സ്ത്രീകള്‍ കഴിഞ്ഞാല്‍ ടിയാന്റെ വീക്ക് പോയിന്റ് ഉത്സവങ്ങളാണു. ഉത്സവ പറമ്പ്, പെണ്‍ക്കുട്ടികളുടെ വിഹാര കേന്ദ്രമായതിനാല്‍ നമ്മുടെ ജോയപ്പനും അത് 'വികാര' കേന്ദ്രമായി തീര്‍ന്നു. അങ്ങനെയിരിക്കെ കാവുംഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു ജോയപ്പന് പോയി. അന്ന് അവിടെ കലാഭവന്റെ മിമിക്സ് പരേഡാണു മുഖ്യ പരിപാടി. ഏതു കലാപരിപാടികളാണെങ്കിലും പെണ്‍പടകളുടെ സമീപം മാത്രമേ ജോയപ്പന് ഇരിക്കാറുള്ളു. അന്ന് ജോയപ്പന് ചെന്നപ്പോള്‍ തന്നെ സ്റ്റേജും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. ജോയപ്പന് പരിസരം നന്നായി വീക്ഷിച്ചപ്പോള്‍ കുറച്ച് പെണ്‍പടകളുടെ സമീപത്ത് ഒരു ചന്തി കഷ്ടിച്ച് ഉറപ്പിക്കാനുള്ള സ്ഥലം തരിശ് കിടക്കുന്നു. ജോയപ്പന് അവിടേക്ക് നീങ്ങിയപ്പോള്‍, എന്തോ കാലില്‍ തട്ടി. കുനിഞ്ഞ് നോക്കിയപ്പോള്‍ ഒരു പത്രം വെച്ച് പുതപ്പിച്ചിട്ടിരിക്കുന്ന കുഞ്ഞിനെയാണു തട്ടിയതെന്ന് മനസ്സിലായി. ഉടനെ തന്നെ ജോയപ്പന് കുനിഞ്ഞ്, കുഞ്ഞിനെ തൊട്ട് ഒരു സോറി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയര്‍ന്നതും ഒപ്പമായിരുന്നു. കൂടിയിരുന്ന പെണ്ണുങ്ങള് പറഞ്ഞു-ദേണ്ടെടി ഒരുത്തന് ആനപിണ്ഡത്തിനു സോറി പറയുന്നു.[ ആന പിണ്ഡം അവിടെ കിടന്ന കാരണം അവിടെ കൂടിയിരുന്നവര്‍ അത് പത്രം വെച്ച് മൂടിയിരുന്നത് കണ്ട് കുഞ്ഞാണെന്നു ആ ലോല ഹൃദയം തെറ്റിദ്ധരിച്ചതാണു ഇത്രയും അട്ടഹാസത്തിനിടയാക്കിയത്] ജോയപ്പനു ഈ അപമാനം താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ അവിടുന്ന് നേരെ അടുത്ത പട്ട കടയില്‍ പോയി നന്നായി അങ്ങ് പൂശി. പട്ട ഷാപ്പില് നിന്ന് വേച്ച് വേച്ചിറങ്ങിയ ജോയപ്പന് നടു റോഡിലിറങ്ങി ട്രാഫിക്ക് നിയന്ത്രണം ആരംഭിച്ചു. ഉത്സവം നടക്കുന്ന സ്ഥലമല്ലേ...പെട്ടെന്ന് തന്നെ പോലീസ് വന്നു. വീട്ടില്‍ പോടാ എന്ന് എസ്.ഐ കടുപ്പിച്ച് പറഞ്ഞപ്പോള്‍, അതിനേക്കാളും ഉച്ചത്തില്‍ [കിളി കരയുന്ന ശബ്ദത്തില്‍] പോലീശെന്നാ പോലീശാ... എന്നറിയാതെ ചോദിച്ചു പോയി. പിന്നെ വലിയ താമസം ഉണ്ടായില്ല. ജോയപ്പന് പോലീസ് ജീപ്പിനുള്ളില്‍ ചുരുണ്ട് വീണു. അത് കഴിഞ്ഞ് തിരുവല്ലാ പോലീസ് സ്പോണ്സേര് ചെയ്ത നഗര പ്രദ്ധിക്ഷണം, ഒടുക്കം ലോക്കപ്പില്‍ അന്തിയുറക്കവും..
പിറ്റേന്ന് പള്ളിയിലച്ചന് സഹിതമുള്ള ആള്ക്കാര് പോലീസ് സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ ഏമാനില്ല. പക്ഷെ ലോക്കപ്പില്‍ കിടക്കുന്ന ജോയപ്പന് തലേ ദിവസത്തിലെ സിറ്റി ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. [പള്ളിയിലച്ചനെ എന്റെ കസിന് ബ്രദറാണു കൊണ്ടു പോയത്. പോലിസ് സ്റ്റേഷനായ കാരണം ഞാന്‍ വണ്ടിയില്‍ തന്നെ എന്റെ ശരീരത്തില്‍ ആകെയുള്ള മസിലും പിടിച്ച് അമര്‍ന്നിരുന്നു.]
ഏമാനു വേണ്ടി വികാരിയും, കുഞ്ഞാടുകളും കാത്തിരുന്ന സമയം ഒരു ഓട്ടോ ഡ്രൈവര്‍, ഓട്ടോയുമായി വന്നു. ഓട്ടോ നിര്‍ത്തി കക്ഷി നേരെ ചെന്ന് ഒരു പോലീസുകാരനോട് എസ്.ഐ വന്നില്ലേ...എപ്പോള്‍ വരുമെന്ന് തിരക്കി? എപ്പോള്‍ വരുമെന്ന് അറിയില്ലയെന്ന് പോലീസുകാരന് പറഞ്ഞതോടെ...ശ്ശെ...ഇന്നത്തെ ദിവസം പോയി...എന്ന് പിറുപിറുത്ത് കൊണ്ട് ഓട്ടോക്കാരന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാറിനകത്ത് ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ പതുക്കെ കാറില്‍ നിന്നിറങ്ങി. എന്നിട്ട് വലതു കാല് തന്നെ വെച്ച്, ഭയ ഭക്തി ബഹുമാനത്തോടെ പോലീസ് സ്റ്റേഷന്റെ പടികള്‍ ചവുട്ടി കയറിയെന്നു മാത്രമല്ല കസിന് ബ്രദറിന്റെയടുത്ത് ഞാനൊരു സ്റ്റിക്കര്‍ പോലെയൊട്ടി നിന്നു. ഏറെ നേരത്തെ കാത്തിരുപ്പിനു അറുതി വരുത്തി എസ്.ഐ വന്നു. എസ്.ഐ പോലിസുകാരോട് അല്പം കുശലം തിരക്കി തന്റെ മുറിയിലേക്ക് കയറാന്‍ തുടങ്ങും മുന്‍പേ നമ്മുടെ ഓട്ടോ ഡ്രൈവര്‍ ചാടി വീണു. സാറെ...ഞാന്‍ വന്നിട്ട് ഒത്തിരി സമയം ആയി. അതിനു എസ്.ഐ:- ആഹ് ഞാന്‍ എന്താ നിനക്ക് വെയ്റ്റിംഗ് ചാര്‍ജ്ജ് തരണോ?? ആഹ് അവിടെ കിടക്ക്? ഇത്രയും പറഞ്ഞ് എസ്.ഐ മുറിയില്‍ കയറി പോയപ്പോള്‍ പള്ളിയിലച്ചന് പോലും ഓട്ടോക്കാരന്റെ പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ടു. അച്ചന് ധൈര്യം സംഭരിച്ച് അകത്ത് കയറാന്‍ പോലീസുകാരനോട് അനുവാദം ചോദിച്ചപ്പോള്‍ എസ്.ഐ ഓഫീസില്‍ നിന്നുമിറങ്ങി വന്നു. അപ്പോള്‍ വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍, തലയും ചൊറിഞ്ഞ് എസ്.ഐയുടെ മുന്പില്...സാറെ..ഞാന്‍..എന്നെ അങ്ങു വിട് സാറെ...ആഹ് എന്നാല്‍ തുടങ്ങിയ്ക്കോയെന്ന്...എസ്.ഐ പറഞ്ഞതും..ഓട്ടോക്കാരന് ഓട്ടോയുടെ അടുത്ത് ചെന്ന് ഒന്ന് ചരിഞ്ഞ് നിന്നിട്ട് അതിന്റെ റെക്സിനില്‍ അടിച്ച്… ♪♪ സുന്ദരി, സുന്ദരി ഒന്നൊരുങ്ങി വാ...നാളെയാണു താലി മംഗളം. .♪♪ എന്ന പാട്ട് ഒരു എട്ടര കട്ടയ്ക്കിട്ടു പാടി. എന്താണു അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ പാവം ഓഡിയന്‍സിനു മനസ്സിലായതേയില്ല.. പാട്ട് നിര്‍ത്തിയപ്പോള്‍ എസ്.ഐ ചോദിച്ചു...ഇങ്ങനെ തന്നെയായിരുന്നോടാ...അന്ന് നീ നന്നായി താളം പിടിച്ചല്ലോ...താളം പിടിച്ച് ഒന്നൂടെ...വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍ നന്നായി താളം പിടിച്ച് സുന്ദരി, സുന്ദരി ഒന്നു കൂടെ പാടി..ആഹ് പൊയ്ക്കോ...എസ്.ഐ പറഞ്ഞതും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷത്തോടെ അവന് ഓട്ടോ ഓടിച്ച് പോയി. എന്താണവിടെ സംഭവിച്ചതെന്നറിയാതെ വായ പൊളിച്ച് നിന്ന ഞങ്ങളുടെ സംശയം തീര്‍ക്കാനായി എസ്.ഐ പറഞ്ഞു:- അതെ ഇവന് ഞാന്‍ ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ നിന്നിറങ്ങി വരുമ്പോള്‍, അതു വഴി പോയ ഒരു കോളെജ് കുമാരിയെ നോക്കി, ഈ പാട്ട് വളരെ നന്നായി ഓട്ടോയില്‍ താളം പിടിച്ച് പാടിയപ്പോള്‍ ഞാന്‍ അവിടുന്ന് അവനെ പൊക്കി. അന്നു മുതല്‍ ഒരു മാസത്തേക്ക് എന്നും രാവിലെ അവന് എന്നെ ഈ പാട്ട് പാടി കേള്‍പ്പിച്ചിട്ട് ഓട്ടം പോയാല്‍ മതിയെന്ന് ശിക്ഷ വിധിച്ചു. അതു തന്നെ ഇതു. ഏതായാലും എസ്.ഐയുടെ അടിപൊളി ശിക്ഷ ഞങ്ങള്‍ക്ക് നന്നായി സുഖിച്ചു. ദൈവമേ!!! ഈ കണക്കാണെങ്കില്‍ ജോയപ്പനെന്തായിരിക്കും ശിക്ഷ. എന്നും ട്രാഫിക്ക് നിയന്ത്രിപ്പിക്കുമോ? പള്ളിയിലച്ചന്, ....♪♪ ഈ കുരിശ് നീ എനിക്ക് എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪ എന്ന പാട്ട് മനസ്സില്‍ പാടിയതു പോലെ തോന്നി. പള്ളിയിലച്ചന് ഇടപെട്ട കേസായ കാരണം കൂടുതല്‍ ശിക്ഷ നമ്മുടെ പ്രതിക്ക് കിട്ടിയില്ല.
പോലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും ജോയപ്പന് ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് ഉച്ചക്കത്തെ ഭക്ഷണവും കഴിച്ചു വീട്ടുകാര്‍ എല്ലാവരും കാണ്‍കെ ഒരു കയറുമെടുത്ത് നേരെ മുറ്റത്തെ പ്ലാവില്‍ കയറി. ഇതു കണ്ടതും ജോയപ്പന്റെ അമ്മ അലമുറയിട്ട് കരഞ്ഞ് അയല്‍ക്കാരെ കൂട്ടി. പോട്ട് മോനെ...സാരമില്ലെടാ...മോനെ ചാകല്ലെടാ...എന്നൊക്കെ കരഞ്ഞ് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ജോയപ്പന് പ്ലാവില്‍ നിന്നും നല്ല ഒരു വിളഞ്ഞ ചക്ക അറുത്ത് കയറില്‍ കെട്ടി താഴെയിറക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ജോയപ്പന് വീട്ടുകാര്‍ പറയാതെ തന്നെ ബുദ്ധിപൂര്‍വ്വമായി ഒരു കാര്യം ചെയ്ത് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. അയല്‍ക്കാര്‍ അല്പ സമയം കൂടി നിന്നിട്ട് സ്ഥലം കാലിയാക്കി. ഈ ലോക്കപ്പിലെ അന്തിയുറക്കത്തോടെ ജോയപ്പന് ഉത്സവത്തിനു പോകുന്ന ഏര്‍പ്പാട് നിര്‍ത്തി [ബാക്കി ചുറ്റി കളികള്‍ ഒന്നും നിര്‍ത്തിയില്ല താനും. ] പകരം കല്യാണങ്ങള്‍ക്ക് അറ്റന്‍ഡ് ചെയ്യലാണു ഇപ്പോഴത്തെ ഹോബി. കല്യാണത്തിനു പോയാല്‍ രണ്ടുണ്ട് കാര്യം.. ഭക്ഷണവും കഴിക്കാം...പെണ്ണുങ്ങളെയും കാണാം...അങ്ങനെ ജോയി അപ്പന് ശരിക്കും ജോയി[സന്തോഷം]ആയി.... എന്നാല്‍ കല്യാണം കഴിച്ചാല്‍ മാത്രം മതി, നാട്ടുകാര്‍ സ്പോണ്സര് ചെയ്ത് ജോയപ്പനെ റിയല്‍ അപ്പനാക്കാമെന്ന് പറഞ്ഞിട്ടും അതിനു വശംവദനാകാതെ ഒരു ക്രോണിക്ക് ബാച്ചിലറായി ജോയപ്പന് ഞങ്ങളുടെ നാട്ടില്‍ കൂടി നിത്യ കന്യകനായി ഇപ്പോഴും വിലസുന്നു, കുട്ടേട്ടനിലെ മമ്മൂക്കായെ പോലെ...
ദൈവമേ, എല്ലാ പട്ടികളും ഈ ബ്ലോഗ് വായിക്കണേ. ഇതൊരു വിവാദ ബ്ലോഗ് ആക്കണെ..പ്ലീസ്

