Thursday, 1 November 2007

തെറിയഭിഷേകം....ഒരു എക്സ്‌ക്ലൂസ്സീവ്‌ റിപ്പോര്‍ട്ട്‌.

മഞ്ജുഷ്‌ ഗോപാലിനു പ്രഥമ വി.കെ.മാധവന്‍ കുട്ടി പുരസ്ക്കാരം. ഫ്ലാഷ്‌ ന്യൂസ്‌ കണ്ടപ്പോള്‍ തന്നെ രോമം കുറവായ എനിക്കും സാമാന്യം ഭേദപ്പെട്ട രോമാഞ്ചം ഉണ്ടായി. ഒട്ടും അമാന്തിക്കാതെ, ഫോണ്‍ വിളിച്ച്‌ മഞ്ജുഷിനു അഭിനന്ദനങ്ങളും കൊടുത്തു. വൈകിട്ടത്തെ വാര്‍ത്തയില്‍, അവാര്‍ഡിനു അര്‍ഹമായ സ്കൂപ്പുകള്‍ വീണ്ടും കാണിച്ചു. ദേവസ്വം ബോര്‍ഡിലെ അഴിമതി, സ്പീഡ്‌ ഗവേര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അതി വേഗത്തില്‍ പായ്യുന്ന കാഴ്ച്ചകള്‍, അതിന്റെ ട്രിക്കുകള്‍ ഇവയൊക്കെ കണ്ടപ്പോള്‍ ഈ അവാര്‍ഡിനു എന്തു കൊണ്ടും മഞ്ജുഷ്‌ യോഗ്യനാണെന്ന് മനസ്സിലായി. ഇത്രയും സാഹസികമായി ഈ കാര്യങ്ങള്‍ അത്രയും തന്റെ ക്യാമറായില്‍ പകര്‍ത്തിയ ക്യാമറാമാനു സ്ഥലപേരു മാത്രം മിച്ചം – “തലവടി”.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ സിനിമാകള്‍ കാണുകയെന്നത്‌ ഞങ്ങളുടെ ഒരു പ്രധാന വിനോദമാണു. ഹലോ, അറബി കഥ, ബിഗ്‌ ബി, മിഷന്‍ 90 എന്നിവകളുടെ ഒന്നാന്തരം വ്യാജ സി.ഡികള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ ഭയങ്കര കണ്‍ഫ്യൂഷന്‍. ഏത്‌ ആദ്യം കാണണം? [ദിലീപും, മോഹന്‍ ലാലും ഒക്കെ മാറി മാറി വ്യാജ സി.ഡികള്‍ കാണരുതേ, അതു പാപമാണേയെന്ന് പല തവണ റ്റിവിയില്‍ കൂടെ പറയുന്നത്‌ ഞങ്ങളും കേട്ടിട്ടുണ്ടെങ്കിലും, വ്യാജ സി ഡികള്‍ ഞങ്ങളുടെ കൈയ്യില്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്ക്‌ ‘തന്മാത്ര അസുഖം’ ബാധിയ്ക്കും.] ഏതായാലും 2 ദിവസത്തെ സമയം കൊണ്ട്‌ 4 സിനിമാകളും കണ്ടു തീര്‍ത്തു.

ഉള്ളത്‌ പറയണമല്ലോ...ഋഷിരാജ്‌ സിംഗ്‌ വന്നു പോയതില്‍ പിന്നെ വ്യാജ സി.ഡികളുടെ എല്ലാം ക്വാളിറ്റി മെച്ചപ്പെട്ടു. ഇപ്പോള്‍ വ്യാജന്‍ വരുന്നതെല്ലാം സിംഗപ്പൂരില്‍ നിന്നാണത്രേ.

രാത്രിയില്‍ ഹലോയിലെ ചില തമാശകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോള്‍, പെട്ടെന്ന് എനിക്ക്‌ ഒരു കാര്യം ഓര്‍മ്മ വന്നു. ആ 4 സി.ഡികളില്‍ ഒന്നിനകത്ത്‌ വ്യാജ സി.ഡി നിര്‍മ്മാതാക്കളുടേത്‌ എന്ന് തോന്നുന്ന ഫോണ്‍ നമ്പരുകളും, സൗദി അറേബ്യയിലെ ചില കടകളുടെ പരസ്യവും വരുന്നുണ്ട്‌. പിന്നെ ഒട്ടും വൈകിയില്ല. സി.ഡികള്‍ വീണ്ടും ഇട്ട്‌ ആ നമ്പരുകള്‍ കുറിച്ചെടുത്തു. ദൈവമേ!!! ഒത്താല്‍ അടുത്ത വര്‍ഷത്തെ ശ്രീ. വി.കെ.മാധവന്‍ കുട്ടി പുരസ്ക്കാരം തനിക്ക്‌ ആയിരിക്കണേ!!! ആ പ്രാര്‍ഥനയോടെ അന്നത്തെ രാത്രി ഒരു പരുവത്തില്‍ കഴിച്ചു കൂട്ടി.

അങ്ങനെ പിറ്റേന്ന്, അലാറം അടിയ്ക്കുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ഉറക്കം ഉണര്‍ന്നു. സത്യത്തില്‍ ഞാന്‍ അന്ന് ഉറങ്ങിയതേയില്ല. രാവിലെ എഴുന്നേറ്റ്‌, ഫോണ്‍ വിളിച്ച്‌ സി.ഡിക്കാരോട്‌ ചോദിയ്ക്കേണ്ട ചോദ്യങ്ങള്‍ നല്ല ഒരു വെള്ള കടലാസ്സില്‍ കുറിച്ച്‌ വെച്ചു. എന്റെ കലാപരിപാടികള്‍ കണ്ട്‌ ഭാര്യ എന്നോട്‌ ചോദിച്ചു:- വേറേ ഒരു പണിയും ഇല്ലേ? എന്തിനാ വെറുതെ ഇതിനൊക്കെ സമയം കളയുന്നത്‌? നിങ്ങളെന്നാ ഋഷി രാജ്‌ സിംഗാണോ വ്യാജ സി.ഡി പിടിയ്ക്കാന്‍? ഉള്ള കഞ്ഞിയില്‍ പാറ്റ ഇടേണ്ടാ....അവള്‍ അടുക്കളയിലേക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍, മഞ്ജുഷ്‌ ഗോപാല്‍ നടത്തിയ അടിപൊളി അന്വേഷണങ്ങളുടെ ഒരു ചെറിയ റിപ്പോര്‍ട്ടും, അവാര്‍ഡിന്റെ ഘനത്തെ പറ്റിയും ഒക്കെ ചെറിയ ഒരു ക്ലാസ്സ്‌ എടുത്തു.

അങ്ങനെ 9.00 മണിയായപ്പോള്‍ ഞാന്‍ തലേന്ന് കുറിച്ച്‌ വെച്ച നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു. തയ്യാറാക്കി വെച്ചിരുന്ന ചോദ്യ പേപ്പര്‍ ബെല്ലടി ശബ്ദത്തോടൊപ്പം മറുകൈയ്യില്‍ ഇരുന്ന് വിറയ്ക്കാന്‍ തുടങ്ങി. പെട്ടന്ന് അങ്ങേ തലയ്ക്കല്‍ ഹലോ ശബ്ദം കേട്ടു.

ഹലോ.... ഞാനും പ്രതികരിച്ചു. പിന്നെ ഞാന്‍ പറഞ്ഞ്‌ തുടങ്ങി... ഇതേ ഞാന്‍ മസ്ക്കറ്റില്‍ നിന്ന് വിളിക്കുകയാ.....

എന്തു വേണം? ആരാ ഇത്‌? മറുതലയ്ക്കല്‍ പരുക്കന്‍ ശബ്ദം കേട്ട്‌ എന്റെ ശബ്ദം അല്‍പം ഇടറി.

ഞാന്‍ നിങ്ങള്‍ പുറത്തിറക്കിയ വ്യാജ സി.ഡി ഇട്ട്‌ സിനിമാ കണ്ടു. അതില്‍ നിന്നാണു നിങ്ങളുടെ നമ്പര്‍ കിട്ടിയത്‌.

ഓഹ്‌ താങ്ക്സ്‌. അയാള്‍ ലാല്‍ ജോസിന്റെ ഗമയില്‍ പറഞ്ഞു.

ഇത്രയും കഴിഞ്ഞപ്പോഴെക്കും ഞാന്‍ ഫോമിലായി.

നിങ്ങളുടെ പേരു എന്താണു? നിങ്ങള്‍ എങ്ങനെയാണിപ്പോഴും വ്യാജ സി.ഡികള്‍ ഇറക്കുന്നത്‌?

പിന്നെ ഞാന്‍ കേട്ടത്‌ അറബിയാണോ, ജാപ്പനീസ്സാണോ, സ്വഹിലിയാണോ, മറാഠിയോ, കാശ്മീരിയോ.......ഒന്നും മനസ്സിലായില്ല. ഫോണ്‍ കട്ടായപ്പോള്‍ ചെവിയില്‍ ഇരുന്ന് ആരോ കൂവുന്നതു പോലെ ഒരു ശബ്ദം കേട്ടു. പക്ഷെ ഒരു കാര്യം ഞാന്‍ വ്യക്തമായി കേട്ടു- താനാരാ ഇതൊക്കെ തിരക്കാന്‍....ഋഷിരാജ്‌ സിംഗിന്റെ അപ്പനാണോയെന്ന്?? അതു മാത്രമേ ഇവിടെ എഴുതാന്‍ പറ്റൂ... ശ്വാസം വിടാതെ ഇത്രയും തെറി പറയാന്‍ ഇവനാരുവാ... കൊടുങ്ങല്ലൂരെ ആസ്ഥാന ഗായകനോ???? തെറികള്‍ കേട്ട്‌ എന്റെ നാക്ക്‌ താണു പോയതു പോലെ തോന്നി. എത്രയോ സുരേഷ്‌ ഗോപി ചിത്രങ്ങള്‍ കണ്ടിട്ടുള്ള എന്റെ വായില്‍ നിന്ന് “ഭ!! പുല്ലേ” എന്ന ഡയലോഗ്‌ പോലും വെളിയിലേക്ക്‌ വന്നില്ല. ഹോ, ഇവന്റെ മുന്‍പില്‍ നമ്മുടെ മന്ത്രി സുധാകരന്‍ എത്രയോ ഡീസെന്റാ.

പറ്റിയ അബദ്ധം ഭാര്യ തന്റെ വിളറിയ മുഖത്തില്‍ നിന്ന് തന്നെ മനസ്സില്ലാക്കി.

ഇന്നലെ ടിവി യില്‍ ബജാജിന്റെ ഏറ്റവും പുതിയ ബൈയ്ക്കിന്റെ പരസ്യം കണ്ടപ്പോള്‍, അതിന്റെ ചുവട്ടില്‍ എഴുതിയ വാചകങ്ങള്‍ ഭാര്യ എന്നെ വായിച്ച്‌ കേള്‍പ്പിച്ചു.

വാചകത്തിന്റെ ഏകദേശ മലയാള പരിഭാഷ ഇങ്ങനെ:- ഈ പരസ്യത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്‌ പ്രഫഷണല്‍സ്സിനെ കൊണ്ടാണു. ആയതിനാല്‍ അനുകരിച്ച്‌ അപകടം വരുത്തരുതു.

എന്റെ ദൈവമേ!!! അന്ന് ആ മഞ്ജുഷും ഇതു പോലെ ഒന്ന് എഴുതി കാണിച്ചിരുന്നെങ്കില്‍.... ഓഹ്‌ അതെങ്ങനാ... വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലായെന്ന് പറയുന്നത്‌ എത്ര ശരിയാ. പിന്നെ കേവലം ഒരു അന്വേഷണത്തിനു ഇത്രയും തെറി എനിക്ക്‌ കിട്ടിയപ്പോള്‍, മഞ്ജുഷിനു തെറിയുടെ ആഘോഷം തന്നെയായിരിക്കുമല്ലോ... ആ ഒറ്റ ആശ്വാസത്തിലാണു ഞാനിപ്പോള്‍...

Monday, 15 October 2007

ഉപരി പഠനം - ഒരു വിലാപ കാവ്യം.

ബി. കോം കഴിഞ്ഞ്‌ നില്‍ക്കുന്ന സമയം. ഒരു ജോലി കിട്ടിയിട്ട്‌ വേണം കുറച്ച്‌ ലീവെടുക്കാന്‍ എന്ന്, മോഹന്‍ലാലിനെ പോലെ ഞാനും കരുതി നില്‍ക്കുമ്പോഴാണു ആ പത്ര പരസ്യം എന്റെ കണ്ണില്‍പ്പെട്ടത്‌. തിരുവല്ലായില്‍ ആദ്യമായി ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്സ്‌. 3 മാസത്തെ കോഴ്സ്‌ കഴിഞ്ഞാല്‍ ഉടനെ ഉയര്‍ന്ന ശബളത്തോടെ ജോലി. ആ ഉയര്‍ന്ന ശബളം എന്ന ഒറ്റ വാക്ക്‌, എന്തോ എന്നെ വല്ലാതെ അങ്ങ്‌ ആകര്‍ക്ഷിച്ചു. ഉടനെ തന്നെ പോയി തിരക്കി. 3500 രൂപാ ഫീസ്‌. അങ്ങനെ ഞാനും ആ കോഴ്സിനു ജോയിന്‍ ചെയ്തു.

ആദ്യ ദിവസത്തെ ചെയര്‍മാന്റെ പ്രസംഗത്തില്‍ നിന്നും, റ്റൈ കെട്ടി വേണം എല്ലാവരും ക്ലാസ്സില്‍ വരാന്‍ എന്നുള്ള താക്കീത്‌ എനിക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. കാരണം ഞാനൊഴികെ ബാക്കി എല്ലാവരും, കഴുത്തില്‍ അടിപൊളി റ്റൈ ധരിച്ചിരുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാനും ഒരു “കോ…..ട്ടണ്‍ റ്റൈ” വാങ്ങി. പണ്ടാരം കെട്ടാന്‍ വന്ന പ്രയാസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ എന്റെ കഴുത്തിലും റ്റൈ കാണും. ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവനെ ഞാന്‍ ഭദ്രമായി അഴിച്ചു വെയ്ക്കും. എന്തു ചെയ്യാം.. ഉയര്‍ന്ന ശമ്പളത്തിന്റെ ജോലി, ഈ കോട്ടണ്‍ റ്റൈ ഇല്ലാത്തതിന്റെ പേരില്‍ കിട്ടിയില്ലായെന്നു വന്നാല്‍ നഷ്ടം എനിക്കു തന്നെ. ക്ലാസ്സില്‍ മൊത്തം 20 പേര്‍. 12 ആണ്‍കുട്ടികളും, 8 പെണ്‍ക്കുട്ടികളും. അങ്ങനെ ബി.കോമിനു പഠിച്ച അസ്സറ്റ്‌, ലയബിലിറ്റി, ക്രെഡിറ്റ്‌, ഡെബിറ്റ്‌, എന്നീ പദങ്ങളെ പരിപൂര്‍ണ്ണമായി മറന്ന് IATA, PATA എന്നീ പുതിയ പദങ്ങളെ സ്നേഹിച്ചും, നാളെ കിട്ടാന്‍ പോകുന്ന ആ വലിയ ശമ്പളത്തെ സ്വപനം കണ്ടും ക്ലാസ്സുകള്‍ നീക്കി. TVM എന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Kottayam എന്നും പഠിച്ചു വെച്ചിരുന്ന എനിക്ക്‌ ഈ ക്ലാസ്സില്‍ ചേര്‍ന്നതോടെ TRVഎന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Katmandu എന്നും പഠിക്കേണ്ടി വന്നു. കൂടാതെ ലോകത്തിലുള്ള സകല രാജ്യത്തിന്റെ പേരുകളും പഠിച്ചു. ക്ലാസ്സിന്റെ ഇടയ്ക്ക്‌ നമ്മുടെ ഇംഗ്ലീഷ്‌ അടിപൊളിയാക്കാന്‍, ഇംഗ്ലീഷില്‍ ഓരോരുത്തരും എന്തെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു ചെറിയ ക്ലാസ്സ്‌ എടുക്കണം. ക്ലാസ്സ്‌ കഴിഞ്ഞാല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. അതിനു മറുപടി കൊടുക്കണം. ഇതു ഞങ്ങളുടെ ക്ലാസ്സിലെ പല കുട്ടികള്‍ക്കും ഒരു തലവേദനയായിരുന്നു.

അങ്ങനെ ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ ഊഴമെത്തി. സുഹ്രുത്തു ക്ലാസ്സ്‌ എടുക്കുന്നതിനു മുന്‍പ്‌, ഞാന്‍ പറയുന്നത്‌ എല്ലാം കേട്ടോണം, ഒരു സംശയം പോലും ചോദിച്ച്‌ എന്നെ ബുദ്ധിമുട്ടിക്കരുതേയെന്ന് താണു വീണു മുന്‍ക്കൂര്‍ ജാമ്യാപേക്ഷയൊക്കെ സമര്‍പ്പിച്ചിട്ടാണു ക്ലാസ്സെടുക്കാന്‍ കയറിയത്‌. നെതര്‍ലാന്‍ഡ്സിനെ പറ്റിയായിരുന്നു ക്ലാസ്സ്‌. അതിനകത്തെ ഒരു വാചകം ഇങ്ങനെയായിരുന്നു- Netherlands is a CAREFREE country. ഏതായാലും ക്ലാസ്സ്‌ തീര്‍ന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം എന്ന് നേരത്തെ സമര്‍പ്പിച്ചിരുന്ന മുന്‍ക്കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ ചോദിച്ചു. പക്ഷെ സുഹ്രുത്തിന്റെ ജാമ്യാപേക്ഷ നിരുപാധികം തള്ളി കൊണ്ട്‌ ഒരു സുഹ്രുത്ത്‌ ചോദിച്ചു- In your speech you mentioned that Netherlands is a CAREFREE country. What do you mean by a carefree country? ഈ ചോദ്യം കേട്ടതോടെ പെണ്‍ക്കുട്ടികള്‍ കമിഴ്‌ന്ന് കിടന്ന് ചിരിക്കാന്‍ തുടങ്ങി. തന്റെ ക്ലാസ്സിനു എന്തോ തട്ടുക്കേട്‌ പറ്റിയെന്ന് സുഹ്രുത്തിനു മനസ്സിലായി. എന്നിട്ട്‌ ഞങ്ങളെ എല്ലാം ദയനീയമായി നോക്കി കൊണ്ട്‌ ചോദ്യമെറിഞ്ഞ സുഹ്രുത്തിനെ നോക്കി, അരിശത്തോടെ പിറുപിറുക്കാന്‍ തുടങ്ങി. അപ്പോള്‍ ചോദ്യകര്‍ത്തവിന്റെ തന്നെ അടുത്ത ചോദ്യവും വന്നു- Why are you WHISPERing now? Answer Loudly. അതോടെ ക്ലാസ്സില്‍ കൂട്ടചിരി ഉയര്‍ന്നു. സുഹ്രുത്ത്‌ ശരിക്കും വിയര്‍ത്തു.. ഏതായാലും എന്തൊക്കെയോ പറഞ്ഞ്‌ സുഹ്രുത്ത്‌ ആ ക്ലാസ്സില്‍ നിന്നും തലയൂരി.

ഇങ്ങനെ പലതുമായി 3 മാസം കടന്നു പോയി. റിസള്‍ട്ട്‌ വന്നപ്പോള്‍ ഞങ്ങളുടെ ഒരു സുഹ്രുത്ത്‌ മാത്രം A+ Outstanding-ഇല്‍ പാസ്സായി. ഞങ്ങള്‍ 4 ആള്‍ക്ക്‌ A+, കേര്‍ഫ്രീ സുഹ്രുത്ത്‌ B ഗ്രേഡിലും പാസ്സായി. ചെയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്തിട്ട്‌ പറഞ്ഞു, A+ Outstanding കിട്ടിയ ആളിനു 2 മാസത്തിനകം ജോലി ലഭിയ്ക്കും. ബാക്കി കുട്ടികള്‍ക്ക്‌ പുറകാലെ...

കോഴ്സ്‌ കഴിഞ്ഞപ്പോള്‍ കിട്ടിയ ആ വലിയ ഭംഗിയുള്ള സര്‍ട്ടിഫിക്കേറ്റില്‍ എനിക്കു കിട്ടിയ ആ A +, കണ്ടപ്പോള്‍ ഞാന്‍ എതോ ഷക്കീല ചേച്ചിയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ കീറി കയ്യില്‍ പിടിച്ചതു പോലെ തോന്നി. രൂപാ ഒന്നും രണ്ടുമല്ല... 3500 ആണു കളഞ്ഞത്‌. പിന്നെ 'ഇതര ചിലവുകള്‍' വേറെയും. ഒടുക്കം കിട്ടിയതോ A + സര്‍ട്ടിഫിക്കേറ്റും. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്ത്‌ ജീന്‍സിനകത്ത്‌ വെച്ചതു പോലെയായി ഇത്‌...

ഇനി എന്താണു അടുത്ത പരിപാടിയെന്ന് സഹപാഠികള്‍ തിരക്കിയപ്പോള്‍, സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയല്ലോ... ഇനി ഞാന്‍ അങ്കിളിന്റെ കൂടെ കൂടും. ഓഹ്‌!!! അങ്കിള്‍ എവിടെയാ? എന്തെടുക്കുന്നു? മുതലായ ചോദ്യങ്ങള്‍ക്ക്‌ ഓഹ്‌ അങ്കിള്‍ ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ ചുമ്മാതെയിരിക്കുകയായെന്ന വലിയ തമാശ പറഞ്ഞ്‌ ഞാന്‍ അവരെ ചിരിപ്പിച്ചുവെങ്കിലും അതു ഇങ്ങനെ അറം പറ്റുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല.

3 മാസം കഴിഞ്ഞു, 6 മാസം കഴിഞ്ഞു.. ഏതായാലും ആര്‍ക്കും ജോലി കിട്ടിയതായി ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല. അതിനിടയില്‍ A+ Outstanding കിട്ടിയ സുഹ്രുത്ത്‌ അച്ചനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത കേട്ടതോടെ അവനേക്കാള്‍ മുന്‍പേ ഞങ്ങള്‍ ‘വികാരി’കളായി.

മാസങ്ങള്‍ക്കു ശേഷം, ട്രാവല്‍ ആന്‍ഡ്‌ ടൂറിസം പഠിപ്പിച്ച ഒരു സാറിനെ കണ്ടു. എന്നെ കണ്ടപ്പോള്‍ സാറു തിരക്കി-സെനു ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? ഞാന്‍ പറഞ്ഞു,:- ഈസ്റ്റ്‌ വെസ്റ്റില്‍ [എയര്‍ലൈന്‍സ്‌] ജോലി ചെയ്യുന്നു. സാര്‍ ഞെട്ടി പോയി. സാര്‍ എന്നെ പിടിച്ച്‌ കുലുക്കി അഭിനന്ദിച്ചു. എന്നിട്ട്‌ പറഞ്ഞു, ഞങ്ങള്‍ ഇപ്പോഴും പഠിപ്പിച്ചു തന്നെ നടക്കുന്നു. ആട്ടെ, എങ്ങനെയാണു ഈസ്റ്റ്‌ വെസ്റ്റില്‍ ജോലി കിട്ടിയത്‌? എന്നാണു അവര്‍ അപേക്ഷ ക്ഷണിച്ചത്‌?? അങ്ങനെ കുറച്ച്‌ ചോദ്യങ്ങള്‍ പുറത്തേക്ക്‌ വന്നു. ചോദ്യങ്ങള്‍ എല്ലാം തീര്‍ന്ന്, സാര്‍ ഒന്ന് ശ്വാസം വിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ജോലി ഒന്നും കിട്ടാതെ തെക്ക്‌ വടക്ക്‌ നടക്കുകയാണെന്ന സത്യം ഞാന്‍ സാറിനോട്‌ ഇംഗ്ലീഷില്‍ പറഞ്ഞുവെന്ന് മാത്രം... ഈസ്റ്റ്‌ വെസ്റ്റ്‌.. സാര്‍ ചമ്മിയ മുഖത്തോടെ ചിരിച്ചു. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു.

കഴിഞ്ഞ തവണ നാട്ടില്‍ ലീവിനു എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍, നമ്മുടെ ആ പഴയ കേര്‍ഫ്രീ സുഹ്രുത്തിനെ കണ്ടു. അതും എയര്‍പ്പോര്‍ട്ട്‌ യൂണിഫോമില്‍. അവനെ കണ്ടതും ഞാന്‍ ഓടി ചെന്നു. അവനു എന്നെ മനസ്സിലായില്ല. അടുത്ത്‌ ചെന്നതും അവന്‍ എന്നോട്‌ ഒരു ചോദ്യം- Any Problem Sir, May I Help you? എന്റെ ദൈവമേ.. പണ്ട്‌ ഞങ്ങള്‍ കേര്‍ഫ്രീയില്‍ നിന്നും രക്ഷിച്ചെടുത്ത ആ സുഹ്രുത്ത്‌ ഇന്ന് ഇംഗ്ലീഷില്‍ തന്നോട്‌ സംവാദിക്കുന്നു. ഇതു അവന്‍ തന്നെയല്ലേയെന്ന് അവന്റെ ഐഡന്റിറ്റി കാര്‍ഡില്‍ നോക്കി വേരിഫൈ ചെയ്തു. ഞാന്‍ പിന്നെ അവനെ ആ പഴയ കാലത്തിലേക്കു കൂട്ടി കൊണ്ട്‌ പോയി.

20 പേരുടെ ക്ലാസ്സില്‍ ഇരുപതാം സ്ഥാനത്തായിരുന്ന എന്റെ ആ സുഹ്രുത്ത്‌ ഇന്നു നാട്ടില്‍ 5 അക്ക ശമ്പളവും, അതിനൊപ്പം കിമ്പളവും വാങ്ങുന്നു. ഒന്നാം സ്ഥാനത്തായിരുന്ന സുഹ്രുത്ത്‌ ഇന്ന് ഏതോ പള്ളിയില്‍ വികാരി..3500 രൂപാ വെറുതെ കളഞ്ഞ എനിക്ക്‌ കിട്ടിയത്‌ കുറച്ച്‌ നല്ല സുഹ്രുത്തുക്കളെയും.... പിന്നെ ഒരു കോ....ട്ടണ്‍ റ്റൈയും..