Friday, 22 June 2007

അമ്പലപ്പുഴ പാല്‍പായസം - പാചക കുറിപ്പ്‌


മോള്‍ക്ക്‌ സ്കൂള്‍ അവധി ആയി. ഇനി 2 മാസത്തേക്ക്‌ വീട്ടില്‍ ബഹളം ഒഴിഞ്ഞു സമയം കാണില്ല. മോന്‍ അവളുമായി ഗുസ്തി പിടിക്കും, കളിപ്പാട്ടങ്ങള്‍ പൊട്ടിക്കും, കരച്ചില്‍, പിന്നെ അവര്‍ക്കിടയില്‍ സദാ റോന്ത്‌ ചുറ്റലായിരിക്കും എന്റെ ഭാര്യയുടെ പണി. ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ പരാതികെട്ടുകളുമായി 3 ആളും കൂടും. പിന്നെ എന്റെ പ്രഷര്‍ കൂടും. കാര്‍ട്ടൂണ്‍ സി.ഡി ഇട്ടു കൊടുത്ത്‌ പിള്ളേരെ അടക്കി ഇരുത്തരുതെന്ന് ഈ അടുത്ത ഇട വീട്ടില്‍ വന്ന ഒരു ഡോക്ടര്‍ പറഞ്ഞ കാരണം ഞങ്ങള്‍ ആ പതിവും നിര്‍ത്തി. ഏതായാലും മോളു തന്നെ ഒരു ആവശ്യം ഉന്നയിച്ചു. ഈ അവധിക്കു അവളെ കുഞ്ഞാന്റിയുടെ അടുത്ത്‌ വിടാന്‍. ഭാര്യ വക്കാലത്തുമായി വന്ന കാരണത്താല്‍ എതിരില്ലാതെ പാസ്സ്‌ ആയി. എനിക്കു അവധി ഇല്ലാത്ത കാരണത്താല്‍ ഭാര്യയെയും, മക്കളെയും, ബസ്സില്‍ കയറ്റി വിടാം എന്നു ഞാന്‍ സമ്മതിച്ചു. അതിനു മുന്‍പായി ഭാര്യ എനിക്കു കൂട്ടാനും, കറികളും, ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചു തന്നു. ഭാര്യയുടെ അനുജത്തിയുടെ വീട്ടില്‍ നില്‍ക്കാന്‍ 7 ദിവസത്തെ അവധിയും പാസ്സാക്കി ഞാന്‍ അവരെ ബസ്സ്‌ കയറ്റി വിട്ടു.

ആദ്യത്തെ 2 ദിവസം വളരെ കൂള്‍ ആയി പോയി. മൂന്നാം ദിവസം ഞാന്‍ പതിവു പോലെ രാവിലെ പ്രഷര്‍ കുക്കറില്‍ അരിയും ഇട്ട്‌ 7 പ്രാവശ്യം വിസിലും കേട്ട്‌ [ഭാര്യയുടെ സ്പെഷ്യല്‍ ക്ലാസ്സ്‌]നിര്‍ത്തിയിട്ട്‌ പോയതാണു. ഉച്ചയ്ക്കു ഡ്യുട്ടി കഴിഞ്ഞു ഡ്രസ്സ്‌ മാറി, കൂട്ടാന്‍ എല്ലാം മൈക്രോ വേവില്‍ വെച്ചു അടുക്കളയില്‍ വന്ന് പ്രഷര്‍ കുക്കര്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി പോയി. ഇന്നു തനിക്ക്‌ എണ്ണം തെറ്റി. ചോറു വെന്ത്‌ കുഴഞ്ഞിരിക്കുന്നു. ഈ പരുവത്തില്‍ ചോറു ഉണ്ണാന്‍ ഒക്കില്ല. കയ്യില്‍ കിട്ടിയ തവി വെച്ചു ഒരു കുത്ത്‌ കൊടുത്തു. ആഹാ, പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പരുവം. വീണ്ടും ചോറു ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒത്തിരി സമയവും എടുക്കും. ഫ്രിഡ്ജില്‍ നിന്നും 2 മുട്ട എടുത്ത്‌ ഓമ്ലേറ്റ്‌ അടിച്ചാലോ? ഒഹ്‌ അതു കൊണ്ടു എന്റെ വിശപ്പു തീരില്ല. എന്റെ ഭാര്യക്കു പോകാന്‍ കണ്ട സമയം. പെട്ടെന്നു എന്നിലെ 'നളന്‍' ഉണര്‍ന്നു.

പ്രഷര്‍ കുക്കറിലേക്ക്‌ 2 ഗ്ലാസ്സ്‌ വെള്ളം ഒഴിച്ചു. വീണ്ടും അടുപ്പത്തേക്കു വെച്ചു. നന്നായി ഇളക്കി. ഇപ്പോള്‍ അതു എതാണ്ടു സാരി മുക്കാന്‍ പരുവം ആയി. സ്റ്റവ്‌ ഓഫാക്കി, ചീന ചട്ടി അടുത്ത അടുപ്പില്‍ വെച്ചു. നെയ്യ്‌ ഒഴിച്ചു ഒരു പിടി കശുവണ്ടി, അല്‍പം കിസ്മിസ്‌ മുതലായവ ഇട്ടു മൂപ്പിച്ചു എടുത്തു. അതിനു ശേഷം പ്രഷര്‍ കുക്കറില്ലേക്കു, 4 സ്പൂണ്‍ നെയ്യ്‌, പാല്‍ പൊടി, പഞ്ചസാര, ഏലക്കാ പൊടി ഇവകള്‍ ഇട്ടു നന്നായി ഇളക്കി. നെയ്യുടെ മണം പോര. ഒഴിച്ചു ഒരു 4 സ്പൂണ്‍ കൂടി. നന്നായി ഇളക്കി. ഏതാണ്ട്‌ ഒരു പരുവം ആയി എന്നു തോന്നിയപ്പോള്‍, നേരത്തെ മൂപ്പിച്ചു വെച്ചിരുന്ന അണ്ടിപരിപ്പും, കിസ്മിസും ചേര്‍ത്തു. അല്‍പം നേരം കൂടി ഇളക്കി. സ്റ്റവ്‌ നിര്‍ത്തി. സാധനം ഗ്ലാസ്സിലേക്കു ഒഴിച്ചു. ചൂട്‌ ആറാന്‍ ഫാനിന്റെ കീഴില്‍ കൊണ്ട്‌ വെച്ചു. അല്‍പം നേരം കഴിഞ്ഞു കുടിച്ചു. ആഹ... അമ്പലപുഴ പാല്‍ പായസത്തിന്റെ അതേ രുചി. അടുത്ത ഒരു ഗ്ലാസ്സ്‌ കൂടി കുടിച്ചു. ഉച്ചയ്ക്കു ചോറു തന്നെ ഉണ്ണണ്ണം എന്നു നിയമം ഒന്നും ഇല്ലല്ലോ. പായസവും കുടിക്കാം.

വൈകിട്ട്‌ പുറത്തേക്കു ഇറങ്ങിയപ്പോള്‍, അടുത്ത വീട്ടിലെ ചേച്ചി ഇറങ്ങി വന്നിട്ട്‌ ചോദിച്ചു "ഉം എന്തായിരുന്നു ഇന്നു സ്പെഷ്യല്‍? ഭാര്യയുടെ ഒരു ഭാഗ്യം. ഇന്നു ഉച്ചക്കു വീട്ടില്‍ നിന്നും ഉഗ്രന്‍ മണം വന്നപ്പോള്‍ തന്നെ ഞാന്‍ ചേട്ടനോടു പറഞ്ഞു, ദാ സെനുവിനെ നോക്കി പഠിക്കാന്‍ എന്ന്" ഞാന്‍ ഒട്ടും ഗമ വിടാതെ പറഞ്ഞു-"ഒഹ്‌, അല്‍പം നെയ്യ്‌ ചോറു ഉണ്ടാക്കി, അത്ര തന്നെ"

ഭാഗ്യത്തിനു ചേച്ചി റെസിപ്പി ചോദിച്ചില്ല. പാവം ആ ചേച്ചി അറിയുന്നോ, നെയ്യ്‌ ചോറു വന്ന വഴി.

ഭാര്യ വരാന്‍ താമസിച്ചാല്‍ കൂടുതല്‍ കൂടുതല്‍ വിഭവങ്ങളുമായി എന്നെ പ്രതീക്ഷിക്കാം.

അമ്പലപുഴ പാല്‍ പായസം ഉണ്ടാക്കുന്നവരുടെ ശ്രദ്ദ്യ്ക്കു:-
നന്നായി വിശന്നിരിക്കുമ്പോള്‍ മാത്രം ഇതു ഉണ്ടാക്കുക. അന്നേരമാ അതിന്റെ രുചി.....പിന്നെ ചൂടോടെ കുടിയ്ക്കുക.

Tuesday, 19 June 2007

നല്ലവരായ വായനക്കാരോട്‌

നല്ലവരായ വായനക്കാരോട്‌,

ചില പ്രശ്നങ്ങള്‍ കൊണ്ട്‌, എന്റെ ഈ 3 കഥകളും ഒരിക്കല്‍ കൂടി എഴുതേണ്ടി വന്നു. ഉള്ളടക്കത്തില്‍ മാറ്റമില്ല. എന്റെ കീ ബോര്‍ഡിനു എന്റെ അത്ര വിവരമില്ലന്നേ. നിങ്ങള്‍ അങ്ങ്‌ ക്ഷമി..

വീണ്ടും വരണം. എന്റെ പഴമ്പുരാണം കേള്‍ക്കാന്‍....

സ്നേഹത്തോടെ,

+ശൂ+[ഒപ്പ്‌]

സെനു

എന്റെ ചേച്ചിയും ഞാനും.

എന്റെ ചേച്ചിയും ഞാനും 3 വയസ്സിനു വ്യത്യാസം. പക്ഷെ എന്റെ ചേച്ചി "അല്‍പം" ജീനിയസ്‌.തികച്ചും ഒരു പുസ്തക പുഴു. ഒരു പുസ്തകം കൈയില്‍ കിട്ടിയാല്‍ ഒറ്റ ഇരുപ്പിനു അതു വായിച്ചു തീര്‍ത്തിട്ടേ എന്റെ ചേച്ചി അവിടുന്നു എഴുന്നേല്‍ക്കു. ഞങ്ങള്‍ രണ്ടു പേരും പഠിച്ചതു തിരുവല്ല, എം.ജി.എം ഹൈ സ്കൂളില്‍. ക്ലാസില്‍ ആദ്യത്തെ 5 റാങ്കിനുള്ളില്‍ എപ്പോഴും ചേച്ചി ഉണ്ടാവുമെങ്കില്‍, എനിക്ക്‌ അങ്ങനെയുള്ള യാതൊരു അഹങ്കാരമോ, ആക്രാന്തമോ ഇല്ലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയം ചേച്ചി അറിയപ്പെട്ടിരുന്നത്‌ "ഇന്ദിരാഗാന്ധി" എന്നാണു. നീണ്ട മൂക്കും, ജീനിയസ്‌ ലുക്കും, കണ്ണാടിയും, എല്ലാം കണക്കില്‍ എടുത്ത്‌ ഏതോ ഒരു വിവര ദോഷി ഇട്ടതാണു ആ പേരു. ഇന്ദിരാഗാന്ധി എന്ന് എന്റെ ചേച്ചിക്കു പേരിട്ടവന്‍ എന്നെ രാജീവ്‌ ഗാന്ധി എന്നു നാമകരണം ചെയ്തില്ലല്ലോ എന്നതാണു എന്റെ പരിഭവത്തിനു കാരണം. എന്തോ അവന്‍ അന്നു എന്റെ ഗ്ലാമര്‍ ശ്രദിച്ചു കാണില്ലായിരിക്കും,പോട്ടെ.

ചേച്ചിയുടെ എസ്‌.എസ്‌.എല്‍.സി റിസല്‍ട്ട്‌[1985]വന്നപ്പോള്‍ എന്റെ കണ്ണു ശരിക്കും വെളിയില്ലേക്കു ഉന്തി. 513/600. വീട്ടില്‍ ആള്‍ക്കാര്‍ വന്ന് അഭിനന്തിച്ചിട്ട്‌ പോകുമ്പോള്‍, അവര്‍ എന്നെ നോക്കി, മോനേ, നീ ചേച്ചിയെ കടത്തി വെട്ടണം എന്നു പറഞ്ഞിട്ടു പോകുമ്പോള്‍ "ഡെഡ്‌ ബോഡിയില്‍" കുത്തെരുതേ, അമ്മാവാ, അമ്മായി, എന്നു വിളിച്ചു പറയണം എന്നു തോന്നി. റിസല്‍ട്ട്‌ അറിഞ്ഞ ഉടനെ ഞങ്ങളുടെ വല്യമ്മച്ചി വീട്ടില്‍ വന്ന് അപ്പ പണ്ട്‌ എങ്ങോ അമ്മച്ചിയുടെ കൈയില്‍ നിന്നും 300 രൂപ വാങ്ങിയത്‌ തിരിച്ചു തരേണ്ട എന്നും ആ പൈസക്കു നീ അവള്‍ക്കു എന്തെങ്കിലും വാങ്ങി കൊടുത്തേരു എന്ന് വി.പി.സിംഗ്‌ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ 10000 രൂപ കാര്‍ഷിക കടം എഴുതി തള്ളിയ പോലെയുള്ള എന്റെ വല്യമ്മച്ചിയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിയത്‌ എന്റെ അപ്പ ആയിരുന്നു. 300 രൂപയോ, ഞാന്‍, എപ്പോള്‍, എവിടെ വെച്ചു മേടിച്ചു എന്നൊക്കെ ചോദിക്കെണം എന്നു ഉണ്ടായിരുന്നുവെങ്കിലും അപ്പ, അമ്മയുടെ പ്രഖ്യാപനം നടത്തിയേക്കാം എന്നു മനസ്സാ ഉറച്ചു എന്നു അപ്പയുടെ ആ നില്‍പ്പില്‍ നിന്നും എനിക്കു മനസ്സിലായി. മാര്‍ക്കു ലിസ്റ്റ്‌ വന്നപ്പോള്‍ ചേച്ചിക്കു സ്കൂളില്‍ ഇങ്ങ്ലിഷ്‌, ബയോളജി, ഫിസിക്ക്സ്‌ എന്നീ വിഷയങ്ങള്‍ക്കു സ്കൂളില്‍ ഫ്സ്റ്റ്‌. സ്കൂള്‍ ഫ്സ്റ്റ്‌ കിട്ടും എന്നു ഉറപ്പിച്ചു വെച്ചിരുന്ന വന്‍ സ്രാവുകളെ കടത്തി വെട്ടിയാണു ഈ നേട്ടം കൈ വരിച്ചത്‌. അതിനു സ്കൂളില്‍ നിന്നും പ്രത്യേകം പ്രത്യേകം സമ്മാനവും കിട്ടി. പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍, ഇന്നലെ ചേച്ചി സമ്മാനം വാങ്ങിയതു പോലെ താനും വാങ്ങണം, ആ വാശിയോടെ പഠിക്കണം എന്നോക്കെ റ്റീച്ചറന്മാര്‍ പറഞ്ഞപ്പോള്‍, എല്ലാം ശരിയാക്കാം എന്ന ഭാവത്തില്‍ ഞാന്‍ ചുമ്മാതെ തലയാട്ടി കൊടുത്തു. ഡോക്ടര്‍ ആകണം എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ ചേച്ചി മാര്‍ത്തോമാ കോളേജില്‍ രണ്ടാം ഗ്രൂപ്പ്‌ എടുത്തു. ഞാന്‍ എം.ജി.എമ്മില്‍ തനിച്ചു ആയി. പ്രീ ഡിഗ്രിയും ചേച്ചി 80% മാര്‍ക്കോടെ പാസ്സ്‌ ആയി. പിന്നെ കേരളാ, തമിഴ്‌നാടു പ്രവേശന പരീക്ഷ ഒക്കെ എഴുതിയെങ്കിലും അവിടെ ചേച്ചിയെ ഭാഗ്യം തുണച്ചില്ല. പിന്നെ ഏറ്റവും ഒടുവില്‍ വെല്ലൂര്‍ സി.എം.സിയില്‍ ബി.എസ്‌.സി നേഴ്സിങ്ങിനു അഡ്മിഷന്‍ കിട്ടി.

ആ സമയത്താണു എന്റെ എസ്‌.എസ്‌.എല്‍.സി ഗുസ്തി. പരീക്ഷ ഒരോന്നു കഴിയുമ്പോഴും എന്നില്‍ നിന്നും നെടുവീര്‍പ്പുകള്‍ പുറത്ത്‌ വന്ന് കൊണ്ടിരുന്നു.ജോഗ്ര്ഫി പരീക്ഷക്കു ഇന്‍ഡ്യയുടെ മാപ്പ്‌ വരും എന്നു ഒരു ഏകദേശ രൂപം ഉണ്ടായിരുന്നതിനാല്‍, ആ സമയത്ത്‌ പുതുതായി ഇറങ്ങിയ 2 രൂപയുടെ [അതില്‍ ഇന്‍ഡ്യയുടെ പടം ഉണ്ടു] നാണയം സംഘടിപ്പിച്ചാണു ഞാന്‍ പരീക്ഷക്ക്‌ പോയത്‌. ഇന്‍ഡ്യയുടെ പടം വരച്ചു ജമ്മു, പഞ്ജാബ്‌,ഗുജറാത്ത്‌, കേരളം,മുതലായ സ്തലങ്ങള്‍ അടയാളപെടുത്തുന്നതിനു 10 മാര്‍ക്കു എന്നു കണ്ടപ്പോള്‍ എന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ആ രണ്ട്‌ രൂപാ തുട്ടില്‍ ഞാന്‍ സ്നെഹത്തോടെ തലോടി. അങ്ങനെ അവസാനം ആ നാണയ സഹായത്താല്‍ ഞാന്‍ ഒരു ഇന്‍ഡ്യയുടെ മാപ്പ്‌ വരച്ചു ഒപ്പിച്ചു. [എന്റെ വല്യപ്പച്ചന്‍ ഒരു അടി പൊളി ആര്‍ടിസ്റ്റ്‌ ആയിരുന്നു. ആ കഴിവും എന്റെ ചേച്ചിക്കാണു കിട്ടിയതു. ദൈവം കൊടുക്കുമ്പോള്‍ എല്ലാം ഒരാള്‍ക്കു തന്നെ കൊടുക്കും എന്നു പറയുന്നത്‌ എത്ര ശരി.]പടം ഒരു വിധം വരച്ചു സ്തലങ്ങള്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ സൂപ്രവിഷനു വന്നിരുന്ന റ്റീച്ചര്‍ എന്റെ പടത്തിലേക്കു ഒന്നു നോക്കി എന്നോടു ഒരു ചോദ്യം-"ജോഗ്രഫി പരീക്ഷക്കു എന്തിനാ ഈ "ചേന" വരയ്ക്കുന്നതു?" എന്ന്. ആ ചോദ്യം കേട്ടപ്പോള്‍ ബാക്കി പിള്ളേരും എന്നെ നോക്കി. ചമ്മിയ മുഖത്തോടെ ഞാന്‍ എന്റെ ഇന്‍ഡ്യ വര തുടര്‍ന്നപ്പോള്‍, പിന്നെയും റ്റീച്ചര്‍, "ഓഹ്‌!! ഇതു ഇന്‍ഡ്യ ആയിരുന്നോ?" എന്ന് ഒരു കമന്റ്ടും പാസ്സാക്കി പോയി. സത്യത്തില്‍ അന്നു ഞാന്‍ വരച്ച ഇന്‍ഡ്യയിലെ ജമ്മു കാഷ്മീര്‍ വരച്ചു ഒപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപ്പെട്ടു. ഏതായാലും പരൂക്ഷ ഒരു പരുവത്തില്‍ കഴിഞ്ഞു. ജയിക്കും അതു തീര്‍ച്ച. പക്ഷെ എന്റെ ചേച്ചിയുടെ റെക്കോര്‍ഡ്‌. അതു തകര്‍ത്താല്‍ ചേച്ചിക്കു വിഷമം ആകും. നമ്മുടെ വീട്ടിലെ ഒരു റെക്കോര്‍ഡ്‌ അതും ആ വീട്ടിലെ തന്നെ ഒരാള്‍ തകര്‍ത്താല്‍...യേ...അത്‌ തീരെ ശരിയാവില്ല എന്നു ഞാനും ദൈവവും ഒരു പോലെ തീരുമാനിച്ചു. അങ്ങനെ അവസാനം റിസള്‍ട്ട്‌ അറിഞ്ഞു. ഫ്സ്റ്റ്‌ ക്ലാസിന്റെ ലിസ്റ്റില്‍ ഞാന്‍ എന്റെ നംബര്‍ ഉണ്ടോ? എന്നു ചുമ്മാ ഒരു ജാഡക്കു ഒന്നു നോക്കി.ഇല്ല, എന്റെ നംബര്‍ ഇല്ല. സെക്കന്‍ഡ്‌ ക്ലാസ്സില്‍ ദാ കിടക്കുന്നു എന്റെ നംബര്‍. ആഹ, കിട്ടിയതാകട്ടെ. എനിക്ക്‌ ഇതു ധാരാളം. പക്ഷെ വീട്ടില്‍ ഈ സെക്കന്‍ഡ്‌ ക്ലാസ്സും കൊണ്ട്‌ പോകാന്‍ എന്തോ ഒരു.... പിന്നെ അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ചു ഇങ്ങനെ തുടങ്ങി, " നമ്മുടെ രഘു, അജേഷ്‌, ഗണേഷ്‌, സജോ,ജിജ്ജു എല്ലാവര്‍ക്കും സെക്കന്‍ഡ്‌ ക്ലാസ്സ്‌." അപ്പോള്‍ നിനക്കോ? എന്ന ചൊദ്യത്തിനു, " ആ എനിക്കും സെക്കന്‍ഡ്‌ ക്ലാസ്സ്‌" എന്ന് പറഞ്ഞതും ഞാന്‍ ത്രിശ്ശൂര്‍ പൂര പറമ്പില്‍ ആണോ നില്‍ക്കുന്നത്‌ എന്നു തോന്നുമാറു വലിയ പൊട്ടലും ചീറ്റലും എന്നു വേണ്ട ആകെ ബഹളം.. ചേച്ചിക്ക്‌ 513 കിട്ടിയെങ്കില്‍ എനിക്കു 10-180 മാര്‍ക്കിന്റെ കുറവ്‌. അതു എനിക്കു വലിയ കുറവായി തോന്നിയില്ല. ഇനി അടുത്തതു കോളെജ്‌ പഠനം. കണക്കു എനിക്കു പണ്ടേ കണക്കായിരുന്നതിനാല്‍ ഫ്സ്റ്റ്‌ ഗ്രൂപ്പ്‌ വേണ്ട. ഇന്‍ഡ്യ വരച്ചപ്പോള്‍ അതു ചേനയാണെന്ന് തോന്നിയെങ്കില്‍ ആ ഞാന്‍ സെക്കന്‍ഡ്‌ ഗ്രൂപ്പ്‌ എടുത്താല്‍ എന്തായിരിക്കും അവസ്ത? പിന്നെ തേര്‍ഡ്‌ ഗ്രൂപ്പ്‌-ഹിസ്റ്ററി. ഊഹാ!! ഷാജഹാന്റെ ചരിത്രം, അക്ബറിന്റെ ചരിത്രം, യുദ്ധം.. വേണ്ടാ..എനിക്കു സമാധാനം വേണം. പിന്നെ ഫോര്‍ത്ത്‌ ഗ്രൂപ്പ്‌.. അതു തന്നെ എടുക്കാന്‍ തീരുമാനിച്ചു. ഐ.എ.എസ്‌, ഐ.പി.എസ്‌, ഐ.എഫ്‌.എസ്‌ മുതലായ പരീക്ഷക്കു ഫോര്‍ത്ത്‌ ഗ്രൂപ്പ്‌ എടുത്താലും സാധിക്കും എന്നത്‌ ഒരു താത്കാലിക ഉണര്‍വ്‌ നല്‍കി. സ്ക്ക്കൂളില്‍ പഠിച്ചു കൊണ്ടിരിന്നപ്പോള്‍ റിസേര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ആവുക എന്നത്‌ എന്റെ ഒരു "ചെറിയ മോഹം" ആയിരുന്നു. രൂപയില്‍ ഒപ്പിടുക എന്ന ആ വലിയ പദവി അതു എനിക്ക്‌ തന്നെ വേണം എന്നു കരുതി ഏതു രൂപാ എന്റെ കൈയില്‍ കിട്ടിയാലും അതില്‍ ബഹുമനപ്പെട്ട മന്മോഹന്‍ സിംഗ്‌, രങ്ഗ റാവു, മുതലായവരുടെ ഒപ്പു അതില്‍ ഉണ്ടോ എന്നു "വേരിഫൈ" ചെയ്തും ഇരുന്നു. പിന്നീട്‌ എപ്പോഴോ ആ അഗ്രഹവും എന്നില്‍ നിന്നും പോയി. അങ്ങനെ ഒരു പരുവത്തില്‍ തിരുവല്ലാ മാര്‍ത്തോമാ കോളെജില്‍ നിന്നും എങ്ങിയും വലിഞ്ഞും പാസ്സ്‌ ആയി. അതു കഴിഞ്ഞു ബി.കോം പഠനം. അതും ഒരു വിധത്തില്‍ കരയക്കു അടുപ്പിച്ചു. അപ്പോഴേക്കും എന്റെ ഐ.എ.എസ്‌/ഐ.പി.എസ്‌ മൊഹവും നശിച്ചിരുന്നു. പിന്നെ വെല്ലൂരില്‍ ഉപരി പഠനം. അങ്ങനെ ഇതാ ഐ.എ.എസ്‌/ഐ.പി.എസ്‌ ആകേണ്ട ഞാന്‍ ഇന്നു മസ്കറ്റ്‌ മിനിസ്റ്റ്രിയില്‍ ഒരു സ്റ്റാഫ്‌. പഠിച്ചു നല്ല മാര്‍ക്ക്‌ വാങ്ങിയ ചേച്ചി ഇന്നു കാനഡായില്‍ സീനിയര്‍ നേഴ്സ്‌.

പറഞ്ഞു വന്നതു പഠിച്ചിട്ടു ഒന്നും ഒരു കാര്യവും ഇല്ല. അപ്പനും, അമ്മയും ഒക്കെ പറഞ്ഞതു കേട്ട്‌ നന്നായി പഠിച്ചു റാങ്കു വാങ്ങി പഠിച്ചു വന്ന ശ്രീ.സുരേഷ്‌ കുമാര്‍-ഐ.എ.എസ്‌, ശ്രീ. രാജു നാരായണ സ്വാമി-ഐ.എ.എസ്‌, ശ്രീ. ഋഷിരാജ്‌ സിങ്ങ്‌-ഐ.പി.എസ്‌ ഒക്കെ ഇന്നു എവിടെ??? മൂന്നാറിലെ ആ തണുപ്പില്‍ രാവിലെ ജെ.സി.ബിയും ആയി പോയി റിസോര്‍ട്ടുകള്‍ പൊളിക്കുന്നു, തെറി കേള്‍ക്കുന്നു, മന്ത്രിമാരുടെ ആട്ടു കൊള്ളുന്നു..ഓാാ...എന്റെ അമ്മോ!!! അന്നു ഞാന്‍ പഠിക്കാതിരുന്നത്‌ എത്ര നന്നായി..

രജനി ഫാന്‍സ്‌

സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ്‌ "ശിവജി"ഇന്‍ഡ്യയാകെ കിടിലം കൊള്ളിച്ച്‌ റിലീസ്‌ ആയി. ഈ ചിത്രത്തിന്റെ റിലീസ്‌ കേരളത്തില്‍ പാലക്കാട്ടും ഒരു ആഘോഷമായി. നമ്മള്‍ കേരളീയര്‍ക്കു ഇങ്ങനെ ഒരു ഭ്രാന്ത്‌ ഇല്ലായിരുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശം ആയതിനാല്‍ ആയിരിക്കാം പാലക്കാട്ട്‌ ഇങ്ങനെ ഒരു ആഘോഷം ഉണ്ടായതു തന്നെ. പാലക്കാട്ട്‌ അതിരാവിലെ നടന്ന ആദ്യ പ്രദര്‍ശനവും, ആള്‍ക്കാരുടെ അഭിപ്രായവും ഒക്കെ ടിവിയില്‍ കൂടി കണ്ടപ്പോള്‍, എന്റെ തലചോറില്‍[ എനിക്കും തലചോറു ഉണ്ടു എന്നു മനസ്സിലാക്കിയാല്‍ നന്ന്]കൂടി ഒരു മിന്നായം പോലെ ഒരു ഓര്‍മ്മ മിന്നി മറഞ്ഞു.വെല്ലൂരില്‍ വെച്ചു ഞാനും എന്റെ കൂട്ടുകാരും കൂടി സ്റ്റയില്‍ മന്നന്‍ രജനികാന്തിന്റെ ഒരു റിലീസ്‌ ചിത്രം കാണാന്‍ പോയതിന്റെ ഒരു അനുസ്മരണം.

വെള്ളിയാഴ്ച്ച ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്റ്റെല്‍ മുറിയില്‍ എത്തിയപ്പോള്‍, കൂട്ടുകാര്‍ എല്ലാം തകൃതിയായി മെസ്സിലേക്കു ഓടുന്നു. ഇന്ന് എന്താണു മെനു ഇങ്ങനെ ധ്രുതി പിടിച്ചു ഓടാന്‍? കൊതി പിടിപ്പിക്കുന്ന മണം ഒന്നും മെസ്സിന്റെ ഭാഗത്ത്‌ നിന്നും വരുന്നും ഇല്ല. പിന്നെ ഇവര്‍ക്കു ഇന്നു എന്തു പറ്റി? ഡ്രസ്സ്‌ മാറി കൊണ്ടു നിന്നപ്പോള്‍, സഹമുറിയന്‍ ഷിബു മുറിയിലേക്കു ബെല്ലും, ബ്രേക്കും ഇല്ലാതെ കയറി വന്ന് ബാഗ്‌ മേശപ്പുറത്തേക്കു എറിഞ്ഞിട്ടു, "എളുപ്പം വാ മച്ചാ, ഭക്ഷണം കഴിച്ചിട്ടു നമ്മള്‍ക്കു എല്ലാം കൂടി, രജനിക്കാന്തിന്റെ "അരുണാചലം" കാണാന്‍ പോകാം" എന്നു പറഞ്ഞപ്പോള്‍ ആണു ഓട്ടത്തിന്റെയും, ധ്രുതിയുടെയും കാരണം മനസ്സിലായതു. "6.00 മണിക്കാടാ പൊട്ടാ സിനിമാ" എന്നു ഞാന്‍ പറഞ്ഞപ്പോള്‍, "അതെ, അതെ, തീയറ്ററിന്റെ മുന്‍പില്‍ ഒടുക്കത്തെ ക്യൂവാ" എന്നും പറഞ്ഞു അവനും എന്നെ ഒറ്റക്കാക്കി മെസ്സിലേക്കു പാഞ്ഞു. മെസ്സില്‍ ചെന്നപ്പോള്‍ അവിടെ മൊത്തം സിനിമാ ചര്‍ച്ചയാണു. പലരും ആള്‍ക്കാരെ ക്യൂവില്‍ നിര്‍ത്തിയിട്ടാണു ഇവിടെ കാലും നീട്ടി ഇരുന്നു ഈ കുഴഞ്ഞ സാദം വെട്ടി അടിക്കുന്നതു എന്നു അവരുടെ വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. നമ്മള്‍ക്കു പണ്ടേ ഈ ചേട്ടന്റെ സിനിമയോട്‌ വലിയ താത്പര്യം ഇല്ല. പിന്നെ ഈ സിനിമാ കണ്ടാല്‍ CONSTIPATION മാറി കിട്ടും. അത്ര തന്നെ.

അവസാനം ഞാനും, കൂട്ടുകാര്‍ക്കു ഒപ്പം സിനിമാ കാണാന്‍ പോയി. തീയേറ്ററിന്റെ റോഡില്‍ സൂചി കുത്താന്‍ ഇടമില്ല. പലരും "അണ്ണന്‍" മാതിരി ഡ്രസ്സ്‌ ഇട്ടു കണ്ണാടിയും വെച്ചു റോഡില്‍ കൂടി "ഷോ" നടത്തുന്നുണ്ട്‌. കളര്‍, കണ്ണാടി....എന്തൊരു ചേര്‍ച്ച. ഇത്തരം കോമാളിത്തരങ്ങള്‍ കണ്ട്‌ രസിച്ചു ഞാന്‍ അവിടെ ഒരു കോണില്‍ നിന്നു. "ഇവിടെ നിന്നിട്ട്‌ ഒരു രക്ഷയും ഇല്ല, വാടാ, വണ്ടി വിടാം" എന്നു പറഞ്ഞിട്ടും അവര്‍ക്കു നാളെ കക്കൂസില്‍ പോയേ തീരൂ എന്ന മട്ടില്‍ അവിടെ നിന്നു. ടിക്കറ്റിനു ബെല്ലു കൊടുത്തതും, തിക്ക്‌, തിരക്ക്‌, കരച്ചില്‍, പിഴിച്ചില്‍, നിലവിളി എന്നു വേണ്ട, ആകെ, മൊത്തം, റ്റോട്ടല്‍ പ്രശ്നം. തിക്കിനും, തിരക്കിനും ഇടയില്‍, ഞങ്ങളോടൊപ്പം വന്ന 'പ്രിയേഷ്‌' ആരുടെയോ തോളില്‍ നില്‍ക്കുന്നതു കണ്ടു. പ്രിയെഷ്‌ കോട്ടയം നിവാസിയാണു. അവനു റിലീസിനു ഇടിച്ചു ടിക്കറ്റ്‌ എടുത്തു നല്ല പരിചയം. ഏതായാലും അവസാനം വായില്‍ 5-6 ടിക്കറ്റും കടിച്ചു, പൊട്ടിയ ചെരിപ്പു കൈയില്ലും പിടിച്ചു വിജയശ്രീലാളിതനായി വരുന്ന പ്രിയേഷിനെ ഞങ്ങള്‍ അഭിമാനത്തോടെ നോക്കി. തിരക്കില്‍ പെട്ടു അവന്റെ ഷര്‍ട്ട്‌ കീറിയിരുന്നു, വാച്ചിന്റെ സ്റ്റ്രാപ്പ്‌ പൊട്ടിയിരുന്നു, കൈയും, കാലും, അവിടെയും ഇവിടെയും വരഞ്ഞു കീറിയിരുന്നു. അതൊന്നും അവന്‍ കാര്യമാക്കിയതേയില്ല. ഞങ്ങള്‍ തിയേറ്ററിനകത്ത്‌ കയറി. തിയേറ്ററിനകത്ത്‌ കയറിയപ്പോള്‍, "സ്റ്റ്യ്യില്‍ മന്നന്‍ സിന്താബാദ്‌, അണ്ണേ രജനി സിന്താബാദ്‌,അണ്ണേ രജനി വാഴ്ക്‌, മുതലായ മുദ്രാവാക്യ വിളികള്‍ മാത്രം. പടം തുടങ്ങി, പേരുകള്‍ എഴുതി കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിര്‍ത്താതെ കൈയടി. പിന്നീട്‌ 'അരുണാചലം,അരുണാചലം' എന്നു വിളിച്ചു ആര്‍പ്പു വിളി. എന്റെ ദൈവമേ, കടന്നല്‍ കൂട്ടില്‍ ചെന്ന അവസ്ത. ഞങ്ങള്‍ അവിടെ ഇരുന്നു ഒരോരുത്തന്റെ ഡാന്‍സും, കൂത്തും, പാട്ടും, ഒക്കെ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ അങ്ങനെ ഇരുന്നു. അപ്പോള്‍ പ്രിയേഷ്‌ പറഞ്ഞു, 'കണ്ടോ, ഇതാണു തമിഴ്‌നാട്ടില്‍ റിലീസ്‌ പടം കണ്ടാല്‍ ഉള്ള ആ ത്രില്‍.' ഊം നല്ല ത്രില്‍. ഞാന്‍ മനസ്സില്‍ പറഞ്ഞു. പടം തുടങ്ങി അല്‍പം കഴിഞ്ഞാണു നമ്മുടെ അണ്ണന്‍ സ്ക്രീനില്‍ വരുന്നതു. അണ്ണന്റെ കാല്‍ കണ്ടതും തീയേറ്ററില്‍ സകലരും [ഞങ്ങള്‍ ഒഴികെ]എഴുന്നേറ്റു നിന്ന് ആര്‍പ്പു വിളി, പുഷ്പാഭിഷേകം, കുരവയിടീല്‍, ചാട്ടം, തുള്ളല്‍ മുതലായ കലാപരിപാടികള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ക്കു പടം കാണാന്‍ വയ്യാത്ത അവസ്ത. ഇതു നമ്മള്‍ മലയാളികള്‍ സഹിക്കുമ്മോ? മുന്‍പില്‍ നിന്ന ചേട്ടന്മാരെ, തോണ്ടി വിളിച്ചിട്ടു പറഞ്ഞു, "അണ്ണേ, ഉക്കാറു, എങ്കള്‍ക്ക്‌ പടം പാര്‍ക്ക മുടിയിലേ" [ഇരിക്ക്‌ ചേട്ടാ, ഞങ്ങള്‍ക്കു പടം കാണാന്‍ പറ്റുന്നില്ലാ എന്നു സാരം]എന്നു പറഞ്ഞു തീര്‍ന്നതും, യെടേയ്യ്‌, അണ്ണന്‍ വന്നിട്ടും ഉക്കാറുന്നോ, അയോഗ്യ.......എന്നു വിളിച്ചതും പ്രിന്‍സിപ്പാള്‍, അറ്റെന്‍ഷ്യന്‍ പറഞ്ഞത്‌ പോലെ എല്ലവരും അറ്റെന്‍ഷ്യന്‍ ആയതും ഒരു പോലെ ആയിരുന്നു. തിരുവല്ലായില്‍ പറയുമ്പോലെ, 'എല്ലാം വളരെ പെട്ടെന്നു ആയിരുന്നു'. ഞങ്ങള്‍ എഴുന്നേറ്റതും സ്റ്റൈല്‍ മന്നന്‍, നല്ല സ്റ്റൈല്‍ ആയി വണക്കം തന്നതും, തിയേറ്ററില്‍ ഉണ്ടായിരുന്ന സകലരും, [ഞങ്ങള്‍ സഹിതം എന്നു ഇനിയം പറയേണ്ടതില്ലല്ലോ?]മന്നനു തിരിച്ചും വണക്കം പറഞ്ഞു, എല്ലാവരും ഇരുന്ന ശേഷം മാത്രം സീറ്റിലിരുന്നു ഭയഭക്തി വിനയം കാട്ടി ഒരു പരുവത്തില്‍ സിനിമാ കണ്ടു ഇറങ്ങി. പിറ്റേന്ന് ഞങ്ങള്‍ക്കു ഉണ്ടായ ദുരവസ്ത ഒരു ഡോക്റ്ററോടു പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, 'വെല്ലൂര്‍ ആയതു ഭാഗ്യം, അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ പോസ്റ്റര്‍ ആയേനേ' എന്നു. ഭാഗ്യം.. പോസ്റ്റര്‍ ആയില്ലല്ലോ? ആശ്വാസം. താരാരാധന തന്നെ കാരണം. ഡോക്റ്റര്‍ തുടര്‍ന്നു. പണ്ട്‌ നമ്മുടെ എം.ജി.ആറിനു വൃക്ക മാറ്റി വെക്കണം എന്നു പറഞ്ഞു പത്രത്തില്‍ വന്ന അന്നു രാവിലെ എം.ജി.ആറിന്റെ വീടിനു മുന്‍പില്‍ ഭയങ്കര കരച്ചില്‍, ബഹളം. തന്റെ ആരാധകരെ ഒരു നോക്കു കാണാന്‍, താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു എന്നു ആരാധകരെ അറിയിക്കാന്‍ ജാനകി രാമചന്ദ്രനൊപ്പ്പം ഇറങ്ങി വന്ന് തലൈവര്‍ വെളുപ്പിനത്തെ കണി കണ്ട്‌ ഞെട്ടി. വീടിനു മുന്‍പില്‍ കൈയ്‌ലിയും പൊക്കി, 'എന്റെ കിട്നിയെടുത്തോ, എന്റെ കിട്നിയെടുത്തോ' എന്നു പറഞ്ഞു അലമുറയിടുന്ന ആരാധകര്‍ നടത്തിയ ഒരു കിട്നി പ്രദര്‍ശനം ആയിരുന്നു എന്നു തലൈവര്‍ക്കു അല്‍പം കഴിഞ്ഞാണു മനസ്സിലായതു. വെളുപ്പാന്‍ കാലം ആയതിനാല്‍ തലൈവര്‍ കറുത്ത കണ്ണാടിയും അന്നു വെക്കാഞ്ഞ കാരണം എല്ലാ കിട്നിയും ഒറ്റ നോട്ടത്തില്‍ തന്നെ തലൈവര്‍ കണ്ട്‌ വരവു വെച്ചു. അതു കഴിഞ്ഞു മരിക്കുന്ന സമയം വരെയും തലൈവര്‍ കണ്ണാടി ഊരി വെച്ചിട്ടേയില്ലയെന്ന് അറിയാവുന്നവര്‍ പറയുന്നു. താരാരാധന വരുത്തുന്ന വിനകളേ!!!.


ഇന്നലെ പാലക്കാട്ടു തുടങ്ങിയ ഈ ആരാധന ചിക്കന്‍ ഗുനിയാ വ്യാപിച്ച പോലെ കേരളത്തിന്റെ അങ്ങേ അറ്റം വരെ വ്യാപികാതിരിന്നാല്‍ മതിയായിരുന്നു. ഇല്ലായെങ്കില്‍ ഈ വയസ്സു കാലത്തു ചിലപ്പോള്‍ സഖാവ്‌. വി.എസും വെക്കും കറുത്ത ആ കണ്ണാടി.....
ഇനി രജനി, എം.ജി.ആര്‍ ആരാധകരോട്‌ മാത്രം, "ഞാനും രജനി ഫാനാ....സത്യം"

ഗോണു ഒരു റിപ്പോര്‍ട്ട്‌-സ്വലേ

ഗോണു വരുന്നേ!!!ഗോണു വരുന്നേ!!!
പണ്ടേ ഈ ഒമാനിക്ക്‌ "ജ" ഇല്ല. പകരം "ഗ" ആണു. ആയതിനാല്‍ ഗൂണ്‍, ഗൂലൈ, ഓജ്സ്റ്റ്‌ എന്ന് പറയുന്ന ഈ ഒമാനി ഏതു ഗോണുവിനെ പറ്റിയാണു ഈ പറയുന്നത്‌ എന്ന് ഞാന്‍ ചിന്തിചു. ഇനി ഇവന്‍ ജൂണിനു തന്നെയാണോ ഈ ഗോണു എന്നു പറയുന്നത്‌ എന്നും ഞാന്‍ സംശയിക്കാതിരുന്നില്ല. ഗോണുവിനെ പറ്റി വളരെ ആധികാരികമായി എനിക്കു അറിയാം എന്ന ഭാവത്തില്‍ എന്റെകൂടെ ജോലി ചെയുന്ന ഒരു ഒമാനി ഭൂപടത്തിന്റെ അടുത്തേക്കു ഓടി, മസീറ ദ്വീപ്‌ കാട്ടി എന്തൊക്കെയോ അറബിയില്‍ പറഞ്ഞു കൊണ്ട്‌ ഇരുന്നു. കേള്‍വിക്കാരായ മറ്റ്‌ ഒമാനികളും വായും പൊളിചു ഈ കാലാവസ്ധ നിരീക്ഷകന്റെ വായിലേക്കു നോക്കി ഇരുന്നു. കാലാവസ്ധ നിരീക്ഷകന്‍ ഇവിടുത്തെ സമ്പ്രേഷണം കഴിഞ്ഞു അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ഞാന്‍ പതിയെ എന്റെ സഹപ്രവര്‍ത്തകരായ മറ്റ്‌ ഒമാനികളോട്‌ തിരക്കി, ആരാ, എന്തവാ ഈ ഗോണു??? പിന്നെ പലരും, പലതും ഗോണുവിനെ പറ്റി പറഞ്ഞു കൊണ്ടിരുന്നു. 125-250 ആയിരുന്നു ഗോണുവിന്റെ സ്പീട്‌ എങ്കില്‍ കൈ മാറി, വായ്‌ മാറി അതിന്റെ സ്പീട്‌ 1000 കവിഞ്ഞു. എല്ലാവരും ജോലി നിര്‍ത്തി ഗോണുവിനെ പറ്റി മാത്രം ചിന്തിച്ചു ഇരുപ്പായി.

വൈകിട്ട്‌ ഏഷ്യനെറ്റില്‍ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി പോയി. മസീറ എന്ന ഒരു ചെറിയ ദ്വീപില്‍ നിന്നും 1000 കണക്കിനു മലയാളികളെ മാറ്റി പാര്‍പ്പിച്ചത്രെ. 1000 കണക്കിനു മലയാളിയെ...അതും ഒരു ചെറിയ ദ്വീപില്‍ നിന്നും. ചുമ്മാതാണോ ചന്ത്രനില്‍ ചെന്നു ഇറങ്ങിയ നീല്‍ ആംസ്റ്റ്രോങ്ങ്‌ തങ്കപ്പന്‍ നായരുടെ ചായ കട കണ്ടു എന്നു പറഞ്ഞതു. ഈ അടുത്ത ഇട ജപ്പാനില്‍ ഒരു കപ്പല്‍ മുങ്ങിയപ്പോള്‍ അതിലും 3 മലയാളികള്‍ ഉണ്ടായിരുന്നത്രെ.

ഗോണുവിനെ പറ്റി വാര്‍ത്ത കേട്ടപോഴെ കേരളത്തില്‍ നിന്നും ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി.

ഏതായാലും ഗോണു തകര്‍ത്ത്‌ അടിചു. മസ്കറ്റില്‍ പല സ്തലത്തും കറന്‍ട്ടും, ഫോണും പ്രവര്‍ത്തന രഹിതമായി. മലയാളിക്കു കുപ്പൂസ്‌ തിന്നില്ലായെങ്കിലും മോബയില്‍ ഫോണ്‍ കൈയില്‍ വേണം എന്ന നിര്‍ബന്തം ഉള്ളപോഴാണു ഈ ഗോണു ഈ പണി കാണിച്ചതു. വരാന്‍ ഉള്ളത്‌ വഴിയില്‍ തങ്ങുമോ?

ഞങ്ങള്‍ ഇബ്രി എന്ന സ്തലത്താണു താമസം. മസ്കറ്റില്‍ നിന്നും 350 കി.മി ദൂരം. ഗോണു മസ്കറ്റില്‍ തകര്‍ത്ത്‌ അടിചപ്പ്പ്പോള്‍ ഇബ്രിയില്‍ പൊടി കാറ്റിന്റെ പ്രളയം ആയിരുന്നു. ഇവിടെ കാറ്റില്‍ പല റ്റിവി ഡിഷുകളും, വൈള്ളത്തിന്റെ ടാങ്കുകെളും റോഡില്‍ കൂടി ഓടി കളിച്ചു. പൊടി കൊണ്ട്‌ മുന്‍പില്‍ ഉള്ള യാതൊരു വസ്തുവും കാണാന്‍ പറ്റാത്ത അവസ്ത. ഇവിടെ ടെലിഫോണ്‍, കറന്റ്‌ എല്ലാം ഉണ്ട്‌. ഞങ്ങള്‍ റ്റീവിയുടെ മുന്‍പില്‍ തന്നെ ഇരുന്നു. ഇടയ്ക്ക്‌, ഇടയ്ക്ക്‌, മസ്കറ്റിലെ സുഹ്രുത്തുക്കളുടെ ഫോണ്‍ നംബറില്‍ കുത്തി ഭാഗ്യം പരീക്ഷിചു കൊണ്ട്‌ ഇരുന്നു.

അപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിചു. കുവൈറ്റില്‍ നിന്നും എന്റെ സുഹ്രുത്ത്‌ ബിനോയി. അവന്‍ വിളിചു, " എടാ സെനുവേ, നീ ചത്തില്ലയ്യോടാ?" [ഏതായാലും അവനു എന്നെ വിളിക്കാന്‍ തോന്നിയല്ലോ?]

അല്‍പം കഴിഞ്ഞപ്പോള്‍ അടുത്ത ഫോണ്‍, മസ്കറ്റില്‍ നിന്നും സുജിത്ത്‌. അവന്‍ പറഞ്ഞത്‌ ഇങ്ങനെ..."എടാ, റ്റൊയോട്ട ഷോ റൂമില്‍ നിന്നും കാറുകള്‍ ഒലിച്ചു പോയി എന്നു. എടാ, നീ ആ റോഡിലേക്ക്‌ ഇറങ്ങി നില്ലെടെ...കാര്‍ വല്ലതും തടഞ്ഞാല്‍ 1-2 എണ്ണം അടുപ്പീരെടെ?"

മസ്കറ്റില്‍ കെട്ടിടത്തില്‍ കുടുങ്ങിയവര്‍ 9999 എന്ന നംബറില്‍ പോലീസിനെ വിളിച്ചപ്പ്പ്പോള്‍, ഈ കാറ്റില്‍ ഞങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാ എന്ന മറുപടിയാണു ലഭിച്ചത്‌.എന്നാല്‍ ഇതു കേരളത്തിലെ പോലീസ്‌ ഒന്നു പറയട്ടെ. അപ്പോള്‍ കാണാം ബന്ത്‌, ഹര്‍ത്താല്‍, കളക്ടറേറ്റ്‌ മാര്‍ഛ്‌...പക്ഷെ റോയല്‍ ഒമാന്‍ പോലിസ്‌, മലയാളികളോട്‌ തന്നെ ഇതു പറഞ്ഞിട്ടും, മലയാളിക്ക്‌ നോ പ്രോബ്ലം..അന്നരം നമ്മുടെ ആള്‍ക്കാര്‍ക്കു അറിയാം-എവിടെ,എങ്ങനെ നില്‍ക്കെണം എന്ന്...യേത്‌...

ഇപ്പോള്‍ മസ്കറ്റ്‌ ശാന്തം. വെള്ളം ഇറങ്ങി.മുന്‍സിപാലിറ്റി വളരെ വേഗം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ ഇവിടെ കുടി വെള്ളത്തിനു ക്ഷാമം.ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രം ആയ അനേകം ആള്‍ക്കാര്‍. എങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം...

ഈ ഗോണുവില്‍ മരിച്ച 49 പേര്‍ക്കു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്‌..ഇനി ഒരു ഗോണു എങ്ങും വരരുതേ എന്ന പ്രാര്‍തനയോടെ.....

സെനു ഈപ്പന്‍ തോമസ്‌.