Sunday 15 November 2015

പ്രിത്വിരാജ് ഫാൻസ്‌..

മോളെ.. എടീ മോളെ... എന്ന് അലച്ചു കൂവി വിളിച്ചാലും ചിലപ്പോൾ എന്റെ "മകാള്" വിളി കേട്ടുവെന്ന് വരില്ല. എന്നാൽ ഞാനും, എന്റെ പ്രിയതമയും കൂടി, എന്തെങ്കിലും ഒന്ന് പതുക്കെ പറഞ്ഞാൽ, ഉടനെ അതിൽ അവളുടേതായ എന്തെങ്കിലും അഭിപ്രായവുമായി രംഗത്തുമെത്തും. പഠിക്കാൻ ഇരുന്നാൽ പുസ്തകത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ, കൂടുതൽ അവൾ കുശു കുശുപ്പുകൾക്കും, ടെലിഫോണ്‍ സംഭാഷണങ്ങൾക്കും, അടുക്കളയിൽ നിന്ന് വരുന്ന മണങ്ങളുടെയും ഒക്കെ അറ്റത്തു പിടിച്ച് നമ്മുടെ മദ്ധ്യത്തിൽ വന്നിരിപ്പ് ഉറപ്പിക്കും.

അങ്ങനെ ഒരു ദിവസം പഠിക്കാനിരുന്നപ്പോഴാണു എന്റെ മൊബൈൽ ഫോണ്‍ ബെല്ലടിച്ചതു. പുസ്തകത്തിന്റെ മുൻപിൽ നിന്ന് എങ്ങനെ ചാടുമെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ആ മണി നാദം അവളുടെ കാതിൽ പതിച്ചത്. ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ ഫോണ്‍ എടുക്കാനോടി. അപ്പോൾ എന്റെ മൊബൈൽ ഫോണ്‍ സ്ക്രീനിൽ കണ്ട പേരു അവൾക്ക് വിശ്വസിക്കാനായില്ല. സത്യമാണോയെന്ന് അറിയാൻ ഒരിക്കൽ കൂടി നോക്കി.... അതെ സത്യമാണു PRITHVIRAJ CALLING എന്ന് കണ്ടതും അവൾ ഫോണും എടുത്ത് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോഴേയ്ക്കും ഫോണ്‍ കട്ടായി. വിഷമത്തോടെ ഫോണ്‍ എന്റെ കയിൽ തന്നിട്ട് അവൾ എന്നോടു പറഞ്ഞു- PRITHVIRAJAAA... ശ്ശേ ഞാൻ ആദ്യം എടുത്ത് സംസാരിച്ചിട്ടു അപ്പയ്ക്ക് തന്നാൽ മതിയായിരുന്നു.. അതെങ്ങനെയാ PRITHVIRAJ അപ്പയെ വിളിക്കുന്നത്..

പറഞ്ഞു കൊണ്ടിരുന്നതും വീണ്ടും PRITHVIRAJ വിളിച്ചു.. ഫോണ്‍ നിർത്തിയപ്പോൾ അവൾ അടുത്തു കൂടി.. അപ്പയ്ക്ക് എങ്ങനെ PRITHVIRAJനെ അറിയാം? നിങ്ങൾ ഇത്രക്ക് ഫ്രണ്ട്സാണോ? അപ്പയെ മസ്ക്കറ്റിലേക്ക് വിളിച്ചപ്പോൾ PRITHVIRAJ ഇനി മസ്ക്കറ്റിലെങ്ങാനും വരുന്നുണ്ടോ അപ്പ PRITHVIRAJനെ RAJU എന്നാണോ വിളിക്കുക തുടങ്ങിയ നൂറു കൂട്ടം ചോദ്യവുമായി വന്നു... മകളാണെങ്കിലും ഒട്ടും ജാഡ കുറയ്ക്കാതെ PRITHVIRAJ എന്ന RAJUവുമായിട്ടുള്ള എന്റെ ആത്മബന്ധം പറഞ്ഞപ്പോൾ അവൾ പറഞ്ഞു- കഥ പറയുമ്പോൾ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥ പോലെയൊക്കെ ഉണ്ട്... ഹോ അന്റെ അപ്പയും ആളു വലിയ പുള്ളിയാ എന്നൊക്കെ പറഞ്ഞ് അന്നത്തെ പഠിത്തം PRITHVIRAJന്റെ പേരിൽ കളഞ്ഞു .

പിറ്റേന്ന് സ്ക്കൂളിൽ നിന്നും മോൻ വന്നപ്പോഴേ പറഞ്ഞു .. അപ്പാ ഈ ചേച്ചി പ്രിൻസിപ്പൽ സാറിനോട് വരെ പറഞ്ഞു അപ്പയും പ്രിഥ്വിരാജും ഫ്രണ്ടസാണെന്ന്. നമ്മൾ അവധിക്ക് പോകുമ്പോൾ പ്രിഥ്വിരാജിന്റെ വീട്ടിൽ പോകുമെന്നും ഒക്കെ പറഞ്ഞു.. ഇനി സ്ക്കൂളിൽ അറിയാത്തവരായി ഇന്ന് വരാത്തവരു മാത്രമേ ഉള്ളൂ... ഉടനെ അവൾ പറഞ്ഞു.. അത് കാരണം ഇന്ന് ക്ലാസ്സിൽ എനിക്ക് നല്ല ഗമയായിരുന്നു.. താങ്ക്യൂ അപ്പാ എന്ന് നീട്ടിയൊരു താങ്ക്യൂ ഇട്ട് അവൾ പതപ്പിച്ച് അങ്ങ് പോയി..

അങ്ങനെ കാത്തു കാത്തിരുന്ന അവധി വന്നെത്തി.. നാട്ടിൽ ചെന്നപ്പോൾ മുതൽ എപ്പോഴാണ്‌ PRITHVIRAJനെ കാണാൻ പോകുന്നതെന്നായി മക്കൾസിന്റെ ചോദ്യം. കൊച്ചിയിൽ കല്യാണ്‍ സില്ക്കിസിൽ ചെന്നപ്പോൾ അവിടെ മൊത്തം PRITHVIRAJന്റെ ചിത്രങ്ങളാണ്.. അപ്പോൾ മോൾ നമ്മുടെ സെയിൽ ഗേളിന്റെ അടുത്ത് പറഞ്ഞു.. അപ്പയുടെ ബെസ്റ്റ് ഫ്ര്ണ്ടാ രാജു അങ്കിൾ. ഞങ്ങൾ ഒന്ന് രണ്ടു ദിവസത്തിനകം രാജു അങ്കിളിനെ കാണാൻ പോകുന്നുണ്ട്.. കടയിൽ നിന്നിറങ്ങിയപ്പോൾ ഭാര്യ പറഞ്ഞു .. ഈ പെണ്ണിന്റെ വായ വല്ലോ സെല്ലോ ടെയിപ്പും വെച്ച് ഒട്ടിക്കണം.. ഹയ്യോ മനുഷ്യരെ നാണം കെടുത്തും.. PRITHVIRAJ കഥ കല്യാണ്‍ സില്ക്ക്സിൽ പറയേണ്ട വല്ല കാര്യവുമുണ്ടോ?? ഉടനെ അവൾ പറഞ്ഞു കണ്ടോ നമ്മൾക്ക് അല്പം ഗമയാക്കട്ടെയെന്ന് കരുതി പറഞ്ഞതാ..

ഏതായാലും ആ വലിയ ദിനം വന്നെത്തി.. രാജുവിനെ വിളിച്ച് സമയം ചോദിച്ചപ്പോൾ രാവിലെ വീട്ടിലേക്ക് വരാൻ പറഞ്ഞു.. മോൾ പതിവിൽ കൂടുതൽ ഒരുങ്ങി.. എന്നോട് ക്യാമറായെടുക്കാനും, രാജു അങ്കിളിനോട് പറഞ്ഞ്, അവൾക്കും മോനും, അങ്കിളിന്റെ കൂടെ നിന്ന് സെൽഫി എടുക്കാനും ഒക്കെ സമ്മതിക്കണമെന്നും. ആയതിനാൽ എന്റെ മൊബൈൽ അവൾ സൂക്ഷിച്ചോളാമെന്നും ഏറ്റു.

ഖട്ടർ റോഡുകളിൽ കൂടി വണ്ടി ഇഴഞ്ഞു നീങ്ങുമ്പോൾ, മോൾ പറഞ്ഞു പണ്ട് ജയസൂര്യ റോഡിലെ ഖട്ടറിൽ മെറ്റലിട്ടതു പോലെ രാജു അങ്കിളും അങ്ങനെ ചെയ്തിരുന്നേൽ അങ്കിളിന്റെ വീട്ടിലോട്ടുള്ള വഴിയെങ്കിലും വൃത്തിയായെനെ.. ഒടുക്കം ഞങ്ങൾ ആ വീട്ടിലെത്തി.. ഗേറ്റിന്റെ മുൻപിൽ ചെന്ന് ഹോണ്‍ അടിച്ചപ്പോഴെക്കും, ഒരാൾ ഓടി വന്ന് ഗേറ്റു തുറന്നു.. അപ്പോഴേക്കും എന്റെ മോൾക്ക് ഇരിക്കപൊറു തിയിലാതായി..

ഞങ്ങളെ ഒരു ചേച്ചി സ്വീകരിച്ചിരുത്തി.. രാജു കുളിക്കുകയാണെന്നും, കുടിക്കാൻ എന്താണ് വേണ്ടതെന്നും ചേച്ചി ചോദിച്ചു.. രാജു കുളിച്ചിട്ട് താഴേക്കിറങ്ങി വരുന്നത് ആദ്യം കാണാൻ മോൾ, സ്റ്റയർകേസിനു അഭിമുഖമായിട്ടുള്ള സോഫയിൽ പോയിരുന്നു..

ചേച്ചി കുടിക്കാൻ ചായയും, നല്ല മൊരുമൊരാന്നുള്ള ചൂടൻ പപ്പ്സും കൊണ്ടു വന്നതും, മുകളിൽ നിന്നും സെനുവേ സോറി..കുളികുകയായിരുന്നുവെന്ന് പറഞ്ഞു ഒരാൾ ഇറങ്ങി വന്നപ്പോൾ. ഹോ രാജു അത് സാരമില്ലായെന്ന് ഞാൻ പറഞ്ഞപ്പോൾ മക്കൾ എന്നെ ഒന്നും മനസ്സിലാകാത്ത പോലെ നോക്കി... ഞാൻ പിന്നെ പ്രിത്വിരാജ് എന്ന രാജുവിനോട് നടന്ന കഥകൾ വിവരിച്ചപ്പോൾ, മക്കളുടെ തൊണ്ടയിൽ പപ്പ്സ് കുടുങ്ങിയത് പോലെ..

തിരുവല്ല M.G.M ഹൈസ്ക്കുളിൽ PRITHVIRAJ എന്ന പേരിൽ ഒരു സുഹ്രത്ത് പഠിച്ച കാര്യം എന്റെ മക്കൾസിനു അപ്പോൾ മാത്രമാണ് മനസ്സിലായത്‌..

PRITHVIRAJ ഇറങ്ങാൻ നേരം ഫോട്ടോയെടുക്കേണ്ടെ എന്ന് ചോദിച്ചപ്പോൾ.. ഓ വേണ്ടായെ എന്നായി മോളുടെ മറുപടി..

ഈ ഒറ്റ സംഭവത്തോടെ PRITHVIRAJ എന്ന പേരു കൂടി അവർ വെറുത്തു പോയി.. അന്ന് പകച്ചു പോയതാണ് അവരുടെ ബാല്യം.,.. എന്ത് ചെയ്യാം..

Saturday 23 May 2015

ഉമ്മനും, ചാന്തുപൊട്ടും.

ഇന്നലെ രാത്രിയിൽ ഉറക്കം വന്നതേയില്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ ആ രൂപം മാത്രം മനസ്സിൽ. എന്റെ പ്രിയ സുഹൃത്ത്, കാനഡയിലെ, ലണ്ടനിൽ പോയപ്പോൾ, അത് വഴി ആരും തിരിഞ്ഞു നോക്കാനില്ലാതെ, ആൾക്കൂട്ടങ്ങൾ ഒന്നും ഇല്ലാതെ ഉമ്മൻ ചാണ്ടി(യെ) പോലൊരാൾ നടന്നു വരുന്നത് കണ്ടു. അങ്ങനെ ആ അപരന്റെ ഫോട്ടോ, ക്യാമറയിൽ പകർത്തി. പടങ്ങൾ ഭാര്യയേയും, മക്കളെയും കാട്ടി. അത് പാന്റിട്ട ഉമ്മൻ ചാണ്ടി തന്നെ എന്ന് അവരും പറഞ്ഞപ്പോൾ, ഫേസ്ബുക്കിൽ പോസ്റ്റി. സംഭവം "അതി വേഗം, ബഹുദൂരം കണക്കെ" ഹിറ്റായി. ഒടുവിൽ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ചില പത്രങ്ങളുമൊക്കെ ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. സത്യത്തിൽ ഇതാണ് എന്റെ ഉറക്കം കളഞ്ഞ സംഭവം. വിനോദും ഞാനും നല്ല സ്നേഹിതരാണെങ്കിലും, എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ കുശുമ്പ് ബാറ്റിങ് തുടങ്ങി.


നേരം വെളുത്ത ഉടനെ ഫേസ് ബുക്ക് തുറന്നപ്പോൾ ഈ ഫോട്ടോയ്ക്ക് നാനൂറിലേറെ ഷെയർ. മനോരമ ഓൺലൈനിൽ ഇതിന്റെ വാർത്തയ്ക്കാകട്ടെ പതിനായിരത്തിലേറെ ലൈക്, നാലായിരത്തോളം ഷെയർ.

ഏതായാലും ഞാനും ഇന്ന് മുതൽ പരിസരം സസൂക്ഷമം വീക്ഷിച്ചു നടക്കാനും, ക്യാമറ സത്വരഫോട്ടോ പിടിക്കാനും തയ്യാറാക്കി വെച്ചു. ജോലിക്കു പോകാൻ കയറിയ ബസ്സിലെ സകലമാന അണ്ണന്മാരെയും, അണ്ണിമാരെയും പതിവിലും കൂടുതലായി വായ് നോക്കി. ഉമ്മൻ ചാണ്ടി പോയിട്ട്, ചാണ്ടി ഉമ്മന്റെയോ, സരിതയുടെയോ പോലും ഛായ ഉള്ള ഒറ്റ ഒന്നിനെയും കണ്ടില്ല.


രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ കയറി, കിട്ടിയ സീറ്റിൽ ഇരുന്ന് രാവിലത്തേതിന്റെ ബാക്കി "ഛായഗ്രഹണം" തുടങ്ങി. അപ്പോഴാണ്‌ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഫിലിപ്പിനോ പയ്യനെ കണ്ടത്. പണ്ടേ ഏതു ഫിലിപ്പിനോ പയ്യന്മാർക്കും, പഴയ ലോക്സഭാ സ്പീക്കർ പി.എ. സാംഗ്മയുടെ ഛായ ഉള്ളതിനാൽ അത് ഞാൻ അത്ര കാര്യമാക്കിയില്ല. പക്ഷേ ഇവനാണെങ്കിൽ കൈയിലിരിക്കുന്ന മൊബൈൽ ഫോണ്‍ ഇട്ട് കുലുക്കുകയും, സുരേഷ് ഗോപി പറയും പോലെ ഷിറ്റും, *&**#്*& പറഞ്ഞു കൊണ്ടുമിരിക്കുന്നു. ഒടുക്കം സഹികെട്ടെന്നോണം അവൻ എന്റെ മൊബൈൽ ഫോണ്‍ ചോദിച്ചു. എന്റെ ഫോണിൽ നിന്നും അവന്റെ ഫോണിലേക്ക് ഒരു കോൾ വിളിക്കണം. അവന്റെ ഫോണ്‍ ഹാങ് ആയി. ഞാൻ ഫോണ്‍ കൊടുത്തു. എന്റെ ഫോണിൽനിന്നു നമ്പർ ഞെക്കിയതും സംഗതി അങ്ങ് ശരിയായി. പിന്നീട് അവൻ അവന്റെ ഫോണിൽനിന്ന് ആരെയോ വിളിച്ചു സംസാരിക്കാൻ തുടങ്ങി. ഞാൻ അപ്പോഴും പെഡസ്റ്റൽ ഫാൻ കണക്കെ ആളുകളെ വായ് നോക്കി കൊണ്ടേയിരുന്നു.


ഇതിനിടെ ഫിലിപ്പിനോ ഫോണ്‍ സല്ലാപം അവസാനിപ്പിച്ച് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്റെ കൈയിൽ തട്ടിയിട്ട് പറഞ്ഞു - "യൂ ലുക്ക് റ്റൂ റ്റയേർഡ് മാൻ.. യൂ നീഡ് എ ഗുഡ് മസ്സാജ്". അപ്പോൾ ഞാൻ അവനോട് പറഞ്ഞു - "ഐ ആം കമിങ് ആഫ്ടർ വര്ക്ക്. നീഡ് എ ഗുഡ് സ്ലീപ്പ്".. അപ്പോൾ അവൻ പിന്നെയും പറഞ്ഞു- "നോ മാൻ. യൂ നീഡ് എ ഗുഡ് മസ്സാജ്. എ വെരി സ്പെഷ്യൽ മസ്സാജ്" എന്നു പറഞ്ഞ്, അവൻ എന്നെ കൈവട്ടമിട്ടുപിടിച്ചു, പുറത്തു മെല്ലെ തടവാനും തുടങ്ങി. ആ പിടിയിലും തടവിലും എനിക്ക് ഒരു കാര്യം മനസ്സിലായി. സൂക്ഷിച്ചില്ലെങ്കിൽ താനിത്രയും നാൾ കാത്തു സൂക്ഷിച്ച ചാരിത്ര്യം പ്ളിങ് ആകും. 5 സ്റ്റോപ്പ് കൂടി കഴിഞ്ഞാലെ എനിക്ക് ഇറങ്ങേണ്ട സ്ഥലമാകൂ. എന്നാലും വേണ്ടില്ല, അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയില്ലെങ്കിൽ ഈ കശ്മലൻ തന്നെ പീഡിപ്പിക്കും. ഒട്ടും താമസിച്ചില്ല. സ്റ്റോപ്പിനായി ബെല്ലടിച്ചു. ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൻ വിളിച്ചു പറഞ്ഞു - "മൈ നമ്പർ ഈസ്‌ ദേർ ഇൻ യുവർ ഫോണ്‍. കോൾ മീ വെൻ യൂ ആർ ഫ്രീ". ഓക്കെ.. ഓക്കെ.. പറഞ്ഞ് ചാടി വെളിയിൽ ഇറങ്ങിയപ്പോളാണു ഓർത്തത്... "നിനക്കൊന്നും വീട്ടിൽ അപ്പനും ചേട്ടനും ഇല്ലേടാ പട്ടീീീീ??? എന്ന നമ്മുടെ സ്ഥിരം ഡയലോഗ് അവനോട് ഞാൻ ചോദിച്ചിലല്ലോയെന്ന്.


ഈശ്വരാ..... ഉമ്മൻ ചാണ്ടിയെ തേടി നടന്ന് ചാന്തു പൊട്ടിന്റെ കൈയ്യിൽ അകപ്പെട്ട അവസ്ഥ.. ഹോ അണ്‍സഹിക്കമ്പിൾ...


സ്പെഷൽ ഓഫർ: സുഹൃത്തുക്കളിൽ ആർക്കെങ്കിലും ഫ്രീ മസ്സാജ് ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ ആ നമ്പർ തന്നേക്കാം കേട്ടോ..

Sunday 25 January 2015

ന്യൂജൻ ജോനാ...

ജോനാ അമിത്ഥായി അതാണു അവന്റെ ശരിയായ പേരു. പക്ഷെ ആ പേരു ഒന്ന് ഉച്ചരിക്കുവാൻ പോലും അവിടുത്തെ നാട്ടുകാർക്ക് പേടിയാണ്. സത്യത്തിൽ അവൻ ഒരു അടി പിടിക്കും പോയിട്ടില്ല. ആരുമായും വഴക്ക് ഉണ്ടാക്കിയിട്ടുമില്ല. പക്ഷെ നാട്ടുകാരുടെ തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ ജോനാ അമിത്ഥായി തന്നെ വേണം.

തലേന്ന് ഒരു ചില്ലറ പ്രശ്നം തീർത്ത് നേരം ഏറെ ഇരുട്ടിയാണ് ജോനാ കിടന്നത് തന്നെ. രാവിലെ എഴുന്നേറ്റ് പല്ലും തേച്ച്, ഒരു കട്ടനും കുടിച്ച്, മനോരമയും വായിച്ച് ഇരിക്കുമ്പോൾ, മൊബൈൽ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നു. മനുഷ്യനെ ഒന്ന് സ്വസ്ഥമായി ഒരു പത്തു മിനിറ്റ് പോലും ഇരുത്തത്തില്ലായെന്ന് പിറു പിറത്ത് അവൻ പോയി ഫോണ്‍ എടുത്തു. കോളർ ഐഡിയിൽ പേരു കണ്ടതേ അവൻ ഞെട്ടി. ഏതോ പറവ് കോൾ തന്റെ തലയിൽ കെട്ടി വെയ്ക്കാൻ ഉള്ള വിളി. ഇന്നത്തെ ദിവസവും പോയി കിട്ടി.. ഫോണ്‍ എടുത്ത് ഹലോ പറഞ്ഞപ്പോഴേ പണി കിട്ടി. ഇപ്പോൾ തന്നെ മഹാനഗരമായ നിനവയിൽ ചെന്ന്, അതിനു വിരോധമായി പറയാൻ. എന്റെ ദൈവമേ, ഇതൊരു ഒന്ന് ഒന്നര പണിയായി പോയി. വിവരമില്ലാത്ത അവന്മാരുടെ അടുത്ത് പോയി, അവന്മാര്ക്ക് എതിരെ പറയുക. ഇത്തരം പണിയൊക്കെ ആ ചീഫ് വിപ്പിനെ ഏൽപ്പിച്ചാൽ പോരെ??? ഓർത്തപ്പോൾ തന്നെ തല മരവിച്ചു. സ്വന്തം നാട്ടുകാർ ആരെയോ പേടിച്ച് തന്നോട് അല്പം ബഹുമാനവും സ്നേഹവും കാണിക്കുന്നൂയെന്ന് വെച്ച്, നിനവേക്കാർ തന്നെ ബഹുമാനിക്കുമോ? പോത്തിനോട് വേദം ഓതരുതെന്ന്, തന്റെ അപ്പനായ അമിത്ഥായി പലവട്ടം പറഞ്ഞും കേട്ടിട്ടുണ്ട്. വരാനുള്ളത് വഴിയിൽ തങ്ങിലല്ലോ?

വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ പറഞ്ഞ് ഒഴിയാമായിരുന്നു. സാക്ഷാൽ ഹൈക്കമാൻഡ് നേരിട്ട് വിളിച്ചു പറഞ്ഞാൽ എന്തോ ചെയ്യും. നിനവേക്കാരുടെ കൈ കൊണ്ട് ചാകാനാകും തന്റെ തല വര. പോയേക്കാം. കമ്പ്യൂട്ടറിൽ കൂടി തത്കാലിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വിചാരിച്ചപ്പോൾ അതും ഫുൾ. ഇനി പിന്നെ നിനവേക്ക് പോകണമെങ്കിൽ കാലിഫോർണീയായ്ക്ക് ചരക്ക് കൊണ്ട് പോകുന്ന ഒരു ഉരു നിനവേ വഴി ഇന്ന് പോകുന്നുണ്ടെന്ന് ഗൂഗിൾ അമ്മാവനിൽ കൂടിയറിഞ്ഞു.

രാവിലെ അമ്മച്ചി ഉണ്ടാക്കിയ പുട്ടും കടലയും ഒരു ഗ്ലാസ് ഹോർലിക്സും കുടിച്ച് ഒന്ന് രണ്ട് ദിവസത്തേക്കുള്ള ഡ്രസും ഒക്കെ എടുത്ത്, നിനവേക്ക് പോകാൻ പോര്ട്ടിലെത്തി. അപ്പോൾ കുടിയൻ ഇച്ഛിച്ചതും കുഞ്ഞൂഞ്ഞ് കല്പിച്ചതും ബാർ എന്ന് കണക്കെ തർശീശിലേക്ക് ഉള്ള ഉരു, ഉടൻ സ്റ്റാൻഡ് വിട്ടു പോകണമെന്ന അനൗൺസ്മെന്റ് ജോനാ കേട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. പൈസയും കൊടുത്ത്, നേരെ തർശീശിലേക്ക് ഉള്ള ടിക്കറ്റെടുത്തു ഉരുവിൽ കയറി.

ഉരുവിൽ കയറിയ ഉടനെ ജോനാ ഉരുവിന്റെ അടിത്തട്ടിൽ പോയി. ഭാഗ്യം മൊബൈലിനു അടിത്തട്ടിൽ റേഞ്ചില്ല. അൽപ നേരമിരുന്ന് സാധു കൊചൂഞ്ഞ് ഉപദേശിയുടെ പാട്ടുകൾ മൊബൈൽ ഫോണിലൂടെ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു. സുഖ ഉറക്കത്തിനിടയിൽ, യഹോവ പലതവണ ജോനായെ വിളിക്കാൻ നോക്കിയിട്ടും, താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണെന്ന പെണ്ണിന്റെ ശബ്ദം കേട്ട് മടുത്ത യഹോവ, ഒരു ലാസ്റ്റ് ആൻഡ് ഫൈനൽ കോൾ കൊടുത്തു. അത് സമുദ്രത്തിൽ വലിയ കോളായി മാറി.

കപ്പൽ തകർന്ന് പോകുമെന്ന് കരുതി യാത്രക്കാർ നിലവിളിച്ചപ്പോഴും, ഇതൊന്നും അറിയാതെ സുഖനിദ്രയിലായിരുന്നു ജോനാ. യാത്രക്കാർ എല്ലാവരും പ്രാർത്ഥന തുടങ്ങി. കപ്പൽ മൊയലാളി അടിത്തട്ടിൽ ചെന്നപ്പോൾ, മൂക്കിൽ പഞ്ഞി വെയ്ക്കാറായ സമയത്ത്, ചെവിയിൽ ഇയര് ഫോണും ഒക്കെ വെച്ച്, പാട്ടും കേട്ട് ഒരുത്തൻ സുഖമായി ഉറങ്ങുന്നു. കപ്പൽ മൊയലാളി അവനെയും എഴുന്നേൽപ്പിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു.

ഉരുവിൽ തത്തമയെയും കൊണ്ടിരുന്ന ഒരു ജ്യോതിഷരത്നം അണ്ണാച്ചിയോട് തത്തമ്മയെ കൊണ്ട് ചീട്ടെടുപ്പിക്കാൻ പറഞ്ഞു. ചീട്ട് വീണതു ജോനായ്ക്ക്. ചീട്ട് വീണതും, യാത്രക്കാർ ഒന്നടങ്കം കൂടി യോദ്ധായിൽ തൃപ്പൂണിത്തറ ചേട്ടൻ, ജഗതിയോട് ശ്വാസം വിടാതെ ചോദിച്ച പോലെ, ഹൂ ആർ യൂ, തും കോൻ ഹോ, നീ ആരാണ്?, നിനക്കെന്തു വേണം, വാട്ട് ദു യു വാണ്ട് എന്ന കുറേ ചോദ്യങ്ങൾ വീണു.

ജോനാ രാവിലത്തെ ഫോണ്‍ കോൾ മുതലുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു. അനുസരണക്കേട് കാട്ടിയതിനു തന്റെ ഗ്രേറ്റ് ഗ്രാൻഡ്‌ ഫാദറിനെയും, മദറിനെയും, കുടികിടപ്പ് നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി അവരെ നോക്കാൻ ഏൽപ്പിച്ചിരുന്ന ഏഡൻ ഗാർഡൻസിൽ നിന്നും ഒരു നോട്ടീസു പോലും കൊടുക്കാതെ ചവിട്ടി പുറത്താക്കിയ കഥ തന്നെയും പിന്നെയും അപ്പച്ചനും, അമ്മച്ചിയും എല്ലാം പറഞ്ഞ്, കേട്ടിട്ടുള്ളത് കൊണ്ട്, കടൽ ശാന്തമാകാൻ തന്നെയും കടലിലേക്ക് എറിയാൻ പറഞ്ഞ് തീരും മുൻപേ, ഏതോ വെളിവുകെട്ടവൻ, ജോനായെ കടലിലേക്കെറിഞ്ഞതും ഒപ്പമായിരുന്നു.


"ഭും" എന്ന ശബ്ദത്തോടെ യോനാ കടലിലേക്ക് വീണതും, ആംബുലൻസിന്റെ സൈറൺ കേട്ടതും ഒപ്പമായിരുന്നു. ദാ തന്നെ രക്ഷിച്ചു കൊണ്ട് പോകാനായി ദൈവം കടലാംമ്പുലൻസായി ഒരു നീല തിമിംഗലത്തെ തന്നെ
വിട്ടിരിക്കുന്നു.ആംബുലൻസ് വന്നതും, ജോനാ അപ്പോൾ തന്നെ ആംബുലൻസിന്റെ അടുത്ത് നിന്ന് ഒരു സെൽഫിയെടുത്ത്, സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.. Going to Nineveh for 3 days vacation on Business Class... Feeling excited:)


Tuesday 20 January 2015

ഹണിമൂൺ പുരാണംസ്.

15 ആഗസ്ത് 1992. തിരുവല്ല മാർത്തോമാ കോളെജിനു അന്ന് അവധി ആയിരുന്നിട്ടും, ഞങ്ങൾ കുറേ ദേശസ്നേഹികൾ സ്വാതന്ത്ര്യദിന പരേഡ് എന്നൊക്കെ പറഞ്ഞ്, തിരുവല്ല ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ ഒത്തു കൂടി. ഏറെ നാളായി കൊട്ടി ഘോഷിച്ചിരുന്ന മണിരത്നത്തിന്റെ റോജാ അന്നാണ് റിലീസ്. ചങ്ങനാശ്ശേരി അഭിനയ തിയേറ്റർ ലക്ഷ്യമാക്കി ഞങ്ങൾ ദേശസ്നേഹികൾ യാത്ര തിരിച്ചു. തിയേറ്ററിന്റെ മുൻപിൽ സരിതയെ കാണാൻ ഉള്ള ആൾക്കൂട്ടം. കയ്യൂക്കള്ളവൻ കാര്യക്കാരാൻ; അതാണു തിയേറ്ററിന്റെ "ക്യൂവിന്റെ" രീതി. ഞങ്ങളുടെ കൂട്ടത്തിൽ തണ്ടും തടിയും, ത്രീ പായ്ക്കുമുള്ള തോലശ്ശേരി ഇച്ചായാൻ ആ ക്യൂവൊന്നും വകവെയ്ക്കാതെ, ഉന്തി തള്ളി, ടിക്കറ്റ് ഒപ്പിച്ചു.

അരവിന്ദ് സ്വാമിയുടെയും, മധുബാലയുടെയും ഹണിമൂണ് സീനുകൾ രോമാഞ്ചത്തോടെ കണ്ടു. കാശ്മീരിലെ മനോഹാരിതയും (ഏറെ കഴിഞ്ഞാണു കാശ്മീരിലൊന്നും അല്ലായിരുന്നു റോജായുടെ ഷൂട്ടിങ്ങ് എന്ന സത്യം അറിഞ്ഞത്) മഞ്ഞിന്റെ കുളിരും ഒക്കെ തിയേറ്ററിലെ എ/സിയിൽ ഞങ്ങളും അനുഭവിച്ചു തന്നെയറിഞ്ഞു. സിനിമാ കഴിഞ്ഞു തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചിരുന്നു. ഇത് പോലെ തണുപ്പുള്ള ഒരു സ്ഥലത്ത് ഭാര്യയേയും കൊണ്ടു പോകണം. റോജാ സിനിമയിൽ കണ്ടതു പോലെയൊക്കെ എനിക്കും ആർമാദിക്കണം.


ഒടുക്കം 1998 സെപറ്റംബർ മാസം ഞാനും ഒരു ഭർത്താവായി. തണുപ്പ്, ഭാര്യക്ക് ഒട്ടും പിടിക്കില്ലായെന്ന് മനസ്സിലായതു കാരണം കാശ്മീർ യാത്ര ഒഴിവാക്കി. കുളി കഴിഞ്ഞ്, തല തോർത്താതെ അരവിന്ദ് സ്വാമി, മധു ബാലയുടെ അടുത്ത് വന്ന്, തല കുടഞ്ഞ് വെള്ളം തെറുപ്പിക്കുന്ന ആ സീൻ, എന്റെ ഭാര്യയുടെ അടുത്ത് പ്രയോഗിക്കാനായി ഇറങ്ങി വന്ന്, പ്രയോഗിച്ചപ്പോൾ,
അമ്മ, ഭാര്യയുടെ മുൻപിൽ എന്നെ നിർദ്ദാക്ഷണ്യം ശകാരിച്ച് ആ നല്ലോരു സീൻ കുളമാക്കി തന്നു.

ഹണിമൂണും, സണ്ണും ഒക്കെ മാറി. ജീവിത യാത്രയിൽ കെനിയാ, മസ്ക്കറ്റ്, എന്നിവടങ്ങളിൽ കാലം കഴിച്ചു കൂട്ടി. അങ്ങനെ 2012 ജൂലൈ മാസം 1നു ഞങ്ങൾ കുടുംബമായി കാനഡായിൽ വന്നു. അപ്പയും, അമ്മയും, ചേച്ചിയും കുടുംബവും ഒക്കെ കാനഡായിലുള്ള കാരണം, കാനഡായിലെ ആദ്യക്കാലങ്ങൾ മറ്റുള്ള പലരെയും പോലെ ദുരിതപൂർണ്ണമായില്ലയെന്നത് വലിയ ഭാഗ്യം.

ഞങ്ങൾ ആ കൊല്ലം മഞ്ഞിനായി കാത്തിരുന്നു. ഡിസംബറിൽ മഞ്ഞു ആകാശത്ത് നിന്നും, പഞ്ഞി പോലെ പൊഴിഞ്ഞു വീഴുന്നത് ഏറെ നേരം കൗതുകത്തോടെ നോക്കി നിന്നു. ഒരു ദിവസം കതക് തുറന്നപ്പോൾ, മൊത്തം മഞ്ഞ് മൂടി കിടക്കുന്നു. ആഹാ ഞാൻ ഏറെ നാളായി മനസ്സിൽ കാത്തിരുന്ന സുന്ദര സുദിനം. ഞാൻ സന്തോഷത്തോടെ എന്റെ "മധുബാലെയും" കൂട്ടി വെളിയിലിറങ്ങി, ചിന്ന ചിന്ന ആശൈ പാടി , ഒരു കൈ മഞ്ഞ് വാരിയെടുത്ത്, അവളെ എറിഞ്ഞ് കളിച്ചു. ഏറെ നേരം ഞങ്ങൾ അന്ന് മഞ്ഞ് വാരി രസിച്ചു. മക്കൾസ് സ്നോമാനെ ഉണ്ടാക്കി. ഞാൻ അതും കഴിഞ്ഞു ക്യാമറായും തൂക്കി ഫോട്ടം പിടിക്കാനിറങ്ങി.

മുട്ടറ്റം മഞ്ഞിൻ കൂനയിൽ നിന്നു എന്റെ സാഹസികമായ ഫോട്ടോ എടുപ്പ് കണ്ട്, വഴിയെ പോയ ഒരു കാറുകാരൻ, ഗ്ലാസ്സ് താഴ്ത്തി, എന്നോട്, “Is this your first winter? All the best man” എന്ന് പറഞ്ഞ് ഊറി ചിരിച്ച് പോയപ്പോൾ അതിന്റെ പിന്നിലെ വ്യംഗ്യാർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നീടുള്ള ദിവസങ്ങൾ ഫോട്ടോ പിടുത്തം തന്നെയായിരുന്നു എന്റെ ഹോബി..

2014 ആഗസ്ത് മാസം 1നു നമ്മൾ കാനഡായിൽ ഒരു വീടു വാങ്ങി. ഡിസംബർ മാസത്തിൽ മഞ്ഞു വീഴ്ച്ച തുടങ്ങി. സ്വന്തം വീടായപ്പോൾ, വീടിന്റെ മുൻപിലുള്ള മഞ്ഞും, ഡ്രൈവേയിലെ മഞ്ഞും നമ്മൾ തന്നെ മാറ്റണം. മൈസനസ്സ് ഡിഗ്രി തണുപ്പിൽ തെർമൽ പാന്റും, അതിന്റെ പുറത്ത് പാന്റും, ജാക്കറ്റും, തൊപ്പിയും, ഗ്ലൗസ്സും, ബൂട്ട്സും ഒക്കെ ധരിച്ച്, എടുക്കാൻ വയ്യാത്ത ഷവലും പൊക്കി, തണുപ്പത്ത് നിന്ന് മഞ്ഞ് നീക്കി വായിൽ നിന്നു പത വന്നു.



പിന്നെ കാർ ക്ലീനിംഗ്. അതു കഴിഞ്ഞ് വീടിന്റെ പരിസരത്തും വഴിയിലും എല്ലാം ഉപ്പ് വിതറൽ... എന്നു വേണ്ട തണുപ്പത്ത് നിന്ന് വിറച്ച് ഇത്രയും കാര്യങ്ങൾ ചെയ്തിട്ട് വേണം വീടിനകത്ത് കയറാൻ.
ഇപ്പോൾ മഞ്ഞ് എന്ന് കേട്ടാൽ എനിക്ക് കലിയാകും. %&###്*% മഞ്ഞ്. ഇപ്പോൾ മഞ്ഞ് വീണാൽ ഫോട്ടോയും വേണ്ടാ ഒരു .... വേണ്ടാ.

അന്ന് റോജാ സിനിയിൽ അരവിന്ദ് സ്വാമി, മഞ്ഞു വാരുന്നതിനു മുൻപേ അവനെ തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി. അതു കൊണ്ട് മണിരത്നം ആ സീനുകൾ ഷൂട്ട് ചെയ്യാഞ്ഞ കാരണം നമ്മൾക്ക് മഞ്ഞിന്റെ അനന്തര ഫലങ്ങൾ മനസ്സിലായതുമില്ല. ഇതാ പണ്ടുള്ളവർ പറയുന്നത്... അറിയാത്ത പിള്ള ചൊറിയുമ്പം അറിയും. എന്നാലും എന്റെ മണിരതനം സാറെ.. എന്നോട് ഈ ചതി വേണ്ടായിരുന്നു.

ഇനി ഏറ്റവും ഒടുവിൽ ഇതു കൂടി കാണുക.
https://www.youtube.com/watch?v=diZ4K_CIT6c