന്ന്...അപ്പോള്‍ അവന്‍ പറഞ്ഞു-അന്നരം ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്താല്‍ അവര്‍ക്കു എല്ലാവര്‍ക്കും മനസ്സിലാകും അതു എന്റെ ഫോണ്‍ ആണെന്ന്...മനസ്സിലായാല്‍ ചിലപ്പോള്‍ ആ മരിച്ച കിടന്ന ആ അപ്പച്ചന്‍ വരെ വന്ന് എന്നെ അടിച്ചെന്നും ഇരിക്കും. ഓഹ്ഹ്‌ നാശം... എന്റെ പെണ്ണിനു വിളിക്കാന്‍ കണ്ട സമയം. സുഹ്രുത്ത്‌ പിറുപിറുത്തു. ഓഹ്‌, അപ്പോള്‍ പെണ്ണിനു [കാമുകിയ്ക്ക്‌] വേണ്ടി മാത്രം സെറ്റ്‌ ചെയ്ത സ്പെഷ്യല്‍ റിംഗ്‌ റ്റോണ്‍ ആയിരുന്നല്ലേയത്‌??? കലക്കി മോനെ...കലക്കി...ഏതായാലും അപ്പച്ചന്റെ ഒപ്പം നമ്മുടെ കൂടി ശവമടക്ക്‌ നടക്കാതിരുന്നത്‌ ഭാഗ്യം.

ഇനി അപ്പച്ചനെയും, മക്കളെയും, തിരുമേനിയെയും, വീഡിയോക്കാരനെയും ഒക്കെ ഞെട്ടിച്ച ആ റിംഗ്‌ റ്റോണ്‍ ഏതാണെന്നോ???

യൂത്ത്‌ ഫെസ്റ്റിവല്‍ എന്ന ചിത്രത്തിലെ :-

കള്ളാ…. കള്ളാ…. കൊച്ചു കള്ളാ…. നിന്നെ കാണാന്‍ എന്തൊരു സ്റ്റയില്‍ ആണു...
സ്റ്റയിലന്‍ ചെക്കനെ കണ്ടപ്പോള്‍ മുതല്‍ ഉള്ളിന്റെ ഉള്ളില്‍ LOVE ആണു.....

ദൈവമേ.....ഈ പാട്ട്‌, ആ മരിച്ച അപ്പച്ചനും അവരുടെ കുടുംബവും കേട്ടിട്ടും ഞങ്ങളെ വെറുതെ വിട്ടത്‌ ഉള്ളിന്റെ ഉള്ളിലെ ആ LOVE ഒന്ന് കൊണ്ട്‌ മാത്രമായിരിക്കും അല്ലേ???

ആ അത്മാവിന്റെ നിത്യ ശാന്തിക്കായി, ഇന്‍ഡ്യയുടെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍, എന്റെ വക ഒരു ഇമ്മിണി വലിയ ജയ്‌ ഹിന്ദ്‌!!!

Tuesday, 31 July 2007

തിരുവല്ല മാര്‍ത്തോമാ കോളേജും, കെ ബാച്ചും [ഭാഗം-2]

മാര്‍ത്തോമാ കോളേജും, കെ ബാച്ചും എന്ന ഓര്‍മ്മ കുറിപ്പിനു ശേഷം എനിക്കു ഒരു 19 വയസ്സ്‌ കുറഞ്ഞ പോലെ... ആ പഴയ ഊര്‍ജ്ജസ്വലത. ഉത്സാഹം എല്ലാം തിരിച്ചു കിട്ടിയ പോലെ... ഞാന്‍ വീണ്ടും ആ ഞാന്‍ ആയിരിക്കുന്നു.

ഒന്നാം വര്‍ഷ പ്രിഡിഗ്രി പരീക്ഷ കഴിഞ്ഞ സമയം. ഒരു ശനിയാഴച്ച, ഞങ്ങള്‍ 6 അംഗ സംഘത്തിലെ ഒരുവന്‍ തിരുവല്ല എലൈറ്റ്‌ ഹോട്ടലിന്റെ മുന്‍പില്‍ വായ്‌നോക്കി നിന്നപ്പോള്‍, അതു വഴി വന്ന ഒരു മദാമ്മ എന്തോ അബദ്ധം പറ്റി ഇവനോട്‌ പബ്ലിക്‌ സ്റ്റേഡിയത്തിലേക്കുള്ള വഴി ചോദിച്ചു. മദാമ്മ 3 പ്രാവശ്യം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മാത്രമാണു എന്റെ സുഹ്രുത്തിനു സ്ഥല കാല ബോധം ഉണ്ടായതു തന്നെ. അവന്‍ ഒരു നിമിഷം, ഇംഗ്ലീഷ്‌ റ്റീച്ചറെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട്‌ പറഞ്ഞു കൊടുക്കേണ്ട വഴിയെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കി [ അവിടുന്നു നേരെ പോവുക, റോഡ്‌ ക്രോസ്സ്‌ ചെയ്യുക, പിന്നീട്‌ ഇടത്തേക്കു പോവുക-ഇതാണു റൂട്ട്‌]. എന്നിട്ട്‌ രണ്ടും കല്‍പ്പിച്ചു കൈകളുടെ സഹായത്തോടെ ഇങ്ങനെ പറഞ്ഞു, ' മദാമ്മേ- ഗോ, പിന്നെ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ഗോാാ, പിന്നെ ലെഫ്റ്റിലേക്കു ഗോാാാ. ഇത്രയും പറഞ്ഞിട്ട്‌ എന്റെ സുഹ്രുത്ത്‌ ആ മദാമ്മെക്കാട്ടിലും മുന്‍പെ 'ഗോയായി' അത്രേ. ഏതായാലും എന്റെ സുഹ്രുത്തിന്റെ ഈ കൈ കൊട്ടി കലാശം ഇഷ്ടപ്പെട്ടതു കൊണ്ട്‌, മദാമ്മ പിന്നെ നേരെ പോയി കഥകളിക്കു ചേര്‍ന്നു. ഇന്നു ഈ മദാമ്മ അറിയപ്പെടുന്ന ഒരു കഥകളിക്കാരിയായി മാറിയിരിക്കുന്നു. സമയം നന്നാകുന്ന ഓരോ വഴിയേ...

കോളേജ്‌ വീണ്ടും തുറന്നു. രണ്ടാം വര്‍ഷം ഞങ്ങളുടെ മുന്‍പിലേക്കു...വളരെ ശാന്തശീലരായ ഞങ്ങളെ, മാനേജ്മെന്റിന്റെ തീരുമാന പ്രകാരം, രണ്ടാം നിലയിലെ ഒരു മൂലയിലേക്കു തള്ളി. അത്രയും തലവേദന കുറഞ്ഞിരിക്കട്ടെ എന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം.

കോളേജു തുറന്നതും, ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങളെ തേടിയെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട, ഞങ്ങളുടെ സ്വന്തമെന്നു കരുതിയിരുന്ന ഹിന്ദി റ്റീച്ചറും, ഇംഗ്ലീഷ്‌ റ്റീച്ചറും, ഞങ്ങളുടെ നല്ല സ്വഭാവം കാരണം ഇനി ഫോര്‍ത്ത്‌ ഗ്രൂപ്പിലേക്കില്ലായെന്ന് തീരുമാനിച്ചത്രേ. ഇതിനാണോ ഞങ്ങള്‍ ഒറ്റ ക്ലാസ്സ്‌ കട്ട്‌ ചെയ്യാതെ പഠിച്ചത്‌? ആരോട്‌ ചോദിക്കാന്‍.... ആരോട്‌ പറയാന്‍.... 2 ദിവസം കഴിഞ്ഞപ്പോള്‍, അല്‍പം ആശ്വാസം പകര്‍ന്നു കൊണ്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ ഒരു സ്ത്രീ രത്നം വരുന്നുവെന്ന വാര്‍ത്ത കേട്ട്‌ ക്ലാസ്സില്‍ ഇടം പിടിച്ചു. പക്ഷെ ക്ലാസ്സില്‍ ആദ്യം വന്നതു റ്റീച്ചറിന്റെ 'വയറാണു'.അതു കണ്ടപ്പോഴെ ഞങ്ങളുടെയും വയര്‍ നന്നായി നിറഞ്ഞു. ആയതിനാല്‍ ആ കേസ്‌ ഞങ്ങള്‍ ഫോര്‍ത്ത്‌ ഗ്രൂപ്പ്ക്കാര്‍, കോമ്മെഴ്സ്‌ സ്റ്റയിലില്‍ തന്നെ എഴുതി തള്ളി [Bad debts written off]

ദൈവം അത്ര ക്രൂരനൊന്നും അല്ലല്ലോ... ഞങ്ങളെ തേടി ഒരു സന്തോഷ വാര്‍ത്ത വന്നു. ഇനി മുതല്‍ ഹിന്ദി ക്ലാസ്സിലേക്കു സെകന്റ്‌ ഗ്രൂപ്പില്‍, ഐ ബാച്ചില്‍ നിന്നും കുട്ടികള്‍ വരും. സെക്കന്‍ഡ്‌ ഗ്രൂപ്പ്‌ ആയതിനാല്‍ നല്ല കളേഴ്സ്‌ ഉണ്ട്‌. പണ്ടേ ഈ സെക്കന്‍ഡ്‌ ഗ്രൂപ്പിനു മഴവില്ലിന്റെ ഭംഗിയാണു. ആ മഴവില്ലാണു ഇനി മുതല്‍ ഞങ്ങളുടെ ക്ലാസ്സില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്‌. ദൈവമേ... നീ എത്ര വലിയവന്‍.

പക്ഷെ ഹിന്ദി പഠിപ്പിക്കാന്‍ വരുന്ന സാര്‍, വായ തുറന്നാല്‍ അശ്ലീലം മാത്രമേ പറയൂവെന്ന് അറിഞ്ഞു. കക്ഷി Phd ആണത്രെ, അശ്ലീലത്തില്‍. എന്നാല്‍ അര കൈ നോക്കാം, എന്നു ഞങ്ങളും കരുതി. അശ്ലീലത്തിനായി, കളേഴ്സിനായി അങ്ങനെ ഞങ്ങള്‍ കാത്തിരുന്നു.

അവസാനം ആ ഹിന്ദി ക്ലാസ്സ്‌ വന്നു ചേര്‍ന്നു. ആദ്യം കളേഴ്സ്‌ വന്നു. അല്‍പം കഴിഞ്ഞപ്പോള്‍ സാറും വന്നു. കാഴ്ച്ചയില്‍ നമ്മുടെ സിനിമാതാരം ഇന്നച്ചന്റെ മുഖം. പാവം, ഈ സാറിനെ പറ്റിയാണോ ഞങ്ങള്‍ കേട്ടത്‌. സാര്‍ എല്ലാവരെയും പരിചയപ്പെട്ടിട്ടാകാം ക്ലാസ്സ്‌ എന്നു പറഞ്ഞതു കൊണ്ട്‌ അങ്ങനെ ഒരു ചടങ്ങില്‍ കൂടി ഐ ബാച്ചിലെ നല്ല കളേഴ്സിന്റെ പേരും ഞങ്ങള്‍ ഒതുക്കത്തില്‍ നോട്ട്‌ ചെയ്തു. പാഠപുസ്തകങ്ങള്‍ പലരുടെയും കൈയില്‍ ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, മുഖവുരയ്ക്ക്‌ ശേഷം ക്ലാസ്സ്‌ നിര്‍ത്തി. സാര്‍ എല്ലവരെയും ഒന്ന് വിശദമായി പരിചയപ്പെടാമെന്നു പറഞ്ഞു, ഈ ക്ലാസ്സില്‍ എത്ര ഡോക്ടേഴ്സിന്റെ മക്കള്‍ ഉണ്ടു എന്നു ഒരു ചോദ്യമെറിഞ്ഞു. ഫോര്‍ത്ത്‌ ഗ്രൂപ്പ്‌ അല്ലേ...ഞങ്ങള്‍ ഞങ്ങളുടെ തനി നിറം പുറത്തെടുത്തു. ഒത്തിരി പേരു ഉണ്ടു എന്നു സാറിനെ തോന്നിപ്പിക്കുമാറു, കാലു നിലത്തു ഇട്ട്‌ ഉരച്ചു ശബ്ദം കേള്‍പ്പിച്ചു. പക്ഷെ എഴുന്നേറ്റതോ...ഐ ബാച്ചിലെ ഒരു കുട്ടി മാത്രം. എഞ്ജിനിയേഴ്സിന്റെ മക്കള്‍ എഴുന്നേറ്റേ..പിന്നെയും നിലത്തു കാലുകള്‍ ഉരഞ്ഞു. എഴുന്നേറ്റതോ..4 കുട്ടികള്‍ മാത്രം. ബിസിനസ്സുകാരുടെ മക്കള്‍ - ആ ചോദ്യത്തിനും ചെരുപ്പുകള്‍ ഉരഞ്ഞുവെങ്കിലും ഞാന്‍ ആ കൂട്ടത്തില്‍ എഴുന്നേറ്റു. എന്റെ അപ്പനും ഒരു ചെറിയ അംബാനിയാടാ എന്ന ഒരു ഗമ കാട്ടി ഇരുന്നു. ചോദ്യങ്ങള്‍ പലതും വന്നു.. ചെരുപ്പുകള്‍ ഉരഞ്ഞു കൊണ്ടേയിരുന്നു. ഉരച്ചില്‍ കൂടി കൂടി വന്ന കാരണം അവസാനം സാറിന്റെ അടുത്ത ചോദ്യം വന്നു. ഈ ക്ലാസ്സിലെ ചെരുപ്പിന്റെ ഉരച്ചില്‍ ശബ്ദം കേട്ടിട്ട്‌, ഈ ക്ലാസ്സില്‍ തൂപ്പുകാരുടെ കുട്ടികള്‍ ഉണ്ടെങ്കില്‍, പ്ലീസ്‌.. ഒന്നു എഴുന്നേല്‍ക്കൂ.. ഈ തവണ ചെരുപ്പ്‌ ഉര അതിന്റെ ഉച്ചസ്ഥായിലെത്തി. പക്ഷെ ആരും എഴുന്നേറ്റില്ലയെന്നു മാത്രം. സാര്‍ പറഞ്ഞു ഈ കൂട്ടത്തില്‍ നിന്നും ഒരു പാടു പേര്‍ ഇനിയും എഴുന്നേല്‍ക്കനുണ്ടല്ലോ? അന്നേരം പുറകിലത്തെ ബഞ്ചിന്റെ ഭാഗത്തു നിന്നും ആരവം ഉയര്‍ന്നു - അതിനു സാര്‍ അച്ചന്മാരുടെ കുട്ടികള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞില്ലല്ലോ…സാര്‍ ഭൂരിപക്ഷ ആവശ്യം കണക്കിലെടുത്തു അച്ചന്മാരുടെ കുട്ടികള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞതും, വിമത വിഭാഗം ചാടി എഴുന്നേറ്റതും ഒപ്പമായിരുന്നു. സത്യം പറയട്ടെ, സാര്‍ ശരിക്കും പരുങ്ങി. ഇത്രയധികം അച്ചന്മാരുടെ കുട്ടികളോ??? സാര്‍ അത്ഭുതം കൂറി ചോദിച്ചു.. അതേ. അതേ..ഞങ്ങള്‍ എല്ലാം അച്ചന്മാരുടെ മക്കളാ.. ഡാഡി, പപ്പാ, അച്ചന്‍ എല്ലാം ഒന്നു തന്നെയാ സാറേ.. ഒരു വിദ്വാന്‍ വിശദീകരിച്ചു. ക്ലാസ്സില്‍ കൂട്ട ചിരി. ഇത്തവണ അശ്ലീലം ഒതുങ്ങി. ഇങ്ങേരുടെ വായ അങ്ങനെ അടച്ചു. അങ്ങേര്‍ക്കു പണി കൊടുത്തു.. അങ്ങനെ ക്ലാസ്സ്‌ മൊത്തം ഹാപ്പി.

സാറിലെ അശ്ലീലം പെട്ടെന്നുണര്‍ന്നു. ആതേടാ.. നിനക്കു ഒക്കെ അതാണു പറ്റിയ കുഴപ്പം. അച്ചന്മാരുടെ പിള്ളേരാണത്രെ..ഒറ്റ അച്ചനു ജനിക്കണം. അല്ലാതെ അച്ചന്മാര്‍ക്കു ജനിച്ചാല്‍ ദാ….. ഇതു പോലെ ഇരിക്കും.. അന്നു സുരേഷ്‌ ഗോപി, രഞ്ജി പണിക്കര്‍ ടീം ഇല്ലാതിരുന്നത്‌ ഞങ്ങളുടെ ഭാഗ്യം.. അല്ലായിരുന്നെങ്കില്‍ സാര്‍ ചിലപ്പോള്‍ JUST REMEMBER THAT….*HIT എന്നു കൂടി പറഞ്ഞേനെ..

എന്തിനു ഇനി അധികം… അശ്ലീലത്തിന്റെ ക്ലാസ്സില്‍ പരിപൂര്‍ണ്ണ ശാന്തത. ആ ശാന്തത പിന്നീട്‌ ഉള്ള ഹിന്ദി ക്ലാസ്സിലും തുടര്‍ന്നു, കാരണം അതോടെ ഹിന്ദി പഠനം ഞങ്ങള്‍ ഉപേക്ഷിച്ചു. ഞങ്ങള്‍ നല്ല കുട്ടികളല്ലേ? അശ്ലീലം ഞങ്ങള്‍ക്കു ഇഷ്ടമേയല്ല.. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം കുട്ടികള്‍...

അതു കൊണ്ട്‌ ഇന്നും ഹിന്ദി സംസാരിക്കാന്‍ അറിയില്ല. ആകെ അറിയാവുന്നതു സ്ക്കൂളില്‍ പഠിച്ച ഗ്രാമര്‍ മാത്രം. മേം വെച്ചാല്‍ ഹും വെക്കണം, തും വെച്ചാല്‍ ഹൊ വെക്കണം, ആപ്പ്‌ വെച്ചാല്‍ തിരിച്ചു വെക്കണം. അത്ര തന്നെ... ഹിന്ദി തീര്‍ന്നു. ഗുരുവേ!!! നമഹഃ

Saturday, 7 July 2007

മാര്‍ത്തോമാ കോളേജും കെ ബാച്ചും.11 ജൂലൈ 1988, തിങ്കളാഴ്ച്ച ആയിരുന്നു ഞങ്ങളുടെ കോളേജിലേക്കുള്ള ആദ്യ ചുവടു വെയ്പ്പ്‌. പക്ഷെ ഗണപതിക്ക്‌ വെച്ചതു കാക്ക കൊണ്ടു പോയി എന്ന് പറഞ്ഞ പോലെ, ജൂലൈ 8നു കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം ഉണ്ടായി. ആ ദുരന്തത്തില്‍ തിരുവല്ല മാര്‍ത്തോമാ കോളേജിലെ ഒരു അദ്ധ്യാപകനും മരണപ്പെട്ടു. ആയതിനാല്‍ 11 ജൂലൈയിലെ ഞങ്ങളുടെ ആദ്യ ചുവടു വെയ്പ്‌ 12 ജൂലൈയിലേക്കു മാറി.നല്ല ശകുനം തന്നെ.

ചൊവ്വാഴ്ച്ച അതിരാവിലെ എഴുന്നേറ്റ്‌,”ലീ”യുടെ ഒരു നീല ജീന്‍സും, ഫുള്‍ സ്ലീവ്‌ ഒരു ടീ ഷര്‍ട്ടും വലിച്ചു കയറ്റി, കണ്ണാടിക്കു മുന്‍പില്‍ അര മണിക്കൂറോളം നിന്ന് മമ്മൂട്ടിയും, മോഹന്‍ലാലും ഒരുങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഒരുങ്ങി,എം.ജി.എമ്മിലെ പഴയ വെള്ള ഷര്‍ട്ടിനോടും, കാക്കി പാന്റ്സിനോടും റ്റാറ്റാ പറഞ്ഞു, കുറ്റപ്പുഴ ബസ്സിലെ ഇടിയും ഏറ്റ്‌ മാര്‍ത്തോമാ കോളേജിന്റെ പടിക്കല്‍ ഇറങ്ങിയപ്പോള്‍ തന്നെ, പണ്ട്‌ രാജീവ്‌ ഗാന്ധിയുടെ ഹൃദയം ഇന്‍ഡ്യക്കു വേണ്ടി തുടിച്ചതു പോലെയോ, അതിലും മുകളിലോ ഇടിച്ചു തുടങ്ങി. വഴിയോരത്ത്‌ വലിച്ചു കെട്ടിയ തോരണങ്ങളും,ഗേറ്റിന്റെ വശത്ത്‌ കെട്ടിയ കറുത്ത കൊടിയും കെ.എസ്‌.യു, എസ്‌.എഫ്‌.ഐ നേതാക്കളും, സീനിയേഴ്സും, വട്ടം കൂടി നിന്നു കുശുകുശുക്കുന്ന പെണ്‍ പടകളും, എല്ലാം കണ്ട്‌, ദൈവമേ... അറിയാവുന്ന ഒരു മുഖമെങ്കിലും കാട്ടി തരണേ എന്ന പ്രാര്‍ത്ഥനയോടെ അവിടെ നിന്നപ്പോള്‍, ദാ കേള്‍ക്കുന്നു..'സമയമാം രഥത്തില്‍ ഞാന്‍ ….സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു….’ എന്ന പാട്ട്‌ തമ്പേറിന്റെ അകമ്പടിയോടെ എന്റെ ചെവിയിലേക്കു ഒഴുകി എത്തി. എന്റെ ദൈവമേ, ഇന്നും ആരാണ്ട്‌ വടിയായോ എന്നു ചിന്തിച്ചു നിന്നപ്പോള്‍... ചെങ്ങന്നൂര്‍ സ്റ്റുഡന്റ്സ്‌ ഒണ്‍ലി ബസ്സ്‌ വന്നു. ആ ബസ്സില്‍ നിന്നും ക്രിസ്ത്യന്‍ ഗാനങ്ങളും, ‘കൊടുങ്ങല്ലൂര്‍ ഭക്തി ഗാനങ്ങളും’ മാത്രമേ കേള്‍ക്കാറുള്ളൂയെന്ന് പിന്നീട്‌ അനുഭവം ഞങ്ങളെ പഠിപ്പിച്ചു. ആ ബസ്സിലും എനിക്കു അറിയാവുന്ന ആരെയും കാണാഞ്ഞ കാരണം ഞാന്‍ പതുക്കെ വലതു കാല്‍ തന്നെ വെച്ചു കോളേജിന്റെ പടി ചവിട്ടി കയറി. അധികം കഷ്ടപെടേണ്ടി വന്നില്ല..എന്റെ എം.ജി.എം സുഹ്രുത്തുക്കള്‍ എന്നെ കൈ കാട്ടി വിളിച്ചതും, ഞാന്‍ അവരുടെ ഭാഗമായതും ഒപ്പമായിരുന്നു. പിന്നെ ആരൊക്കെയൊ വന്നു ഞങ്ങളെ ഓടിറ്റോറിയത്തില്ലേക്കു കയറ്റി. അവിടുത്തെ മീറ്റിങ്ങിനു ശേഷം ഞങ്ങളെ ഓടിറ്റോറിയത്തിനു സമീപമുള്ള ക്ലാസ്സ്‌ മുറിയിലേക്കു കൊണ്ടു പോയി. കെ.എസ്‌.യു, എസ്‌.എഫ്‌.ഐ സഹോദരങ്ങള്‍ തൊണ്ട പൊട്ടിച്ച്‌ ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട്‌ പ്രകടനം നടത്തുന്നതു ഒരു കന്നിക്കാരന്റെ കൗതുകത്തോടെ നോക്കി കണ്ടു. അങ്ങനെ അന്നു ഞാനും ഫോര്‍ത്ത്‌ ഗ്രൂപ്പില്‍, കെ.ബാച്ച്‌ അംഗമായി, പിന്നീടു പാവാട കെ.എസ്‌.യുവില്‍ അംഗവുമായി. ഒരു ഖദര്‍ധാരിയായി, റിലീസ്‌ സിനിമാ ആരാധകനായി, ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവനായി... ചുരുക്കി പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഒരു യഥാര്‍ത്ഥ്‌'ഫോര്‍ത്ത്‌ ഗ്രൂപ്പുകാരനായി മാറി'. എന്‍.സി.സിയില്‍ ചേര്‍ന്നാല്‍ പൊറൊട്ടായും, മുട്ട കറിയും കിട്ടും എന്ന് കേട്ടതനുസരിച്ചു പോയി എങ്കിലും, കിട്ടിയ യൂണിഫോം ഇട്ട എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ പഴയ PC 312 ഇതിലും എത്രയോ സ്മാര്‍ട്ട്‌ ആണെന്ന് മനസ്സിലാക്കിയ കാരണം കുര്യന്‍ ജോണ്‍ സാറിന്റെ പറോട്ടാ, എന്‍ സി.സി ബൂട്ട്‌ ഇട്ട്‌ ചവിട്ടി പിടിച്ചു വേണം തിന്നാന്‍ എന്ന് കുപ്രച്ചരണം നടത്തി അതില്‍ നിന്നും അതി വിദഗ്ദമായി പിന്മാറി.

വെള്ളിയാഴ്ച്ച പൊതുവേ കോളേജിലെ ഹാജര്‍ നില കുറവായിരിക്കും. അന്നാണല്ലോ പുതിയ ചിത്രങ്ങളുടെ റിലീസ്‌. അക്കൗണ്ടന്‍സിയിലെ ഒരു പൊതു തത്വമായ Debit what comes in and credit what goes out എന്നതിനെ ഞങ്ങള്‍ കൊമ്മേഴ്സക്കാര്‍ വെള്ളിയാഴ്ച്ചകളില്‍ Release what comes in, students what goes out എന്ന തത്വമാക്കി പാലിച്ചിരുന്നു. ഇനി വെള്ളിയാഴ്ച്ച പടം കാണാന്‍ ബ്ലാക്കില്‍ പോലും ടിക്കറ്റ്‌ കിട്ടിയില്ലായെങ്കില്‍ തീയറ്ററില്‍ പോയി അവിടുത്തെ മൂത്ര പുരയില്‍ കയറി ഒന്നു മൂത്രം എങ്കിലും ഒഴിച്ചാലെ, ഞങ്ങള്‍ക്കു സമാധാനം ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞങ്ങള്‍ ചോരയും, നീരും പിന്നെ ചിലപ്പോള്‍ മൂത്രവും കൊടുത്ത്‌ വളര്‍ത്തിയ സിനിമാ വ്യവസായമാണു ഇന്നു ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്നതു എന്നു ഓര്‍ക്കുമ്പോള്‍ എന്റെ പ്രഷര്‍ കൂടും.

ഉള്ളതു പറയണമല്ലോ...ഞങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ കട്ട്‌ ചെയ്തിരുന്നതേയില്ല. കാരണം ഹിന്ദി പഠിപ്പിച്ചതു കല്യാണം കഴിക്കാത്ത, പൂച്ച കണ്ണുള്ള കൊച്ചമ്മയും, വൈശാലിയിലെ നായിക സുപര്‍ണ്ണയെക്കാളും ഒരു പടി മുന്‍പില്‍ ആയിരുന്ന കൊച്ചമ്മയും ആയിരുന്നു. അങ്ങനെ ഈ രണ്ട്‌ വിഷയങ്ങളെയും ഞങ്ങള്‍ ആത്മാര്‍ഥ്മായി പ്രണയിച്ചു.

ഞങ്ങള്‍ ഒരു 6 അംഗ സംഘമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളില്‍ ഒരുവന്‍ കഞ്ചാവ്‌[സ്വാമി]അടിക്കാന്‍ തുടങ്ങി. ഇതു ഞങ്ങള്‍ അറിഞ്ഞതു വളരെ വൈകിയായിരുന്നു.

സാംജി സാര്‍ ഞങ്ങളെ കൊമ്മേര്‍ഷ്യല്‍ ജോഗ്രഫിയും, ജയിംസ്‌ സാര്‍ ഞങ്ങളെ കറസ്സ്പൊണ്ടെന്‍സും പഠിപ്പിച്ചു. ക്രിസ്തുമസ്‌ പരീക്ഷ തോമസ്‌ മാത്യു സാറിനെ ഭയന്ന് അവസാന നിമിഷം ഞങ്ങളും എഴുതാന്‍ തീരുമാനിച്ചു. പരീക്ഷയക്കു ഞങ്ങള്‍ക്ക്‌ ഇന്‍ഡ്യയുടെ ഭൂപടം തന്ന കാരണം എനിക്കു ഇപ്രാവശ്യം ചേന വരയ്കേണ്ടി വന്നില്ല. ഉത്തര കടലാസു വാങ്ങിക്കാന്‍, ഞങ്ങള്‍ 'മിടുക്കരായ 6 കുട്ടികള്‍' സ്റ്റാഫ്‌ റൂമില്‍ ചെല്ലാന്‍ പറഞ്ഞ ആ ക്ഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. താലപൊലികളും, ആനയും, അമ്പാരിയും ഒന്നുമില്ലാതെ [അഹങ്കാരം തീരെ ഇല്ലാതെ] ഞങ്ങള്‍ കൊമ്മേഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റിലെ 3 സാറന്മരുടെ മുന്‍പില്‍ ഹാജരായി. ഓരോരുത്തരെയും വിളിച്ചു തെറ്റും, കുറ്റവും പറഞ്ഞ്‌, തോമസ്‌ മാത്യു സാര്‍ തുടക്കു പിച്ചുന്നത്‌ ദൂരെ നിന്നു ആരെങ്കിലും കണ്ടാല്‍ ചക്രം ചവിട്ടുന്നതു പോലെ തോന്നി കാണുമായിരിക്കും. ഓരോരുത്തരെയും കിഴുക്കിയും, തിരുമ്മിയും, പേപ്പറുകള്‍ കൊടുത്ത്‌ ശേഷം, അവസാനം, സാംജി സാര്‍, സ്വാമി അടിക്കുന്ന സുഹ്രുത്തിനെ വിളിച്ചു സ്നേഹാന്വേഷണം നടത്തി, ചോദിച്ചു, താന്‍ ഏതു സ്കൂളില്‍ ആണു പഠിച്ചതു? 'ചങ്ങനാശ്ശേരി എസ്‌.ബി, സ്ക്കൂളില്‍.' എത്ര മാര്‍ക്കു ഉണ്ടായിരുന്നു തനിക്കു? 380. ഓഹ്‌... താന്‍ കോളേജില്‍ വന്ന ശേഷമാണോ വലി തുടങ്ങിയതു? സുഹ്രുത്ത്‌ ശരിക്കും പരുങ്ങി. ഉത്തരം പറയാതെ നിന്നപ്പോള്‍, സാംജി സാര്‍ അടുത്ത്‌ ചോദ്യം തൊടുത്തു-തന്നെ ആരാണു ജോഗ്രഫി പഠിപ്പിച്ചതു? തെല്ലു അഭിമാനത്തോടെ സുഹ്രുത്ത്‌ പറഞ്ഞു - ഗീവര്‍ഗ്ഗീസ്സ്‌ സാറാ... ഓഹ്‌, ആ സാറാണോ, ഇന്‍ഡ്യയില്‍ ആണു, ജപ്പാന്‍, ചൈനാ, അമേരിക്കാ എന്നീ രാജ്യങ്ങള്‍ എന്ന് പഠിപ്പിച്ചത്‌ എന്നു ചോദിച്ചു, ഉത്തരക്കടലാസു എടുത്തു ഒരു ഏറു.. സംഭവം എന്താണു എന്നു അറിയാന്‍ ഉള്ള ആകാക്ഷയോടെ ഞങ്ങള്‍ ആ ഉത്തരക്കടലാസ്‌ എടുത്ത്‌ നോക്കി...

സംഭവം ഇങ്ങനെ. ഇന്‍ഡ്യയിലെ ഗോതമ്പ്‌ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍, അടയാളപ്പെടുത്താന്‍ ആണു ചോദ്യം. അതിനു അവര്‍ ഭൂപടവും തന്നു. ആ ഭൂപടത്തില്‍ ആണു ഞങ്ങളുടെ സുഹ്രുത്ത്‌ സ്വാമിയുടെ പിന്‍ബലത്തില്‍ ജപ്പാന്‍, ചൈന, അമേരിക്കാ മുതലായ രാജ്യ്ങ്ങള്‍ കണ്ടെത്തിയത്‌. മൂലയില്‍, കോണകം പോലെ, കിടക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്‌, സുഹ്രുത്തിന്റെ വിരല്‍ തുമ്പില്‍ കൂടി കടന്നപ്പോള്‍, അതു ഇറ്റലിയായി മാറി. എന്റെ കഞ്ചാവു സ്വാമിയേ...നീ കേരളത്തെ ഇറ്റലിയാക്കി, ‘സോണിയാജിയെ’ സ്വന്തം മകളാക്കി മാറ്റിയിരിക്കുന്നു. അപാരം തന്നെ നിന്റെ ശക്തി. നിനക്ക്‌ പണ്ടു പണ്ടേ ISO 9002 സര്‍ട്ടിഫിക്കേറ്റ്‌ കിട്ടേണ്ടതായിരുന്നു.

ഏതായാലും ഈ കാര്യങ്ങള്‍ ചൂടാറാതെ തന്നെ ക്ലാസ്സില്‍ അവതരിപ്പിക്കണം എന്നു കരുതി, കിട്ടിയ പിച്ചിന്റെയും, തിരുമ്മിന്റെയും ക്ഷീണം മറന്ന് ഞങ്ങള്‍ ഓടിയപ്പോള്‍, സുഹ്രുത്തു ഈ കാര്യങ്ങള്‍ മറ്റ്‌ ആരോടും പറയരുത്‌ എന്നു ശട്ടം കെട്ടി. അതിനാല്‍ ഈ അന്താരാഷ്ട്ര ബന്ധം സാക്ഷാല്‍ ജോര്‍ജ്ജ്‌ ബുഷ്‌ പോലും അറിഞ്ഞില്ല. ഞങ്ങള്‍ അറിയിച്ചില്ല.

എന്നാല്‍ നീണ്ട 19 വര്‍ഷങ്ങള്‍ക്കു ശേഷം, ഈ ഒരു കാര്യം 10 പേരോടു പറഞ്ഞപ്പോള്‍... ആഹാ.. മനസ്സിനു എന്തൊരു സുഖം. എന്റെ ആ 'വീര്‍പ്പുമുട്ടല്‍' ദാ…. ഇവിടെ തീര്‍ന്നു. ഈശ്വരാാാ ആശ്വാസമായി. ഇന്ന് സുഖമായി ഉറങ്ങാം.
ഗുഡ്‌ നൈറ്റ്‌.

Sunday, 1 July 2007

'ഭ്രാന്തന്‍ വികൃതികള്‍'

ഞാന്‍ 'രജനി ഫാന്‍സ്‌' എന്ന പേരില്‍ കഴിഞ്ഞ മാസം ഒരു പോസ്റ്റ്‌ പോസ്റ്റി. സത്യം പറയട്ടെ, ഭീഷണി കത്തുകളുടെ പ്രവാഹം തന്നെയായിരുന്നു. എന്റെ കിട്നിക്കു വരെ ' Z കാറ്റഗറി' സെക്യുരിറ്റി വേണം എന്നു തോന്നി. പിന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു കമ്മന്റുകള്‍ എല്ലാം കളഞ്ഞു. തമിഴ്‌നാട്ടിലേക്കു അടുത്ത കാലത്തു എങ്ങും പോകാന്‍ പറ്റും എന്നു തോന്നുന്നില്ലാ.ഏതായാലും ബ്ലോഗ്‌ കൊണ്ട്‌ അത്രയും ഗുണം പറ്റി.

ആയതിനാല്‍ ഇനി ഒരു പോസ്റ്റ്‌, വളരെ കരുതലോടെയാകാം എന്നു വിചാരിച്ചു, കൂലംകഷമായ ആലോചനയ്ക്കു ശേഷം ഇതാ എന്റെ പുതിയ പോസ്റ്റ്‌.

ഭ്രാന്തന്മാരായി ആരും ജനിക്കുന്നില്ല. മനസ്സിന്റെ സമനില തെറ്റാന്‍ അധികം സമയം വേണ്ട. സമനില തെറ്റിയാല്‍ നമ്മളും ഭ്രാന്തന്മാരായി.

തിരുവല്ല എന്ന സ്തലത്തും ഭ്രാന്തന്മാരും, ഭ്രാന്തികളും ഉണ്ടു. സമൂഹം അവരെ ഒറ്റപ്പെടുത്തുന്നു, പരിഹസിക്കുന്നു, വെറുപ്പോടെ, പേടിയോടെ നോക്കുന്നു....എന്തു ചെയ്യാം...

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം, എന്തോ കാരണത്താല്‍ പെട്ടെന്നു ബസ്സ്‌ സമരം ആയി. സ്കൂളില്‍ പോകാന്‍ ഇനി 'നടരാജന്‍' തന്നെ ശരണം. അങ്ങനെ ഞാനും എന്റെ ചേച്ചിയും, പിന്നെ ഒരു പറ്റം കുട്ടികളും കൂടി, പൊടിയാടിയില്‍ നിന്നും സ്കൂളിലേക്കു നടത്തം തുടങ്ങി. കൊച്ചു വര്‍ത്തമാനങ്ങളും, കളിയും, ചിരിയും ഒക്കെയായി ഞങ്ങള്‍ അങ്ങനെ നടന്നു. കാവുംഭാഗം എന്ന സ്തലത്ത്‌ എത്തിയപ്പോള്‍...ദാ നില്‍ക്കുന്നു, കര്‍ണ്ണന്‍ എന്ന ഭ്രാന്തന്‍. കീറി പറിഞ്ഞ്‌ മുഷിഞ്ഞ വേഷം, തോളില്‍ ഒരു കറുത്ത്‌ നാറിയ തോര്‍ത്ത്‌, കാടു പോലെ വളര്‍ന്ന മുടി, ചുണ്ടില്‍ ഒരു ബീഡി..കര്‍ണ്ണനെ കണ്ടതും നമ്മുടെ നടരാജ കൂട്ടുകാര്‍ അങ്ങേ സൈഡിലേക്കു ഒരു ഇന്‍ഡികേറ്റര്‍ പോലും ഇടാതെ ഓടി. കര്‍ണ്ണന്‍ ഇതു ഒന്നും അറിയാതെ, റോഡിന്റെ സൈഡില്‍ കിളിര്‍ത്തു നില്‍ക്കുന്ന കാടുകള്‍ ബിസി ആയി വലിച്ചു പറിക്കുന്നു. എന്റെ കൂട്ടുകാര്‍ കൊള്ളാം, പേടിച്ചു തൂറികള്‍ എന്നു മനസ്സില്‍ ഓര്‍ത്ത്‌, എനിക്കു കര്‍ണ്ണനെ ഒരു പേടിയും ഇല്ലാ എന്ന ഭാവത്തില്‍ മറു സൈഡില്‍ കൂടി നടക്കുന്ന എന്റെ ചേച്ചി സഹിതം ഉള്ള കൂട്ടുകാരെ നോക്കി, ഊറി ചിരിച്ചു കൊണ്ട്‌ ഞാന്‍ നടത്തം തുടര്‍ന്നു. പെട്ടെന്നായിരുന്നു കര്‍ണ്ണന്റെ പ്രതികരണം. കര്‍ണ്ണന്‍ റോഡില്‍ നിന്നും വലിച്ചു പറിച്ച ഒരു കമ്മ്യുണിസ്റ്റ്‌ പച്ചയുമായി എന്റെ നേരെ ഒറ്റ ചാട്ടം. ഒരു നിമിഷം പകച്ചു നിന്ന ഞാന്‍, 2 അടി മുന്‍പോട്ട്‌ വെച്ചതും, കൈയില്‍ ഇരുന്ന കമ്മ്യുണിസ്റ്റ്‌ പച്ച കൊണ്ട്‌ എന്റെ ചന്തിക്കു ഒരു അടി, ഒപ്പം ഒരു അലര്‍ച്ചയും...ഓടെടാാാ. എന്റെ കൂട്ടുകാരുടെ കൂട്ട ചിരി..പിന്നെ 'എത്ര പെട്ടെന്നാണു' ഞാന്‍ സ്കൂളില്‍ ചെന്നതെന്നു പോലും എനിക്കു ഓര്‍മ്മയില്ല. ഞാന്‍ ക്ലാസ്സില്‍ ചെന്ന് 20-25 മിനിറ്റ്‌ കഴിഞ്ഞാണു മറ്റ്‌ കമ്പനിക്കാര്‍ വന്നതു തന്നെ. എന്റെ കൂട്ടുകാര്‍ ഇതിനു വലിയ പബ്ലിസിറ്റി കൊടുക്കരുതേ എന്ന പ്രാര്‍തനയോടെ, ഞാന്‍ ചന്തിക്കു മുള്ള്‌ കൊണ്ട പരുവത്തില്‍ ആണു അന്നു ഞാന്‍ ക്ലാസ്സില്‍ ഇരുന്നതു. ഏതായാലും ആ സംഭവത്തോടു കൂടി ഞാനും ഭ്രാന്തന്മാരെ കാണുമ്പോള്‍ ഒരു അകലം വെച്ചു.

തിരുവല്ലായിലെ ഒരു അറിയപ്പെട്ട ഭ്രാന്തന്‍ ആയിരുന്നു കൊച്ചാപ്പി. ഭ്രാന്തന്‍ ആകുന്നതിനു മുന്‍പു കൊച്ചാപ്പി, പാലിയേക്കര
പള്ളിയിലെ K-A-PYAR [കപ്യാര്‍] ആയിരുന്നു. പിന്നീട്‌ എങ്ങനെയോ ടി കൊച്ചാപ്പി ഒരു മുഴു ഭ്രാന്തന്‍ ആയി മാറി. തിരുവല്ലാ കവലയിലാണു കൊച്ചാപ്പിയുടെ ക്യാമ്പ്‌. ഭ്രാന്തന്‍ ആയിട്ടും കൊച്ചാപ്പി തന്റെ പഴയ കപ്യാര്‍ പണി മറന്നില്ല. എന്നും രാത്രിയില്‍ കൊച്ചാപ്പി, തിരുവല്ലാ കവലയിലെ കുരിശിന്‍ തൊട്ടിയില്‍, മെഴുകുതിരികള്‍ കത്തിച്ചു വെച്ചു ഒരു അടി പൊളി സന്ധ്യാ നമസ്കാരം നടത്തും. ഇതു മരിക്കുന്ന സമയം വരെയും കൊച്ചാപ്പി മുടക്കിയതും ഇല്ല. രാത്രിയില്‍ മനോരമയുടെ ഓഫീസിന്റെ മുന്‍പില്‍ ഉള്ള ഒഴിഞ്ഞ മൂലയില്‍ അന്തി ഉറക്കം. കൊച്ചാപ്പി ഒരു ഉപദ്രവകാരിയല്ലായിരുന്നു. എന്നാലും കര്‍ണ്ണ സംഭവത്തിനു ശേഷം ഭ്രാന്തന്മാര്‍ ഇതിലേ വന്നാല്‍ ഞാന്‍ അതിലേ എന്ന പോളിസി സ്വീകരിച്ചു. 'വാഴ പെടത്തി' എന്നു വഴിപോക്കര്‍ വിളിച്ചാല്‍, കൊച്ചാപ്പി, സന്ധ്യാ നമസ്ക്കാരത്തിലെ സുറിയാനി പദങ്ങളേക്കാളും കട്ടി കൂടീയ പദങ്ങള്‍ പ്രയോഗിച്ചു അസഭ്യം പറയുമായിരുന്നു. കൊച്ചാപ്പി എന്ന ഭ്രാന്തനെ വഴിപോക്കരായ പല 'ഭ്രാന്തന്മാരും'ഇത്തരത്തില്‍ ഉപദ്രവിച്ചു രസിച്ചിരുന്നു. വാഴ പെടത്തി എന്നു വിളിച്ചാല്‍ കൊച്ചാപ്പി എന്തിനു വയലന്റ്‌ ആകുന്നു എന്നതു ഇന്നും ഉത്തരമില്ലാത്ത ചോദ്യം തന്നെ...

ഒരു ദിവസം ഞാന്‍ എസ്‌.സി കവലയുടെ അടുത്ത്‌ എത്തിയതും, ദാ, എന്റെ അതേ സൈഡില്‍ കൊച്ചാപ്പി. എസ്‌.സി ജങ്ങ്ഷനിലെ തിരക്കു കാരണം റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ അത്ര എളുപ്പവുമല്ല. പിന്നെ ഞാന്‍ അല്‍പം പ്രായം ചെന്ന ഒരു മാന്യദ്ദേഹത്തിന്റെ അകമ്പടിയോടെ, പ്രാര്‍തനയോടെ മുന്‍പോട്ട്‌ നീങ്ങി. നടക്കുമ്പോഴും എന്റെ കണ്ണുകള്‍ രണ്ടും കൊച്ചാപ്പിയില്‍ തന്നെ. കൊച്ചാപ്പി തകൃതിയായി റോഡിന്റെ സൈഡിലെ ഒാടയുടെ അടുത്ത്‌ നിന്നും എന്തൊക്കെയോ വാരിയാപ്പോള്‍, കൊച്ചാപ്പിക്കു എന്തോ ഒരു വല്ലായ്ക. കൈയില്‍ എന്തോ പറ്റി..സംശയിക്കേണ്ട..തിരുവല്ലാ നഗരത്തില്‍ ആണെങ്കിലും കൊച്ചാപ്പിക്കു വല്ലായ്ക വരുത്തിയ സാധനം മറ്റവന്‍ തന്നെ. സാക്ഷാല്‍ 'ഫയര്‍ട്ടം'.[ഫയര്‍=തീ]

ഫയര്‍ട്ടം കൈയില്‍ പറ്റിയ പാടെ മറ്റ്‌ ചവറുകള്‍ ദൂരേക്കു വലിച്ചു എറിഞ്ഞിട്ട്‌ കൊച്ചാപ്പി, പറ്റിയ സാധനം മണപ്പിച്ചു നോക്കി ഒന്നു കണ്‍ഫേം ചെയ്തു. അതു ഇപ്പോള്‍ കൊച്ചാപ്പിയുടെ മൂക്കിലും പറ്റി. കൊച്ചാപ്പി പിന്നെ ഒട്ടും മടിച്ചില്ല..കൊച്ചാപ്പി തന്റെ 2 കൈയും കൂടി ഇട്ടിരുന്ന ഷര്‍ട്ടിലേക്കു തന്നെ തൂത്തു, എന്നിട്ട്‌ പിന്നെയും മണത്തു നോക്കി. ത്രിപ്തി ആയില്ല, അതു കൊണ്ട്‌ അടുത്ത്‌ കണ്ട ഇലക്ട്രിക്‌ പോസ്റ്റിലേക്ക്‌ തന്നെ ഈ 2 കൈയും ഉരച്ചു കൊണ്ട്‌ കൊച്ചാപ്പി പറഞ്ഞു, 'ഓാ...ഭാഗ്യമായി പണ്ഡാരം കാലില്‍ പറ്റാഞ്ഞത്‌.' കൊച്ചാപ്പിയുടെ ഈ അനുഭവം, കമന്റ്‌,എല്ലാം ഞാന്‍ കേട്ടുവെങ്കിലും...ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ സ്തലം കാലിയാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ....

ഓാാ..കൊച്ചാപ്പി പറഞ്ഞതു പോലെ....ഭാഗ്യമായി, അന്നു… ഞാന്‍ കൊച്ചാപ്പിയുടെ കൈയില്‍ പറ്റാതിരുന്നത്‌...

ഇനി കൊച്ചാപ്പിക്കും ഫാന്‍സ്‌ അസ്സോസിയേഷന്‍ ഉണ്ടാകരുതേ എന്ന ഒറ്റ പ്രാര്‍തനയോടെ.....

Friday, 22 June 2007

അമ്പലപ്പുഴ പാല്‍പായസം - പാചക കുറിപ്പ്‌


മോള്‍ക്ക്‌ സ്കൂള്‍ അവധി ആയി. ഇനി 2 മാസത്തേക്ക്‌ വീട്ടില്‍ ബഹളം ഒഴിഞ്ഞു സമയം കാണില്ല. മോന്‍ അവളുമായി ഗുസ്തി പിടിക്കും, കളിപ്പാട്ടങ്ങള്‍ പൊട്ടിക്കും, കരച്ചില്‍, പിന്നെ അവര്‍ക്കിടയില്‍ സദാ റോന്ത്‌ ചുറ്റലായിരിക്കും എന്റെ ഭാര്യയുടെ പണി. ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ പരാതികെട്ടുകളുമായി 3 ആളും കൂടും. പിന്നെ എന്റെ പ്രഷര്‍ കൂടും. കാര്‍ട്ടൂണ്‍ സി.ഡി ഇട്ടു കൊടുത്ത്‌ പിള്ളേരെ അടക്കി ഇരുത്തരുതെന്ന് ഈ അടുത്ത ഇട വീട്ടില്‍ വന്ന ഒരു ഡോക്ടര്‍ പറഞ്ഞ കാരണം ഞങ്ങള്‍ ആ പതിവും നിര്‍ത്തി. ഏതായാലും മോളു തന്നെ ഒരു ആവശ്യം ഉന്നയിച്ചു. ഈ അവധിക്കു അവളെ കുഞ്ഞാന്റിയുടെ അടുത്ത്‌ വിടാന്‍. ഭാര്യ വക്കാലത്തുമായി വന്ന കാരണത്താല്‍ എതിരില്ലാതെ പാസ്സ്‌ ആയി. എനിക്കു അവധി ഇല്ലാത്ത കാരണത്താല്‍ ഭാര്യയെയും, മക്കളെയും, ബസ്സില്‍ കയറ്റി വിടാം എന്നു ഞാന്‍ സമ്മതിച്ചു. അതിനു മുന്‍പായി ഭാര്യ എനിക്കു കൂട്ടാനും, കറികളും, ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചു തന്നു. ഭാര്യയുടെ അനുജത്തിയുടെ വീട്ടില്‍ നില്‍ക്കാന്‍ 7 ദിവസത്തെ അവധിയും പാസ്സാക്കി ഞാന്‍ അവരെ ബസ്സ്‌ കയറ്റി വിട്ടു.

ആദ്യത്തെ 2 ദിവസം വളരെ കൂള്‍ ആയി പോയി. മൂന്നാം ദിവസം ഞാന്‍ പതിവു പോലെ രാവിലെ പ്രഷര്‍ കുക്കറില്‍ അരിയും ഇട്ട്‌ 7 പ്രാവശ്യം വിസിലും കേട്ട്‌ [ഭാര്യയുടെ സ്പെഷ്യല്‍ ക്ലാസ്സ്‌]നിര്‍ത്തിയിട്ട്‌ പോയതാണു. ഉച്ചയ്ക്കു ഡ്യുട്ടി കഴിഞ്ഞു ഡ്രസ്സ്‌ മാറി, കൂട്ടാന്‍ എല്ലാം മൈക്രോ വേവില്‍ വെച്ചു അടുക്കളയില്‍ വന്ന് പ്രഷര്‍ കുക്കര്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി പോയി. ഇന്നു തനിക്ക്‌ എണ്ണം തെറ്റി. ചോറു വെന്ത്‌ കുഴഞ്ഞിരിക്കുന്നു. ഈ പരുവത്തില്‍ ചോറു ഉണ്ണാന്‍ ഒക്കില്ല. കയ്യില്‍ കിട്ടിയ തവി വെച്ചു ഒരു കുത്ത്‌ കൊടുത്തു. ആഹാ, പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പരുവം. വീണ്ടും ചോറു ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒത്തിരി സമയവും എടുക്കും. ഫ്രിഡ്ജില്‍ നിന്നും 2 മുട്ട എടുത്ത്‌ ഓമ്ലേറ്റ്‌ അടിച്ചാലോ? ഒഹ്‌ അതു കൊണ്ടു എന്റെ വിശപ്പു തീരില്ല. എന്റെ ഭാര്യക്കു പോകാന്‍ കണ്ട സമയം. പെട്ടെന്നു എന്നിലെ 'നളന്‍' ഉണര്‍ന്നു.

പ്രഷര്‍ കുക്കറിലേക്ക്‌ 2 ഗ്ലാസ്സ്‌ വെള്ളം ഒഴിച്ചു. വീണ്ടും അടുപ്പത്തേക്കു വെച്ചു. നന്നായി ഇളക്കി. ഇപ്പോള്‍ അതു എതാണ്ടു സാരി മുക്കാന്‍ പരുവം ആയി. സ്റ്റവ്‌ ഓഫാക്കി, ചീന ചട്ടി അടുത്ത അടുപ്പില്‍ വെച്ചു. നെയ്യ്‌ ഒഴിച്ചു ഒരു പിടി കശുവണ്ടി, അല്‍പം കിസ്മിസ്‌ മുതലായവ ഇട്ടു മൂപ്പിച്ചു എടുത്തു. അതിനു ശേഷം പ്രഷര്‍ കുക്കറില്ലേക്കു, 4 സ്പൂണ്‍ നെയ്യ്‌, പാല്‍ പൊടി, പഞ്ചസാര, ഏലക്കാ പൊടി ഇവകള്‍ ഇട്ടു നന്നായി ഇളക്കി. നെയ്യുടെ മണം പോര. ഒഴിച്ചു ഒരു 4 സ്പൂണ്‍ കൂടി. നന്നായി ഇളക്കി. ഏതാണ്ട്‌ ഒരു പരുവം ആയി എന്നു തോന്നിയപ്പോള്‍, നേരത്തെ മൂപ്പിച്ചു വെച്ചിരുന്ന അണ്ടിപരിപ്പും, കിസ്മിസും ചേര്‍ത്തു. അല്‍പം നേരം കൂടി ഇളക്കി. സ്റ്റവ്‌ നിര്‍ത്തി. സാധനം ഗ്ലാസ്സിലേക്കു ഒഴിച്ചു. ചൂട്‌ ആറാന്‍ ഫാനിന്റെ കീഴില്‍ കൊണ്ട്‌ വെച്ചു. അല്‍പം നേരം കഴിഞ്ഞു കുടിച്ചു. ആഹ... അമ്പലപുഴ പാല്‍ പായസത്തിന്റെ അതേ രുചി. അടുത്ത ഒരു ഗ്ലാസ്സ്‌ കൂടി കുടിച്ചു. ഉച്ചയ്ക്കു ചോറു തന്നെ ഉണ്ണണ്ണം എന്നു നിയമം ഒന്നും ഇല്ലല്ലോ. പായസവും കുടിക്കാം.

വൈകിട്ട്‌ പുറത്തേക്കു ഇറങ്ങിയപ്പോള്‍, അടുത്ത വീട്ടിലെ ചേച്ചി ഇറങ്ങി വന്നിട്ട്‌ ചോദിച്ചു "ഉം എന്തായിരുന്നു ഇന്നു സ്പെഷ്യല്‍? ഭാര്യയുടെ ഒരു ഭാഗ്യം. ഇന്നു ഉച്ചക്കു വീട്ടില്‍ നിന്നും ഉഗ്രന്‍ മണം വന്നപ്പോള്‍ തന്നെ ഞാന്‍ ചേട്ടനോടു പറഞ്ഞു, ദാ സെനുവിനെ നോക്കി പഠിക്കാന്‍ എന്ന്" ഞാന്‍ ഒട്ടും ഗമ വിടാതെ പറഞ്ഞു-"ഒഹ്‌, അല്‍പം നെയ്യ്‌ ചോറു ഉണ്ടാക്കി, അത്ര തന്നെ"

ഭാഗ്യത്തിനു ചേച്ചി റെസിപ്പി ചോദിച്ചില്ല. പാവം ആ ചേച്ചി അറിയുന്നോ, നെയ്യ്‌ ചോറു വന്ന വഴി.

ഭാര്യ വരാന്‍ താമസിച്ചാല്‍ കൂടുതല്‍ കൂടുതല്‍ വിഭവങ്ങളുമായി എന്നെ പ്രതീക്ഷിക്കാം.

അമ്പലപുഴ പാല്‍ പായസം ഉണ്ടാക്കുന്നവരുടെ ശ്രദ്ദ്യ്ക്കു:-
നന്നായി വിശന്നിരിക്കുമ്പോള്‍ മാത്രം ഇതു ഉണ്ടാക്കുക. അന്നേരമാ അതിന്റെ രുചി.....പിന്നെ ചൂടോടെ കുടിയ്ക്കുക.

Tuesday, 19 June 2007

നല്ലവരായ വായനക്കാരോട്‌

നല്ലവരായ വായനക്കാരോട്‌,

ചില പ്രശ്നങ്ങള്‍ കൊണ്ട്‌, എന്റെ ഈ 3 കഥകളും ഒരിക്കല്‍ കൂടി എഴുതേണ്ടി വന്നു. ഉള്ളടക്കത്തില്‍ മാറ്റമില്ല. എന്റെ കീ ബോര്‍ഡിനു എന്റെ അത്ര വിവരമില്ലന്നേ. നിങ്ങള്‍ അങ്ങ്‌ ക്ഷമി..

വീണ്ടും വരണം. എന്റെ പഴമ്പുരാണം കേള്‍ക്കാന്‍....

സ്നേഹത്തോടെ,

+ശൂ+[ഒപ്പ്‌]

സെനു

എന്റെ ചേച്ചിയും ഞാനും.

എന്റെ ചേച്ചിയും ഞാനും 3 വയസ്സിനു വ്യത്യാസം. പക്ഷെ എന്റെ ചേച്ചി "അല്‍പം" ജീനിയസ്‌.തികച്ചും ഒരു പുസ്തക പുഴു. ഒരു പുസ്തകം കൈയില്‍ കിട്ടിയാല്‍ ഒറ്റ ഇരുപ്പിനു അതു വായിച്ചു തീര്‍ത്തിട്ടേ എന്റെ ചേച്ചി അവിടുന്നു എഴുന്നേല്‍ക്കു. ഞങ്ങള്‍ രണ്ടു പേരും പഠിച്ചതു തിരുവല്ല, എം.ജി.എം ഹൈ സ്കൂളില്‍. ക്ലാസില്‍ ആദ്യത്തെ 5 റാങ്കിനുള്ളില്‍ എപ്പോഴും ചേച്ചി ഉണ്ടാവുമെങ്കില്‍, എനിക്ക്‌ അങ്ങനെയുള്ള യാതൊരു അഹങ്കാരമോ, ആക്രാന്തമോ ഇല്ലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയം ചേച്ചി അറിയപ്പെട്ടിരുന്നത്‌ "ഇന്ദിരാഗാന്ധി" എന്നാണു. നീണ്ട മൂക്കും, ജീനിയസ്‌ ലുക്കും, കണ്ണാടിയും, എല്ലാം കണക്കില്‍ എടുത്ത്‌ ഏതോ ഒരു വിവര ദോഷി ഇട്ടതാണു ആ പേരു. ഇന്ദിരാഗാന്ധി എന്ന് എന്റെ ചേച്ചിക്കു പേരിട്ടവന്‍ എന്നെ രാജീവ്‌ ഗാന്ധി എന്നു നാമകരണം ചെയ്തില്ലല്ലോ എന്നതാണു എന്റെ പരിഭവത്തിനു കാരണം. എന്തോ അവന്‍ അന്നു എന്റെ ഗ്ലാമര്‍ ശ്രദിച്ചു കാണില്ലായിരിക്കും,പോട്ടെ.

ചേച്ചിയുടെ എസ്‌.എസ്‌.എല്‍.സി റിസല്‍ട്ട്‌[1985]വന്നപ്പോള്‍ എന്റെ കണ്ണു ശരിക്കും വെളിയില്ലേക്കു ഉന്തി. 513/600. വീട്ടില്‍ ആള്‍ക്കാര്‍ വന്ന് അഭിനന്തിച്ചിട്ട്‌ പോകുമ്പോള്‍, അവര്‍ എന്നെ നോക്കി, മോനേ, നീ ചേച്ചിയെ കടത്തി വെട്ടണം എന്നു പറഞ്ഞിട്ടു പോകുമ്പോള്‍ "ഡെഡ്‌ ബോഡിയില്‍" കുത്തെരുതേ, അമ്മാവാ, അമ്മായി, എന്നു വിളിച്ചു പറയണം എന്നു തോന്നി. റിസല്‍ട്ട്‌ അറിഞ്ഞ ഉടനെ ഞങ്ങളുടെ വല്യമ്മച്ചി വീട്ടില്‍ വന്ന് അപ്പ പണ്ട്‌ എങ്ങോ അമ്മച്ചിയുടെ കൈയില്‍ നിന്നും 300 രൂപ വാങ്ങിയത്‌ തിരിച്ചു തരേണ്ട എന്നും ആ പൈസക്കു നീ അവള്‍ക്കു എന്തെങ്കിലും വാങ്ങി കൊടുത്തേരു എന്ന് വി.പി.സിംഗ്‌ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ 10000 രൂപ കാര്‍ഷിക കടം എഴുതി തള്ളിയ പോലെയുള്ള എന്റെ വല്യമ്മച്ചിയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിയത്‌ എന്റെ അപ്പ ആയിരുന്നു. 300 രൂപയോ, ഞാന്‍, എപ്പോള്‍, എവിടെ വെച്ചു മേടിച്ചു എന്നൊക്കെ ചോദിക്കെണം എന്നു ഉണ്ടായിരുന്നുവെങ്കിലും അപ്പ, അമ്മയുടെ പ്രഖ്യാപനം നടത്തിയേക്കാം എന്നു മനസ്സാ ഉറച്ചു എന്നു അപ്പയുടെ ആ നില്‍പ്പില്‍ നിന്നും എനിക്കു മനസ്സിലായി. മാര്‍ക്കു ലിസ്റ്റ്‌ വന്നപ്പോള്‍ ചേച്ചിക്കു സ്കൂളില്‍ ഇങ്ങ്ലിഷ്‌, ബയോളജി, ഫിസിക്ക്സ്‌ എന്നീ വിഷയങ്ങള്‍ക്കു സ്കൂളില്‍ ഫ്സ്റ്റ്‌. സ്കൂള്‍ ഫ്സ്റ്റ്‌ കിട്ടും എന്നു ഉറപ്പിച്ചു വെച്ചിരുന്ന വന്‍ സ്രാവുകളെ കടത്തി വെട്ടിയാണു ഈ നേട്ടം കൈ വരിച്ചത്‌. അതിനു സ്കൂളില്‍ നിന്നും പ്രത്യേകം പ്രത്യേകം സമ്മാനവും കിട്ടി. പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍, ഇന്നലെ ചേച്ചി സമ്മാനം വാങ്ങിയതു പോലെ താനും വാങ്ങണം, ആ വാശിയോടെ പഠിക്കണം എന്നോക്കെ റ്റീച്ചറന്മാര്‍ പറഞ്ഞപ്പോള്‍, എല്ലാം ശരിയാക്കാം എന്ന ഭാവത്തില്‍ ഞാന്‍ ചുമ്മാതെ തലയാട്ടി കൊടുത്തു. ഡോക്ടര്‍ ആകണം എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ ചേച്ചി മാര്‍ത്തോമാ കോളേജില്‍ രണ്ടാം ഗ്രൂപ്പ്‌ എടുത്തു. ഞാന്‍ എം.ജി.എമ്മില്‍ തനിച്ചു ആയി. പ്രീ ഡിഗ്രിയും ചേച്ചി 80% മാര്‍ക്കോടെ പാസ്സ്‌ ആയി. പിന്നെ കേരളാ, തമിഴ്‌നാടു പ്രവേശന പരീക്ഷ ഒക്കെ എഴുതിയെങ്കിലും അവിടെ ചേച്ചിയെ ഭാഗ്യം തുണച്ചില്ല. പിന്നെ ഏറ്റവും ഒടുവില്‍ വെല്ലൂര്‍ സി.എം.സിയില്‍ ബി.എസ്‌.സി നേഴ്സിങ്ങിനു അഡ്മിഷന്‍ കിട്ടി.

ആ സമയത്താണു എന്റെ എസ്‌.എസ്‌.എല്‍.സി ഗുസ്തി. പരീക്ഷ ഒരോന്നു കഴിയുമ്പോഴും എന്നില്‍ നിന്നും നെടുവീര്‍പ്പുകള്‍ പുറത്ത്‌ വന്ന് കൊണ്ടിരുന്നു.ജോഗ്ര്ഫി പരീക്ഷക്കു ഇന്‍ഡ്യയുടെ മാപ്പ്‌ വരും എന്നു ഒരു ഏകദേശ രൂപം ഉണ്ടായിരുന്നതിനാല്‍, ആ സമയത്ത്‌ പുതുതായി ഇറങ്ങിയ 2 രൂപയുടെ [അതില്‍ ഇന്‍ഡ്യയുടെ പടം ഉണ്ടു] നാണയം സംഘടിപ്പിച്ചാണു ഞാന്‍ പരീക്ഷക്ക്‌ പോയത്‌. ഇന്‍ഡ്യയുടെ പടം വരച്ചു ജമ്മു, പഞ്ജാബ്‌,ഗുജറാത്ത്‌, കേരളം,മുതലായ സ്തലങ്ങള്‍ അടയാളപെടുത്തുന്നതിനു 10 മാര്‍ക്കു എന്നു കണ്ടപ്പോള്‍ എന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ആ രണ്ട്‌ രൂപാ തുട്ടില്‍ ഞാന്‍ സ്നെഹത്തോടെ തലോടി. അങ്ങനെ അവസാനം ആ നാണയ സഹായത്താല്‍ ഞാന്‍ ഒരു ഇന്‍ഡ്യയുടെ മാപ്പ്‌ വരച്ചു ഒപ്പിച്ചു. [എന്റെ വല്യപ്പച്ചന്‍ ഒരു അടി പൊളി ആര്‍ടിസ്റ്റ്‌ ആയിരുന്നു. ആ കഴിവും എന്റെ ചേച്ചിക്കാണു കിട്ടിയതു. ദൈവം കൊടുക്കുമ്പോള്‍ എല്ലാം ഒരാള്‍ക്കു തന്നെ കൊടുക്കും എന്നു പറയുന്നത്‌ എത്ര ശരി.]പടം ഒരു വിധം വരച്ചു സ്തലങ്ങള്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ സൂപ്രവിഷനു വന്നിരുന്ന റ്റീച്ചര്‍ എന്റെ പടത്തിലേക്കു ഒന്നു നോക്കി എന്നോടു ഒരു ചോദ്യം-"ജോഗ്രഫി പരീക്ഷക്കു എന്തിനാ ഈ "ചേന" വരയ്ക്കുന്നതു?" എന്ന്. ആ ചോദ്യം കേട്ടപ്പോള്‍ ബാക്കി പിള്ളേരും എന്നെ നോക്കി. ചമ്മിയ മുഖത്തോടെ ഞാന്‍ എന്റെ ഇന്‍ഡ്യ വര തുടര്‍ന്നപ്പോള്‍, പിന്നെയും റ്റീച്ചര്‍, "ഓഹ്‌!! ഇതു ഇന്‍ഡ്യ ആയിരുന്നോ?" എന്ന് ഒരു കമന്റ്ടും പാസ്സാക്കി പോയി. സത്യത്തില്‍ അന്നു ഞാന്‍ വരച്ച ഇന്‍ഡ്യയിലെ ജമ്മു കാഷ്മീര്‍ വരച്ചു ഒപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപ്പെട്ടു. ഏതായാലും പരൂക്ഷ ഒരു പരുവത്തില്‍ കഴിഞ്ഞു. ജയിക്കും അതു തീര്‍ച്ച. പക്ഷെ എന്റെ ചേച്ചിയുടെ റെക്കോര്‍ഡ്‌. അതു തകര്‍ത്താല്‍ ചേച്ചിക്കു വിഷമം ആകും. നമ്മുടെ വീട്ടിലെ ഒരു റെക്കോര്‍ഡ്‌ അതും ആ വീട്ടിലെ തന്നെ ഒരാള്‍ തകര്‍ത്താല്‍...യേ...അത്‌ തീരെ ശരിയാവില്ല എന്നു ഞാനും ദൈവവും ഒരു പോലെ തീരുമാനിച്ചു. അങ്ങനെ അവസാനം റിസള്‍ട്ട്‌ അറിഞ്ഞു. ഫ്സ്റ്റ്‌ ക്ലാസിന്റെ ലിസ്റ്റില്‍ ഞാന്‍ എന്റെ നംബര്‍ ഉണ്ടോ? എന്നു ചുമ്മാ ഒരു ജാഡക്കു ഒന്നു നോക്കി.ഇല്ല, എന്റെ നംബര്‍ ഇല്ല. സെക്കന്‍ഡ്‌ ക്ലാസ്സില്‍ ദാ കിടക്കുന്നു എന്റെ നംബര്‍. ആഹ, കിട്ടിയതാകട്ടെ. എനിക്ക്‌ ഇതു ധാരാളം. പക്ഷെ വീട്ടില്‍ ഈ സെക്കന്‍ഡ്‌ ക്ലാസ്സും കൊണ്ട്‌ പോകാന്‍ എന്തോ ഒരു.... പിന്നെ അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ചു ഇങ്ങനെ തുടങ്ങി, " നമ്മുടെ രഘു, അജേഷ്‌, ഗണേഷ്‌, സജോ,ജിജ്ജു എല്ലാവര്‍ക്കും സെക്കന്‍ഡ്‌ ക്ലാസ്സ്‌." അപ്പോള്‍ നിനക്കോ? എന്ന ചൊദ്യത്തിനു, " ആ എനിക്കും സെക്കന്‍ഡ്‌ ക്ലാസ്സ്‌" എന്ന് പറഞ്ഞതും ഞാന്‍ ത്രിശ്ശൂര്‍ പൂര പറമ്പില്‍ ആണോ നില്‍ക്കുന്നത്‌ എന്നു തോന്നുമാറു വലിയ പൊട്ടലും ചീറ്റലും എന്നു വേണ്ട ആകെ ബഹളം.. ചേച്ചിക്ക്‌ 513 കിട്ടിയെങ്കില്‍ എനിക്കു 10-180 മാര്‍ക്കിന്റെ കുറവ്‌. അതു എനിക്കു വലിയ കുറവായി തോന്നിയില്ല. ഇനി അടുത്തതു കോളെജ്‌ പഠനം. കണക്കു എനിക്കു പണ്ടേ കണക്കായിരുന്നതിനാല്‍ ഫ്സ്റ്റ്‌ ഗ്രൂപ്പ്‌ വേണ്ട. ഇന്‍ഡ്യ വരച്ചപ്പോള്‍ അതു ചേനയാണെന്ന് തോന്നിയെങ്കില്‍ ആ ഞാന്‍ സെക്കന്‍ഡ്‌ ഗ്രൂപ്പ്‌ എടുത്താല്‍ എന്തായിരിക്കും അവസ്ത? പിന്നെ തേര്‍ഡ്‌ ഗ്രൂപ്പ്‌-ഹിസ്റ്ററി. ഊഹാ!! ഷാജഹാന്റെ ചരിത്രം, അക്ബറിന്റെ ചരിത്രം, യുദ്ധം.. വേണ്ടാ..എനിക്കു സമാധാനം വേണം. പിന്നെ ഫോര്‍ത്ത്‌ ഗ്രൂപ്പ്‌.. അതു തന്നെ എടുക്കാന്‍ തീരുമാനിച്ചു. ഐ.എ.എസ്‌, ഐ.പി.എസ്‌, ഐ.എഫ്‌.എസ്‌ മുതലായ പരീക്ഷക്കു ഫോര്‍ത്ത്‌ ഗ്രൂപ്പ്‌ എടുത്താലും സാധിക്കും എന്നത്‌ ഒരു താത്കാലിക ഉണര്‍വ്‌ നല്‍കി. സ്ക്ക്കൂളില്‍ പഠിച്ചു കൊണ്ടിരിന്നപ്പോള്‍ റിസേര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ആവുക എന്നത്‌ എന്റെ ഒരു "ചെറിയ മോഹം" ആയിരുന്നു. രൂപയില്‍ ഒപ്പിടുക എന്ന ആ വലിയ പദവി അതു എനിക്ക്‌ തന്നെ വേണം എന്നു കരുതി ഏതു രൂപാ എന്റെ കൈയില്‍ കിട്ടിയാലും അതില്‍ ബഹുമനപ്പെട്ട മന്മോഹന്‍ സിംഗ്‌, രങ്ഗ റാവു, മുതലായവരുടെ ഒപ്പു അതില്‍ ഉണ്ടോ എന്നു "വേരിഫൈ" ചെയ്തും ഇരുന്നു. പിന്നീട്‌ എപ്പോഴോ ആ അഗ്രഹവും എന്നില്‍ നിന്നും പോയി. അങ്ങനെ ഒരു പരുവത്തില്‍ തിരുവല്ലാ മാര്‍ത്തോമാ കോളെജില്‍ നിന്നും എങ്ങിയും വലിഞ്ഞും പാസ്സ്‌ ആയി. അതു കഴിഞ്ഞു ബി.കോം പഠനം. അതും ഒരു വിധത്തില്‍ കരയക്കു അടുപ്പിച്ചു. അപ്പോഴേക്കും എന്റെ ഐ.എ.എസ്‌/ഐ.പി.എസ്‌ മൊഹവും നശിച്ചിരുന്നു. പിന്നെ വെല്ലൂരില്‍ ഉപരി പഠനം. അങ്ങനെ ഇതാ ഐ.എ.എസ്‌/ഐ.പി.എസ്‌ ആകേണ്ട ഞാന്‍ ഇന്നു മസ്കറ്റ്‌ മിനിസ്റ്റ്രിയില്‍ ഒരു സ്റ്റാഫ്‌. പഠിച്ചു നല്ല മാര്‍ക്ക്‌ വാങ്ങിയ ചേച്ചി ഇന്നു കാനഡായില്‍ സീനിയര്‍ നേഴ്സ്‌.

പറഞ്ഞു വന്നതു പഠിച്ചിട്ടു ഒന്നും ഒരു കാര്യവും ഇല്ല. അപ്പനും, അമ്മയും ഒക്കെ പറഞ്ഞതു കേട്ട്‌ നന്നായി പഠിച്ചു റാങ്കു വാങ്ങി പഠിച്ചു വന്ന ശ്രീ.സുരേഷ്‌ കുമാര്‍-ഐ.എ.എസ്‌, ശ്രീ. രാജു നാരായണ സ്വാമി-ഐ.എ.എസ്‌, ശ്രീ. ഋഷിരാജ്‌ സിങ്ങ്‌-ഐ.പി.എസ്‌ ഒക്കെ ഇന്നു എവിടെ??? മൂന്നാറിലെ ആ തണുപ്പില്‍ രാവിലെ ജെ.സി.ബിയും ആയി പോയി റിസോര്‍ട്ടുകള്‍ പൊളിക്കുന്നു, തെറി കേള്‍ക്കുന്നു, മന്ത്രിമാരുടെ ആട്ടു കൊള്ളുന്നു..ഓാാ...എന്റെ അമ്മോ!!! അന്നു ഞാന്‍ പഠിക്കാതിരുന്നത്‌ എത്ര നന്നായി..

രജനി ഫാന്‍സ്‌

സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ്‌ "ശിവജി"ഇന്‍ഡ്യയാകെ കിടിലം കൊള്ളിച്ച്‌ റിലീസ്‌ ആയി. ഈ ചിത്രത്തിന്റെ റിലീസ്‌ കേരളത്തില്‍ പാലക്കാട്ടും ഒരു ആഘോഷമായി. നമ്മള്‍ കേരളീയര്‍ക്കു ഇങ്ങനെ ഒരു ഭ്രാന്ത്‌ ഇല്ലായിരുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശം ആയതിനാല്‍ ആയിരിക്കാം പാലക്കാട്ട്‌ ഇങ്ങനെ ഒരു ആഘോഷം ഉണ്ടായതു തന്നെ. പാലക്കാട്ട്‌ അതിരാവിലെ നടന്ന ആദ്യ പ്രദര്‍ശനവും, ആള്‍ക്കാരുടെ അഭിപ്രായവും ഒക്കെ ടിവിയില്‍ കൂടി കണ്ടപ്പോള്‍, എന്റെ തലചോറില്‍[ എനിക്കും തലചോറു ഉണ്ടു എന്നു മനസ്സിലാക്കിയാല്‍ നന്ന്]കൂടി ഒരു മിന്നായം പോലെ ഒരു ഓര്‍മ്മ മിന്നി മറഞ്ഞു.വെല്ലൂരില്‍ വെച്ചു ഞാനും എന്റെ കൂട്ടുകാരും കൂടി സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ ഒരു റിലീസ്‌ ചിത്രം കാണാന്‍ പോയതിന്റെ ഒരു അനുസ്മരണം.

വെള്ളിയാഴ്ച്ച ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്റ്റെല്‍ മുറിയില്‍ എത്തിയപ്പോള്‍, കൂട്ടുകാര്‍ എല്ലാം തകൃതിയായി മെസ്സിലേക്കു ഓടുന്നു. ഇന്ന് എന്താണു മെനു ഇങ്ങനെ ധ്രുതി പിടിച്ചു ഓടാന്‍? കൊതി പിടിപ്പിക്കുന്ന മണം ഒന്നും മെസ്സിന്റെ ഭാഗത്ത്‌ നിന്നും വരുന്നും ഇല്ല. പിന്നെ ഇവര്‍ക്കു ഇന്നു എന്തു പറ്റി? ഡ്രസ്സ്‌ മാറി കൊണ്ടു നിന്നപ്പോള്‍, സഹമുറിയന്‍ ഷിബു മുറിയിലേക്കു ബെല്ലും, ബ്രേക്കും ഇല്ലാതെ കയറി വന്ന് ബാഗ്‌ മേശപ്പുറത്തേക്കു എറിഞ്ഞിട്ടു, "എളുപ്പം വാ മച്ചാ, ഭക്ഷണം കഴിച്ചിട്ടു നമ്മള്‍ക്കു എല്ലാം കൂടി, രജനിക്കാന്തിന്റെ "അരുണാചലം" കാണാന്‍ പോകാം" എന്നു പറഞ്ഞപ്പോള്‍ ആണു ഓട്ടത്തിന്റെയും, ധ്രുതിയുടെയും കാരണം മനസ്സിലായതു. "6.00 മണിക്കാടാ പൊട്ടാ സിനിമാ" എന്നു ഞാന്‍ പറഞ്ഞപ്പോള്‍, "അതെ, അതെ, തീയറ്ററിന്റെ മുന്‍പില്‍ ഒടുക്കത്തെ ക്യൂവാ" എന്നും പറഞ്ഞു അവനും എന്നെ ഒറ്റക്കാക്കി മെസ്സിലേക്കു പാഞ്ഞു. മെസ്സില്‍ ചെന്നപ്പോള്‍ അവിടെ മൊത്തം സിനിമാ ചര്‍ച്ചയാണു. പലരും ആള്‍ക്കാരെ ക്യൂവില്‍ നിര്‍ത്തിയിട്ടാണു ഇവിടെ കാലും നീട്ടി ഇരുന്നു ഈ കുഴഞ്ഞ സാദം വെട്ടി അടിക്കുന്നതു എന്നു അവരുടെ വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. നമ്മള്‍ക്കു പണ്ടേ ഈ ചേട്ടന്റെ സിനിമയോട്‌ വലിയ താത്പര്യം ഇല്ല. പിന്നെ ഈ സിനിമാ കണ്ടാല്‍ CONSTIPATION മാറി കിട്ടും. അത്ര തന്നെ.

അവസാനം ഞാനും, കൂട്ടുകാര്‍ക്കു ഒപ്പം സിനിമാ കാണാന്‍ പോയി. തീയേറ്ററിന്റെ റോഡില്‍ സൂചി കുത്താന്‍ ഇടമില്ല. പലരും "അണ്ണന്‍" മാതിരി ഡ്രസ്സ്‌ ഇട്ടു കണ്ണാടിയും വെച്ചു റോഡില്‍ കൂടി "ഷോ" നടത്തുന്നുണ്ട്‌. കളര്‍, കണ്ണാടി....എന്തൊരു ചേര്‍ച്ച. ഇത്തരം കോമാളിത്തരങ്ങള്‍ കണ്ട്‌ രസിച്ചു ഞാന്‍ അവിടെ ഒരു കോണില്‍ നിന്നു. "ഇവിടെ നിന്നിട്ട്‌ ഒരു രക്ഷയും ഇല്ല, വാടാ, വണ്ടി വിടാം" എന്നു പറഞ്ഞിട്ടും അവര്‍ക്കു നാളെ കക്കൂസില്‍ പോയേ തീരൂ എന്ന മട്ടില്‍ അവിടെ നിന്നു. ടിക്കറ്റിനു ബെല്ലു കൊടുത്തതും, തിക്ക്‌, തിരക്ക്‌, കരച്ചില്‍, പിഴിച്ചില്‍, നിലവിളി എന്നു വേണ്ട, ആകെ, മൊത്തം, റ്റോട്ടല്‍ പ്രശ്നം. തിക്കിനും, തിരക്കിനും ഇടയില്‍, ഞങ്ങളോടൊപ്പം വന്ന 'പ്രിയേഷ്‌' ആരുടെയോ തോളില്‍ നില്‍ക്കുന്നതു കണ്ടു. പ്രിയെഷ്‌ കോട്ടയം നിവാസിയാണു. അവനു റിലീസിനു ഇടിച്ചു ടിക്കറ്റ്‌ എടുത്തു നല്ല പരിചയം. ഏതായാലും അവസാനം വായില്‍ 5-6 ടിക്കറ്റും കടിച്ചു, പൊട്ടിയ ചെരിപ്പു കൈയില്ലും പിടിച്ചു വിജയശ്രീലാളിതനായി വരുന്ന പ്രിയേഷിനെ ഞങ്ങള്‍ അഭിമാനത്തോടെ നോക്കി. തിരക്കില്‍ പെട്ടു അവന്റെ ഷര്‍ട്ട്‌ കീറിയിരുന്നു, വാച്ചിന്റെ സ്റ്റ്രാപ്പ്‌ പൊട്ടിയിരുന്നു, കൈയും, കാലും, അവിടെയും ഇവിടെയും വരഞ്ഞു കീറിയിരുന്നു. അതൊന്നും അവന്‍ കാര്യമാക്കിയതേയില്ല. ഞങ്ങള്‍ തിയേറ്ററിനകത്ത്‌ കയറി. തിയേറ്ററിനകത്ത്‌ കയറിയപ്പോള്‍, "സ്റ്റ്യ്യില്‍ മന്നന്‍ സിന്താബാദ്‌, അണ്ണേ രജനി സിന്താബാദ്‌,അണ്ണേ രജനി വാഴ്ക്‌, മുതലായ മുദ്രാവാക്യ വിളികള്‍ മാത്രം. പടം തുടങ്ങി, പേരുകള്‍ എഴുതി കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിര്‍ത്താതെ കൈയടി. പിന്നീട്‌ 'അരുണാചലം,അരുണാചലം' എന്നു വിളിച്ചു ആര്‍പ്പു വിളി. എന്റെ ദൈവമേ, കടന്നല്‍ കൂട്ടില്‍ ചെന്ന അവസ്ത. ഞങ്ങള്‍ അവിടെ ഇരുന്നു ഒരോരുത്തന്റെ ഡാന്‍സും, കൂത്തും, പാട്ടും, ഒക്കെ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ അങ്ങനെ ഇരുന്നു. അപ്പോള്‍ പ്രിയേഷ്‌ പറഞ്ഞു, 'കണ്ടോ, ഇതാണു തമിഴ്‌നാട്ടില്‍ റിലീസ്‌ പടം കണ്ടാല്‍ ഉള്ള ആ ത്രില്‍.' ഊം നല്ല ത്രില്‍. ഞാന്‍ മനസ്സില്‍ പറഞ്ഞു. പടം തുടങ്ങി അല്‍പം കഴിഞ്ഞാണു നമ്മുടെ അണ്ണന്‍ സ്ക്രീനില്‍ വരുന്നതു. അണ്ണന്റെ കാല്‍ കണ്ടതും തീയേറ്ററില്‍ സകലരും [ഞങ്ങള്‍ ഒഴികെ]എഴുന്നേറ്റു നിന്ന് ആര്‍പ്പു വിളി, പുഷ്പാഭിഷേകം, കുരവയിടീല്‍, ചാട്ടം, തുള്ളല്‍ മുതലായ കലാപരിപാടികള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ക്കു പടം കാണാന്‍ വയ്യാത്ത അവസ്ത. ഇതു നമ്മള്‍ മലയാളികള്‍ സഹിക്കുമ്മോ? മുന്‍പില്‍ നിന്ന ചേട്ടന്മാരെ, തോണ്ടി വിളിച്ചിട്ടു പറഞ്ഞു, "അണ്ണേ, ഉക്കാറു, എങ്കള്‍ക്ക്‌ പടം പാര്‍ക്ക മുടിയിലേ" [ഇരിക്ക്‌ ചേട്ടാ, ഞങ്ങള്‍ക്കു പടം കാണാന്‍ പറ്റുന്നില്ലാ എന്നു സാരം]എന്നു പറഞ്ഞു തീര്‍ന്നതും, യെടേയ്യ്‌, അണ്ണന്‍ വന്നിട്ടും ഉക്കാറുന്നോ, അയോഗ്യ.......എന്നു വിളിച്ചതും പ്രിന്‍സിപ്പാള്‍, അറ്റെന്‍ഷ്യന്‍ പറഞ്ഞത്‌ പോലെ എല്ലവരും അറ്റെന്‍ഷ്യന്‍ ആയതും ഒരു പോലെ ആയിരുന്നു. തിരുവല്ലായില്‍ പറയുമ്പോലെ, 'എല്ലാം വളരെ പെട്ടെന്നു ആയിരുന്നു'. ഞങ്ങള്‍ എഴുന്നേറ്റതും സ്റ്റൈല്‍ മന്നന്‍, നല്ല സ്റ്റൈല്‍ ആയി വണക്കം തന്നതും, തിയേറ്ററില്‍ ഉണ്ടായിരുന്ന സകലരും, [ഞങ്ങള്‍ സഹിതം എന്നു ഇനിയം പറയേണ്ടതില്ലല്ലോ?]മന്നനു തിരിച്ചും വണക്കം പറഞ്ഞു, എല്ലാവരും ഇരുന്ന ശേഷം മാത്രം സീറ്റിലിരുന്നു ഭയഭക്തി വിനയം കാട്ടി ഒരു പരുവത്തില്‍ സിനിമാ കണ്ടു ഇറങ്ങി. പിറ്റേന്ന് ഞങ്ങള്‍ക്കു ഉണ്ടായ ദുരവസ്ത ഒരു ഡോക്റ്ററോടു പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, 'വെല്ലൂര്‍ ആയതു ഭാഗ്യം, അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ പോസ്റ്റര്‍ ആയേനേ' എന്നു. ഭാഗ്യം.. പോസ്റ്റര്‍ ആയില്ലല്ലോ? ആശ്വാസം. താരാരാധന തന്നെ കാരണം. ഡോക്റ്റര്‍ തുടര്‍ന്നു. പണ്ട്‌ നമ്മുടെ എം.ജി.ആറിനു വൃക്ക മാറ്റി വെക്കണം എന്നു പറഞ്ഞു പത്രത്തില്‍ വന്ന അന്നു രാവിലെ എം.ജി.ആറിന്റെ വീടിനു മുന്‍പില്‍ ഭയങ്കര കരച്ചില്‍, ബഹളം. തന്റെ ആരാധകരെ ഒരു നോക്കു കാണാന്‍, താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു എന്നു ആരാധകരെ അറിയിക്കാന്‍ ജാനകി രാമചന്ദ്രനൊപ്പ്പം ഇറങ്ങി വന്ന് തലൈവര്‍ വെളുപ്പിനത്തെ കണി കണ്ട്‌ ഞെട്ടി. വീടിനു മുന്‍പില്‍ കൈയ്‌ലിയും പൊക്കി, 'എന്റെ കിട്നിയെടുത്തോ, എന്റെ കിട്നിയെടുത്തോ' എന്നു പറഞ്ഞു അലമുറയിടുന്ന ആരാധകര്‍ നടത്തിയ ഒരു കിട്നി പ്രദര്‍ശനം ആയിരുന്നു എന്നു തലൈവര്‍ക്കു അല്‍പം കഴിഞ്ഞാണു മനസ്സിലായതു. വെളുപ്പാന്‍ കാലം ആയതിനാല്‍ തലൈവര്‍ കറുത്ത കണ്ണാടിയും അന്നു വെക്കാഞ്ഞ കാരണം എല്ലാ കിട്നിയും ഒറ്റ നോട്ടത്തില്‍ തന്നെ തലൈവര്‍ കണ്ട്‌ വരവു വെച്ചു. അതു കഴിഞ്ഞു മരിക്കുന്ന സമയം വരെയും തലൈവര്‍ കണ്ണാടി ഊരി വെച്ചിട്ടേയില്ലയെന്ന് അറിയാവുന്നവര്‍ പറയുന്നു. താരാരാധന വരുത്തുന്ന വിനകളേ!!!.


ഇന്നലെ പാലക്കാട്ടു തുടങ്ങിയ ഈ ആരാധന ചിക്കന്‍ ഗുനിയാ വ്യാപിച്ച പോലെ കേരളത്തിന്റെ അങ്ങേ അറ്റം വരെ വ്യാപികാതിരിന്നാല്‍ മതിയായിരുന്നു. ഇല്ലായെങ്കില്‍ ഈ വയസ്സു കാലത്തു ചിലപ്പോള്‍ സഖാവ്‌. വി.എസും വെക്കും കറുത്ത ആ കണ്ണാടി.....
ഇനി രജനി, എം.ജി.ആര്‍ ആരാധകരോട്‌ മാത്രം, "ഞാനും രജനി ഫാനാ....സത്യം"

ഗോണു ഒരു റിപ്പോര്‍ട്ട്‌-സ്വലേ

ഗോണു വരുന്നേ!!!ഗോണു വരുന്നേ!!!
പണ്ടേ ഈ ഒമാനിക്ക്‌ "ജ" ഇല്ല. പകരം "ഗ" ആണു. ആയതിനാല്‍ ഗൂണ്‍, ഗൂലൈ, ഓജ്സ്റ്റ്‌ എന്ന് പറയുന്ന ഈ ഒമാനി ഏതു ഗോണുവിനെ പറ്റിയാണു ഈ പറയുന്നത്‌ എന്ന് ഞാന്‍ ചിന്തിചു. ഇനി ഇവന്‍ ജൂണിനു തന്നെയാണോ ഈ ഗോണു എന്നു പറയുന്നത്‌ എന്നും ഞാന്‍ സംശയിക്കാതിരുന്നില്ല. ഗോണുവിനെ പറ്റി വളരെ ആധികാരികമായി എനിക്കു അറിയാം എന്ന ഭാവത്തില്‍ എന്റെകൂടെ ജോലി ചെയുന്ന ഒരു ഒമാനി ഭൂപടത്തിന്റെ അടുത്തേക്കു ഓടി, മസീറ ദ്വീപ്‌ കാട്ടി എന്തൊക്കെയോ അറബിയില്‍ പറഞ്ഞു കൊണ്ട്‌ ഇരുന്നു. കേള്‍വിക്കാരായ മറ്റ്‌ ഒമാനികളും വായും പൊളിചു ഈ കാലാവസ്ധ നിരീക്ഷകന്റെ വായിലേക്കു നോക്കി ഇരുന്നു. കാലാവസ്ധ നിരീക്ഷകന്‍ ഇവിടുത്തെ സമ്പ്രേഷണം കഴിഞ്ഞു അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ഞാന്‍ പതിയെ എന്റെ സഹപ്രവര്‍ത്തകരായ മറ്റ്‌ ഒമാനികളോട്‌ തിരക്കി, ആരാ, എന്തവാ ഈ ഗോണു??? പിന്നെ പലരും, പലതും ഗോണുവിനെ പറ്റി പറഞ്ഞു കൊണ്ടിരുന്നു. 125-250 ആയിരുന്നു ഗോണുവിന്റെ സ്പീട്‌ എങ്കില്‍ കൈ മാറി, വായ്‌ മാറി അതിന്റെ സ്പീട്‌ 1000 കവിഞ്ഞു. എല്ലാവരും ജോലി നിര്‍ത്തി ഗോണുവിനെ പറ്റി മാത്രം ചിന്തിച്ചു ഇരുപ്പായി.

വൈകിട്ട്‌ ഏഷ്യനെറ്റില്‍ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി പോയി. മസീറ എന്ന ഒരു ചെറിയ ദ്വീപില്‍ നിന്നും 1000 കണക്കിനു മലയാളികളെ മാറ്റി പാര്‍പ്പിച്ചത്രെ. 1000 കണക്കിനു മലയാളിയെ...അതും ഒരു ചെറിയ ദ്വീപില്‍ നിന്നും. ചുമ്മാതാണോ ചന്ത്രനില്‍ ചെന്നു ഇറങ്ങിയ നീല്‍ ആംസ്റ്റ്രോങ്ങ്‌ തങ്കപ്പന്‍ നായരുടെ ചായ കട കണ്ടു എന്നു പറഞ്ഞതു. ഈ അടുത്ത ഇട ജപ്പാനില്‍ ഒരു കപ്പല്‍ മുങ്ങിയപ്പോള്‍ അതിലും 3 മലയാളികള്‍ ഉണ്ടായിരുന്നത്രെ.

ഗോണുവിനെ പറ്റി വാര്‍ത്ത കേട്ടപോഴെ കേരളത്തില്‍ നിന്നും ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി.

ഏതായാലും ഗോണു തകര്‍ത്ത്‌ അടിചു. മസ്കറ്റില്‍ പല സ്തലത്തും കറന്‍ട്ടും, ഫോണും പ്രവര്‍ത്തന രഹിതമായി. മലയാളിക്കു കുപ്പൂസ്‌ തിന്നില്ലായെങ്കിലും മോബയില്‍ ഫോണ്‍ കൈയില്‍ വേണം എന്ന നിര്‍ബന്തം ഉള്ളപോഴാണു ഈ ഗോണു ഈ പണി കാണിച്ചതു. വരാന്‍ ഉള്ളത്‌ വഴിയില്‍ തങ്ങുമോ?

ഞങ്ങള്‍ ഇബ്രി എന്ന സ്തലത്താണു താമസം. മസ്കറ്റില്‍ നിന്നും 350 കി.മി ദൂരം. ഗോണു മസ്കറ്റില്‍ തകര്‍ത്ത്‌ അടിചപ്പ്പ്പോള്‍ ഇബ്രിയില്‍ പൊടി കാറ്റിന്റെ പ്രളയം ആയിരുന്നു. ഇവിടെ കാറ്റില്‍ പല റ്റിവി ഡിഷുകളും, വൈള്ളത്തിന്റെ ടാങ്കുകെളും റോഡില്‍ കൂടി ഓടി കളിച്ചു. പൊടി കൊണ്ട്‌ മുന്‍പില്‍ ഉള്ള യാതൊരു വസ്തുവും കാണാന്‍ പറ്റാത്ത അവസ്ത. ഇവിടെ ടെലിഫോണ്‍, കറന്റ്‌ എല്ലാം ഉണ്ട്‌. ഞങ്ങള്‍ റ്റീവിയുടെ മുന്‍പില്‍ തന്നെ ഇരുന്നു. ഇടയ്ക്ക്‌, ഇടയ്ക്ക്‌, മസ്കറ്റിലെ സുഹ്രുത്തുക്കളുടെ ഫോണ്‍ നംബറില്‍ കുത്തി ഭാഗ്യം പരീക്ഷിചു കൊണ്ട്‌ ഇരുന്നു.

അപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിചു. കുവൈറ്റില്‍ നിന്നും എന്റെ സുഹ്രുത്ത്‌ ബിനോയി. അവന്‍ വിളിചു, " എടാ സെനുവേ, നീ ചത്തില്ലയ്യോടാ?" [ഏതായാലും അവനു എന്നെ വിളിക്കാന്‍ തോന്നിയല്ലോ?]

അല്‍പം കഴിഞ്ഞപ്പോള്‍ അടുത്ത ഫോണ്‍, മസ്കറ്റില്‍ നിന്നും സുജിത്ത്‌. അവന്‍ പറഞ്ഞത്‌ ഇങ്ങനെ..."എടാ, റ്റൊയോട്ട ഷോ റൂമില്‍ നിന്നും കാറുകള്‍ ഒലിച്ചു പോയി എന്നു. എടാ, നീ ആ റോഡിലേക്ക്‌ ഇറങ്ങി നില്ലെടെ...കാര്‍ വല്ലതും തടഞ്ഞാല്‍ 1-2 എണ്ണം അടുപ്പീരെടെ?"

മസ്കറ്റില്‍ കെട്ടിടത്തില്‍ കുടുങ്ങിയവര്‍ 9999 എന്ന നംബറില്‍ പോലീസിനെ വിളിച്ചപ്പ്പ്പോള്‍, ഈ കാറ്റില്‍ ഞങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാ എന്ന മറുപടിയാണു ലഭിച്ചത്‌.എന്നാല്‍ ഇതു കേരളത്തിലെ പോലീസ്‌ ഒന്നു പറയട്ടെ. അപ്പോള്‍ കാണാം ബന്ത്‌, ഹര്‍ത്താല്‍, കളക്ടറേറ്റ്‌ മാര്‍ഛ്‌...പക്ഷെ റോയല്‍ ഒമാന്‍ പോലിസ്‌, മലയാളികളോട്‌ തന്നെ ഇതു പറഞ്ഞിട്ടും, മലയാളിക്ക്‌ നോ പ്രോബ്ലം..അന്നരം നമ്മുടെ ആള്‍ക്കാര്‍ക്കു അറിയാം-എവിടെ,എങ്ങനെ നില്‍ക്കെണം എന്ന്...യേത്‌...

ഇപ്പോള്‍ മസ്കറ്റ്‌ ശാന്തം. വെള്ളം ഇറങ്ങി.മുന്‍സിപാലിറ്റി വളരെ വേഗം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ ഇവിടെ കുടി വെള്ളത്തിനു ക്ഷാമം.ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രം ആയ അനേകം ആള്‍ക്കാര്‍. എങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം...

ഈ ഗോണുവില്‍ മരിച്ച 49 പേര്‍ക്കു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്‌..ഇനി ഒരു ഗോണു എങ്ങും വരരുതേ എന്ന പ്രാര്‍തനയോടെ.....

സെനു ഈപ്പന്‍ തോമസ്‌.