Tuesday, 31 July 2007

തിരുവല്ല മാര്‍ത്തോമാ കോളേജും, കെ ബാച്ചും [ഭാഗം-2]

മാര്‍ത്തോമാ കോളേജും, കെ ബാച്ചും എന്ന ഓര്‍മ്മ കുറിപ്പിനു ശേഷം എനിക്കു ഒരു 19 വയസ്സ്‌ കുറഞ്ഞ പോലെ... ആ പഴയ ഊര്‍ജ്ജസ്വലത. ഉത്സാഹം എല്ലാം തിരിച്ചു കിട്ടിയ പോലെ... ഞാന്‍ വീണ്ടും ആ ഞാന്‍ ആയിരിക്കുന്നു.

ഒന്നാം വര്‍ഷ പ്രിഡിഗ്രി പരീക്ഷ കഴിഞ്ഞ സമയം. ഒരു ശനിയാഴച്ച, ഞങ്ങള്‍ 6 അംഗ സംഘത്തിലെ ഒരുവന്‍ തിരുവല്ല എലൈറ്റ്‌ ഹോട്ടലിന്റെ മുന്‍പില്‍ വായ്‌നോക്കി നിന്നപ്പോള്‍, അതു വഴി വന്ന ഒരു മദാമ്മ എന്തോ അബദ്ധം പറ്റി ഇവനോട്‌ പബ്ലിക്‌ സ്റ്റേഡിയത്തിലേക്കുള്ള വഴി ചോദിച്ചു. മദാമ്മ 3 പ്രാവശ്യം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മാത്രമാണു എന്റെ സുഹ്രുത്തിനു സ്ഥല കാല ബോധം ഉണ്ടായതു തന്നെ. അവന്‍ ഒരു നിമിഷം, ഇംഗ്ലീഷ്‌ റ്റീച്ചറെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട്‌ പറഞ്ഞു കൊടുക്കേണ്ട വഴിയെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കി [ അവിടുന്നു നേരെ പോവുക, റോഡ്‌ ക്രോസ്സ്‌ ചെയ്യുക, പിന്നീട്‌ ഇടത്തേക്കു പോവുക-ഇതാണു റൂട്ട്‌]. എന്നിട്ട്‌ രണ്ടും കല്‍പ്പിച്ചു കൈകളുടെ സഹായത്തോടെ ഇങ്ങനെ പറഞ്ഞു, ' മദാമ്മേ- ഗോ, പിന്നെ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ഗോാാ, പിന്നെ ലെഫ്റ്റിലേക്കു ഗോാാാ. ഇത്രയും പറഞ്ഞിട്ട്‌ എന്റെ സുഹ്രുത്ത്‌ ആ മദാമ്മെക്കാട്ടിലും മുന്‍പെ 'ഗോയായി' അത്രേ. ഏതായാലും എന്റെ സുഹ്രുത്തിന്റെ ഈ കൈ കൊട്ടി കലാശം ഇഷ്ടപ്പെട്ടതു കൊണ്ട്‌, മദാമ്മ പിന്നെ നേരെ പോയി കഥകളിക്കു ചേര്‍ന്നു. ഇന്നു ഈ മദാമ്മ അറിയപ്പെടുന്ന ഒരു കഥകളിക്കാരിയായി മാറിയിരിക്കുന്നു. സമയം നന്നാകുന്ന ഓരോ വഴിയേ...

കോളേജ്‌ വീണ്ടും തുറന്നു. രണ്ടാം വര്‍ഷം ഞങ്ങളുടെ മുന്‍പിലേക്കു...വളരെ ശാന്തശീലരായ ഞങ്ങളെ, മാനേജ്മെന്റിന്റെ തീരുമാന പ്രകാരം, രണ്ടാം നിലയിലെ ഒരു മൂലയിലേക്കു തള്ളി. അത്രയും തലവേദന കുറഞ്ഞിരിക്കട്ടെ എന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം.

കോളേജു തുറന്നതും, ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങളെ തേടിയെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട, ഞങ്ങളുടെ സ്വന്തമെന്നു കരുതിയിരുന്ന ഹിന്ദി റ്റീച്ചറും, ഇംഗ്ലീഷ്‌ റ്റീച്ചറും, ഞങ്ങളുടെ നല്ല സ്വഭാവം കാരണം ഇനി ഫോര്‍ത്ത്‌ ഗ്രൂപ്പിലേക്കില്ലായെന്ന് തീരുമാനിച്ചത്രേ. ഇതിനാണോ ഞങ്ങള്‍ ഒറ്റ ക്ലാസ്സ്‌ കട്ട്‌ ചെയ്യാതെ പഠിച്ചത്‌? ആരോട്‌ ചോദിക്കാന്‍.... ആരോട്‌ പറയാന്‍.... 2 ദിവസം കഴിഞ്ഞപ്പോള്‍, അല്‍പം ആശ്വാസം പകര്‍ന്നു കൊണ്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ ഒരു സ്ത്രീ രത്നം വരുന്നുവെന്ന വാര്‍ത്ത കേട്ട്‌ ക്ലാസ്സില്‍ ഇടം പിടിച്ചു. പക്ഷെ ക്ലാസ്സില്‍ ആദ്യം വന്നതു റ്റീച്ചറിന്റെ 'വയറാണു'.അതു കണ്ടപ്പോഴെ ഞങ്ങളുടെയും വയര്‍ നന്നായി നിറഞ്ഞു. ആയതിനാല്‍ ആ കേസ്‌ ഞങ്ങള്‍ ഫോര്‍ത്ത്‌ ഗ്രൂപ്പ്ക്കാര്‍, കോമ്മെഴ്സ്‌ സ്റ്റയിലില്‍ തന്നെ എഴുതി തള്ളി [Bad debts written off]

ദൈവം അത്ര ക്രൂരനൊന്നും അല്ലല്ലോ... ഞങ്ങളെ തേടി ഒരു സന്തോഷ വാര്‍ത്ത വന്നു. ഇനി മുതല്‍ ഹിന്ദി ക്ലാസ്സിലേക്കു സെകന്റ്‌ ഗ്രൂപ്പില്‍, ഐ ബാച്ചില്‍ നിന്നും കുട്ടികള്‍ വരും. സെക്കന്‍ഡ്‌ ഗ്രൂപ്പ്‌ ആയതിനാല്‍ നല്ല കളേഴ്സ്‌ ഉണ്ട്‌. പണ്ടേ ഈ സെക്കന്‍ഡ്‌ ഗ്രൂപ്പിനു മഴവില്ലിന്റെ ഭംഗിയാണു. ആ മഴവില്ലാണു ഇനി മുതല്‍ ഞങ്ങളുടെ ക്ലാസ്സില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്‌. ദൈവമേ... നീ എത്ര വലിയവന്‍.

പക്ഷെ ഹിന്ദി പഠിപ്പിക്കാന്‍ വരുന്ന സാര്‍, വായ തുറന്നാല്‍ അശ്ലീലം മാത്രമേ പറയൂവെന്ന് അറിഞ്ഞു. കക്ഷി Phd ആണത്രെ, അശ്ലീലത്തില്‍. എന്നാല്‍ അര കൈ നോക്കാം, എന്നു ഞങ്ങളും കരുതി. അശ്ലീലത്തിനായി, കളേഴ്സിനായി അങ്ങനെ ഞങ്ങള്‍ കാത്തിരുന്നു.

അവസാനം ആ ഹിന്ദി ക്ലാസ്സ്‌ വന്നു ചേര്‍ന്നു. ആദ്യം കളേഴ്സ്‌ വന്നു. അല്‍പം കഴിഞ്ഞപ്പോള്‍ സാറും വന്നു. കാഴ്ച്ചയില്‍ നമ്മുടെ സിനിമാതാരം ഇന്നച്ചന്റെ മുഖം. പാവം, ഈ സാറിനെ പറ്റിയാണോ ഞങ്ങള്‍ കേട്ടത്‌. സാര്‍ എല്ലാവരെയും പരിചയപ്പെട്ടിട്ടാകാം ക്ലാസ്സ്‌ എന്നു പറഞ്ഞതു കൊണ്ട്‌ അങ്ങനെ ഒരു ചടങ്ങില്‍ കൂടി ഐ ബാച്ചിലെ നല്ല കളേഴ്സിന്റെ പേരും ഞങ്ങള്‍ ഒതുക്കത്തില്‍ നോട്ട്‌ ചെയ്തു. പാഠപുസ്തകങ്ങള്‍ പലരുടെയും കൈയില്‍ ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, മുഖവുരയ്ക്ക്‌ ശേഷം ക്ലാസ്സ്‌ നിര്‍ത്തി. സാര്‍ എല്ലവരെയും ഒന്ന് വിശദമായി പരിചയപ്പെടാമെന്നു പറഞ്ഞു, ഈ ക്ലാസ്സില്‍ എത്ര ഡോക്ടേഴ്സിന്റെ മക്കള്‍ ഉണ്ടു എന്നു ഒരു ചോദ്യമെറിഞ്ഞു. ഫോര്‍ത്ത്‌ ഗ്രൂപ്പ്‌ അല്ലേ...ഞങ്ങള്‍ ഞങ്ങളുടെ തനി നിറം പുറത്തെടുത്തു. ഒത്തിരി പേരു ഉണ്ടു എന്നു സാറിനെ തോന്നിപ്പിക്കുമാറു, കാലു നിലത്തു ഇട്ട്‌ ഉരച്ചു ശബ്ദം കേള്‍പ്പിച്ചു. പക്ഷെ എഴുന്നേറ്റതോ...ഐ ബാച്ചിലെ ഒരു കുട്ടി മാത്രം. എഞ്ജിനിയേഴ്സിന്റെ മക്കള്‍ എഴുന്നേറ്റേ..പിന്നെയും നിലത്തു കാലുകള്‍ ഉരഞ്ഞു. എഴുന്നേറ്റതോ..4 കുട്ടികള്‍ മാത്രം. ബിസിനസ്സുകാരുടെ മക്കള്‍ - ആ ചോദ്യത്തിനും ചെരുപ്പുകള്‍ ഉരഞ്ഞുവെങ്കിലും ഞാന്‍ ആ കൂട്ടത്തില്‍ എഴുന്നേറ്റു. എന്റെ അപ്പനും ഒരു ചെറിയ അംബാനിയാടാ എന്ന ഒരു ഗമ കാട്ടി ഇരുന്നു. ചോദ്യങ്ങള്‍ പലതും വന്നു.. ചെരുപ്പുകള്‍ ഉരഞ്ഞു കൊണ്ടേയിരുന്നു. ഉരച്ചില്‍ കൂടി കൂടി വന്ന കാരണം അവസാനം സാറിന്റെ അടുത്ത ചോദ്യം വന്നു. ഈ ക്ലാസ്സിലെ ചെരുപ്പിന്റെ ഉരച്ചില്‍ ശബ്ദം കേട്ടിട്ട്‌, ഈ ക്ലാസ്സില്‍ തൂപ്പുകാരുടെ കുട്ടികള്‍ ഉണ്ടെങ്കില്‍, പ്ലീസ്‌.. ഒന്നു എഴുന്നേല്‍ക്കൂ.. ഈ തവണ ചെരുപ്പ്‌ ഉര അതിന്റെ ഉച്ചസ്ഥായിലെത്തി. പക്ഷെ ആരും എഴുന്നേറ്റില്ലയെന്നു മാത്രം. സാര്‍ പറഞ്ഞു ഈ കൂട്ടത്തില്‍ നിന്നും ഒരു പാടു പേര്‍ ഇനിയും എഴുന്നേല്‍ക്കനുണ്ടല്ലോ? അന്നേരം പുറകിലത്തെ ബഞ്ചിന്റെ ഭാഗത്തു നിന്നും ആരവം ഉയര്‍ന്നു - അതിനു സാര്‍ അച്ചന്മാരുടെ കുട്ടികള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞില്ലല്ലോ…സാര്‍ ഭൂരിപക്ഷ ആവശ്യം കണക്കിലെടുത്തു അച്ചന്മാരുടെ കുട്ടികള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞതും, വിമത വിഭാഗം ചാടി എഴുന്നേറ്റതും ഒപ്പമായിരുന്നു. സത്യം പറയട്ടെ, സാര്‍ ശരിക്കും പരുങ്ങി. ഇത്രയധികം അച്ചന്മാരുടെ കുട്ടികളോ??? സാര്‍ അത്ഭുതം കൂറി ചോദിച്ചു.. അതേ. അതേ..ഞങ്ങള്‍ എല്ലാം അച്ചന്മാരുടെ മക്കളാ.. ഡാഡി, പപ്പാ, അച്ചന്‍ എല്ലാം ഒന്നു തന്നെയാ സാറേ.. ഒരു വിദ്വാന്‍ വിശദീകരിച്ചു. ക്ലാസ്സില്‍ കൂട്ട ചിരി. ഇത്തവണ അശ്ലീലം ഒതുങ്ങി. ഇങ്ങേരുടെ വായ അങ്ങനെ അടച്ചു. അങ്ങേര്‍ക്കു പണി കൊടുത്തു.. അങ്ങനെ ക്ലാസ്സ്‌ മൊത്തം ഹാപ്പി.

സാറിലെ അശ്ലീലം പെട്ടെന്നുണര്‍ന്നു. ആതേടാ.. നിനക്കു ഒക്കെ അതാണു പറ്റിയ കുഴപ്പം. അച്ചന്മാരുടെ പിള്ളേരാണത്രെ..ഒറ്റ അച്ചനു ജനിക്കണം. അല്ലാതെ അച്ചന്മാര്‍ക്കു ജനിച്ചാല്‍ ദാ….. ഇതു പോലെ ഇരിക്കും.. അന്നു സുരേഷ്‌ ഗോപി, രഞ്ജി പണിക്കര്‍ ടീം ഇല്ലാതിരുന്നത്‌ ഞങ്ങളുടെ ഭാഗ്യം.. അല്ലായിരുന്നെങ്കില്‍ സാര്‍ ചിലപ്പോള്‍ JUST REMEMBER THAT….*HIT എന്നു കൂടി പറഞ്ഞേനെ..

എന്തിനു ഇനി അധികം… അശ്ലീലത്തിന്റെ ക്ലാസ്സില്‍ പരിപൂര്‍ണ്ണ ശാന്തത. ആ ശാന്തത പിന്നീട്‌ ഉള്ള ഹിന്ദി ക്ലാസ്സിലും തുടര്‍ന്നു, കാരണം അതോടെ ഹിന്ദി പഠനം ഞങ്ങള്‍ ഉപേക്ഷിച്ചു. ഞങ്ങള്‍ നല്ല കുട്ടികളല്ലേ? അശ്ലീലം ഞങ്ങള്‍ക്കു ഇഷ്ടമേയല്ല.. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം കുട്ടികള്‍...

അതു കൊണ്ട്‌ ഇന്നും ഹിന്ദി സംസാരിക്കാന്‍ അറിയില്ല. ആകെ അറിയാവുന്നതു സ്ക്കൂളില്‍ പഠിച്ച ഗ്രാമര്‍ മാത്രം. മേം വെച്ചാല്‍ ഹും വെക്കണം, തും വെച്ചാല്‍ ഹൊ വെക്കണം, ആപ്പ്‌ വെച്ചാല്‍ തിരിച്ചു വെക്കണം. അത്ര തന്നെ... ഹിന്ദി തീര്‍ന്നു. ഗുരുവേ!!! നമഹഃ

1 comment:

Dr.Biji Anie Thomas said...

ആപ്പ് വെച്ചാല്‍ തിരിച്ചും ആപ്പ്.....ഹ ഹ..ഇപ്പൊ ആപ്പില്ലാതെന്തു ജീവിതം സെനൂ...ഹിന്ദി പുരാണം ബഹുത്തിഷ്ടായി സെനൂ ഭൈയാ..