Sunday, 20 January 2008

ഇങ്ങനെയും ഒരു അവധിക്കാലം.

അങ്ങനെ ഞങ്ങളും നാട്ടില്‍ പോയി കിറുകൃത്യമായി തന്നെ തിരിച്ചെത്തി. ദൈവത്തിന്റെ കരുണയാല്‍ ഞങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ ഒരു പാര്‍ട്ടിക്കാരും ഹര്‍ത്താലോ മറ്റ്‌ കുണ്ടാമണ്ടികളോ ഉണ്ടാക്കിയുമില്ല.

വീട്ടില്‍ ചെന്ന ആദ്യത്തെ 1-2 ദിവസങ്ങള്‍ സംഭവബഹുലങ്ങള്‍ ആയിരുന്നു. പിന്നെ ഞങ്ങള്‍ സ്വസ്ഥരായി.

വന്നതല്ലേ, പൊടിയാടി സിറ്റി വരെ നടന്ന് പോയാല്‍ 4 പീപ്പിള്‍സിനെയും കാണാം, അല്‍പം നാട്ട്‌ വിശേഷങ്ങള്‍ ലൈവായി കേള്‍ക്കുകയും ചെയ്യാം എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ പൊടിയാടിക്ക്‌ വെച്ചു പിടിച്ചു. വീടിന്റെ ഗേറ്റ്‌ കടന്നതും, സാക്ഷാല്‍ വാറ്റ്‌ അടിക്കാന്‍ വരുന്ന പാവം ജനങ്ങള്‍ ഈ ഉള്ളവന്റെ അടുത്ത്‌ പറ്റി അല്‍പം ചുവന്ന വെള്ളം എന്റെ കയറൊഫില്‍ അടിക്കാമെന്ന് കരുതി എന്നെ വാനോളം സ്തുതിച്ചു. സ്തുതികള്‍ കൈപറ്റി ഈ നല്ലവനായ ചെറുപ്പക്കാരന്‍ അടുത്ത പോയിന്റ്‌ ലക്ഷ്യമാക്കി നീങ്ങി. നമ്മുടെ വീടിന്റെ തൊട്ട്‌ അടുത്തുള്ള അമ്മച്ചി പല്ലില്ലാ മോണ കാട്ടി ചിരിച്ച്‌ കൊണ്ട്‌ പടിയിറങ്ങി വന്ന്, മോനെ എന്ന് വിളിച്ച്‌, എന്നെ കെട്ടി പിടിച്ച്‌ ഉമ്മകള്‍ തന്നു. എന്റെ കവിളിലും, കൈയിലും തലോടി, കുശലാന്വേഷണങ്ങള്‍ തുടങ്ങി. അമ്മച്ചി എനിക്ക്‌ ഉമ്മ തന്നത്‌ വീട്ടില്‍ പൂട്ടി ഇട്ടിരുന്ന നായ്ക്ക്‌ അത്ര സുഖിച്ചില്ല. അമ്മച്ചി തന്നെയായ കാരണം വീട്ടില്‍ ഉള്ള ഹോം നേഴ്സ്‌ കൂടി ഈ നായുടെ കുര കേട്ട്‌ ഇറങ്ങി വന്നു. പെട്ടെന്ന് അമ്മച്ചിയുടെ അടുത്ത ചോദ്യം വന്നു-മോനെ, നീ ഏതാ? എന്റെ പടച്ചോനെ, എന്നെ കെട്ടി പിടിച്ച്‌ ഉമ്മ തന്ന്, ഞാനും തിരിച്ച്‌ കൊടുത്ത ആ സമയത്താണു അമ്മച്ചി ഈ ചോദ്യം ചോദിച്ചതെങ്കില്‍ ...... വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ ഹോം നേഴ്സ്‌ പിടികൂടി എന്ന തലകെട്ടോടെ വാര്‍ത്തകളില്‍ ഞാന്‍ നിറഞ്ഞ്‌ നിന്നേനെ. ഏതായാലും ചോദ്യം വന്നതോടെ അതിനു ഉത്തരം പോലും നല്‍കാതെ ഹോം നേഴ്സിനെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി ഞാന്‍ പര്യടനം മതിയാക്കി വീട്ടില്‍ തിരിച്ചു പോയി. പിന്നീട്‌ പോരുന്ന ദിവസം വരെയും അമ്മച്ചിയുടെ വീടിന്റെ 4 അതിരില്‍ പോലും എന്റെ കണ്ണ്‍ പതിച്ചില്ല.

2-3 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ഒരു കുടുംബ സുഹ്രുത്ത്‌ വീട്ടില്‍ വന്നു,കൂടെ ലാപ്പ്‌ റ്റോപ്പ്‌ തോളിലേന്തിയ ഒരു പയ്യനും. വന്നപ്പോള്‍ ഞാന്‍ കാട്ടിയ സന്തോഷം 5 മിനിറ്റ്‌ കൊണ്ട്‌ ഇല്ലാതായി.അവര്‍ വന്നത്‌ 'മെറ്റ്‌ ലൈഫില്‍ 'എന്നെ ചേര്‍ക്കാനാണു. വന്ന സുഹ്രുത്തിനെ മാനിച്ച്‌, ലാപ്പ്‌ റ്റോപ്പ്‌ തുറന്ന് വെച്ച്‌ മെറ്റ്‌ ലൈഫിന്റെ കണക്കുകള്‍ കാണിച്ച്‌ തന്നത്‌ പൊട്ടന്‍ ആട്ടം കാണുന്ന കണക്കെ ഞാന്‍ നോക്കി കണ്ടു. ഏതായാലും ഞാന്‍ മറ്റൊരു തീയതിയില്‍ വരാന്‍ പറഞ്ഞ്‌ ഈ കുരുക്കില്‍ നിന്നും താത്ക്കലികമായി തലയൂരി.

പിറ്റേന്ന് ഞങ്ങളുടെ ബന്ധത്തില്‍ ഉള്ള ഒരു അമ്മാമ്മ ഫോണ്‍ വിളിച്ചു. അമ്മാമ്മ ഞങ്ങളെ കാണാന്‍ വരുന്നു. അമ്മാമ്മയും ഒരു ലാപ്പ്‌ റ്റോപ്പ്‌ പയ്യനുമായി വന്നപ്പോള്‍ എന്റെ മുഖം കടന്നല്‍ കുത്തിയ കണക്കായി. അമ്മാമ്മ റിലയന്‍സുമായിട്ടാണു വന്നത്‌. തലേ ദിവസം വന്ന മെറ്റ്‌ ലൈഫുകാരെ മനസ്സില്‍ ധ്യാനിച്ച്‌ അതിന്റെ പേപ്പറുകളും മറ്റും അമ്മാമ്മയെ കാണിച്ച്‌ താന്‍ ഇന്നലെ അതില്‍ ഒരു ലക്ഷം രൂപാ നിക്ഷേപിച്ചുവെന്ന് ഒരു വലിയ കള്ളം പറഞ്ഞ്‌ അമ്മാമ്മയുടെ മുന്‍പില്‍ ഞാന്‍ ഒരു ലക്ഷാധിപതി ചമഞ്ഞു. എന്റെ കുഞ്ഞേ, നീ അല്ലാതെ ആരെങ്കിലും മെറ്റ്‌ ലൈഫില്‍ ചേരുമോ??? എന്നിട്ട്‌ ലാപ്പ്‌ റ്റോപ്പ്‌ പയ്യന്‍ മെറ്റ്‌ ലൈഫിന്റെ കുറെ കുറ്റങ്ങള്‍ നിരത്തി. അത്‌ ഞാന്‍ എല്ലാം എന്റെ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്യുകയും ചെയ്തു. അടുത്ത തവണത്തെ ലീവിനു വരുമ്പോള്‍ റിലയന്‍സില്‍ ഒരു തുക നിക്ഷേപിക്കാം എന്ന് അമ്മാമ്മയ്ക്ക്‌ വാക്ക്‌ കൊടുത്തു. എന്നെ കാണാന്‍ 'അംബാനി' വരെ വീട്ടില്‍ ആളിനെ വിട്ടലോ എന്ന് ചുമ്മാതെ ഒന്ന് ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക്‌ എന്നോട്‌ ഒരു ബഹുമാനം തോന്നി. അങ്ങനെ റിലയന്‍സും എന്റെ മുന്‍പില്‍ നിന്നും ഒഴിഞ്ഞു പോയി.

2 ഞായറാഴ്ച്ചകള്‍ എന്റെ മുന്‍പില്‍ കൂടി കടന്ന് പോയി. സത്യ ക്രിസ്ത്യാനികള്‍ 3 തവണയാണു പള്ളിയില്‍ പോകുന്നത്‌ [ മാമ്മോദീസ, വിവാഹം, ശവസംസ്ക്കാരം]. ഞാന്‍ ഇതില്‍ 2 തവണ പോയി കഴിഞ്ഞു. ആയതിനാല്‍ ഞാന്‍ ഞായറാഴ്ച്ച ബന്ധു ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിച്ചു. തിങ്കളാഴ്ച്ച ഒരു പത്ത്‌ മണിയോടെ ഞങ്ങളുടെ പള്ളിയിലെ അച്ചനും, കൊച്ചമ്മയും വീട്ടില്‍ വന്നു. അച്ചന്‍ പറഞ്ഞു- എന്താ വന്ന് രണ്ടാഴ്ച്ച്‌ കഴിഞ്ഞിട്ടും പള്ളിയില്ലേക്ക്‌ ഒന്നും വരാഞ്ഞതു കൊണ്ട്‌ ഞങ്ങള്‍ ഒന്ന് കാണാന്‍ വന്നതാ...എന്താ പള്ളിയും, പട്ടക്കാരനും ഒന്നും വേണ്ടേ? അച്ചന്റെ ചോദ്യം കേട്ട്‌ ഞാന്‍ പരുങ്ങി. 2 ആഴ്ച്ചയും പള്ളിയില്‍ പോയ എന്റെ ഭാര്യയും, അമ്മയും എന്നെ നോക്കി ഊറി ചിരിച്ചു. അച്ചന്റെ ഈ ആത്മാര്‍ത്ഥയില്‍ എനിക്ക്‌ സന്തോഷം തോന്നി ഒപ്പം ചമ്മലും. ഏതായാലും പള്ളിയില്‍ കാണാഞ്ഞതിന്റെ പേരില്‍ വീട്ടില്‍ തിരക്കി വന്ന അച്ചനെ ഞാന്‍ പുകഴ്ത്തി. പലഹാരങ്ങള്‍ ഒക്കെ കഴിച്ചു കൊണ്ടിരുന്നപ്പോള്‍, കൊച്ചമ്മ ഐ.സി.ഐ.സി.ഐയുടെ കുറേ കടലാസുകളുമായി രംഗത്തു വന്നതോടെ എന്റെ വായില്‍ കിടന്ന മുറുക്ക്‌ തൊണ്ടയില്‍ കുടുങ്ങി. ദൈവമേ!!! ഇതു എന്തൊരു പരീക്ഷണം. റിലയന്‍സിന്റെ പേരു പറഞ്ഞു കൊച്ചമ്മയുടെ അടുത്ത്‌ നിന്നും ഞാന്‍ രക്ഷ നേടി. ഒപ്പം അടുത്ത പ്രാവശ്യം തീര്‍ച്ചയായും ചേരാമെന്നും ഒരു മോഹന സുന്ദര വാഗ്ദാനവും കൊടുത്തു. അങ്ങനെ ആ കുരിശും ഒഴിഞ്ഞ്‌ പോയി.

ഇതിനിടയില്‍ നമ്മുടെ മെറ്റ്‌ ലൈഫ്‌ ചങ്ങാതി ലാപ്പ്‌ റ്റോപ്പും തൂക്കി കൃത്യമായി വീട്ടില്‍ എത്തി. റിലയന്‍സ്‌ അമ്മാമ്മ പറഞ്ഞ കുറച്ച്‌ കുറ്റങ്ങള്‍ ചങ്ങാതിയെ പറഞ്ഞു കേള്‍പ്പിച്ചു. ആയതിനാല്‍ ഞാന്‍ 'ആലോചിച്ച്‌' മറുപടി പറയാമെന്ന് പറഞ്ഞ്‌ ആ പെട്ടി മടക്കി.

23.12.2007 ഉച്ചക്ക്‌ ഊണും കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍. ഫോണില്‍ സ്ത്രീ ശബ്ദം. എന്റെ ഭാര്യയെ തിരക്കി. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു- ഗ്രാന്‍ഡ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ എന്റെ ഭാര്യയ്ക്ക്‌ ഒരു ഹ്യുന്‍ഡായി സാന്റ്രോ കാര്‍ സമ്മാനമായി ലഭിച്ചുവത്രേ. കിലുക്കം സിനിമയില്‍ ഇന്നസെന്റ്‌, ലോട്ടറി ഫലം രേവതി വായിച്ച്‌ കേള്‍പ്പിക്കുമ്പോള്‍ ഒത്തിരി ആറു കണ്ടിട്ടുണ്ട്‌, ആഹ്‌ ഒത്തിരി എട്ട്‌ കണ്ടിട്ടുണ്ട്‌ എന്ന് പറഞ്ഞതു പോലെ, ആഹ്‌ ഒത്തിരി സാന്റ്രോ കാര്‍ കണ്ടിട്ടുണ്ട്‌ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ താത്തു വെച്ചു. പണ്ട്‌ താന്‍ പലരെയും വിളിച്ച്‌ ഇതിലും വലുത്‌ പറഞ്ഞ്‌ പറ്റിച്ചിട്ടുണ്ട്‌. കാലം മാറിയപ്പോള്‍ തനിക്കും പണി തരാന്‍ ആളായി എന്ന് മനസ്സില്‍ പറഞ്ഞ്‌ വന്ന ഫോണിനെ പറ്റി ആരോടും പറയാതെ അങ്ങനെ ഇരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു സന്ദേഹം.. ഇനി അതു സത്യമായിരിക്കുമോ?? ഭാര്യയുടെ കൈയില്‍ നിന്നും കൂപ്പണുകള്‍ വാങ്ങി അതു സുരക്ഷിതമായി തന്റെ പേഴ്സിനുള്ളിലേക്ക്‌ തിരുകി. എന്തിനേറെ പറയുന്നു.. ആ വാര്‍ത്ത സത്യം തന്നെയായിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്നു. പിന്നെ ഞങ്ങള്‍ വണ്ടിക്ക്‌ പുറകേ ഓടി. ഒരു ലക്ഷത്തിയാറായിരത്തിനാല്‍പത്‌ രൂപാ ഗിഫ്റ്റ്‌ റ്റാക്സായി അടച്ചു. പതിനായിരം രൂപാ ഇന്‍ഷ്വറന്‍സിനത്തില്‍ അടച്ചു. പതിനെണ്ണായിരം രൂപാ റോഡ്‌ റ്റാക്സ്‌ അടച്ചു. രണ്ടായിരം രൂപാ മുടക്കി ഫാന്‍സി നമ്പറും വാങ്ങി-കെ എല്‍ 27/ 6969. അങ്ങനെ കളസറത്തിന്റെ ചുവട്‌ മൊത്തത്തില്‍ കീറി വെള്ളി നിറത്തില്‍ ഉള്ള സാന്റ്രോ കാര്‍ വീടിന്റെ മുറ്റത്ത്‌ എത്തി. 10 ദിവസം കാറില്‍ തന്നെയാക്കി യാത്ര. പെട്രോള്‍ അടിച്ച്‌ കളസറം പിന്നെയും കീറി. എ.റ്റി.എം കൗണ്ടറില്‍ അവസാനം കാര്‍ഡ്‌ ഇട്ടപ്പോള്‍, ഇതിനകത്ത്‌ എന്തോ ______ ഇരുന്നിട്ടാ ഇടുന്നത്‌ എന്ന് ചോദിച്ചത്‌ പോലെ തോന്നി. ഈ പരുവത്തില്‍ നിന്ന എന്നോട്‌ യാതൊരു ദാക്ഷണ്യവുമില്ലാതെ, കാര്‍ കിട്ടിയതിനു ചിലവ്‌ ചെയ്യണേ എന്ന് പറഞ്ഞ കശ്മലന്മാര്‍ ഇതെങ്കിലും വായിച്ച്‌ എന്റെ അവസ്ഥ മനസ്സിലാക്കിയാല്‍, അത്രയ്ക്ക്‌ ഒരു ആശ്വാസം എനിക്ക്‌ കിട്ടിയേനേ.

അങ്ങനെയും, ഇങ്ങനെയും ഞാന്‍ ഒരു പരുവത്തില്‍ വീണ്ടും മസ്കറ്റില്‍ ലാന്‍ഡ്‌ ചെയ്തു.

ഇനി അവധിക്കു നാട്ടില്‍ പോകുന്നവര്‍ ദയവായി ലാപ്പ്‌ റ്റോപ്പ്‌ കാരുടെ അടുത്ത്‌ നിന്ന് അല്‍പം അകലം പാലിക്കുന്നത്‌ നല്ലതായിരിക്കും. ഇനി അത്‌ അല്ല അവരെ ഓടിക്കാന്‍ പറ്റിയ തന്ത്രങ്ങള്‍ മൊത്തമായോ, ചില്ലറയായോ വേണമെങ്കില്‍, ധൈര്യമായി എന്നെ വിളിച്ചോ..ഞാന്‍ ഇവിടെ തന്നെ ഉണ്ട്‌.

23 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

അതുശരി ഇത്രയൊക്കെ സംഭവമുണ്ടായോ.

അപ്പോ എന്നാ കാറുകിട്ടിയതിന്റെ ചിലവ്?

എന്റെ ഭായി, ഗള്‍ഫുകാര്‍ക്കെന്നല്ല മാന്യമായി വേഷം ധരിച്ചുനടക്കുന്നയൊരാള്‍ക്കും ഈ ലാപ്ടോപ്പ് വിദ്വാന്മാരില്‍ നിന്നും രക്ഷയില്ല.

എന്തായാലും ഇവിടെയൊക്കെ വന്നിട്ടു ഒന്നു ഫോണ്‍ വിളിക്കാഞ്ഞതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ നിന്നും എങ്ങെനെ രക്ഷപെടാം എന്നുള്ളതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ നന്നായിരിക്കും.
അപ്പൊ കാറ് കിട്ടിയതിന്റെ ചെലവ് എപ്പോഴാ?

മെലോഡിയസ് said...

എന്തായാലുംവന്നതിന്റെ അന്ന് തന്നെ ആളുകള്‍ വിവരം തിരക്കുന്നതിന്റെ ഇടക്ക് “എന്നാ തിരിച്ച് പോകുന്നത്” എന്ന് ചോദിച്ചില്ലാല്ലോ..;)

പിന്നെ കാറിന്റെ ചിലവ് ടാലിയാക്കുന്ന കാര്യം ഞാന്‍ ആലോചിച്ചിക്കണോ??

Unknown said...

kidu
...

P Das said...

:)

ശ്രീ said...

ഹ ഹ...
എന്തായാലും കാര് സമ്മാനമായി കിട്ടിയല്ലോ.

ആശംസകള്‍!
:)

എപ്പഴാ ചിലവ്?
;)

Unknown said...

Senu chetta, Metlife, Reliance & ICICI vannu.. pavam Bajaj Allianz kare upekshichu alle....?? aduthathavan nattil pokumbol avarum vannolum....

post nannayirunnu...

Betty chechiyodu Santro aashamsakal parayane...... pavathine kondu ippo lottery edupikkuvayirikkum alle??? :D :D

Sapna Anu B.George said...

ചിലവ് എപ്പോഴണെന്നറിയിച്ചാല്‍ ഒമാനില്‍ എവിടെയാണെങ്കിലും വരാം ,,,, പോരെ,,, നല്ല വിവരണം സീനു.

ശ്രീവല്ലഭന്‍. said...

കാര്‍ ബംപര്‍ അടിച്ചതിനു ഭാര്യക്ക്‌ ആശംസകള്‍! അപ്പം പോസ്റ്റ് ഓഫീസ് recurring depositinte കാര്യം മറന്നു പോയോ? ആളിനെ വിടാം.

ചിലവ് വേണ്ടെന്നു പറയാന്‍ വേണ്ടിയുള്ള അടവു! തനി പൊടിയാടി സ്വഭാവം.

ഞാന്‍ വെറും രണ്ടു ദിവസം നിന്നത് കൊണ്ടു പൊടിയാടിയില്‍ വലിയ കോലാഹലങ്ങള്‍ ഒന്നും ഉണ്ടായില്ല.....

മന്‍സുര്‍ said...

മനോഹരമായി പറഞ്ഞിരിക്കുന്നു ഒരവധിക്കാലം
ഹാസ്യരൂപേണയാണെങ്കിലും...ഇന്നത്തെ സമകാലീന പ്രശ്‌നങ്ങള്‍...മനോഹരമായി പറഞ്ഞിരിക്കുന്നു

ഞാനും ഇരുപ്പത്‌ ദിവസം കഴിഞ്ഞാല്‍ നാട്ടില്‍ പോകുന്നു
എന്താ ഒരു പോം വഴി ഈ കുണ്ടാമണ്ടികളില്‍ നിന്നും ഒന്ന്‌
തലയൂരി നടക്കാന്‍....

നന്‍മകള്‍ നേരുന്നു

Hari Raj | ഹരി രാജ് said...

ഹഹ..ലാപ്റ്റോപ്പ് കുട്ടന്മാരെ ഏതാണ്ട് ഈ വിധത്തില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ഏതാണ്ട് 3 മാസങ്ങള്‍ക്കു മുന്‍പ് ഭാഗ്യം കിട്ടിയ ഒരുവാനാണ്‍ ഈയുള്ളവന്‍.. പിന്നെ മോശം പറയരുതല്ലോ, ഞങ്ങളുടെ നാട്ടുകാര്‍ കള്ളുകുടിയുടെ കാര്യത്തില്‍ ഇത്തിരി പുരൊഗമിച്ചിട്ടുണ്ട്.. 4 വര്‍ഷം മുന്‍പ് പോയപ്പോ ഡേയ് ഒരു ഫുള്ളും കൂടെ വാങ്ങി വൈകുന്നേരം ഒന്നിറങ്ങണേ എന്നു പറഞ്ഞവര്‍ കഴിഞ്ഞ്തിന്റെ മുന്നത്തെ തവണ ചെന്നപ്പോ ഷെയറിടഡേയ് നമുക്കൊന്നു ചൂടാക്കാം എന്നായിരുന്നു..പക്ഷെ ഇത്തവണ ചെന്നപ്പോ എന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അവര്‍ പറഞ്ഞതെന്താണെന്നോ.. ദേ സാധനം ഇരുപ്പുണ്ട്.. വാഡേയ് ഒരെണ്ണം വിട്ടിട്ടു പോവാം എന്നായിരുന്നു!

john's said...

കലക്കിയിട്ടുണ്ട് കേട്ടാ.. കലക്കി.
പിന്നെ ഇതില്‍ പറഞ്ഞ അമ്മച്ചി യെ ഒരു അയല്പക്കകാരന്‍ ആയ എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

John

Sree........................... said...

Nice:)quite funny and intersting:)

Roshan said...

പെട്ടെന്ന് അമ്മച്ചിയുടെ അടുത്ത ചോദ്യം വന്നു-മോനെ, നീ ഏതാ?

അതെന്തായാലും കലക്കി കേട്ടോ..
അമ്മച്ചിക്കും വേണ്ടേ ഒരു entertainment?

കിടിലം ഭായി..നന്നായിയെഴുതിയിരിക്കുന്നു..
ആശംസകള്‍..

Kalpak S said...

ബു ഹു ഹ ഹ ഹാ...
അടിപൊളി...

അപ്പോ എവിടാ ? എങ്ങനെയാ ? എപ്പാളാ??

ങേ... എന്താന്നോ? ഗര്‍... ചിലവേ.. ചിലവ്..

നജൂസ്‌ said...

കൊള്ളാം :)

Unknown said...

good work buddy..keep it up

Anonymous said...

senu mone kollaam.............adipoli..!!!!!!!!!!ethu nerathe vaechirunekkil engan evanmmarude pidiyil vezhillayerunnu !!!!!!!!!!

penne chilavinte kariyam marakkandaaaaaa.! ok.

Anonymous said...

senu mone kollaam.............adipoli..!!!!!!!!!!ethu nerathe vaechirunekkil engan evanmmarude pidiyil vezhillayerunnu !!!!!!!!!!

penne chilavinte kariyam marakkandaaaaaa.! ok.

Anonymous said...

thakarppan!!!

Unknown said...

ഞാന്‍ ഇന്നു തന്നെ പഴംപുരാണംസിന് പഠിക്കാന്‍ ചേരുവാ.. ബന്ധുവായ എല്‍.ഐ.സിക്കാരന്‍ നിഷ്കളങ്കനായ എന്നെ നാല് പോളിസിയില്‍ ചേര്‍ത്തു കളഞ്ഞു. ഓരോ അവധിക്കും ഓരോന്ന് എന്ന മട്ടിലായിരുന്നു.

അടുത്ത കൂട്ടുകാരന്‍റെ മേലുദ്യോഗസ്ഥന്‍റെ മകന്‍ വന്നപ്പോള്‍ കൂട്ടുകാരന്‍റെ കടുത്ത ശുപാര്‍ശയില്‍ പൊട്ടനായ ഞാന്‍ റിയലന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മ്യൂച്ചല്‍ ഫണ്ടില്‍ ഒരു സംഖ്യ കാച്ചി.

ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു കൂട്ടുകാരന്‍റെ ശുപാര്‍ശ കാരണം ഐ.സി.ഐ.സി.ഐയിലും ഒരു സംഖ്യ പോയി.

മൂന്ന് കൊല്ലം കഴിഞ്ഞാല്‍ ഈ സംഖ്യയൊക്കെ വലുതാകുമെന്ന പ്രലോഭനത്തിലല്ല സത്യമായും ഞാന്‍ വീണത്. വേണ്ടപ്പെട്ടവരുടെ ശുപാര്‍ശയും വരുന്നവരുടെ ദയനീയ മുഖവുമാണ് എന്നെ കുടുക്കിയത്.
ഇപ്പോഴിതാ, എല്‍.ഐ.സി ബന്ധു ഒപ്പിടാനുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്ത നാട്ടില്‍ നിന്ന് വന്ന അയല്‍ക്കാരന്‍റെ കൈവശം ഒരു ഫോം കൊടുത്തയച്ചിരിക്കുന്നു. എല്‍.ഐ.സി മ്യൂച്ചല്‍ ഫണ്ട് പോലെ എന്തോ അന്ന് അതിലേക്ക് നല്ലൊരു സംഖ്യ നിക്ഷേപിക്കണം പോലും.

പള്ളീലെ അച്ചന്‍ വന്നു പറഞ്ഞിട്ടു പോലും രക്ഷപ്പെട്ട പഴന്പുരാണക്കാരാ... എന്നെ ശിഷ്യനായി സ്വീകരിക്കൂ. ഇനിയെങ്കിലും ഇത്തരക്കാരില്‍ നിന്ന് രക്ഷ നേടാനുള്ള വഴികള്‍ ഓരോന്നായി പഠിപ്പിച്ചു തരൂ....

smitha adharsh said...

ഈ ചതി എന്നോട് വേണ്ടായിരുന്നു..ഈ സെയിം പോസ്റ്റ് എന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു..ഈ ലിങ്ക് അയച്ചു തന്നത് നന്നായി.ഇല്ലെന്കില്‍ ഒരു കോപ്പിയടിക്കാരിയായി ഞാന്‍ പേരു ദോഷം വരുത്തി വച്ചേനെ..
മാഷേ,കലക്കന്‍ പോസ്റ്റ്..!! എല്ലാലും,ഒരു രണ്ടു ദിവസത്തേക്ക് ഞാന്‍ പങ്കു വെട്ടി....എന്റെ ഒരു പോസ്റ്റ് വെള്ളത്തിലായല്ലോ..കര്‍ത്താവേ !!

Unknown said...

സ്മിതാ ആ പോസ്റ്റ് വെള്ളത്തില്‍ കളയല്ലേ...അനുഭവങ്ങളും അവതരണവും വ്യത്യസ്തമായിരിക്കും. അത് കൊണ്ട് കളയല്ലേ...
എനിക്കാണെങ്കില്‍ ഇത്തരം ഗൃഹാതുര പോസ്റ്റുകള്‍ വായിക്കാനും വായച്ചു കരയാനും വലിയ ഇഷ്ടമാണ്.