Tuesday, 1 July 2008

എന്റെ ലോക്കര്‍

അമ്മയുടെ ഡ്രൈവിംഗ്‌ പഠനവും ഇതര സംഭവങ്ങളും ഒരു പോസ്റ്റാക്കിയപ്പോള്‍, ഞാന്‍ പ്രതീക്ഷിച്ചതു പോലെ അമ്മയുടെ ഫോണ്‍ വന്നു. അമ്മയ്ക്ക്‌ പരിഭവം. അപ്പയ്ക്ക്‌ ആ കഥയില്‍ കുറച്ച്‌ അനിഷ്ട സംഭവങ്ങള്‍ കൂടി ചേര്‍ക്കാഞ്ഞതിലെ വിഷമം. അവസാനം അമ്മ ഫോണ്‍ താത്തു വെയ്ക്കുന്നതിനു മുന്‍പ്‌ എന്നോട്‌ പറഞ്ഞു, എടാ നീ ഒരു വലിയ കഥ എഴുത്തുകാരന്‍...നീ മിടുക്കനാണെങ്കില്‍ പണ്ടത്തെ നമ്മുടെ മൈസൂര്‍ യാത്രയും, വെണ്ണിക്കുളം യാത്രയും നീ ഒരു പോസ്റ്റാക്കടായെന്ന്.... ഓഹ്‌ പിന്നെ....മൈസൂര്‍ യാത്രയെ....ഉം ഉം മിക്കവാറും. ഞാന്‍ ആ യാത്രയേ പറ്റി ഓര്‍ക്കുന്നതേയില്ല. കാരണം ഞാന്‍ അന്ന് കേവലം ഒരു മുലകുടി മാറാത്ത ഒരു കുട്ടി, അമ്മയുടെ ഒക്കത്ത്‌ മാത്രമിരിക്കുന്ന കുട്ടി... ഓഹ്‌ നീ മറന്നാലും ഞാന്‍ അതു മറന്നിട്ടില്ല. അപ്പ അതു മറന്നിട്ടില്ല. അന്ന് നമ്മുടെ കൂടെ യാത്ര ചെയ്ത്‌ ആരും അത്‌ മറന്നിട്ടുണ്ടാകുകയുമില്ല. നീ മറന്നാല്‍ ഞാന്‍ അത്‌ ഓര്‍പ്പിച്ചു തരാം. നീ അങ്ങ്‌ എഴുത്‌... അമ്മ ആ സംഭവം റിവൈന്‍ഡ്‌ ചെയ്തു പ്ലേ ചെയ്തു. പക്ഷെ ഞാന്‍ ആ കഥ എഴുതിയാല്‍ ചിലപ്പോള്‍ ഞാന്‍ എസ്ക്കോബാറിനെ [വേള്‍ഡ്‌ കപ്പില്‍ സെല്‍ഫ്‌ ഗോള്‍ അടിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന താരം] പോലെയായേക്കും. പക്ഷെ ഒരു കാര്യം എനിക്കുറപ്പുണ്ട്‌. ഈ കഥയില്‍ എന്റെ ഭാഗം എനിക്ക്‌ നല്ല ഒരു വക്കീലിനെ വെച്ച്‌ വാദിപ്പിച്ച്‌ ജയിക്കാം. പ്രായപൂര്‍ത്തിയാകാത്ത, പറക്ക മുറ്റാത്ത ഒരു കുഞ്ഞ്‌, ഡയപ്പറിടാഞ്ഞതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലല്ലോ. അന്ന് സ്നഗ്ഗിയും, പാമ്പേഴ്സും ഒന്നും ഇല്ലാഞ്ഞത്‌ എന്റെ കുറ്റമാണോ? പിന്നെ പണ്ട്‌ കാലങ്ങളില്‍ മിക്ക പാലങ്ങളിലും ഭാരം ഇറക്കി പോവുക എന്നൊരു ബോര്‍ഡ്‌ കാണാമായിരുന്നു. ഒരു പക്ഷെ അന്ന് ഞാനും ആ കുഞ്ഞു നാളില്‍ അത്തരം ഒരു ബോര്‍ഡ്‌ അമ്മയുടെ ഒക്കത്തിരുന്ന് കണ്ട്‌ മനസ്സില്ലാക്കിയതിനെ തുടര്‍ന്ന് 'ഭാരം ഇറക്കി വെച്ചതാണോ'യെന്ന് കൂടി ഈ ഉള്ളവനു സംശയം ഇല്ലാതില്ല. ആയതിനാല്‍ ഈ ചുമത്തിയ വലിയ കുറ്റത്തില്‍ നിന്നും ഞാന്‍ നിരപരാധിയാണെന്ന് സ്വയം പ്രഖ്യാപിച്ച്‌ തലയൂരാന്‍ ഞാന്‍ അങ്ങ്‌ തീരുമാനിച്ചു.

പിന്നെ വെണ്ണിക്കുളം യാത്ര...അത്‌ വലിയ മാനക്കേടിന്റെ കഥയല്ല. ആയതിനാല്‍ അത്‌ ഞാന്‍ ഒരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു...കാരണം- വിധുബാലാ… സ്റ്റില്‍ ഐ ലവ്‌ യു.....

എനിക്ക്‌ അന്ന് കൂടിയാല്‍ രണ്ടര വയസ്സ്‌ പ്രായം. അമ്മയ്ക്ക്‌ തനിയെ അമ്മ വീട്ടിലേക്ക്‌ പോകാന്‍ പേടിയായതിനാല്‍ ബോഡി ഗാര്‍ഡായി ഈ രണ്ടര വയസ്സുകാരനെയും എടുത്ത്‌ ഒരു ട്രാന്‍സ്പ്പോര്‍ട്ട്‌ ബസ്സില്‍ സ്ഥാനം ഉറപ്പിച്ചു. കണ്ടക്ടര്‍ വന്നു. അമ്മ ടിക്കെറ്റെടുത്തു. അല്‍പം കഴിഞ്ഞ്‌ എനിക്ക്‌ ബോറടിച്ചപ്പോള്‍ ഞാന്‍ അമ്മയോട്‌ പല ചോദ്യങ്ങളും ചോദിച്ച്‌ ബുദ്ധിമുട്ടിച്ചു. [ബോറടിച്ചില്ലായെങ്കിലും എന്റെ നാക്ക്‌ അടങ്ങി കിടക്കില്ല കേട്ടോ...] അവസാനം അമ്മയ്ക്ക്‌ കണ്ടക്ടെര്‍ സാര്‍ കൊടുത്ത റ്റിക്കറ്റ്‌ ഞാന്‍ കൈവശമാക്കി. അപ്പോള്‍ അമ്മ പറഞ്ഞു, റ്റിക്കറ്റ്‌ കളയല്ലേ...സൂക്ഷിച്ച്‌ വെക്കണേ... പിന്നെ അതായി എന്റെ സംശയം.. ഇത്‌ എന്തിനു സൂക്ഷിച്ച്‌ വെയ്ക്കണം? സൂക്ഷിച്ചില്ലെങ്കില്‍ എന്ത്‌ പറ്റും? ഈ ചോദ്യങ്ങള്‍ക്ക്‌ എല്ലാം പാകത്തിനുള്ള ഉത്തരം അമ്മ പറഞ്ഞു തന്നു കൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ അമ്മ വീട്ടില്‍ എത്തി ചേര്‍ന്നു. അമ്മ വീട്ടില്‍ ചെന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ മുതല്‍ എന്റെ മൂക്കൊലിക്കാന്‍ തുടങ്ങി. എന്റെ അമ്മയുടെ അമ്മായി ഒരു വലിയ ഹോമിയോപൊതി ഡോക്ടറാണു. ആയതിനാല്‍ എന്റെ ചെറുതും വലുതുമായ എല്ലാ രോഗങ്ങള്‍ക്കും ഉള്ള 'വിസ്വസ്ത സ്ഥാപനം'ആണു ഈ അമ്മയിയുടെ ഹോമിയോ പ്രയോഗം. മൂക്കില്‍ നിന്നും പ്രവാഹം കൂടിയതിനെ തുടര്‍ന്ന്, സൂസി ആന്റിയുടെ അടുത്ത്‌ പോകാന്‍ ഉള്ള എന്റെ ആവശ്യം അമ്മയെ അറിയിച്ചു. പക്ഷെ അമ്മ അത്‌ അത്ര കാര്യമാക്കിയില്ല. ഞങ്ങള്‍ തിരിച്ച്‌ വീട്ടില്‍ വന്നു. അപ്പോഴും എന്റെ മൂക്ക്‌ ഇംഗ്ലീഷ്‌കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ റണ്‍ ചെയ്തു കൊണ്ടേയിരുന്നു -Running Nose. അമ്മ ചില ചില്ലറ പൊടികൈകള്‍ എന്നില്‍ പ്രയോഗിച്ചെങ്കിലും അതു എന്നില്‍ ഏശിയതേയില്ല. 2 ദിവസം കഴിഞ്ഞപ്പോള്‍, എനിക്ക്‌ പനിയായി. ഒപ്പം മൂക്കിനും വായിക്കും വല്ലാത്ത നാറ്റവും. അങ്ങനെ അപ്പയും അമ്മയും കൂടി എന്നെ ഡോക്ടറുടെ അടുത്ത്‌ കൊണ്ട്‌ പോയി. ഡോക്ടര്‍ എന്നെ വിശദമായി പരിശോധിച്ചിട്ട്‌, സൈനസ്സയിറ്റിസ്‌ ആണെന്ന് വിധി എഴുതി. പിന്നെ 2 കടലാസ്‌ നിറയെ കുനു കുനെ മരുന്നും കുറിച്ച്‌ തന്നു. ഈ മരുന്നും എനിക്ക്‌ ഫലിച്ചില്ല. അങ്ങനെ എന്നെ ഒരു ഇ.എന്‍.റ്റി ഡോക്ടറെ തന്നെ കൊണ്ട്‌ കാണിച്ചു. ഡോക്ടര്‍ നമ്മുടെ ശിക്കാരി ശംഭുവിനെ പോലെ തലയില്‍ വലിയ ലൈറ്റും ഒക്കെ ഫിറ്റ്‌ ചെയ്ത്‌ എന്റെ മൂക്കു വിശദമായി [മാസ്ക്ക്‌ കെട്ടി] പരിശോധിച്ചു. [ഇപ്പ്പ്പോഴായിരുന്നെങ്കില്‍ ഡോക്ടര്‍, മൂക്കില്‍ പഞ്ഞി അത്തറില്‍ മുക്കി വെച്ചേനെ.] ഒടുക്കം തന്റെ കൈയില്‍ ഇരുന്ന് ഒരു കൊടില്‍ വെച്ച്‌ എന്റെ മൂക്കില്‍ കുത്തി. ആ ഒറ്റ കുത്തില്‍ എന്റെ മൂക്കില്‍ നിന്നും കട്ട ചോര പുറത്തേക്കൊഴുകി. ആ ഡോക്ടര്‍ വേറെ ചില മരുന്നുകള്‍ കൂടി കുറിച്ചു. ഉംഹും എനിക്കു യാതൊരു കുറവുമില്ല. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, എന്റെ അടുത്ത്‌ വരുമ്പോള്‍ ഇറച്ചിക്കടയില്‍ ഇറച്ചി ചീഞ്ഞ നാറ്റം. പെറ്റ അമ്മ സഹിക്കില്ല.. പിന്നെ വെറുതാക്കാരുടെ കാര്യം പറയണോ??? സ്വന്തം മകന്‍ ചൊറിക്കുട്ടനാണെങ്കിലും, അവന്‍ അപ്പനും, അമ്മയ്ക്കും മണിക്കുട്ടനാണല്ലോ...അങ്ങനെ ഈ മണിക്കുട്ടന്റെ smell സഹിച്ച്‌ നമ്മുടെ ഹോമിയോ അമ്മായിയെ കാണിക്കാന്‍ കൊണ്ട്‌ പോയി. അമ്മായി നോക്കിയിട്ട്‌ 3 ചെറിയ പൊതികളിലായി ഹോമിയോപൊതി പൊതിഞ്ഞ്‌ തന്നു. 2 ദിവസം മരുന്ന് കഴിച്ച ശേഷം അമ്മ എന്നെ വാഷ്‌ ബെയ്സിന്റെ അടുത്ത്‌ കൊണ്ട്‌ പോയി...മൂക്ക്‌ നന്നായി ചീറ്റാന്‍ പറഞ്ഞു. ഞാന്‍ ഒരു ഒന്ന് ഒന്നര ചീറ്റ്‌ അങ്ങു ചീറ്റി. ആ ചീറ്റലില്‍ മൂക്കില്‍ നിന്ന് ഒരു കുഞ്ഞ്‌ ബോള്‍ പോലെ എന്തോ ഒന്ന് തെറിച്ച്‌ വാഷ്ബെയ്സനില്‍ വീണു. അമ്മയല്ലേ ആള്‍...ഉടന്‍ തന്നെ അത്‌ കുത്തി പൊക്കി സമഗ്ര പരിശോധന നടത്തി. അത്‌ എന്തായിരുന്നെന്നോ...തിരുവല്ല-വെണ്ണിക്കുളം ബസ്‌ ടിക്കറ്റ്‌. അമ്മയുടെ കൈയില്‍ നിന്നും ആ ടിക്കറ്റ്‌ വാങ്ങിച്ചപ്പോള്‍ അമ്മ പറഞ്ഞു..ടിക്കറ്റ്‌ കളയല്ലേ..സൂക്ഷിച്ചു വെയ്ക്കണേയെന്ന്..അപ്പയുടെ കൂട്ട്‌ ഷര്‍ട്ടിനു പോക്കറ്റില്ലാത്ത ഞാന്‍ അതങ്ങ്‌ സൂക്ഷിച്ച്‌ വെച്ചു...സ്വന്തം മൂക്കിലേക്ക്‌... ദൈവമേ, സ്വന്തമായി പോക്കറ്റില്ല്ലാത്ത എനിക്ക്‌ ടിക്കറ്റ്‌ സൂക്ഷിക്കാന്‍ ‘നവദ്വാരങ്ങള്‍’ തന്നതിനു നന്ദി. അമ്മ പറഞ്ഞതു അനുസരിച്ചതു കൊണ്ട്‌ ഉണ്ടായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അന്നാണു എനിക്കു മനസ്സിലായതു. ഈ ഒറ്റ യാത്ര കൊണ്ട്‌ എന്റെ മനോഹരമായിരുന്ന മൂക്ക്‌ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൂക്ക്‌ പോലെ ആയി. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സ്സില്ലായില്ലേ ഞാന്‍ കുഞ്ഞിലെ മുതലെ അപ്പനും അമ്മയും പറയുന്നത്‌ വള്ളി പുള്ളി വിടാതെ അനുസരിച്ചു നടക്കുന്ന നല്ല ഒരു പയ്യനാണെന്ന്..... ഇനിയെങ്കിലും നിങ്ങളും എന്നെ നോക്കി പഠിക്ക്‌ മക്കളേ....

സത്യം പറയട്ടെ.... കാലം ഇത്രയും കഴിഞ്ഞിട്ടും, ബസ്സില്‍ കയറി ‘ടിക്കറ്റ്‌ സൂക്ഷിക്കുക’ എന്ന ആ ബോര്‍ഡ്‌ കാണുമ്പോള്‍ തന്നെ എന്റെ മൂക്കില്‍ എവിടെ നിന്നോ ഒരു ചീഞ്ഞ Smell അടിക്കും...അപ്പോള്‍ പിന്നെ അമ്മയുടെ കാര്യം എടുത്ത്‌ പറയണോ....

ഈ കഥയിലെ ഹോമിയോ അമ്മായി ആണിതു..

Sunday, 15 June 2008

അമ്മേ.....ലീലാമ്മേ...

പൊടിയാടി എന്ന ഇട്ടാ വട്ട സ്ഥലത്ത്‌ ഏകദേശം 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആകെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്‌, പൊടിയാടി എല്‍.പി.സ്‌ക്കൂള്‍, കൃഷി ഭവന്‍ മുതലായ ചില്ലറ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു. [ഇപ്പ്പ്പോഴും അതൊക്കെയെ ഉള്ളു താനും]. ആയതിനാല്‍ പൊടിയാടിയില്‍ 'വരത്തര്‍' വന്ന് വാടകയ്ക്ക്‌ വീട്‌ എടുക്കുന്നത്‌ വളരെ വിരളമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണു ഒരു ദിവസം സ്‌ക്കൂള്‍ വിട്ടു വരുമ്പോള്‍, വര്‍ഷങ്ങളായി അടഞ്ഞ്‌ കിടന്നിരുന്ന ഒരു വീടിന്റെ മുന്‍പില്‍ ഒരു ടെമ്പോയില്‍ നിന്നും നാട്ടുകാര്‍ വീട്ടുപകരണങ്ങളും മറ്റ്‌ സാധന സാമഗ്രികളും ഇറക്കി വെയ്ക്കുന്നതു കണ്ടത്‌ എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട്‌ തന്നെയെന്ന മട്ടില്‍ ഞങ്ങള്‍ നടത്തത്തിന്റെ സ്പീഡ്‌ അല്‍പം ഒന്ന് കുറച്ച്‌, ചെവി ഒന്ന് വട്ടം പിടിച്ചു. റ്റിവി ന്യൂസ്‌ ചാനലുകാര്‍ വീടിനു മുന്‍പില്‍ കുറ്റിയടിക്കുന്നതു പോലെ കുറ്റിയടിച്ച്‌ ചുറ്റുവട്ടം ഗഹനമായി തന്നെ വീക്ഷിച്ചു. കാവുംഭാഗത്ത്‌ സര്‍ക്കാര്‍ ഓഫീസില്‍ ജോലിയുള്ള ചേട്ടന്‍ - രവി, ഭാര്യ - ലീല , [പേരുകള്‍ ഒറിജിനല്‍ വ്യാജം] ഉദ്ദേശം 30 വയസ്സ്‌, സ്വസ്ഥം, ഗൃഹഭരണം എന്നിവരടങ്ങുന്ന ഒരു ചെറിയ കുടുംബം, ചേര്‍ത്തലയ്‌ക്ക്‌ അപ്പുറത്ത്‌ നിന്നും ട്രാന്‍സ്ഫറായി വരുന്ന രംഗങ്ങളാണു ഞങ്ങള്‍ അപ്പോള്‍ അവിടെ ലൈവായി കണ്ടു കൊണ്ടിരിക്കുന്നതെന്നു നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ക്ക്‌ മനസ്സിലായി. പുതിയ താമസക്കാരുടെ വരവ്‌ ഞങ്ങളുടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഒരു ആഘോഷമാക്കി മാറ്റി. വര്‍ഷങ്ങളായി കാടു പിടിച്ച്‌ കിടന്ന സ്ഥലം, ചേച്ചിയുടെ ഒറ്റ നോട്ടം കൊണ്ട്‌ നാട്ടുകാര്‍ ‘സേവനവാരമാക്കി’ മാറ്റി. ചേച്ചി പഞ്ചാരയാണെങ്കില്‍, പാവം ചേട്ടന്‍ ഡയബറ്റിക്ക്‌ [പഞ്ചാരയല്ല എന്ന് സാരം.] അങ്ങനെ ചേച്ചി ഞങ്ങളുടെ നാട്ടിലെ യുവാക്കളുടെ ഹരമായി മാറി.. രാവിലെ ചേട്ടന്‍ തന്റെ ഹെര്‍ക്കുലീസ്‌ സൈക്കളില്‍ ഓഫീസില്‍ പോയി കഴിഞ്ഞാല്‍, ചേച്ചിയെ സഹായിക്കാന്‍ ആളുകളുടെ നീണ്ട ക്യൂ. വാടക പുരയിടത്തിലെ തേങ്ങയിട്ടു കൊടുക്കാന്‍, മീന്‍ മേടിച്ച്‌ കൊടുക്കാന്‍, പലചരക്ക്‌ സാധനങ്ങള്‍ മേടിച്ച്‌ കൊടുക്കാന്‍, വോഡഫോണ്‍ പരസ്യം പോലെ-“ഹാപ്പി റ്റു ഹെല്‍പുമായി” ചെറുസെറ്റ്‌ കറങ്ങി കൊണ്ടേയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്‌ ചേച്ചി ഞങ്ങളുടെ നാട്ടിലെ ചെറിയ ഒരു ഗൂഗിളോ, യാഹുവോ ഒക്കെയായി മാറി കഴിഞ്ഞു. എന്നു വെച്ചാല്‍ ഞങ്ങളുടെ നാട്ടിലെ ആരെ പറ്റി ചേച്ചിയോട്‌ ചോദിച്ചാലും ഫുള്‍ ഡീറ്റേല്‍സും റെഡി. സ്വതവേ പഞ്ചാരയായ ചേച്ചിയോട്‌ ആരെങ്കിലും നായനാരുടെയോ, എം.എം.ലോറന്‍സിന്റെയോ ഒക്കെ കുറ്റം പറഞ്ഞാല്‍..പിന്നെ ചേച്ചി വയലന്റാകും. അപ്പോഴും നമ്മുടെ രവി ചേട്ടന്‍ അവാര്‍ഡ്‌ പടത്തിലെ നായകനെ പോലെ സയലന്റായിരിക്കും.

ഒരു ശനിയാഴ്ച്ച ഉച്ചക്ക്‌ യാതൊരു മുന്നറിയുപ്പുമില്ലാതെ രവി ചേട്ടന്‍ ചേര്‍ത്തല വരെ പോകാന്‍ തീരുമാനിച്ചു. പുതിയ സ്ഥലത്ത്‌ 2 ദിവസം ഭാര്യയെ ഒറ്റയ്ക്ക്‌ നിര്‍ത്തിയിട്ടു പോകാന്‍ വയ്യാഞ്ഞ കാരണം, ഞങ്ങളുടെ നാട്ടിലെ ചിന്ന ചേടത്തിയെ കൂട്ട്‌ കിടക്കാന്‍ അറേഞ്ച്‌ ചെയ്തിട്ട്‌ രവിചേട്ടന്‍ യാത്രയായി.

അന്ന് രാത്രി ചിന്ന ചേടത്തി ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിഞ്ഞു.... ലീല വെറും ലീലയല്ല. കുളിച്ച്‌ പ്രാര്‍ത്ഥനാ മുറിയില്‍ കയറി, പൂജ നടത്തുമ്പോള്‍, ലീല എന്തൊക്കെയോ പറയുന്നു. ചിന്ന ചേടത്തി ചെവി കൂര്‍പ്പിച്ചു. ആകാശ വാണിയില്‍ നിന്നും രാവിലെ കേട്ടു കൊണ്ടിരുന്നതു പോലെ, സംവൃതി വാര്‍ത്താ ഹാ സുയന്ത...പ്രവാചകാ ഗിരി സേവാനനന്ദ സാഗരാ എന്നൊക്കെ ആര്‍ക്കും മനസ്സില്ലാകാത്ത രീതിയില്‍, ഭാഷയില്‍ എന്തൊക്കെയോ പദങ്ങള്‍ പൂജാ മുറിയില്‍ നിന്നും പുറത്ത്‌ വന്ന് കൊണ്ടിരുന്നു.. മണിക്കൂറുകള്‍ക്ക്‌ ശേഷം പൂജാമുറിയില്‍ നിന്ന് ഇറങ്ങി വന്ന ലീലയെ കണ്ട്‌ ചേടത്തി അന്ധാളിച്ചു. മുഖത്ത്‌ മൊത്തം സിന്ദൂരമൊക്കെയിട്ട്‌ പേടിപെടുത്തുന്ന ഒരു രൂപത്തില്‍ ലീല. ചേടത്തി, ലീലയെ കണ്ടതും പരുമല തിരുമേനി, അന്തോണിസ്‌ പുണ്യാളച്ചന്‍, കടമുറ്റത്ത്‌ കത്തനാര്‍, തോമാ ശ്ലീഹാ മുതലായ എല്ലാവരെയും ആ ചുരുങ്ങിയ നിമിഷം കൊണ്ട്‌ വിളിച്ചു. ലീല നേരെ ചേടത്തിയുടെ അടുത്തേക്ക്‌ വന്ന്, ചേടത്തിയുടെ തലയില്‍ കൈ വെച്ച്‌ കുറച്ച്‌ ഭൂതം [ഭൂത കാലം] പറഞ്ഞു. ചിന്ന ചേടത്തിക്ക്‌ മാത്രം അറിയാവുന്ന ചിന്നചേടത്തിയുടെ ഭൂതം, ദാ ഇന്നലെ വന്ന ഈ ചേര്‍ത്തലക്കാരി പറയുന്നത്‌ കേട്ട്‌ ഞെട്ടി പോയി. ഇവള്‍ ഈ നാട്ടില്‍ തങ്ങിയാല്‍ ശരിയാവില്ല. പിന്നീടുള്ള ചിന്ന ചേടത്തിയുടെ ബുദ്ധിപൂര്‍വ്വമായ നീക്കത്തെ തുടര്‍ന്ന്, വീടൊഴിഞ്ഞ്‌ കൊടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രവി ചേട്ടന്റെ ഓഫീസിന്റെ അടുത്ത്‌ മണിപ്പുഴ-ഉണ്ടപ്ലാവ്‌ റൂട്ടിലെ ഒരു ഭവനത്തില്‍ അവര്‍ താമസം മാറ്റി. പുതിയ വീട്ടിലെ പൂജാമുറിയില്‍ നാട്ടില്‍ അന്ന് നിലവിലുണ്ടായിരുന്ന സകല ദൈവങ്ങളുടെയും, കളര്‍, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോകള്‍ വെച്ച്‌ ‘91.6 മാറ്റ്‌ ‘ ആക്കി. പൂജകള്‍ ശക്തമായി. മാത്രവുമല്ല മതിലില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചു-കൊക്കോലായില്‍ ശാന്തീ ദേവി മഠം. ലീല ചേച്ചി ഫുള്‍ റ്റൈം ഭക്തയായതോടെ, ലീല ചേച്ചിയുടെ രവി അണ്ണന്‍, ഉണ്ണിയും മകനും ഒക്കെയായി മാറി. രവി ചേട്ടനു ലീല, അമ്മയുമായി മാറി. അമ്മ വിളയാട്ടത്തിന്റെ കാഠിന്യം നിമിത്തം അമ്മയുടെ കാര്‍ക്കൂന്തലില്‍ ജഡകള്‍ പിടിച്ചു നല്ല മുരിഞ്ഞക്ക പോലെയായി. ആയതിനാല്‍ ഞാന്‍ അവര്‍ക്കു രഹസ്യമായി ഒരു പേരിട്ടു- മുരിഞ്ഞയ്ക്ക അമ്മ.

അമ്മ പ്രവചനങ്ങള്‍ തുടങ്ങി...രോഗ ശാന്തി തുടങ്ങി...ബാധ, കൂടോത്രം ഒഴിപ്പിക്കല്‍ എന്നിവകളും തുടങ്ങി. വീടിന്റെ മുന്‍പില്‍ ആളുകള്‍ ക്യൂവായി. പുതിയ ഓട്ടോ ആരു എടുത്താലും അമ്മയുടെ അടുത്ത്‌ കൊണ്ട്‌ വരും. അമ്മ അതില്‍ ഒന്ന് കയറി വീടിന്റെ മുറ്റത്ത്‌ കൂടി ഒന്ന് കറക്കി നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്ക്‌ നൂറിന്റെ ഒരു നോട്ട്‌ രണ്ട്‌ കണ്ണിലും വെച്ചു പ്രാര്‍ത്ഥിച്ച്‌ കൊടുക്കുമ്പോള്‍ ഓട്ടോയ്ക്കും, ഒപ്പം ഡ്രൈവര്‍ക്കും 4 വീലായ സംതൃപ്തി. അങ്ങനെ ഓട്ടോക്കാരും അമ്മയുടെ മാര്‍ക്കറ്റിംഗ്‌ പാര്‍ട്‌നേഴ്സ്‌ ആയി. ഏത്തകുലകള്‍, കരിമീന്‍, വാള മുതലായ സാധനങ്ങള്‍ സംഭാവനയായി ഭക്തര്‍ കൊടുക്കുമ്പോള്‍, അമ്മ ഒറ്റ ഫോണ്‍.. എസ്‌.ഐ സാറേ...നല്ല നേന്ത്രകുല വന്നിട്ടുണ്ട്‌. ഡ്രൈവറെ ഒന്ന് ഇത്രടം വിട്ടാല്‍...മതി..ദാ ജീപ്പ്‌ എത്തി കഴിഞ്ഞു. എന്നാല്‍ നാട്ടില്‍ ഒരു കൊല നടക്കുന്നുവെന്ന് പറഞ്ഞാല്‍, കൊല ചെയ്തവര്‍ ദുബായില്‍ ചെന്നാലും ആരും വരില്ല. അതു പോലെയാണോ അമ്മയുടെ 'കൊല'. ഡി.വൈ.എസ്‌.പി സാറെ....നല്ല പെട പെടപ്പന്‍ വാള... ദാ എത്തി...അങ്ങനെ അമ്മ പോലീസിനെയും, വശത്താക്കി. ഏത്തകുലയുടെയും, മീനിന്റെയും ഒക്കെ പിന്‍ബലത്തില്‍ ചില്ലറ കേസുകള്‍ ഒതുക്കിയും, വാറ്റുകാരെ സംരക്ഷിച്ചും ജനസമ്മതി ആര്‍ജ്ജിച്ചു. ഇതിനിടയില്‍ രവി ചേട്ടനു പാലായിലേക്കു ട്രാന്‍സ്ഫര്‍. പക്ഷെ ഇത്രയും ഭക്തരെ ഉപേക്ഷിച്ച്‌ പാലായിലേക്ക്‌ പോകാന്‍ അമ്മ തയ്യാറായില്ല. അങ്ങനെ രവി ചേട്ടന്‍ തനിയെ പാലായ്ക്ക്‌ പോയി.

ഒരു ദിവസം ദൂരദേശത്തു നിന്നും അമ്മയെ കാണാന്‍ ഒരു ഭക്തനും, ഉദ്ദേശ്യം 7 വയസ്സുള്ള ഒരു മകനും എത്തി. അമ്മയുടെ ദര്‍ശനം ലഭിച്ചതും ഈ ഭക്തന്‍ തെറി വിളി ആരംഭിച്ചു. ഈ ഭക്തന്‍ കൊടുങ്ങല്ലൂരു നിന്നാണോ വരുന്നതെന്ന് പോലും അവിടെ കൂടി നിന്നവര്‍ ശങ്കിച്ചു. ഭകതന്‍ തെറി വിളിച്ച്‌ വെളിയില്‍ ചാടി... അമ്മയും വെളിയില്‍ ചാടി ഒരു പിടി ഭസ്‌മം വാരി ഭക്തന്റെ മുഖത്തേക്കെറിഞ്ഞു...ഭക്തന്‍ അമ്മയുടെ മുരിഞ്ഞക്കാ മുടിയില്‍ കുത്തി പിടിച്ചു. എന്നിട്ടു ആക്രോശിച്ചു...എടീ______മോളേ...കൊക്കാലായില്‍ ശാന്തി ദേവി____നിനക്കിപ്പോള്‍ എന്നെ അറിയത്തില്ല അല്ലേ...ഈ നില്‍ക്കുന്ന നിന്റെ കൊച്ചനെ അറിയത്തില്ല അല്ലേ...എന്തിയേടി നിന്നെയും കൊണ്ട്‌ ഒളിച്ചോടിയ ആ എരപ്പ..... ഇത്രയും പറഞ്ഞ്‌ ഭക്തര്‍ കാണ്‍കെ നമ്മുടെ അമ്മയുടെ ചെകിട്‌ നോക്കി ഒറ്റ പെട. ആ ഒറ്റ പെടയോടെ കൊക്കാലയില്‍ ശാന്തീ ദേവി ആ പഴയ ലീലയായി മാറി. പിന്നെ ലീലയും തന്റെ കഴിവു പുറത്തെടുത്തു. സാരി അങ്ങോട്ട്‌ തൊറുത്ത്‌ കയറ്റി നാട്ടുകാര്‍ കാണ്‍കെ ഒരു ലൈവ്‌ റിയാലിറ്റി ഷോ. ഇതൊക്കെ കണ്ട്‌ പകച്ച്‌ നിന്ന. 7 വയസ്സുകാരന്‍ ‘ഉണ്ണി’, അമ്മേ, അമ്മേ എന്ന് വിളിച്ച്‌ അമ്മയെ കെട്ടി പിടിച്ച്‌ കരയുന്നതു കണ്ടപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വ്യക്തമായി. അമ്മ ഇതാ ശരിക്കും മദര്‍ ആയിരിക്കുന്നു. ഭക്തര്‍ പതുക്കെ പതുക്കെ പിന്‍വലിഞ്ഞു. അതായിരുന്നു അമ്മയുടെ അവസാനത്തെ ദര്‍ശനം. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അമ്മയുടെ മഠം, അവാര്‍ഡ്‌ പടം ഓടുന്ന തീയേറ്റര്‍ പോലെ ശൂന്യം. അമ്മ ഞങ്ങളുടെ പ്രദേശത്ത്‌ നിന്നും അപ്രത്യക്ഷയായിരിക്കുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ഓരോ ‘ദൈവങ്ങളും’ അകത്താകുന്ന വാര്‍ത്തകള്‍ കാണുമ്പോഴും മുരിഞ്ഞയ്ക്ക അമ്മ അകത്തായോ എന്ന് ഞാന്‍ നോക്കും. ഇല്ല ആ അമ്മയെ ഇതു വരെ കണ്ടില്ല. പണ്ടാരോ പറഞ്ഞതു പോലെ, “സംഭവിച്ചതെല്ലാം നല്ലതിനു...ഇനി സംഭവിക്കാനിരിക്കുന്നത്‌...അത്‌ നിന്റെയൊക്കെ അഹങ്കാരം കൊണ്ടാ... ആ അത്ര തന്നെ.”