Thursday, 27 August 2009

"ചുട്ടി റ്റിവിയും, കുട്ടി തമിഴും"

♪♪നീ എന്റെ പ്രാര്‍ത്ഥന കേട്ടു…….
നീ എന്റെ മാനസം കണ്ടു…♪♪.

"സുന്നത്ത്‌ വര്‍ക്ക്‌" അഥവാ www.sunnetwork.tv ചാനലുകാര്‍ ഒരു സുപ്രഭാതത്തില്‍ ഐ.ആര്‍ ഡി ബോക്സ്‌ ഇല്ലാതെ കാണാന്‍ പറ്റുകയില്ലെന്ന് എഴുതി കാണിച്ചപ്പോളാണു ഞാന്‍ ഒരു ഐഡിയാ സ്റ്റാര്‍ സിംഗറെ പോലെ ഈ പാട്ട്‌ ഒന്നു മൂളിയത്‌.

സണ്‍ റ്റിവി വീട്ടില്‍ കിട്ടി തുടങ്ങിയപ്പോള്‍ എല്ലാവരെയും പോലെ ഞങ്ങളും മനസ്സാ ഒന്ന് ആഹ്ലാദിച്ചു. നല്ല പുതിയ സിനിമാകള്‍ കാണാന്‍ ഇനി പറ്റുമല്ലോ. ഏഷ്യാനെറ്റില്‍ കൂടി ഒരു മാതിരി പെട്ട മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, മമ്മൂട്ടി മുതലായവരുടെ "മലയാള റ്റിവി ചരിത്രത്തില്‍ ആദ്യമായി ബ്ലോക്ക്‌ ബസ്റ്റര്‍ പടങ്ങള്‍" തന്നെയും പിന്നെയും കണ്ട്‌ , ഡയലോഗസ്‌ വരെ കാണാതെ പഠിച്ചുവെന്ന ഒരു സ്റ്റേജ്‌ വന്നപ്പോളാണു സൂര്യാ റ്റിവി, വീട്ടിലേക്ക്‌ കടന്നു വന്നത്‌. സൂര്യയുടെ ആദ്യത്തെ ദിനങ്ങള്‍, ആഴ്ച്ചകള്‍ ഒക്കെ നല്ല രീതിയില്‍ കടന്നു പോയി.

റിമോട്ട്‌ കണ്ട്രോള്‍ എന്ന സാധനം ഞങ്ങള്‍ക്ക്‌ രാഹുവില്‍ കേതുവിന്റെ അപഹാരം ഉണ്ടായ സമയത്ത്‌, മോളുടെ കൈയില്‍ പെട്ടു പോയി. അവള്‍ അതില്‍ കുത്തി കുത്തി, ചാനല്‍ മാറ്റി കളിച്ചു കൊണ്ടിരുന്നപ്പോള്‍ ദാ, മായാവിയെക്കാട്ടിലും, ഹലോ മൈ ഡിയര്‍ കുട്ടിച്ചാത്തെനെക്കാട്ടിലും ഭയങ്കരനായി ചുട്ടി റ്റിവി എന്ന ഒരു വലിയ ഭൂതം പുറത്ത്‌ ചാടി. ആ ഭൂതം വീട്ടില്‍ തകര്‍ത്താടി.


വീട്ടില്‍ എപ്പോള്‍ ഏതു സമയത്ത്‌ വന്നാലും ചുട്ടി റ്റിവി മാത്രം. അങ്ങനെ എന്റെ വാര്‍ത്ത കാണലും, ഭാര്യയുടെ മാനസ പുത്രിയും, പാരിജാതവും എല്ലാം വഴിയാധാരമായി. വീട്ടില്‍ സദാ സമയവും ഡോറാപ്പൂഞ്ജ്ജിയും സംഘവും മാത്രം. അങ്ങനെ മക്കള്‍സ്‌ മലയാളത്തെ മറന്ന് തമിഴില്‍ പേശാന്‍ തുടങ്ങി.


ഒരു വെള്ളിയാഴ്ച്ച രാവിലെ ഞങ്ങളുടെ വീട്ടില്‍ പതിവു പോലെ മക്കള്‍സ്‌ ചുട്ടി റ്റി.വിയും കണ്ട്‌ മദിച്ച്‌ ഇരിക്കുമ്പോള്‍ നമ്മുടെ കോളിംഗ്‌ ബെല്ല് ശബ്ദിച്ചു. ഞാന്‍ പോയി കതക്‌ തുറന്നതും, മോള്‍ വന്നവരുടെ മുന്‍പിലേക്ക്‌ വന്നതിങ്ങനെ:- 'കാലത്തവരാധികള്‍'.... ബാക്കി എന്തെങ്കിലും അവള്‍ പറയുന്നതിനു മുന്‍പ്‌ ഞാന്‍ അവളുടെ വായ പൊത്തി, ചമ്മിയ ചിരിയോടെ വന്ന അതിഥികളെ സ്വീകരിക്കുമ്പോഴും മോളുടെ വായില്‍ നിന്ന് വീണ പദത്തെ പറ്റി ഓര്‍ത്ത്‌ എന്റെ മൂഞ്ചി വിവര്‍ണ്ണമായിരുന്നു. അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ മോളെ വിളിച്ച്‌ ചോദിച്ചു, നീ എന്തവാ അവരൊക്കെ വന്നപ്പോള്‍ പറഞ്ഞു കൊണ്ട്‌ വന്നതു...കാലത്തവരാധികളോ??? എവിടുന്ന് കിട്ടി ഇത്തരം ഭാഷയൊക്കെ? നീ എന്തിനാ സണ്‍ഡേ സ്ക്കൂളില്‍ പഠിക്കുന്നത്‌ മുതലായ ചോദ്യങ്ങള്‍ വന്നപ്പോള്‍ അവള്‍ കരച്ചില്‍ ആരംഭിച്ചു.. എന്നിട്ട്‌ പറഞ്ഞു..അപ്പാ, ഞാന്‍ ഇനി അതു ചുട്ടി റ്റിവിയില്‍ വരുമ്പോള്‍ കേള്‍പ്പിക്കാം.. പിന്നീട്‌ അത്‌ വന്നപ്പോള്‍ അവള്‍ എന്നെ വിളിച്ച്‌ കേള്‍പ്പിച്ചു... ഞാന്‍ കേട്ടതിങ്ങനെ:- കാണെത്തവറാധികള്‍ ഉങ്കള്‍ സണ്‍ റ്റീവിയില്‍ (Don't miss the program in Sun TV) എന്നാണത്രെ അര്‍ത്ഥമെന്ന് ഒരു തമിഴ്‌ സുഹൃത്ത്‌ പറഞ്ഞപ്പോഴാണു എന്റെ മൂഞ്ചിയുടെ ചളുക്കം ഒന്ന് നിവര്‍ന്നത്‌. പക്ഷെ, ഈശ്വരാ..കാലത്ത്‌ വീട്ടില്‍ കയറി വന്ന അതിഥികളും തന്നെ പോലെ തമിഴ്‌ അറിയാത്തവര്‍...അവര്‍ കാലെത്തവരാധികള്‍ എന്ന് പറയുന്നത്‌ കേട്ട്‌ എന്ത്‌ നിനച്ചിരിക്കുമോയെന്ന് ഓര്‍ത്തിട്ട്‌ എനിക്ക്‌ മനസ്സിനു ഒരു സുഖവും കിട്ടിയില്ല.

ഈ സംഭവത്തോടെ വിരുന്നുകാരുടെ മുന്‍പിലും, വീടിന്റെ പുറത്തും തമിഴ്‌ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങി.

മക്കള്‍സിന്റെ തമിഴ്‌ പറച്ചില്‍ അങ്ങനെ ഒരു പരിധി വരെ കുറഞ്ഞു. എന്നാലും പുട്ടിനു, തേങ്ങാപ്പീരാ ചേര്‍ക്കും പോലെ, മക്കള്‍സ്സ്‌ അറിഞ്ഞും, അറിയാതെയും തമിഴ്‌ പറഞ്ഞു കൊണ്ടുമിരുന്നു. അങ്ങനെ ‘വളി’ എന്നതു വഴിയാണെന്നും, ‘മൂഞ്ചി’ എന്നത്‌ മുഖം ആണെന്നും, ‘വര്‍ണ്ണത്ത്‌ പൂച്ചി’ എന്നത്‌ ബട്ടര്‍ ഫ്ലൈയാണെന്നും, ഹീമാനിലെ പുലിയുടെ പേരു വളി പുലിയാണെന്നും ഒക്കെ മേലെപറമ്പില്‍ ആണ്‍വീട്ടില്‍ ജഗതി ചേട്ടന്‍ കഷ്ടപ്പെട്ട്‌ “മലയാളം-തമിഴ്‌ ഭാഷാസഹായി” ഉപയോഗിച്ച്‌ പഠിച്ച സംഭവങ്ങള്‍, എന്റെ സംസാരം [ഭാര്യ] നിസ്സരമായി പഠിച്ചു കൊണ്ടിരുന്നു...

ഒരു ദിവസം ഉച്ചക്ക്‌, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മോള്‍ വക ഒരു ചോദ്യം:- അപ്പാ, തൂറല്‍ എപ്പോഴാ ഇനി വരിക? ചോദ്യം കേട്ടതും ഭാര്യ പൊട്ടിത്തെറിച്ചു. പിന്നെ ഭക്ഷണം കഴിക്കുമ്പോഴാ അവളുടെ തൂ.... ഉടനെ മോള്‍ പറഞ്ഞു... അമ്മേ.... തമിഴില്‍ തൂറല്‍ എന്ന് പറഞ്ഞാല്‍ മഴ എന്നാണര്‍ത്ഥം; അമ്മ കേട്ടിട്ടില്ലെ നമ്മുടെ ജ്യോതിക ഡാന്‍സ്‌ കളിച്ച്‌ പാടുന്ന പാട്ട്‌, " മിന്നല്‍ അടിക്കിത്‌; തൂറല്‍ വീസത്‌.." അവള്‍ പറഞ്ഞ്‌ തീര്‍ന്നതും ഭാര്യ വയലന്റായി... അവള്‍ക്ക്‌ പഠിക്കാനുള്ളത്‌ ഒന്നും തലയില്‍ കയറില്ല... ജ്യോതികയുടെ തൂറല്‍...ഹൊ!!! എന്ത്‌ എളുപ്പമാ ഇതൊക്കെ തലയില്‍ കയറ്റുന്നത്‌? എടീ ഹിന്ദിയില്‍ ബാരിശ്‌= rain എന്ന് എത്ര വട്ടം അലമുറയിട്ട്‌ പറഞ്ഞിട്ടാ മണ്ടയില്‍ കയറ്റിയത്‌... ഈ പണ്ഡാരം പിടിച്ച റ്റിവി വന്നതില്‍ പിന്നെ പഠിക്കണമെന്നെ ഇല്ലായെന്ന് പറഞ്ഞ്‌ നോണ്‍ സ്റ്റോപ്പ്‌ ആയി വഴക്ക്‌ നീങ്ങിയപ്പോള്‍ ഞാന്‍ ഒരു ബാങ്കി മൂണായി മാറി വഴക്ക്‌ അവസാനിപ്പിച്ചു.

അന്ന് വൈകിട്ട്‌ വീട്ടില്‍ അടുത്ത നിയമം പാസ്സായി. വ്യാഴാഴ്ച്ച വൈകിട്ട്‌ മാത്രമെ ഇനി മുതല്‍ ചുട്ടി റ്റി.വിയുള്ളു. ആ നിയമം അത്ര എളുപ്പം പാസ്സാക്കാന്‍ പറ്റുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യം ചില്ലറ പ്രതിഷേധങ്ങള്‍ ഉണ്ടായി എങ്കിലും പിന്നീട്‌ എല്ലാം വളരെ വേഗം കെട്ടടങ്ങി.

ദാ! ഇപ്പോള്‍ ഐ.ആര്‍.ഡി ബോക്സ്‌ വെക്കാതെ “സുന്നത്ത്‌ റ്റിവി” കാണാന്‍ പറ്റുകയില്ലായെന്ന അറിയിപ്പു വന്നതോടെ എല്ലാം തീര്‍ന്നു. തൃശ്ശൂര്‍ പൂരം തീര്‍ന്ന ആശ്വാസത്തില്‍ ആണു ഞങ്ങളിപ്പോള്‍.... ഇപ്പോള്‍ വീട്ടില്‍ എല്ലാം സ്വസ്ഥം, ശാന്തം..

ഈശ്വരോ രക്ഷതുഃ

വാല്‍ തുണ്ട്‌ [വാല്‍ കഷ്ണം]

വെല്ലൂരു നിന്ന് വീട്ടിലേക്ക്‌ വരാനായി കാട്‌പാടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറുടെയും, റ്റി.റ്റിയുടെയും ഒക്കെ കാലു പിടിച്ച്‌ ഒരു റ്റിക്കറ്റ്‌ ഒതുക്കത്തില്‍ സംഘടിപ്പിച്ച്‌ ട്രയിനില്‍ കയറി, എനിക്ക്‌ നിശ്ചയിച്ച സീറ്റിന്റെ അവിടെ ചെന്നപ്പോള്‍, അവിടെ മൊത്തം ചാക്കുക്കെട്ടും, തുണിക്കെട്ടുകളും നിറച്ച്‌ വെച്ച്‌ ഒരു അപ്പച്ചന്‍, ട്രാഫിക്ക്‌ ഐലന്‍ഡില്‍, നട്ടുച്ചക്ക്‌ നില്‍ക്കുന്ന കേരളാ പോലീസു കണക്കെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാതെ നില്‍ക്കുന്നു. ഏതായാലും ഞാന്‍ ഒരു കണക്കിനു എന്റെ സീറ്റു ഉറപ്പിച്ചു എന്നിട്ട്‌ അപ്പച്ചനോട്‌ തമിഴില്‍ പറഞ്ഞു.... അപ്പച്ചാ.. “ചിന്ന സാമാനം, പെരിയ സുഖം എന്നല്ലേ”. Less Luggage; More Comfort എന്നതിന്റെ തമിഴ്‌ പരിഭാഷ. എന്റെ തമിഴ്‌, അപ്പച്ചനു മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. അതു കൊണ്ട്‌ ഇന്ന് ഞാന്‍ കുടുംബമായി ജീവിക്കുന്നു. അല്ലായിരുന്നെങ്കില്‍ അപ്പച്ചന്‍ അന്നേ എന്റെ “luggage”, “Less” ആക്കിയേനെ!!!.