Saturday 27 September 2014

പശു പീഡനം - തിരുവല്ല സ്റ്റയിൽ



കഴിഞ്ഞ ദിവസം മംഗലാപുരത്ത് 4 പേർ പശുക്കുട്ടിയെ പീഡിപ്പിച്ചു അറസ്റ്റിലായി എന്ന വാർത്ത വായിച്ചപ്പോഴാണ് പണ്ട് തിരുവല്ലക്കാരൻ ഒരു പയ്യൻ (ഇന്ന് അച്ചായാൻ) ഒരു പശുവിനെ, ഇതേ മംഗലാപുരത്ത് വെച്ച് പീഡിപ്പിച്ചതിനു, പീഡിപ്പിക്കപ്പെട്ട ഒരു സംഭവം ഓർമ്മ വന്നത്…


1994 കാലഘട്ടം. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഡിഗ്രി കഴിഞ്ഞ ശേഷം, ഡി ഫാം പഠിക്കണമെന്ന മോഹവുമായി ചെന്നു കയറിയത്, മംഗലാപുരത്തെ ഒരു സിംഹത്തിന്റെ മടയിൽ:-എം.വി.ഷെട്ടി. മൂപ്പരു ആണെങ്കിൽ ഒടുക്കത്തെ കത്തിയും. ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെയ്ക്കാൻ പറഞ്ഞു. അപ്പൻ കൂടെയുണ്ടായിരുന്നതു കൊണ്ട്, ഒട്ടും മടിക്കാതെ നൂറിന്റെ പത്തു കെട്ടുകൾ മേശപ്പുറത്തേക്കിട്ടു. മൂപ്പരു ഫ്ളാറ്റ്. പക്ഷെ അപ്പോഴേക്കും അപ്പന്റെ ഷട്ടിക്കു ഓട്ട വീണിരുന്നുവെന്നത് സഭരോം കി സിന്ദഗി ജോ കഭി നഹി പോലെ നഗ്ന സത്യം.

ക്ലാസ്സ് തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി. കൂട്ടുകാർ എല്ലാം തന്നെ പണച്ചാക്കുകളുടെ മക്കൾ. താനും ഒരു രാജാവിന്റെ മകനാണെന്ന് പറഞ്ഞറിയിക്കാൻ ഒരു രാജുമോനും ഇവനോടു അങ്കിളിന്റെ ഫാദർ ആരാണെന്നു കുടി ചോദിച്ചതുമില്ല. പിന്നെ ആകെയുള്ള മാർഗ്ഗം കൂട്ടുകാർ നടക്കുന്നതു പോലെ അടിച്ചു പൊളിച്ചു നടക്കുക.

അങ്ങനെ ആദ്യത്തെ അവധിക്കു നാട്ടിൽ വന്നപ്പോൾ ഫാദർജിയെയും, മദർജിയെയും കുപ്പിയിലാക്കി തന്റെ എല്ലാം എല്ലാമായ YEZDI ബൈക്ക് മംഗലാപുരത്തേക്ക് കൊണ്ടു പോയിക്കോട്ടെ എന്ന് ചോദിച്ചപ്പോഴേക്കും കേന്ദ്ര വിഹിതം ചോദിച്ച്, ഉമ്മച്ചനും കൂട്ടരും മോദിയെ കാണാൻ പോയപ്പോൾ ഉണ്ടായ അതേ പ്രതികരണമാണിവനും ലഭിച്ചത്. പിന്നെ കൈയും കാലും പിടിച്ചപ്പോൾ അവർ ഒരു കണ്ടീഷൻ വെച്ചു. പരീക്ഷയ്ക്ക് നല്ല മാർക്കു മേടിച്ചാൽ ബൈക്കു തരാം. അത് ആകട്ടെ സന്തോഷ് പണ്ഡിറ്റിനോട് ഓസ്ക്കാർ വാങ്ങി വരാൻ പറഞ്ഞത് പോലെ കഠിനമായ തപസ്യയായത് കൊണ്ട് രണ്ടാം തവണ നാട്ടിൽ വന്നപ്പോൾ പരുമല, പാലിയേക്കര, എടത്വ പള്ളികളിൽ വെച്ച നേർച്ചയുടെ ബലം കൊണ്ട് മദർജിയുടെ ഉള്ളലിഞ്ഞു. അങ്ങനെ മദർജിയുടെ ശുപാർശ പ്രകാരം ഫാദർജിയും സമ്മതം മൂളി. ഒടുക്കം ബൈക്കുമായി മംഗലാപുരത്തേക്ക്....

ഒരു ദിവസം, കോളെജ് വിട്ട്, ബൈക്കുമായി ചെത്തി വരുമ്പോൾ, കൂടെ പഠിക്കുന്ന കുറെ പുവർ ഗേൾസ്, വെയിറ്റിംഗ് ഷെഡിൽ ബസ്സ് കാത്തു നിൽക്കുന്നു. അവർക്ക് അല്പം കമ്പനി കൊടുക്കാം എന്ന ഒറ്റ ഉദ്ദേശത്തിൽ തന്റെ ബൈക്ക് സ്റ്റാൻഡിൽ ഒതുക്കി വെച്ച്, പെൺക്കിടാങ്ങളോട് ചാറ്റി കൊണ്ടിരുന്നാപ്പോൾ, കൂട്ടത്തിൽ ഒരു പെൺക്കിടാവ് വായ പൊത്തി, കൈ ചൂണ്ടി ചിരിക്കാൻ തുടങ്ങി. അവൾ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. അവന്റെ എല്ലാമെല്ലാമായ YEZDI ബൈക്കിന്റെ സീറ്റ്, ഒരു ഉളുപ്പുമ്മിലാതെ, ഷക്കീലയുടെ പോസ്റ്റർ തിന്നുന്നതു പോലെ ഒരു ചാവാലി പശു നിന്നു തിന്നുന്നു. കൂട്ട ചിരികൾക്ക് നടുവിൽ, അവൻ ജാക്കി ചാന്റെ സ്റ്റയിലിൽ അങ്ങോട്ട് ചെന്ന്, പശുവിനിട്ട് ഒരു തൊഴിയും അടിയും കൊടുത്തു. അതു മാത്രം അവനു ഓർമ്മയുണ്ട്.

പിന്നെ ബോധം തെളിയുമ്പോൾ,ആശാൻ പാവം കിലുക്കം സിനിമയിൽ രണ്ടു കാലും ഒടിഞ്ഞ് ജഗതി കിടക്കുമ്പോലെകിടക്കുന്നു. അടുത്തു വന്ന നേഴ്സിനോട് കാര്യം തിരക്കിയപ്പോൾ അവൻ പശുവിനു പീഡിപ്പിക്കുന്നത് കണ്ട്, നാട്ടുകാർ അവനെ കൈ വെച്ചതാണു അവന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നറിഞ്ഞപ്പോഴാണു പശു അവരുടെ ദൈവം ആണെന്ന വലിയ സത്യം അവനു മനസ്സിലായതു.

ഇതിനു പുറമേ ഇവന്റെ ഒരു കൂട്ടുകാരൻ ഇവന്റെ അപ്പച്ചനു ഒരു ടെലഗ്രാമും അടിച്ചു. 'ബീഫ് ആക്സിഡന്റ്. സൺ അഡ്മിറ്റഡ്' ഈ ടെലഗ്രാം വായിച്ചിട്ട്, സാക്ഷാൽ ഷെയ്ക്ക് സ്പിയറിനു പോലും തർജ്ജിമ ചെയ്തു കൊടുക്കാൻ പറ്റിയില്ലായെന്നത് മറ്റൊരു ട്രൂത്ത്.

ഏതായാലും പശുവിനെ ഒന്നു അടിച്ചതിന്റെ പേരിൽ അന്ന് എന്റെ സുഹ്രുത്ത് അഡ്മിറ്റായെങ്കിൽ ഇന്ന് ഈ പശുക്കുട്ടിയുടെ കാര്യത്തിൽ അറസ്റ്റിലായ 4 പേർ, പുറത്തിറങ്ങുമ്പോൾ അവരുടെ കാര്യം ഗുദാ ഗവാ.

ഇത്രയും എഴുതിയപ്പോൾ, തിരുവല്ലാക്കാരിൽ ആരെങ്കിലും ഈ അച്ചായനെ തിരിച്ചറിഞ്ഞൽ ഞാൻ ഒറ്റ പറച്ചിലങ്ങു പറയും, " I object your Honour!!!”.. പിന്നെ സുരേഷ് ഗോപി ആണെങ്കിൽ കൂടി ഒന്നും പറയരുത്. അങ്ങനെയാ ഷാജി കൈലാസ് പറഞ്ഞിട്ടുള്ളത്.