Monday, 23 October 2017

A Hand Guide to Canada Immigration - Part 3 (Malayalam)

കാനഡായിലേക്കു വരുന്നതിനായി എന്തൊക്കെ മുൻ ഒരുക്കങ്ങൾ നമ്മൾ ചെയ്യണമെന്നാണ് ഈ ലക്കം പ്രതിപാദിക്കുന്നത്..

🍼കാനഡായിലേക്കു വരാനായി നമ്മൾ തയ്യാറെടുക്കുമ്പോൾ ഇന്ത്യയിൽ ജനിച്ച പലരെയും, (പ്രത്യേകിച്ച് 1980നു മുൻപ്) കുരുക്കുന്ന ഒരു പ്രശ്നമാണ് ജനന സർട്ടിഫിക്കേറ്റ്. അമേരിക്കയിലും, മറ്റ് യൂറോപ്യൻ നാടുകളിലും മറ്റും പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ മുതലായവ സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന ജനന സർട്ടിഫിക്കേറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

എന്നാൽ കാനഡയിലേക്ക് ജനന സർട്ടിഫിക്കേറ്റ് (പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ) ഇല്ലാത്തവർ (1980നു മുൻപ്) അതിന്റെ പുറകെ നടന്നു ബുദ്ധിമുട്ടേണ്ട കാര്യമില്ല. പകരം നിങ്ങൾക്ക് SSLC ബുക്കിന്റെ പേജ്, പള്ളിയിലെ മാമ്മോദീസ സർട്ടിഫിക്കറ്റ്, തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ ഐഡി കാർഡ് അങ്ങനെയുള്ള രേഖകൾ സമർപ്പിക്കാവുന്നതാണ്. ഈ രേഖകളിൽ അടങ്ങിയിരിക്കുന്ന നിങ്ങളുടെ പേരും, സ്പെല്ലിങ്ങും എല്ലാം കൃത്യമാണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

കാനഡാ ഇമിഗ്രെഷന് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ്, പാസ്സ്പോർട്ടിന്റെ എക്സ്പെയറി ഡേറ്റ് ചെക്ക് ചെയ്യുക. കാലഹരണപ്പെടാറായ പാസ്സ്പോർട്ട് അയയ്ച്ചു കൊടുത്താൽ നിങ്ങളുടെ എമിഗ്രെഷന് നടപടികൾ പൂർത്തിയാകാൻ താമസം നേരിടും . പാസ്പ്പോർട്ടിലെ പേരും, ജനന തീയതികൾ എല്ലാം SSLC ബുക്കിലെ / പള്ളിയിലെ രേഖകൾ മുതലായവകളിലെ തീയതിയുമായി ഒത്തു പോകുന്നോയെന്നും, ഉറപ്പു വരുത്തുക.

💍വിവാഹ സർട്ടിഫിക്കേറ്റ് - പള്ളിയിലെ സർട്ടിഫിക്കറ്റ് ഇംഗ്ലീഷിൽ ഉള്ളതായിരിക്കണം. ഇതിൽ വികാരി, പള്ളി സെക്രട്ടറി, മുതലായവരുടെ ഒപ്പും, പള്ളിയുടെ മുദ്രയും വേണം.

കത്തോലിക്കാ വിഭാഗത്തിൽപെട്ടയാളുകൾ എല്ലാവരും പള്ളിയിൽ നിന്നും മാമ്മോദീസ സർട്ടിഫിക്കേറ്റ് (ഇംഗ്ലീഷിൽ ഉള്ളത്) കൊണ്ട് വന്നാൽ കാത്തലിക്ക് സ്ക്കൂൾ ബോർഡിൽ ജോലിക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും എല്ലാം അവ ഉപകരിക്കപ്പെടും.

മറ്റു മതസ്ഥർ കൊടുക്കുന്ന സർട്ടിഫിക്കറ്റുകൾ ഇംഗ്ലീഷിൽ അല്ലായെങ്കിൽ അത് ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തു നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്ത ശേഷം സമർപ്പിക്കാവുന്നതാണ്.

ഇനി ഇതൊന്നും അല്ലാതെ വിവാഹം രജിസ്റ്റർ ചെയ്തവർ, ശരിയായ രജിസ്റ്റർ ആണോ ചെയ്തതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനു ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

http://www.oneindia.com/feature/how-to-apply-for-marriage-certificate-your-complete-guide-1552309.html

💔വിവാഹ മോചിതരായ ദമ്പതികൾ ആണെങ്കിൽ അതിന്റെ എല്ലാ രേഖകളും കരുതേണ്ടതാണ്

⚰ഭാര്യയോ ഭർത്താവോ മരണപ്പെട്ടു പോയവർ ആണെങ്കിൽ അതിന്റെ മുഴുവൻ രേഖകളും കരുതേണ്ടതാണ്.

മക്കളെ ദത്തെടുത്ത ദമ്പതികൾ ആണെങ്കിൽ ദത്തെടുക്കൽ സംബന്ധമായ മുഴുവൻ രേഖകളും കൈവശം സൂക്ഷിക്കേണ്ടതാണ്. . കൂടാതെ അങ്ങനെയുള്ള കുഞ്ഞുങ്ങളെ സ്വന്തം രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ട് പോകുവാനുള്ള അവകാശവും നിങ്ങൾക്കുള്ളതാണെന്നു ഉറപ്പു വരുത്തണം

സ്കൂൾ രേഖകൾ, സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ ഡീറ്റെയ്ൽഡ് ട്രാൻസ്‌ക്രിപ്റ്റുകൾ അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നും വാങ്ങേണ്ടുന്നത് അത്യാവശ്യമാണ്.

👔നിങ്ങൾ ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനൊപ്പം, നിങ്ങളുടെ ബോസ്സിന്റെയോ / സൂപ്പർവൈസറുടെയോ റഫറൻസ് ലെറ്ററായി കരുതാവുന്നതാണ്.

http://www.fsw2014.info/sample-reference-letter/

⛑നിങ്ങൾ എന്തെങ്കിലും തരത്തിൽ രോഗമുള്ളവരാണെങ്കിൽ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന വ്യക്തിയാണെങ്കിൽ / ഓപ്പറേഷന് വിധേയമായിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം മെഡിക്കൽ റിപ്പോർട്ടുകൾ കരുതേണ്ടതാണ് . നിങ്ങൾ കഴിക്കുന്ന ഗുളികകൾ, കുത്തിവെയ്പുകൾ, നിങ്ങള്ക്ക് അലർജി ഉള്ള മരുന്നുകൾ / അലർജി ഉണ്ടാകുന്ന വസ്തുക്കൾ ഇവയുടെ എല്ലാം രേഖകൾ കരുതുന്നത് നന്നായിരിക്കും. നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും മെറ്റൽ വസ്തുക്കൾ ഓപ്പറേഷനിൽ കൂടി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ , എല്ലാ എയർപ്പോർട്ടിലും കാണിക്കേണ്ടതായി വന്നേക്കാം. (അല്ലാത്ത പക്ഷം മെറ്റൽ ഡിറ്റക്റ്റർ പരിശോധനയിൽ നിങ്ങൾക്ക് കൂടുതൽ പരിശോധനകൾക്ക് വിധേയരാകേണ്ടി വന്നേക്കാം)

🎓സെപ്റ്റംബറിലാണ് പുതിയ അദ്ധ്യയന വർഷം തുടങ്ങുക. പന്ത്രണ്ടാം ക്ളാസ് വരെ ഇവിടെ ഹൈസ്കൂൾ ആണ്. ഫീസില്ല. സ്കൂൾ അഡ്മിഷന് ഒട്ടുംതന്നെ പ്രയാസവുമില്ല. നിങ്ങളുടെ താമസസ്ഥലത്തിനു സമീപത്തുള്ള സ്കൂളിൽ പ്രവേശനം നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. പബ്ലിക്ക് , കാത്തലിക് എന്നിങ്ങനെ രണ്ടുതരം സ്കൂളുകളാണുള്ളത്. കാശു മുടക്കി പഠിക്കാൻ പ്രൈവറ്റ് സ്കൂളുകളുമുണ്ട് കേട്ടോ. യൂണിവേഴ്സിറ്റി / കോളേജ് അഡ്മിഷൻ അല്പം പാടാണെങ്കിലും നാടിനെ അപേക്ഷിച്ച് അതും അത്ര പ്രശ്നമല്ല. കുട്ടികളുടെ ഹൈസ്കൂളിലെ മികവനുസരിച്ചാകും പ്രവേശനമെന്നു മാത്രം. ഇതു വച്ച് സർവകലാശാലയിലോ കമ്യൂണിറ്റി കോളജിലോ പ്രവേശനം ലഭിക്കുന്നില്ലെങ്കിൽ, കൂടുതൽ ഫീസ് നൽകി മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടാം.

📚കുഞ്ഞുങ്ങളുടെ സ്കൂൾ അഡ്മിഷനിലേക്കായി ടിസിയെക്കാൾ കാനഡായിൽ നിർബന്ധം വാക്സിനേഷൻ സർട്ടിഫിക്കേറ്റാണ്. ആയതിനാൽ കുട്ടികൾക്ക് യഥാക്രമം പ്രതിരോധ കുത്തി വെയ്പുകൾ എടുത്തിരുന്നോയെന്നും, ആ കാർഡ്, അപ്ഡേറ്റഡ് ആണെന്നും ഉറപ്പു വരുത്തുക.

സ്കൂൾ പ്രവേശനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

http://settlement.org/ontario/education/elementary-and-secondary-school/school-systems-in-ontario/what-are-the-different-school-systems-in-ontario/

http://www.cic.gc.ca/english/newcomers/before-education-schools.asp

http://www.canadavisa.com/canada-immigration-discussion-board/threads/school-admissions-read-all-about-it-here.72241/

18 വയസ്സ് പൂർത്തിയായ ശേഷം നിങ്ങൾ ഏതെല്ലാം രാജ്യത്തിൽ 6 മാസത്തിൽ കൂടുതൽ താമസിച്ചിട്ടുണ്ടോ, ആ രാജ്യങ്ങളിൽ നിന്നെല്ലാം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) മേടിക്കേണ്ടതാണ്.

ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി

http://www.cic.gc.ca/english/information/security/police-cert/intro.asp

http://www.cic.gc.ca/English/information/security/index.asp

http://www.cic.gc.ca/English/information/security/police-cert/index.asp

💊നിങ്ങൾ കാനഡായിൽ വന്നു മൂന്ന് മാസങ്ങൾക്കു ശേഷം മാത്രമേ സൗജന്യ മെഡിക്കൽ ലഭ്യമാവുകയുള്ളൂ.. ആയതിനാൽ ആ കാലയളവിലേക്ക് ഒരു മുൻകരുതലായി അത്യാവശ്യ മരുന്നുകൾ (പനി, ചുമ, അലർജി, വേദന സംഹാരികൾ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവർക്കുള്ള ആന്റിബയോട്ടിക്കുകൾ,) കരുതേണ്ടതാണ്. വാങ്ങുന്ന മരുന്നുകൾക്ക് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും, ബില്ലും കരുതണം. ഇവിടെ മെഡിക്കൽ (ഡോക്ടറുടെ) സേവനം സൗജന്യമാണ്. പക്ഷെ മരുന്നുകൾ സൗജന്യമല്ല. മരുന്നുകൾക്ക് അന്യായ വിലയുമാണ്. ഇൻഷുറൻസും മറ്റും ലഭ്യമാക്കുന്ന ജോലിയാണു ലഭിക്കുന്നതെങ്കിൽ ഈ പ്രതിസന്ധിയും തരണം ചെയ്യാനാകും.

കാനഡായിലേക്കു ആദ്യമായി വരുന്പോൾ 23 കിലോ വീതമുള്ള രണ്ട് പെട്ടികൾക്കു പുറമെ, കാർഗോയിൽ എത്ര കിലോ സാധനം വേണമെങ്കിലും കയറ്റി അയയ്ക്കാം ആദ്യതവണ ടാക്സ് ഈടാക്കില്ല. അതിനാൽ കാനഡായിലെ പുതിയ വീട്ടിലേക്കുള്ള ചട്ടിയും കലവും പാത്രങ്ങളും, അടുക്കളയിലേക്കും സ്വീകരണമുറിയിലേക്കും കിടക്കുമുറിയിലേക്കുമൊക്കെ ആവശ്യമായ സാധനങ്ങളും ഇങ്ങനെ കൊണ്ടുവരാനാകുമെന്ന് ഓർമിക്കുക.

⛄നിങ്ങൾ തണുപ്പുള്ള ഒരു രാജ്യത്തിലേക്ക് ആണ് കടന്നു വരുന്നത്.. ആയതിനാൽ യാത്രയിൽ കമ്പിളി വസ്ത്രങ്ങൾ, ജാക്കറ്റ്, മുതലായവ കരുതുക.

💼💼💼പിന്നെ നിങ്ങൾ കൊണ്ട് വരുന്ന ലഗേജിൽ എന്തൊക്കെ കൊണ്ട് വരാം, എന്തൊക്കെ കൊണ്ട് വരാൻ പറ്റില്ലായെന്നു അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക.

http://www.cbsa-asfc.gc.ca/travel-voyage/declare-eng.html

http://www.catsa.gc.ca/travellingwithfood

https://www.crossbordershopping.ca/duty-tax-import-guide/food-plant-animal-guide

ഒന്നും രണ്ടും ഭാഗം വായിക്കാത്തവർക്കു ഇവിടെ ക്ലിക്കാം

1) https://www.facebook.com/permalink.php?story_fbid=781291078691257&id=369753163178386&substory_index=0

2) https://www.facebook.com/permalink.php?story_fbid=785705818249783&id=369753163178386&substory_index=0

തുടരും. .

Wednesday, 28 June 2017

A Hand Guide to Canada Immigration - Part 2 (Malayalam)

കൂട് വിട്ട് കൂട് മാറുന്ന അവസ്ഥയാണ് കാനഡയിലേക്ക് ചേക്കേറുന്ന ഓരോ മലയാളിയുടെയും മനസ്സ് .അതിനുള്ള ആദ്യ പടി എന്നവണ്ണം, കാനഡയിലുള്ള കൂട്ടുകാരോടൊക്കെ ഒന്ന് വെറുതെ തിരക്കും .ബന്ധത്തിൽപെട്ട ആർക്കോ വേണ്ടിയാണെന്ന ഭാവത്തിൽ.അത്യാവശ്യം വിവരങ്ങളൊക്കെ അറിഞ്ഞുകഴിയുമ്പോൾ കുറച്ചൊരു ധൈര്യം വരും.പിന്നീടാണ് ഏതെങ്കിലും ഏജൻസിക്ക്‌ തല വയ്ക്കുന്നത്..ഇനി അത് വേണ്ടി വരില്ല.കാലം മാറിയപ്പോൾ വിജ്ഞാനം വിരൽ തുമ്പിൽ എന്ന് പറയും പോലെയാണ് കനേഡിയൻ ഇമ്മിഗ്രേഷനെ സംബന്ധിച്ചുള്ള സകല വിവരങ്ങളും.അപേക്ഷിക്കാനുള്ള ഫീസ് മുതൽ,ആരംഭ കാലത്ത്‌ ലഭിക്കുന്ന സർക്കാരിന്റെ സഹായങ്ങൾ, കാനഡയിൽ എത്തി കഴിഞ്ഞാൽ ഒരു കുടുംബത്തിന് ആദ്യ മാസങ്ങളിലെ ചിലവുകൾക്കായി ബാങ്കിൽ നിക്ഷേപിക്കേണ്ട തുക തുടങ്ങിയവ വ്യക്തമാക്കികൊണ്ട് എല്ലാവിവരങ്ങളും അറിയിച്ചുകൊണ്ട്, വാതായനങ്ങൾ മലർക്കെ തുറന്നിട്ടിരിക്കുന്ന രാജ്യമാണ് കാനഡ.

കാര്യമിതൊക്കെയാണെങ്കിലും ഓരോ മലയാളിയും മറ്റൊരു രാജ്യത്തേക്ക് പോകാനും അവിടെ ജീവിക്കാനുമുള്ള തീരുമാനം എടുക്കുന്നത് ഒരു പാടു കണക്കുക്കൂട്ടലുകൾക്കൊടുവിലാണ്. സ്വന്തക്കാരേയും കൂട്ടുകാരെയുമൊക്കെ വിട്ട് ,പത്തു പുത്തനുണ്ടാക്കാമെന്ന ഒരു ആഗ്രഹമാണ് മുന്നിൽ .അതിനായി ആദ്യം പലരുടെ കയ്യിൽ നിന്നും മറിച്ചും ,തിരിച്ചുമൊക്കെ വിമാനം കേറുന്നവരും ഉണ്ട്.ചിറ്റപ്പനും പേരപ്പനും എന്നുവേണ്ട സകലമാന ആൾക്കാരുടെ കയ്യിൽ നിന്നും പണം കടം കൊള്ളും .അവസാന ശ്രമമെന്ന മട്ടില് ബാങ്ക് കാരുടെ അടുക്കലും എത്തും .കാനഡയിൽ എത്തിയ ഉടൻ ഈ കടമൊക്കെ വീട്ടാൻ കഴിയുമെന്ന ധാരണയിലാണ് പലരും ഇങ്ങനെ ശ്രമിക്കുന്നത് .ഇനി യാഥാർഥ്യത്തിലേക്ക് നമുക്ക് കടക്കാം .

ഒരു ശരാശരി കണക്ക് പ്രകാരം ,രണ്ടു മുതൽ മൂന്ന് വർഷമാണ് ഒരു കുടുംബം കാനഡയിൽ എത്തി ബാലാരിഷ്ടതകൾ പിന്നിടുന്നതിനായി കണക്കാക്കുന്നത്.അതിനാൽ ഈ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കേണ്ടതായുണ്ട്. കാനഡയിൽ എത്തുന്ന ദിവസം മുതൽ നിങ്ങൾ കയ്യിൽ കരുതുന്ന സമ്പാദ്യത്തിൽ നിന്ന് തന്നെയാണ് ഓരോ ദിവസവും നിങ്ങളുടെ ചിലവുകൾക്കായി മാറ്റിവെയ്‌ക്കേണ്ടിവരുന്നത്.ജോലി ലഭിക്കാനായി വൈകുന്നതോടെ നമ്മൾ സ്വാഭാവികമായും മാനസിക സമ്മർദ്ദത്തിൽ ആവുക സ്വാഭാവികം.അതിനാൽ വ്യക്തമായ ധാരണ ഇക്കാര്യത്തിൽ ആവശ്യമാണ്.പലരും തമാശയായി പറയാറുണ്ട്.."എന്ന് നിങ്ങൾ ഇന്ത്യൻ കറൻസിയുമായി തുലനം ചെയ്യാതെ സാധനങ്ങൾ വാങ്ങാൻ തുടങ്ങുന്നുവോ ,ആ ദിവസം നിങ്ങൾ നിങ്ങൾ ഇവിടെയുള്ള സാഹചര്യവുമായി പൊരുത്തപെട്ടു"എന്ന് .ഈ തമാശയിൽ ,ഇവിടെയുള്ള ജീവിതവുമായുള്ള താദാമ്യം പ്രാപിക്കൽ ഒളിഞ്ഞുകിടപ്പുണ്ട് . അതൊരു പക്ഷേ മൂന്ന് മാസം ആവാം ,മൂന്ന് വർഷവും ആവാം.അതിനാൽ കൊള്ളപലിശക്ക് കടമെടുത്തു കൊണ്ടോ,വസ്തു ഈടുവെച്ചു ഏജന്റിന് പണം കൊടുക്കാൻ ആരും ദയവായി ശ്രമിക്കാതിരിക്കുക .

വ്യക്തമായ ഗൃഹപാഠം ചെയ്തിട്ടുവേണം പ്രൊഫെഷനലുകളായ നഴ്സുമാരായാലും ഡോക്ടറുമാരായാലും മൈഗ്രേഷന് ശ്രമിക്കേണ്ടത്. കാനഡായിലേക്കു SKILLED WORKERS കാറ്റഗറിയിൽ ഡോക്ടർ, നേഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റ്, അങ്ങനെ ആളുകളുടെ ഒരു നീണ്ട നിര ഒക്കെ ഉണ്ടെന്നത് സത്യം തന്നെ. നമ്മൾ നാട്ടിൽ IAS, IPS, MBBS ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ട്, കാനഡായിൽ വന്നാൽ അതിനു ഒന്നും ഒരു വിലയുമില്ലായെന്നതാണ് സത്യം. ആ ഒരു തിരിച്ചറിവ് നമ്മൾക്ക് ഓരോരുത്തർക്കും വേണം. IT മേഖലയിൽ ഉള്ളവർക്ക് അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെ ജോലി തരപ്പെട്ടു കണ്ടിട്ടുണ്ട്.. നേഴ്‌സന്മാർക്ക് ലോകത്തെവിടെയും സുവർണ്ണാവസരം, കാനഡയിൽ വൻ ജോലി സാദ്ധ്യത എന്നൊക്കെ പല പരസ്യങ്ങളിലും കാണാറുണ്ടെങ്കിലും ഇവിടെ വരുന്ന നേഴ്‌സന്മാർ വളരെ ബുദ്ധിമുട്ടു സഹിക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്.

നാട്ടിൽ ഉള്ളപ്പോൾ തന്നെ എലിജിബിലിറ്റി ലഭിക്കാനായി ശ്രമിക്കുന്നതാണ് നേഴ്‌സസിന് ഏറ്റവും ഉത്തമം. ഇതിനു കാരണങ്ങൾ പലതാണ് .ഒന്നാമതായി ,RN /RPN/ LPN എന്നീ ക്യാറ്റഗറിയിലെ പരീക്ഷ എഴുതുവാനായി എലിജിബിലിറ്റി നേടിയ ശേഷമാണ് നിങ്ങൾ വരുന്നതെങ്കിൽ നേഴ്സ് ആയി മാറാനായി നിങ്ങള്ക്ക് അധികം സമയം വേണ്ടിവരില്ല.പരീക്ഷ എഴുതുവാനായുള്ള അനുമതി ലഭിച്ച ശേഷം ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതാണ് നല്ലത് .കാരണം എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടാൽ അത് നിങ്ങളുടെ ഇംഗ്ലീഷ് പരീക്ഷയുടെ വാലിഡിറ്റിയെ ബാധിക്കുമെന്നതാണ് നേര്.(2 വർഷമാണ് ഇംഗ്ലീഷ് പരീക്ഷയുടെ കാലാവധി )

ഇത്തരം കാര്യങ്ങളിൽ വ്യക്തമായ ധാരണ ഉണ്ടെങ്കിൽ കഴിവതും ഇവിടെ വന്നിട്ടുള്ള പല വിധത്തിലുള്ള കാലതാമസവും ഒഴിവാക്കാം.
മറ്റൊരു പ്രധാന കാര്യം ,എക്സ്പീരിയൻസ് ലെറ്റർ ഹോസ്പിറ്റലിൽ നിന്നും കൈപറ്റുമ്പോൾ എത്ര മണിക്കൂറാണ് നിങ്ങൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തതെന്നത് കൂടി ആ ലെറ്റർ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.ഇവിടെ ജോലിക്കുകയറി ,അടുത്ത ലെവെലിലേക്ക് നിങ്ങളെ പരിഗണിക്കാനായി ഈ ലെറ്റർ പ്രയോജനപ്പെടും.

ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ,കാനഡയിൽ നേഴ്സ് ആയി മാറാനുള്ള എല്ലാവിധ സേവനങ്ങളും നൽകുന്ന ഒരു സ്ഥാപനമാണ് കെയർ .പേര് പോലെ തന്നെയാണ് ഇവരുടെ സഹായവും. ഇവരുടെ സേവനം ഉറപ്പുവരുത്തിയാലുള്ള നേട്ടങ്ങൾ നിരവധിയാണ്.അന്താരാഷ്ട തലത്തിൽ അറിയപ്പെടുന്ന ഈ സംഘടന ,അംഗങ്ങൾക്ക് ആജീവനാന്ത അംഗത്വമാണ് നൽകുന്നത്.CARE -ന്റെ ആഭിമുഖ്യത്തിൽ ,ഹോസ്പിറ്റലുകളിൽ നിങ്ങൾക്ക് ഒരു RN നെ അനുഗമിച്ചുകൊണ്ടു ആശുപത്രിയിലെ ജോലിയെ കുറിച്ചുമൊക്കെ ഒരു നേർകാഴ്ചക്കുള്ള അവസരം( Job Shadowing ) ഇവർ ഒരുക്കാറുണ്ട് .ഇത്തരം അവസരങ്ങൾ നിങ്ങളുടെ ആത്മ വിശ്വാസത്തെ ഒരുപാടു ഉയർത്തുന്നതാണ് .ഇവ കൂടാതെ നഴ്‌സുമാർക്ക് പ്രയോജന പ്രദമായ പല കോഴ്‌സ്സുകളും വളരെ കുറഞ്ഞ ഫീസ് ഈടാക്കിക്കൊണ്ടു സംഘടിപ്പിക്കുണ്ട്.

ഉപകാരപ്രദമായ ചില വെബ് സൈറ്റ് അഡ്രസ്സുകൾ

http://www.nnas.ca/

http://www.care4nurses.org/.

https://www.cna-aiic.ca/en/becoming-an-rn/rn-exam/nclex-rn-exam-writing-tips

http://allnurses.com/nursing-in-canada/

https://www.cna-aiic.ca/en