Saturday, 10 November 2012

രസകരമായ ഒമാൻ കാഴ്ച്ചകൾ

ഒമാനിലെ ബർക്കയിൽ കണ്ട ഒരു കോഴി കടയുടെ സൈൻ ബോർഡ്.
ഹോട്ടലിലെ കസ്റ്റമേഴ്സിനു കാർ പാർക്ക് ചെയ്യാനുള്ള സ്ഥലമെന്നാണ് അർത്ഥം
ഇബ്രിയിലെ പോസ്റ്റോഫീസിൽ കണ്ട റെജിസ്റ്റേർഡ് പോസ്റ്റിന്റെ സൈൻ ബോർഡ്
സിനാവിലെ ഷൂസ് നന്നാക്കുകയും, വിൽക്കുകയും ചെയ്യുന്ന ഒരു കട.
വാലി ഓഫീസ്... (ആരും തെറ്റായി വായിച്ച് നാറ്റികരുതേ)
സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലം.
ദൈവത്തെ ഓർത്ത് ടോയിലറ്റിന്റെ മുകളിൽ കുത്തിയിരുന്ന് കാര്യം സാധിക്കരുതേയെന്ന് അപേക്ഷ
വൃത്തിക്കെട്ട എല്ലാ സൈറ്റുകളും ബ്ലോക്ക് ചെയ്ത ഒമാൻറ്റെൽ ഇന്ന് വരെ ബ്ലോക്ക് ചെയ്യാത്ത ഒരു മുല സൈറ്റ്. (ലോകത്തിലെ ആദ്യത്തെ സർക്കാർ വക മുല സൈറ്റ്)

Thursday, 1 March 2012

നമ്പുതിരി റോൿസ് (Nampoothiri Rockzzzz)

ബി. കോം ഒക്കെ പാസ്സായി ‘ബിലോ കോമൺസെൻസുമായി’, ഇനി എന്ത് എന്ന ചോദ്യ ചിഹ്നവുമായി (എന്റെ ശരീരമല്ല ഉദ്ദേശിച്ചത്) നിൽക്കുമ്പോഴാണു, തിരുവല്ലായിൽ കസിൻ തുടങ്ങുന്ന ഓഫീസിന്റെ ചുമതലക്കാരനായി എന്നെ വിളിച്ചത്. തിരുവല്ലായുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയുന്ന ഈ ബഹു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു കസിന്റെ ഓഫീസ്. പക്ഷെ കെട്ടിടം പണി പൂർത്തിയാകാത്ത കാരണം ആ കെട്ടിടത്തിൽ ഒന്ന്, രണ്ട് ഓഫീസുകൾ മാത്രമെ അപ്പോൾ പ്രവർത്തിക്കുന്നുള്ളായിരുന്നു.

ഏതായാലും വീട്ടിൽ ചുമ്മാതെയിരിക്കുകയല്ലെ... എനിക്ക് ഒരു റ്റൈം പാസ്സും ആകും, കസിനു അത് ഒരു ഉപകാരവുമായിരിക്കുമെന്ന് പറഞ്ഞതോടെ ആദ്യം അല്പം ജാഡ്യൊക്കെ എടുത്തെങ്കിലും ഒടുക്കം ഞാൻ ഈ വലിയ ചുമതല എന്റെ ചെറിയ ചുമലിൽ ഏറ്റെടുത്തു. ആദ്യത്തെ ഒന്ന് രണ്ട് ദിവസം, ആ ഓഫീസിൽ പോയി ഇരുന്നെങ്കിലും, എനിക്ക് എന്തോ ഒരു വീർപ്പ് മുട്ടൽ. കൂട്ടിനു ആരുമില്ലാത്ത, നാക്കിനു, വ്യായാമമില്ലാതെ, ആ ഓഫീസിൽ ജോലി ചെയ്യുന്നതിലും ഭേദം, ഊമർ സ്ക്കൂളിൽ ജോലി ചെയ്യുന്നതായിരിക്കുമെന്ന് തോന്നിയത് കൊണ്ട്, കസിനോട് ഒരക്ഷരം പോലും പറയാതെ ഞാൻ ആ ജോലിയിൽ നിന്നും രാജി വെച്ചു. ബാംഗ്ലൂരു നിന്നും എന്റെ കസിൻ ഓഫീസിലെ ‘അങ്ങാടി നിലവാരം’ അറിയാൻ പതിവു പോലെ ഓഫീസിലേക്ക് വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് ഫോൺ വിളിച്ച കസിൻ, എ.കെ ആന്റണിയുടെ രാജി കേട്ട എലിസബേത്തിനെ പോലെ ഞെട്ടി. പക്ഷെ കസിൻ പിന്നീട് കരുണാകരനെ പോലെ പ്രവർത്തിക്കുമെന്ന് ഞാൻ സ്വപ്നേപി നിനച്ചില്ല. കുഞ്ഞും നാൾ മുതലെ എന്റെ “വീക്ക്നെസ്സ്” കണ്ട് വളർന്ന എന്റെ കസിൻ, എന്നെ ഒന്ന് ഉപദേശിക്കുക പോലും ചെയ്യാതെ, ഞാൻ ഇട്ടൊഴിഞ്ഞ് പോന്ന് ആ കസേരയിൽ ഒരു സുന്ദരി പെൺക്കൊടിയെ പോസറ്റ് ചെയ്തു.

ഞാൻ ആരാ മോൻ.... കെ. കരുണാകരൻ, സ്വന്തം മോനെ പോലും ഉപേക്ഷിച്ച് കോൺഗ്രസ്സിലേക്ക് തിരിച്ച് വന്ന അതേ സ്പീഡിൽ, ഞാൻ എന്റെ രാജി കത്ത് കാറ്റിൽ പറത്തി വീണ്ടും ഉദ്യോഗത്തിനായി പോയി. രാവിലെ 9.00 മണി മുതൽ 5.00 മണി വരെ സമയം പോകുന്നത് അറിയത്തേയില്ല. 5 മണിക്ക് സുന്ദരി പോകുന്നതോടെ വീണ്ടും പഴയ അവസ്ഥ. ആയതിനാൽ കൃത്യം 5 മണിക്ക് സുന്ദരിക്ക് ഒപ്പം ഓഫീസടച്ച്, “I” ക്യാറ്റഗറി സെക്യുരിറ്റി (എന്റെ ശരീരം പോലെയല്ലെ സെക്യുരിറ്റിയും) അകമ്പടിയോടെ സുന്ദരിയെ ട്രാൻസ്പ്പോർട്ട് ബസ് കയറ്റി വിട്ട്, ബെസ്റ്റ് ബേക്കറിയിലും പിന്നെ മറ്റ് അല്ലറ ചില്ലറ റോമിങ്ങ് ഒക്കെ നടത്തി വീട്ടിൽ ചെന്നപ്പോൾ, ബാംഗ്ലൂരു നിന്നും അടുത്ത ഫോൺ.. ഇക്കുറി കസിൻ അല്പം ദേഷ്യത്തിലായിരുന്നു. 5 മണിക്ക് ഓഫീസ് അടച്ച് വീട്ടിൽ പോരാനാണു നിന്റെ ഉദ്ദേശ്യമെങ്കിൽ, മേലിൽ ആ ഓഫീസിൽ കാലു കുത്തിയേക്കരുതെന്ന് പറഞ്ഞ് ഫോൺ താത്തു വെച്ചപ്പോൾ, എങ്ങനെയും കോൺഗ്രസ്സിൽ കയറി പറ്റാനായി, കെ.മുരളീധരൻ പണ്ട് മിണ്ടാതിരുന്ന് എ.കെ. അന്തോണിക്ക് പഠിച്ചത് പോലെ, ഞാനും അതേ തത്വം അങ്ങട്’ ഫോളോ ചെയ്തു.

ഓഫീസ് കെട്ടിടത്തിന്റെ പണി പൂർത്തിയായപ്പോഴെക്കും, നമ്മുടെ ഓഫീസിന്റെ അതെ നിലയിൽ കംപ്യൂട്ടർ സെൻടറും, പാരലൽ കോളെജും, പത്ര-മാധ്യമ സ്ഥാപനങ്ങളും ഒക്കെ വന്ന് ബിസി ആയി. പാരലൽ കോളെജിലെ ചില പെൺക്കൊടികൾ നമ്മുടെ ഓഫീസിലെ സുന്ദരിയുമായി കമ്പനിയായതു കൊണ്ട്, ഉച്ചയൂണു നമ്മുടെ ഓഫീസിലാക്കി. ആയത് കൊണ്ട് രുചികരമായ പല പൊതി ചോറിലെ വിഭവങ്ങൾ കൊണ്ട് നമ്മുടെ ഉച്ചയൂണു കുശാലമായിരുന്നുവെന്ന് ഊന്നി ഊന്നി പറയേണ്ടതില്ലല്ലോ??? അതു പോലെ തന്നെ വീട്ടിൽ ഉപ്പേരി, അച്ചാർ ഇവകൾ ഉണ്ടാക്കിയാൽ ആരും കാണാതെ അത് പൊതിഞ്ഞ് കെട്ടി ഓഫീസിൽ കൊണ്ട് വന്ന് ഇതിനൊക്കെ ഞാൻ കോമ്പൻസേറ്റ് ചെയ്തിരുന്നൂവെന്നത് എന്റെ അമ്മയ്ക്ക് പോലും അറിയാത്ത മറ്റൊരു ദി ട്രൂത്ത്. ഇങ്ങനെ അമ്പാടിയിലെ ശ്രീകൃഷണനായി രാധമാർക്കൊപ്പം വിലസി നടക്കുന്നതിനിടയിൽ, നമ്മുടെ തൊട്ടടുത്ത ഓഫീസിൽ തകൃതിയായി ഫർണിഷിങ്ങ് ഒക്കെ നടക്കുന്നത് കണ്ടപ്പോൾ ഉള്ളിന്റെയുള്ളിൽ സന്തോഷം തോന്നി. അങ്ങനെ കൊട്ടും ഘോഷത്തോടെയും ആ ഓഫീസിന്റെയും ഉദ്ഘാടനം കഴിഞ്ഞു. ആ ഓഫീസിലും പെണ്ണിന്റെ എണ്ണം ഒന്ന്, പിന്നെ ബൂർഷ്വാകളായ കുറെ എക്സിക്യൂട്ടിവ്സും. ഉദ്ഘാടനം കഴിഞ്ഞ്, മുതലാളി ഒരു പ്ലേറ്റിൽ ലഡ്ഡുവും കൊണ്ട് നമ്മുടെ ഓഫീസിൽ വന്ന്, സ്വയം പരിചയപ്പെടുത്തി. കക്ഷിയുടെ പേരു........നമ്പൂതിരി. പേരിന്റെ അറ്റത്തെ ആ നമ്പൂതിരിയും, പുള്ളിയുടെ കളറും കണ്ടപ്പോൾ ഞാൻ അറിയാതെ ചോദിച്ച് പോയി.. അത് കൊള്ളാമല്ലോ, “നമ്പൂതിരിയെന്ന് കുടുംബ പേരാണോ”?? പുള്ളി ചിരിച്ചു കൊണ്ട് കഴുത്തിൽ കിടന്ന പൂണുൽ കാട്ടി പറഞ്ഞ്, “അല്ല ഒറിജിനൽ നമ്പൂതിരിയാ.... ഫാൻ ബെൽറ്റ് ഒക്കെയുള്ള നമ്പൂതിരി”യെന്ന് പറഞ്ഞ് ഒന്ന് വെളുക്കെ ചിരിച്ചപ്പോൾ, ഭാഗ്യം ആ പല്ലുകൾ നമ്പൂതിരി ഫാമിലിയില്പെട്ടവയാണെന്ന് ബോദ്ധ്യമായി.
നമ്പൂതിരിയുമായി അടുത്തിടപെടാൻ തുടങ്ങി അധികം താമസിക്കും മുൻപ് തന്നെ ഞങ്ങൾക്ക് ഒരു കാര്യം ബോദ്ധ്യമായി... നമ്പൂതിരി വെറും നമ്പൂതിരിയല്ല ഒരു ഉഗ്രൻ തരികിട നമ്പൂതിരി. ജോലിക്ക് നില്ക്കുന്ന സുന്ദരിക്ക് 3 മാസം ജോലി ചെയ്തപ്പോൾ, ആകെ കിട്ടിയത് 1 മാസത്തെ ശമ്പളം, അതും ഇൻസ്റ്റോളമെന്റായി. അതിനു, പുള്ളിക്ക് കുടിക്കാൻ കാശ് തികഞ്ഞിട്ട് വേണ്ടെ ശബളം കൊടുക്കാൻ. അമരം സിനിമയിൽ K.P.A.C ലളിത പറയുമ്പോലെ, “ ചാകര വന്നാൽ സന്തോയം, ചാകര വന്നില്ലേൽ സന്തോയം...” എന്നത് പോലെ ഇവിടെയും നമ്പൂതിരിക്കും എന്തും, ഏതും സന്തോയങ്ങളായിരുന്നു.

ഒരു ദിവസം രാവിലെ നമ്പൂതിരി വന്നത് ഒരു ഗുജറാത്തിയെയും കൊണ്ടാണു. ഭൂമികുലുക്കത്തിൽ പെട്ട് വീട് നശിച്ച്, കേരളത്തിൽ പിരിവിനു വന്ന ഒരു പാവം ഗുജറാത്തി. ഗുജറാത്തിയെ നമ്മുടെ ആ കെട്ടിടത്തിലുള്ള മാധ്യമ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി, ഒരു വാർത്താ സമ്മേളനത്തിനു വേദിയൊരുക്കി, നമ്പൂതിരി സ്ഥലം വിട്ടു. വാർത്താ സമ്മേളനത്തിനു ശേഷം, ഗുജറാത്തി, നമ്പൂതിരിയെയും കാത്ത് നിൽപ്പായി. പാവത്തിന്റെ ആ നിൽപ്പ് കണ്ട്, ഒരു പത്രപ്രവർത്തകൻ അറിയാവുന്ന മുറി ഹിന്ദിയിൽ പറഞ്ഞു, ‘ആപ്പ്’ ഇപ്പോൾ പൊയ്ക്കോ ജീ. കൽ ആപ്പ് ന്യൂസ്, പേപ്പർ മേം ഹെങ്ങ് എന്ന് പറഞ്ഞപ്പോളാണു ഗുജറാത്തിക്കിട്ട് നമ്പൂതിരി കൊടുത്തിട്ട് പോയ “ആപ്പിനെ” പറ്റി കടിച്ചാൽ പൊട്ടാത്ത ഹിന്ദിയിൽ പറയുന്നത്. തീൻ സൗ, സാർ, എന്നീ വാക്കുകൾ കേട്ടപ്പോഴെ എനിക്ക് കാര്യം മനസ്സിലായി. ഗുജറാത്തിയുടെ 300 അടിച്ച് സാർ പോയി. ഏതായാലും ഗുജറാത്തിയെ നമ്പൂതിരിയെയോ, നമ്പൂതിരി ഗുജറാത്തിയെയും പിന്നീട് കണ്ടിട്ടില്ല.... കെട്ടി തൂങ്ങി ചത്തവന്റെ, അണ്ടർവെയറിന്റെ ഇലാസ്റ്റിക്കിൽ കെട്ടി തൂങ്ങി ചാകുന്നവനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വന്ന് കണ്ടപ്പോൾ ആ ഗുജറാത്തി എന്ത് വിചാരിച്ചോ ആവോ???

ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം ബ്ലേഡുകാരുടെ കൈയിൽ നിന്നും കാശ് ഒക്കെ വാങ്ങി, സുന്ദരി സ്റ്റാഫിന്റെ വള രണ്ട് ദിവസത്തിനകം തരാമെന്ന് പറഞ്ഞു ഊരി വാങ്ങി, വാമഭാഗത്തിനെ പ്രസവത്തിനു വിട്ടിട്ട്, വൈകിട്ട് ഓഫീസിൽ വന്നു. ഭാര്യയെ പ്രസവത്തിനു വിട്ട സന്തോയമായി അന്ന് ഞങ്ങൾക്ക്. പുള്ളിയുടെ കൈയിൽ സ്ഥാവരജംഗമ വസ്തുവായി ആകെ ബാക്കിയുള്ളത് ഒരു ഫാൻ ബെൽറ്റും, കോണകവുമാണു. അതാണെങ്കിൽ മുത്തൂറ്റ് ബാങ്കുകാർ പോലും പണയമെടുക്കുകയുമില്ലായെന്ന് പറഞ്ഞിട്ടും ഞങ്ങൾ സമ്മതിച്ചില്ല. ഒടുക്കം ഞങ്ങളുടെ ശല്യം സഹിക്കാതെ പുള്ളി വെളിയിലേക്ക് പോയി. . ഏകദേശം ഒരു മണിക്കൂറു കഴിഞ്ഞ് വന്ന് ഞങ്ങളെയെല്ലാവരെയും കൂട്ടി, പ്രദീപിന്റെ കാറിൽ നേരെ എലൈറ്റിലേക്ക് പോയി. എല്ലാവരും അവരവരുടെ കപ്പാസിറ്റിയനുസരിച്ച് സ്മോളും, ലാർജ്ജും, ബിയറും ഒക്കെ ഓർഡർ കൊടുത്തപ്പോൾ, എനിക്കും കൂടി ഒരു സ്മോൾ ഓർഡർ കൊടുക്കാൻ നമ്പൂതിരി മറന്നില്ല. ഓഹ്ഹ് പിന്നെ!!! ഈ സ്മോളും അടിച്ച് വീട്ടിൽ ചെന്ന് കയറിയിട്ട് വേണം, വീട്ടിൽ ഡോബർമാനെക്കാളും വലിയ മൂക്കും തുറന്ന് പിടിച്ച് നിൽക്കുന്ന അമ്മയെന്നെ ചവിട്ടിയിറക്കാൻ??? അതു കൊണ്ട് എന്റെ സ്മോൾ, മറ്റാരോ ലാർജ്ജിൽ ചേർത്ത് ഇമ്മിണി വലിയ ലാർജ്ജാക്കി അകത്താക്കി. ഒടുക്കം നേരെ ചൊവ്വെ നടന്നു പോയവർ, ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങിനെ പോലെ പിച്ച വെച്ച്, പിച്ച വെച്ച് വണ്ടിയിൽ കയറി. ഓഫീസിലേക്ക് തിരികെ പോകുമ്പോൾ, അവിടെയുള്ള ഒരു തുണിക്കടയുടെ മുൻപിലേക്ക് നമ്പൂതിരി ഒന്ന് എത്തി വലിഞ്ഞ് നോക്കി, പെട്ടെന്ന് തലയകത്തേക്കിട്ടിട്ട് പറഞ്ഞു, “ ശ്ശോ!! ഇവനിത് വരെ വീട്ടിൽ പോയില്ലെ? നമ്പൂതിരി നോക്കിയ സ്ഥലത്തേക്ക് ഞങ്ങൾ നോക്കിയപ്പോൾ യൂണിഫോമിട്ട ഒരു കുട്ടി പയ്യൻ നിൽക്കുന്നു. ആ പയ്യനെ ഞങ്ങളാരും മുൻപ് കണ്ടിട്ടേയില്ല. ഇതാരാ കക്ഷി? ഞങ്ങൾ ഒന്നടങ്കം ചോദിച്ചു. അവനാണു ഇന്നത്തെ നമ്മൂടെ വെള്ളമടിയുടെ സ്പോൺസർ. സ്പോൺസറോ... ഈ സ്ക്കൂൾ പയ്യനോ..? ഞങ്ങൾക്ക് ഒന്നും മനസ്സിലായതേയില്ല. കാർ ഓഫീസിനു മുൻപിൽ നിർത്തിയതും, ഏറു കൊണ്ട പട്ടി ഒരു കാൽ വലിച്ച് വെച്ച് നടക്കുന്നത് പോലെ നമ്പൂതിരി വലിച്ച് വിട്ടു. മുൻപേ നടക്കും നായയുടെ പിൻപെ നടക്കും ബഹു നായ്ക്കളെല്ലാമെന്ന് പണ്ട് ആരോ പാടിയത് പോലെ ഞങ്ങളും നമ്പൂതിരിയുടെ പിന്നാലെ വലിച്ച് വിട്ടു. ഓഫീസിൽ ചെന്ന് ഒരല്പം വെള്ളം കുടിച്ചിട്ട് പുള്ളി കഥ പറഞ്ഞു... പൈസ അന്വേഷിച്ച് നടന്ന് പോയപ്പോൾ, ദാ ദൈവം പറഞ്ഞു വിട്ടത് പോലെ ഈ പയ്യൻ ഒരു സൈക്കളിൽ വരുന്നു. അവനെ കണ്ടപ്പോൾ, സൈക്കിൾ തടഞ്ഞ് നിർത്തി.... മോനെ, നടന്ന് നടന്ന് ക്ഷീണിച്ചു. എനിക്ക് ആ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ആയുർവേദ കടയിൽ നിന്നും അത്യാവശ്യമായി ഒരു മരുന്ന് വാങ്ങണം. മോൻ ഈ സൈക്കിൾ ഒന്ന് തന്നാൽ ഞാൻ പെട്ടെന്ന് പോയി വരാമെന്ന് പറഞ്ഞിട്ട്, പുള്ളി ആ സൈക്കിളുമായി പോയി അന്തസായി ആ സൈക്കിൾ 750 രൂപയ്ക്ക് വിറ്റ്, ഒരു ഓട്ടോയിൽ തിരിച്ചു വന്നിട്ടാണു ഞങ്ങളെയും കൂട്ടി പുള്ളി ചെലവ് ചെയ്യാൻ പോയതെന്ന് കേട്ടപ്പോൾ തന്നെ കഴിച്ചത് അത്രയും ഒരു ഗ്യാസിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു. ഏതായാലും പീലാത്തോസ് പറഞ്ഞത് പോലെ എനിക്ക് ഈ പയ്യന്റെ സൈക്കിളിൽ പങ്കില്ലാത്തത് കൊണ്ട്, അവന്റെ മുൻപിൽ കൂടി അല്പം ഉളുപ്പോടെ പോകുമ്പോഴും, രാത്രി 7.30 മണി കഴിഞ്ഞിട്ടും, ആ മരുന്ന് മേടിക്കാൻ പോയ ചേട്ടൻ, സൈക്കിളും കൊണ്ട് ഇപ്പം വരുമെന്ന ഭാവത്തിൽ ആ പയ്യന്റെ നില്പ്പ് കണ്ടപ്പോൾ 3 രൂപായുടെ മെമ്പർഷിപ്പിനു വേണ്ടി ഇന്ദിരാ ഭവനു മുൻപിൽ കാത്ത് നിന്ന മുരളീധരനെ പോലെ തോന്നി....

ഇക്കുറി നാട്ടിൽ ലീവിനു പോയപ്പോൾ, ഒരു ലിറ്ററിന്റെ ബ്ലാക്ക് ആൻഡ് വൈറ്റും ഒക്കെ പൊക്കി ഞങ്ങളുടെ പഴയ ലാവണത്തിൽ ചെന്നപ്പോൾ, പാവം നമ്മുടെ നമ്പൂതിരി മാത്രം മിസ്സിങ്ങ്. കാര്യം തിരക്കിയപ്പോൾ ബ്ലേഡുകാരുടെ പൈസ കൊടുക്കാഞ്ഞതിനെ തുടർന്ന് അവർ ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിട്ട് കാത്തിരിക്കുന്നു.... പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ നമ്പൂതിരി ചതിക്കുമെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും, മലയാളത്തിന്റെ മഹാ നടൻ മേജർ, പത്മശ്രീ, ഡോ. മോഹൻലാൽ നടത്താനിരുന്നതിലും വലിയ ഒരു വാനിഷിങ്ങ് മാജിക്ക് കാട്ടി നമ്പൂതിരി വാനിഷായിരുന്നു. ജീം ബൂം ഭാ!!!

വാൽ കഷ്ണം :- ഈ കഥയിലെ സ്ക്കൂൾ പയ്യനുമായി നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ, ജഗതി കിലുക്കത്തിൽ പറയുമ്പോലെ.... ഞാനും നമ്പൂതിരിയും അടിച്ചു പിറിഞ്ചാച്ച്.....ജഗഡാ... ജഗഡാ...