എന്റെ ചേച്ചിയും ഞാനും 3 വയസ്സിനു വ്യത്യാസം. പക്ഷെ എന്റെ ചേച്ചി "അല്‍പം" ജീനിയസ്.തികച്ചും ഒരു പുസ്തക പുഴു. ഒരു പുസ്തകം കൈയില്‍ കിട്ടിയാല്‍ ഒറ്റ ഇരുപ്പിനു അതു വായിച്ചു തീര്‍ത്തിട്ടേ എന്റെ ചേച്ചി അവിടുന്നു എഴുന്നേല്‍ക്കു. ഞങ്ങള്‍ രണ്ടു പേരും പഠിച്ചതു തിരുവല്ല, എം.ജി.എം ഹൈ സ്കൂളില്‍. ക്ലാസില്‍ ആദ്യത്തെ 5 റാങ്കിനുള്ളില്‍ എപ്പോഴും ചേച്ചി ഉണ്ടാവുമെങ്കില്‍, എനിക്ക് അങ്ങനെയുള്ള യാതൊരു അഹങ്കാരമോ, ആക്രാന്തമോ ഇല്ലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയം ചേച്ചി അറിയപ്പെട്ടിരുന്നത് "ഇന്ദിരാഗാന്ധി" എന്നാണു. നീണ്ട മൂക്കും, ജീനിയസ് ലുക്കും, കണ്ണാടിയും, എല്ലാം കണക്കില്‍ എടുത്ത് ഏതോ ഒരു വിവര ദോഷി ഇട്ടതാണു ആ പേരു. ഇന്ദിരാഗാന്ധി എന്ന് എന്റെ ചേച്ചിക്കു പേരിട്ടവന്‍ എന്നെ രാജീവ് ഗാന്ധി എന്നു നാമകരണം ചെയ്തില്ലല്ലോ എന്നതാണു എന്റെ പരിഭവത്തിനു കാരണം. എന്തോ അവന്‍ അന്നു എന്റെ ഗ്ലാമര്‍ ശ്രദിച്ചു കാണില്ലായിരിക്കും,പോട്ടെ.
ചേച്ചിയുടെ എസ്.എസ്.എല്‍.സി റിസല്‍ട്ട്[1985]വന്നപ്പോള്‍ എന്റെ കണ്ണു ശരിക്കും വെളിയില്ലേക്കു ഉന്തി. 513/600. വീട്ടില്‍ ആള്‍ക്കാര്‍ വന്ന് അഭിനന്തിച്ചിട്ട് പോകുമ്പോള്‍, അവര്‍ എന്നെ നോക്കി, മോനേ, നീ ചേച്ചിയെ കടത്തി വെട്ടണം എന്നു പറഞ്ഞിട്ടു പോകുമ്പോള്‍ "ഡെഡ് ബോഡിയില്‍" കുത്തെരുതേ, അമ്മാവാ, അമ്മായി, എന്നു വിളിച്ചു പറയണം എന്നു തോന്നി. റിസല്‍ട്ട് അറിഞ്ഞ ഉടനെ ഞങ്ങളുടെ വല്യമ്മച്ചി വീട്ടില്‍ വന്ന് അപ്പ പണ്ട് എങ്ങോ അമ്മച്ചിയുടെ കൈയില്‍ നിന്നും 300 രൂപ വാങ്ങിയത് തിരിച്ചു തരേണ്ട എന്നും ആ പൈസക്കു നീ അവള്‍ക്കു എന്തെങ്കിലും വാങ്ങി കൊടുത്തേരു എന്ന് വി.പി.സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ 10000 രൂപ കാര്‍ഷിക കടം എഴുതി തള്ളിയ പോലെയുള്ള എന്റെ വല്യമ്മച്ചിയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് എന്റെ അപ്പ ആയിരുന്നു. 300 രൂപയോ, ഞാന്‍, എപ്പോള്‍, എവിടെ വെച്ചു മേടിച്ചു എന്നൊക്കെ ചോദിക്കെണം എന്നു ഉണ്ടായിരുന്നുവെങ്കിലും അപ്പ, അമ്മയുടെ പ്രഖ്യാപനം നടത്തിയേക്കാം എന്നു മനസ്സാ ഉറച്ചു എന്നു അപ്പയുടെ ആ നില്‍പ്പില്‍ നിന്നും എനിക്കു മനസ്സിലായി. മാര്‍ക്കു ലിസ്റ്റ് വന്നപ്പോള്‍ ചേച്ചിക്കു സ്കൂളില്‍ ഇങ്ങ്ലിഷ്, ബയോളജി, ഫിസിക്ക്സ് എന്നീ വിഷയങ്ങള്‍ക്കു സ്കൂളില്‍ ഫ്സ്റ്റ്. സ്കൂള്‍ ഫ്സ്റ്റ് കിട്ടും എന്നു ഉറപ്പിച്ചു വെച്ചിരുന്ന വന്‍ സ്രാവുകളെ കടത്തി വെട്ടിയാണു ഈ നേട്ടം കൈ വരിച്ചത്. അതിനു സ്കൂളില്‍ നിന്നും പ്രത്യേകം പ്രത്യേകം സമ്മാനവും കിട്ടി. പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍, ഇന്നലെ ചേച്ചി സമ്മാനം വാങ്ങിയതു പോലെ താനും വാങ്ങണം, ആ വാശിയോടെ പഠിക്കണം എന്നോക്കെ റ്റീച്ചറന്മാര്‍ പറഞ്ഞപ്പോള്‍, എല്ലാം ശരിയാക്കാം എന്ന ഭാവത്തില്‍ ഞാന്‍ ചുമ്മാതെ തലയാട്ടി കൊടുത്തു. ഡോക്ടര്‍ ആകണം എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ ചേച്ചി മാര്‍ത്തോമാ കോളേജില്‍ രണ്ടാം ഗ്രൂപ്പ് എടുത്തു. ഞാന്‍ എം.ജി.എമ്മില്‍ തനിച്ചു ആയി. പ്രീ ഡിഗ്രിയും ചേച്ചി 80% മാര്‍ക്കോടെ പാസ്സ് ആയി. പിന്നെ കേരളാ, തമിഴ്‌നാടു പ്രവേശന പരീക്ഷ ഒക്കെ എഴുതിയെങ്കിലും അവിടെ ചേച്ചിയെ ഭാഗ്യം തുണച്ചില്ല. പിന്നെ ഏറ്റവും ഒടുവില്‍ വെല്ലൂര്‍ സി.എം.സിയില്‍ ബി.എസ്.സി നേഴ്സിങ്ങിനു അഡ്മിഷന്‍ കിട്ടി.
ആ സമയത്താണു എന്റെ എസ്.എസ്.എല്‍.സി ഗുസ്തി. പരീക്ഷ ഒരോന്നു കഴിയുമ്പോഴും എന്നില്‍ നിന്നും നെടുവീര്‍പ്പുകള്‍ പുറത്ത് വന്ന് കൊണ്ടിരുന്നു.ജോഗ്ര്ഫി പരീക്ഷക്കു ഇന്‍ഡ്യയുടെ മാപ്പ് വരും എന്നു ഒരു ഏകദേശ രൂപം ഉണ്ടായിരുന്നതിനാല്‍, ആ സമയത്ത് പുതുതായി ഇറങ്ങിയ 2 രൂപയുടെ [അതില്‍ ഇന്‍ഡ്യയുടെ പടം ഉണ്ടു] നാണയം സംഘടിപ്പിച്ചാണു ഞാന്‍ പരീക്ഷക്ക് പോയത്. ഇന്‍ഡ്യയുടെ പടം വരച്ചു ജമ്മു, പഞ്ജാബ്,ഗുജറാത്ത്, കേരളം,മുതലായ സ്തലങ്ങള്‍ അടയാളപെടുത്തുന്നതിനു 10 മാര്‍ക്കു എന്നു കണ്ടപ്പോള്‍ എന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ആ രണ്ട് രൂപാ തുട്ടില്‍ ഞാന്‍ സ്നെഹത്തോടെ തലോടി. അങ്ങനെ അവസാനം ആ നാണയ സഹായത്താല്‍ ഞാന്‍ ഒരു ഇന്‍ഡ്യയുടെ മാപ്പ് വരച്ചു ഒപ്പിച്ചു. [എന്റെ വല്യപ്പച്ചന്‍ ഒരു അടി പൊളി ആര്‍ടിസ്റ്റ് ആയിരുന്നു. ആ കഴിവും എന്റെ ചേച്ചിക്കാണു കിട്ടിയതു. ദൈവം കൊടുക്കുമ്പോള്‍ എല്ലാം ഒരാള്‍ക്കു തന്നെ കൊടുക്കും എന്നു പറയുന്നത് എത്ര ശരി.]പടം ഒരു വിധം വരച്ചു സ്തലങ്ങള്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ സൂപ്രവിഷനു വന്നിരുന്ന റ്റീച്ചര്‍ എന്റെ പടത്തിലേക്കു ഒന്നു നോക്കി എന്നോടു ഒരു ചോദ്യം-"ജോഗ്രഫി പരീക്ഷക്കു എന്തിനാ ഈ "ചേന" വരയ്ക്കുന്നതു?" എന്ന്. ആ ചോദ്യം കേട്ടപ്പോള്‍ ബാക്കി പിള്ളേരും എന്നെ നോക്കി. ചമ്മിയ മുഖത്തോടെ ഞാന്‍ എന്റെ ഇന്‍ഡ്യ വര തുടര്‍ന്നപ്പോള്‍, പിന്നെയും റ്റീച്ചര്‍, "ഓഹ്!! ഇതു ഇന്‍ഡ്യ ആയിരുന്നോ?" എന്ന് ഒരു കമന്റ്ടും പാസ്സാക്കി പോയി. സത്യത്തില്‍ അന്നു ഞാന്‍ വരച്ച ഇന്‍ഡ്യയിലെ ജമ്മു കാഷ്മീര്‍ വരച്ചു ഒപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപ്പെട്ടു. ഏതായാലും പരൂക്ഷ ഒരു പരുവത്തില്‍ കഴിഞ്ഞു. ജയിക്കും അതു തീര്‍ച്ച. പക്ഷെ എന്റെ ചേച്ചിയുടെ റെക്കോര്‍ഡ്. അതു തകര്‍ത്താല്‍ ചേച്ചിക്കു വിഷമം ആകും. നമ്മുടെ വീട്ടിലെ ഒരു റെക്കോര്‍ഡ് അതും ആ വീട്ടിലെ തന്നെ ഒരാള്‍ തകര്‍ത്താല്‍...യേ...അത് തീരെ ശരിയാവില്ല എന്നു ഞാനും ദൈവവും ഒരു പോലെ തീരുമാനിച്ചു. അങ്ങനെ അവസാനം റിസള്‍ട്ട് അറിഞ്ഞു. ഫ്സ്റ്റ് ക്ലാസിന്റെ ലിസ്റ്റില്‍ ഞാന്‍ എന്റെ നംബര്‍ ഉണ്ടോ? എന്നു ചുമ്മാ ഒരു ജാഡക്കു ഒന്നു നോക്കി.ഇല്ല, എന്റെ നംബര്‍ ഇല്ല. സെക്കന്‍ഡ് ക്ലാസ്സില്‍ ദാ കിടക്കുന്നു എന്റെ നംബര്‍. ആഹ, കിട്ടിയതാകട്ടെ. എനിക്ക് ഇതു ധാരാളം. പക്ഷെ വീട്ടില്‍ ഈ സെക്കന്‍ഡ് ക്ലാസ്സും കൊണ്ട് പോകാന്‍ എന്തോ ഒരു.... പിന്നെ അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ചു ഇങ്ങനെ തുടങ്ങി, " നമ്മുടെ രഘു, അജേഷ്, ഗണേഷ്, സജോ,ജിജ്ജു എല്ലാവര്‍ക്കും സെക്കന്‍ഡ് ക്ലാസ്സ്." അപ്പോള്‍ നിനക്കോ? എന്ന ചൊദ്യത്തിനു, " ആ എനിക്കും സെക്കന്‍ഡ് ക്ലാസ്സ്" എന്ന് പറഞ്ഞതും ഞാന്‍ ത്രിശ്ശൂര്‍ പൂര പറമ്പില്‍ ആണോ നില്‍ക്കുന്നത് എന്നു തോന്നുമാറു വലിയ പൊട്ടലും ചീറ്റലും എന്നു വേണ്ട ആകെ ബഹളം.. ചേച്ചിക്ക് 513 കിട്ടിയെങ്കില്‍ എനിക്കു 10-180 മാര്‍ക്കിന്റെ കുറവ്. അതു എനിക്കു വലിയ കുറവായി തോന്നിയില്ല. ഇനി അടുത്തതു കോളെജ് പഠനം. കണക്കു എനിക്കു പണ്ടേ കണക്കായിരുന്നതിനാല്‍ ഫ്സ്റ്റ് ഗ്രൂപ്പ് വേണ്ട. ഇന്‍ഡ്യ വരച്ചപ്പോള്‍ അതു ചേനയാണെന്ന് തോന്നിയെങ്കില്‍ ആ ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പ് എടുത്താല്‍ എന്തായിരിക്കും അവസ്ത? പിന്നെ തേര്‍ഡ് ഗ്രൂപ്പ്-ഹിസ്റ്ററി. ഊഹാ!! ഷാജഹാന്റെ ചരിത്രം, അക്ബറിന്റെ ചരിത്രം, യുദ്ധം.. വേണ്ടാ..എനിക്കു സമാധാനം വേണം. പിന്നെ ഫോര്‍ത്ത് ഗ്രൂപ്പ്.. അതു തന്നെ എടുക്കാന്‍ തീരുമാനിച്ചു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് മുതലായ പരീക്ഷക്കു ഫോര്‍ത്ത് ഗ്രൂപ്പ് എടുത്താലും സാധിക്കും എന്നത് ഒരു താത്കാലിക ഉണര്‍വ് നല്‍കി. സ്ക്ക്കൂളില്‍ പഠിച്ചു കൊണ്ടിരിന്നപ്പോള്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ആവുക എന്നത് എന്റെ ഒരു "ചെറിയ മോഹം" ആയിരുന്നു. രൂപയില്‍ ഒപ്പിടുക എന്ന ആ വലിയ പദവി അതു എനിക്ക് തന്നെ വേണം എന്നു കരുതി ഏതു രൂപാ എന്റെ കൈയില്‍ കിട്ടിയാലും അതില്‍ ബഹുമനപ്പെട്ട മന്മോഹന്‍ സിംഗ്, രങ്ഗ റാവു, മുതലായവരുടെ ഒപ്പു അതില്‍ ഉണ്ടോ എന്നു "വേരിഫൈ" ചെയ്തും ഇരുന്നു. പിന്നീട് എപ്പോഴോ ആ അഗ്രഹവും എന്നില്‍ നിന്നും പോയി. അങ്ങനെ ഒരു പരുവത്തില്‍ തിരുവല്ലാ മാര്‍ത്തോമാ കോളെജില്‍ നിന്നും എങ്ങിയും വലിഞ്ഞും പാസ്സ് ആയി. അതു കഴിഞ്ഞു ബി.കോം പഠനം. അതും ഒരു വിധത്തില്‍ കരയക്കു അടുപ്പിച്ചു. അപ്പോഴേക്കും എന്റെ ഐ.എ.എസ്/ഐ.പി.എസ് മൊഹവും നശിച്ചിരുന്നു. പിന്നെ വെല്ലൂരില്‍ ഉപരി പഠനം. അങ്ങനെ ഇതാ ഐ.എ.എസ്/ഐ.പി.എസ് ആകേണ്ട ഞാന്‍ ഇന്നു മസ്കറ്റ് മിനിസ്റ്റ്രിയില്‍ ഒരു സ്റ്റാഫ്. പഠിച്ചു നല്ല മാര്‍ക്ക് വാങ്ങിയ ചേച്ചി ഇന്നു കാനഡായില്‍ സീനിയര്‍ നേഴ്സ്.
പറഞ്ഞു വന്നതു പഠിച്ചിട്ടു ഒന്നും ഒരു കാര്യവും ഇല്ല. അപ്പനും, അമ്മയും ഒക്കെ പറഞ്ഞതു കേട്ട് നന്നായി പഠിച്ചു റാങ്കു വാങ്ങി പഠിച്ചു വന്ന ശ്രീ.സുരേഷ് കുമാര്‍-ഐ.എ.എസ്, ശ്രീ. രാജു നാരായണ സ്വാമി-ഐ.എ.എസ്, ശ്രീ. ഋഷിരാജ് സിങ്ങ്-ഐ.പി.എസ് ഒക്കെ ഇന്നു എവിടെ??? മൂന്നാറിലെ ആ തണുപ്പില്‍ രാവിലെ ജെ.സി.ബിയും ആയി പോയി റിസോര്‍ട്ടുകള്‍ പൊളിക്കുന്നു, തെറി കേള്‍ക്കുന്നു, മന്ത്രിമാരുടെ ആട്ടു കൊള്ളുന്നു..ഓാാ...എന്റെ അമ്മോ!!! അന്നു ഞാന്‍ പഠിക്കാതിരുന്നത് എത്ര നന്നായി..
Tuesday, 19 June 2007
Subscribe to:
Post Comments (Atom)
6 comments:
ഇന്ത്യയെ ചേനയാക്കിയ കഥാകാരാ
നല്ല രസികന്‍ എഴുത്ത്
ഒന്നു പാരഗ്രാഫ് തിരിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി വായനാസുഖം കിട്ടിയേനേ.
ഇത്ര വലിയ ചിത്രകാരനാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നോടു ക്ഷമിക്കൂ...
ഒമാനികള്‍ അറിയണ്ട. അറിഞ്ഞാല്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ഛായാചിത്രം വരപ്പിക്കും.
പിന്നത്തെ കാര്യം പറയണ്ടല്ലോ?
എന്തിനാ പഠിക്കണേ???
പഠിച്ചിട്ടൊക്കെ ഇന്നത്തെ കാലത്തു് എന്താ കാര്യം. സെനു ഈപ്പന്‍ തോമസിന്റെ ന്യായം മോശമല്ല.
അപ്പനും, അമ്മയും ഒക്കെ പറഞ്ഞതു കേട്ട് നന്നായി പഠിച്ചു റാങ്കു വാങ്ങി പഠിച്ചു വന്ന ശ്രീ.സുരേഷ് കുമാര്‍-ഐ.എ.എസ്, ശ്രീ. രാജു നാരായണ സ്വാമി-ഐ.എ.എസ്, ശ്രീ. ഋഷിരാജ് സിങ്ങ്-ഐ.പി.എസ് ഒക്കെ ഇന്നു എവിടെ??? മൂന്നാറിലെ ആ തണുപ്പില്‍ രാവിലെ ജെ.സി.ബിയും ആയി പോയി റിസോര്‍ട്ടുകള്‍ പൊളിക്കുന്നു, തെറി കേള്‍ക്കുന്നു, മന്ത്രിമാരുടെ ആട്ടു കൊള്ളുന്നു..ഓാാ…എന്റെ അമ്മോ!!!
ഇവിടെ വായിയ്ക്കുക. Did u read this article published in DINAPATHRAM. Are u misguiding the youngsters?
Reply.....
ഇങ്ങനേം കലാബോധം ഇല്ലാതെ ടീച്ചര്‍മാര്‍ ഉണ്ടോ സേനു ചേട്ടാ.?? ഇന്ത്യയെ ചേനയാക്കി പോലും..!!! രണ്ടു രൂപാ നാണയത്തിന് "രണ്ടു നമസ്കാരം" !!
ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച് സെര്‍ച്ച് ചെയ്തത് അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ് തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്. വായിച്ചു. മനം നിറഞ്ഞ് ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ് മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ് ഡെഡിക്കേറ്റ് ചെയ്യുന്നു.
തമാശകള്‍ = www.pazhamburanams.blogspot.com
ചിരി സൈറ്റ്- www.pazhamburanams.blogspot.com
നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ് ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.
സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ് തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.
മര്യാദക്ക് പടിച്ചില്ല എന്നതും പോരാഞ്ഞു പിന്നെ.... ഞാണൊന്നും പറയുന്നില്ലെ......
അല്ലെങ്കിലും പണ്ട് മുതലേ അങ്ങിനെയാ."കിട്ടാത്ത മുന്തിരി എന്നും കുറുക്കന് പുളിച്ചിട്ടെ ഉള്ളൂ.."
Post a Comment