Thursday, 1 November 2007

തെറിയഭിഷേകം....ഒരു എക്സ്‌ക്ലൂസ്സീവ്‌ റിപ്പോര്‍ട്ട്‌.

മഞ്ജുഷ്‌ ഗോപാലിനു പ്രഥമ വി.കെ.മാധവന്‍ കുട്ടി പുരസ്ക്കാരം. ഫ്ലാഷ്‌ ന്യൂസ്‌ കണ്ടപ്പോള്‍ തന്നെ രോമം കുറവായ എനിക്കും സാമാന്യം ഭേദപ്പെട്ട രോമാഞ്ചം ഉണ്ടായി. ഒട്ടും അമാന്തിക്കാതെ, ഫോണ്‍ വിളിച്ച്‌ മഞ്ജുഷിനു അഭിനന്ദനങ്ങളും കൊടുത്തു. വൈകിട്ടത്തെ വാര്‍ത്തയില്‍, അവാര്‍ഡിനു അര്‍ഹമായ സ്കൂപ്പുകള്‍ വീണ്ടും കാണിച്ചു. ദേവസ്വം ബോര്‍ഡിലെ അഴിമതി, സ്പീഡ്‌ ഗവേര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അതി വേഗത്തില്‍ പായ്യുന്ന കാഴ്ച്ചകള്‍, അതിന്റെ ട്രിക്കുകള്‍ ഇവയൊക്കെ കണ്ടപ്പോള്‍ ഈ അവാര്‍ഡിനു എന്തു കൊണ്ടും മഞ്ജുഷ്‌ യോഗ്യനാണെന്ന് മനസ്സിലായി. ഇത്രയും സാഹസികമായി ഈ കാര്യങ്ങള്‍ അത്രയും തന്റെ ക്യാമറായില്‍ പകര്‍ത്തിയ ക്യാമറാമാനു സ്ഥലപേരു മാത്രം മിച്ചം – “തലവടി”.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ സിനിമാകള്‍ കാണുകയെന്നത്‌ ഞങ്ങളുടെ ഒരു പ്രധാന വിനോദമാണു. ഹലോ, അറബി കഥ, ബിഗ്‌ ബി, മിഷന്‍ 90 എന്നിവകളുടെ ഒന്നാന്തരം വ്യാജ സി.ഡികള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ ഭയങ്കര കണ്‍ഫ്യൂഷന്‍. ഏത്‌ ആദ്യം കാണണം? [ദിലീപും, മോഹന്‍ ലാലും ഒക്കെ മാറി മാറി വ്യാജ സി.ഡികള്‍ കാണരുതേ, അതു പാപമാണേയെന്ന് പല തവണ റ്റിവിയില്‍ കൂടെ പറയുന്നത്‌ ഞങ്ങളും കേട്ടിട്ടുണ്ടെങ്കിലും, വ്യാജ സി ഡികള്‍ ഞങ്ങളുടെ കൈയ്യില്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക്‌ ‘തന്മാത്ര അസുഖം’ ബാധിയ്ക്കും.] ഏതായാലും 2 ദിവസത്തെ സമയം കൊണ്ട്‌ 4 സിനിമാകളും കണ്ടു തീര്‍ത്തു.

ഉള്ളത്‌ പറയണമല്ലോ...ഋഷിരാജ്‌ സിംഗ്‌ വന്നു പോയതില്‍ പിന്നെ വ്യാജ സി.ഡികളുടെ എല്ലാം ക്വാളിറ്റി മെച്ചപ്പെട്ടു. ഇപ്പോള്‍ വ്യാജന്‍ വരുന്നതെല്ലാം സിംഗപ്പൂരില്‍ നിന്നാണത്രേ.

രാത്രിയില്‍ ഹലോയിലെ ചില തമാശകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോള്‍, പെട്ടെന്ന് എനിക്ക്‌ ഒരു കാര്യം ഓര്‍മ്മ വന്നു. ആ 4 സി.ഡികളില്‍ ഒന്നിനകത്ത്‌ വ്യാജ സി.ഡി നിര്‍മ്മാതാക്കളുടേത്‌ എന്ന് തോന്നുന്ന ഫോണ്‍ നമ്പരുകളും, സൗദി അറേബ്യയിലെ ചില കടകളുടെ പരസ്യവും വരുന്നുണ്ട്‌. പിന്നെ ഒട്ടും വൈകിയില്ല. സി.ഡികള്‍ വീണ്ടും ഇട്ട്‌ ആ നമ്പരുകള്‍ കുറിച്ചെടുത്തു. ദൈവമേ!!! ഒത്താല്‍ അടുത്ത വര്‍ഷത്തെ ശ്രീ. വി.കെ.മാധവന്‍ കുട്ടി പുരസ്ക്കാരം തനിക്ക്‌ ആയിരിക്കണേ!!! ആ പ്രാര്‍ഥനയോടെ അന്നത്തെ രാത്രി ഒരു പരുവത്തില്‍ കഴിച്ചു കൂട്ടി.

അങ്ങനെ പിറ്റേന്ന്, അലാറം അടിയ്ക്കുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ഉറക്കം ഉണര്‍ന്നു. സത്യത്തില്‍ ഞാന്‍ അന്ന് ഉറങ്ങിയതേയില്ല. രാവിലെ എഴുന്നേറ്റ്‌, ഫോണ്‍ വിളിച്ച്‌ സി.ഡിക്കാരോട്‌ ചോദിയ്ക്കേണ്ട ചോദ്യങ്ങള്‍ നല്ല ഒരു വെള്ള കടലാസ്സില്‍ കുറിച്ച്‌ വെച്ചു. എന്റെ കലാപരിപാടികള്‍ കണ്ട്‌ ഭാര്യ എന്നോട്‌ ചോദിച്ചു:- വേറേ ഒരു പണിയും ഇല്ലേ? എന്തിനാ വെറുതെ ഇതിനൊക്കെ സമയം കളയുന്നത്‌? നിങ്ങളെന്നാ ഋഷി രാജ്‌ സിംഗാണോ വ്യാജ സി.ഡി പിടിയ്ക്കാന്‍? ഉള്ള കഞ്ഞിയില്‍ പാറ്റ ഇടേണ്ടാ....അവള്‍ അടുക്കളയിലേക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍, മഞ്ജുഷ്‌ ഗോപാല്‍ നടത്തിയ അടിപൊളി അന്വേഷണങ്ങളുടെ ഒരു ചെറിയ റിപ്പോര്‍ട്ടും, അവാര്‍ഡിന്റെ ഘനത്തെ പറ്റിയും ഒക്കെ ചെറിയ ഒരു ക്ലാസ്സ്‌ എടുത്തു.

അങ്ങനെ 9.00 മണിയായപ്പോള്‍ ഞാന്‍ തലേന്ന് കുറിച്ച്‌ വെച്ച നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു. തയ്യാറാക്കി വെച്ചിരുന്ന ചോദ്യ പേപ്പര്‍ ബെല്ലടി ശബ്ദത്തോടൊപ്പം മറുകൈയ്യില്‍ ഇരുന്ന് വിറയ്ക്കാന്‍ തുടങ്ങി. പെട്ടന്ന് അങ്ങേ തലയ്ക്കല്‍ ഹലോ ശബ്ദം കേട്ടു.

ഹലോ.... ഞാനും പ്രതികരിച്ചു. പിന്നെ ഞാന്‍ പറഞ്ഞ്‌ തുടങ്ങി... ഇതേ ഞാന്‍ മസ്ക്കറ്റില്‍ നിന്ന് വിളിക്കുകയാ.....

എന്തു വേണം? ആരാ ഇത്‌? മറുതലയ്ക്കല്‍ പരുക്കന്‍ ശബ്ദം കേട്ട്‌ എന്റെ ശബ്ദം അല്‍പം ഇടറി.

ഞാന്‍ നിങ്ങള്‍ പുറത്തിറക്കിയ വ്യാജ സി.ഡി ഇട്ട്‌ സിനിമാ കണ്ടു. അതില്‍ നിന്നാണു നിങ്ങളുടെ നമ്പര്‍ കിട്ടിയത്‌.

ഓഹ്‌ താങ്ക്സ്‌. അയാള്‍ ലാല്‍ ജോസിന്റെ ഗമയില്‍ പറഞ്ഞു.

ഇത്രയും കഴിഞ്ഞപ്പോഴെക്കും ഞാന്‍ ഫോമിലായി.

നിങ്ങളുടെ പേരു എന്താണു? നിങ്ങള്‍ എങ്ങനെയാണിപ്പോഴും വ്യാജ സി.ഡികള്‍ ഇറക്കുന്നത്‌?

പിന്നെ ഞാന്‍ കേട്ടത്‌ അറബിയാണോ, ജാപ്പനീസ്സാണോ, സ്വഹിലിയാണോ, മറാഠിയോ, കാശ്മീരിയോ.......ഒന്നും മനസ്സിലായില്ല. ഫോണ്‍ കട്ടായപ്പോള്‍ ചെവിയില്‍ ഇരുന്ന് ആരോ കൂവുന്നതു പോലെ ഒരു ശബ്ദം കേട്ടു. പക്ഷെ ഒരു കാര്യം ഞാന്‍ വ്യക്തമായി കേട്ടു- താനാരാ ഇതൊക്കെ തിരക്കാന്‍....ഋഷിരാജ്‌ സിംഗിന്റെ അപ്പനാണോയെന്ന്?? അതു മാത്രമേ ഇവിടെ എഴുതാന്‍ പറ്റൂ... ശ്വാസം വിടാതെ ഇത്രയും തെറി പറയാന്‍ ഇവനാരുവാ... കൊടുങ്ങല്ലൂരെ ആസ്ഥാന ഗായകനോ???? തെറികള്‍ കേട്ട്‌ എന്റെ നാക്ക്‌ താണു പോയതു പോലെ തോന്നി. എത്രയോ സുരേഷ്‌ ഗോപി ചിത്രങ്ങള്‍ കണ്ടിട്ടുള്ള എന്റെ വായില്‍ നിന്ന് “ഭ!! പുല്ലേ” എന്ന ഡയലോഗ്‌ പോലും വെളിയിലേക്ക്‌ വന്നില്ല. ഹോ, ഇവന്റെ മുന്‍പില്‍ നമ്മുടെ മന്ത്രി സുധാകരന്‍ എത്രയോ ഡീസെന്റാ.

പറ്റിയ അബദ്ധം ഭാര്യ തന്റെ വിളറിയ മുഖത്തില്‍ നിന്ന് തന്നെ മനസ്സില്ലാക്കി.

ഇന്നലെ ടിവി യില്‍ ബജാജിന്റെ ഏറ്റവും പുതിയ ബൈയ്ക്കിന്റെ പരസ്യം കണ്ടപ്പോള്‍, അതിന്റെ ചുവട്ടില്‍ എഴുതിയ വാചകങ്ങള്‍ ഭാര്യ എന്നെ വായിച്ച്‌ കേള്‍പ്പിച്ചു.

വാചകത്തിന്റെ ഏകദേശ മലയാള പരിഭാഷ ഇങ്ങനെ:- ഈ പരസ്യത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്‌ പ്രഫഷണല്‍സ്സിനെ കൊണ്ടാണു. ആയതിനാല്‍ അനുകരിച്ച്‌ അപകടം വരുത്തരുതു.

എന്റെ ദൈവമേ!!! അന്ന് ആ മഞ്ജുഷും ഇതു പോലെ ഒന്ന് എഴുതി കാണിച്ചിരുന്നെങ്കില്‍.... ഓഹ്‌ അതെങ്ങനാ... വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലായെന്ന് പറയുന്നത്‌ എത്ര ശരിയാ. പിന്നെ കേവലം ഒരു അന്വേഷണത്തിനു ഇത്രയും തെറി എനിക്ക്‌ കിട്ടിയപ്പോള്‍, മഞ്ജുഷിനു തെറിയുടെ ആഘോഷം തന്നെയായിരിക്കുമല്ലോ... ആ ഒറ്റ ആശ്വാസത്തിലാണു ഞാനിപ്പോള്‍...

19 comments:

സന്തോഷ് said...

പിന്നെ, ഒരു ‘നാക്കു’മില്ലാതെ, ഇങ്ങനെ നേരിട്ട് ചോദിച്ചാല്‍ തെറിയറിയാത്തവനും തെറി പഠിച്ചിട്ട് തെറിവിളിക്കില്ലേ? :)

ഒരു ടാവില്‍ ച്വാദിക്കാന്‍ പാടില്ലാരുന്നോ?

Vanaja said...

kittaanillathu kitti kazhinjappol santhoshamayennu karuthunnu. :)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

അപ്പോ പുതിയൊരു ഭരണിപ്പാട്ട് പബ്ലിഷ് ചെയ്യുമായിരിക്കും അല്ലേ..:)

കുട്ടനാടന്‍ said...

അപ്പോ എടക്കിടക്ക് കിട്ടാനുള്ളത് കിട്ടുന്നുണ്ട്. കിട്ടനട്ങ്ങിക്കോളും !
തുടരുക

ശ്രീ said...

അതു തന്നെ.

വരാനുള്ളത് വഴിയില്‍‌ തങ്ങില്ലല്ലോ.

:)

ചക്കര said...

ഏറ്റവും പുതിയ ഭരണിപ്പാട്ടുകള്‍-- സെനുവിന്റെ അടുത്ത പോസ്റ്റ്..
:)

Adv.Sabu Thomas said...

അയ്യോ വ്യാജനെ പിടിക്കാന്‍ പോയി തെറി കിട്ടിയല്ലെ സാധനം ഉഗ്രന്‍!

പൈങ്ങോടന്‍ said...

എന്റെ ഗെഡീ...ഈ വക പരിപാടിക്കൊക്കെ ഇറങ്ങി തിരിക്കണേന് മുന്ന് ഒരു വാക്ക് കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോയി തഴക്കവും പഴക്കവും വന്ന ഇമ്മളോട് ചോയ്‌ക്കാര്‌ന്നില്ലേ...യേത് സൈസിലുവേണ്ട പാട്ടാ വേണ്ടേന്നങ്ക്‍ട് പറഞ്ഞാ മതി..സാധനം റെഡി..അപ്പോ മറക്കണ്ട..മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ റ്റു ഡബിള്‍ ഫൈവ്

അരവിന്ദ് :: aravind said...

ഹഹഹ സെനൂ..കലക്കി!

ഇതിന്റടീലെ കോട്ടന്‍ ടൈ കഥയും ഇപ്ളാ കണ്ടേ..
തകര്‍‍ത്തിട്ടുണ്ട്!

സെനുവിനോട് എനിക്ക് ആരാധന തോന്നുന്നു...ഏയ് വേറൊന്നും കൊണ്ടല്ല, എനിക്കിതു വരേം ടൈ കെട്ടാന്‍ അറീഞ്ഞൂടാ.

ആഷ | Asha said...

ഹ ഹ
എന്തായാലും അപ്ഡേറ്റഡ് ആവാന്‍ പറ്റിയല്ലോ അല്ലേ തെറിയുടെ കാര്യത്തില്‍

Senu Eapen Thomas, Poovathoor said...

ഓരോരുത്തരുടെ സന്തോഷ പ്രകടനം കണ്ടപ്പോള്‍, കമ്മീഷണര്‍ സിനിമയിലെ, സുരേഷ്‌ ഗോപിയുടെ ആ ഹിറ്റ്‌ ഡയലോഗ്‌ ഓര്‍ത്തു പോയി.

'കൂട്ടത്തില്‍ ഒരുത്തന്‍ ചോര വാര്‍ന്ന് ചത്താലും തനിയ്ക്കു ഒന്നും നോവില്ല. പക്ഷേ.....'

അതു പോലെ കൂട്ടത്തില്‍ ഒരുത്തനു തെറി കേട്ടുവെന്ന് അറിഞ്ഞപ്പോള്‍, സെനുവേ കലക്കി...ഹി, ഹി ഹി... എന്ന് എഴുതിയ സുഹ്രുത്തുക്കള്‍. ഏതായാലും എനിക്ക്‌...ഇപ്പോഴും 'ക്ഷ' നല്ല ക്ഷീണമുണ്ട്‌. അന്ന് കേട്ടത്‌ ഇന്നും ദഹിച്ചിട്ടില്ല.

പഴമ്പുരാണംസ്‌.

സതീശ് മാക്കോത്ത് | sathees makkoth said...

[ഈ പരസ്യത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്‌ പ്രഫഷണല്‍സ്സിനെ കൊണ്ടാണു. ആയതിനാല്‍ അനുകരിച്ച്‌ അപകടം വരുത്തരുതു.]
കലക്കി മാഷേ,പൂച്ചയ്കെന്താ പൊന്നുരുക്കുന്നെടത്ത് കാര്യം?

മെലോഡിയസ് said...

വ്യാജ സി.ഡി കണ്ടതിന്റെ ക്ഷീണം തെറി കിട്ടിയപ്പോള്‍ തീര്‍ന്നു.

പിന്നെ കൊടുങ്ങല്ലൂരില്‍ ഇപ്പോ തെറിപ്പാട്ട് നിരോധിച്ചിട്ടുണ്ട് ട്ടാ ;)

നല്ല പോസ്റ്റ് സെനു.

കൊച്ചു മുതലാളി said...

ഇനി ആരും വ്യാജ സിഡി പിടിക്കാന്‍ പോവുകേല്ലയിരിക്കും.

സെനുവിനിത്രയും കേട്ടെങ്കില്‍ ആ ഋഷി രാജിന് എന്തോരം തെറി കേട്ടുക്കാണും?

നേരത്തെ ‘ധ’ പോലിരുന്ന അങ്ങേരുടെ മീശ ഇപോള്‍ .ന. പോലെയല്ലേ ഇരിക്കുന്നത്!!

എന്തായാലും പോസ്റ്റ് കലക്കി.

ഏറനാടന്‍ said...

പലവഴി കറങ്ങിനടന്നൊടുവിലിപ്പോഴാ ഈ വഴികയറിയത്. നല്ല രസംണ്ട്. എല്ലാം വായിച്ച് നോക്കീട്ട് വരാം..

ramesh said...

kollam

അനാഗതശ്മശ്രു said...

നല്ല പോസ്റ്റ്

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.

ജിക്കൂസ് ! said...

:-)