Tuesday 19 June 2007

രജനി ഫാന്‍സ്‌

സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ്‌ "ശിവജി"ഇന്‍ഡ്യയാകെ കിടിലം കൊള്ളിച്ച്‌ റിലീസ്‌ ആയി. ഈ ചിത്രത്തിന്റെ റിലീസ്‌ കേരളത്തില്‍ പാലക്കാട്ടും ഒരു ആഘോഷമായി. നമ്മള്‍ കേരളീയര്‍ക്കു ഇങ്ങനെ ഒരു ഭ്രാന്ത്‌ ഇല്ലായിരുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശം ആയതിനാല്‍ ആയിരിക്കാം പാലക്കാട്ട്‌ ഇങ്ങനെ ഒരു ആഘോഷം ഉണ്ടായതു തന്നെ. പാലക്കാട്ട്‌ അതിരാവിലെ നടന്ന ആദ്യ പ്രദര്‍ശനവും, ആള്‍ക്കാരുടെ അഭിപ്രായവും ഒക്കെ ടിവിയില്‍ കൂടി കണ്ടപ്പോള്‍, എന്റെ തലചോറില്‍[ എനിക്കും തലചോറു ഉണ്ടു എന്നു മനസ്സിലാക്കിയാല്‍ നന്ന്]കൂടി ഒരു മിന്നായം പോലെ ഒരു ഓര്‍മ്മ മിന്നി മറഞ്ഞു.വെല്ലൂരില്‍ വെച്ചു ഞാനും എന്റെ കൂട്ടുകാരും കൂടി സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ ഒരു റിലീസ്‌ ചിത്രം കാണാന്‍ പോയതിന്റെ ഒരു അനുസ്മരണം.

വെള്ളിയാഴ്ച്ച ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്റ്റെല്‍ മുറിയില്‍ എത്തിയപ്പോള്‍, കൂട്ടുകാര്‍ എല്ലാം തകൃതിയായി മെസ്സിലേക്കു ഓടുന്നു. ഇന്ന് എന്താണു മെനു ഇങ്ങനെ ധ്രുതി പിടിച്ചു ഓടാന്‍? കൊതി പിടിപ്പിക്കുന്ന മണം ഒന്നും മെസ്സിന്റെ ഭാഗത്ത്‌ നിന്നും വരുന്നും ഇല്ല. പിന്നെ ഇവര്‍ക്കു ഇന്നു എന്തു പറ്റി? ഡ്രസ്സ്‌ മാറി കൊണ്ടു നിന്നപ്പോള്‍, സഹമുറിയന്‍ ഷിബു മുറിയിലേക്കു ബെല്ലും, ബ്രേക്കും ഇല്ലാതെ കയറി വന്ന് ബാഗ്‌ മേശപ്പുറത്തേക്കു എറിഞ്ഞിട്ടു, "എളുപ്പം വാ മച്ചാ, ഭക്ഷണം കഴിച്ചിട്ടു നമ്മള്‍ക്കു എല്ലാം കൂടി, രജനിക്കാന്തിന്റെ "അരുണാചലം" കാണാന്‍ പോകാം" എന്നു പറഞ്ഞപ്പോള്‍ ആണു ഓട്ടത്തിന്റെയും, ധ്രുതിയുടെയും കാരണം മനസ്സിലായതു. "6.00 മണിക്കാടാ പൊട്ടാ സിനിമാ" എന്നു ഞാന്‍ പറഞ്ഞപ്പോള്‍, "അതെ, അതെ, തീയറ്ററിന്റെ മുന്‍പില്‍ ഒടുക്കത്തെ ക്യൂവാ" എന്നും പറഞ്ഞു അവനും എന്നെ ഒറ്റക്കാക്കി മെസ്സിലേക്കു പാഞ്ഞു. മെസ്സില്‍ ചെന്നപ്പോള്‍ അവിടെ മൊത്തം സിനിമാ ചര്‍ച്ചയാണു. പലരും ആള്‍ക്കാരെ ക്യൂവില്‍ നിര്‍ത്തിയിട്ടാണു ഇവിടെ കാലും നീട്ടി ഇരുന്നു ഈ കുഴഞ്ഞ സാദം വെട്ടി അടിക്കുന്നതു എന്നു അവരുടെ വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. നമ്മള്‍ക്കു പണ്ടേ ഈ ചേട്ടന്റെ സിനിമയോട്‌ വലിയ താത്പര്യം ഇല്ല. പിന്നെ ഈ സിനിമാ കണ്ടാല്‍ CONSTIPATION മാറി കിട്ടും. അത്ര തന്നെ.

അവസാനം ഞാനും, കൂട്ടുകാര്‍ക്കു ഒപ്പം സിനിമാ കാണാന്‍ പോയി. തീയേറ്ററിന്റെ റോഡില്‍ സൂചി കുത്താന്‍ ഇടമില്ല. പലരും "അണ്ണന്‍" മാതിരി ഡ്രസ്സ്‌ ഇട്ടു കണ്ണാടിയും വെച്ചു റോഡില്‍ കൂടി "ഷോ" നടത്തുന്നുണ്ട്‌. കളര്‍, കണ്ണാടി....എന്തൊരു ചേര്‍ച്ച. ഇത്തരം കോമാളിത്തരങ്ങള്‍ കണ്ട്‌ രസിച്ചു ഞാന്‍ അവിടെ ഒരു കോണില്‍ നിന്നു. "ഇവിടെ നിന്നിട്ട്‌ ഒരു രക്ഷയും ഇല്ല, വാടാ, വണ്ടി വിടാം" എന്നു പറഞ്ഞിട്ടും അവര്‍ക്കു നാളെ കക്കൂസില്‍ പോയേ തീരൂ എന്ന മട്ടില്‍ അവിടെ നിന്നു. ടിക്കറ്റിനു ബെല്ലു കൊടുത്തതും, തിക്ക്‌, തിരക്ക്‌, കരച്ചില്‍, പിഴിച്ചില്‍, നിലവിളി എന്നു വേണ്ട, ആകെ, മൊത്തം, റ്റോട്ടല്‍ പ്രശ്നം. തിക്കിനും, തിരക്കിനും ഇടയില്‍, ഞങ്ങളോടൊപ്പം വന്ന 'പ്രിയേഷ്‌' ആരുടെയോ തോളില്‍ നില്‍ക്കുന്നതു കണ്ടു. പ്രിയെഷ്‌ കോട്ടയം നിവാസിയാണു. അവനു റിലീസിനു ഇടിച്ചു ടിക്കറ്റ്‌ എടുത്തു നല്ല പരിചയം. ഏതായാലും അവസാനം വായില്‍ 5-6 ടിക്കറ്റും കടിച്ചു, പൊട്ടിയ ചെരിപ്പു കൈയില്ലും പിടിച്ചു വിജയശ്രീലാളിതനായി വരുന്ന പ്രിയേഷിനെ ഞങ്ങള്‍ അഭിമാനത്തോടെ നോക്കി. തിരക്കില്‍ പെട്ടു അവന്റെ ഷര്‍ട്ട്‌ കീറിയിരുന്നു, വാച്ചിന്റെ സ്റ്റ്രാപ്പ്‌ പൊട്ടിയിരുന്നു, കൈയും, കാലും, അവിടെയും ഇവിടെയും വരഞ്ഞു കീറിയിരുന്നു. അതൊന്നും അവന്‍ കാര്യമാക്കിയതേയില്ല. ഞങ്ങള്‍ തിയേറ്ററിനകത്ത്‌ കയറി. തിയേറ്ററിനകത്ത്‌ കയറിയപ്പോള്‍, "സ്റ്റ്യ്യില്‍ മന്നന്‍ സിന്താബാദ്‌, അണ്ണേ രജനി സിന്താബാദ്‌,അണ്ണേ രജനി വാഴ്ക്‌, മുതലായ മുദ്രാവാക്യ വിളികള്‍ മാത്രം. പടം തുടങ്ങി, പേരുകള്‍ എഴുതി കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിര്‍ത്താതെ കൈയടി. പിന്നീട്‌ 'അരുണാചലം,അരുണാചലം' എന്നു വിളിച്ചു ആര്‍പ്പു വിളി. എന്റെ ദൈവമേ, കടന്നല്‍ കൂട്ടില്‍ ചെന്ന അവസ്ത. ഞങ്ങള്‍ അവിടെ ഇരുന്നു ഒരോരുത്തന്റെ ഡാന്‍സും, കൂത്തും, പാട്ടും, ഒക്കെ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ അങ്ങനെ ഇരുന്നു. അപ്പോള്‍ പ്രിയേഷ്‌ പറഞ്ഞു, 'കണ്ടോ, ഇതാണു തമിഴ്‌നാട്ടില്‍ റിലീസ്‌ പടം കണ്ടാല്‍ ഉള്ള ആ ത്രില്‍.' ഊം നല്ല ത്രില്‍. ഞാന്‍ മനസ്സില്‍ പറഞ്ഞു. പടം തുടങ്ങി അല്‍പം കഴിഞ്ഞാണു നമ്മുടെ അണ്ണന്‍ സ്ക്രീനില്‍ വരുന്നതു. അണ്ണന്റെ കാല്‍ കണ്ടതും തീയേറ്ററില്‍ സകലരും [ഞങ്ങള്‍ ഒഴികെ]എഴുന്നേറ്റു നിന്ന് ആര്‍പ്പു വിളി, പുഷ്പാഭിഷേകം, കുരവയിടീല്‍, ചാട്ടം, തുള്ളല്‍ മുതലായ കലാപരിപാടികള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ക്കു പടം കാണാന്‍ വയ്യാത്ത അവസ്ത. ഇതു നമ്മള്‍ മലയാളികള്‍ സഹിക്കുമ്മോ? മുന്‍പില്‍ നിന്ന ചേട്ടന്മാരെ, തോണ്ടി വിളിച്ചിട്ടു പറഞ്ഞു, "അണ്ണേ, ഉക്കാറു, എങ്കള്‍ക്ക്‌ പടം പാര്‍ക്ക മുടിയിലേ" [ഇരിക്ക്‌ ചേട്ടാ, ഞങ്ങള്‍ക്കു പടം കാണാന്‍ പറ്റുന്നില്ലാ എന്നു സാരം]എന്നു പറഞ്ഞു തീര്‍ന്നതും, യെടേയ്യ്‌, അണ്ണന്‍ വന്നിട്ടും ഉക്കാറുന്നോ, അയോഗ്യ.......എന്നു വിളിച്ചതും പ്രിന്‍സിപ്പാള്‍, അറ്റെന്‍ഷ്യന്‍ പറഞ്ഞത്‌ പോലെ എല്ലവരും അറ്റെന്‍ഷ്യന്‍ ആയതും ഒരു പോലെ ആയിരുന്നു. തിരുവല്ലായില്‍ പറയുമ്പോലെ, 'എല്ലാം വളരെ പെട്ടെന്നു ആയിരുന്നു'. ഞങ്ങള്‍ എഴുന്നേറ്റതും സ്റ്റൈല്‍ മന്നന്‍, നല്ല സ്റ്റൈല്‍ ആയി വണക്കം തന്നതും, തിയേറ്ററില്‍ ഉണ്ടായിരുന്ന സകലരും, [ഞങ്ങള്‍ സഹിതം എന്നു ഇനിയം പറയേണ്ടതില്ലല്ലോ?]മന്നനു തിരിച്ചും വണക്കം പറഞ്ഞു, എല്ലാവരും ഇരുന്ന ശേഷം മാത്രം സീറ്റിലിരുന്നു ഭയഭക്തി വിനയം കാട്ടി ഒരു പരുവത്തില്‍ സിനിമാ കണ്ടു ഇറങ്ങി. പിറ്റേന്ന് ഞങ്ങള്‍ക്കു ഉണ്ടായ ദുരവസ്ത ഒരു ഡോക്റ്ററോടു പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, 'വെല്ലൂര്‍ ആയതു ഭാഗ്യം, അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ പോസ്റ്റര്‍ ആയേനേ' എന്നു. ഭാഗ്യം.. പോസ്റ്റര്‍ ആയില്ലല്ലോ? ആശ്വാസം. താരാരാധന തന്നെ കാരണം. ഡോക്റ്റര്‍ തുടര്‍ന്നു. പണ്ട്‌ നമ്മുടെ എം.ജി.ആറിനു വൃക്ക മാറ്റി വെക്കണം എന്നു പറഞ്ഞു പത്രത്തില്‍ വന്ന അന്നു രാവിലെ എം.ജി.ആറിന്റെ വീടിനു മുന്‍പില്‍ ഭയങ്കര കരച്ചില്‍, ബഹളം. തന്റെ ആരാധകരെ ഒരു നോക്കു കാണാന്‍, താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു എന്നു ആരാധകരെ അറിയിക്കാന്‍ ജാനകി രാമചന്ദ്രനൊപ്പ്പം ഇറങ്ങി വന്ന് തലൈവര്‍ വെളുപ്പിനത്തെ കണി കണ്ട്‌ ഞെട്ടി. വീടിനു മുന്‍പില്‍ കൈയ്‌ലിയും പൊക്കി, 'എന്റെ കിട്നിയെടുത്തോ, എന്റെ കിട്നിയെടുത്തോ' എന്നു പറഞ്ഞു അലമുറയിടുന്ന ആരാധകര്‍ നടത്തിയ ഒരു കിട്നി പ്രദര്‍ശനം ആയിരുന്നു എന്നു തലൈവര്‍ക്കു അല്‍പം കഴിഞ്ഞാണു മനസ്സിലായതു. വെളുപ്പാന്‍ കാലം ആയതിനാല്‍ തലൈവര്‍ കറുത്ത കണ്ണാടിയും അന്നു വെക്കാഞ്ഞ കാരണം എല്ലാ കിട്നിയും ഒറ്റ നോട്ടത്തില്‍ തന്നെ തലൈവര്‍ കണ്ട്‌ വരവു വെച്ചു. അതു കഴിഞ്ഞു മരിക്കുന്ന സമയം വരെയും തലൈവര്‍ കണ്ണാടി ഊരി വെച്ചിട്ടേയില്ലയെന്ന് അറിയാവുന്നവര്‍ പറയുന്നു. താരാരാധന വരുത്തുന്ന വിനകളേ!!!.


ഇന്നലെ പാലക്കാട്ടു തുടങ്ങിയ ഈ ആരാധന ചിക്കന്‍ ഗുനിയാ വ്യാപിച്ച പോലെ കേരളത്തിന്റെ അങ്ങേ അറ്റം വരെ വ്യാപികാതിരിന്നാല്‍ മതിയായിരുന്നു. ഇല്ലായെങ്കില്‍ ഈ വയസ്സു കാലത്തു ചിലപ്പോള്‍ സഖാവ്‌. വി.എസും വെക്കും കറുത്ത ആ കണ്ണാടി.....
ഇനി രജനി, എം.ജി.ആര്‍ ആരാധകരോട്‌ മാത്രം, "ഞാനും രജനി ഫാനാ....സത്യം"

7 comments:

Anonymous said...

Senuchayo,

Actually Arunachalam release ayethe puthiya oru theatre il aane. enite njangal pooyathe saturday uchakke arrinu. chinchu undarnu koode. sujith, shibu veendum kaanan vannirunu enne thonunnu. uchakathe show arunu. theatre aake oru naatam arrunu , karnam extra shows undarnu raatri, vellam adiche vaals inte okke naatum vere. show ooke kande erangiyapol muttaye okke kitte , manager murri il ninne.......enthayalum njangalke ezhunette ninne vanakam parayende vannillaaaaa. pinne show inte idayail once more villi undarinu....


regards for your lovely post and refreshin memories

Benoy John Varghese,
http://bejovablood.myqnet.biz/

Unknown said...

ee kadha njan munpu kettillallo. Ethayalum vayichu njangal ellaverum othiri chirichu. Pinne nee enthu paranjalum njan chirikkumallo. puthiya thamashakal kelkkan aakamshayode njangal kathirikkunnu.
Chechy.

john's said...

Senu,
Enthaa parayuka. Senu 2-3 weeks munpu ayachu thanna link veruthae onnu open cheythu. vaayichu thudanghiyeppool ellaam ottayadikku vaayichu. Ugran. Athyujvalam. Kidilam...
Eagerly awaiting for the next episode....
Snehapoorvam swantham naattukaaran...
John (sathyan)

smitha adharsh said...

രജനി ഫാന്‍സ്‌ കലക്കി...ശരിക്കും ആ തീയട്റെരില്‍ കൂടെ ഉണ്ടായിരുന്നത് പോലെ തോന്നി..

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.

Sulfikar Manalvayal said...

ചിരിക്കണ്ട. കളിയാക്കുകയും വേണ്ട. നമ്മുടെ കേരളക്കരയിലും എത്തിക്കഴിഞ്ഞു. ഈ ഫാന്‍സുകാരുടെ കൊപ്രായങ്ങള്‍. തമ്മില്‍ തല്ല്, പാര വെപ്പുമായി കേരളത്തിലെ തിയേറ്ററുകാളില്‍ അവരെത്തിക്കഴിഞ്ഞു. കാത്തിരുന്ന് കാണാം പൂരം.

suja said...

kollam..nannayirikkunnu!