മാര്‍ച്ച് 26നു ഞങ്ങളുടെ റസിഡ്ന്റ്സ് അസ്സോസിയേഷന്റെ ഗെറ്റ് റ്റുഗദെര്‍.അതിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ഓടി ചാടി നടന്നു. കുട്ടികള്‍ക്കുള്ള കളികളുടെ ചുമതലക്കാരന്‍ ഞാനായിരുന്നു. കുട്ടികളുടെ പാട്ടും കൂത്തും നടക്കുന്നതിനിടെ ഒരു സീനിയര്‍ കുട്ടി, വടംവലി വേണമെന്ന ആവശ്യവുമായി എന്റെ അടുക്കല്‍ വന്നു. വടംവലിക്ക് വടം വേണ്ടെ.... ഈ അവസാന നിമിഷത്തില്‍ വടം നമ്മള്‍ എവിടുന്ന് സംഘടിപ്പിക്കുമെന്ന ചോദ്യത്തിനു ഉത്തരമെന്നോണം അവന്‍ വീട്ടിലേക്ക് ഓടി. തിരികെ വന്നപ്പ്പോള്‍ അവന്റെ കൈയ്യില്‍ സാമാന്യം വണ്ണമുള്ള പ്ലാസ്റ്റിക് കയര്‍. പ്ലാസ്റ്റിക് കയര്‍ വെച്ച് വടം വലിച്ചാല്‍ കൈ കീറുമെന്നതിനാല്‍ ടി കയറിനെ മാസ്കിംഗ് റ്റെയിപ്പ് വെച്ച് നന്നായി ചുറ്റി സാമാന്യം ഭേദപ്പെട്ട സംരക്ഷണം നടത്തി. ഏതായാലും കുട്ടികള്‍ക്ക് ഈ വടംവലി മാമാങ്കം നന്നായി ബോധിച്ചു. ആയതിനാല്‍ അവരുടെ മത്സരത്തിനു ശേഷം അവര്‍ തങ്ങളുടെ അമ്മമാരെ കൂടി കളത്തിലിറക്കി വടം വലിപ്പിച്ചു. അതിനു ശേഷം ഈ കയറില്‍ ആണുങ്ങളും മാറ്റുരയ്ക്കാന്‍ തീരുമാനിച്ചു. മത്സരം മുറുകി. ഒരു വശത്ത് കല്യാണം കഴിച്ചവരും, മറു വശത്ത് ക്രോണിക്ക് ബാച്ചിലേഴ്സും. ഇന്ന് വരെ ഇങ്ങനെ ഒരു മത്സരത്തില്‍ പങ്കെടുത്ത് പരിചയമില്ലാത്തതിനാല്‍, പല പല ഉപദേശങ്ങള്‍ കേട്ട്, പലരും അങ്ങോട്ടും ഇങ്ങോട്ടും മാറി, ഈ 56 കിലോ മാത്രം തൂക്കമുള്ള ഞാന്‍ കല്യാണം കഴിച്ചവരുടെ ഭാഗത്തുള്ള വടത്തിന്റെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചു. പക്ഷെ എന്റെ മുന്‍പില്‍ നില്‍ക്കുന്നവരൊക്കെ ഒരു ക്വിന്‍റ്റലിനു ഒന്നോ രണ്ടോ കുറവുള്ളവരും. ഏതായാലും ഈ ക്വിന്‍റ്റല്‍സ് ഉള്ള കാരണം വിജയം ഞങ്ങള്‍ക്ക് തന്നെയെന്ന ആത്മവിശ്വാസത്തോടെ ഞാന്‍ ഏറ്റവും പിന്നില്‍ നിന്ന് ജയ ജയ മുഴക്കി.1..2...3...മത്സരം ആരംഭിച്ചു. മൂര്‍ദ്ധന്യാവസ്ഥയില്‍ ഞങ്ങളുടെ അടിത്തറയിളകുന്നതു പോലെ എനിക്ക് തോന്നി. അണ്ണാന്‍ കുഞ്ഞിനും തന്നാലായതെന്ന കണക്കെ ഞാനും ഊന്നി വലിച്ചു. ഇട്ട പൊധിനോ!!! ഡീം!!! ദേ കിടക്കുന്നു എല്ലാം കൂടെ താഴെ!!!. ഈ ഉള്ളവന്റെ പുറത്ത് എന്റെ ടീമിലെ മുഴുവന്‍ പേരും കിടക്കുന്നു. വീഴ്ച്ചയില്‍ ഞാന്‍ വലിയ വായില്‍ കാറി-എന്റെ കാലൊടിഞ്ഞേയെന്ന്. പക്ഷെ എന്റെ സ്വന്തം കാലിന്റെ പുറത്ത് ഒരു 5-6 ക്വിന്റല്‍ ചാക്ക്, റ്റിപ്പര്‍ ലോറിയില്‍ നിന്ന് മറിച്ചിട്ട കണക്കെ കിടക്കുന്നു. കൂടല്‍മാണിക്ക്യ ക്ഷേത്രത്തിലെ ഗജകേസരിയുടെ ചവിട്ട് കൊണ്ട് അനുഭവം. പിന്നെ സാവകാശം ഒരോ ക്വിന്‍റ്റല്‍ ചാക്കുകള്‍ എഴുന്നേറ്റു, ചിലരെ എഴുന്നേല്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ ഉള്ള ചാക്കും പൊങ്ങിയപ്പോള്‍ ഞാന്‍ എന്റെ സ്വന്തം കാലു കണ്ടു. എന്റെ വലതു കാലു ഒടിഞ്ഞു.സൂക്ഷമ പരിശോധനയില്‍ എന്റെ വലതു കാല്‍പത്തി നേരേ തിരിഞ്ഞിരിക്കുന്ന കാഴ്ച കണ്ടതും അവിടെ കരച്ചിലും ബഹളവും തുടങ്ങി. ഡോക്ടറന്മാരും, നേഴ്സന്മാരും, ലാബുകാരും ഒക്കെ അവിടെ ഉണ്ടായിരുന്നതിനാല്‍ പെട്ടന്നു തന്നെ എന്നെ പൊക്കി ആശുപത്രിയില്‍ എത്തിച്ചു. എന്നെ ലോഡ് ചെയ്യുന്നതിനിടയില്‍ 2 ലാബ് തൊഴിലാളികള്‍ക്ക് തല കറങ്ങി. അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം അവര്‍ക്ക് അവരുടെ 'നിത്യോപയോഗ സാധനങ്ങള്‍ക്ക്' ['മ"മൂ"ക'-ഇതു നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്ക അല്ല കേട്ടോ] അപ്പുറം ഒരു ലോകമില്ലല്ലോ. അങ്ങനെ ഞാന്‍ ആശുപത്രിയില്‍ ക്യാഷ്വാലിറ്റിയില്‍ എത്തി. ഒരു 5 മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്‍ത്തോ ഡോക്ടര്‍ എത്തി. പിന്നെ ഡോക്ടര്‍ വന്ന് എന്റെ കാലില്‍ ഒന്ന് തൊട്ട് വണങ്ങി. എന്നിട്ട് കാറിന്റെ ഗിയര്‍ ഒക്കെ മാറ്റുന്ന ലാഘവത്തോടെ കാല്‍പത്തി പിടിച്ച് നേരെയിട്ടു. ഹെന്റെമ്മോ!!! മയിലെണ്ണക്കാരന്‍ ഈര്‍ക്കിലിയില്‍ മയിലെണ്ണ പുരട്ടി വളയ്ക്കുന്നത് പല തവണ കണ്ടിട്ടുള്ള ഈ ഞാന്‍ ഡോക്ടറുടെ ഈ പ്രയോഗത്തില്‍ ഒരു മയിലെണ്ണയും പുരട്ടാതെ തന്നെ കാവടി പോലേ വളഞ്ഞ് കുത്തി. ഏതായാലും എന്റെ നേരെയായ കാല്‍ കണ്ടപ്പോള്‍ തന്നെ എന്റെ വേദന പകുതിയും പോയി.
കാലില്‍ സ്പ്‌ലിന്റും കെട്ടി എന്നെ മുറിയിലേക്ക് മാറ്റി. പിറ്റേന്ന് ഓപ്പറേഷനും ഫിക്സ് ചെയ്തു. ഓപ്പറേഷനു മുന്‍പായി എനിക്കു വിശാലമായ ഒരു ഗൗണ്‍ നേഴ്സ് കൊണ്ടു തന്നു. വസ്ത്രങ്ങള്‍ മുഴുവനും ഊരി അവര്‍ തന്ന ഗൗണ്‍ ധരിച്ചപ്പോഴാണതിന്റെ പ്രശ്നം മനസ്സിലായത്. പുറകില്‍ ഒരു ചെറിയ കെട്ടു മാത്രം. ഞാന്‍ സൂക്ഷിച്ച് കിടന്നില്ലായെങ്കില്‍ തന്റെ ‘പുറലോകം’ നാട്ടുകാരും, സഹപ്രവര്‍ത്തകരും കാണും. നശിച്ച ഗൗണിനെ മനസ്സില്‍ പ്രാകി, റെയമണ്ട് സ്യൂട്ടിങ്ങില്‍ വരുന്ന അമിതാഭ് ബച്ചനെ മനസ്സില്‍ ധ്യാനിച്ച്, ബോധം പോകുവോളം ആ പോസില്‍ കിടന്നു. ബോധം പോയ ശേഷം ഞാന്‍ ഏതു കിടപ്പിലായിരുന്നുവെന്ന് ഇതു വരെ അന്വേഷിച്ചതുമില്ല.
ഓപ്പറേഷന്‍ കഴിഞ്ഞ് പിറ്റേന്ന് രാവിലെ എനിക്ക് ഒരു മുള്ളാന്‍ മുട്ടല്‍. അങ്ങനെ ഭാര്യയുടെ സഹായത്തോടെ ഞാന്‍ റ്റോയ്‌ലെറ്റില്‍ പോയി. മൂത്രം ഒരു തുള്ളി വരുന്നില്ല. കൂനിന്മേല്‍ കുരു എന്നതു പോലെ ദൈവമേ...ഇനി വല്ല കിഡ്‌നി സ്റ്റോണോ മറ്റോ ആണോ...ഏതായാലും 4 മണിക്കൂറത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം ഞാന്‍ മൂത്രം ഒഴിച്ച് പുറത്ത് വന്നു. ഇതിനിടയില്‍ ഒരു 20 പ്രാവശ്യമെങ്കിലും എന്റെ ഭാര്യ കതകില്‍ തട്ടി എന്റെ സുരക്ഷ ഉറപ്പ് വരുത്തി. വൈകിട്ട് 5 മണിയായപ്പോള്‍ വീണ്ടും ഒരു മൂത്ര ശങ്ക. അന്നേരം മുറിയില്‍ ഡോക്ടേഴ്സും ഉണ്ട്. അവരോടു തന്റെ പ്രശനം അവതരിപ്പിച്ചപ്പോള്‍ അതും അനസ്തീഷ്യായുടെ സൈഡ് എഫെക്റ്റാണെന്ന മറുപടി കിട്ടി. പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ എന്നെ താങ്ങി പിടിച്ച് റ്റോയ്‌ലെറ്റില്‍ കൊണ്ട് പോയി. ഡോക്ടര്‍ എന്റെ പുറകില്‍ നിന്നും മാറാതെ എന്നെ പിടിച്ച് കൊണ്ട് നിന്നപ്പോള്‍ ഞാന്‍ ഡോക്ടറോട് എനിക്ക് ഇങ്ങനെ നിന്ന് മൂത്രം ഒഴിക്കാന്‍ പറ്റില്ലായെന്ന് പറഞ്ഞപ്പോള്‍, ഡോക്ടര്‍ എന്റെ ചെവിയുടെ പുറകില്‍ ശൂ, ശൂൂൂൂ എന്ന് ശബ്ദം വെച്ച് തന്നപ്പോള്‍ എന്റെ മൂത്രം എസ്.എസ്.എല്‍.സി പേപ്പര്‍ ചോര്‍ന്നതു പോലെ അറിയാതെ അങ്ങ് ‘ചോര്‍ന്നു’ പോയി. കുറച്ച് കഴിഞ്ഞ് അനസ്തീഷ്യാ ഡോക്ടര്‍ വന്നു. ഡോക്ടര്‍ പറഞ്ഞു, “സെനു....സെനുവിന്റെ നാക്ക് അനസ്തീഷ്യാ തന്നാലും അടങ്ങി കിടക്കില്ലായെന്ന സത്യം ഇന്നലെ മാത്രമാണെനിക്ക് മനസ്സിലായത്”. ആ പ്രസ്താവന കേട്ട് മുറിയില്ലുള്ള സുഹൃത്തുക്കള്‍ ചിരിച്ചുവെങ്കിലും എന്റെ ഉള്ളം കാളി. അബോധാവസ്ഥയില്‍ ഞാന്‍ വേണ്ടാത്തതെന്തെങ്കിലും വിളിച്ച് പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍, എന്തൊക്കെയോ പറഞ്ഞു...നാക്ക് കുഴഞ്ഞ കാരണം ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലയെന്ന് പറഞ്ഞപ്പോഴാണു എന്റെ അനസ്തീഷ്യയുടെ കെട്ട് വിട്ടതു.
ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള രംഗപ്രവേശം എന്റെ മക്കള്‍ക്ക് നന്നേ രസിച്ചു. മോന്‍ വന്ന പാടേ എന്റെ വോക്കറുമെടുത്ത് വീഡീയോ ഷൂട്ടിംഗ് തുടങ്ങി. അവന്‍ ഷൂട്ടിംഗ് എപ്പോഴോ നിര്‍ത്തിയപ്പോള്‍, വോക്കറുമെടുത്ത് മോള്‍ എന്റെ കട്ടിലിന്റെ അടുത്ത് തന്നെ സ്ഥാപിച്ചു. അതിനു ശേഷം അവള്‍ വോക്കറിനകത്ത് കയറി നിന്ന്, ഒരു കൈ മുന്‍പിലേക്ക് നീട്ടി എന്നോടായി പറഞ്ഞു, ഈ കോടതി മുന്‍പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ..... ഈ പ്രകടനം അല്‍പ സമയത്തേക്ക് എന്റെ വേദന ശമിപ്പിച്ചു.
സംഭവ ബഹുലമായ 40 ദിവസങ്ങള്‍ക്ക് ശേഷം എന്റെ പ്ലാസ്റ്റര്‍ പൊട്ടിച്ചു. കഷ്ടം..പണ്ട് ക്രിക്കറ്റ് സ്റ്റംബ്സിന്റെ വണ്ണം ഉണ്ടായിരുന്ന എന്റെ കാല്‍ പ്ലാസ്റ്റര്‍ പൊട്ടിച്ചപ്പോള്‍, കേവലം ഓടക്കുഴലിന്റെ അത്രയും ആയിരിക്കുന്നു. ആ ഇനി വരുന്നതു പോലെ വരട്ടെ. ഏതായാലും ഇപ്പോള്‍ പിച്ച വെച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു. എന്റെ നടപ്പ് കണ്ട് കണ്ണില്‍ ചോരയില്ലാത്ത ഒരു സുഹൃത്തു ചോദിച്ചു- പണ്ടേ നിന്റെ നടപ്പ് ശരിയല്ല. ഇനിയെങ്കിലും നിന്റെ ദുര്‍നടപ്പൊക്കെ മാറ്റി നന്നാവാന്‍ നോക്കടായെന്ന്....ആഹ!!! കളിയാക്കിക്കോ...അടി തെറ്റിയാല്‍ സെനുവും വീഴും മക്കളേ!!!
വടംവലി എന്ന ഒറ്റ ‘ഐഡിയ’ കാരണം മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ ഗ്ലാമര്‍ ഉണ്ടായിരുന്ന ഞാന്‍ ഇന്ന് ഏന്തിയും വലിഞ്ഞും നടക്കുന്നു. ആദിത്യാ ബിര്‍ല പറയുന്നത് എത്ര സത്യമാ........An ‘ഐഡിയ’ can change your life….പിന്നെ എന്റെ ഈ ഏന്തലും, വലിച്ചിലും ‘നടക്കുമ്പോള്‍ മാത്രമേയുള്ളു’ എന്ന ഒറ്റ ആശ്വാസത്തിലാണു ഞാനിപ്പോള്‍.


