Thursday, 1 January 2009

ന്യൂ ഇയര്‍ പുരാണംസ്‌.

എനിക്ക്‌ ഒരു അച്ചാച്ചന്‍ ഉണ്ടായിരുന്നു. പക്ഷെ അച്ചാച്ചന്‍ [രണ്ടെ മുക്കാല്‍ വയസ്സില്‍] ഞങ്ങളുടെ വീടിന്റെ മുന്‍പില്‍ കൂടി പോകുന്ന പമ്പാ-മണിമല ആറ്റില്‍ വീണു മരിച്ച്‌ പോയി. അതു കഴിഞ്ഞു രണ്ട്‌ വര്‍ഷത്തിനു ശേഷമാണെന്റെ ജനനം. ആയതിനാല്‍ ഞാന്‍ ഒരു അരുത്തി വാവയായി. അപ്പയും, അമ്മയും ഇല്ലാതെ പുറത്ത്‌ എന്തിനെങ്കിലും ഇറങ്ങിയാല്‍ രണ്ട്‌ പേര്‍ വാല്‍ നക്ഷത്രം പോലെ എന്റെ പുറകെ കാണും. പമ്പയാറ്റില്‍ ഇറങ്ങാതെ,കല്‍പ്പടവില്‍ ബക്കറ്റില്‍ വെള്ളം കോരി, രണ്ട്‌ പേരുടെ കാവലില്‍ ഇരുന്ന് കുളിക്കുന്നതാരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ട, അത്‌ ഞാന്‍ തന്നെ. ഞാന്‍ എന്റെ കുട്ടി സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങിയാല്‍ എന്റെ ഇടതു വശത്തും, വലതു വശത്തും വലിയ സൈക്കളില്‍ കമാന്‍ഡോസ്‌ എത്തും. ഒരിക്കല്‍ എന്നെയും കൊണ്ട്‌ ഇങ്ങനെ പോകുമ്പോള്‍ വഴിയെ പോയ ഒരു കാറുകാരന്‍ ചോദിച്ചു, എന്താടെ ഇത്‌...കുട്ടിയാനെയും കൊണ്ട്‌ കൊമ്പനും, പിടിയും പോകുന്നത്‌ പോലെയുണ്ടല്ലോ എന്ന്... കോളെജില്‍ കയറി ഒരു വര്‍ഷവും കൂടി എനിക്ക്‌ ഈ കമാന്‍ഡോ പീഡനം സഹിക്കേണ്ടി വന്നു. എന്റെ കസിന്‍ ബ്രദേര്‍സ്‌ കോളെജ്‌ പഠനം പൂര്‍ത്തിയാക്കിയതോടെ 1947 ആഗസ്റ്റ്‌ പതിനഞ്ചില്‍ ഇന്ത്യ സന്തോഷിച്ചതിലും അധികമായി ഞാന്‍ ആര്‍മാദിച്ചു.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി പോലെ സുഹൃത്തുക്കളെ കണ്ടാലറിയാം നമ്മുടെ സ്വഭാവം എന്ന് പുതിയ ഒരു പഴമൊഴി അമ്മ സൃഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു. ആയതിനാല്‍ എന്റെ കോളെജിലെ സുഹൃത്തുക്കളില്‍ ഒരുത്തന്‍ കഞ്ചാവ്‌ അടിച്ചിട്ടും, പലരും സിഗററ്റ്‌ വലിച്ചിട്ടും, മദ്യപിച്ചിട്ടും അവരൊക്കെ വീട്ടില്‍ മഹാത്മാക്കളും പുണ്യാത്മാക്കളുമൊക്കെയായി അവതരിച്ചു. അങ്ങനെ പ്രീ-ഡിഗ്രിയുടെ അവസാന നാളുകളില്‍ എന്റെ കൂട്ടുകാര്‍ വീട്ടില്‍ ചിലവഴിച്ച 7-8 മണിക്കൂര്‍ സമയം കൊണ്ട്‌ അവര്‍ അവരുടെ തനി നിറം മുഴുവന്‍ കാട്ടിയിട്ടാണു മടങ്ങിയത്‌. രണ്ട്‌ പേര്‍ പുലിമുട്ടില്‍ കുളിക്കാന്‍ വന്ന് പെണ്‍കുട്ടികളുടെ കുളി എന്‍ജോയി ചെയ്യുന്നത്‌, ഒരുത്തന്‍ ആറ്റിറമ്പില്‍ ഇരുന്ന് സിഗററ്റ്‌ വലിക്കുന്നത്‌ തുടങ്ങിയ പുണ്യ പ്രവര്‍ത്തികള്‍ വീട്ടിലെ കമാന്‍ഡോസിന്റെ കണ്ണില്‍പ്പെട്ടു. എന്തിനേറെ പറയുന്നു...ഇവന്മാരുടെ 'ഈ ചില്ലറ' പ്രകടനങ്ങള്‍ കൊണ്ട്‌ വീട്ടിലെ എന്റെ സെന്‍സെക്‌ക്‍സ്‌ കുത്തനെ ഇടിഞ്ഞു. പിന്നെ ഇനിയും ദൈവത്തെ ഓര്‍ത്ത്‌ ഇത്തരം കൂട്ടുകാരെ വീട്ടില്‍ കൊണ്ട്‌ വരരുതെയെന്ന് താഴ്മയായി അപേക്ഷിച്ച്‌ എന്റെ മാനം ചവിട്ടിയരച്ചു.

ഏതായാലും പ്രീ-ഡിഗ്രി ഒരു വിധം കരയക്കടുപ്പിച്ചു. പിന്നെ ബി.കോം. ബി.കോം രണ്ടാം വര്‍ഷം രണ്ടാമത്തെ പാരലല്‍ കോളെജില്‍ "പാച്ചാന്‍" ചെന്നപ്പോള്‍ ഒരു പുതിയ സുഹൃത്തിനെ കിട്ടി. അനു ശങ്കര്‍ എന്ന ചുള്ളന്‍. സ്വന്തമായി ഹീറോ ഹോണ്ടയുള്ളവന്‍. കൂടാതെ ഷെയര്‍ ബിസിനസ്സ്‌ നടത്തി പത്ത്‌ പുത്തന്‍ സ്വന്തമായി ഉണ്ടാക്കുന്നവന്‍. അനു ശങ്കറുമായിട്ടുള്ള കൂട്ടുക്കെട്ട്‌ ഞങ്ങള്‍ക്ക്‌ എല്ലാത്തരത്തിലും ആനന്ദദായകമായിരുന്നു. ഷെയര്‍ ബിസിനസ്സില്‍ ലാഭം കിട്ടിയാല്‍ ഉഗ്രന്‍ ഭക്ഷണം, സിനിമ എന്നിവകള്‍ അനു അങ്ങ്‌ ഏറ്റെടുത്തു. സ്പോണ്‍സറിനു നല്ലതു വരുത്തണെയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും ഓഹരി സൂചികയിലേക്ക്‌ ചുമ്മാതെ നോക്കി കൊണ്ടെയിരുന്നു.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അനു പുതിയ ഒരു ഐഡിയായുമായി രംഗത്തു വന്നു. അക്കൊല്ലത്തെ ഡിസംബര്‍ 31 കോവളത്തു ആഘോഷിക്കാം. ഹോട്ടല്‍, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ എല്ലാം അനു വക. ഹോ!!! കേട്ടപ്പോള്‍ തന്നെ എന്റെ മേലാസകലം കോരിത്തരിച്ചു. എല്ലാവരും അനുവിനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കോവളത്തെക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പക്ഷെ എന്റെ കാര്യം എനിക്കല്ലെ അറിയൂ. ഈ കാര്യം നടക്കണമെങ്കില്‍ ആദ്യം അമ്മ കനിയണം. അമ്മയെ സോപ്പിടുക അത്ര എളുപ്പമുള്ള കാര്യമല്ല. മഹാത്മാ ഗാന്ധിയെ പോലെയുള്ള അപ്പയെ എങ്ങനെയും സോപ്പിടാം. പക്ഷെ അമ്മ. പ്രത്യേകിച്ച്‌ താന്‍ ഒരു ദിവസം വീട്ടില്‍ നിന്ന് മാറി നിന്നുള്ള മാമാങ്കം..... പിന്നെ കോവളം.... പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്‌ ആണവ പ്രശ്നത്തില്‍ തല പുകച്ചതിനേക്കാള്‍ കൂടുതല്‍ ഞാനീ വിഷയത്തിന്റെ മുന്‍പില്‍ തലപുകച്ചു. എന്നിട്ടും എനിക്ക്‌ യാതൊരു ഐഡിയായും കിട്ടിയില്ല. അവസാനം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഞാനീ വിഷയം അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ ബൂമറാങ്ങെന്ന സാധനം എറിയുന്നവന്റെ കൈയ്യില്‍ തന്നെ വരുമെന്ന് പഠിച്ചിട്ടുള്ള ഞാന്‍, 'ഇതിന്റെ' ശക്തമായ തിരിച്ച്‌ വരവ്‌ കണ്ട്‌ ഞെട്ടി പോയി. അന്ന് നമ്മുടെ വീട്ടില്‍ വന്നപ്പോള്‍ പുലിമുട്ടില്‍ പെണ്ണുങ്ങള്‍ കുളിച്ച്‌ കൊണ്ടിരുന്നത്‌ പാത്ത്‌ നിന്ന് നോക്കിയവന്മാരാ ഇന്ന് കോവളത്ത്‌ തുണിയും മണിയും ഉടുക്കാത്ത വര്‍ഗ്ഗത്തിന്റെയടുത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോണത്‌. വിട്ടാലും മതി …..ഭേഷായി... ഇങ്ങനെ അമ്മ ‘പഴമ്പുരാണംസിന്റെ’ കെട്ടഴിച്ചിട്ടപ്പോള്‍ തന്നെ ഞാന്‍ നിനച്ചു.... ഒരു 5 വര്‍ഷം കഴിഞ്ഞാലും തനിക്ക്‌ കോവളത്ത്‌ ഒറ്റയ്ക്ക്‌ പോകാന്‍ പറ്റില്ല. ഞാന്‍ കൂടുതല്‍ തര്‍ക്കത്തിനു ഒന്നും പോകാതെ പോയി കിടന്നുറങ്ങി.

ഡിസംബര്‍ 29, ഡിസംബര്‍ 30 എന്നീ ദിവസങ്ങളില്‍ തന്റെ കൂട്ടുകാരുടെ കോവള യാത്രയുടെ ഒരുക്കത്തെ പറ്റി, അനു ശങ്കറിന്റെ സ്പോണ്‍സറിങ്ങിനെ പറ്റി ഒക്കെ പെന്തക്കോസ്തിലെ പാസ്റ്ററന്മാര്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യ ഭാഷ വെച്ച്‌ അലക്കുന്നതു പോലെ ഞാനും ഇടയ്ക്ക്‌ ഇട പറഞ്ഞു കൊണ്ടെയിരുന്നു. പക്ഷെ ആരും പ്രതികരിച്ചതേയില്ല. അങ്ങനെ എന്റെ കൂട്ടുകാര്‍ എന്നെ കൂടാതെ ഡിസംബര്‍ 31 നു രാവിലെ ട്രയിനില്‍ തിരുവന്തപുരത്തേക്കു യാത്രയായി.

ഡിസംബര്‍ 31 അര്‍ദ്ധ രാത്രി മുതല്‍ ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ കൂടും. ആ വര്‍ഷം ദൈവം ചെയ്തു തന്ന നന്മകള്‍ക്ക്‌ സ്തോത്രം ചെയ്യും. ഇത്തവണയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ കൂടി സ്തോത്രം പറഞ്ഞിട്ടും എന്റെ മുഖം പിണറായിയുടെ മുഖം പോലെ വീര്‍ത്തിരുന്നു. കൂട്ടുകാര്‍ അവിടെ ആടി തിമിര്‍ത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....പൊടിയാടിക്കാരനായ താന്‍ തനി പൊടിയാടി സ്റ്റയിലില്‍ വീട്ടില്‍ പ്രാര്‍ത്ഥനയും മറ്റുമായി പുതുവത്സരം ഘോഷിക്കുന്നു. ശത്രുക്കള്‍ക്ക്‌ പോലും ഈ ഗതി വരുത്തരുതെയെന്ന പ്രാര്‍ത്ഥനയോടെ ഉറക്കം വരാത്ത രാത്രിയുമായി താന്‍ അന്നത്തെ രാത്രി തള്ളി നീക്കി. അങ്ങനെ പുതു വര്‍ഷം... ഞാന്‍ മനോവിഷമത്തോടെ കട്ടിലില്‍ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം കാപ്പിയുമായി, പത്രം വായിക്കാനായി ചെന്നപ്പോള്‍ അമ്മ അല്‍പം നടുക്കത്തോടെ പറഞ്ഞു, എടാ, ദേ ഇത്‌ കണ്ടോ....ഇന്നലത്തെ നിന്റെ കോവളത്തു പോയ ഫ്രണ്ട്സ്‌ അകത്തായി. വാര്‍ത്ത വിശദമായി അകത്തുണ്ട്‌, ഒപ്പം ഫ്രണ്ട്സിന്റെ മുഖം പൊത്തിയുള്ള ഫോട്ടൊയും.. എനിക്ക്‌ ഇത്‌ വിശ്വസിക്കാനായില്ല...എന്നാലും തലേന്നത്തെ നീരസം മുഖത്ത്‌ കാട്ടി കൊണ്ട്‌ അമ്മയുടെ കൈയില്‍ നിന്ന് പത്രം വാങ്ങി വാര്‍ത്ത ഒന്ന് രണ്ട്‌ ആവര്‍ത്തി വായിച്ചു. ഫോട്ടോ നോക്കി... കൂട്ടത്തില്‍ പോയ ഒരുത്തന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരും പോലീസ്‌ റിമാന്‍ഡില്‍.


പുതുവത്സര ആഘോഷത്തിനിടെ വിദേശ വനിതയെ അക്രമിക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ്‌ പിടിച്ചു. രാത്രി 12.00 മണിക്ക്‌ വിളക്കുകള്‍ അണച്ച സമയത്താണു വിദേശ വനിതയുടെ പുറകില്‍ മത്താപ്പൂ കത്തിച്ച്‌ പേടിപ്പിക്കാന്‍ ശ്രമിച്ച ഇവരെ മഫ്‌റ്റിയില്‍ ഉണ്ടായിരുന്ന പോലീസാണു പിടിക്കൂടിയതു. തുടര്‍ന്നുള്ള വാര്‍ത്ത വായിക്കാന്‍ എനിക്ക്‌ ശക്തിയില്ലായിരുന്നു. അമ്മ ആ ഫോട്ടോയില്‍ നോക്കിയിരുന്നിട്ട്‌ പറഞ്ഞു... ഹൊ ഇന്നലെ എന്തായിരുന്നു വര്‍ത്തമാനം. ഭക്ഷണം, താമസം എല്ലാം അനു വക. ഗോതമ്പ്‌ ഉണ്ട ഭക്ഷണം, ജയിലില്‍ താമസം...കുടിച്ച്‌ മറിഞ്ഞ്‌ കണ്ട മദാമ്മയുടെ ചന്തിക്കല്ലെ കോപ്പ്‌ പൊട്ടിക്കുന്നത്‌??? പോയി പ്രാര്‍ത്ഥിക്ക്‌...ദൈവം വലിയ ആപത്തില്‍ നിന്നും, നാണക്കേടില്‍ നിന്നുമല്ലെ വിടുവിച്ചത്‌... ഞാന്‍ ആ തക്കം മുതലാക്കി മുങ്ങി. എന്നാലും കുത്തുവാക്കുകള്‍, കളിയാക്കലുകള്‍ എല്ലാം ആവശ്യത്തിനു കിട്ടി. ഏതായാലും സത്യം…കണ്ണില്‍ കൊള്ളാനുള്ളത്‌ പുരികത്തില്‍ തട്ടി പോയി. ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു മനസ്സാ നന്ദി പറഞ്ഞു.

3-4 ദിവസം കഴിഞ്ഞിട്ടും ഇവരെ പറ്റി നോ ന്യൂസ്‌. ആരോടെങ്കിലും തിരക്കാന്‍ പറ്റുമോ? അങ്ങനെ ഒരു ദിവസം വി.ഐ.പി'സ്‌ തിരുവല്ലായില്‍ ലാന്‍ഡ്‌ ചെയ്തു. പക്ഷെ ഇവര്‍ ക്ലാസ്സില്‍ കയറിയില്ല. അനുവിനു രണ്ട്‌ വീശിയാലെ വിഷമം മാറൂ. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ചങ്ങനാശ്ശേരിയിലെ ഒരു ബാര്‍ ഹോട്ടലില്‍ അഭയം തേടി. ഞാന്‍ ടച്ചിങ്ങസ്‌ ടച്ചിയും, തംസ്‌ അപ്പ്‌ കുടിച്ചും ഇരുന്നു [ജയന്‍ ഹെലിക്കോപറ്റര്‍ പിടിച്ചു വലിച്ചു താഴ്ത്തുന്നത്‌ കണ്ട്‌, ഇന്ദ്രന്‍സ്‌ അതു പോലെ ചെയ്താല്‍ പാന്റും കൊണ്ട്‌ ഹെലിക്കോപറ്റര്‍ പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലായെന്ന് അറിയാവുന്നതു കൊണ്ടാണു നമ്മള്‍ തംസപ്പില്‍ ഒതുക്കുന്നത്‌]. ഹണി ബീ തലയ്ക്ക്‌ പിടിച്ച്‌ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അന്യോന്യം കുറ്റപ്പെടുത്താന്‍ തുടങ്ങി. അനു പറഞ്ഞു...ദോ...ഇവന്റെ ഒറ്റയൊരുത്തന്റെ അസുഖം. മദാമ്മമാരെ മണപ്പിച്ച്‌ മണപ്പിച്ച്‌ നടന്നപ്പോഴെ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... അന്നരം കേള്‍ക്കുമോ? അവസാനം നാണക്കെട്ടത്‌ മിച്ചം...ഇനി നാട്ടുകാരുടെ, വീട്ടുകാരുടെ മുന്‍പില്‍ എങ്ങനെ നോക്കും. ഓരോരുത്തനെയും വലിച്ച്‌ പൊക്കി കോവളത്ത്‌ കൊണ്ട്‌ പോയതാ...അനു പിറു പിറുത്ത്‌ കൊണ്ടിരുന്നു. അനുവില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പ്പ്പോള്‍ ഒരു സഹപ്രതി കൂറു മാറി. അവന്‍ അല്‍പം കുഴച്ചിലോടെ പറഞ്ഞു, എഴ അനു...അധികം സ്‌മാര്‍ട്ടാകല്ലെ...ഞാനിപ്പ്പം ആ സംഭവം പഴയാന്‍ പോവാ...എന്താടാ..എന്താടാ..വേഗം പറ. ഞാന്‍ ആകാംക്ഷയോടെ തിരക്കി. അനു ഇടയ്ക്കു കയറി പറഞ്ഞു, അതെ ഇവന്റെ അമ്മയെ വീണ്ടും കെട്ടിക്കാന്‍ പോവ്വാ...അ കാര്യമാ... ഇതു കൂടി കേട്ടപ്പോള്‍ സഹപ്രതിക്കു ദേഷ്യം ഇരട്ടിച്ചു. അവന്‍ പറഞ്ഞു, എടാ...ഞങ്ങളെയെല്ലാഴെയും പോലീസ്‌ സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക്‌ കൊണ്ട്‌ പോകുന്നതിനു മുന്‍പ്‌ അവിടുത്തെ ഒരു ബുക്കില്‍ 'ഓട്ടോഗ്രാഫിട്ട്‌' കൊടുത്തിട്ട്‌ പോടാ ....ന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും പോയി ഒപ്പിട്ടു. അതില്‍ അനു ഒപ്പിട്ടതെങ്ങനെയാണെന്ന് അറിയാമോ? തള്ളവിരലില്‍ മഷി മുക്കിയാണോ....ഞാന്‍ ആകാംക്ഷയോടെ തിരക്കി. ഓഹ്‌..അതായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഓഹ്‌ , ഇവന്റെ അപ്പന്റെ പേരു നാറ്റിക്കേണ്ടായെന്ന് കരുതി ഇവന്‍ ശങ്കറിനെ മാറ്റി ഇവന്റെ ഒപ്പ്‌ അനു. എസ്‌ എന്നാക്കി അപ്പന്റെ അഭിമാനം സംരക്ഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഞങ്ങളുടെ ഓട്ടോഗ്രാഫ്‌ നോക്കിയിട്ട്‌, സര്‍ക്കിള്‍ അനുവിനെ നീട്ടി വിളിച്ചു, എടാ ഏനസ്സു മോനെ.... [ANUS എന്നാണു ഇപ്പോള്‍ പേരു വായിയ്ക്കുന്നത്‌]..ചുമ്മാതല്ല നീ മദാമ്മയുടെ ഹൗസിങ്ങും നോക്കി പോയതെല്ലെടാ ##@%&@@@ മോനെ... എന്ന് വിളിച്ചപ്പോളാ അനുവിനു അപ്പനെ ഒഴിവാക്കി ഒപ്പിട്ട്‌ നാറിയെന്നത്‌ ബോദ്ധ്യമായത്‌. ഏതായാലും ഈ ഏനസ്സ്‌ മോനെ ഞാന്‍ ഒന്ന് നെഞ്ചേറ്റി, സ്നേഹപൂര്‍വ്വം എടാ, ഏനസ്സ്‌ മോനെയെന്ന് വിളിച്ചപ്പോള്‍ ആ സര്‍ക്കിള്‍ വിളിച്ചതിലും അമറന്‍ തെറി വിളിച്ച്‌ അവന്‍ പ്രതിഷേധം അറിയിച്ചു.

കുറച്ച്‌ ദിവസത്തേക്ക്‌ പ്രതികള്‍ ആരും കോളെജില്‍ എത്തിയില്ല. ഏതായാലും അനുവിന്റെ കൈയ്യിലിരുന്ന കുറച്ച്‌ ഷെയര്‍ ഒക്കെ വിറ്റ്‌, ഒന്ന് ഒന്നര ലക്ഷം രൂപാ അവിടെയും ഇവിടെയും എറിഞ്ഞ്‌ ഈ പീഡന കേസ്‌ തേച്ചു മായിച്ചു കളഞ്ഞു. അനുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മദാമ്മയെ മിന്നാമിനുങ്ങ്‌ ആക്കാന്‍ ശ്രമിച്ചതിനു ചിലവു ഒന്നര ലക്ഷം രൂപാ [മദാമ്മയുടെയും മൂട്ടിലാണെല്ലോ വെട്ടം ഫിറ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌].

അങ്ങനെയിരിക്കെ ഒരു ദിവസത്തെ മനോരമ പത്രത്തില്‍ ഒരു പരസ്യം വന്നു. അതിങ്ങനെ.... I, Mr. Anu Shanker, S/O Mr............,holder of Indian Passport Number........hereby changed my name as ........Shanker

അങ്ങനെ ഏനസ്സ്‌ മോന്‍ മറ്റൊരു 'മോനായി' മാറി. കോളെജ്‌ പഠനം കഴിഞ്ഞ്‌ സുഹൃത്തുക്കള്‍ പല വഴിക്ക്‌ പിരിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഓസ്ട്രേലിയായില്‍ നിന്നും എനിക്ക്‌ ഒരു പുതുവത്സരാശംസ കാര്‍ഡ്‌ വന്നു....പൊട്ടിച്ച്‌ നോക്കിയപ്പോള്‍ നമ്മുടെ പഴയ ഏനസ്‌ മോന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ച ആശംസാ കാര്‍ഡ്‌. അവസാനം ഞാന്‍ അവനു ഒരു വലിയ എഴുത്ത്‌ എഴുതി. അതിങ്ങനെയായിരുന്നു....എടാ മോനെ, നീയെങ്ങനെയാടാ തിരുവല്ലായില്‍ നിന്നും ഓസ്ട്രേലിയായില്‍ ചാടിയത്‌? അവിടെയും ഷെയറും, സ്റ്റോക്കും, ബുള്ളും ഒക്കെയാണോ പരിപാടി. പിന്നെ ഞാന്‍ ആ സ്ഥലപേരു AUStralia തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ നിനക്കു എന്തു കൊണ്ടും പോകാന്‍ പറ്റുന്ന ഒരെ ഒരു സ്ഥലം ഇതു തന്നെയാണെന്ന് മനസ്സിലായി. അന്ന് ഒരു ന്യൂ ഇയറിനു തിരുവനന്തപുരത്ത്‌ ആ സര്‍ക്കിള്‍ നിനക്കിട്ട ഒരു പേരുണ്ടല്ലോ.... അ പേരിന്റെ 3 അക്ഷരങ്ങള്‍ ഇതില്‍ ഉണ്ട്‌:-A*US. പിന്നെ നിനക്ക്‌ മദാമ്മമാരെ കാണുമ്പോള്‍ ഉണ്ടായിരുന്ന ആ പഴയ അലര്‍ജി ഇപ്പോഴും ഉണ്ടോ????... SYDNEYയില്‍ താമസിച്ച്‌ നിന്റെ പഴയ സ്വഭാവം വല്ലതും പുറത്തെടുത്താല്‍, മോനെ, സിഡ്നി പോലീസ്‌ നിന്റെ 'കിഡ്നി' ഉടയ്ക്കുമെന്ന കാര്യം ഓര്‍ത്താല്‍ നല്ലതെന്നൊക്കെ പറഞ്ഞു “സ്നേഹപൂര്‍വ്വം” എഴുതിയ എഴുത്തിനു വളരെ കൃത്യമായി കാക്ക കാഷ്ഠത്തില്‍ ചവട്ടി തേച്ച പോലെ ഒരു കത്ത്‌ വന്നു...അന്ന് ചങ്ങനാശ്ശേരി ബാര്‍ ഹോട്ടലില്‍ വെച്ച്‌ വിളിച്ച പുഴുത്ത തെറിയെക്കാട്ടിലും കാഠിന്യമേറിയ തെറി. ഹൊ...ഇവന്‍ ഓസ്ട്രേലിയായില്‍ പോയിട്ടും പഴയത്‌ ഒന്നും മറന്നിട്ടില്ല. ചിലര്‍ വിമാനം കയറിയാല്‍ മലയാളം മറക്കും..പക്ഷെ ദേ ലവന്‍, മലയാളത്തിലെ ‘അ’ മുതല്‍ ‘അം’ വരെ ‘ക’ മുതല്‍ ‘മ’ വരെ എത്ര ഭംഗിയായി ഇപ്പോഴും ഉപയോഗിക്കുന്നു. പഴയ സിനിമാ നടന്‍ ജോസ്‌ പ്രകാശിന്റെ ഭാഷ കടമെടുത്താല്‍...വെല്‍ഡണ്‍ മൈ ബോയി...ഐ ആം റിയലി പ്രൗഡ്‌ ഓഫ്‌ യു....

Monday, 15 December 2008

അടി പുരാണം

എല്‍.കെ.ജി റ്റു ഒന്നാം ക്ലാസ്സ്‌ വരെ ഗുഡ്‌ ഷെപ്പേര്‍ഡ്‌ സ്ക്കൂള്‍, രണ്ടാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍, അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ എം.ജി.എം ഹൈസ്ക്കൂള്‍...ഈ വിദ്യാലയങ്ങളില്‍ നിന്നാണു ഞാനെന്റെ ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്‌.

നാലാം ക്ലാസ്സ്‌ വരെ അന്നത്തെ കൊച്ചു പ്രായത്തില്‍ അടിച്ച്‌ പൊളിച്ച്‌ നടന്ന്, ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ തന്നെ നമ്മളെ പൊക്കി പെണ്‍ക്കുട്ടികളുടെ അടുത്ത്‌ കൊണ്ടിരുത്തുന്ന ശിക്ഷണ നടപടികള്‍ സന്തോഷത്തോടെ സ്വീകരിച്ച്‌ ആര്‍മാദിച്ച്‌ നടന്നതിന്റെ അന്ത്യം കുറിച്ച്‌ കൊണ്ട്‌ അപ്പ എന്നെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ നിന്ന് പൊക്കി അപ്പയുടെ സ്വന്തം സ്ക്കൂളായ എം.ജി.എമ്മില്‍ കൊണ്ട്‌ ചേര്‍ത്തു.

അങ്ങനെ ഞാന്‍ റ്റൈയും, ഷൂസും, സോക്സും എല്ലാം ഉപേക്ഷിച്ച്‌ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒക്കെ ഇട്ട്‌ ചേച്ചിക്കൊപ്പം സ്ക്കൂളില്‍ പോയി….. ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിലാണു ക്രമീകരിച്ചിരിക്കുന്നത്‌. പുറത്ത്‌ നിന്ന് നോക്കിയാല്‍ ചെറുതായി തോന്നുമെങ്കിലും അകത്ത്‌ ആ ഓഡിറ്റോറിയത്തിനെ കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ വിഭാഗിച്ച്‌ പല ക്ലാസ്സായി വേര്‍തിരിച്ചിരിക്കുന്നു. ഭാഗ്യത്തിനു ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിന്റെ വാതിലിന്റെ അവിടെ തന്നെയാണു. ബെല്ല് അടിച്ച്‌ കഴിഞ്ഞാല്‍ ആദ്യം ഇറങ്ങി ഓടാമെന്നതാണു ആ ക്ലാസ്സിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യ ദിനത്തില്‍ ക്ലാസ്സ്‌ പത്ത്‌ മണിയോടെ അവസാനിച്ചു. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് ഫ്രണ്ട്‌ ബെഞ്ചില്‍ ആദ്യത്തെ സീറ്റില്‍ ബാഗ്‌ പ്രതിഷ്ഠിച്ച്‌ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരു അച്ചായന്‍ എന്നെ വിളിച്ചു. വെള്ള മുണ്ടും, ഷര്‍ട്ടും, കട്ടി മീശയുമുള്ള അച്ചായന്റെ വിളിയില്‍ തന്നെ എന്തോ ഒരു പന്തികേട്‌. ഭയ ഭക്തി ബഹുമാനത്തോടെ അച്ചായന്റെ അടുത്ത്‌ ചെന്നപ്പോള്‍ അച്ചായന്‍ കുറേ ചോദ്യങ്ങള്‍ എന്റെ നേര്‍ക്കെറിഞ്ഞു...നിന്റെ വീടെവിടെയാ?? നീ നേരത്തെ എവിടയാ പഠിച്ചത്‌??... ചോദ്യം ചെയ്യലിനിടയില്‍ മറ്റൊരു അച്ചായ്യനും ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു. ആ അച്ചായന്‍ ചോദിച്ചു, “ഏടെ... നിനക്കു ഇവിടുത്തെ ഹെഡ്‌ മാസ്റ്ററിന്റെ പേരറിയുമോ?” “ബേബി സാര്‍”...ഞാന്‍ പറഞ്ഞു...”എങ്കില്‍ നീ ബേബി സാര്‍, ബേബി സാര്‍ എന്ന് വേഗം വേഗം പറഞ്ഞെ”... പിന്നെ വെള്ളം അടിച്ച്‌ കോണ്‍ തെറ്റിയവരെ കണ്ടു പിടിക്കാന്‍ ബ്രെത്ത്‌ അനലൈസര്‍ ഇല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും പൊടിയാടിയില്‍ വാറ്റ്‌ അടിച്ച്‌ പോകുന്നവരെ പിടിക്കാന്‍ വരുന്ന പോലീസുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന സ്ഥിരം നമ്പേര്‍സ്‌ ആയ “മനീഷ കൊയരാളയുടെ റ്റൊയോട്ട കൊറോള”, “മസ്തിഷക്കത്തില്‍ ശസ്ത്രക്രിയ”, തുടങ്ങിയ നമ്പേര്‍സ്‌ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള എന്റെ മുന്‍പിലാ ഇവന്റെ ബേബി സാര്‍ എന്ന് മനസ്സില്‍ പറഞ്ഞ്‌...... ഞാന്‍, പട പടാന്ന് , “ബേബി സാര്‍, ബേബി സാര്‍” എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു ‘ചെറിയ നാറ്റം’ എനിക്ക്‌ കിട്ടി. ആയതിനാല്‍ ഞാന്‍ അല്‍പം ചമ്മലോടെ ബേബി സാറിനു സ്പീഡ്‌ കുറച്ചു തടിയൂരി. പിന്നീട്‌ എനിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി..ഈ അച്ചായന്‍സ്‌ ഒന്നും അച്ചായന്‍സേയല്ല....ഈ അച്ചായന്റെ അച്ചായന്‍സ്‌ വരെ ഇവിടെ പഠിക്കുന്നുണ്ട്‌. മാത്രവുമല്ല ഇവരുടെ കൂടെ പഠിച്ച പലരും ഇവിടെ സാറന്മാരുമാണത്രെ. സാവകാശത്തില്‍ അവിടുത്തെ ഓരോ സാറന്മാര്‍ വരുമ്പോഴും തൊട്ടടുത്ത ക്ലാസ്സിലെ ഈ അച്ചായന്‍സ്‌ ഞങ്ങള്‍ക്ക്‌ അവരുടെ ഇരട്ട പേരുകളും, അതു വന്ന വഴികളും പറഞ്ഞു തന്നു. ആയതിനാല്‍ സാറന്മാരുടെ യഥാര്‍ത്ഥ പേരിനേക്കാള്‍ മുന്‍പെ അവരുടെ അപര നാമങ്ങള്‍ ഞാന്‍ ഈ കൊച്ച്‌ ശരീരത്തില്‍ സൂക്ഷിച്ചു വെച്ചു. പിന്നീട്‌ ഇതില്‍ ഒരു അച്ചായന്‍ എന്റെ ബാച്ച്‌ മേറ്റാവുകയും, പിന്നീട്‌ ഞാന്‍ സീനിയറാവുകയും ഒക്കെ ചെയ്തിട്ടും അച്ചായന്‍ ഒരു വടവൃക്ഷമായി ആ ക്ലാസ്സില്‍ വേരും പടര്‍ത്തിയിരുന്നു. അവസാനം അച്ചായന്‍ വോളന്റ്‌റി റിറ്റയര്‍മന്റ്‌ വാങ്ങി എം.ജി.എമിന്റെ പടിയിറങ്ങിയപ്പോള്‍ ജോര്‍ജ്ജ്‌ ബുഷ്‌ പടിയിറങ്ങുന്ന വൈറ്റ്‌ ഹൗസ്‌ പോലെയായി എം.ജി.എം.

ദിവസങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍ കടന്നു പോയതോടു കൂടി ഞങ്ങളും അവിടെ താരങ്ങളായി. സയന്‍സ്‌ അദ്ധ്യാപകന്‍ കുരുവിള സാറാണു [ശരിയായ പേരല്ല] ഞങ്ങളുടെ ബോറന്‍ സാര്‍. ക്ലാസ്സില്‍ വന്നാല്‍ കാലു പൊക്കി നേരെ മേശപ്പുറത്ത്‌ സ്ഥാപിക്കും. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ പുറകിലേക്ക്‌ വലിച്ചിട്ട്‌ ഒരു ഇരുപ്പ്‌. അന്ന് പഠിക്കാനുള്ള ഭാഗം വായിയ്ക്കാന്‍ പറഞ്ഞിട്ട്‌ അന്തസ്സായി പുള്ളി ചെറിയ കാറ്റും ഏറ്റു ധ്യാന നിരതനാകും. സാറിന്റെ ധ്യാനത്തിനു എന്തെങ്കിലും തരത്തില്‍ ഭംഗം വന്നാല്‍, കക്ഷി ആദ്യം കാണുന്ന ആളിന്റെ തന്തക്കും തരവഴിക്കും വിളിക്കും. ഫസ്‌റ്റ്‌ ബെഞ്ചില്‍ ഫസ്‌റ്റായി ഇരിക്കുന്ന നിരപരാധിയും, ലോല ഹൃദയനുമായ ഞാന്‍ പലപ്പോഴും സാറിന്റെ ദൃഷ്ടിയില്‍ പെടുകയും, സാര്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ എന്റെ പിതാവിനും, പിതാമഹനും ‘തുമ്മാനുള്ള’ അവസരം ഒരുക്കി തരുകയും ചെയ്തു തന്നിരുന്നു.

ആ കാലഘട്ടത്തിലെ ഹിറ്റ്‌ പാട്ടായ, ♪♪ ആണായാല്‍ പെണ്ണ്‍ വേണം...പെണ്ണായാല്‍ ആണു വേണം..ആണിന്റെ മുഖത്തൊരിത്തിരി മീശ വേണമെന്ന ♪♪ പാട്ട്‌ ഞാന്‍ എന്റെ രാഹുവില്‍ കേതു ഉച്ചസ്ഥായിയില്‍ നിന്ന ഏതോ ഒരു സമയത്ത്‌ മീശയില്ലാത്ത ഒരു സാറിന്റെ മുന്‍പില്‍ വെച്ച്‌ പാടിയതിനു ചുമ്മാ കോഴികുഞ്ഞിനെ പരുന്ത്‌ റാഞ്ചുന്ന ലാഘവത്തോടെ എന്നെ സാര്‍ പൊക്കി വായുവില്‍ നിര്‍ത്തി രണ്ട്‌ താങ്ങ്‌ താങ്ങി നിലത്ത്‌ നിര്‍ത്തി. ‘വായു മര്‍ദ്ദം’ ആയത്തില്‍ അടി അത്ര കാര്യമായി എനിക്ക്‌ ഏല്‍ക്കാഞ്ഞ കാരണത്താല്‍ അന്നു ഞാന്‍ കരയാതെ പിടിച്ചു നിന്നു.

പിന്നീട്‌ ഒരിക്കല്‍ ഞങ്ങളുടെ ക്രാഫ്റ്റ്‌ റ്റീച്ചര്‍ എന്നെ പാട്ട്‌ പാടാന്‍ വിളിച്ചപ്പോള്‍... റ്റീച്ചറിന്റെ കസേരയ്ക്ക്‌ പിന്നില്‍ പോയി നിന്ന്, ടീച്ചറിന്റെ മൈക്ക്‌ പോലെ കെട്ടി വെച്ചിരുന്ന കാര്‍കൂന്തലില്‍ റ്റീച്ചര്‍ അറിയാത്ത രീതിയില്‍ ഒരു മൈക്ക്‌ ടെസ്റ്റിംഗ്‌ നടത്തുന്നതിന്റെ ആക്ഷന്‍ കാട്ടിയത്‌ അങ്ങേപ്പുറത്ത്‌ റ്റീച്ചറിനെ റ്റ്യൂണ്‍ ചെയ്തു കൊണ്ടിരുന്ന ആണ്‍ സാര്‍ കാണുകയും ആ പെര്‍ഫോര്‍മെന്‍സിന്റെ മാര്‍ക്ക്‌ അപ്പോള്‍ തന്നെ കിഴുക്കിന്റെ രൂപത്തില്‍ എന്റെ തുടയില്‍ ലഭിക്കുകയും ചെയ്തു.

ഒരു ദിവസം കുരുവിള സാര്‍ പതിവു പോലെ തന്റെ ക്ലാസ്സ്‌' ‘ഗംഭീരമായി’ നടത്തി കൊണ്ടിരിക്കുന്ന സമയത്ത്‌, ഇവിടെ കാറ്റിനു സുഗന്ധം എന്ന പാട്ടിലെ പോലെ ഒരു
' വല്ലാത്ത സുഗന്ധം' പരക്കുകയും, കുരുവിള സാറിന്റെ മൂക്കില്‍ പഞ്ഞി ഇല്ലാഞ്ഞ കാരണത്താല്‍ കുരുവിള സാര്‍ ഞെട്ടി എഴുന്നേല്‍ക്കുകയും ഉറക്കത്തില്‍ പിച്ചും പേയ്യും പറയും പോലെ..' അ … ആ …എല്ലാവരും ഗ്രൗണ്ടില്‍ പോയി കളിച്ചോ'യെന്ന് പറഞ്ഞു തീരും മുന്‍പേ ഞങ്ങള്‍ ഗ്രൗണ്ടിലെത്തി. ഗ്രൗണ്ടില്‍ ചെന്ന് കളിച്ച്‌ കൊണ്ടിരുന്നപ്പോഴാണു എന്റെ പോക്കറ്റിലിരിക്കുന്ന പയലറ്റ്‌ പേന ദൃഷ്ടിയില്‍ പതിഞ്ഞത്‌. ആ ഇനി ഇത്‌ കളഞ്ഞു പോയിട്ട്‌ വേണം ബാക്കി വീട്ടില്‍ നിന്ന് കിട്ടാന്‍. പിന്നെ ഒട്ടും ആലോചിക്കാതെ ക്ലാസ്സിലേക്ക്‌ ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍, ഞങ്ങളുടെ ക്ലാസ്സില്‍ സേവനവാരം നടക്കുന്നു. ആ അവിടെ എന്തെങ്കിലും നടക്കട്ടെ. ആര്‍ക്കു ചേദം. കുരുവിള സാറിനോട്‌ അനുവാദം വാങ്ങി ഞാന്‍ ക്ലാസ്സില്‍ കയറി, പയലറ്റ്‌ പേനയും വെച്ച്‌, ക്ലാസ്സില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയും...കുരുവിള സാറിന്റെ ഫാദര്‍ പെട്ടെന്ന് മാറി. പുള്ളിക്കാരന്‍ ചൂരലും എടുത്ത്‌ ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍വാതില്‍ കൊട്ടിയടച്ച്‌, എന്നെ വളരെ പൈശാചികവും മൃഗീയവുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കതകും തള്ളി തുറന്ന് പുറത്ത്‌ ചാടിയപ്പോള്‍ വോഡഫോണിലെ പട്ടിയെ പോലെ, സാര്‍ എന്റെ പിന്നാലെ…[അയ്യോ, അച്ചു മാമന്‍ കേള്‍ക്കെണ്ട] .അടി തുടര്‍ന്നു..അവസാനം സ്റ്റെപ്പില്‍ ഞാന്‍ വീണു. ഉരുണ്ട്‌ വീണു കിടന്ന എന്റെ കാലില്‍ ചവിട്ടി പിടിച്ച്‌, സാര്‍ വോഡഫോണ്‍ തകധിമി എന്നില്‍ പ്രാക്ടീസ്‌ ചെയ്തു. ഞാന്‍ വലിയ വായില്‍ ശരണം വിളിച്ചു. അവസാനം രണ്ട്‌ പെണ്‍ ടീച്ചറന്മാര്‍ വന്ന് എന്നെ രക്ഷിച്ചെടുത്തു. സ്പീഡ്‌ ബ്രേക്കര്‍ ഘടിപ്പിച്ച വണ്ടി 180 കിലോമീറ്റര്‍ സ്പീഡില്‍ പായുന്നത്‌ പോലെ സകല വേദനകളും മറന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക്‌ ഓടി. ഓവര്‍ സ്പീഡില്‍, എയര്‍ ഹോണും അടിച്ച്‌ വന്ന എന്നെ കണ്ട്‌ എന്റെ സഹപാഠികള്‍ ഞെട്ടി. അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരും തങ്ങള്‍ക്കുള്ള ഞെട്ടലും, അനുശോചനവും രേഖപ്പെടുത്തി. എന്ത്‌ പറ്റിയെന്ന ചോദ്യത്തിനു... അശ്വമേധം പ്രദീപിനു പോലും ഉത്തരം കിട്ടാത്ത ചോദ്യമായി അത്‌ മാറി. ഏതായാലും കരഞ്ഞും പിഴിഞ്ഞും ഞാന്‍ നാലു മണി വരെ ക്ലാസ്സില്‍ ഇരുന്ന് സ്‌ക്കൂളിലെ സഹതാപ തരംഗം മുഴുവന്‍ നേടി, വീട്ടില്‍ ഒരു പരുവത്തില്‍ ചെന്നു. ഗേറ്റ്‌ കണ്ടതും, പഞ്ചാര മില്ലില്‍ സയറന്‍ അടിക്കുന്നതിലും ഉച്ചത്തില്‍ കരഞ്ഞ്‌ കൊണ്ട്‌ കയറി ചെന്ന എന്നെ കണ്ട്‌ എല്ലാവരും അമ്പരന്നു പോയി. എന്റെ ദേഹത്തിലെ അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരുടെയും ചോര തിളച്ചു...എന്തിനാടാ ഇങ്ങനെ നിന്നെ തല്ലിയത്‌??? എന്ന ചോദ്യത്തിനു മാത്രം എന്റെ കൈയില്‍ ഉത്തരവും ഇല്ല..ക്ലൂവും ഇല്ല... അപ്പ അന്ന് ദോഹയില്‍ ആണു. അമ്മ അവസാനം അമ്മാച്ചനെ വിളിച്ച്‌ വരുത്തി. വെട്ട്‌ ഒന്ന്, മുറി രണ്ട്‌ എന്ന തത്വവുമായി നടക്കുന്ന [രാഷ്ട്രീയക്കാരനും] കൂടിയായ അമ്മാച്ചനു അപ്പോള്‍ തന്നെ സാറിന്റെ വീട്ടില്‍ പോയി പൂശണം. പിന്നെ ഏറ്റവുമൊടുവില്‍ അമ്മാച്ചന്‍ തിരുവല്ലാ പോലീസ്‌ സ്റ്റേഷനില്‍ പരാതി കൊടുത്തു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ രൂപം ആകെ മാറി. ശരീരം മുഴുവന്‍ നീരു വെച്ച പോലെയായി.അടിയുടെ പാട്‌ ദേഹത്തുടെ നീളം ഏത്തയ്ക്കാപ്പ കനത്തില്‍ കിടക്കുന്നത്‌ കണ്ട്‌ അമ്മ കുരുവിള സാറിനെ രാവിലെ മുതല്‍ പ്രഭാത ഭേരി പോലെ തലയ്ക്ക്‌ കൈ വെച്ച്‌ പ്രാകാന്‍ തുടങ്ങി. കൂടാതെ അമ്മ എനിക്ക്‌ പൊതു അവധിയും തന്നു. അതിനു ശേഷം മുറിവെണ്ണ ദേഹത്ത്‌ തേച്ച്‌ അമ്മ എന്നെ ആശ്വസിപ്പിച്ചു.. ദുഖാചരണം നടത്തുമ്പോള്‍ ദേശീയ പതാക താഴ്‌ത്തി കെട്ടും പോലെ ദേഹത്തെ അടി പാടുകള്‍ വീട്ടില്‍ വരുന്നവരെ കാണിക്കാന്‍ പാകത്തില്‍ ഒരു തോര്‍ത്ത്‌ അരയില്‍ താഴ്‌ത്തി കെട്ടി ഞാന്‍ ദുഖാചരണം നടത്തി.

ഏകദേശം 10.30 മണിയോടേ വീട്ടിലേക്ക്‌ ഒരു ഫോണ്‍ കോള്‍ വന്നു- സാറിനെ സ്‌ക്കൂളില്‍ നിന്ന് പൊക്കി സ്റ്റേഷനില്‍ കൊണ്ട്‌ വന്നു എന്ന മനം കുളിര്‍പ്പിക്കുന്ന വാര്‍ത്ത... ആ, @$@#@**@ , അവിടെ കുറച്ച്‌ നില്‍ക്കട്ടെ...ഞാന്‍ പിന്നെ സൗകര്യം പോലെ അങ്ങ്‌ വന്നേക്കാമെന്ന് അമ്മാച്ചന്‍ എസ്‌.ഐയോട്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ പിന്നെയും ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെട്ടു. ഒരു 11.00 മണിയോടെ ഒരു കാറില്‍ ഹെഡ്‌മാസ്റ്ററും, ടീമും വീട്ടില്‍ വന്നു. ദുഖാചരണം പ്രമാണിച്ച്‌ സില്‍ക്ക്‌ സ്മിതെയെയും ഞെട്ടിച്ച്‌ നില്‍ക്കുന്ന എന്റെ വസ്ത്രധാരണം ഹെഡ്‌മാസ്റ്റര്‍ കണ്ടതിന്റെ ജാള്യതയോടെ ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും അതേ വേഷത്തില്‍ അമ്മാച്ചന്‍ എന്നെ പൊക്കി അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്ററിന്റെ ഹെഡ്‌, അമ്മാച്ചന്‍ തിന്നു കളയുമോയെന്ന് വരെ ഞാന്‍ ചിന്തിച്ചു പോയ നിമിഷങ്ങള്‍. വീട്ടില്‍ വന്ന എല്ലാവരും കുരുവിള സാര്‍ ചെയ്തത്‌ അങ്ങേയറ്റം തെറ്റാണെന്ന് സമ്മതിച്ചെങ്കിലും ഇവര്‍ക്കും എന്നെ എന്തിനാണു തല്ലിയതെന്ന് അറിയില്ലായിരുന്നു. ഏതായാലും അമ്മാച്ചനും, സാറന്മാരും കൂടി പോലീസ്‌ സ്റ്റേഷനില്‍ എത്തി. അമ്മാച്ചനു കുരുവിള സാറിനെ കണ്ടപ്പോള്‍ പ്രഷര്‍ കൂടി. കുരുവിള സാര്‍ മാപ്പ്‌ പറഞ്ഞപ്പോള്‍, അമ്മാച്ചന്‍:- തല്ലിയത്‌ എന്തിനാണെന്ന് അറിഞ്ഞിട്ട്‌ മാപ്പും, ‘കോ...’ പറഞ്ഞാല്‍ മതിയെന്നായി. അമ്മാച്ചന്റെ ദേഷ്യത്തിനു മുന്‍പില്‍ ഒരു നാര്‍ക്കോ അനാലിസൊ, ബ്രയിന്‍ മാപ്പിങ്ങോ ഒന്നും നടത്താതെ തന്നെ സാര്‍ മനസ്സു തുറന്നു.

സംഭവ ദിവസം ക്ലാസ്സിലെ ഏതോ ഒരു പെണ്‍ക്കുട്ടി ക്ലാസ്സ്‌ ഒരു ‘കക്കൂസ്സാക്കി’ മാറ്റി. ഉറക്കത്തില്‍ ആണെങ്കിലും ഒരു പോലീസ്‌ നായയുടെ ഘ്രാണ ശേഷിയുള്ള മൂക്കിന്റെ പിന്‍ബലത്തില്‍ സാറിനു കാര്യങ്ങള്‍ വ്യക്തമായി. അതിനെ തുടര്‍ന്ന് ഞങ്ങളെ ഗ്രൗണ്ടില്‍ വിട്ടിട്ട്‌ ക്ലാസ്സില്‍ നിന്ന് തകൃതിയായി ഡെഡ്‌ ബോഡി മറവ്‌ ചെയ്ത്‌, തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരുന്ന സമയത്താണു ‘സിസ്റ്റര്‍ അഭയായെ’ പോലെ ഞാന്‍ അവിടെക്ക്‌ കടന്നു ചെന്നത്‌. കാണരുതാത്തത്‌ താന്‍ കണ്ടു എന്ന് മനസ്സിലാക്കിയ സാര്‍, പിന്നെ ഒരു ഫാദര്‍ കോട്ടൂരാനായതാണു ഈ അടിയുടെ പിന്നിലെ മനശാസ്ത്രം. സാര്‍ ഈ വിഷയത്തില്‍ മാപ്പ്‌ പറഞ്ഞു പ്രശനങ്ങള്‍ അവസാനിച്ചു. അതു കഴിഞ്ഞു സാര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നിട്ടുമില്ല..എന്റെ അപ്പയും, അപ്പച്ചനും കാര്യമായി തുമ്മിയിട്ടുമില്ല.

ഈ സംഭവം കഴിഞ്ഞതോടെ സാറന്മാര്‍ക്ക്‌ എല്ലാം എന്നെ ഭയങ്കര ഇഷ്ടം. ഞാന്‍
♪♪ എന്തു പറഞ്ഞാലും, [എന്തു ചെയ്താലും] നീ എന്റേതല്ലെ വാവേ ♪♪ എന്ന് ഉര്‍വ്വശി പാടിയത്‌ പോലെ എല്ലാവരും പാടി എന്നെയങ്ങ്‌ സ്നേഹിച്ചു. പിന്നെ എട്ടാം ക്ലാസ്സ്‌ വരെ അല്ലലും അലച്ചിലും ഇല്ലാതെ ഞാന്‍ കഴിഞ്ഞു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പള്ളിയില്‍ അച്ചനായ അവിടുത്തെ ഇംഗ്ലീഷ്‌ സാറും 'അറിവില്ലാതെ' എന്റെ നെഞ്ചത്ത്‌ കയറി... പിന്നെ അച്ചനും ഇമ്മിണി ഭേദപ്പെട്ട പണി കൊടുത്തു. അതോടെ ആ ഫാദര്‍ പൂതൃക്കായുടെയും അസുഖം കുറഞ്ഞു.

1988ല്‍ ഞാന്‍ സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ്സ്‌ പാസ്സായി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നെക്കാട്ടിലും കൂടുതല്‍ അവിടുത്തെ സാറന്മാര്‍ക്കാണു ആശ്വാസം പകര്‍ന്നതെന്ന സത്യം ഇനിയും ഊന്നി ഊന്നി പറയേണ്ടതില്ലല്ലോ..അല്ലെ...