Monday, 3 February 2014

ബഹുമാനപ്പെട്ട കേന്ദ്ര പ്രവാസികാര്യ വകുപ്പു മന്ത്രി അറിയുവാൻ

ബഹുമാനപ്പെട്ട കേന്ദ്ര പ്രവാസികാര്യ വകുപ്പു മന്ത്രി അറിയുവാൻ,

ഞങ്ങൾ കാനഡായിൽ, പി.ആറായി( Permanent Residents) താമസിച്ചു വരുന്ന ഒരു ഇന്ത്യൻ മലയാളി കുടുംബമാണു. രണ്ടു വർഷമായി ഇവിടെ താമസിച്ചു വരവേ, ഗുളികന്റെ അപഹാരവും കണ്ടകന്റെ തുടക്കവും കയറി ബാധിച്ചതു കൊണ്ട്, എന്റെ 10 വയസ്സായ മകന്റെ പാസ്പ്പോർട്ട് മാർച്ചു മാസം കാലഹരണപ്പെടുകയാണെന്ന നഗ്ന സത്യം എന്റെ ഭാര്യ എന്നെ അറിയിച്ചു. അതിനെ തുടർന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്തു, പാസ്പ്പോർട്ട് പുതുക്കുന്നതിലേക്ക് വേണ്ടിയ അപേക്ഷാ ഫോറങ്ങൾ എല്ലാം പൂരിപ്പിച്ചു, ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത്, ശനിയുടെ അപഹാര ദിനമായ ശനിയാഴ്ച്ച രാവിലെ 7.10 എന്ന ശുഭ മുഹൂർത്തത്തിൽ ഞങ്ങൾ കുടുംബ സമേതം പാസ്പോർട്ട് പുതുക്കുന്ന ബി.എൽ.എസ് എന്ന ഏജൻസിയിലേക്ക് കുതിച്ചു. 8.00 മണിക്കാണു ഓഫീസ് തുറക്കുന്നത്. തുറക്കുന്നതിനു മുൻപു തന്നെ അവിടെ എത്തി, എത്രയും പെട്ടെന്ന് കാര്യങ്ങൾ പൂർത്തിയാക്കി തിരിച്ചു വീട്ടിൽ വരികയെന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണു കനത്ത മഞ്ഞു വീഴ്ച്ചയെ അവഗണിച്ച് 7.10 എന്ന ശുഭ മുഹൂർത്തം ഞങ്ങൾ തെരഞ്ഞെടുത്തതു തന്നെ.

7.40 മണിക്ക് ഞങ്ങൾ അവിടെയെത്തിയപ്പോൾ തന്നെ നാട്ടിൽ, ബിവറേജസ് കോർപ്പറെഷന്റെ മുൻപിലെ ക്യൂ ഓർമ്മിപ്പിക്കുമാറു ഒരു നെടു നീളൻ ക്യൂ കണ്ടപ്പോളെ ഞങ്ങൾ കൃത്യ സ്ഥലത്ത് എത്തി ചേർന്നുവെന്ന് ബോദ്ധ്യമായി. കാനഡായിൽ വന്ന് രണ്ട് വർഷത്തിനിടെ ഇവിടുത്തെ പല ഓഫീസുകളിലും പല കാര്യങ്ങൾക്ക് പല അവസരങ്ങളിൽ കയറി ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ഒരു ക്യൂ അതു ഓഫീസ് തുറക്കുന്നതിനു മുൻപേ കണ്ടപ്പോഴെ, നമ്മൾക്ക് എട്ടിന്റെ പണി കാനഡായിലും ഇന്ത്യൻ സർക്കാർ തന്നുവെന്ന് ബോദ്ധ്യപ്പെട്ടു.

കാനഡായിലായതു കൊണ്ടാകാം, ഏതായാലും കൃത്യ സമയമായ 8.00 മണിക്ക് തന്നെ വാതിൽ തുറക്കപ്പെട്ടു. പരുമല കബറിടത്തിൽ പോകുന്ന ഭക്തജനങ്ങൾ പദയാത്ര നടത്തുന്ന കണക്കെ വളരെ ഭയഭക്തി ബഹുമാനത്തോടെ ഓഫീസിൽ പ്രവേശിച്ച് ആഗമനോദ്ദേശ്യം അവിടെയിരുന്ന ഒരു സാറിനോട് പറഞ്ഞപ്പോൾ, സകലതും കേട്ട ശേഷം A31 എന്ന റ്റോക്കൺ നമ്പർ തന്നപ്പോൾ, ആദ്യമായി എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നുവെനിക്ക്. റ്റോക്കൺ നമ്പർ A1, ബോർഡിൽ തെളിഞ്ഞപ്പോൾ, അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണ്ണ മെഡൽ കിട്ടിയപ്പോൾ കാണിച്ച സന്തോഷത്തോടെ, ഒരു ഇന്ത്യാക്കാരൻ പോകുന്നതു കണ്ടപ്പോൾ എനിക്ക് ലേശം അസൂയ തോന്നിയെന്നതു പരമമായ സത്യമാണു. 10 മിനിട്ടു കഴിഞ്ഞപ്പോഴാണു ആ ഞെട്ടിക്കുന്ന കാര്യം എനിക്ക് ബോദ്ധ്യപ്പെട്ടത്. 7 കൗണ്ടറുകൾ ഉള്ള ആ ഓഫീസിൽ ആകെ രണ്ട് സീറ്റുകളിൽ മാത്രമേ സാറും, മാഡവും ഉള്ളു. ബാക്കി സീറ്റുകളെല്ലാം ഭാരതീയ സർക്കാരോഫീസുകൾ പോലെ തന്നെ അനാഥമായി കിടക്കുന്നു.

അല്പ സമയം കഴിഞ്ഞപ്പോൾ, റ്റോക്കൺ നമ്പർ A1 കിട്ടിയ ഭാരതീയൻ, മൂത്ര പരിശോധനയിൽ സ്വർണ്ണ മെഡൽ നഷ്ടപ്പെട്ടവനെ പോലെ പേപ്പറുകളെല്ലാം സാറിന്റെ കൈയിൽ നിന്നും തിരികെ വാങ്ങി, ഇനി പിന്നെ എല്ലാം ശരിയാക്കി കൊണ്ട് വരാമെന്ന് പറഞ്ഞു പോകുന്നത് കണ്ടപ്പോഴെ, ബാലചന്ദ്രമേനോൻ സിനിമയിൽ പറയുന്ന ഡയലോഗ് പോലെ "തൃപതിയായി കുട്ടാ... തൃപ്തിയായി".. എന്ന് നെഞ്ചും തടവി റ്റോക്കൺ നമ്പറുകൾ മാറുന്നത് കാണാൻ കണ്ണു ചിമ്മാതെ നോക്കി നിന്നു.

സമയം ഒച്ച് ഇഴയുന്നതു പോലെ, ഇവിടുത്തെ സാറന്മാരാണെങ്കിൽ അതിലും ഇഴയുന്നു. അപ്പോൾ ദാ, മകൻ പതുക്കെ വന്ന് എന്നെ ചൊറിഞ്ഞിട്ടു അവനു വാഷ്റൂമിൽ പോകണമെന്ന് പറഞ്ഞു. ആ ഓഫീസിൽ പല കതകുകൾ കണ്ടെങ്കിലും, വാഷ്റൂമെവിടെയെന്ന് അറിയാൻ വയ്യാഞ്ഞ കാരണത്താൽ റ്റോക്കൺ തന്ന സാറിന്റെ അടുത്ത് തന്നെ ചെന്ന് വീണ്ടും തല വണങ്ങി, ശബ്ദം താഴ്ത്തി കാര്യം ചോദിച്ചപ്പോൾ.. ഹാ ഹാ... ഇവിടെയങ്ങനെയൊരു കാര്യമേയില്ലായെന്ന് മൊഴിഞ്ഞു.

വെളിയിലിറങ്ങിയപ്പോൾ, തൊട്ടടുത്തുള്ള ബാസ്ക്കിൻസ് റോബിൻസിന്റെ വാതിലിൽ, കസ്റ്റമേഴ്സ് അല്ലാത്തവർക്ക് വാഷ് റൂം ഉപയോഗിക്കാൻ ചാർജ്ജ് ഈടാക്കുമെന്ന ഒരു ബോർഡ് ഞങ്ങളെ ഇളിച്ചു കാണിക്കുന്നതായി തോന്നി. അയൽവാസി ഒരു ദരിദ്രവാസിയായാൽ കാനഡാക്കാരും പല ബോർഡുകളും വെയ്ക്കുമെന്ന് എനിക്ക് മനസ്സിലായി. 9.00 മണിയെ ആയിട്ടുള്ളു... മോനു മൂത്രം ഒഴിച്ചെ പറ്റു. അതു കൊണ്ട് തണുത്ത് മഞ്ഞു വീണു കൊണ്ടിരുന്ന ആ സമയത്തും മോനും, മോൾക്കും ഒരോ ഐസ്ക്രിം വാങ്ങി കൊടുത്ത്, കാര്യം സാധിച്ച് മാന്യമായി ഇറങ്ങി വീണ്ടും ഓഫീസിൽ നിൽപ്പായി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ആളുകളുടെ എണ്ണം കൂടി കൂടി വന്നതല്ലാതെ, അവിടെ കാര്യങ്ങൾ ഒന്നും പുരോഗമിക്കുന്നതായി ശ്രദ്ധയിൽ പെട്ടില്ല. റ്റോക്കൺ നമ്പർ തെളിഞ്ഞു കൗണ്ടറിൽ ചെന്നു നിൽക്കുന്നവരിൽ കാണുന്ന ആദ്യ സന്തോഷം, അവിടെ നിന്നു പോകുമ്പോൾ പലരിലും കണ്ടില്ല.

സായിപ്പന്മാരും, മദാമ്മമാരും ഇന്ത്യ കാണാനുള്ള ആഗ്രഹത്തോടെ ക്യൂവിൽ വന്ന് നിന്നു മടുത്ത്, കസേരകൾ കിട്ടാത്ത കാരണത്താൽ നിലത്ത് കുത്തിയിരിക്കുന്നത് കണ്ടപ്പോൾ, ഭാരത സർക്കാരിന്റെ മുൻപിൽ വിദേശികൾ മുട്ടു മടക്കുന്നതിങ്ങനെയാണല്ലോ ദൈവമേയെന്നോർത്ത് A31 എന്ന നമ്പർ തെളിയുന്നതും കാത്ത് ഞങ്ങൾ നിൽപ്പ് തുടർന്നു.2.15നു 31 നമ്പർ ബോർഡിൽ തെളിഞ്ഞപ്പോൾ, അവിടെ കുത്തിരിക്കുന്ന എല്ലാവരെയും ഒന്ന് നോക്കി, മാഡത്തിന്റെ മുൻപിൽ ഞങ്ങൾ പേപ്പറുകൾ സമർപ്പിച്ചു. കൊടുത്ത അപേക്ഷകൾ തിരിച്ചും മറിച്ചും നോക്കിയിട്ട്, ആ പേപ്പർ എവിടെ, ഈ പേപ്പർ എവിടെയെന്ന് ചോദിച്ചപ്പോൾ, എന്റെ ഭാര്യ, ചോദിച്ച പേപ്പറുകൾ മുറ തെറ്റാതെ കൊടുത്തു കൊണ്ടിരുന്നു. ഡൗൺലോഡ് ചെയ്ത അപേക്ഷയിൽ 2 പേപ്പറുകളിൽ പല സ്ഥലങ്ങളും പൂരിപ്പിക്കാനുണ്ട്. അതെല്ലാം പൂരിപ്പിക്കാൻ പറഞ്ഞു. അപേക്ഷ ഫോറത്തിൽ 2 പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ട് വരാനാണു പറഞ്ഞതു. ഞങ്ങൾ രണ്ടെ കൊണ്ടു വന്നിട്ടുള്ളു. അവർക്ക് 4 എണ്ണം വേണം. ഇവിടെ തന്നെ ഫോട്ടോ എടുത്തു തരുമെന്ന് മാഡം പറഞ്ഞതും, ആ സാറിന്റെ അടുത്തേക്ക് ഞങ്ങൾ പോയി. അപ്പോൾ ആ സാറിന്റെ കൈയിൽ "ഫോട്ടം പതിയാനുള്ള പേപ്പറില്ലത്രെ". അതിനാൽ അടുത്ത സ്റ്റുഡിയോ ലക്ഷ്യമാക്കി ഓടി.

ഫോട്ടൊയും കൊണ്ട് തിരിച്ചു വന്നപ്പോൾ ലൈനിൽ നിന്നും ഭാര്യ പുറത്ത്. ഏതായാലും മാഡം കനിഞ്ഞു, ഞങ്ങളുടെ അപേക്ഷ കൈ പറ്റി പണവും അടച്ച് വിജയ ശ്രീലാളിതരായി പുറത്തേക്കിറങ്ങുമ്പോൾ, അത്രയും നേരവും ക്യൂ നിന്ന് മടുത്ത്, പിന്നെ കുത്തിയിരുന്ന് മടുത്ത ഒരു സായിപ്പും മദാമ്മയും അവിടെ വെച്ചിരുന്ന ഒരു ഫോട്ടോയിൽ നോക്കി..അതിനു താഴെ എഴുതി വെച്ചിരുന്ന ഇൻ ക്രെഡിമ്പിൾ ഇന്ത്യാ എന്ന് വായിച്ചിട്ട് ; പിന്നെ ന്യൂ ജനറേഷൻ സിനിമകളിൽ പറയുന്ന ഒരു ടൂ... ടൂ.. തെറിയും വിളിച്ച് ഇറങ്ങി പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി പോയി.

പ്രവാസികാര്യ മന്ത്രി എന്ന നിലയിലും അല്ലാതെയും ഒക്കെ താങ്കളൊക്കെ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നു. ആ സമയത്ത്, ഏതെങ്കിലും ഒക്കെ നല്ല എംബസ്സികളിൽ പോയി അവരൊക്കെ അവിടെ വന്നു പോകുന്നവരെ എങ്ങനെയാണു പറഞ്ഞു വിടുന്നതെന്ന് പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

അതെങ്ങനാ... പണ്ടുള്ളവർ പറയുമ്പോലെ പട്ടിയുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും, കുഴലു വളയുകയല്ലാതെ വാലു നിവരുകയില്ല.

"ഇൻക്രെഡിമ്പിൾ ഇന്ത്യ", "മേരാ ഭാരത് മഹാൻ ഹെ", "കേരളാ ഗോഡ്സ് ഓൺ കൺട്രി" എന്നൊക്കെ അച്ചടിച്ചു കാണുമ്പോൾ ഉള്ള സുഖം അനുഭവത്തിൽ വരുമ്പോൾ കിട്ടുന്നില്ലായെന്നത് പരമമായ ഒരു സത്യം മാത്രമാണു. ഏതു ദേശത്ത് ചെന്നാലും ഇന്ത്യ എന്നും ഇന്ത്യ തന്നെ. ആ "പാര"മ്പര്യം ഇന്നും കൈ മോശം വരാതെ സൂക്ഷിക്കുന്നു.
എന്റെ ദേശം എന്നെങ്കിലും നന്നാകണേയെന്ന പ്രാർത്ഥനയോടെ....

മാനസിക പ്രയാസത്തോടെ..
ഒരു പ്രവാസി.(Senu Eapen Thomas)