Sunday, 15 June 2008

അമ്മേ.....ലീലാമ്മേ...

പൊടിയാടി എന്ന ഇട്ടാ വട്ട സ്ഥലത്ത്‌ ഏകദേശം 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആകെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്‌, പൊടിയാടി എല്‍.പി.സ്‌ക്കൂള്‍, കൃഷി ഭവന്‍ മുതലായ ചില്ലറ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു. [ഇപ്പ്പ്പോഴും അതൊക്കെയെ ഉള്ളു താനും]. ആയതിനാല്‍ പൊടിയാടിയില്‍ 'വരത്തര്‍' വന്ന് വാടകയ്ക്ക്‌ വീട്‌ എടുക്കുന്നത്‌ വളരെ വിരളമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണു ഒരു ദിവസം സ്‌ക്കൂള്‍ വിട്ടു വരുമ്പോള്‍, വര്‍ഷങ്ങളായി അടഞ്ഞ്‌ കിടന്നിരുന്ന ഒരു വീടിന്റെ മുന്‍പില്‍ ഒരു ടെമ്പോയില്‍ നിന്നും നാട്ടുകാര്‍ വീട്ടുപകരണങ്ങളും മറ്റ്‌ സാധന സാമഗ്രികളും ഇറക്കി വെയ്ക്കുന്നതു കണ്ടത്‌ എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട്‌ തന്നെയെന്ന മട്ടില്‍ ഞങ്ങള്‍ നടത്തത്തിന്റെ സ്പീഡ്‌ അല്‍പം ഒന്ന് കുറച്ച്‌, ചെവി ഒന്ന് വട്ടം പിടിച്ചു. റ്റിവി ന്യൂസ്‌ ചാനലുകാര്‍ വീടിനു മുന്‍പില്‍ കുറ്റിയടിക്കുന്നതു പോലെ കുറ്റിയടിച്ച്‌ ചുറ്റുവട്ടം ഗഹനമായി തന്നെ വീക്ഷിച്ചു. കാവുംഭാഗത്ത്‌ സര്‍ക്കാര്‍ ഓഫീസില്‍ ജോലിയുള്ള ചേട്ടന്‍ - രവി, ഭാര്യ - ലീല , [പേരുകള്‍ ഒറിജിനല്‍ വ്യാജം] ഉദ്ദേശം 30 വയസ്സ്‌, സ്വസ്ഥം, ഗൃഹഭരണം എന്നിവരടങ്ങുന്ന ഒരു ചെറിയ കുടുംബം, ചേര്‍ത്തലയ്‌ക്ക്‌ അപ്പുറത്ത്‌ നിന്നും ട്രാന്‍സ്ഫറായി വരുന്ന രംഗങ്ങളാണു ഞങ്ങള്‍ അപ്പോള്‍ അവിടെ ലൈവായി കണ്ടു കൊണ്ടിരിക്കുന്നതെന്നു നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ക്ക്‌ മനസ്സിലായി. പുതിയ താമസക്കാരുടെ വരവ്‌ ഞങ്ങളുടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഒരു ആഘോഷമാക്കി മാറ്റി. വര്‍ഷങ്ങളായി കാടു പിടിച്ച്‌ കിടന്ന സ്ഥലം, ചേച്ചിയുടെ ഒറ്റ നോട്ടം കൊണ്ട്‌ നാട്ടുകാര്‍ ‘സേവനവാരമാക്കി’ മാറ്റി. ചേച്ചി പഞ്ചാരയാണെങ്കില്‍, പാവം ചേട്ടന്‍ ഡയബറ്റിക്ക്‌ [പഞ്ചാരയല്ല എന്ന് സാരം.] അങ്ങനെ ചേച്ചി ഞങ്ങളുടെ നാട്ടിലെ യുവാക്കളുടെ ഹരമായി മാറി.. രാവിലെ ചേട്ടന്‍ തന്റെ ഹെര്‍ക്കുലീസ്‌ സൈക്കളില്‍ ഓഫീസില്‍ പോയി കഴിഞ്ഞാല്‍, ചേച്ചിയെ സഹായിക്കാന്‍ ആളുകളുടെ നീണ്ട ക്യൂ. വാടക പുരയിടത്തിലെ തേങ്ങയിട്ടു കൊടുക്കാന്‍, മീന്‍ മേടിച്ച്‌ കൊടുക്കാന്‍, പലചരക്ക്‌ സാധനങ്ങള്‍ മേടിച്ച്‌ കൊടുക്കാന്‍, വോഡഫോണ്‍ പരസ്യം പോലെ-“ഹാപ്പി റ്റു ഹെല്‍പുമായി” ചെറുസെറ്റ്‌ കറങ്ങി കൊണ്ടേയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്‌ ചേച്ചി ഞങ്ങളുടെ നാട്ടിലെ ചെറിയ ഒരു ഗൂഗിളോ, യാഹുവോ ഒക്കെയായി മാറി കഴിഞ്ഞു. എന്നു വെച്ചാല്‍ ഞങ്ങളുടെ നാട്ടിലെ ആരെ പറ്റി ചേച്ചിയോട്‌ ചോദിച്ചാലും ഫുള്‍ ഡീറ്റേല്‍സും റെഡി. സ്വതവേ പഞ്ചാരയായ ചേച്ചിയോട്‌ ആരെങ്കിലും നായനാരുടെയോ, എം.എം.ലോറന്‍സിന്റെയോ ഒക്കെ കുറ്റം പറഞ്ഞാല്‍..പിന്നെ ചേച്ചി വയലന്റാകും. അപ്പോഴും നമ്മുടെ രവി ചേട്ടന്‍ അവാര്‍ഡ്‌ പടത്തിലെ നായകനെ പോലെ സയലന്റായിരിക്കും.

ഒരു ശനിയാഴ്ച്ച ഉച്ചക്ക്‌ യാതൊരു മുന്നറിയുപ്പുമില്ലാതെ രവി ചേട്ടന്‍ ചേര്‍ത്തല വരെ പോകാന്‍ തീരുമാനിച്ചു. പുതിയ സ്ഥലത്ത്‌ 2 ദിവസം ഭാര്യയെ ഒറ്റയ്ക്ക്‌ നിര്‍ത്തിയിട്ടു പോകാന്‍ വയ്യാഞ്ഞ കാരണം, ഞങ്ങളുടെ നാട്ടിലെ ചിന്ന ചേടത്തിയെ കൂട്ട്‌ കിടക്കാന്‍ അറേഞ്ച്‌ ചെയ്തിട്ട്‌ രവിചേട്ടന്‍ യാത്രയായി.

അന്ന് രാത്രി ചിന്ന ചേടത്തി ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിഞ്ഞു.... ലീല വെറും ലീലയല്ല. കുളിച്ച്‌ പ്രാര്‍ത്ഥനാ മുറിയില്‍ കയറി, പൂജ നടത്തുമ്പോള്‍, ലീല എന്തൊക്കെയോ പറയുന്നു. ചിന്ന ചേടത്തി ചെവി കൂര്‍പ്പിച്ചു. ആകാശ വാണിയില്‍ നിന്നും രാവിലെ കേട്ടു കൊണ്ടിരുന്നതു പോലെ, സംവൃതി വാര്‍ത്താ ഹാ സുയന്ത...പ്രവാചകാ ഗിരി സേവാനനന്ദ സാഗരാ എന്നൊക്കെ ആര്‍ക്കും മനസ്സില്ലാകാത്ത രീതിയില്‍, ഭാഷയില്‍ എന്തൊക്കെയോ പദങ്ങള്‍ പൂജാ മുറിയില്‍ നിന്നും പുറത്ത്‌ വന്ന് കൊണ്ടിരുന്നു.. മണിക്കൂറുകള്‍ക്ക്‌ ശേഷം പൂജാമുറിയില്‍ നിന്ന് ഇറങ്ങി വന്ന ലീലയെ കണ്ട്‌ ചേടത്തി അന്ധാളിച്ചു. മുഖത്ത്‌ മൊത്തം സിന്ദൂരമൊക്കെയിട്ട്‌ പേടിപെടുത്തുന്ന ഒരു രൂപത്തില്‍ ലീല. ചേടത്തി, ലീലയെ കണ്ടതും പരുമല തിരുമേനി, അന്തോണിസ്‌ പുണ്യാളച്ചന്‍, കടമുറ്റത്ത്‌ കത്തനാര്‍, തോമാ ശ്ലീഹാ മുതലായ എല്ലാവരെയും ആ ചുരുങ്ങിയ നിമിഷം കൊണ്ട്‌ വിളിച്ചു. ലീല നേരെ ചേടത്തിയുടെ അടുത്തേക്ക്‌ വന്ന്, ചേടത്തിയുടെ തലയില്‍ കൈ വെച്ച്‌ കുറച്ച്‌ ഭൂതം [ഭൂത കാലം] പറഞ്ഞു. ചിന്ന ചേടത്തിക്ക്‌ മാത്രം അറിയാവുന്ന ചിന്നചേടത്തിയുടെ ഭൂതം, ദാ ഇന്നലെ വന്ന ഈ ചേര്‍ത്തലക്കാരി പറയുന്നത്‌ കേട്ട്‌ ഞെട്ടി പോയി. ഇവള്‍ ഈ നാട്ടില്‍ തങ്ങിയാല്‍ ശരിയാവില്ല. പിന്നീടുള്ള ചിന്ന ചേടത്തിയുടെ ബുദ്ധിപൂര്‍വ്വമായ നീക്കത്തെ തുടര്‍ന്ന്, വീടൊഴിഞ്ഞ്‌ കൊടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രവി ചേട്ടന്റെ ഓഫീസിന്റെ അടുത്ത്‌ മണിപ്പുഴ-ഉണ്ടപ്ലാവ്‌ റൂട്ടിലെ ഒരു ഭവനത്തില്‍ അവര്‍ താമസം മാറ്റി. പുതിയ വീട്ടിലെ പൂജാമുറിയില്‍ നാട്ടില്‍ അന്ന് നിലവിലുണ്ടായിരുന്ന സകല ദൈവങ്ങളുടെയും, കളര്‍, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോകള്‍ വെച്ച്‌ ‘91.6 മാറ്റ്‌ ‘ ആക്കി. പൂജകള്‍ ശക്തമായി. മാത്രവുമല്ല മതിലില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചു-കൊക്കോലായില്‍ ശാന്തീ ദേവി മഠം. ലീല ചേച്ചി ഫുള്‍ റ്റൈം ഭക്തയായതോടെ, ലീല ചേച്ചിയുടെ രവി അണ്ണന്‍, ഉണ്ണിയും മകനും ഒക്കെയായി മാറി. രവി ചേട്ടനു ലീല, അമ്മയുമായി മാറി. അമ്മ വിളയാട്ടത്തിന്റെ കാഠിന്യം നിമിത്തം അമ്മയുടെ കാര്‍ക്കൂന്തലില്‍ ജഡകള്‍ പിടിച്ചു നല്ല മുരിഞ്ഞക്ക പോലെയായി. ആയതിനാല്‍ ഞാന്‍ അവര്‍ക്കു രഹസ്യമായി ഒരു പേരിട്ടു- മുരിഞ്ഞയ്ക്ക അമ്മ.

അമ്മ പ്രവചനങ്ങള്‍ തുടങ്ങി...രോഗ ശാന്തി തുടങ്ങി...ബാധ, കൂടോത്രം ഒഴിപ്പിക്കല്‍ എന്നിവകളും തുടങ്ങി. വീടിന്റെ മുന്‍പില്‍ ആളുകള്‍ ക്യൂവായി. പുതിയ ഓട്ടോ ആരു എടുത്താലും അമ്മയുടെ അടുത്ത്‌ കൊണ്ട്‌ വരും. അമ്മ അതില്‍ ഒന്ന് കയറി വീടിന്റെ മുറ്റത്ത്‌ കൂടി ഒന്ന് കറക്കി നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്ക്‌ നൂറിന്റെ ഒരു നോട്ട്‌ രണ്ട്‌ കണ്ണിലും വെച്ചു പ്രാര്‍ത്ഥിച്ച്‌ കൊടുക്കുമ്പോള്‍ ഓട്ടോയ്ക്കും, ഒപ്പം ഡ്രൈവര്‍ക്കും 4 വീലായ സംതൃപ്തി. അങ്ങനെ ഓട്ടോക്കാരും അമ്മയുടെ മാര്‍ക്കറ്റിംഗ്‌ പാര്‍ട്‌നേഴ്സ്‌ ആയി. ഏത്തകുലകള്‍, കരിമീന്‍, വാള മുതലായ സാധനങ്ങള്‍ സംഭാവനയായി ഭക്തര്‍ കൊടുക്കുമ്പോള്‍, അമ്മ ഒറ്റ ഫോണ്‍.. എസ്‌.ഐ സാറേ...നല്ല നേന്ത്രകുല വന്നിട്ടുണ്ട്‌. ഡ്രൈവറെ ഒന്ന് ഇത്രടം വിട്ടാല്‍...മതി..ദാ ജീപ്പ്‌ എത്തി കഴിഞ്ഞു. എന്നാല്‍ നാട്ടില്‍ ഒരു കൊല നടക്കുന്നുവെന്ന് പറഞ്ഞാല്‍, കൊല ചെയ്തവര്‍ ദുബായില്‍ ചെന്നാലും ആരും വരില്ല. അതു പോലെയാണോ അമ്മയുടെ 'കൊല'. ഡി.വൈ.എസ്‌.പി സാറെ....നല്ല പെട പെടപ്പന്‍ വാള... ദാ എത്തി...അങ്ങനെ അമ്മ പോലീസിനെയും, വശത്താക്കി. ഏത്തകുലയുടെയും, മീനിന്റെയും ഒക്കെ പിന്‍ബലത്തില്‍ ചില്ലറ കേസുകള്‍ ഒതുക്കിയും, വാറ്റുകാരെ സംരക്ഷിച്ചും ജനസമ്മതി ആര്‍ജ്ജിച്ചു. ഇതിനിടയില്‍ രവി ചേട്ടനു പാലായിലേക്കു ട്രാന്‍സ്ഫര്‍. പക്ഷെ ഇത്രയും ഭക്തരെ ഉപേക്ഷിച്ച്‌ പാലായിലേക്ക്‌ പോകാന്‍ അമ്മ തയ്യാറായില്ല. അങ്ങനെ രവി ചേട്ടന്‍ തനിയെ പാലായ്ക്ക്‌ പോയി.

ഒരു ദിവസം ദൂരദേശത്തു നിന്നും അമ്മയെ കാണാന്‍ ഒരു ഭക്തനും, ഉദ്ദേശ്യം 7 വയസ്സുള്ള ഒരു മകനും എത്തി. അമ്മയുടെ ദര്‍ശനം ലഭിച്ചതും ഈ ഭക്തന്‍ തെറി വിളി ആരംഭിച്ചു. ഈ ഭക്തന്‍ കൊടുങ്ങല്ലൂരു നിന്നാണോ വരുന്നതെന്ന് പോലും അവിടെ കൂടി നിന്നവര്‍ ശങ്കിച്ചു. ഭകതന്‍ തെറി വിളിച്ച്‌ വെളിയില്‍ ചാടി... അമ്മയും വെളിയില്‍ ചാടി ഒരു പിടി ഭസ്‌മം വാരി ഭക്തന്റെ മുഖത്തേക്കെറിഞ്ഞു...ഭക്തന്‍ അമ്മയുടെ മുരിഞ്ഞക്കാ മുടിയില്‍ കുത്തി പിടിച്ചു. എന്നിട്ടു ആക്രോശിച്ചു...എടീ______മോളേ...കൊക്കാലായില്‍ ശാന്തി ദേവി____നിനക്കിപ്പോള്‍ എന്നെ അറിയത്തില്ല അല്ലേ...ഈ നില്‍ക്കുന്ന നിന്റെ കൊച്ചനെ അറിയത്തില്ല അല്ലേ...എന്തിയേടി നിന്നെയും കൊണ്ട്‌ ഒളിച്ചോടിയ ആ എരപ്പ..... ഇത്രയും പറഞ്ഞ്‌ ഭക്തര്‍ കാണ്‍കെ നമ്മുടെ അമ്മയുടെ ചെകിട്‌ നോക്കി ഒറ്റ പെട. ആ ഒറ്റ പെടയോടെ കൊക്കാലയില്‍ ശാന്തീ ദേവി ആ പഴയ ലീലയായി മാറി. പിന്നെ ലീലയും തന്റെ കഴിവു പുറത്തെടുത്തു. സാരി അങ്ങോട്ട്‌ തൊറുത്ത്‌ കയറ്റി നാട്ടുകാര്‍ കാണ്‍കെ ഒരു ലൈവ്‌ റിയാലിറ്റി ഷോ. ഇതൊക്കെ കണ്ട്‌ പകച്ച്‌ നിന്ന. 7 വയസ്സുകാരന്‍ ‘ഉണ്ണി’, അമ്മേ, അമ്മേ എന്ന് വിളിച്ച്‌ അമ്മയെ കെട്ടി പിടിച്ച്‌ കരയുന്നതു കണ്ടപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വ്യക്തമായി. അമ്മ ഇതാ ശരിക്കും മദര്‍ ആയിരിക്കുന്നു. ഭക്തര്‍ പതുക്കെ പതുക്കെ പിന്‍വലിഞ്ഞു. അതായിരുന്നു അമ്മയുടെ അവസാനത്തെ ദര്‍ശനം. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അമ്മയുടെ മഠം, അവാര്‍ഡ്‌ പടം ഓടുന്ന തീയേറ്റര്‍ പോലെ ശൂന്യം. അമ്മ ഞങ്ങളുടെ പ്രദേശത്ത്‌ നിന്നും അപ്രത്യക്ഷയായിരിക്കുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ഓരോ ‘ദൈവങ്ങളും’ അകത്താകുന്ന വാര്‍ത്തകള്‍ കാണുമ്പോഴും മുരിഞ്ഞയ്ക്ക അമ്മ അകത്തായോ എന്ന് ഞാന്‍ നോക്കും. ഇല്ല ആ അമ്മയെ ഇതു വരെ കണ്ടില്ല. പണ്ടാരോ പറഞ്ഞതു പോലെ, “സംഭവിച്ചതെല്ലാം നല്ലതിനു...ഇനി സംഭവിക്കാനിരിക്കുന്നത്‌...അത്‌ നിന്റെയൊക്കെ അഹങ്കാരം കൊണ്ടാ... ആ അത്ര തന്നെ.”

Sunday, 1 June 2008

ഒരു ' L ' ബോര്‍ഡും ലവ്‌ സ്റ്റോറിയും- [വാര്‍ഷിക പതിപ്പ്‌]

അപ്പ യാത്രക്ക്‌ എവിടെ പോയാലും, [സ്‌ക്കൂള്‍ അവധിയാണെങ്കില്‍] ഞാനും അപ്പയുടെ കൂടെ പോകും. അപ്പ കാറോടിക്കുമ്പോള്‍, ദൂരം പറഞ്ഞു കൊടുത്തും, സൈഡ്‌ പറഞ്ഞു കൊടുത്തും, ഡിമ്മും, ബ്രൈറ്റും ഇട്ടു കൊടുത്തും ഒരു ചിന്ന 'കിളിയായി' അപ്പയെ ഹെല്‍പ്പ്‌ ചെയ്യലായിരുന്നു എന്റെ പ്രധാനപ്പെട്ട വിനോദം. ഒരു വണ്ടിയും ഞങ്ങളെ ഓവര്‍റ്റേക്ക്‌ ചെയ്യുന്നത്‌ എനിക്ക്‌ ഇഷ്ടമല്ല. പിന്നെ അപ്പയെ എരിവു കയറ്റി ഓവര്‍റ്റേക്ക്‌ ചെയ്ത വണ്ടിയെ പിന്നിലാക്കിയാലെ എനിക്ക്‌ സമാധാനമാകു. പക്ഷെ ഞങ്ങളുടെ കൂടെ അമ്മയും ഉണ്ടെങ്കില്‍, പതുക്കെ പോ, ദേ വണ്ടി വരുന്നു, നമ്മള്‍ക്ക്‌ പതുക്കെ പോയാല്‍ മതി തുടങ്ങിയ വാക്കുകള്‍ ഇടതടവില്ലാതെ പുറത്ത്‌ വന്നു കൊണ്ടിരിക്കും. പീഡനം സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അപ്പ പറയും, 'എങ്കില്‍ നീ ഇവിടെയിരുന്ന് ഓടിക്ക്‌'. അതോടെ അമ്മ ശ്രീ:എ.കെ.ആന്റണിക്ക്‌ പഠിക്കാന്‍ പോകുന്നത്‌ പോലെ മിണ്ടാതെ ഇരിക്കും. എന്നാലും അടുത്ത വണ്ടിയുടെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം’ കാണുമ്പോള്‍ അമ്മ വീണ്ടും തല പൊക്കും....ദേ!!!.ദേ!!!

ഒരു ദിവസം സ്‌ക്കൂള്‍ വിട്ട്‌ ഞങ്ങള്‍ വീട്ടില്‍ വരുമ്പോള്‍ അരിഞ്ഞാണ ചരടു കെട്ടിയതു പോലെ L ബോര്‍ഡും കെട്ടി തൂക്കി അംബാസിഡര്‍ അങ്ങനെ കിടക്കുന്നു. കാപ്പി കുടിക്കുന്നതിനു മുന്‍പ്‌, ബാഗ്‌ താത്ത്‌ വെക്കുന്നതിനു മുന്‍പ്‌ ഈ L ബോര്‍ഡിന്റെ ഉത്‌പത്തിയെ പറ്റി ചോദിച്ചറിഞ്ഞു. അമ്മയും ഡ്രൈവിംഗ്‌ പഠിക്കുന്നു. അങ്ങനെ അമ്മയും ‘അടുക്കളയില്‍ നിന്ന് വണ്ടിയിലേക്ക്‌.’..അപ്പയാണു ഗുരു. വൈകിട്ടാണു ക്ലാസ്സ്‌. അപ്പയും, അമ്മയും വണ്ടിയില്‍ കയറുന്നതിനു മുന്‍പു ഞാന്‍ സീറ്റുറപ്പിക്കും. ആദ്യം സ്റ്റിയറിംഗ്‌ ബാലന്‍സ്‌. അമ്മ മര്യാദയ്ക്ക്‌ സ്റ്റിയറിംഗ്‌ പിടിക്കും. പക്ഷെ എതിര്‍ വശത്തു നിന്ന് വണ്ടി വന്നാല്‍, അയ്യോ ബസ്സാ വരുന്നത്‌....എനിക്ക്‌ പേടിയാണെന്ന് പറഞ്ഞ്‌ കൈയെടുത്ത്‌ കിഴടങ്ങും. പിന്നെ അപ്പ സാരഥിയാകും. അപ്പ അങ്ങനെ ഹെല്‍പ്പ്‌ ചെയ്യരുത്‌...അമ്മ തന്നെ ഓടിക്കട്ടെ..അമ്മയുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ...എന്നൊക്കെ പുറകില്‍ ഇരുന്ന് ഞാന്‍ വീമ്പിളക്കും.[ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒരേ ഒരു കാര്യം അതു മാത്രമാണു] ക്ലാസ്സുകള്‍ തുടര്‍ന്നു. എതിര്‍വശത്തു നിന്ന് വണ്ടി വന്നാലും അമ്മ മാനേജ്‌ ചെയ്ത്‌ തുടങ്ങി. അല്ലെങ്കില്‍ എതിര്‍ വശക്കാര്‍ മാനേജ്‌ ചെയ്തു തുടങ്ങിയെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി, കാരണം L കാണുമ്പോഴെ അവര്‍, വഴി മാറടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന് രാവണ പ്രഭുവില്‍ മോഹന്‍ലാല്‍ പറയും പോലെ വഴി മാറി പൊയ്‌ കൊണ്ടിരുന്നു. ഒരു ദിവസം പതിവു പോലെ സ്റ്റിയറിങ്ങും കൊടുത്ത്‌ ഞങ്ങള്‍ പോകുമ്പോള്‍, ദേ എതിരെ വരുന്നു ഒരു ലോറി. പക്ഷെ അമ്മ അത്‌ കാര്യമാക്കിയില്ല. പേടിയൊക്കെ പണ്ട്‌ എന്ന സ്റ്റയിലില്‍ അമ്മ ഡ്രൈവിംഗ്‌ തുടര്‍ന്നപ്പോള്‍, അതാ ലോറിയെയും ഓവര്‍റ്റേക്ക്‌ ചെയ്ത്‌ ഒരു പ്രൈവറ്റ്‌ ബസ്സ്‌. അമ്മ കൂളായി പഴയ പണി ആവര്‍ത്തിച്ചു. കൈ സ്റ്റിയറിങ്ങില്‍ നിന്ന് എടുത്ത്‌ കീഴടങ്ങി. അപ്പ ഇപ്രാവശ്യം കണ്ണടച്ചു. ഞാന്‍ നോക്കിയപ്പോള്‍ വണ്ടി റ്റാര്‍ റോഡില്‍ നിന്നിറങ്ങി മണ്ണ്‍ റോഡും കടന്ന് ....ഹോ ഭാഗ്യം കുറച്ച്‌ വാഴക്കൂട്ടം അവിടെ ഉണ്ടായിരുന്നത്‌...അതില്‍ ഇടിച്ചപ്പോള്‍ അപ്പ ബ്രേക്ക്‌ ചവിട്ടി. വണ്ടി നിന്നു. വണ്ടി നിന്നതും അമ്മ പരിഭവം പറയാന്‍ തുടങ്ങി. അവസാനം ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയെ പോലെ ഒരു ഉഗ്രന്‍ ശപഥവും ചെയ്തു, ഇനി മേലില്‍ ഞാന്‍ ഈ മനുഷ്യന്റെ കൂടെ ഡ്രൈവിംഗ്‌ പഠിത്തത്തിനില്ല. എന്തോ വിശ്വസിച്ചാ?? അപ്പ വിശാലമായി ചിരിച്ചു...എന്നിട്ട്‌ പറഞ്ഞു, ഇത്‌ പണ്ടാരാണ്ട്‌ പറഞ്ഞതു പോലെയാണല്ലോ, അരിയും തിന്ന് ആശാരച്ചിയെയും കടിച്ച്‌ പിന്നെയും നായയ്ക്ക്‌ മുറുമുറുപ്പ്‌. കുഴപ്പം മൊത്തം നിന്റേത്‌..എന്നിട്ട്‌ നീ എന്തിനാ കിടന്ന് അലയ്ക്കുന്നത്‌? ഏതായാലും, വാഴക്കൂട്ടത്തിനും, വണ്ടിയ്ക്കം വലിയ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ പഠിത്തം അവിടെ നിര്‍ത്തി ഞങ്ങള്‍ തിരിച്ചു പോന്നു. രണ്ടേ രണ്ട്‌ ദിവസം അമ്മ തന്റെ ശപഥത്തില്‍ ഉറച്ച്‌ നിന്നു. പിന്നെയും ഡ്രൈവിംഗ്‌ ക്ലാസ്സ്‌ തുടര്‍ന്നു.

സ്റ്റിയറിംഗില്‍ അമ്മ പ്രാവീണ്യം നേടിയെന്ന് ഒരു ഏകദേശ ധാരണ തോന്നിയതിനെ തുടര്‍ന്ന് ക്ലച്ച്‌, ബ്രേക്ക്‌, ആക്സിലേറ്റര്‍ ഇവകളുടെ അധിക ചുമതല കൂടി കൊടുത്തു. അമ്മ ക്ലച്ച്‌ ചവിട്ടുമ്പോള്‍, അപ്പ ഗിയറു മാറ്റി കൊടുക്കും. പിന്നെ ഞങ്ങളുടെ ഗതി... അധോഗതി..കട..കുട… കട ---- കുട [മഴ വന്നാല്‍ പോപ്പി കുടയെന്ന പരസ്യ വാചകമല്ല] എന്ന് ശബ്ദത്തോടെ വണ്ടി ആകെ ഒന്നു കുലുങ്ങി അവിടെ നില്‍ക്കും. ക്ലച്ച്‌ പ്രാക്ടീസിംഗായി അടുത്തത്‌. കട, കുട ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അപ്പയോട്‌ ചോദിക്കും...ഇതെന്താ അപ്പേ, അമ്മ കുട്ടനാടന്‍ ബോട്ടാണൊ ഓടിക്കുന്നതെന്ന്.... അമ്മയുടെ മുഖം ചുമക്കും. ഞങ്ങള്‍ ചിരിക്കും. പക്ഷെ ഇക്കുറി അമ്മ വാശിയോടെ കാര്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് വേഗം തന്നെ ക്ലച്ച്‌ പ്രാക്ടീസ്‌ കിട്ടി. പിന്നെ ആകെയുള്ള പ്രശ്നം, ഗിയറു മാറ്റുന്നതായി. ഗിയറു മാറ്റാനായി അമ്മ ഗിയറില്‍ നോക്കുമ്പോള്‍, വണ്ടി തോന്നിയ വഴി പോകും. പിന്നെ അമ്മ ഒരു കാര്യത്തില്‍ ഡീസെന്റായിരുന്നു. ആക്സിലറേറ്ററില്‍ കാലു വെച്ചില്ലായെങ്കിലും, എപ്പോഴും ഒരു കാല്‍ ബ്രേക്കില്‍ ഉറപ്പിച്ചിരുന്നു. അമ്മയെ നല്ല ഒരു ഡ്രൈവര്‍ ആക്കണമെന്ന തീരുമാനത്തോടെ അപ്പ, പരുമല മാന്നാര്‍ ഭാഗത്തുള്ള ഒരു സ്‌ക്കൂള്‍ ഗ്രൗണ്ട്‌ പ്രാക്ടീസിങ്ങിനു തിരഞ്ഞെടുത്തു. വീതി വിസ്താരമുള്ള ഒരു നല്ല ഗ്രൗണ്ട്‌. അമ്മയ്ക്കും ആശ്വാസമായി. യാതൊരു വണ്ടി ശല്യവുമില്ല. സമാധാനത്തോടെ വണ്ടി ഓടിക്കാം. 2-3 ദിവസം അമ്മ ആ ഗ്രൗണ്ടില്‍ നന്നായി പെര്‍ഫോം ചെയ്തു. അതിനെ തുടര്‍ന്ന് അപ്പ പുതിയ പരീക്ഷണത്തിനു തയ്യാറായി. അമ്മ തനിയെ വണ്ടി ഓടിക്കുന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. ആദ്യം അമ്മ വട്ടം കറക്കി. അപ്പ അമ്മയെ വെളിയില്‍ നിന്ന് അനുമോദിച്ചു. പിന്നെ ഗ്രൗണ്ടിനു കുറുകെ ഓടിച്ചു. അതും ഗുഡ്‌. അടുത്തത്‌ നേരെ... അമ്മ വണ്ടി എടുത്തു. വണ്ടി നേരെ കുതിക്കുകയാണു. അവിടെ അപ്പോള്‍ ഒരു കമന്റേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ ഇങ്ങനെ പറഞ്ഞേനെ:- അതാ രാജമ്മ തോമസ്സ്‌ , ഗോള്‍ പോസ്റ്റ്‌ ലക്ഷ്യമാക്കി പായുകയാണു. അതാ അടുത്തു... അതാ...അതാ…ഗോള്‍...ഗോള്‍...വണ്ടി നേരെ ചെന്നു - ഠിം, ഡിം ഗോള്‍ പോസ്റ്റിനിട്ട്‌ ഒരിടി. ചിതലരിച്ച്‌ ഉണങ്ങി നിന്ന ഒരു പഴയ കമുകിന്‍ കുറ്റിയായിരുന്നു അവിടുത്തെ ഗോള്‍ പോസ്റ്റ്‌. അതു കാരണം കൂടുതല്‍ ഒന്നും സംഭവിച്ചില്ല. അപ്പ ഓടി ചെന്ന് അമ്മയെ ആശ്വസിപ്പിച്ച്‌ വണ്ടിയില്‍ നിന്നിറക്കി....ചുറ്റും നോക്കി... ഭാഗ്യം!!! ഈ ഗോള്‍ ആരും കണ്ടിട്ടില്ല. ഇടി കൊണ്ട്‌ വീണ ഗോള്‍ പോസ്റ്റിനെ ഒന്ന് താങ്ങി നിര്‍ത്താന്‍ പോലുമുള്ള ക്ഷമ കാണിക്കാതെ അപ്പ ചാടി വണ്ടിയില്‍ കയറി. അമ്മയുടെ കൈ തളരുന്നു..ചുണ്ട്‌ വരളുന്നു..ആകെ ഒരു വല്ലായ്ക. അങ്ങനെ ഞങ്ങള്‍ പരുമല ജംങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി. അമ്മയ്ക്ക്‌ കുടിക്കാനെന്തെങ്കിലും വാങ്ങണം..പിന്നെ എന്തൊക്കെയോ മരുന്നും വാങ്ങണം. അമ്മയെ വണ്ടിയിലിരുത്തി ഞങ്ങള്‍ കടയില്ലേക്ക്‌ പോയി. 15 മിനിറ്റ്‌ എടുത്ത്‌ കാണും. വണ്ടിയുടെ അടുത്ത്‌ വന്നപ്പോള്‍ വണ്ടിക്ക്‌ ചുറ്റും നാട്ടുകാര്‍. അപ്പ എന്നോട്‌ പതുക്കെ പറഞ്ഞു, 'ഗ്രഹപ്പിഴയായി...പോസ്റ്റിടിച്ചിട്ടു വന്നത്‌ പിടിച്ചു'. ഏതു സമയവും തോമസ്സുക്കുട്ടി വിട്ടോടായെന്നു പറയുമെന്ന ഭാവത്തില്‍ പേടിയോടെ...ശങ്കയോടെ അവിടെ നിന്നു. പിന്നീട്‌ ഈശ്വരാ..ശക്തി തരൂയെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌, എക്സ്‌ക്യൂസ്‌ മീ, ഞങ്ങള്‍ക്കു കൂടെ ഇതൊക്കെ കാണാന്‍ ഒരവസരം തരൂ എന്നു പറഞ്ഞ്‌ പാക്ക്‌ തീവ്രവാദികളെ പോലെ വണ്ടിക്കടുത്തേക്ക്‌ ഞങ്ങള്‍ നുഴഞ്ഞ്‌ അടുത്തു. അപ്പോള്‍ കണ്ട്‌ കാഴ്ച്ച, അമ്മ ഗ്ലാസ്സൊക്കെ പൊക്കി വണ്ടിക്കകത്ത്‌ പേടിച്ചിരിക്കുന്നു. ആ ഗ്ലാസ്സിന്റെ അടുത്ത്‌ ഒരുത്തന്‍ നിന്ന് അമ്മയെ നോക്കി, :- വിധുബാലാ...ഗ്ലാസ്സ്‌ താഴ്ത്ത്‌...ഞാന്‍ വിധുബാലയുടെ ഒരു ആരാധകനാ...പ്ലീസ്‌ വിധുബാലാ എന്ന് പറഞ്ഞ്‌ നില്‍ക്കുന്ന രംഗമാണു കണ്ടത്‌. അപ്പയ്ക്ക്‌ അന്നേരമാണാശ്വാസം ആയത്‌..ഒപ്പം എനിക്കും. ഇതാരാണെന്ന് അവിടുത്തെ ഓഡിയന്‍സിനോട്‌ തിരക്കിയപ്പോള്‍ കഞ്ചാവ്‌ അടിച്ച്‌ നടക്കുന്ന ഒരു ജോയി എന്ന് പറയുന്ന ഒരാളാണിതെന്ന് മനസ്സിലായി. അപ്പയും ഞാനും ‘ആരാധകര്‍ക്കിടയില്‍’ കൂടി ഒരു പരുവത്തില്‍ വണ്ടിയില്‍ കയറി. അപ്പോള്‍ അപ്പയുടെ ഡോറിന്റെ അടുത്തേക്കു ജോയി ഓടി വന്നു; എന്നിട്ട്‌ അപ്പയോട്‌ പറഞ്ഞു... സര്‍, ഞാന്‍ മാഡത്തിന്റെ വലിയ ഒരു ആരാധകനാണു. ഞാന്‍ മാഡത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്‌... അപ്പ [അല്‍പം അസൂയയോടെ] വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അപ്പോള്‍ ജോയി അമ്മയെ നോക്കി വിളിച്ച്‌ പറഞ്ഞു:- വിധുബാലാ ഐ ലവ്‌ യൂ...ഐ ലവ്‌ യൂ.. അവിടെ കൂട്ട ചിരി ഉയര്‍ന്നു. അമ്മ ഒന്നും മിണ്ടാതെ കാറില്‍ കുനിഞ്ഞിരുന്നു. വണ്ടി വിട്ടപ്പോള്‍ ഞാന്‍ പുറകിലേക്ക്‌ നോക്കിയപ്പോള്‍ ജോയി, വിധുബാലയ്ക്ക്‌ ഫ്ലയിംഗ്‌ കിസ്സ്‌ വാരി വിതറുന്നു. ഇതു ഞാന്‍ പറഞ്ഞപ്പോള്‍, നീ തന്നെ മൊത്തത്തില്‍ അതു എടുത്തോളാന്‍ പറഞ്ഞ്‌ അമ്മ എന്നോട്‌ തട്ടി കയറി. അതു മൊത്തത്തില്‍ ഏറ്റെടുക്കാന്‍ എന്റെ ആരോഗ്യം എന്നെ അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ തളര്‍ന്നിരുന്നു.

ഈ ജോയി നാടകം പിന്നീട്‌ പലപ്പോഴും എനിക്ക്‌ ഗുണം ചെയ്തു. എന്തെങ്കിലും പറഞ്ഞ്‌ വഴക്കുണ്ടാകി അമ്മ മിണ്ടാതിരിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ കൈയ്യും, കാലും എത്താ ദൂരത്തു നിന്ന് പറയും:- വിധുബാലാ…… ഐ ലവ്‌ യൂ!!!.


വിധുബാലാ…… ഐ ലവ്‌ യൂ!!!.

ഇപ്പോള്‍ ഞാന്‍ കാലൊടിഞ്ഞ്‌ കിടന്നപ്പോള്‍ അമ്മയും ഇവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അമൃതാ ടി.വിയില്‍ വനിതാ രത്നം പരിപാടിയില്‍ ദാ ജോയിയുടെ ആരാധികാ..വിധുബാലാ ഒരു ജഡ്‌ജായി വന്നിരിക്കുന്നു.. വിധുബാലയെ കണ്ടതും ഞാന്‍ വിളിച്ച്‌ പറഞ്ഞു...വിധുബാലാ, സ്റ്റില്‍ ഐ ലവ്‌ യൂ...

ഏതായാലും അന്നത്തെ ആ ‘ഒറ്റ ഗോളും’, “ആ മേനെ 'പാര' കിയായോടും” കൂടി അമ്മ ഡ്രൈവിംഗ്‌ പഠിത്തം നിര്‍ത്തി. പിന്നെ ദോഷം പറയരുത്‌...ആ സ്‌ക്കൂള്‍ ഗ്രൗണ്ടിലെ ഗോള്‍ പോസ്റ്റ്‌ കോണ്‍ക്രീറ്റ്‌ തൂണായി മാറി. അത്‌ കണ്ട്‌ അപ്പ പറഞ്ഞു, ഞാന്‍ ആ മണ്ടത്തരം ഇപ്പോള്‍ ചെയ്യാഞ്ഞത്‌ വണ്ടിയുടെ ഭാഗ്യം.