Monday, 15 September 2008

പൊടിയാടിയിലെ “അഭിനവ്‌ ബിന്ദ്ര”.

അഭിനവ്‌ ബിന്ദ്ര ഒളിമ്പിക്സില്‍ ഇന്‍ഡ്യയുടെ മാനം കാത്തപ്പോള്‍, ചൈനയില്‍ ജനഗണമന മുഴങ്ങിയപ്പോള്‍, ആ സ്വര്‍ണ്ണം കഴുത്തില്‍ അണിഞ്ഞപ്പോള്‍.....ഇന്‍ഡ്യ അഭിമാനം കൊണ്ടു. അല്‍പം കഴിഞ്ഞു അഭിനവ്‌ അഭിമാനത്തോടെ പുറത്തേക്ക്‌ വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പത്രക്കാര്‍ അഭിനവിനെ വളഞ്ഞു. "ഇപ്പ്പ്പോള്‍ എന്ത്‌ തോന്നുന്നു?" എന്ന പത്രക്കാരുടെ ചോദ്യത്തിനു, "ഒന്ന് കക്കൂസില്‍ പോകാന്‍ തോന്നുന്നുവെന്ന്" കുട്ടിത്തം വിടാത്ത ഉത്തരം പറഞ്ഞതോടെ ഇനി അവിടെ കൂടി നിന്ന് അധികം ചോദ്യങ്ങള്‍ ചോദിച്ച്‌ കഷ്ടപ്പെടുത്തേണ്ടയെന്ന് നിനച്ച്‌ അവിടെ കൂടിയ പത്രക്കാര്‍ സ്ഥലം കാലിയാക്കി.

ചൈനയില്‍ പോകാന്‍ കഴിയാഞ്ഞ പത്രക്കാര്‍ അഭിനവിന്റെ വീട്‌ വളഞ്ഞു...ഗസ്റ്റ്‌ ഹൗസ്സ്‌ വളഞ്ഞു... കേരളം വിടാന്‍ പറ്റാഞ്ഞ പത്രക്കാര്‍, അഭിനവിന്റെ കോച്ചിന്റെ വീടു വളഞ്ഞു. അങ്ങനെ എല്ലായിടത്തും എല്ലാവരും ഓടി നടന്ന്, അഭിനവിന്റെ മികവിനെ വാഴ്‌ത്തി.

അഭിനവിന്റെ അച്ചനെ പത്രക്കാര്‍ പിടിച്ചു. അഭിനവിന്റെ കഴിവിനെ വാഴ്‌ത്തി പുകഴ്‌ത്തി അച്ചന്‍ സംസാരിച്ചു. മകന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്ന ആ അച്ചനെ കണ്ട്‌ ഞാന്‍ തലയില്‍ കൈ വെച്ചു. എന്റെ ദൈവമേ!!! ഞാനും ഇങ്ങനെ ഒക്കെ ആകേണ്ടതല്ലായിരുന്നോ? എന്റെ അപ്പനും ഇങ്ങനെ റ്റി.വിക്കാരോട്‌ എന്റെ മോന്‍ പുലിയാണെന്ന് പറയേണ്ടതല്ലായിരുന്നോ? ഇന്‍ഡ്യ എന്നെ ഓര്‍ത്ത്‌ അഭിമാനം കൊള്ളെണ്ടതല്ലായിരുന്നോ?? മൂക്കില്ലാ രാജ്യത്ത്‌ മുറി മൂക്കന്‍ രാജാവ്‌ എന്നത്‌ പോലെ ദേ! ഇതാ ഇന്ന് ഒരു പൊടിയാടിക്കാരന്റെ സ്വപനങ്ങള്‍ തകര്‍ത്ത്‌ കൊണ്ട്‌ അഭിനവ്‌ ബിന്ദ്ര ......

എന്റെ കുട്ടിക്കാലത്ത്‌ തന്നെ എന്റെ വീട്ടില്‍ തോക്ക്‌ ഉണ്ടായിരുന്നു. അപ്പ അറിയപ്പെടുന്ന ഒരു വേട്ടക്കാരനും. കണ്ടത്തില്‍ കുളക്കോഴി ഇറങ്ങുമ്പോഴും, കൊക്ക്‌ ഇറങ്ങുമ്പോഴും, പള്ളിയില്‍ പ്രാവിന്റെ ശല്യം കൂടുമ്പോഴും ഒക്കെ അപ്പയെ ആളുകള്‍ വന്ന് കൊണ്ട്‌ പോകും. അപ്പയെന്ന വേട്ടക്കാരനെ കാക്ക കണ്ടാല്‍ പിന്നെ കാ..കാ ശബ്ദം വെച്ച്‌ പുറകെ കൂടും കാക്കകളുടെ ശല്യം കാരണം അപ്പ കുറേ കാക്കകളെ തട്ടിയതായിരിക്കാം ഇവറ്റകളുടെ ശത്രുതയ്ക്ക്‌ കാരണം തന്നെ. അപ്പ ഉന്നം പിടിച്ച്‌ കൊക്ക്‌, കാട്ടു മുയല്‍ എന്നിവകള്‍ പിടഞ്ഞ്‌ താഴെ വീണു ചാകുന്നത്‌ കുഞ്ഞും നാളില്‍ അഭിമാനത്തോടെ നോക്കി കണ്ടിട്ടുണ്ട്‌. പക്ഷെ തോക്ക്‌ എടുത്ത്‌ ഉയര്‍ത്താനുള്ള ആരോഗ്യം തനിക്ക്‌ ഇല്ലാത്തതിനാല്‍ ഞാന്‍ തോക്കില്‍ തൊട്ട്‌ ആനന്ദ നിര്‍വൃതി കൊണ്ടു. ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാവും....ചേട്ടനെ പോലെ ബ്രിട്ടാനിയ മില്‍ക്ക്‌ ബിക്കീസ്‌ തന്നെ തിന്നും എന്ന് പാടി നടക്കുന്ന കുട്ടിയെ പോലെ ഞാനും വളരാനും, അപ്പയെ പോലെ തോക്ക്‌ പിടിക്കാനും ആഗ്രഹിച്ച്‌ പോയി.

അപ്പ വീട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ പര സഹായത്തോടെ തോക്ക്‌ ചുമ്മി, ഉന്നം പിടിച്ച്‌ രസിച്ചിരുന്നു. ആ എയര്‍ റൈഫിള്‍ മടക്കി, 0.22 പെല്ലെറ്റ്‌ ഇട്ട്‌ ലോഡ്‌ ചെയ്യാനുള്ള ആവറേജ്‌ ശക്തി അന്ന് എനിക്കില്ലായിരുന്നത്‌ കൊണ്ട്‌, പല പക്ഷി മൃഗാദികളും രക്ഷപ്പെട്ടു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പറഞ്ഞതു പോലെ, പല ദിവസത്തെ പ്രയത്ന ഫലമായി, തോക്ക്‌ മടക്കാനുള്ള ടെക്‌ക്‍നിക്ക്‌ ഞാന്‍ സ്വായത്തമാക്കി. അങ്ങനെ പെല്ലെറ്റ്‌ ഇട്ട്‌ ആദ്യത്തെ ഇരയെ ഞാന്‍ തിരഞ്ഞു. ആറ്റിന്റെ കുറുകെയുള്ള ഇലക്ട്രിക്ക്‌ കമ്പിയില്‍ ദാ ഇരിക്കുന്നു ഒരു കിംഗ്‌ ഫിഷര്‍. കിംഗ്‌ ഫിഷറില്‍ തന്നെ ആദ്യത്തെ ഉന്നം പിടിക്കുന്നത്‌ എന്തു കൊണ്ടും നല്ല ലക്ഷണമാണു. ആറ്റിറമ്പില്‍ പോയി....തോക്ക്‌ ഉയര്‍ത്തി....കിംഗ്‌ ഫിഷറിനെ മാത്രം നോക്കി....[അര്‍ജ്ജുനനെ മനസ്സില്‍ ധ്യാനിച്ച്‌] ട്രിഗറില്‍ വിരല്‍ വലിച്ചു. ഠേ!!!.....എന്റെ ആദ്യത്തെ വെടി. ആ ശബ്ദത്തില്‍, ആ തോക്കിന്റെ കുലുക്കത്തില്‍, ആ അഘാതത്തില്‍ ..ഞാന്‍ തോക്കും കൊണ്ട്‌ താഴെ…..ദൈവമേ, ഞാന്‍ എനിക്കിട്ടു തന്നെയാണോ വെടി വെച്ചതെന്ന് ചിന്തിച്ചു പോയി.[ ഇതിനാണോ ഇംഗ്ലീഷുക്കാര്‍ ബാക്ക്‌ ഫയറിംഗ്‌ എന്ന് പറയുന്നത്‌???].സഡന്‍ ബ്രേക്കിട്ട കാരണത്താല്‍ വെള്ളത്തില്‍ വീണില്ല. ആ വീഴ്ച്ച കണ്ട്‌ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട്‌ ആ കിംഗ്‌ ഫിഷര്‍ പറന്ന് പോകുന്ന കാഴ്ച്ച കൂടി കണ്ടപ്പോള്‍...ഞാന്‍ ആ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടിച്ചു. ഹോ!!! വെടി വെയ്ക്കുമ്പോള്‍ ഇങ്ങനെ ഒരു വിറയല്‍ ഉണ്ടാകുമെന്ന് അപ്പ പറഞ്ഞിട്ടേയില്ല. അപ്പയുടെ ഓരോ കാര്യങ്ങള്‍…..അങ്ങനെ തനിക്ക്‌ പറ്റിയത്‌ മറ്റാരെയും അറിയിക്കാതെ തോക്കും എടുത്ത്‌, അതിലെ പൊടിയൊക്കെ തൂത്ത്‌ വൃത്തിയാക്കി, ഞാന്‍ ഒന്നും അറിഞ്ഞില്ലെ രാമ നാരായണയെന്ന പാട്ടും പാടി തോക്ക്‌ യഥാസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചു. വീഴ്ച്ചയില്‍ കാല്‍ മുട്ടിലെ തൊലി പോയത്‌ അന്നത്തെ ദിവസം വീട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്തതേയില്ല. രാത്രിയില്‍ കിടന്ന് ഓര്‍ത്തു ഹോ...ഇനി എന്റെ വെടിയില്‍ ആ കിംഗ്‌ ഫിഷര്‍ ചത്ത്‌ മലച്ചിരുന്നെങ്കില്‍ ആ പമ്പാ നദിയില്‍ നിന്ന് എങ്ങനെ താന്‍ ആ ഡെഡ്‌ ബോഡിയെടുത്തേനെ…. ഭാഗ്യമായി പോയി അത്‌ ചാകാഞ്ഞതെന്ന് മനസ്സില്‍ ഓര്‍ത്ത്‌ അന്ന് രാത്രി സുഖമായി ഉറങ്ങി.

ദിനങ്ങള്‍ കടന്ന് പോയി. വീണ്ടും അപ്പയില്ലാത്ത ദിവസം...തോക്കെടുത്തു. ഇരയ്ക്കായി ചുറ്റും നോക്കി. തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു പൂവന്‍ കോഴി ദാ നമ്മുടെ പിടക്കോഴിയെ പീഡിപ്പിക്കുന്നു. എന്റെ രക്തം തിളച്ചു. വനിതാ കമ്മീഷനെ മനസ്സില്‍ ധ്യാനിച്ച്‌, നമ്മുടെ ചുറ്റു മതിലില്‍ തോക്ക്‌ താങ്ങി നിര്‍ത്തി....[പ്രഷര്‍ ഏല്‍ക്കാതെ വണ്ണം]തോക്ക്‌ പിടിച്ച്‌, പൂവന്‍ കോഴിയെ ഉന്നം വെച്ച്‌ ഒറ്റ വെടി..ഠേ!!!. പൂവന്‍ കോഴി ആകാശത്തേക്ക്‌ പറന്നുയര്‍ന്നു. പിടക്കോഴി ദേ താഴെ....ചുറ്റും നോക്കി....ആരും കണ്ടില്ല. ഇന്ന് അമ്മ ഇത്‌ ഒരു ഇന്റര്‍നാഷണല്‍ പ്രശ്നമാക്കും. എന്റെ ഉന്നം പിടുത്തം എവിടെയാ പാളിയത്‌. താന്‍ പൂവന്‍ കോഴിയെ വെടി വെയ്ക്കുമ്പോള്‍ പിടക്കോഴി ചാകുന്നു. ഇതെന്താ കേരളാ പോലിസിന്റെ തോക്ക്‌ അപ്പ ചുളുവില്‍ വാങ്ങിയതാണോ? പറ്റിയത്‌ പറ്റി. വീണ്ടും തോക്ക്‌ യഥസ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ അന്ന് പതിവിലും നേരത്തെ ഹോം വര്‍ക്ക്‌ ചെയ്യാനിരുന്നു. ഇടയ്ക്ക്‌ രണ്ട്‌ പ്രാവശ്യം എണ്ണീറ്റ്‌ പോയി പിടക്കോഴിയെ ദൂരെ നിന്നും വീക്ഷിച്ചു. പിടക്കോഴി അവിടെ തന്നെ കിടപ്പുണ്ട്‌. ചത്തിട്ടില്ല. ചുറ്റും നോക്കി ഒരു കല്ലെടുത്തെറിഞ്ഞു. പിടക്കോഴിക്ക്‌ ഓടാന്‍ പറ്റുന്നില്ല. ഒരു പക്ഷെ കാലിനായിരിക്കുമോ വെടി കൊണ്ടത്‌? വൈകിട്ട്‌ കോഴിക്ക്‌ തീറ്റ കൊടുത്ത്‌ കൂട്ടില്‍ കയറ്റാന്‍ അമ്മ നോക്കുമ്പോള്‍ ഒരു കോഴി മിസ്സിംഗ്‌. അമ്മ, കോഴീീീ ബാ…. ബാ…. എന്നൊക്കെ വിളിച്ചിട്ടും കോഴി വന്നില്ല. അന്വേഷണമായി. അപ്പോള്‍ ഞാന്‍ ഒന്നുമറിയാത്തതു പോലെ പറഞ്ഞു:- അമ്മേ ഞാന്‍ കുറച്ച്‌ മുന്‍പേ ആ കോഴിയെ ഒരു പൂവന്‍ കോഴിയുടെ കൂടെ നില്‍ക്കുന്നത്‌ കണ്ടായിരുന്നു. ഇനി ചിലപ്പോള്‍....വാചകം മുഴുമിപ്പിക്കാന്‍ അമ്മ സമ്മതിച്ചില്ല. നിന്നെയാരെങ്കിലും വിളിച്ചോ? നിനക്കൊന്നും പഠിക്കാനില്ലെ??? ഞാന്‍ സ്ഥലം കാലിയാക്കി. അല്‍പസമയത്തെ തിരച്ചിലിനൊടുക്കം അമ്മ കോഴിയെ കണ്ടെത്തി. ഒരു കാല്‍ ഒടിഞ്ഞ്‌ തൂങ്ങിയ നിലയില്‍. അമ്മയ്ക്ക്‌ ആ സീന്‍ കണ്ടിട്ട്‌ സഹിച്ചില്ല. ഇന്നും കൂടി മുട്ടയിട്ടതാ...പാവം. കീരിയോ, കാട്ടു മാക്കാനോ എന്തോ പിടിക്കാന്‍ നോക്കിയതാ....അയ്യോ...ഞാനും സംഭവ സ്ഥലത്ത്‌ ഹാജരായി എനിക്ക്‌ ഈ സംഭവത്തില്‍ ഉള്ള എന്റെ ‘അഗാധമായ ദുഖവും, ഞെട്ടലും രേഖപ്പെടുത്തി,’...വീണ്ടും പഠിക്കാനിരുന്നു. വീട്ടില്‍ സഹായത്തിനുള്ള ചേച്ചി പറഞ്ഞു....പാമ്പ്‌ ഒന്നും കൊത്തിയതല്ലല്ലോ??? അങ്ങനെയെങ്കില്‍ ഇതിനെ അങ്ങ്‌ കറി വെയ്ക്കാമെന്ന്……അങ്ങനെ താന്‍ വെടി വെച്ച ആദ്യത്തെ ഇര കറിയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിയാതെ ഞാന്‍ പഠിത്തത്തില്‍ മുഴുകി. അമ്മ കോഴിയെ ക്ലീന്‍ ചെയ്ത്‌ കഷ്ണമാക്കുമ്പോള്‍ എന്റെ ഗൃഹപ്പിഴയ്ക്ക്‌, പെല്ലെറ്റ്‌ യാതൊരു കേടുപാടുമില്ലാതെ കിട്ടി. കിട്ടിയ പാടെ അമ്മ, മോനേ എന്ന് നീട്ടി വിളിച്ചപ്പോള്‍ ഒന്നും അറിയാത്ത നിഷ്‌കളങ്ക ബാലനെ പോലെ അടുക്കളയില്‍ വന്നപ്പോള്‍ അമ്മ ചോദിച്ചു...നീ ഇന്ന് തോക്കെടുത്തോ? ആ ചോദ്യം കേട്ട്‌ തല മന്ദിച്ചുവെങ്കിലും...യേ ഇല്ലായെന്ന് തന്നെ മറുപടി പറഞ്ഞു. പിന്നെ ചോദ്യം ചെയ്യല്‍ മാറി .... മൂന്നാം മുറ തുടങ്ങുമെന്നായപ്പോള്‍, കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്ന പാപിയെ പോലെ മണി മണിയായി കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. പക്ഷെ കുമ്പസാര രഹസ്യം പുറത്ത്‌ വിടരുതെന്ന പൊതു തത്വത്തെ കാറ്റില്‍ പറത്തി, അപ്പ വന്നപ്പോള്‍ തന്നെ അമ്മ കാര്യങ്ങള്‍ വെളിപ്പെടുത്തി....അപ്പയും കുറച്ച്‌ ചാടിച്ചു. ഇനി മേലില്‍ തോക്കെടുക്കെരുതെന്ന നിരോധന ഉത്തരവും പുറപ്പെടുവിച്ച്‌ കോഴി കറിയും കൂട്ടി ചോറും ഉണ്ട്‌ പോയി കിടന്നു.

നിരോധന ഉത്തരവ്‌ ഉണ്ടായിരുന്നിട്ടും അപ്പയില്ലാത്തപ്പോള്‍ ഈ തോക്ക്‌ കാണുന്നത്‌ എനിക്ക്‌ പ്രശ്നം ആയിരുന്നു. അപ്പ പുറത്ത്‌ പോയ തക്കം....അമ്മ പുരയിടത്തില്‍....തോക്ക്‌ ഞാന്‍ വീണ്ടും എടുത്തു. ചുറ്റുപാടുകള്‍ നോക്കി. എന്റെ കണ്ണും ദൃഷ്ടിയില്‍ ഒറ്റ ഇരയില്ല. കഷ്ടം തന്നെ... തോക്കുമായി തിരിച്ച്‌ നടന്നപ്പ്പോള്‍ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അക്കരെയുള്ള പൊട്ടന്‍ [ചെവിയും കേള്‍ക്കില്ല, വര്‍ത്തമാനവും പറയില്ല] അന്‍പത്തിയഞ്ചിനു മുകളില്‍ പ്രായം....പാലു മേടിക്കാന്‍ പാത്രവും കൊണ്ട്‌ വീടിന്റെ പുറകില്‍ കൂടി കടന്ന് വരുന്ന നയന മനോഹരമായ കാഴ്ച്ച. പൊട്ടന്റെ കൈയില്‍ ഇരിക്കുന്ന പാത്രമാണു ലക്ഷ്യം. തോക്ക്‌ ജനല്‍പ്പടിയില്‍ ഉറപ്പിച്ച്‌....പൊട്ടന്റെ ചന്തിക്ക്‌ ലക്ഷ്യം വെച്ചു....[പൂവന്‍കോഴിക്ക്‌ ലക്ഷ്യം വെച്ചപ്പോള്‍ പിടകോഴി വീണു...ആയതിനാല്‍ പാഠങ്ങള്‍ പഠിച്ച്‌, തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ തീരുമാനിച്ചു] സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌!!! ഠേ!!! വെടി കേട്ടതും, പൊട്ടന്‍ ചന്തിയും പൊത്തി ഉരുണ്ട്‌ വീണത്‌ ഇന്‍ഡ്യന്‍ സമയവും, അമേരിക്കന്‍ സമയവും സേം, സേം. ദൈവമേ!!! ഇതാ കൃത്യമായി താന്‍ വെടി പൊട്ടിച്ചിരിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ താന്‍ തോക്ക്‌ കൃത്യ സ്ഥലത്ത്‌ വീണ്ടും പ്രതിഷ്ഠിച്ച്‌ കക്കൂസ്സ്‌ ലക്ഷ്യമാക്കി ഓടി. പൊട്ടന്‍ പോകുന്നത്‌ വരെ കക്കൂസ്സില്‍ താനിരുന്നു. അമ്മയോട്‌ പൊട്ടന്‍ അബ്യ, അബ്ബ്യാ , ബേ എന്നൊക്കെ ചന്തിയില്‍ പിടിച്ച്‌ “ഈസ്‌റ്റ്‌ ജര്‍മ്മനിയിലാണോ”, “വെസ്‌റ്റ്‌ ജര്‍മ്മനിയിലാണോ” വെടി കൊണ്ടതെന്നറിയാതെ എന്തൊക്കെയോ ബ്യ ബ്യാ പറഞ്ഞു കരഞ്ഞപ്പോള്‍, “പൊട്ടന്‍ ആട്ടം കണ്ടത്‌ പോലെ”, അമ്മ നിന്നു പോയി. ഈ കാഴ്ച്ചകള്‍ ബാത്ത്രൂമിലെ വെന്റിലേഷനില്‍ കൂടി എത്തി വലിഞ്ഞ്‌ നോക്കി കൊണ്ടിരുന്ന എനിക്ക്‌ അയ്യേ!!! അയ്യേ!!! വൃത്തിക്കെട്ടവന്‍...തനിക്ക്‌ അമ്മയും, പെങ്ങളുമില്ലേടോയെന്ന് ചോദിക്കണമെന്ന് കരുതിയെങ്കിലും സാഹശ്ചര്യം എന്നെ അതിനു അനുവദിച്ചില്ല. പൊട്ടനായത്‌ എന്റെ ഭാഗ്യം. കാര്യങ്ങള്‍ ആര്‍ക്കും പിടി കിട്ടിയില്ല.

പിന്നീട്‌ പല പരീക്ഷണങ്ങളും ഞാന്‍ തോക്ക്‌ വെച്ച്‌ നടത്തിയിട്ടുണ്ടെങ്കിലും, അത്‌ ഒന്നും ആരും അറിഞ്ഞിരുന്നില്ല. സത്യത്തില്‍ ഞാന്‍ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഒരു കാര്യം പരമ സത്യം:-...”ലക്ഷ്യ സ്ഥാനത്ത്‌ വെടി കൊണ്ടാല്‍ കക്കൂസ്സില്‍ പോകാന്‍ തോന്നുമെന്ന സത്യം” അഭിനവിനെ പോലെ ഞാനെത്രയോ വര്‍ഷം മുന്‍പേ കണ്ട്‌ പിടിച്ചിരുന്നു.

പക്ഷെ എനിക്ക്‌ കൃത്യമായ കോച്ചിംഗ്‌ ഉണ്ടായിരുന്നെങ്കില്‍... പണ്ടെ, ഇന്‍ഡ്യയിലേക്ക്‌, എന്റെ പൊടിയാടിയിലേക്ക്‌ ഞാന്‍ ഒരു സ്വര്‍ണ്ണം നേടിയേനെ. ആ ചന്തിയില്‍ വെടി കൊണ്ട പൊട്ടനാണ സത്യം....

Monday, 1 September 2008

അവധിക്കാല ഓര്‍മ്മകള്‍ [ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പി ഈ ലക്കത്തോടൊപ്പം ഫ്രീ]

വോട്ടര്‍ പട്ടികയില്‍ 18 തികയാത്ത ഭൂരിഭാഗം കുഞ്ഞ്‌ കുട്ടി പരാധീനങ്ങളും, ജാതി മത ഭേദമില്ലാതെ, ലിംഗ വ്യത്യാസമില്ലാതെ ഞങ്ങളുടെ കുട്ടി ഗ്യാങ്ങില്‍ അംഗങ്ങളായിരുന്നു. ശനിയാഴ്ച്ചകളിലും, ഓണാവധി, ക്രിസ്തുമസ്സ്‌ അവധി, വലിയ അവധി ദിവസങ്ങളില്‍ എല്ലാം ഞങ്ങള്‍ രാവിലെ മുതല്‍ ഒരുമിച്ചു കൂടും. എന്റെ അപ്പച്ചന്‍ ഒരു ഓട്‌ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാല്‍ എന്റെ ജനനത്തോടെ ആ ഓട്‌ ഫാക്ടറി ചരിത്രത്തിന്റെ ഭാഗമായി. ഈ ചരിത്ര സ്മാരകമായിരുന്നു ഞങ്ങളുടെ വിഹാര കേന്ദ്രം. കൂടാതെ വിശപ്പടിക്കുമ്പോള്‍ അപ്പ പറമ്പില്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്ന ചാമ്പ, മാവ്‌, പേര, ലോലോലി [ഗ്ലോവിക്ക], ജാതി മുതലായ ഫല വൃക്ഷങ്ങളില്‍ കയറി കായ കനികള്‍ ഭക്ഷിച്ചും, അവയില്‍ ഫാസ്റ്റ്‌ ഫുഡുകള്‍ [അവയില്‍ ചിലതിന്റെ റെസിപ്പി ഈ ലക്കത്തോടൊപ്പം ഫ്രീ.]പരീക്ഷിച്ചും ഞങ്ങള്‍ അവധിക്കാലം അടിച്ചു പൊളിച്ചിരുന്നു.

സെവന്റീസ്‌, കപടി, ഇട്ടൂലി-കുത്തൂലി, സാറ്റ്‌, ചീട്ടില്‍ കഴുത കളി, അക്ക്‌ കളി മുതലായവകളായിരുന്നു ഞങ്ങളുടെ പ്രധാന ഇനങ്ങള്‍. ഇതില്‍ കപടി കളി എനിക്ക്‌ വലിയ താത്‌പര്യമില്ലായിരുന്നു. കാരണം കപടി, കപടി എന്ന് വിളിച്ച്‌ കൂവി പോകുന്ന ഞാന്‍ അല്‍പ സമയത്തിനുള്ളില്‍ എതിര്‍ പക്ഷക്കാരന്റെ തോളത്ത്‌ ഇരുന്നായിരിക്കും കപടി കപടിയെന്ന് പറയുന്നത്‌. ചീട്ടിലെ കഴുത കളി എനിക്ക്‌ ഇഷ്ടപ്പെട്ട ഇനമായിരുന്നു. കാരണം കൂട്ടത്തില്‍ ഉള്ള ഒരു പെണ്‍ക്കുട്ടി ആസ്ഥാന കഴുത ആയിരുന്നു. പിന്നെ സെവന്റീസ്‌... ഒതുക്കത്തില്‍ ഏറു കൊള്ളാതെ അക്ക്‌ അടുക്കി വെച്ച്‌ സെവന്റീസ്‌ എന്ന് വിളിക്കാന്‍ ഞാനും, ചേച്ചിയും വിരുതരായിരുന്നു. എന്നാല്‍ കൂട്ടത്തില്‍ ചിലരുടെ ഏറു പിടിച്ച്‌, 'വഴിയെ പോകുന്ന ചാവാലി പട്ടിക്ക്‌' ഏറു കിട്ടിയ കണക്കെ കരഞ്ഞിട്ടുണ്ടെന്നതും പരമ സത്യം. എന്നിരുന്നാലും ഇതില്‍ ഒന്നും ആര്‍ക്കും പരാതികളുമില്ലായിരുന്നു താനും.

അങ്ങനെ വീണ്ടും ഒരു ഓണാവധി വന്നു. ഞങ്ങള്‍ പതിവു പോലെ ഒന്നിച്ചു കൂടി. ഓണാവധിക്ക്‌ ഊഞ്ഞാലാട്ട മത്സരം ഒരു പ്രധാന ഇനമായിരുന്നു. എന്റെ ചേച്ചിക്ക്‌ ഊഞ്ഞാലില്‍ നിന്നും, ഇരുന്നും ആടാന്‍ ഒട്ടും പേടിയില്ല. ഊഞ്ഞാലാട്ടത്തില്‍ ആദ്യ കുറച്ച്‌ സമയം ഒരാള്‍ ആട്ടി തരും. ഊഞ്ഞാലില്‍ ഒരാള്‍ നില്‍ക്കുകയും, മറ്റൊരാള്‍ ഇരുന്നുമാണു ആടുന്നത്‌. ചേച്ചിയുടെ കൂടെയാടാന്‍ എനിക്ക്‌ തീരെ സ്റ്റാമിന ഇല്ല. എന്നാലും ചേച്ചി, മത്സരം വരുമ്പോള്‍ എന്നെയായിരിക്കും തിരഞ്ഞെടുക്കുക. അങ്ങനെ ഞാനും ചേച്ചിയും ആട്ടം തുടങ്ങി. കാണികള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ചേച്ചി ആട്ടത്തിനു സ്പീഡ്‌ കൂട്ടി. ഞാന്‍ കയറില്‍ മുറുക്കി പിടിച്ച്‌ പ്രാണരക്ഷാര്‍ത്ഥം കൂവുകയല്ലാതെ സ്പീഡ്‌ കൂട്ടാന്‍ വേണ്ടി ആക്സ്‌ലേറ്ററില്‍ കാലു കൊടുക്കാറെയില്ല. അങ്ങനെ ഞാനും ചേച്ചിയും ഏതാണ്ട്‌ ഊഞ്ഞാലു കെട്ടിയ മാവിന്റെ മുകളില്‍ വരെ എത്താറായി കാണും...എന്ത്‌ പറ്റിയെന്ന് ഇപ്പോഴും എനിക്കറിയില്ല....ഏകദേശം 50 മീറ്റര്‍ അകലത്ത്‌ നിന്നാണു ഞങ്ങള്‍ എഴുന്നേറ്റ്‌ വന്നതെന്ന് മാത്രം എനിക്കറിയാം. എപ്പോളായിരുന്നു ആ ക്രാഷ്‌ ലാന്‍ഡിംഗ്‌ എന്ന് ഒരു ഊഹവുമില്ല. കാണികള്‍ കൂടുതലായതിനാല്‍ കരയാനും, പിഴിയാനും നില്‍ക്കാതെ വേഗം ചന്തിയിലെ പൊടിയും തൂത്ത്‌ അടുത്ത മത്സരാര്‍ത്ഥികളെ കയറ്റി ഊഞ്ഞാലില്‍ ഇരുത്തി, വൈകിട്ട്‌ വീട്ടില്‍ വന്ന് അയഡക്സ്‌ പുരട്ടി ആവി പുരട്ടി ആശ്വസിച്ചു. അതില്‍ പിന്നിട്‌ ഞാനിന്നു വരെ ചേച്ചിയുടെ കൂടെ ഊഞ്ഞാലില്‍ കയറിയിട്ടില്ല.

പിന്നെ ഞങ്ങളുടെ പ്രധാന വിനോദം സാറ്റ്‌ കളിയായിരുന്നു. ഓട്‌ ഫാക്‍ടറി വിശാലമായിരുന്നതിനാല്‍ ഒളിച്ചിരിക്കാന്‍ ഒരു പാട്‌ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പതിവു പോലെ സാറ്റ്‌ കളി തുടങ്ങി. ചേച്ചിയാണു എണ്ണുന്നത്‌. ചേച്ചി എണ്ണി തീര്‍ന്നതും 'പൊത്തോ' എന്നൊരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. ചേച്ചി കണ്ണു തുറന്ന് നോക്കിയപ്പോള്‍, ഒരാള്‍ പാത്തിരുന്നത്‌ ഓട്‌ ഉണക്കാന്‍ വെയ്ക്കുന്ന ഷെല്‍ഫിന്റെ മുകളിലായിരുന്നു. കാല പഴക്കത്തില്‍ ആ ഷെല്‍ഫ്‌ ചിതല്‍ അരിച്ചിരുന്നതിനാല്‍, ഒളിച്ചിരുന്ന ഞങ്ങളുടെ സുഹൃത്തും, കഴുക്കോലും, പട്ടികയും സഹിതം താഴേക്കു വീണ ശബ്ദമാണു എക്കോ പൊലും ഇല്ലാതെ ആ പൊത്തോയെന്ന് കേട്ടത്‌. ചേച്ചിക്ക്‌ ഈ കാഴ്ച്ച നന്നായി ബോധിച്ചു. ആയതിനാല്‍ ചേച്ചി പരിസരം മറന്ന് ചിരിച്ചു. നമ്മുടെ സുഹൃത്ത്‌ വിടുമോ??? ഞങ്ങള്‍ ഊഞ്ഞാലില്‍ നിന്നും താഴെ വീണു എഴുന്നേറ്റതിലും സ്പീഡില്‍ അവന്‍ എഴുന്നേറ്റ്‌ അന്തസ്സായി പോയി സാറ്റ്‌ വെച്ചിട്ട്‌ ചേച്ചിയോട്‌ പറഞ്ഞു, "അതേ ഞാന്‍ വേഗം സാറ്റ്‌ വെക്കാന്‍ വേണ്ടി വന്നതാണെന്ന്". ശൂന്യാകാശത്ത്‌ നിന്നേ!!! വേഗം സാറ്റ്‌ വെയ്ക്കാന്‍ വന്നതാണത്രേ!!! ഇതു കേട്ടതും ചേച്ചി പിന്നെയും ചിരിച്ചു.

പിന്നെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു പെണ്‍ക്കുട്ടി എണ്ണാന്‍ തുടങ്ങി. കക്ഷി ഭയങ്കര പേടിച്ചു തൂറിയാണു. ആയതിനാല്‍ ഞങ്ങള്‍ അത്‌ മുതലാക്കി, കൂട്ടുകാര്‍ ഒന്നടങ്കം ഇഷ്ടിക ചൂളയില്‍ കയറി ഒളിച്ചു. ഇഷ്ടിക ചൂളയ്ക്കകത്ത്‌ കുറ്റാകുറ്റ്‌ ഇരുട്ട്‌. പിന്നെ കൂട്ടുകാരുടെ ധൈര്യത്തിലാണു നമ്മള്‍ ഈ സാഹസത്തിനൊക്കെ മുതിരുന്നത്‌. അങ്ങനെ ഞങ്ങള്‍ കയറി ഒളിച്ച്‌, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, ഞങ്ങളുടെ സുഹൃത്ത്‌ ചൂളയുടെ ഏഴ്‌ അയലത്ത്‌ പോലും വരുന്നില്ല. എല്ലാവര്‍ക്കും വിശപ്പടിക്കാന്‍ തുടങ്ങി. ചിലരുടെ കുടലു കരിഞ്ഞ മണവും, ചൂളയിലെ മണവും, ആവിയും എല്ലാം കാരണം അതിലെ ഏറെ നേരത്തെ ഇരുപ്പ്‌ ദുസഹമായതിനെ തുടര്‍ന്ന് ഞങ്ങള്‍ ഓരോരുത്തരായി പോയി സാറ്റ്‌ വെച്ചു. എല്ലാവരും സാറ്റ്‌ വെച്ചിട്ടും, ഞങ്ങളെ കണ്ടു പിടിക്കേണ്ടിയ ആളിനെ കാണുന്നില്ല. പിന്നെ ഞങ്ങളെല്ലാവരും കൂടി പുള്ളിക്കാരിയെ കണ്ടു പിടിക്കാനുള്ള തിരച്ചിലായി. ഇതിനിടയില്‍ ആരോ ഒരാള്‍ പുള്ളിക്കാരിയുടെ വീട്ടിലേക്ക്‌ കുതിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത്‌.....പുള്ളിക്കാരി ഞങ്ങളെയെല്ലാം ഒളിപ്പിച്ചിരുത്തിയിട്ട്‌, വിശാലമായി ഊണും കഴിഞ്ഞ്‌ ഏമ്പക്കവും വിട്ട്‌ കൈ കഴുകാനായി കിണറ്റ്‌ കരയിലേക്ക്‌ വരുന്ന അത്യപൂര്‍വ്വ കാഴ്ച്ച. പട്ടിണിക്ക്‌ തങ്ങളെയിരുത്തി ഭക്ഷണം കഴിച്ച ആ ദേഷ്യത്തില്‍, അന്വേഷണത്തിനിറങ്ങി പുറപ്പെട്ട സുഹൃത്ത്‌ അല്‍പം ‘അന്യ ഭാഷ’ പറഞ്ഞ്‌, 4.00 മണിക്ക്‌ വീണ്ടും കൂടാമെന്ന് പറഞ്ഞ്‌ പിരിഞ്ഞു.

അങ്ങനെ ഞങ്ങള്‍ എല്ലാവരും 4.00 മണിയോടെ ഓട്ടാഫീസില്‍ തന്നെ ഒത്ത്‌ കൂടി. കാപ്പി കുടി ഒക്കെ കഴിഞ്ഞ്‌ വന്ന കാരണം സെവന്റീസ്‌ കളിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കളി തുടങ്ങി. 1-2 സെറ്റ്‌ കഴിഞ്ഞപ്പോഴെക്കും ഒരു കൂട്ടുകാരിക്ക്‌ രണ്ടിനു പോകാന്‍ ഉള്ള ഒരു വിളി. ആ വിളി അവള്‍ തുറന്ന് പറഞ്ഞപ്പോള്‍, കളി താത്ക്കാലികമായി നിര്‍ത്തിയതും, കൂട്ടുകാരി അടുത്ത പറമ്പിനെ ലക്ഷ്യമാക്കി ഓടി. ഞങ്ങള്‍ പിന്നീട്‌ കൊച്ച്‌ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞങ്ങനെ നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ രണ്ടിനു പോയ കൂട്ടുകാരി നനഞ്ഞ്‌ ഈറനായി അവിടേക്ക്‌ വന്നു. ഇത്‌ എന്ത്‌ പറ്റി? നീ കുളിച്ചോ? [ഓട്ടാഫീസിന്റെ പുറകില്‍ കൂടിയാണു വിശാലമായ പമ്പ നദി]. പുള്ളിക്കാരി ചമ്മലോടെ പറഞ്ഞു, " അതേയ്‌ ഞാന്‍ കാര്യം സാധിച്ചു കൊണ്ടിരുന്നപ്പോള്‍, എന്തോ ഒരു സാധനം എന്റെ ദേഹത്തേക്ക്‌ വന്ന് വീണു. അത്‌ ദേഹത്തേക്ക്‌ വീണ അതേ നിമിഷത്തില്‍ എന്റെ ബാലന്‍സ്‌ തെറ്റി ഞാന്‍ 'അതിലേക്ക്‌' തന്നെ വീണു. സത്യം പറഞ്ഞാല്‍ ഞാന്‍ കരുതിയതെന്താന്നോ....നിങ്ങള്‍ ആരോ എന്നെ കണ്ടു..എന്നിട്ട്‌ എന്നെ സെവന്റീസിന്റെ പന്ത്‌ എടുത്ത്‌ എറിഞ്ഞതാണെന്ന്? ഉരുണ്ട്‌ പിരണ്ട്‌ എഴുന്നേറ്റ്‌ നോക്കിയപ്പോളാ മനസ്സിലായത്‌ തെങ്ങില്‍ നിന്നും വീണ ഒരു വെള്ളയ്ക്കാ ആയിരുന്നതെന്ന്.... പിന്നെ പോയി ദേഹം കഴുകി. ഉടുപ്പിലൊക്കെ പറ്റിയ കാരണം പിന്നെ ഉടുപ്പും, പാവാടയും കഴുകി...അങ്ങനെ ആകെ നനഞ്ഞു. ഏതായാലും പറ്റിയത്‌ പറ്റി. ഇനി നിങ്ങളായിട്ട്‌ എന്നെ നാറ്റിക്കരുതേ" യെന്ന് അഭ്യര്‍ത്ഥിച്ചതും ഇതില്‍ കൂടുതല്‍ ഞങ്ങളെന്ത്‌ നാറ്റിക്കാനാ...തന്നെതാന്‍ നാറ്റിച്ചിട്ടല്ലേ വന്നത്‌ എന്ന് മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞപ്പോളായിരിക്കും കൂട്ടുകാരി ചിന്തിച്ചത്‌, :- ദൈവമേ!!! ഞാന്‍ എന്തിനാ ഇത്ര സത്യസന്ധയായതെന്ന്??? ഏതായാലും ആ വീഴ്ച്ചയോടെ കൂട്ടുകാരിക്ക്‌ പുതിയ പേരായി-'മലം'ഞ്ചരക്ക്‌ [മലഞ്ചരക്ക്‌]. ഒപ്പം അവള്‍ വരുമ്പോള്‍ റ്റൈറ്റില്‍ സോങ്ങുമായി....മലയാറ്റൂര്‍ 'മലം' ഞ്ചെരുവിലെ പൊന്മാനേ....പെരിയാറില്‍ മീന്‍ പിടിക്കും പൊന്മാനേ!!!

കാലം കടന്നു പോയി. ഇന്ന് ഈ മലഞ്ചരക്ക്‌ യു.എസ്സില്‍ നേഴ്സാണു. പഴമ്പുരാണംസിന്റെ സ്ഥിരം വായനക്കാരിയുമാണു. കൂട്ടുകാരി, നമ്മുടെ പഴയ കാലങ്ങള്‍ എന്താടാ നീ ഇതു വരെ എഴുതാത്തതെന്ന് ചോദിച്ചപ്പോളതും ഞാന്‍ അങ്ങു പോസ്റ്റാക്കാന്‍ തീരുമാനിച്ചു. പക്ഷെ അത്‌ ഇങ്ങനെയാകുമെന്ന് ഒരിക്കലും അവള്‍ ഓര്‍ത്തിരിക്കില്ല്ല. സത്യസന്ധര്‍ക്ക്‌ വരുന്ന ഓരോ പ്രശനങ്ങളേ!!!!.


അവധിക്കാല ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പീസ്‌.

1. കാന്താരി വാളന്‍പുളി.
നല്ല വാളന്‍പുളി തോടോടു കൂടിയത്‌-ഒന്ന്
ഉപ്പ്‌ നീരു - ആവശ്യത്തിനു.
കാന്താരി മുളക്‌ പഴുത്തത്‌:- ഒന്ന്.

ഇനി വാളന്‍ പുളിയുടെ തോടിന്റെ ഒരു മൂലയ്ക്ക്‌ ചെറിയ ഒരു സൂചി കൊണ്ട്‌ ഒരു ദ്വാരം ഉണ്ടാക്കുക. പിന്നീട്‌ കാന്താരി ഞെരുടി ഉപ്പു നീരില്‍ ചാലിക്കുക. ഈ പുളി ഉപ്പ്‌ നീരില്‍ ഇട്ട്‌ വെയ്ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ കഴിക്കുക.

2. മാങ്ങ മുള്‍കോഷ്യം.
ചനച്ച മാങ്ങാ:- 1
സവോള:- 1
വറ്റല്‍ മുളക്‌ പൊടി:- ആവശ്യതിനു.
ഉപ്പ്‌:- ആവശ്യത്തിനു.
വെളിച്ചെണ്ണ:- 2 സ്പൂണ്‍

ഇനി ചനച്ച മാങ്ങാ ചെറുതായി കൊത്തിയരിയുക. പിന്നീട്‌ സവോളയും അരിയുക. ഇനി ഉപ്പും, മുളകുപൊടിയും വിതറി 2 സ്പൂണ്‍ വെളിച്ചെണ്ണയും കൂടി കൂട്ടി ഇളക്കി 2 മിനിട്ട്‌ കഴിഞ്ഞ്‌ കഴിക്കുക.

3. പേരയ്ക്ക, ചാമ്പയ്ക്ക, ലോലോലി [ഗ്ലോവിക്ക] [സീസണ്‍ അനുസരിച്ച്‌] മിക്സ്‌ മസാല.
പേരയ്ക്ക- 1
ഉപ്പ്‌ നീരു:- ആവശ്യത്തിനു.
മുളക്‌ പൊടി:- ആവശ്യത്തിനു.
കായ പൊടി:- അല്‍പം.

ഇനി പേരയ്ക്ക 8 ചെറിയ കഷ്ണമായി മുറിക്കുക. മുളകും, ഉപ്പ്‌ നീരും, കായ പൊടിയും ചേര്‍ത്ത്‌ ഇളക്കി അല്‍പം കഴിഞ്ഞു കഴിക്കുക.