Thursday, 6 May 2010

Todays Special - BEEF BIRIYANI

സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രം സ്ലോ മോഷനിൽ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ, ബ്ലോഗിലും ഒരു സ്ലോ മോഷൻ പരീക്ഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്ന് നോക്കിയതാണു വരവേൽപ്പ് റീലോഡഡിലൂടെ. ഗൃഹപ്പിഴ കൂടിയപ്പോൾ, ഒടുക്കം സിനിമാ ലോകം പ്രതിസന്ധിയിലുമായി. നിർമ്മാതാക്കളും, ഫെഫ്ക്കയും, അമ്മയും ഒക്കെ അടിയായി. അതിനിടയിലാണു വരവേൽപ്പ് റീലോഡുമായി ഞാൻ രംഗത്ത് വന്നത്. സ്ലോ മോഷനിൽ ഞാൻ നടത്തിയ വരവേൽപ്പ് റീലോഡഡ്, ഒടുക്കം ലൂസ് മോഷൻ പരുവത്തിലായി.ആദ്യത്തെ വാരം വരവേൽപ്പ് റീലോഡഡ് ഓടിയെങ്കിലും, രണ്ടാം വാരമായപ്പോൾ കൂവൽ മാത്രമായി തിയേറ്ററിൽ. ഒടുക്കം നമ്മുടെ ബ്ലോഗിൽ കയറി, തിലകൻ ഫാൻസ് അസ്സോസിയേഷനും, മോഹൻലാൽ ഫാൻസ് അസ്സോസിയേഷനും അടിക്കാൻ തുടങ്ങിയപ്പോൾ ഇനി ഇതു ഓടിച്ച് കൊണ്ട് പോയാൽ പന്തിയല്ലായെന്ന് തോന്നി. അങ്ങനെ ഒറിജിനൽ ഫിലിം പെട്ടിയുമായി ഞാൻ ‘മുങ്ങി’.

ബാഗ്ലൂരിൽ ഉള്ള എന്റെ ഒരു ചങ്ങാതി എന്നെ ഭയങ്കരമായി വിമർശിച്ചു. വരവേൽപ്പ് റീലോഡാൻ പോയ സമയത്ത് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് റീലോഡിയിരുന്നെങ്കിൽ രക്ഷപ്പെട്ടെനെയെന്ന് പറഞ്ഞപ്പോൾ റോണ്ഡേവൂ കൺസോർഷ്യത്തിൽ വിണ തരൂർ, സാക്ഷാൽ ദൈവം തമ്പുരാന്റെ കൺസോർഷ്യം കണ്ടാലും അറയ്ക്കുമെന്നതു പോലെയായിരുന്നു എന്റെ സ്ഥിതി. എന്തിരുന്നാലും ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന ആ ഒരു പേരു കേട്ടപ്പോൾ “മനസ്സിൽ ഒരു ലഡ്ഡു പൊട്ടി”.

വെല്ലൂരിൽ പഠിക്കാൻ പോയപ്പോൾ ഭക്ഷണം എന്നും എനിക്ക് പ്രശനമായിരുന്നു. വീട്ടിൽ അമ്മയുടെ ഭക്ഷണത്തിനു ‘മണമില്ല, ഗുണമില്ലാ, രുചിയില്ലായെന്ന്’ പറഞ്ഞ് പഠിച്ചിരുന്ന ഞാൻ വെല്ലൂരു ചെന്നപ്പോഴാണു എന്റെ അമ്മ, മിസ്സിസ്സ് കെ.എം.മാത്യുവിനെക്കാളും അടിപൊളിയായിരുന്നുവെന്ന കാര്യം മനസ്സിലായത്. അവിടുത്തെ ഹോസ്റ്റലിൽ എന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തിരുവല്ലാക്കാരൻ ഒരു ചാണ്ടിച്ചൻ. അവന്റെ കട്ടിലിനടിൽ എപ്പോൾ ചെന്നാലും ഒരു ചുവന്ന ബക്കറ്റ് കാണാം. പണ്ട് സർക്കാർ ആശുപത്രിയിൽ കുടുംബാസൂത്രണം കഴിഞ്ഞ് പോകുമ്പോൾ ഗിഫ്റ്റായി കൊടുക്കുന്ന അതേ ഛായയുള്ള ബക്കറ്റ്. ആദ്യ നാളുകളിൽ എനിക്ക് ആ ബക്കറ്റ് അവന്റെ കട്ടിലിനിടയിലിരിക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായിരുന്നില്ല. പിന്നീട് രാത്രിയുടെ അന്ത്യയാമങ്ങളിൽ കാലൻ കോഴി കൂവുന്നത് പോലെയുള്ള ശബ്ദം അവന്റെ മുറിയിൽ നിന്ന് സ്ഥിരമായി ഉയർന്നപ്പോൾ അവന്റെ ബക്കറ്റ് വെറും ബക്കറ്റല്ല, ‘വാൾ ബക്കറ്റാണെന്ന്’ മനസ്സിലായി. അവിടുത്തെ ഹോസ്റ്റലിൽ നിന്നും കിട്ടുന്ന കുഴഞ്ഞ് കട്ട പിടിച്ച വെള്ള ചോറും, സാ‍ാമ്പാറും, പച്ചില കറികളും കഴിച്ചാൽ ആരും കട്ടിലിനടിയിൽ മാത്രമല്ല, ചിലപ്പോൾ കഴുത്തേൽ വരെ ബക്കറ്റ് കെട്ടി തൂക്കുമെന്ന് കുറഞ്ഞ സമയം കൊണ്ട് എനിക്കു ബോദ്ധ്യപ്പെട്ടു. അതു കൊണ്ട് ആദ്യത്തെ ലീവിനു നാട്ടിൽ പോയപ്പോൾ, അമ്മയുടെ കൈ കൊണ്ട് മീൻ, ബീഫ്, മാങ്ങാ മുതലായ അച്ചാറുകളിടീച്ച് ഹോസ്റ്റലിൽ കൊണ്ട് വന്നു. ഓരോ പ്രാവശ്യവും അച്ചാർ കുപ്പിയിൽ സ്പൂൺ ഇട്ട് അച്ചാർ കോരുന്നത് കണ്ടാൽ തന്നെ ആലൂക്കാസിന്റെയോ, ഭീമയുടെയോ സ്വർണ്ണ കടയിൽ സ്വർണ്ണം തൂക്കാൻ നിർത്തുമെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കിയപ്പോളും നമ്മൾ ആ അച്ചാറുകൾ, കേരളാ സർക്കാരിന്റെ വിദ്യുച്ഛക്തി ബോർഡിന്റെ പരസ്യം കണക്കെ ‘നോക്കിയും കണ്ടും’ ഉപയോഗിച്ചു കൊണ്ടെയിരുന്നു.

പിന്നെ മെസ്സിൽ നിന്നും ആശ്വാസം കിട്ടുന്നത് മാസാവസാനം വീട്ടിൽ നിന്നും ഡ്രാഫ്റ്റ് വരുമ്പോളാണു. അന്ന് എല്ലാവരും പോക്കറ്റിന്റെ ഘനം അനുസരിച്ചായിരിക്കും ഭക്ഷണം. പിന്നെ ബർത്ത്ഡേ ആണു അടുത്ത ആശ്വാസം. കോളെജ് ആയതു കൊണ്ട് മാസത്തിൽ എങ്ങനെയൊക്കെ കളിച്ചാലും ഒന്ന് രണ്ട് ബർത്ത് ഡേ വീണു കിട്ടും. ബർത്ത്ഡേ പയ്യൻ / പയ്യത്തിയുടെ ‘കപ്പാക്കിറ്റി’ പോലെയാണു പാർട്ടികൾ. ചൈനാ ടൌൺ, പ്രിൻസ് മാനർ -[ബാർ അറ്റാച്ചഡ്], സുശീൽ, റിവർ വ്യൂ-[ബാർ അറ്റാച്ചഡ്] ഇവയൊക്കെയായിരുന്നു ഞങ്ങളുടെ സ്ഥിരം സങ്കേതങ്ങൾ. പിന്നെ ഇടയ്ക്കിടെ മഹാറാണിയിൽ പോയി ഐസ്ക്രിം തീറ്റ. ചെറിയ മൺകുടത്തിൽ കിട്ടുന്ന ഐസ്ക്രീമും ഒക്കെ മൂക്ക് മുട്ടെ തിന്നുമ്പോഴും, ദൈവമേ എന്നെയും ആ മൊറാർജി ദേശായിയെ പോലെ വല്ല ഫെബ്രുവരി 29നോ വല്ലതും ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടാൽ പോരായിരുന്നോയെന്ന് അറിയാതെ പ്രാർത്ഥിച്ചിരുന്നു.

അങ്ങനെ ഒരു ദിവസം ഒരു മല്ലു ഒരു പുതിയ ഹോട്ടലിനെ പറ്റി വിവരം തന്നു. അവൻ അവിടെ നിന്നും ബീഫ് ബിരിയാണി തിന്നത്രെ. വെല്ലൂരു ബീഫ് അത്ര എളുപ്പം കിട്ടാറില്ല. മാത്രമല്ല കേരളാ ബീഫ് കറി, അതും ആ വറുത്ത തേങ്ങാ കൊത്ത് ഒക്കെയിട്ട് ഉണ്ടാക്കുന്ന “എന്റെ അമ്മയുടെ” സ്പെഷ്യൽ കറി കഴിച്ചിട്ടു ഇപ്പോൾ ഒന്നും അത്ര പിടിക്കുന്നില്ല. അപ്പോളാണു ഒരുത്തൻ മൂക്കു മുട്ടെ ബീഫ് ബിരിയാണിയും ഒക്കെ അടിച്ച് കയറ്റിയിട്ട് വന്നിരിക്കുന്നത്. ഒപ്പം ബീഫ് ബിരിയാണിയെ പറ്റി വർണ്ണിച്ചു വർണ്ണിച്ച് അവന്റെ കൈ ഞങ്ങളുടെ മൂക്കിന്റെ അടുത്തേക്ക് അടുപ്പിച്ചപ്പോൾ അറിയാതെ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം വന്നു. കൊതി മൂത്തപ്പോൾ, ഞാനടക്കമുള്ള ഭൂരിപക്ഷത്തിനു, അപ്പോൾ തന്നെ ബീഫ് ബിരിയാണി തിന്നണം. അപ്പോളണു അവൻ അടുത്ത് ഉടക്ക് പറഞ്ഞത്... ആ ഹോട്ടലിൽ റെഗുലറായി ബീഫ് ബിരിയാണി കിട്ടാറില്ല. ഓർഡർ കൊടുത്താൽ ഉണ്ടാക്കി തരും. പിന്നെ പോരാഞ്ഞ് ഒരു പ്ലെയിറ്റ് ബീഫ് ബിരിയാണി വിത്ത് + അടി പൊളി സാലഡ്, അച്ചാർ ഇവകൾക്ക് വെറും 10 രൂപാ മാത്രം. ഹോ!!! ഇനി ഇത് തിന്നിട്ട് തന്നെ ബാക്കി കാര്യം. അപ്പോൾ എന്ത് തിന്നാലും വാൾ വെയ്ക്കുന്ന തിരുവല്ലാക്കാരൻ ചാണ്ടിക്കുഞ്ഞ് പറഞ്ഞു... “അതേ നമ്മൾ എടുത്തടിച്ച് ഇത് തിന്നേണ്ടാ. നാളത്തെ ഇവന്റെ സ്ഥിതി കണ്ടിട്ട് തീരുമാനിക്കാം”എന്ന് പറഞ്ഞപ്പോൾ, സഭ ഏകകൺഠമായി അവന്റെ തീരുമാനത്തെ ‘പിന്താങ്ങി’, അവനെ ട്രയൽ റണ്ണിനു വിട്ടു. ട്രയൽ റൺ പരിപൂർണ്ണ വിജയമായതു കൊണ്ട് അടുത്ത ശനിയാഴ്ച്ച വരെ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു.

ശനിയാഴ്ച്ച ഉച്ചയോടെ ഗാന്ധി റോഡിലെ ഊടു വഴിയിലൂടെ മൂക്കും പൊത്തി, കപ്പാട് വന്നിറങ്ങിയ വാസ്ക്കോഡ ഗാമ മറ്റ് പറങ്കികളെ കൂടി കൊണ്ട് വന്നത് പോലെ, മുൻപേ പോകുന്ന വാസ്ക്കോഡ ഗാമയുടെ പിന്നാലെ വരുന്ന ഗാമകളെ പോലെ ഞങ്ങൾ “സകല കഷ്ടവും [കാഷ്ടം എന്ന് വായിച്ചാലും തെറ്റില്ല], പ്രതിസന്ധികളും തരണം ചെയ്ത്”, നമ്മുടെ സഫിടകം സിനിയമയിൽ മോഹലാലിന്റെ സ്ഥിരം താവളമായ തട്ടുമ്പുറത്തേക്ക് കയറുന്നത് പോലെ കോണികൾ കയറി ഹോട്ടലിൽ എത്തി. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ആളുകളുടെ സ്റ്റാൻഡേർഡ് കണ്ടപ്പോൾ തന്നെ, തോമസുക്കുട്ടി വിട്ടോടായെന്ന് പറയണമെന്ന് തോന്നിയെങ്കിലും, തിരിച്ച് പോകാൻ വഴിയറിയാത്തത് കൊണ്ട് അവിടെ തന്നെ നിന്നു. ഹോട്ടലിന്റെ മുതലാളി നമ്മൂടെ ഗാമായെ കണ്ടപ്പോൾ ഭയഭക്തി ബഹുമാനത്തോടെ ഡോക്ടറെ എന്ന് വിളിച്ച് വന്നപ്പോൾ, അവൻ ഞങ്ങളെ നോക്കി വിളറിയ മുഖത്തോടെ പറഞ്ഞു...ആഹാ... ഡോകടറാന്നാ പറഞ്ഞത്....അവർ തമ്മിൽ തമ്മിൽ സംസാരിച്ചു. ഒറ്റ പ്ലേറ്റ് ബീഫ് ബിരിയാണി ഉണ്ട്. ഞങ്ങൾ പത്താളും ഉണ്ട്. ഏതായാലും ആ ഉള്ള ഒരു ബിരിയാണി പോകാതെ പാക്ക് ചെയ്ത് വേഗം സ്ഥലം വിട്ടു. ബസ്സിൽ കയറിയപ്പോൾ, ബീഫ് ബിരിയാണിയുടെ മണം കാറ്റിൽ പടർന്നപ്പോൾ പലരും മൂക്ക് തുറന്ന് പിടിക്കുന്നത് ഞങ്ങൾ കണ്ടു. റൂമിൽ ചെന്ന് കയറിയത് ഓർമ്മ ഉണ്ട്. പിന്നെ കണ്ടത് ഇല വടിച്ച് നക്കുന്ന കുറെ ‘പട്ടിണി പാവങ്ങളെയാണു’. എനിക്ക് കിട്ടിയ ഒരു പിടി ചോറിന്റെ രുചി പറഞ്ഞാൽ, ദാ!!! പിന്നെയും കപ്പലോടിക്കാൻ വെള്ളം. അവിടുന്ന് കിട്ടിയ സാലഡ് അഥവാ ചള്ളാസ്സിനു പോലൂം ഒരു പ്രത്യേക രുചി...

ഈ 5 സ്റ്റാർ ഹോട്ടൽ ആരെയും കാണിക്കാൻ പറ്റാത്തത് കൊണ്ട് ഇതിന്റെ ലോക്കേഷൻ ഞങ്ങൾ പേറ്റന്റ് എടുത്തിരുന്നു. ആരുടെ ബർത്ത്ഡേ വന്നാലും ഞങ്ങൾ ബീഫ് ബിരിയാണിയുടെ ഓർഡർ എടുത്ത്, സാധനം കൃത്യതയോടെ സപ്ലെ ചെയ്തിരുന്നുഎന്തിനു അധികം പറയുന്നു, നമ്മുടെ സിനിമാ നടൻ തിലകൻ ചേട്ടൻ, , റ്റി.വി പരസ്യത്തിൽ പറയുന്നത് പോലെ, “വിഷു, ഓണം, ക്രിസ്തുമസ്സ്... ആഘോഷമെന്തായാലും, കലണ്ട...ര്ർ മനോരമ തന്നെ”യെന്ന പരസ്യ വാചകം പോലെ, ആഘോഷമെന്തായാലും ബീഫ് ബിരിയാണി ആയി ഞങ്ങളുടെ പ്രധാനപ്പെട്ട ഐറ്റം. സ്ഥിരം കസ്റ്റമർ ആയതോടെ മുതലാളി ഞങ്ങൾക്ക് മാത്രം പത്ത് രൂപായിൽ നിന്നും 8 രൂപയാക്കി ബിരിയാണി തന്നിരുന്നുവെന്നത് പരമ രഹസ്യം.

നാട്ടിൽ പോകാൻ പോകുന്നതിന്റെ തലേന്ന്, അത്യാവശ്യമായി ഞാൻ മുതലാളിയെ പോയി കണ്ടു. കുശലപ്രശനങ്ങൾക്ക് ശേഷം, ഞാൻ എന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. മറ്റൊന്നുമല്ല.... ഈ ബിരിയാണിയുടെ റെസിപ്പി ഒന്ന് വേണം. എന്റെ അമ്മയെ കൊണ്ട് ഉണ്ടാക്കിക്കാനാണു. കാര്യം പറഞ്ഞപ്പോൾ തന്നെ, ഇന്നാ പിടിച്ചോ റെസിപ്പിയെന്ന് തോന്നുമാറു പുള്ളി പടപടാന്ന് കാര്യങ്ങൾ പറഞ്ഞ് തന്നു. അതെല്ലാം തമിഴിൽ നിന്നും കൃത്യതയോടെ മൊഴിമാറ്റം നടത്തി വലിയ ഒരു നൻറി ഒക്കെ പറഞ്ഞ് നാട്ടിൽ പോയി. വീട്ടിൽ ചെന്ന് റെസിപ്പി കാട്ടിയപ്പോൾ അമ്മ ചിറി കോട്ടി പറഞ്ഞു “ഇതു പോലെ തന്നെയാ നമ്മളും ബിരിയാണി ഉണ്ടാക്കുന്നതു”.. പിന്നെ എന്റെ കൊതി പറച്ചിൽ സഹിക്കാതെ അപ്പ, രാവിലെ തന്നെ ഇറച്ചിക്കടയിൽ പോയി, എല്ലുള്ള ബീഫ് ഒക്കെ വാങ്ങി, ബീഫ് ബിരിയാണി വെച്ചു. ശരിക്കും വെല്ലൂർ ബിരിയാണിയുടെ ഒരു GHUM [ഗും] ഈ ബിരിയാണിക്ക് ഇല്ലായിരുന്നുവെങ്കിലും, ഞാൻ കൂടുതൽ കുറ്റങ്ങൾ പറഞ്ഞില്ല. വീണ്ടും ഒരു അവധിക്കാലം ചിലവിട്ട്, അച്ചാറുകൾ കുത്തി നിറച്ച ബാഗുമായി ഞാൻ വീണ്ടും വെല്ലൂരു ചെന്നിറങ്ങി.

ഞങ്ങളുടെ ഒരു കമ്പനിക്കാരിയുടെ ബർത്ത്ഡേ... പതിവു പോലെ ബീഫ് ബിരിയാണിയുടെ ഓർഡർ ഞങ്ങൾക്ക് തന്നെ. ബർത്ത് ഡേയുടെ അന്ന് ഊടുവഴികൾ കയറിയിറങ്ങി 5 സ്റ്റാർ ഹോട്ടലിലേക്ക് പണ്ട് അക്ക് കളിക്കുന്ന കുഞ്ഞുങ്ങളെ പോലെ പലതിലും ചവിട്ടാതെ ചാടിയും ഒത്തിയും എത്തി. അവിടെ ചെന്നപ്പോൾ , പതിവിനു വിപരീതമായി ‘തട്ടിൻപുറത്തേക്കുള്ള വഴി’ ലോക്ക് ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടു.

എന്തു പറ്റി??? നോ ഐഡിയാ... തൊട്ടടുത്ത കടക്കാരനോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞു... അന്ത ഹോട്ടൽ തുറക്കമ്മാട്ടെ. തിരുടൻ...അവൻ വന്ത് ഇവളോം നാൾ എല്ലാരെയും ഏമ്മാത്തി കൊണ്ടിരുന്താൻ. ബീഫ് ബിരിയാണിയെന്ര് സൊല്ലി അന്ത തിരുട്ട് പയൽ നായി ബിരിയാണി താൻ സേൽ പണ്ണിയിട്ടിറുന്നത്. .... പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞുവെങ്കിലും ഞങ്ങൾ പലതും കേട്ടില്ല. എവിടുന്നൊക്കെയോ പട്ടിയുടെ ബൌ ബൌ ശബ്ദം ഞങ്ങളെ വിടാതെ പിന്തുടരുന്നത് പോലെ തോന്നി.
അവിടുന്ന് തിരിഞ്ഞ് പോരുമ്പോൾ, ഓടയിൽ നിന്ന് കയറി വരുന്ന ഒരു കറുത്ത പന്നിയെ കാട്ടി ഒരുത്തൻ പറഞ്ഞു, ആ നായിന്റെ മോൻ ഇതിനെ വെട്ടി ബിരിയാണിയാക്കി തരാതെയിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം.

ബിരിയാണി സപ്ലയർ അത്യാവശ്യമായി നാട്ടിൽ പോയത് കൊണ്ട് ബിരിയാണി റെഡിയായില്ലായെന്ന് പറഞ്ഞ് ഞങ്ങൾ കൂട്ടുകാരിയുടെ മുൻപിൽ തടി തപ്പി. പിന്നെ അന്ന് വിശാലമായി ചൈനാ ടൌണിൽ നിന്നും ഭക്ഷണം കഴിച്ച് ബർത്ത്ഡേ ഘോഷിച്ച് ഹോസ്റ്റലിൽ ചെന്നു കയറിയതും, ഒരുത്തൻ പിന്നെയും പറഞ്ഞു, “എന്നാലും ആ @*****@::::@ ഒടുക്കത്തെ ചെയ്ത്താണെല്ലോ നമ്മളോട് ചെയ്തത്... “. പിന്നെ കുറച്ച് വർണ്ണന കൂടിയായപ്പോൾ “ഗർഭിണി പെണ്ണുങ്ങളുടെ സംസ്ഥാന സമ്മേളന നഗറിന്റെ” സ്മെലായിരുന്നു ഞങ്ങളുടെ ഹോസ്റ്റലിനു എന്ന് പറയേണ്ടായല്ലോ, എന്റെ ഈശ്വരന്മാരെ!!!