Saturday, 31 October 2009

ഇമ്മിണി ബലിയ ഒരു "A" സിനിമ.

മനോരമ ന്യൂസില്‍ ഒരു പരസ്യം ഉണ്ട്‌:- ദേ!!! സിനിമാ വണ്ടി വരുന്നേ..... എന്ന് തുടങ്ങുന്ന പരസ്യം ശരിക്കും എന്നെ എന്റെ കുഞ്ഞും നാളിലേക്ക്‌ കൊണ്ട്‌ പോയി. പണ്ട്‌ സിനിമാ വണ്ടിയുടെ അനൗണ്‍സ്‌മെന്റും, അതിന്റെ പുറകെ ഓടുമ്പോള്‍ കിട്ടുന്ന നോട്ടീസും, അതിലെ കഥ സംഗ്രഹം വായിച്ച്‌ കിട്ടുന്ന സംതൃപ്തിയും ഒക്കെ അറിയാതെ ഓര്‍ത്ത്‌ പോയി. ഇതു പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ശബ്ദവും ഉണ്ടായിരുന്നു.. ഠിം, ണിം ഠിം, ണിം അടിച്ച്‌ നമ്മളെ ചക്ക പഴത്തിലെ ഈച്ചകളെ പോലെ അടുപ്പിച്ചിരുന്ന് ഐസ്‌ മിഠായി വില്‍പ്പനക്കാരന്‍.

അന്ന് 5 പൈസക്ക്‌ കിട്ടിയിറുന്ന പോത്തണ്ടി [ചക്കര] മിഠായിയും, പച്ച പേപ്പറില്‍ പൊതിഞ്ഞ്‌ കിട്ടിയിരുന്ന ന്യൂട്രിന്‍ മിഠായിയും, ഗ്യാസ്‌ മിഠായിയ്ക്കും, നെയ്യ്‌ ബൂസ്റ്റിനും ഒക്കെ എന്തായിരുന്നു രുചി...

എന്റെ കുഞ്ഞും നാളില്‍ സിനിമാ കാണണമെങ്കില്‍...അതൊരു ചടങ്ങായിരുന്നു. തോമസ്‌ ഐസക്ക്‌, കേന്ദ്രത്തോട്‌ കടം വാങ്ങുന്നത്‌ ഇതിലും എളുപ്പമാണെന്നാണു എനിക്ക്‌ തോന്നുന്നത്‌. മലയാള സിനിമയില്‍ വൃത്തിക്കേടുകള്‍ ഉള്ളതിനാല്‍ അപ്പ ഞങ്ങളെ ഇംഗ്ലീഷ്‌ സിനിമകള്‍ക്കെ കൊണ്ട്‌ പോവുകയുള്ളു. ഹൊ!!! മലയാള സിനിമയെ കാട്ടിലും വള്‍ഗര്‍ അല്ലെ, ഇംഗ്ലീഷ്‌ സിനിമായെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍, നിങ്ങളെയും കടത്തി വെട്ടുന്ന ബ്രയിന്‍ ഉള്ള അപ്പ, " ദി ആനിമല്‍ കിങ്ങ്ഡം", "ദി കിംഗ്‌ എലിഫന്റ്‌","ദ ജംഗിള്‍ ബുക്ക്‌" മുതലായ കാടും, മൃഗങ്ങളും ഇതിവൃത്തമായ സിനിമകള്‍ക്കാണു ഞങ്ങളെ കൊണ്ട്‌ പോകാറു. സൊമാലിയക്കാരന്റെ മുന്‍പില്‍ എക്സ്‌പെയറി ഡെയറ്റ്‌ കഴിഞ്ഞ ഫുഡും അമൃത്‌ എന്ന് പറഞ്ഞത്‌ മാതിരി, അപ്പയുടെ ഈ കാടന്‍ സ്നേഹവും സാഹശ്‌ചര്യ സമ്മര്‍ദ്ദം മൂലം ഞങ്ങളും അമൃതായി തന്നെ സ്വീകരിച്ചു. എന്നാലും സ്ക്കൂളില്‍ പോകുന്ന വഴിയില്‍ അവളുടെ രാവുകളിലെ സീമാ ചേച്ചി മുട്ടോളം ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍സ്‌ എണ്ണിയും, രതി നിര്‍വേദം, തകര, എന്റെ റ്റ്യൂഷന്‍ റ്റീച്ചര്‍ മുതലായ ഓസ്ക്കാര്‍ അവാര്‍ഡ്‌ സിനിമകളുടെ പോസ്റ്റര്‍ നോക്കിയും, നോക്കാതെയും ആശ്വസം അടക്കിയിരുന്ന ഒരു കാലം.

പിന്നെ മലയാള സിനിമാ കാണാന്‍ പറ്റുന്ന ഏക സമയം ഓണത്തിനാണു. പൊടിയാടി വായനശാലയുടെ ആഭിമുഖ്യത്തില്‍, പൊടിയാടി എല്‍.പി സ്ക്കൂളിലെ ഏതെങ്കിലും ക്ലാസ്സ്‌ മുറിയില്‍ വെച്ച്‌ കാഞ്ചന സീത, കണ്ടം വെച്ച കോട്ട്‌ മുതലായ ഹിറ്റ്‌ പടങ്ങള്‍, അന്നത്തെ വായനശാലയുടെ സെക്രട്ടറിയുടെയോ, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയോ കീറിയതും, പറിഞ്ഞതുമായ ഒരു ഡബിള്‍ മുണ്ട്‌ വലിച്ച്‌ കെട്ടി കാണിക്കും. പല സിനിമകളും മുഴുവന്‍ കാണാന്‍ പറ്റില്ല. കാരണം സിനിമായിലെ നായകന്‍ അടി പൊളി രണ്ട്‌ ഡയലോഗസ്‌ പറയുമ്പോളോ, ഒരു ബലാല്‍സംഗത്തിനു തയ്യറെടുക്കുമ്പോഴും ഒക്കെ റീല്‍ പൊട്ടി പോകും. പിന്നെ ഒട്ടിച്ച്‌ കാണികുമ്പോള്‍ അടുത്തത്‌ കാണുന്നത്‌ THE END എന്നുമായിരിക്കും. എന്റെ ഈ ദുര്‍ഗതി ലോകത്ത്‌ ഒരു മകനും ഉണ്ടാകരുതേയെന്ന് സൈക്കിള്‍ ബ്രാന്‍ഡ്‌ 3 ഇന്‍ വണ്‍ അഗര്‍ബത്തികള്‍ കത്തിച്ച്‌ നെഞ്ചുരുകി പ്രാര്‍ത്ഥിച്ച്‌ നടന്നിരുന്ന ഒരു സമയം.. ഹോ!!! അണ്‍സഹിക്കബിള്‍ കാലഘട്ടം.

തിരുവല്ലയില്‍ പണ്ട്‌ രണ്ടെ, രണ്ട്‌ സിനിമാ കൊട്ടകകളാണുള്ളത്‌. തിരുവല്ല ദീപാ തിയേറ്ററും, സി.വി.എം-ഒ/സി തിയേറ്ററും. [ഒ/സി- ഓല കൊട്ടകയുടെ ചുരുക്കെഴുത്ത്‌]. സി.വി.എം പേരു പോലെ തന്നെ “സീറ്റിനടിയില്‍ വലിയ മൂട്ടകളെ” മൊത്തമായും, ചില്ലറയായും വളര്‍ത്തുന്ന തിയേറ്റര്‍. ഈ തിയേറ്ററിലാണു ഇംഗ്ലീഷ്‌ സിനിമകള്‍ വരുന്നത്‌. ആയതിനാല്‍ ഇതായിരുന്നു ഞങ്ങളുടെ പഴയ വീഗാലാന്‍ഡ്‌. വീഗാ ലാന്‍ഡില്‍ വെള്ളത്തില്‍ നിന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലെ തന്നെ, സിനിമാ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ സീറ്റിന്റെ അടുത്ത മൂലയിലേക്ക്‌ മാത്രം മാറി നിന്ന് മൂത്രം ഒഴിക്കാന്‍ സൗകര്യമുള്ള “റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ തീയേറ്റര്‍” കൂടിയായിരുന്നു ഇത്‌.

വല്ലപ്പോഴുമാണു സിനിമയ്ക്ക്‌ പോകുന്നത്‌. അതിനാല്‍ സമയത്തിനു മുന്‍പേ ആ തീയറ്ററില്‍ പോയി, കപ്പലണ്ടിയും, പപ്പട ബോളിയും ഒക്കെ വാങ്ങി സിനിമയ്ക്ക്‌ കയറിയാല്‍ പിന്നെ തീരുന്നത്‌ വരെ കണ്ണ്‍ ചിമുക്കാതെ സ്ക്രീനില്‍ തന്നെ നോക്കിയിരുന്ന് ഒറ്റ സീനും മിസ്സാക്കതെയിരുന്ന് കാണും. ആ സമയത്ത്‌ സിനിമയ്ക്ക്‌ മുന്‍പെ ന്യൂസ്‌ റീല്‍ എന്നൊരു ഏര്‍പ്പാടും ഉണ്ടായിരുന്നു. 1946- മഹാത്മാഗാന്ധിയും, നെഹറുവും ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വേണ്ടി നടത്തിയ സമര കഥകളിലെ മലയാളം ഡയലോഗസ്‌ വരെ കാണാതെ പഠിച്ച്‌ ആത്മ സംതൃപ്തി നേടിയിരുന്ന ആ കാലം.

അങ്ങനെയുണ്ടായിരുന്ന ആ കാലത്താണു ഈ സംഭവം നടന്നത്‌. അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു. അന്ന് പതിവു പോലെ ഉച്ച ഭക്ഷണവും ഒക്കെ കഴിച്ച്‌, അപ്പ പത്രവും എടുത്ത്‌ ഉച്ചയുറക്കത്തിനായി പോയി. ഞാനും അപ്പയെ പതിയ അനുധാവനം ചെയ്തു. അപ്പ വായിച്ചു തള്ളുന്ന പത്രത്തിലെ സിനിമാ പരസ്യങ്ങളും ഒക്കെ നോക്കി വെള്ളമിറക്കുന്ന ആ സമയത്താണു എന്റെ മനസ്സിനെ പുളകം ചാര്‍ത്തുന്ന ആ സംഭവം എന്റെ കണ്ണില്‍പെട്ടത്‌.സൂപ്പര്‍ ലോട്ടോ അടിച്ച പാണ്ടിക്കാരനെ പോലെ ഞാന്‍ ആര്‍ത്തട്ടഹസിച്ചു.. അപ്പയോടു പറഞ്ഞു... അപ്പാ.. തിരുവല്ലാ ദീപാ തീയെറ്ററില്‍ അടി പൊളി ഇംഗ്ലീഷ്‌ സിനിമ. അപ്പ കൊണ്ടു പോകാമോ? [ഞങ്ങള്‍ ആ സമയം വരെയും ദീപാ തീയെറ്ററില്‍ പോയി സിനിമാ കണ്ടിട്ടില്ല. ദീപാ തിയേറ്റര്‍ ബാല്‍ക്കണിയൊക്കെയുള്ള സിനിമാ തിയേറ്ററുമാണു.] എന്തു സിനിമയാടാ വന്നിരിക്കുന്നത്‌? അപ്പ, പ്ലീസ്‌ അപ്പാ.. അപ്പ കൊണ്ട്‌ പോകുമോ?? പ്ലീസ്‌ അമ്മാ.. ദേ ദീപാ തിയേറ്ററില്‍ ഇംഗ്ലിഷ്‌ സിനിമാ... ചേച്ചി ഇങ്ങോട്ട്‌ വായോ... ഞാന്‍ അലറി കൂവി.

എന്റെ കൂട്ട നിലവിളി കേട്ട്‌ അമ്മ അടുക്കളയില്‍ നിന്നും, ചേച്ചി അടുത്ത മുറിയില്‍ നിന്നും രംഗ പ്രവേശനം നടത്തിയപ്പോള്‍ തപ്പി തടഞ്ഞ്‌ ഞാന്‍ ആ സിനിമയുടെ പേരു വായിച്ചു... P R E G N A N C Y & Child Birth... സിനിമായുടെ പേരു വായിച്ച്‌ ഞാന്‍ തല ഉയര്‍ത്തിയപ്പോഴെയ്ക്കും, കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ ജനക്കൂട്ടത്തെ ഓടിച്ച്‌ വിട്ട പോലീസ്‌ കണക്കെ ഞാനും ആ പത്രവും മാത്രം അവിടെ. പിന്നെ എനിക്കും അധികം നേരം പിടിച്ചു നില്‍ക്കാനായില്ല. ആര്യഭട്ട വിക്ഷേപിച്ച ശേഷം അത്‌ എപ്പോള്‍ ആരുടെ മണ്ടയില്‍ വീഴുമെന്നറിയാതെയിരുന്ന ശാസ്ത്രജ്ഞന്മാര്‍ ഓടുന്ന കണക്കെ തന്നെ ഞാനും ഓടി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യവുമായി....

തിങ്കളാഴ്ച്ച സ്ക്കൂളില്‍ പോകാനായി റോഡില്‍ ചെന്നപ്പോള്‍ കണ്ണപ്പന്‍ ചേട്ടന്റെ ചായക്കടയുടെ മുന്‍പില്‍, ദാ താന്‍ കടുക്കട്ടിയായി വായിച്ച്‌ എല്ലാവരെയും ഓടിച്ച ഇംഗ്ലീഷ്‌ സിനിമയുടെ പോസ്റ്റര്‍. അത്‌ കണ്ടപ്പോള്‍ തന്നെ ആ പോസ്റ്ററിലെ പെണ്ണിനെ പോലെ എനിക്കും അങ്ങ്‌ 'വയറു നിറഞ്ഞു'. ചേച്ചി ആ പോസ്റ്റര്‍ കണ്ടോയെന്ന് ഏറു കണ്ണിട്ട്‌ നോക്കിയപ്പോള്‍, ചേച്ചി പറഞ്ഞു..ഇതാണു നിനക്ക്‌ കാണാന്‍ പറ്റിയ ഇംഗ്ലീഷ്‌ സിനിമ..അറിയാന്‍ വയ്യാത്ത പൊട്ടത്തരങ്ങള്‍ എല്ലാരുടെയും മുന്‍പില്‍ വെച്ച്‌ വിളമ്പരുത്‌... ഏതായാലും ആ പോസ്റ്റര്‍ മാറുന്നത്‌ വരെ ഞാന്‍ ഡിസെന്റായിരുന്നു.

കോളെജില്‍ കയറിയ ശേഷം സിനിമയ്ക്ക്‌ കൊണ്ട്‌ പോകാമോയെന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല..വീട്ടില്‍ ആരുമറിയാതെ ക്ലാസ്സുകള്‍ കട്ട്‌ ചെയ്ത്‌ സിനിമകള്‍ നമ്മള്‍ കണ്ട്‌ ആസ്വദിച്ചു. അപ്പ പണ്ട്‌ കാണിച്ച മാതിരി ഒറ്റ ഇംഗ്ലീഷ്‌ പടം ഞാന്‍ പിന്നെ കണ്ടിട്ടുമില്ല. ജുറാസിക്ക്‌ ഉദ്യാനവും [Jurrasic Park] , ചേരി പട്ടി കോടീശ്വരനും [Slum Dog Millionaire] ഒക്കെ എന്റെ പട്ടിക്ക്‌ പോലും കാണേണ്ട...അല്ല പിന്നെ...

Tuesday, 6 October 2009

കര്‍ഷക ശ്രീ ബ്ലോഗര്‍..

പഴമ്പുരാണംസ്‌ താത്ക്കാലികമായി നിര്‍ത്താനുള്ള എന്റെ തീരുമാനം കുടുംബത്തിനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും, ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കുടുംബത്തിന്റെ കൂടെ സമയം ചെലവിടാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന വിവരം എങ്ങനെയോ മിനിസ്റ്ററിയും അറിഞ്ഞുവെന്ന് തോന്നി. ഉടനെ തന്നെ, 4 മാസത്തേക്ക്‌ ബുറൈമിയെന്ന സ്ഥലത്തേക്ക്‌ എന്നെ മാറ്റി. വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ജോലി സ്ഥലം... അലൈന്റെ ബോര്‍ഡര്‍... ഇപ്പോള്‍ താമസിക്കുന്ന ഇബ്രി എന്ന സ്ഥലത്തേക്കാള്‍ ഇമ്പിറിക്കോളം നല്ല ഒരു സ്ഥലം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്ക്‌... ഈ സാഹശ്ചര്യം മുതലാക്കി, എന്റെ ഭാര്യയും, മക്കള്‍സും വലിയ അവധിക്ക്‌ നാട്ടിലേക്ക്‌ കുതിച്ചു.

പറയാന്‍ വന്നത്‌ ഇതൊന്നുമല്ല. പഴമ്പുരാണംസ്‌ നിര്‍ത്താനുള്ള പോസ്റ്റ്‌ വായിച്ച്‌, ദുബായിലെ ഒരു പ്രശസ്ത ബ്ലോഗര്‍ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി. അല്‍പം കഴിഞ്ഞപ്പോള്‍ ബ്ലോഗറുടെ ഭാര്യ, എന്റെ ഭാര്യയെ വിളിച്ച്‌ സംസാരിച്ചു. ശ്ശോ!!! സെനു എടുത്ത പോലെ ഒരു തീരുമാനം ഇവിടെ കൂടെ എടുത്തിരുന്നെങ്കില്‍?? എന്റെ ബെറ്റീ... ജോലി കഴിഞ്ഞ്‌ വന്നാലുടന്‍ കമ്പ്യൂട്ടര്‍... പിന്നെ ബ്ലോഗെഴുത്ത്‌.. കമന്റിടീല്‍... അതു കഴിഞ്ഞ്‌ ഉടനെ ഓര്‍ക്കുട്ടില്‍.. പിന്നെ ഫേസ്‌ ബുക്കില്‍... അതു കഴിഞ്ഞ്‌ ഉടന്‍ റ്റ്വിറ്ററില്‍... എന്നു വേണ്ട കണ്ണില്‍ കണ്ട സകല ഏടാകൂടത്തിലും കയറി എല്ലാരോടും എല്ലാം പറഞ്ഞ്‌ ചപ്പാത്തിയും കഴിച്ച്‌, കയറി കിടക്കും. ഇപ്പോള്‍ ഓഫീസില്‍ എന്തവാണു നടക്കുന്നത്‌, വീട്ടില്‍ എന്താണു നടന്നത്‌? യേഹെ... ഇന്ന് എന്റെ കെട്ടിയവന്‍ ബ്ലോഗറുടെ വിശേഷങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, ഞാനും റ്റ്വിറ്ററില്‍ കയറേണ്ടിയ സ്ഥിതിയിലാണു. ദൈവമേ... സെനുവിനെ പോലെ “എന്റെ ബ്ലോഗറക്കും” ഇങ്ങനെ വെളിവ്‌ ഉണ്ടാകണെയെന്ന് പ്രാര്‍ത്ഥനയോടെ ബ്ലോഗിണി ഫോണ്‍ താത്ത്‌ വെച്ചു. എന്റെ ഭാര്യയുടെ വായില്‍ നിന്ന് ചിരിയോടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒരു നായയ്ക്ക്‌ മറ്റൊരു നായ കൂട്ടുണ്ടാവുന്നത്‌ ഇഷ്ടമുള്ള കാര്യമാണല്ലോ

ബുറൈമി ജീവിതം കഴിഞ്ഞ്‌ ഞാന്‍ തിരിച്ച്‌ വന്നപ്പോഴെയ്ക്കും, എന്റെ ഭാര്യയും, മക്കള്‍സും അവധിയും കഴിഞ്ഞ്‌ തിരിച്ച്‌ വന്നു. ഞാന്‍ അപ്പോളും ബ്ലോഗില്‍ നിന്ന് മാറി നിന്നു.

അങ്ങനെ നിനച്ചിരിക്കാത്ത വേളയില്‍, ഞാന്‍ പിന്നെയും പോസ്റ്റുമായി ബ്ലോഗില്‍ വന്നു. അന്ന് വൈകിട്ട്‌ എന്നെ ദുബായി ബ്ലോഗര്‍ വീണ്ടും വിളിച്ചു. ഒടുക്കം പിന്നെയും ഭാര്യമാര്‍ തമ്മിലായി സംസാരം. ഇക്കുറി ദുബൈ ബ്ലോഗിണി പറഞ്ഞു:- ഇപ്പോള്‍ പുള്ളി ബ്ലോഗ്‌ നിര്‍ത്തി. കൃഷിയാണു കൃഷി. ആയത്‌ കൊണ്ട്‌ ജീവിതതിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു. ഇപ്പോള്‍ 5 മണിക്ക്‌ ഒക്കെ അലാറം വെച്ച്‌ എഴുന്നേറ്റ്‌ പാടത്ത്‌ വെള്ളം ഒഴിക്കും. ഇതൊക്കെ കേട്ടപ്പോഴെക്കും എന്റെ ഭാര്യയുടെ മുഖം മാറി. ഉം.. ഉം... ഇവിടെ ഒരുത്തന്‍ ദാ പിന്നെയും ബ്ലോഗില്‍... അതെങ്ങനാ... ബ്ലോഗെഴുത്ത്‌ നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ അയ്യോ അച്ഛാ പോകല്ലെ, അയ്യോ അച്ഛാ പോകല്ലെയെന്ന് പറയുമ്പോലെ കുറെ ഫാന്‍സ്‌ ഇറങ്ങും... അയ്യോ... സെനു, പോകല്ലെ, അയ്യോ സെനു പോകല്ലെയെന്ന് പറഞ്ഞ്‌. എന്നാല്‍ ഇവര്‍ക്ക്‌ ഒന്നും അറിയണ്ടായല്ലോ നമ്മുടെ പ്രശനം.

അവള്‍ അവളുടെ പരാതിപ്പെട്ടി തുറന്നപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നും ബ്ലോഗിണി ചിരിച്ചോണ്ട്‌ പറഞ്ഞു...എന്റെ ബെറ്റീ... ഇതുങ്ങള്‍ ഒന്നും ശരിയാകില്ലെന്നെ. ബ്ലോഗ്‌ നിര്‍ത്തുന്നൂവെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും ഒന്ന് സന്തോഷിച്ചതാ.. ഇപ്പോള്‍ ഏതാണ്ട്‌ ഫേസ്‌ ബുക്കില്‍ അങ്ങോട്ട്‌ പൈസ ഒക്കെ അടച്ച്‌ സ്റ്റ്രൊബെറി കൃഷി നടത്തുന്നു. ഭയങ്കര ആദായമാ... എന്തോരം പോയിന്റ്സാ കിട്ടുന്നതെന്ന് അറിയാമോ... അയ്യോ ഇങ്ങേരു ഇതെല്ലാം കൂടി തൃശ്ശൂര്‍ ഇക്കിയിക്കി [ICICI] ബാങ്കില്‍ ഫിക്‍സഡിട്ട്‌ മോളെ കെട്ടിച്ചു വിടാനാണു പ്ലാന്‍....എന്തോരമാ ഈ അന്യരാജ്യത്ത്‌ വന്ന് കിടന്ന് കഷ്ടപ്പെടുന്നത്‌.. പാവം...

ഇത്‌ പണ്ഡാരമടങ്ങാന്‍... ബ്ലോഗിനു പൈസ ചിലവൊന്നും ഇല്ലായിരുന്നു.. ഇതിനു അങ്ങോട്ട്‌ പൈസ എറിഞ്ഞ്‌ തേങ്ങാക്കൊല കൃഷി നടത്തുന്നു... സത്യം ജോലി ഇല്ലാഞ്ഞിട്ടാ ഇങ്ങോട്ട്‌ വന്നത്‌.. എന്നിട്ട്‌ ജോലി ചെയ്ത്‌ കഷ്ടപ്പെട്ട്‌ കിട്ടുന്നത്‌ കൊണ്ടാ ഇങ്ങനെ കളയുന്നത്‌... ചുരുക്കി പറഞ്ഞാല്‍ സൊമാലിയക്കാരുടെ പിച്ച ചട്ടിയില്‍ നിന്നും കൈയിട്ട്‌ വാരിയതു പോലെയായി ഈ ഫാം ഹൗസ്‌.. അയ്യോ!!! ഒന്നും പറയേണ്ടായെ...നാട്ടില്‍ നേരെ ചൊവ്വെ ഒരു മൂട്‌ തെങ്ങിനു തടം എടുത്തിരുന്നേല്‍ നാട്ടില്‍ നില്‍ക്കായിരുന്നു...

ബ്ലോഗര്‍ കം ഫാര്‍മര്‍ ഇടപ്പെട്ടതോ, ഫോണ്‍ കട്ട്‌ ആയതോ എന്തോ ആ സംസാരം അവിടെ കട്ടായി. ഇല്ലായിരുന്നെങ്കില്‍ ചേച്ചിയുടെ വാചക കസര്‍ത്തുകള്‍ കൊണ്ട്‌ തന്നെ ബ്ലോഗ്‌ നിറയ്ക്കാമായിരുന്നു. [ഇങ്ങനെയാണു ബ്ലോഗറന്മാര്‍ ജനിക്കുന്നതെന്ന് മനസ്സിലായല്ലോ]

ആ സംസാരം അവിടെ തീര്‍ന്നപ്പോള്‍ എന്താണു സംഗതിയെന്നറിയാന്‍ ഞാനും ഫേസ്‌ ബുക്കില്‍ ഒരു രവീന്ദ്രന്‍ പട്ടയം തരപ്പെടുത്തി. പിന്നെ ഒറ്റ കുതിപ്പിനു ഫാം ഹൗസിലേക്ക്‌. അവിടെ ചെന്നപ്പോള്‍ വിസാ കാര്‍ഡ്‌ ഉണ്ടോ? എങ്കില്‍ അതിന്റെ നമ്പര്‍ ദേ ഇവിടെ.... പണ്ടെ ഈ തിരുവല്ലാ അച്ചായന്‍സിനു പൈസ കളയുന്ന ഏര്‍പ്പാടിനോട്‌ വലിയ താത്‌പര്യമില്ലാത്തത്‌ കൊണ്ട്‌ നമ്മള്‍ പ്രകൃതി സൗന്ദര്യം ഒതുക്കത്തില്‍ ആസ്വദിച്ചിട്ട്‌ സ്ഥലം വിട്ടു.

ആട്‌, തേക്ക്‌ മാഞ്ചിയം, ലിസ്‌, റ്റോട്ടല്‍ ഫോര്‍ യൂ ദേ ഇനി അടുത്തത്‌ വരാന്‍ പോകുന്നു.... "ഫാം ഹൗസ്‌"... ഈശ്വരാ... ഈ ഫാം ഹൗസും ഇനി മന്ത്രി പുത്രന്റേതാണോ??? എങ്കില്‍ ഞാന്‍ ദേ..............................

വാല്‍ കഷണം അഥവാ ഇട കൃഷി:-

നമ്മുടെ മഹാകവി ചങ്ങമ്പുഴ എഴുതിയ 'വാഴക്കുല'യെന്ന പ്രശസ്തമായ കവിത ഇന്ന് ഇവിടെ വീണ്ടും റീമിക്സ്‌ ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

“മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള് പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.......”

ഇനി ഒരു പ്രത്യേക അറിയിപ്പ്‌:-
ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", മാണിക്യത്തിന്റെ/ എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.