Tuesday, 16 February 2016

ബെഷ്ട് ആക്ടർ.


ഞങ്ങൾ സ്ക്കൂളിൽ പഠിക്കുന്ന സമയത്ത്, വീട്ടിൽ നിന്നും പൊടിയാടി വരെ നടന്നാണ് യാത്ര.. ആ സമയം ഞങ്ങൾക്കൊപ്പം ചുറ്റുവട്ടത്തുള്ള അടുത്ത സ്ക്കൂളിലെ കുട്ടികളും ഒക്കെ കൂടിയുള്ള ആ യാത്രയിലാണ് നമ്മൾ പലപ്പോഴും ആരുമറിയാത്ത ഞങ്ങളുടെ നാട്ടിലെ പല പ്രേമങ്ങളും, ചുറ്റി കളികളും, പിന്നെ അന്താരാഷ്ട്ര സംഭവങ്ങളും ഒക്കെ അറിഞ്ഞിരുന്നത്. വീട്ടിൽ നിന്നും പൊടിയാടി വരെ കൃത്യം ഒരു കിലോമീറ്റർ നടപ്പുള്ളതു അറിയാതിരുന്നിരുന്നതു തന്നെ ഇത്തരം കൊച്ചു വർത്തമാനങ്ങളാണു. പൊടിയാടിയിൽ ചെന്ന് കഴിഞ്ഞാൽ ഞങ്ങൾ പല ദിക്കുകളിലേക്ക് തിരിയും. അങ്ങനെയുള്ള ഞങ്ങളുടെ കുട്ടി പട്ടാളത്തിലെ മേജറായിരുന്നു ഈ കഥയിലെ നായകൻ. കാവുംഭാഗത്തെ ദേവസ്വം ബോർഡ് സ്ക്കുളിലാണ് മേജർ പഠിക്കുന്നത്. ഞങ്ങൾ നിക്കറിട്ടു നടക്കുന്ന ആ കാലത്ത്, കക്ഷിക്ക് നല്ല മീശയുണ്ട്. എന്നും മുണ്ടും ഷർട്ടുമാണു കക്ഷിയുടെ വേഷം.. കറുത്ത റബർ ബാൻഡിട്ട കക്ഷിയുടെ പുസ്തകങ്ങൾ, ഞങ്ങളുടെ കൂട്ടത്തിൽ ആരെ കൊണ്ടെക്കിലുമൊക്കെ ചുമപ്പിച്ചു, പുള്ളി , മുണ്ട് ഒക്കെ മടക്കി കുത്തി, മീശയൊക്കെ തടവി, കണ്ണിൽ കണ്ട മാവ്, ജാതി, പേര, വാളൻ പുളി മുതലായ മരങ്ങളിൽ ഒക്കെ കല്ലെറിഞ്ഞും, ആരുടെയെങ്കിലും ഒക്കെ വായിൽ നിന്നും കുറഞ്ഞത് 4 തന്തയ്ക്ക് വിളിയുമൊക്കെ കേട്ട്, ആഘോഷമായേ പുള്ളി സ്ക്കൂളിൽ പോവുകയുള്ളു..

പഠിത്തത്തിൽ പുറകിലാണെങ്കിലും, അഭിനയിക്കാനും, ഓടാനും ചാടാനും ഒക്കെ ആൾ അതീവ തത്പരനായിരുന്നു. ഓട്ടത്തിൽ ഒന്നാമതായി നില്ക്കുന്നത് കൊണ്ട് പുള്ളിയെ മനപൂർവ്വം തോൽപ്പിച്ചിടുന്നതാണെന്നാണു പുള്ളിയുടെ ഫാൻസിന്റെ പക്ഷം.. സ്ക്കൂളിൽ നാടകങ്ങളിൽ ഒക്കെ ഹിറോയായി വേഷമിട്ടാൽ ബെസ്റ്റ് ആക്ടർ അവാർഡ്, പുള്ളി കൊണ്ടു പോകുമെന്നത് കൊണ്ട്, ചില്ലറ വേഷങ്ങൾ മാത്രം കൊടുത്ത് പുള്ളിയെ അവിടെയും ഒതുക്കിയിട്ടിരിക്കുകയാണെന്നാണു പുള്ളിയുടെ തന്നെ ഫാഷ്യം. പത്ത് പൈസ കൈയിൽ കിട്ടിയാൽ അന്ന് പുള്ളി ഈ നശിച്ച നാട്ടിൽ നിന്ന് തന്നെ സ്ഥലം വിടുമെന്ന് മുറയ്ക്ക് ഞങ്ങളോട് പറയുമായിരുന്നു. പക്ഷെ ഇതൊക്കെ പറഞ്ഞാലും നാട്ടുകാരുടെ വക തന്തയ്ക്ക് വിളി കേൾക്കാതെ കക്ഷിക്ക് ഉറക്കവും വരത്തിലായിരുന്നു.

സ്വാസകോസം സ്പോഞ്ച് പോലെയാണെന്ന് അന്ന് ആരും പറഞ്ഞു തരാനില്ലായിരുന്ന കാരണത്താൽ പുള്ളി സിഗരട്ട് വലി തുടങ്ങി.. സിഗരട്ട് എന്ന് പറഞ്ഞാൽ വലിയ സിഗരട്ട് ഒന്നുമല്ല.. മറിച്ച്, ആരെങ്കിലും ഒക്കെ വലിച്ചു, ഉപേക്ഷിച്ചു കളയുന്ന കുറ്റികളുടെ വലിക്കാരൻ.അതോടെ പുള്ളിയുടെ നിലയും വിലയും മാറി. ഒരു ദിവസം രാവിലെ പുള്ളിയുടെ അപ്പൻ നോക്കുമ്പോൾ, അവരുടെ കക്കൂസിൽ നിന്നും പുക ഉയരുന്നു.. ആ പുകയുടെ കാര്യം കണ്ടു പിടിക്കാനായി അപ്പൻ അവിടെ തന്നെ ഇരുപ്പുറ പ്പിച്ചു. അന്ന് നമ്മുടെ നായകനെ അപ്പൻ "തൊണ്ടികൾ" സഹിതം പിടിക്കുകയും, അറഞ്ചം പുറഞ്ചം തല്ലുകയും ചെയ്തു. ആ അടി കാരണം നമ്മുടെ കഥാനായകൻ അന്ന് സ്കൂളിൽ പോയില്ല.

പിറ്റേന്ന് നേരം വെളുത്തത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടു കൊണ്ടാണ്- നമ്മുടെ കഥാ നായകനെ കാണ്മാനില്ല. കഥാനായകന്റെ അപ്പന്റെ അടിയിൽ മനം നൊന്തു തന്റെ കുഞ്ഞ് കടുംകൈ ചെയ്തേയെന്നുറക്കെ കരഞ്ഞു ചേടത്തി കരയാകെ ഇളക്കി മറിച്ചു. ആറ്റിൽ ശവം പൊങ്ങുന്നത് കാത്ത് ചിലർ പല ദിശകളിലായി നിന്ന് അന്ന് ഒരു പെണ്ണിന്റെയും വായിലെ തെറി കേൾക്കാതെ കുളി സീനുകൾ കണ്ടാസ്വദിച്ചു.

വൈകുന്നേരമായപ്പോൾ ഞങ്ങളുടെ പരിസര പ്രദേശത്തു നിന്നും ഒരു ആടിനെയും, 2 കോഴിയെയും കാണാതായി എന്ന് റിപ്പോർട്ട് കിട്ടിയപ്പോൾ നാട്ടുകാർക്ക് ഏതാണ്ടൊക്കെ കാര്യം മനസ്സിലായി. ആടിനെ കാണാതെ പോയവരും, കോഴിയെ കാണാതെ പോയവരും, നായകൻറെ വീട്ടു മുറ്റത്ത് വന്ന് ബഹളം ആയി.. തന്തയ്ക്ക് വിളിയായി... (ആ തന്തയ്ക്ക് വിളിയൊടെ അന്നത്തെ കിട്ടാതിരുന്ന ക്വാട്ടയും ഫില്ലായി) ഒടുക്കം ആടിന്റെ വിലയും, കോഴികളുടെ വിലയും കൊടുക്കാമെന്ന് നായകൻറെ അപ്പൻ ഏറ്റതോടെ അന്നത്തെ സംഭവ ബഹുലമായ ദിവസവും അസ്തമിച്ചു.

വേഗം കാലം കടന്നു പോയി. നാട്ടുകാർ നായകനെ ഏറെ കുറെ മറക്കുകയും ചെയ്തു.. നായകൻറെ അപ്പൻ മരിച്ചതോടെ ചേടത്തി തനിച്ചായി.

അങ്ങനെയിരിക്കെ ഒരു പ്രഭാതത്തിൽ അപ്രതീക്ഷിതമായി ചേടത്തിയെ തിരക്കി പോസ്റ്റ്മാൻ വന്നു.. കൈയ്യിൽ ഒരു മണി ഓർഡറും, ഒരു എഴുത്തും. വിധവാ പെൻഷൻ കാത്തിരുന്ന ചേടത്തി, മണിഓർഡർ എന്ന് കേട്ട പാടെ ആകാശത്തേക്ക് കൈകൾ ഉയർത്തി, ഇ.കെ.നായനാര് സിന്ദാബാദ് എന്ന് മുഷ്ടി ചുരുട്ടി വിളിച്ചപ്പോൾ, പോസ്റ്റ്മാൻ പറഞ്ഞു ഇത് വിധവാ പെൻഷനും, കർഷക പെൻഷനും ഒന്നുമല്ല.. ഇത് ആരോ ചെന്നെയിൽ നിന്നും അയയ്ച്ചതാണു?? ചെന്നായോ? എനിക്കോ?? ചേടത്തി ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു നിന്നു.. മണി ഓർഡറയച്ച ആളിന്റെ പേരു പറഞ്ഞപ്പോൾ ചേടത്തിയുടെ കണ്ണു നിറഞ്ഞു. കൂടെയുള്ള എഴുത്ത് വായിച്ചു സഹായിക്കാൻ പോസ്റ്റ്മാനോട് അപേക്ഷിച്ചു.

നല്ല കാലത്ത് പഠിക്കാൻ പോകാതെ, മാവിലും, പേരയിലും, ഒക്കെ കല്ലെറിഞ്ഞു നടന്നവന്റെ എഴുത്ത് വായിക്കാൻ പോസ്റ്റുമാൻ നന്നായി പാടുപെട്ടു. എഴുത്തിന്റെ സാരംശം ഇതാണ്- നായകൻ ഇപ്പോൾ ചെന്നെയിൽ താമസിക്കുന്നു. ദീർഘ നാളത്തെ പരിശ്രമത്തിന്റെ ഒടുവിൽ ഒരു സിനിമയിൽ അഭിനയിച്ചു. അതും മലയാളത്തിലെ ഒരു മഹാനടനൊപ്പം .. ആ സിനിമാ വരുമ്പോൾ അമ്മച്ചി പോയി കാണണം.. അമ്മച്ചിയുടെ മോനെ അനുഗ്രഹിക്കണം..

പോസ്റ്റുമാൻ വായിച്ചതു കാരണം ചേടത്തിക്കു അധികം മെനക്കെടാതെ തന്നെ ഈ ഫ്ലാഷ് ന്യൂസ് ദേശത്തു പ്രചരിപ്പിക്കാൻ പ്രയാസം ഉണ്ടായില്ല. ചേടത്തി സിനിമാ കാണാനായി കാത്തിരുന്നു. ഒടുക്കം തിരുവല്ല ദീപാ തിയേറ്ററിൽ സിനിമാ കാണാൻ ചേടത്തി പോയി.

മലയാളത്തിലെ ആ മഹാ നടൻ പോലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നത്. നമ്മുടെ നായകൻ ഒരു മോഷണകുറ്റം നടത്തി ഒളിവിൽ കഴിയവേ മഹാ നടൻ കക്ഷിയെ പൊക്കുന്ന ഒരു സീനാണു.. അതിലെ ഡയലോഗ് ഇങ്ങനെയാണ്- എടാ പന്ന ^&^&&&&&^^& മോനെ... നീ ഏതു പാതാളത്തിൽ പോയിരുന്നാലും, നീയല്ല നിന്റെ ബാപ്പായെ ആണേലും ഞാൻ പൊക്കുമെന്ന് പറഞ്ഞു നല്ല പെട കൊടുത്ത് കൊണ്ടു പോകുന്ന ഒരു സീൻ.

സിനിമാ കണ്ട് കഴിഞ്ഞു, പിറ്റേന്ന് പോസ്റ്റ്മാൻ വന്നപ്പോൾ ചേടത്തി ഒരു പേപ്പറും, പേനയും എടുത്ത് കൊടുത്തിട്ടു പറഞ്ഞു- പോസ്റ്റ് മാന് എന്റെ മോന് ഒരു എഴുത്ത് എഴുതണം.. “നീ പറഞ്ഞത് പോലെ അമ്മച്ചി പടം പോയി കണ്ടു. എന്റെ കുഞ്ഞു ഇത്രയും വലുതായിട്ടും, പഴയ സ്വഭാവം ഇത് വരെ മാറിയില്ല. പിന്നെ പണ്ട് നാട്ടുകാരു നിന്റെ തന്തക്കു വിളിച്ചു... ഇപ്പോൾ മഹാ നടൻ വരെ നിന്റെ തന്തയ്ക്ക് വിളിക്കുന്നു. എന്റെ കുഞ്ഞേ.. നിന്റെ അപ്പച്ചൻ മരിച്ചിട്ട് വര്ഷം കുറെ ആയിട്ടും, നീ എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ പറയിക്കുന്നത്... മേലിൽ സിനിമാക്കാർ നിന്റെ തന്തയ്ക്ക് വിളിക്കുന്ന സിനിമാ കാണാൻ എന്നോടു പറയരുത്.. “എന്ന് നിന്റെ സ്വന്തം അമ്മച്ചി

ചേടത്തിയുടെ ആ കത്ത് കിട്ടിയത് കൊണ്ടാകാം. പിന്നെ നായകൻറെ പടങ്ങൾ ഒന്നും ഞങ്ങൾ കണ്ടിട്ടില്ല. നല്ല സമയത്ത് പ്രോത്സാഹനം കിട്ടിയിരുന്നേൽ പൊടിയാടികാർക്കും അഭിമാനമായി ഒരു "സിൽമാ നടൻ" ഉണ്ടായേനെ.. എന്ത് ചെയ്യാനാ..ആരോടു പറയാനാ...????

2 comments:

ajith said...

പൊടിയാടിക്ക് ഒരു സൂപ്പർ സ്റ്റാറിനെ നഷ്ടപ്പെട്ടൂന്ന് പറഞ്ഞാൽ മതീല്ലോ

കൊച്ചുമുതലാളി said...

എന്നാ പറയാനാ..ചുരുക്കി പറഞ്ഞാൽ പൊടിയാടിക്കാരൊക്കെ ഒരു സംഭവമാ അല്ലേ?? :) :) :)