Friday, 22 June 2007
അമ്പലപ്പുഴ പാല്‍പായസം - പാചക കുറിപ്പ്
മോള്‍ക്ക് സ്കൂള്‍ അവധി ആയി. ഇനി 2 മാസത്തേക്ക് വീട്ടില്‍ ബഹളം ഒഴിഞ്ഞു സമയം കാണില്ല. മോന്‍ അവളുമായി ഗുസ്തി പിടിക്കും, കളിപ്പാട്ടങ്ങള്‍ പൊട്ടിക്കും, കരച്ചില്‍, പിന്നെ അവര്‍ക്കിടയില്‍ സദാ റോന്ത് ചുറ്റലായിരിക്കും എന്റെ ഭാര്യയുടെ പണി. ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ പരാതികെട്ടുകളുമായി 3 ആളും കൂടും. പിന്നെ എന്റെ പ്രഷര്‍ കൂടും. കാര്‍ട്ടൂണ്‍ സി.ഡി ഇട്ടു കൊടുത്ത് പിള്ളേരെ അടക്കി ഇരുത്തരുതെന്ന് ഈ അടുത്ത ഇട വീട്ടില്‍ വന്ന ഒരു ഡോക്ടര്‍ പറഞ്ഞ കാരണം ഞങ്ങള്‍ ആ പതിവും നിര്‍ത്തി. ഏതായാലും മോളു തന്നെ ഒരു ആവശ്യം ഉന്നയിച്ചു. ഈ അവധിക്കു അവളെ കുഞ്ഞാന്റിയുടെ അടുത്ത് വിടാന്‍. ഭാര്യ വക്കാലത്തുമായി വന്ന കാരണത്താല്‍ എതിരില്ലാതെ പാസ്സ് ആയി. എനിക്കു അവധി ഇല്ലാത്ത കാരണത്താല്‍ ഭാര്യയെയും, മക്കളെയും, ബസ്സില്‍ കയറ്റി വിടാം എന്നു ഞാന്‍ സമ്മതിച്ചു. അതിനു മുന്‍പായി ഭാര്യ എനിക്കു കൂട്ടാനും, കറികളും, ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചു തന്നു. ഭാര്യയുടെ അനുജത്തിയുടെ വീട്ടില്‍ നില്‍ക്കാന്‍ 7 ദിവസത്തെ അവധിയും പാസ്സാക്കി ഞാന്‍ അവരെ ബസ്സ് കയറ്റി വിട്ടു.
ആദ്യത്തെ 2 ദിവസം വളരെ കൂള്‍ ആയി പോയി. മൂന്നാം ദിവസം ഞാന്‍ പതിവു പോലെ രാവിലെ പ്രഷര്‍ കുക്കറില്‍ അരിയും ഇട്ട് 7 പ്രാവശ്യം വിസിലും കേട്ട് [ഭാര്യയുടെ സ്പെഷ്യല്‍ ക്ലാസ്സ്]നിര്‍ത്തിയിട്ട് പോയതാണു. ഉച്ചയ്ക്കു ഡ്യുട്ടി കഴിഞ്ഞു ഡ്രസ്സ് മാറി, കൂട്ടാന്‍ എല്ലാം മൈക്രോ വേവില്‍ വെച്ചു അടുക്കളയില്‍ വന്ന് പ്രഷര്‍ കുക്കര്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി പോയി. ഇന്നു തനിക്ക് എണ്ണം തെറ്റി. ചോറു വെന്ത് കുഴഞ്ഞിരിക്കുന്നു. ഈ പരുവത്തില്‍ ചോറു ഉണ്ണാന്‍ ഒക്കില്ല. കയ്യില്‍ കിട്ടിയ തവി വെച്ചു ഒരു കുത്ത് കൊടുത്തു. ആഹാ, പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പരുവം. വീണ്ടും ചോറു ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒത്തിരി സമയവും എടുക്കും. ഫ്രിഡ്ജില്‍ നിന്നും 2 മുട്ട എടുത്ത് ഓമ്ലേറ്റ് അടിച്ചാലോ? ഒഹ് അതു കൊണ്ടു എന്റെ വിശപ്പു തീരില്ല. എന്റെ ഭാര്യക്കു പോകാന്‍ കണ്ട സമയം. പെട്ടെന്നു എന്നിലെ 'നളന്‍' ഉണര്‍ന്നു.
പ്രഷര്‍ കുക്കറിലേക്ക് 2 ഗ്ലാസ്സ് വെള്ളം ഒഴിച്ചു. വീണ്ടും അടുപ്പത്തേക്കു വെച്ചു. നന്നായി ഇളക്കി. ഇപ്പോള്‍ അതു എതാണ്ടു സാരി മുക്കാന്‍ പരുവം ആയി. സ്റ്റവ് ഓഫാക്കി, ചീന ചട്ടി അടുത്ത അടുപ്പില്‍ വെച്ചു. നെയ്യ് ഒഴിച്ചു ഒരു പിടി കശുവണ്ടി, അല്‍പം കിസ്മിസ് മുതലായവ ഇട്ടു മൂപ്പിച്ചു എടുത്തു. അതിനു ശേഷം പ്രഷര്‍ കുക്കറില്ലേക്കു, 4 സ്പൂണ്‍ നെയ്യ്, പാല്‍ പൊടി, പഞ്ചസാര, ഏലക്കാ പൊടി ഇവകള്‍ ഇട്ടു നന്നായി ഇളക്കി. നെയ്യുടെ മണം പോര. ഒഴിച്ചു ഒരു 4 സ്പൂണ്‍ കൂടി. നന്നായി ഇളക്കി. ഏതാണ്ട് ഒരു പരുവം ആയി എന്നു തോന്നിയപ്പോള്‍, നേരത്തെ മൂപ്പിച്ചു വെച്ചിരുന്ന അണ്ടിപരിപ്പും, കിസ്മിസും ചേര്‍ത്തു. അല്‍പം നേരം കൂടി ഇളക്കി. സ്റ്റവ് നിര്‍ത്തി. സാധനം ഗ്ലാസ്സിലേക്കു ഒഴിച്ചു. ചൂട് ആറാന്‍ ഫാനിന്റെ കീഴില്‍ കൊണ്ട് വെച്ചു. അല്‍പം നേരം കഴിഞ്ഞു കുടിച്ചു. ആഹ... അമ്പലപുഴ പാല്‍ പായസത്തിന്റെ അതേ രുചി. അടുത്ത ഒരു ഗ്ലാസ്സ് കൂടി കുടിച്ചു. ഉച്ചയ്ക്കു ചോറു തന്നെ ഉണ്ണണ്ണം എന്നു നിയമം ഒന്നും ഇല്ലല്ലോ. പായസവും കുടിക്കാം.
വൈകിട്ട് പുറത്തേക്കു ഇറങ്ങിയപ്പോള്‍, അടുത്ത വീട്ടിലെ ചേച്ചി ഇറങ്ങി വന്നിട്ട് ചോദിച്ചു "ഉം എന്തായിരുന്നു ഇന്നു സ്പെഷ്യല്‍? ഭാര്യയുടെ ഒരു ഭാഗ്യം. ഇന്നു ഉച്ചക്കു വീട്ടില്‍ നിന്നും ഉഗ്രന്‍ മണം വന്നപ്പോള്‍ തന്നെ ഞാന്‍ ചേട്ടനോടു പറഞ്ഞു, ദാ സെനുവിനെ നോക്കി പഠിക്കാന്‍ എന്ന്" ഞാന്‍ ഒട്ടും ഗമ വിടാതെ പറഞ്ഞു-"ഒഹ്, അല്‍പം നെയ്യ് ചോറു ഉണ്ടാക്കി, അത്ര തന്നെ"
ഭാഗ്യത്തിനു ചേച്ചി റെസിപ്പി ചോദിച്ചില്ല. പാവം ആ ചേച്ചി അറിയുന്നോ, നെയ്യ് ചോറു വന്ന വഴി.
ഭാര്യ വരാന്‍ താമസിച്ചാല്‍ കൂടുതല്‍ കൂടുതല്‍ വിഭവങ്ങളുമായി എന്നെ പ്രതീക്ഷിക്കാം.
അമ്പലപുഴ പാല്‍ പായസം ഉണ്ടാക്കുന്നവരുടെ ശ്രദ്ദ്യ്ക്കു:-
നന്നായി വിശന്നിരിക്കുമ്പോള്‍ മാത്രം ഇതു ഉണ്ടാക്കുക. അന്നേരമാ അതിന്റെ രുചി.....പിന്നെ ചൂടോടെ കുടിയ്ക്കുക.
Subscribe to:
Post Comments (Atom)
7 comments:
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ അനുഭവുമായി സാമ്യം തോന്നി. ഇങ്ങനെ ആയിരിക്കും പല വിധ പാചകരമകള്‍ ഇറങ്ങുന്നത്.
Kollaam! Keep it up.
Its My Blog
കഥ കൊള്ളാം. ചേരുവ പറഞ്ഞു തന്നതിനു് നന്ദി. ഈ ചേരുവ എനിക്കും ഇടയ്ക്കിടയ്ക്കു് ഉപയോഗിക്കാമല്ലോ? കോപ്പിറൈറ്റ് ഇല്ലെന്നു പ്രതീക്ഷിക്കുന്നു -സന്തോഷ്
ഇങ്ങനെയൊക്കെ തന്നെയാണ് പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാകുന്നത്..... കൊള്ളാം :)
വീണ്ടും ഉണ്ടാക്കാന്‍ ശ്രമിച്ചു നോക്കിക്കേ...
അപ്പോള്‍ വേറേ വിഭവം ഉണ്ടാകും...
അതിന് ഒരു പേരിടണം......
അങ്ങനെ അങ്ങനെ ഒരു പാചകവിശാരദനായി തീരും..
അങ്ങിനെ അബദ്ധം പറ്റിയല്ലേ. എനിക്കും ഇതൊക്കെ കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ ഉപകാരപ്പെടും. അതു ഉറപ്പാ.
രസമുണ്ട് വായിക്കാന്‍.എഴുത്ത് തുടരൂ.
Post a Comment