Friday, 9 December 2016

കനേഡിയൻ നായ പുരാണം

ഷാജിച്ചായന്റെ വീട്ടിൽ ഡിന്നറിനു പോയി തിരിച്ചു വന്നപ്പോൾ മുതൽ മോൾക്ക് ഒരേ നിർബന്ധം- അവൾക്കും ബ്രൂസിലിയെ പോലെയൊരു പട്ടിയെ വാങ്ങി കൊടുക്കണം. പൊടിയാടിയിലെ നമ്മുടെ വീട്ടിൽ, എന്റെ കോളെജു പഠന സമയത്ത്, അതേ പോലെയുള്ള ഒരു പട്ടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ, അവൾക്ക് ആഗ്രഹം പിന്നെയും കൂടി. ഷാജി അങ്കിൾ, മോളുടെ പിറന്നാളിനു ഗിഫ്റ്റ് കൊടുത്തതാണത്രെ ആ പട്ടിയെ... ആയതിനാൽ ഈ വർഷത്തെ അവളുടെ പിറന്നാളിനും പട്ടി മതി ഗിഫ്റ്റ് എന്നായി ഡിമാന്റ്.

മോളുടെ സന്തോഷം അല്ലെ, നമ്മുടെ സന്തോഷം എന്നോർത്ത്, ഞാൻ ഷാജിച്ചായനെ ഒന്ന് വിളിച്ചു. വർത്തമാനത്തിനിടയിൽ ഞാൻ പറഞ്ഞു, അന്ന് വീട്ടിൽ വന്നതിൽ പിന്നെ മോൾക്ക് ഒരേ വാശി.. ബ്രൂസിലിയെ പോലൊരു പട്ടിയെ അവൾക്കും വേണമെന്ന്.. ബ്രൂസിലിയെ എവിടെ നിന്നാ ഷാജിച്ചായൻ വാങ്ങിയത്?? എന്റെ ആ ഒറ്റ ചോദ്യത്തിനു മുൻപിൽ ഷാജിച്ചായ്ന്റെ തൊണ്ട ഇടറി. എന്നിട്ട് ഷാജിച്ചായൻ എന്നോട് ആ കദന കഥ പറഞ്ഞു തുടങ്ങി...

എടാ സ്നേഹം ഉള്ളതു കൊണ്ട് പറയുകയാ.. പിള്ളേരു അങ്ങനെ പലതും പറയും. നമ്മൾ അതൊന്നും കേട്ട് കാനഡയിൽ വന്ന് തുള്ളാൻ നിൽക്കരുത്. നാട്ടിൽ പട്ടിയെ വളർത്തുന്നത് പോലെയല്ല ഇവിടെ. നൂറു കൂട്ടം കാര്യങ്ങൾ നോക്കണം.. ഭയങ്കര തലവേദനയാടാ ഈ പട്ടി വളർത്തൽ ഇവിടെ.. വേലിയേൽ ഇരിക്കുന്ന പാമ്പിനെ എടുത്ത്, മറ്റേടത്ത് വെക്കണോ??

നിനക്കറിയാമോ.. ബ്രൂസിലി, "ഷിറ്റ്സു" ഇനത്തിൽ പെട്ട പ്യുർ ബ്രീഡ് പട്ടിയാണ്. 650 ഡോളർ (നാട്ടിലെ വില 37000) കൊടുത്ത് വാങ്ങിയപ്പോൾ അവനു നാലാഴ്ച്ച മാത്രം പ്രായം. ഒരു വർഷത്തെ വാക്സിനേഷന് തന്നെ 300 ഡോളറാണു ചാർജ്ജ്. പട്ടിയ്ക്ക് മെഡിക്കൽ ഇൻഷ്വറൻസ്, മാസത്തിൽ ഒരിക്കൽ തലമുടി വെട്ടിക്കാൻ ഡോളർ 39 + ടിപ്പ്സ്.. അതുമല്ല പട്ടിക്ക് മാസാ മാസം പാക്കറ്റ് ഫുഡ് മേടിക്കുന്ന ഇനത്തിൽ തന്നെ വേറെയും പോകും.

അത് കേട്ടപ്പോൾ, ആഹാ .. ഈ പട്ടി നമ്മുടെ നാട്ടിലെ പട്ടികളെ കൂട്ട്, വീട്ടിലുണ്ടാക്കുന്നത് ഒന്നും കഴിക്കത്തില്ലേയെന്ന എന്റെ ചോദ്യം കേട്ട് ഷാജിച്ചായൻ പറഞ്ഞു - എടാ അതൊക്കെ കഴിക്കും. പക്ഷെ ഈ സ്റ്റൂപ് ആൻഡ് സ്കൂപ്പിനു പോകില്ലേ... അപ്പോൾ ബുദ്ധിമുട്ടാടാ...

തിരുവല്ല എം.ജി.എം ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതു കൊണ്ടാകാം ഷാജിച്ചായൻ പറഞ്ഞ ആ ഇംഗ്ലീഷ് പദം എനിക്ക് മനസ്സിലായില്ല. പിന്നെ സന്ധ്യ കഴിഞ്ഞാൽ രണ്ട് സ്മോൾ അടിക്കുന്ന ഷാജിച്ചായൻ, നാക്ക് കുഴഞ്ഞ് ഋഷിരാജ് സിംഗ് എന്ന് പറയാൻ പാടു പെട്ട ആ നേതാവിനെ പോലെ, എന്തെങ്കിലും പറഞ്ഞതാകുമോയെന്ന് ശങ്കിച്ച്, രണ്ടും കല്പ്പിച്ച്, എന്താ ഷാജിച്ചായാ സ്റ്റൂപ് ആൻഡ് ... എന്ന് സധൈര്യം ചോദിച്ചപ്പോൾ ഷാജിച്ചായൻ പറഞ്ഞു.. എടാ നീ കണ്ടിട്ടുണ്ടോ.. ഇവിടെ പട്ടികളെയും കൊണ്ട് എല്ലാ ദിവസവും നിർബന്ധമായും നടക്കാനിറങ്ങണം. പട്ടിക്ക് വ്യായാമം കൊടുക്കാൻ വേണ്ടിയാണത്.. അപ്പോൾ നമ്മൾ നിർബന്ധമായും കൂടു കൊണ്ട് നടക്കണം.. പട്ടി ആ നടപ്പിൽ എവിടെയെങ്കിലും അപ്പി ഇട്ടാൽ അത് അപ്പോൾ തന്നെ കോരിയെടുക്കണം.. അതിനാണ് ഈ കൂട്.. പാക്കറ്റ് ഫുഡ് ആണു ഈ പട്ടി കഴിക്കുന്നതെങ്കിൽ, അതിന്റെ അപ്പി നല്ല ഒന്നാന്തരം മാർബിൾ ചിപ്പ്സ് പോലെ കിടക്കും. . യാതൊരു ഉടവും തടവും ഇല്ലാതെ തന്നെ നമ്മൾക്ക് അപ്പോൾ തന്നെ ഈ കൂട്ടിൽ ഇടാം. പക്ഷെ നമ്മുടെ വീട്ടിലെ ചോറും, ഇറച്ചിയുടെ ചൗവ്വും, മീന്റെ കുടലും ഒക്കെ കൊടുത്താൽ... നീ കണ്ടിട്ടില്ലേ.. വെയിലത്ത് കിറ്റ് കാറ്റ് ചോക്ലേറ്റ് കിടക്കുന്നതു പോലെയാകും ഈ പട്ടിയുടെ അപ്പി. പിന്നെ അത് കൂടിലാക്കാൻ പാടു പെടും. അത് കൊണ്ട് പാക്കറ്റ് ഫുഡ് തന്നെ മേടിച്ചു കൊടുക്കുന്നതാ ബുദ്ധി. അച്ചായന്റെ ആ കിറ്റ്‌ കാറ്റ് പ്രയോഗം കേട്ട് ഞാൻ ചിരി തുടങ്ങി.. എന്നിട്ട് പറഞ്ഞു... ഹോ ഞാൻ കണ്ടിട്ടുണ്ട് അച്ചായാ.. കൂടും കൊണ്ടുള്ള ഇവരുടെ നടത്തം. എന്നിട്ട് പട്ടി അപ്പി ഇട്ടു കഴിഞ്ഞാലുടൻ ഒട്ടും ചൂടാറാതെ കൂടിൽ വാരി കൊണ്ട് പോകുന്നത് കണ്ട് പലപ്പോഴും ചിരി വന്നിട്ടുണ്ടെന്ന് പറഞ്ഞു നീട്ടി ചിരിച്ചപ്പോൾ, അച്ചായൻ അല്പം ശബ്ദം ഉയർത്തി എടാ അത് വാരിയില്ലെങ്കിൽ 500 ഡോളർ വരെ പിഴ കിട്ടും .. അത് കൊണ്ടാടാ അതൊക്കെ ഇത്ര ബഹുമാനത്തോടെ വാരുന്നത്...എടാ പിന്നെ ഇതിനെങ്ങാനും വയറിളക്കം വല്ലതും പിടിച്ചാൽ പിന്നെ ഡയപ്പറും കെട്ടിച്ചു വേണം കൊണ്ടു നടക്കാൻ. ഡയപ്പറിന് തീ വിലയാണ് താനും. നാട്ടിൽ ആനയുടെ കാര്യം പറഞ്ഞത് പോലെയാ ഇവിടെ പട്ടി. നിന്നാലും ചരിഞ്ഞാലും പൈസയാ.

മോളാണെങ്കിൽ പട്ടിയെ മേടിക്കുന്നതിനു മുൻപ്, അയ്യോ പട്ടിയെ മേടിച്ചു തന്നാൽ മതി ഡാഡീ, പിന്നെ ഒന്നും അറിയേണ്ടാന്ന് പറഞ്ഞവളാ... ആദ്യത്തെ ദിവസം പട്ടി അപ്പി ഇട്ടപ്പോൾ അതിന്റെ അപ്പിക്ക് വല്ലാത്ത നാറ്റമാന്ന് പറഞ്ഞ് അമ്മയെ നീട്ടി വിളിച്ചു.. വിളി കേട്ടതും, എനിക്ക് കണ്ട പട്ടിയുടെയും, പൂച്ചയുടെയും തീട്ടം കോരാൻ വയ്യായെന്ന് പറഞ്ഞു സോഫായേലോട്ട് ഒരു കിടപ്പ്.... അതോടെ ചീട്ട് എന്റെ തലയിലായി. അത് ഇന്നു വരെയും എന്റെ തലയിൽ നിന്ന് മാറിയിട്ടുമില്ല. എടാ അടുക്കള പണി, പിള്ളേരെ നോട്ടം, പിന്നെ ഇപ്പോൾ ഇതും എന്റെ ജോലിയാ. നേഴ്സായി പോയതു കൊണ്ടും, അവളുടെ ശമ്പളത്തേൽ മോർട്ട്ഗേജ് അടഞ്ഞു പോകുന്നതു കൊണ്ടും ഈ പട്ടി തീട്ടം ഒക്കെ ഞാൻ കോരുന്നു. ഒള്ളതു പറയണമല്ലോ.. മോളാണെങ്കിൽ എന്നും വൈകിട്ട് കിടക്കാൻ നേരം വന്ന് ബ്രുസിലീ എടാ മോനെ.. ചക്കരേ എന്ന് വിളിച്ച് ഒരുമ്മയും കൊടുത്തിട്ട് പോകും.. അതോടെ പട്ടിക്കു വയറു നിറയും.

എടാ പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ പട്ടിയെ നമ്മൾ വെറ്റിനറി ക്ലനിക്കിൽ കൊണ്ട് പോയി റെജിസ്റ്റർ ചെയ്യണം. എടാ അത് അടുത്ത മറിപ്പ്. അവിടെ ചെന്നപ്പോൾ എന്നോട് പട്ടിയുടെ പേര് എന്താന്ന് ചോദിച്ചു... അതിനു ഞാൻ അല്പം ഗമയിൽ ബ്രൂസിലി എന്ന് പറഞ്ഞു.. അപ്പോൾ അവർ എന്റെ റസിഡന്റ് കാർഡ് ചോദിച്ചു. ഞാൻ അത് കൊടുത്തപ്പോൾ അവർ അപേക്ഷയെല്ലാം റ്റൈപ്പ് ചെയ്ത്, പ്രിന്റ്‌ ചെയ്തു തന്നപ്പോൾ ഞാൻ ഞെട്ടി പോയെടാ.. പട്ടിയുടെ മുഴുവൻ പേര്- "ബ്രൂസിലി ഈനാശു" എന്നാണിപ്പോൾ..

ബ്രൂസിലി ഈനാശുവോ?? അതെങ്ങനെ... എടാ എന്റെ ഫുൾ നേം. ഷാജി പാപ്പൻ ഈനാശുവെന്നല്ലേ... കാനഡയിൽ നമ്മൾ ഒരു പട്ടിയെ മേടിച്ചാൽ ആ പട്ടി നമ്മുടെ കുടുംബത്തിലെ അംഗമാണ്..അപ്പോൾ നമ്മുടെ അവസാനത്തെ പേര് തന്നെയാകും പട്ടിയുടെയും അവസാനത്തെ പേരെന്ന് പറഞ്ഞു ഷാജിച്ചായൻ നെടുവീർപ്പിട്ടപ്പോൾ ഞാൻ ചോദിച്ചു... ഈരാറ്റുപേട്ടയിൽ അച്ചായന് അറിയുമോ... അച്ചായന് ജനിക്കാതെ പോയ ഒരു സന്തതി ഇവിടെയുണ്ടെന്ന ചോദ്യത്തിനു ഷാജിച്ചായനും ഒന്ന് ചിരിച്ചിട്ട് പറഞ്ഞു... അച്ചായനെങ്ങാനും ഇത് അറിഞ്ഞാൽ അന്നോടെ തീരും എന്റെ കഥ..

എന്നിട്ട് എടാ, പട്ടിയെ റെജിസ്റ്റർ എല്ലാം ചെയ്ത്, വീട്ടിൽ കാർഡുമായി വന്നപ്പോൾ, മോൾ ആ കാർഡ് എടുത്തെല്ലാം നോക്കിയിട്ട് പറയുകയാ.. ബ്രൂസിലിയുടെ ആ നല്ലോരു പേര് കൂടി ആ ഈനാശു കളഞ്ഞുവെന്ന്. അത് കേട്ട് ചിരിക്കാൻ എന്റെ പെമ്പ്രന്നോരും..

എടാ ഈ പറഞ്ഞ കാര്യം നീ ഇനി ആരോടും പറയാൻ നിൽക്കേണ്ടാ.. നീയായതു കൊണ്ട് ഞാൻ പറഞൂവെന്ന് മാത്രം.. ഷാജിച്ചായന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ അല്പം സെന്റി അടിച്ചു.. അല്ല.. ഷാജിച്ചായാ.. അതെന്തോന്ന് വർത്തമാനമാ ഷാജിച്ചായൻ പറഞ്ഞത്.. ഞാൻ എന്താ ആ റ്റൈപ്പാ.. എന്റെ ആ സെന്റിയിൽ ഷാജിച്ചായൻ വീണു.. അല്ലെടാ അല്ല.. ഞാൻ നിന്നോടായത് കൊണ്ട് പറഞ്ഞതാ... പിന്നെ കഴിഞ്ഞ ദിവസം നീ ആ മാമോദീസായ്ക്ക് പോയിട്ട് ആ ബെല്ലി ഡാൻസിന്റെ വാർത്ത എടുത്ത് മംഗളം പത്രത്തിൽ കൊടുത്തതു കൊണ്ട് ഒന്ന് സൂചിപ്പിച്ചൂവെന്ന് മാത്രം... അച്ചായൻ എന്നെ ഊതിയതാണെന്ന് കാറ്റ് അടിച്ചപോൾ തന്നെ മനസ്സിലായെങ്കിലും, പാവത്തിന്റെ ഗതി ഓർത്ത് ഞാനങ്ങട് ക്ഷമിച്ചു. ... പിന്നീട് അധികം സംസാരത്തിനു ഇട കൊടുക്കാതെ ഫോൺ താത്തു വെച്ച്, ഷാജിച്ചായൻ പറഞ്ഞ കാര്യങ്ങൾ അല്പം മസാല ഒക്കെയിട്ട് അവതരിപ്പിച്ചു. ..

ഇത്രയൊക്കെ കേട്ടിട്ടും അവൾക്ക് ഇക്കുറി പിറന്നാൾ സമ്മാനം പട്ടിയെന്ന് പറഞ്ഞു കിണുങ്ങിയപ്പോൾ ഞാൻ പറഞ്ഞു.. എനിക്ക് ജനിക്കാതെ പോയ ഒരു സഹോദരനായി ഒരു പട്ടിയെ ഏതായാലും ഈ വീട്ടിൽ വേണ്ടാ.. നീ കല്യാണം കഴിച്ചിട്ട്, പേരും മാറ്റിയിട്ട് നീ പട്ടിയെയോ പൂച്ചയെയോ എന്ത് കുന്തത്തിനെയെങ്കിലും മേടിച്ചോളാൻ പറഞ്ഞപ്പോൾ അവളുടെ മുഖം, വോഡഫോണിന്റെ പരസ്യത്തിലെ പഗ്ഗിനെ പോലെ ഒന്ന് രണ്ട് ദിവസത്തേക്ക് വീർത്ത് കെട്ടിയിരുന്നു..

Tuesday, 29 March 2016

പ്രേം നസീറിന്റെ ഒരു കത്ത്..

മിനിമോൾ വന്നപ്പോൾ മുതൽ ഒരു ഉത്സവ പ്രതീതിയാണു..അവളുടെ കലപില സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയുകേയില്ല. അവൾ വന്നതിൽ പിന്നെ നാട്ടിലെ ചിന്തകളും ഒക്കെ കൂടി ഉറക്കവും കുറഞ്ഞു.

രാത്രിയിലെപ്പോഴാണു ഉറങ്ങിയതെന്ന് അറിയില്ല. പക്ഷെ നല്ല ഉറക്കത്തിനിടയിൽ ആരുടെയോ അലാറം മുഴങ്ങുന്നതു കേട്ടാണ് ഞെട്ടിയുണർന്നത്. കിടക്കയിൽ ഉറക്കച്ചടവോടെ അങ്ങനെ തന്നെ കുറച്ചു നേരം കൂടി കിടന്നു. അപ്പോഴാണതു അലാറം അല്ല... ആരോ വിരുന്നുകാർ വന്നതാണെന്ന് മനസ്സിലായത്.. "ങ്യാഹഹ, ങ്യാഹഹ" എന്ന അവന്റെ ചിരിയാണ് തന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചതെന്ന് ഓർത്തപ്പോൾ തന്നെ അവനോടു അല്പം നീരസം തോന്നി.. പക്ഷെ ആ ചിരിക്കിടയിലും, മിനിമോളുടെ കിലു കില് സ്വരവും, ചിരിയും കേൾക്കാം .

ഞാൻ എഴുന്നേറ്റു തിണ്ണയിൽ ചെന്ന്, ഒന്ന് മുരടനക്കിയതും, അയ്യോ നസീർ സാർ

എന്ന് പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്ന് , കാലിൽ തൊട്ടനുഗ്രഹം വാങ്ങി.. മിനിമോൾ പറഞ്ഞു- ഇത് ഞങ്ങളുടെ കറുത്ത മുത്ത്- കലാഭവൻ മണി.. നാട്ടുകാരുടെ മണി ചേട്ടൻ... നാടൻ പാട്ടുകളുടെ തമ്പ്രാൻ. ങും അതൊക്കെ കൊള്ളാം. പക്ഷെ തന്റെ ഒരു ചിരി.. അത് രാവിലെ എന്റെ ഉറക്കം കളഞ്ഞു.. അയ്യോ സോറി സാറെന്ന് പറഞ്ഞ് മണി അല്പം വിനയാന്വിതനായി. ഉടനെ മിനിമോൾ പറഞ്ഞു ... അയ്യോ സാർ....ഈ ചിരി കേരളത്തിൽ ഒരു തരംഗമായിരുന്നു.. ഈ ചിരിയാണ് മണിയെ മണിയാക്കിയതും.

അപ്പോഴേയ്ക്കും, സത്യൻ, ബഹദൂർ, ഉമ്മർ, മുരളി, ജോസ് പ്രകാശ്, ശ്രിനാഥ്, ആഗസ്റ്റിൻ, ബാലൻ കെ. നായർ, ഗോപി, സുകുമാരി കുതിരവട്ടം പപ്പു, ശ്രീവിദ്യ എല്ലാവരും വന്നു. പരിചയപ്പെടലും, സ്നേഹം പുതുക്കലും ഒക്കെ കഴിഞ്ഞപ്പോഴാണ്, രാവിലത്തെ പുഷപ്സും, ജോഗിംഗും ഒക്കെ കഴിഞ്ഞു ജയൻ വന്നു കയറിയത്.. ജയനെ കണ്ടതും മണി ഓടി ചെന്ന് പരിചയപ്പെടുകയും, ശരപഞ്ചരത്തിൽ കണ്ട് കൊതി തീരാത്ത ആ മസിലിൽ ഒക്കെ ഒന്ന് തൊട്ട് നിർവൃതി അടയുകയും ചെയ്തു..

അല്പം കഴിഞ്ഞു മണി പോയി, മിനിമോളോട് സ്വകാര്യമായി എന്തോ ചോദിച്ചു.. ചോദിച്ചു തീർന്നതും, മിനിമോൾ അലറി കൊണ്ടു സ്മിത ചേച്ചിയെ കാണാൻ ദേ ഒരാൾ എന്ന് പറഞ്ഞതും ഒരു പോലെയായിരുന്നു.. അതോടെ സാക്ഷാൽ സിൽക്ക് സ്മിതയും വന്നു...

ഒന്ന് രണ്ട് ദിവസം കൊണ്ട് മണി അവിടെ താരമായി.. ഒരു ദിവസം മണി ഒരു പുതിയ ഐഡിയായുമായി വന്നു.. ഏതായാലും നമ്മുടെ ആളുകൾ ഇത്രയും പേരിവിടെയുണ്ട്.. നമ്മൾക്ക് എന്ത് കൊണ്ട് അമ്മയുടെ ഒരു ചാപ്റ്റർ ഇവിടെ തുടങ്ങി കൂടാ.. അങ്ങനെ അമ്മയുടെ ചാപ്റ്റർ ആരംഭിച്ചു.. എന്നെ എല്ലാവരും പ്രസിഡന്റാക്കി.. പിന്നെ വൈസ് പ്രസിഡന്റായി ഭരത് ഗോപിയും, സെക്രട്ടറിയായി ജയനും, ട്രഷറരായി സുകുമാരിയെയും തെരഞ്ഞെടുത്തു.. നാട്ടിലുള്ളത് പോലെ കൈനീട്ടം എന്നൊരു പരിപാടി തുടങ്ങണമെന്നാശയം മിനിമോൾ തന്നെയാണു വെച്ചതു.. സ്വർഗ്ഗത്തിൽ അമ്മയുടെ നേതൃത്വത്തിൽ മരങ്ങൾ വെച്ചു പിടിപ്പികണമെന്ന് ഞാൻ പറഞ്ഞപ്പോൾ, മരം ചുറ്റി ഇവിടെയും പ്രേമിക്കാനാണോയെന്ന് ചോദിച്ചു മിനിമോൾ കളിയാക്കി.. മണ്ടി പെണ്ണ്... മരം ഒരു വരമാണെന്ന് അവൾക്കിത്രയും ആയിട്ട് അറിയത്തില്ലേ...

കൈനീട്ടം പരിപാടി തികച്ചും വ്യത്യസ്തമായ ഒരു ആശയമായി തോന്നി.. ആറു മാസത്തിലൊരിക്കൽ നറുക്കെടുത്ത്, വിജയിക്ക് ആറുമാസക്കാലം നാട്ടിൽ പോയി അടിച്ചു പൊളിക്കാം.. നമ്മൾക് ഇഷ്ടമുള്ള ആളുകളുടെ ശരീരത്തിൽ ആത്മാവായി കയറാം. എല്ലാവർക്കും ഐഡിയാ ഇഷ്ടപ്പെട്ടു. ശബ്ദ വോട്ടോടെ ഐഡിയാ തെരഞ്ഞെടുത്തതോടെ ദൈവത്തിനു ഇത് തള്ളി കളയാനും ആയില്ല. അങ്ങനെ ആദ്യത്തെ നറുക്കെടുപ്പ് നടന്നു.. ആദ്യ വിജയിയെ സത്യനാണ് പ്രഖ്യാപിച്ചത്. ജോസ് പ്രകാശായിരുന്നു ആ ഭാഗ്യവാൻ.

നാട്ടിലേക്കു പോകാനുള്ള നല്ല സമയം നോക്കാൻ തിലകൻ, വേഗം പോയി മനോരമ കലണ്ടർ കൊണ്ടു വന്നു.. (പാവം ഗൃഹ പ്രവേശം, കല്യാണം, ആഘോഷം എന്തുമാകാട്ടെ, കലണ്ടർ മനോരമ തന്നെയെന്നു പറഞ്ഞാണ് എപ്പോഴും തിലകൻ നടക്കുന്നത്.. ) അങ്ങനെ നാട്ടിലേക്കു പോകാൻ നല്ലൊരു സമയവും കുറിച്ചു. ജോസ് പ്രകാശിന്റെ നാട്ടിൽ പോക്കിന് വേണ്ട പാക്കിങ്ങിനു എല്ലാരും സഹായിച്ചു..

അങ്ങനെ ജോസ് പ്രകാശ് നാട്ടിലേക്ക്.. ജോസ് പ്രകാശിനെ എയർപോർട്ടിൽ കയറി വിട്ടിട്ടു, രതീഷ് തിരിച്ചു വന്നു.. നാട്ടിൽ കഷ്ടാനുഭവ ആഴ്ച്ചയുടെ നാളായതു കൊണ്ടും, ബാറുകൾ പൂട്ടിയതു കൊണ്ടും ജോസ് പ്രകാശിനു പഴയത് പോലെ ഒന്നും അടിച്ചു പൊളിക്കാൻ പറ്റിലായെന്ന് എല്ലാവരും പറഞ്ഞ് ആശ്വസിച്ചപ്പോൾ പാടിയിലെ നമ്മുടെ പിള്ളേരു നല്ല വാറ്റു ഉണ്ടാക്കുമെന്ന് മണി പറഞ്ഞപ്പോൾ, രാജൻ പി. ദേവ് അരിശം പൂണ്ടു.. വാറ്റ് അത് കാരണം ഞങ്ങളുടെ എത്ര ബാറുകളാ നഷ്ടത്തിലായതെന്ന് അറിയുമോ നിനക്കെന്ന് ചോദിച്ചു മണിയെ അടിക്കാനൊരുങ്ങി..

പിറ്റേന്ന് നേരം പുലർന്ന്, മിനി മോൾ വാതിൽ തുറന്നതും, പാക്കിസ്ഥാൻ വിട്ട മിസൈല് കണക്കെ, ഉമ്മറത്ത് വളഞ്ഞു കൂടി കിടക്കുന്ന ജോസ് പ്രകാശിനെ കണ്ടു ഞെട്ടി.. എയർ ഇന്ത്യക്കാണോ ഇവിടുന്നും നാട്ടിലേക്ക് ടിക്കറ്റെന്ന് ചോദിച്ചതിനു ജോസ് പ്രകാശ് കണ്ണു തിരുമ്മി, ഉറക്ക ചടവോടെ പറഞ്ഞു- ഓ ഞാൻ അങ്ങോട്ടേക്കില്ല. എന്റെ അതേ പേരുള്ളവൻ കാണിച്ച വൃത്തിക്കേടു കണ്ടോ...http://www.mangalam.com/print-edition/crime/418389
എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റയാക്കുകയാ വേണ്ടത്... കുഞ്ഞുങ്ങളെയും, മോന്റെ ഭാര്യയാകാൻ പോകുന്നവരെയും ഒക്കെ പീഡിപ്പിക്കുന്ന കുറെ ജോസന്മാർ..

(നിങ്ങൾ "കല്പന" എന്ന് വിളിക്കുന്ന കുട്ടിയെ ഞാൻ മിനി മോൾ എന്നാണു വിളിക്കുന്നത് )