
11 ജൂലൈ 1988, തിങ്കളാഴ്ച്ച ആയിരുന്നു ഞങ്ങളുടെ കോളേജിലേക്കുള്ള ആദ്യ ചുവടു വെയ്പ്പ്. പക്ഷെ ഗണപതിക്ക് വെച്ചതു കാക്ക കൊണ്ടു പോയി എന്ന് പറഞ്ഞ പോലെ, ജൂലൈ 8നു കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം ഉണ്ടായി. ആ ദുരന്തത്തില്‍ തിരുവല്ല മാര്‍ത്തോമാ കോളേജിലെ ഒരു അദ്ധ്യാപകനും മരണപ്പെട്ടു. ആയതിനാല്‍ 11 ജൂലൈയിലെ ഞങ്ങളുടെ ആദ്യ ചുവടു വെയ്പ് 12 ജൂലൈയിലേക്കു മാറി.നല്ല ശകുനം തന്നെ.
ചൊവ്വാഴ്ച്ച അതിരാവിലെ എഴുന്നേറ്റ്,”ലീ”യുടെ ഒരു നീല ജീന്‍സും, ഫുള്‍ സ്ലീവ് ഒരു ടീ ഷര്‍ട്ടും വലിച്ചു കയറ്റി, കണ്ണാടിക്കു മുന്‍പില്‍ അര മണിക്കൂറോളം നിന്ന് മമ്മൂട്ടിയും, മോഹന്‍ലാലും ഒരുങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഒരുങ്ങി,എം.ജി.എമ്മിലെ പഴയ വെള്ള ഷര്‍ട്ടിനോടും, കാക്കി പാന്റ്സിനോടും റ്റാറ്റാ പറഞ്ഞു, കുറ്റപ്പുഴ ബസ്സിലെ ഇടിയും ഏറ്റ് മാര്‍ത്തോമാ കോളേജിന്റെ പടിക്കല്‍ ഇറങ്ങിയപ്പോള്‍ തന്നെ, പണ്ട് രാജീവ് ഗാന്ധിയുടെ ഹൃദയം ഇന്‍ഡ്യക്കു വേണ്ടി തുടിച്ചതു പോലെയോ, അതിലും മുകളിലോ ഇടിച്ചു തുടങ്ങി. വഴിയോരത്ത് വലിച്ചു കെട്ടിയ തോരണങ്ങളും,ഗേറ്റിന്റെ വശത്ത് കെട്ടിയ കറുത്ത കൊടിയും കെ.എസ്.യു, എസ്.എഫ്.ഐ നേതാക്കളും, സീനിയേഴ്സും, വട്ടം കൂടി നിന്നു കുശുകുശുക്കുന്ന പെണ്‍ പടകളും, എല്ലാം കണ്ട്, ദൈവമേ... അറിയാവുന്ന ഒരു മുഖമെങ്കിലും കാട്ടി തരണേ എന്ന പ്രാര്‍ത്ഥനയോടെ അവിടെ നിന്നപ്പോള്‍, ദാ കേള്‍ക്കുന്നു..'സമയമാം രഥത്തില്‍ ഞാന്‍ ….സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു….’ എന്ന പാട്ട് തമ്പേറിന്റെ അകമ്പടിയോടെ എന്റെ ചെവിയിലേക്കു ഒഴുകി എത്തി. എന്റെ ദൈവമേ, ഇന്നും ആരാണ്ട് വടിയായോ എന്നു ചിന്തിച്ചു നിന്നപ്പോള്‍... ചെങ്ങന്നൂര്‍ സ്റ്റുഡന്റ്സ് ഒണ്‍ലി ബസ്സ് വന്നു. ആ ബസ്സില്‍ നിന്നും ക്രിസ്ത്യന്‍ ഗാനങ്ങളും, ‘കൊടുങ്ങല്ലൂര്‍ ഭക്തി ഗാനങ്ങളും’ മാത്രമേ കേള്‍ക്കാറുള്ളൂയെന്ന് പിന്നീട് അനുഭവം ഞങ്ങളെ പഠിപ്പിച്ചു. ആ ബസ്സിലും എനിക്കു അറിയാവുന്ന ആരെയും കാണാഞ്ഞ കാരണം ഞാന്‍ പതുക്കെ വലതു കാല്‍ തന്നെ വെച്ചു കോളേജിന്റെ പടി ചവിട്ടി കയറി. അധികം കഷ്ടപെടേണ്ടി വന്നില്ല..എന്റെ എം.ജി.എം സുഹ്രുത്തുക്കള്‍ എന്നെ കൈ കാട്ടി വിളിച്ചതും, ഞാന്‍ അവരുടെ ഭാഗമായതും ഒപ്പമായിരുന്നു. പിന്നെ ആരൊക്കെയൊ വന്നു ഞങ്ങളെ ഓടിറ്റോറിയത്തില്ലേക്കു കയറ്റി. അവിടുത്തെ മീറ്റിങ്ങിനു ശേഷം ഞങ്ങളെ ഓടിറ്റോറിയത്തിനു സമീപമുള്ള ക്ലാസ്സ് മുറിയിലേക്കു കൊണ്ടു പോയി. കെ.എസ്.യു, എസ്.എഫ്.ഐ സഹോദരങ്ങള്‍ തൊണ്ട പൊട്ടിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് പ്രകടനം നടത്തുന്നതു ഒരു കന്നിക്കാരന്റെ കൗതുകത്തോടെ നോക്കി കണ്ടു. അങ്ങനെ അന്നു ഞാനും ഫോര്‍ത്ത് ഗ്രൂപ്പില്‍, കെ.ബാച്ച് അംഗമായി, പിന്നീടു പാവാട കെ.എസ്.യുവില്‍ അംഗവുമായി. ഒരു ഖദര്‍ധാരിയായി, റിലീസ് സിനിമാ ആരാധകനായി, ക്ലാസ്സ് കട്ട് ചെയ്യുന്നവനായി... ചുരുക്കി പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഒരു യഥാര്‍ത്ഥ്'ഫോര്‍ത്ത് ഗ്രൂപ്പുകാരനായി മാറി'. എന്‍.സി.സിയില്‍ ചേര്‍ന്നാല്‍ പൊറൊട്ടായും, മുട്ട കറിയും കിട്ടും എന്ന് കേട്ടതനുസരിച്ചു പോയി എങ്കിലും, കിട്ടിയ യൂണിഫോം ഇട്ട എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ പഴയ PC 312 ഇതിലും എത്രയോ സ്മാര്‍ട്ട് ആണെന്ന് മനസ്സിലാക്കിയ കാരണം കുര്യന്‍ ജോണ്‍ സാറിന്റെ പറോട്ടാ, എന്‍ സി.സി ബൂട്ട് ഇട്ട് ചവിട്ടി പിടിച്ചു വേണം തിന്നാന്‍ എന്ന് കുപ്രച്ചരണം നടത്തി അതില്‍ നിന്നും അതി വിദഗ്ദമായി പിന്മാറി.
വെള്ളിയാഴ്ച്ച പൊതുവേ കോളേജിലെ ഹാജര്‍ നില കുറവായിരിക്കും. അന്നാണല്ലോ പുതിയ ചിത്രങ്ങളുടെ റിലീസ്. അക്കൗണ്ടന്‍സിയിലെ ഒരു പൊതു തത്വമായ Debit what comes in and credit what goes out എന്നതിനെ ഞങ്ങള്‍ കൊമ്മേഴ്സക്കാര്‍ വെള്ളിയാഴ്ച്ചകളില്‍ Release what comes in, students what goes out എന്ന തത്വമാക്കി പാലിച്ചിരുന്നു. ഇനി വെള്ളിയാഴ്ച്ച പടം കാണാന്‍ ബ്ലാക്കില്‍ പോലും ടിക്കറ്റ് കിട്ടിയില്ലായെങ്കില്‍ തീയറ്ററില്‍ പോയി അവിടുത്തെ മൂത്ര പുരയില്‍ കയറി ഒന്നു മൂത്രം എങ്കിലും ഒഴിച്ചാലെ, ഞങ്ങള്‍ക്കു സമാധാനം ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞങ്ങള്‍ ചോരയും, നീരും പിന്നെ ചിലപ്പോള്‍ മൂത്രവും കൊടുത്ത് വളര്‍ത്തിയ സിനിമാ വ്യവസായമാണു ഇന്നു ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്നതു എന്നു ഓര്‍ക്കുമ്പോള്‍ എന്റെ പ്രഷര്‍ കൂടും.
ഉള്ളതു പറയണമല്ലോ...ഞങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ് ക്ലാസ്സുകള്‍ കട്ട് ചെയ്തിരുന്നതേയില്ല. കാരണം ഹിന്ദി പഠിപ്പിച്ചതു കല്യാണം കഴിക്കാത്ത, പൂച്ച കണ്ണുള്ള കൊച്ചമ്മയും, വൈശാലിയിലെ നായിക സുപര്‍ണ്ണയെക്കാളും ഒരു പടി മുന്‍പില്‍ ആയിരുന്ന കൊച്ചമ്മയും ആയിരുന്നു. അങ്ങനെ ഈ രണ്ട് വിഷയങ്ങളെയും ഞങ്ങള്‍ ആത്മാര്‍ഥ്മായി പ്രണയിച്ചു.
ഞങ്ങള്‍ ഒരു 6 അംഗ സംഘമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളില്‍ ഒരുവന്‍ കഞ്ചാവ്[സ്വാമി]അടിക്കാന്‍ തുടങ്ങി. ഇതു ഞങ്ങള്‍ അറിഞ്ഞതു വളരെ വൈകിയായിരുന്നു.
സാംജി സാര്‍ ഞങ്ങളെ കൊമ്മേര്‍ഷ്യല്‍ ജോഗ്രഫിയും, ജയിംസ് സാര്‍ ഞങ്ങളെ കറസ്സ്പൊണ്ടെന്‍സും പഠിപ്പിച്ചു. ക്രിസ്തുമസ് പരീക്ഷ തോമസ് മാത്യു സാറിനെ ഭയന്ന് അവസാന നിമിഷം ഞങ്ങളും എഴുതാന്‍ തീരുമാനിച്ചു. പരീക്ഷയക്കു ഞങ്ങള്‍ക്ക് ഇന്‍ഡ്യയുടെ ഭൂപടം തന്ന കാരണം എനിക്കു ഇപ്രാവശ്യം ചേന വരയ്കേണ്ടി വന്നില്ല. ഉത്തര കടലാസു വാങ്ങിക്കാന്‍, ഞങ്ങള്‍ 'മിടുക്കരായ 6 കുട്ടികള്‍' സ്റ്റാഫ് റൂമില്‍ ചെല്ലാന്‍ പറഞ്ഞ ആ ക്ഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. താലപൊലികളും, ആനയും, അമ്പാരിയും ഒന്നുമില്ലാതെ [അഹങ്കാരം തീരെ ഇല്ലാതെ] ഞങ്ങള്‍ കൊമ്മേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ 3 സാറന്മരുടെ മുന്‍പില്‍ ഹാജരായി. ഓരോരുത്തരെയും വിളിച്ചു തെറ്റും, കുറ്റവും പറഞ്ഞ്, തോമസ് മാത്യു സാര്‍ തുടക്കു പിച്ചുന്നത് ദൂരെ നിന്നു ആരെങ്കിലും കണ്ടാല്‍ ചക്രം ചവിട്ടുന്നതു പോലെ തോന്നി കാണുമായിരിക്കും. ഓരോരുത്തരെയും കിഴുക്കിയും, തിരുമ്മിയും, പേപ്പറുകള്‍ കൊടുത്ത് ശേഷം, അവസാനം, സാംജി സാര്‍, സ്വാമി അടിക്കുന്ന സുഹ്രുത്തിനെ വിളിച്ചു സ്നേഹാന്വേഷണം നടത്തി, ചോദിച്ചു, താന്‍ ഏതു സ്കൂളില്‍ ആണു പഠിച്ചതു? 'ചങ്ങനാശ്ശേരി എസ്.ബി, സ്ക്കൂളില്‍.' എത്ര മാര്‍ക്കു ഉണ്ടായിരുന്നു തനിക്കു? 380. ഓഹ്... താന്‍ കോളേജില്‍ വന്ന ശേഷമാണോ വലി തുടങ്ങിയതു? സുഹ്രുത്ത് ശരിക്കും പരുങ്ങി. ഉത്തരം പറയാതെ നിന്നപ്പോള്‍, സാംജി സാര്‍ അടുത്ത് ചോദ്യം തൊടുത്തു-തന്നെ ആരാണു ജോഗ്രഫി പഠിപ്പിച്ചതു? തെല്ലു അഭിമാനത്തോടെ സുഹ്രുത്ത് പറഞ്ഞു - ഗീവര്‍ഗ്ഗീസ്സ് സാറാ... ഓഹ്, ആ സാറാണോ, ഇന്‍ഡ്യയില്‍ ആണു, ജപ്പാന്‍, ചൈനാ, അമേരിക്കാ എന്നീ രാജ്യങ്ങള്‍ എന്ന് പഠിപ്പിച്ചത് എന്നു ചോദിച്ചു, ഉത്തരക്കടലാസു എടുത്തു ഒരു ഏറു.. സംഭവം എന്താണു എന്നു അറിയാന്‍ ഉള്ള ആകാക്ഷയോടെ ഞങ്ങള്‍ ആ ഉത്തരക്കടലാസ് എടുത്ത് നോക്കി...
സംഭവം ഇങ്ങനെ. ഇന്‍ഡ്യയിലെ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍, അടയാളപ്പെടുത്താന്‍ ആണു ചോദ്യം. അതിനു അവര്‍ ഭൂപടവും തന്നു. ആ ഭൂപടത്തില്‍ ആണു ഞങ്ങളുടെ സുഹ്രുത്ത് സ്വാമിയുടെ പിന്‍ബലത്തില്‍ ജപ്പാന്‍, ചൈന, അമേരിക്കാ മുതലായ രാജ്യ്ങ്ങള്‍ കണ്ടെത്തിയത്. മൂലയില്‍, കോണകം പോലെ, കിടക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്, സുഹ്രുത്തിന്റെ വിരല്‍ തുമ്പില്‍ കൂടി കടന്നപ്പോള്‍, അതു ഇറ്റലിയായി മാറി. എന്റെ കഞ്ചാവു സ്വാമിയേ...നീ കേരളത്തെ ഇറ്റലിയാക്കി, ‘സോണിയാജിയെ’ സ്വന്തം മകളാക്കി മാറ്റിയിരിക്കുന്നു. അപാരം തന്നെ നിന്റെ ശക്തി. നിനക്ക് പണ്ടു പണ്ടേ ISO 9002 സര്‍ട്ടിഫിക്കേറ്റ് കിട്ടേണ്ടതായിരുന്നു.
ഏതായാലും ഈ കാര്യങ്ങള്‍ ചൂടാറാതെ തന്നെ ക്ലാസ്സില്‍ അവതരിപ്പിക്കണം എന്നു കരുതി, കിട്ടിയ പിച്ചിന്റെയും, തിരുമ്മിന്റെയും ക്ഷീണം മറന്ന് ഞങ്ങള്‍ ഓടിയപ്പോള്‍, സുഹ്രുത്തു ഈ കാര്യങ്ങള്‍ മറ്റ് ആരോടും പറയരുത് എന്നു ശട്ടം കെട്ടി. അതിനാല്‍ ഈ അന്താരാഷ്ട്ര ബന്ധം സാക്ഷാല്‍ ജോര്‍ജ്ജ് ബുഷ് പോലും അറിഞ്ഞില്ല. ഞങ്ങള്‍ അറിയിച്ചില്ല.
എന്നാല്‍ നീണ്ട 19 വര്‍ഷങ്ങള്‍ക്കു ശേഷം, ഈ ഒരു കാര്യം 10 പേരോടു പറഞ്ഞപ്പോള്‍... ആഹാ.. മനസ്സിനു എന്തൊരു സുഖം. എന്റെ ആ 'വീര്‍പ്പുമുട്ടല്‍' ദാ…. ഇവിടെ തീര്‍ന്നു. ഈശ്വരാാാ ആശ്വാസമായി. ഇന്ന് സുഖമായി ഉറങ്ങാം.
ഗുഡ് നൈറ്റ്.