Saturday, 31 October 2009

ഇമ്മിണി ബലിയ ഒരു "A" സിനിമ.

മനോരമ ന്യൂസില്‍ ഒരു പരസ്യം ഉണ്ട്‌:- ദേ!!! സിനിമാ വണ്ടി വരുന്നേ..... എന്ന് തുടങ്ങുന്ന പരസ്യം ശരിക്കും എന്നെ എന്റെ കുഞ്ഞും നാളിലേക്ക്‌ കൊണ്ട്‌ പോയി. പണ്ട്‌ സിനിമാ വണ്ടിയുടെ അനൗണ്‍സ്‌മെന്റും, അതിന്റെ പുറകെ ഓടുമ്പോള്‍ കിട്ടുന്ന നോട്ടീസും, അതിലെ കഥ സംഗ്രഹം വായിച്ച്‌ കിട്ടുന്ന സംതൃപ്തിയും ഒക്കെ അറിയാതെ ഓര്‍ത്ത്‌ പോയി. ഇതു പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ശബ്ദവും ഉണ്ടായിരുന്നു.. ഠിം, ണിം ഠിം, ണിം അടിച്ച്‌ നമ്മളെ ചക്ക പഴത്തിലെ ഈച്ചകളെ പോലെ അടുപ്പിച്ചിരുന്ന് ഐസ്‌ മിഠായി വില്‍പ്പനക്കാരന്‍.

അന്ന് 5 പൈസക്ക്‌ കിട്ടിയിറുന്ന പോത്തണ്ടി [ചക്കര] മിഠായിയും, പച്ച പേപ്പറില്‍ പൊതിഞ്ഞ്‌ കിട്ടിയിരുന്ന ന്യൂട്രിന്‍ മിഠായിയും, ഗ്യാസ്‌ മിഠായിയ്ക്കും, നെയ്യ്‌ ബൂസ്റ്റിനും ഒക്കെ എന്തായിരുന്നു രുചി...

എന്റെ കുഞ്ഞും നാളില്‍ സിനിമാ കാണണമെങ്കില്‍...അതൊരു ചടങ്ങായിരുന്നു. തോമസ്‌ ഐസക്ക്‌, കേന്ദ്രത്തോട്‌ കടം വാങ്ങുന്നത്‌ ഇതിലും എളുപ്പമാണെന്നാണു എനിക്ക്‌ തോന്നുന്നത്‌. മലയാള സിനിമയില്‍ വൃത്തിക്കേടുകള്‍ ഉള്ളതിനാല്‍ അപ്പ ഞങ്ങളെ ഇംഗ്ലീഷ്‌ സിനിമകള്‍ക്കെ കൊണ്ട്‌ പോവുകയുള്ളു. ഹൊ!!! മലയാള സിനിമയെ കാട്ടിലും വള്‍ഗര്‍ അല്ലെ, ഇംഗ്ലീഷ്‌ സിനിമായെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍, നിങ്ങളെയും കടത്തി വെട്ടുന്ന ബ്രയിന്‍ ഉള്ള അപ്പ, " ദി ആനിമല്‍ കിങ്ങ്ഡം", "ദി കിംഗ്‌ എലിഫന്റ്‌","ദ ജംഗിള്‍ ബുക്ക്‌" മുതലായ കാടും, മൃഗങ്ങളും ഇതിവൃത്തമായ സിനിമകള്‍ക്കാണു ഞങ്ങളെ കൊണ്ട്‌ പോകാറു. സൊമാലിയക്കാരന്റെ മുന്‍പില്‍ എക്സ്‌പെയറി ഡെയറ്റ്‌ കഴിഞ്ഞ ഫുഡും അമൃത്‌ എന്ന് പറഞ്ഞത്‌ മാതിരി, അപ്പയുടെ ഈ കാടന്‍ സ്നേഹവും സാഹശ്‌ചര്യ സമ്മര്‍ദ്ദം മൂലം ഞങ്ങളും അമൃതായി തന്നെ സ്വീകരിച്ചു. എന്നാലും സ്ക്കൂളില്‍ പോകുന്ന വഴിയില്‍ അവളുടെ രാവുകളിലെ സീമാ ചേച്ചി മുട്ടോളം ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍സ്‌ എണ്ണിയും, രതി നിര്‍വേദം, തകര, എന്റെ റ്റ്യൂഷന്‍ റ്റീച്ചര്‍ മുതലായ ഓസ്ക്കാര്‍ അവാര്‍ഡ്‌ സിനിമകളുടെ പോസ്റ്റര്‍ നോക്കിയും, നോക്കാതെയും ആശ്വസം അടക്കിയിരുന്ന ഒരു കാലം.

പിന്നെ മലയാള സിനിമാ കാണാന്‍ പറ്റുന്ന ഏക സമയം ഓണത്തിനാണു. പൊടിയാടി വായനശാലയുടെ ആഭിമുഖ്യത്തില്‍, പൊടിയാടി എല്‍.പി സ്ക്കൂളിലെ ഏതെങ്കിലും ക്ലാസ്സ്‌ മുറിയില്‍ വെച്ച്‌ കാഞ്ചന സീത, കണ്ടം വെച്ച കോട്ട്‌ മുതലായ ഹിറ്റ്‌ പടങ്ങള്‍, അന്നത്തെ വായനശാലയുടെ സെക്രട്ടറിയുടെയോ, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയോ കീറിയതും, പറിഞ്ഞതുമായ ഒരു ഡബിള്‍ മുണ്ട്‌ വലിച്ച്‌ കെട്ടി കാണിക്കും. പല സിനിമകളും മുഴുവന്‍ കാണാന്‍ പറ്റില്ല. കാരണം സിനിമായിലെ നായകന്‍ അടി പൊളി രണ്ട്‌ ഡയലോഗസ്‌ പറയുമ്പോളോ, ഒരു ബലാല്‍സംഗത്തിനു തയ്യറെടുക്കുമ്പോഴും ഒക്കെ റീല്‍ പൊട്ടി പോകും. പിന്നെ ഒട്ടിച്ച്‌ കാണികുമ്പോള്‍ അടുത്തത്‌ കാണുന്നത്‌ THE END എന്നുമായിരിക്കും. എന്റെ ഈ ദുര്‍ഗതി ലോകത്ത്‌ ഒരു മകനും ഉണ്ടാകരുതേയെന്ന് സൈക്കിള്‍ ബ്രാന്‍ഡ്‌ 3 ഇന്‍ വണ്‍ അഗര്‍ബത്തികള്‍ കത്തിച്ച്‌ നെഞ്ചുരുകി പ്രാര്‍ത്ഥിച്ച്‌ നടന്നിരുന്ന ഒരു സമയം.. ഹോ!!! അണ്‍സഹിക്കബിള്‍ കാലഘട്ടം.

തിരുവല്ലയില്‍ പണ്ട്‌ രണ്ടെ, രണ്ട്‌ സിനിമാ കൊട്ടകകളാണുള്ളത്‌. തിരുവല്ല ദീപാ തിയേറ്ററും, സി.വി.എം-ഒ/സി തിയേറ്ററും. [ഒ/സി- ഓല കൊട്ടകയുടെ ചുരുക്കെഴുത്ത്‌]. സി.വി.എം പേരു പോലെ തന്നെ “സീറ്റിനടിയില്‍ വലിയ മൂട്ടകളെ” മൊത്തമായും, ചില്ലറയായും വളര്‍ത്തുന്ന തിയേറ്റര്‍. ഈ തിയേറ്ററിലാണു ഇംഗ്ലീഷ്‌ സിനിമകള്‍ വരുന്നത്‌. ആയതിനാല്‍ ഇതായിരുന്നു ഞങ്ങളുടെ പഴയ വീഗാലാന്‍ഡ്‌. വീഗാ ലാന്‍ഡില്‍ വെള്ളത്തില്‍ നിന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലെ തന്നെ, സിനിമാ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ സീറ്റിന്റെ അടുത്ത മൂലയിലേക്ക്‌ മാത്രം മാറി നിന്ന് മൂത്രം ഒഴിക്കാന്‍ സൗകര്യമുള്ള “റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ തീയേറ്റര്‍” കൂടിയായിരുന്നു ഇത്‌.

വല്ലപ്പോഴുമാണു സിനിമയ്ക്ക്‌ പോകുന്നത്‌. അതിനാല്‍ സമയത്തിനു മുന്‍പേ ആ തീയറ്ററില്‍ പോയി, കപ്പലണ്ടിയും, പപ്പട ബോളിയും ഒക്കെ വാങ്ങി സിനിമയ്ക്ക്‌ കയറിയാല്‍ പിന്നെ തീരുന്നത്‌ വരെ കണ്ണ്‍ ചിമുക്കാതെ സ്ക്രീനില്‍ തന്നെ നോക്കിയിരുന്ന് ഒറ്റ സീനും മിസ്സാക്കതെയിരുന്ന് കാണും. ആ സമയത്ത്‌ സിനിമയ്ക്ക്‌ മുന്‍പെ ന്യൂസ്‌ റീല്‍ എന്നൊരു ഏര്‍പ്പാടും ഉണ്ടായിരുന്നു. 1946- മഹാത്മാഗാന്ധിയും, നെഹറുവും ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വേണ്ടി നടത്തിയ സമര കഥകളിലെ മലയാളം ഡയലോഗസ്‌ വരെ കാണാതെ പഠിച്ച്‌ ആത്മ സംതൃപ്തി നേടിയിരുന്ന ആ കാലം.

അങ്ങനെയുണ്ടായിരുന്ന ആ കാലത്താണു ഈ സംഭവം നടന്നത്‌. അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു. അന്ന് പതിവു പോലെ ഉച്ച ഭക്ഷണവും ഒക്കെ കഴിച്ച്‌, അപ്പ പത്രവും എടുത്ത്‌ ഉച്ചയുറക്കത്തിനായി പോയി. ഞാനും അപ്പയെ പതിയ അനുധാവനം ചെയ്തു. അപ്പ വായിച്ചു തള്ളുന്ന പത്രത്തിലെ സിനിമാ പരസ്യങ്ങളും ഒക്കെ നോക്കി വെള്ളമിറക്കുന്ന ആ സമയത്താണു എന്റെ മനസ്സിനെ പുളകം ചാര്‍ത്തുന്ന ആ സംഭവം എന്റെ കണ്ണില്‍പെട്ടത്‌.സൂപ്പര്‍ ലോട്ടോ അടിച്ച പാണ്ടിക്കാരനെ പോലെ ഞാന്‍ ആര്‍ത്തട്ടഹസിച്ചു.. അപ്പയോടു പറഞ്ഞു... അപ്പാ.. തിരുവല്ലാ ദീപാ തീയെറ്ററില്‍ അടി പൊളി ഇംഗ്ലീഷ്‌ സിനിമ. അപ്പ കൊണ്ടു പോകാമോ? [ഞങ്ങള്‍ ആ സമയം വരെയും ദീപാ തീയെറ്ററില്‍ പോയി സിനിമാ കണ്ടിട്ടില്ല. ദീപാ തിയേറ്റര്‍ ബാല്‍ക്കണിയൊക്കെയുള്ള സിനിമാ തിയേറ്ററുമാണു.] എന്തു സിനിമയാടാ വന്നിരിക്കുന്നത്‌? അപ്പ, പ്ലീസ്‌ അപ്പാ.. അപ്പ കൊണ്ട്‌ പോകുമോ?? പ്ലീസ്‌ അമ്മാ.. ദേ ദീപാ തിയേറ്ററില്‍ ഇംഗ്ലിഷ്‌ സിനിമാ... ചേച്ചി ഇങ്ങോട്ട്‌ വായോ... ഞാന്‍ അലറി കൂവി.

എന്റെ കൂട്ട നിലവിളി കേട്ട്‌ അമ്മ അടുക്കളയില്‍ നിന്നും, ചേച്ചി അടുത്ത മുറിയില്‍ നിന്നും രംഗ പ്രവേശനം നടത്തിയപ്പോള്‍ തപ്പി തടഞ്ഞ്‌ ഞാന്‍ ആ സിനിമയുടെ പേരു വായിച്ചു... P R E G N A N C Y & Child Birth... സിനിമായുടെ പേരു വായിച്ച്‌ ഞാന്‍ തല ഉയര്‍ത്തിയപ്പോഴെയ്ക്കും, കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ ജനക്കൂട്ടത്തെ ഓടിച്ച്‌ വിട്ട പോലീസ്‌ കണക്കെ ഞാനും ആ പത്രവും മാത്രം അവിടെ. പിന്നെ എനിക്കും അധികം നേരം പിടിച്ചു നില്‍ക്കാനായില്ല. ആര്യഭട്ട വിക്ഷേപിച്ച ശേഷം അത്‌ എപ്പോള്‍ ആരുടെ മണ്ടയില്‍ വീഴുമെന്നറിയാതെയിരുന്ന ശാസ്ത്രജ്ഞന്മാര്‍ ഓടുന്ന കണക്കെ തന്നെ ഞാനും ഓടി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യവുമായി....

തിങ്കളാഴ്ച്ച സ്ക്കൂളില്‍ പോകാനായി റോഡില്‍ ചെന്നപ്പോള്‍ കണ്ണപ്പന്‍ ചേട്ടന്റെ ചായക്കടയുടെ മുന്‍പില്‍, ദാ താന്‍ കടുക്കട്ടിയായി വായിച്ച്‌ എല്ലാവരെയും ഓടിച്ച ഇംഗ്ലീഷ്‌ സിനിമയുടെ പോസ്റ്റര്‍. അത്‌ കണ്ടപ്പോള്‍ തന്നെ ആ പോസ്റ്ററിലെ പെണ്ണിനെ പോലെ എനിക്കും അങ്ങ്‌ 'വയറു നിറഞ്ഞു'. ചേച്ചി ആ പോസ്റ്റര്‍ കണ്ടോയെന്ന് ഏറു കണ്ണിട്ട്‌ നോക്കിയപ്പോള്‍, ചേച്ചി പറഞ്ഞു..ഇതാണു നിനക്ക്‌ കാണാന്‍ പറ്റിയ ഇംഗ്ലീഷ്‌ സിനിമ..അറിയാന്‍ വയ്യാത്ത പൊട്ടത്തരങ്ങള്‍ എല്ലാരുടെയും മുന്‍പില്‍ വെച്ച്‌ വിളമ്പരുത്‌... ഏതായാലും ആ പോസ്റ്റര്‍ മാറുന്നത്‌ വരെ ഞാന്‍ ഡിസെന്റായിരുന്നു.

കോളെജില്‍ കയറിയ ശേഷം സിനിമയ്ക്ക്‌ കൊണ്ട്‌ പോകാമോയെന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല..വീട്ടില്‍ ആരുമറിയാതെ ക്ലാസ്സുകള്‍ കട്ട്‌ ചെയ്ത്‌ സിനിമകള്‍ നമ്മള്‍ കണ്ട്‌ ആസ്വദിച്ചു. അപ്പ പണ്ട്‌ കാണിച്ച മാതിരി ഒറ്റ ഇംഗ്ലീഷ്‌ പടം ഞാന്‍ പിന്നെ കണ്ടിട്ടുമില്ല. ജുറാസിക്ക്‌ ഉദ്യാനവും [Jurrasic Park] , ചേരി പട്ടി കോടീശ്വരനും [Slum Dog Millionaire] ഒക്കെ എന്റെ പട്ടിക്ക്‌ പോലും കാണേണ്ട...അല്ല പിന്നെ...

31 comments:

Senu Eapen Thomas, Poovathoor said...

എന്റെ പഴയ സിനിമാ കാഴ്ച്ചകളുടെ ഒരു പുരാണംസ്‌.. വായിച്ചാലും.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

നട്ടപിരാന്തന്‍ said...

പോസ്റ്റിനെക്കാള്‍ ഇഷ്ടപെട്ടത്, പഴയകാലത്തെ ഓരോ സംഭവങ്ങള്‍ എഴുതിയതാണ്.

അത് കൊണ്ടുതന്നെയായിരിക്കും ഈ പഴമ്പുരാണം മിക്കവാറും മധുരിക്കുന്നത്.

മാണിക്യം said...

മറ്റൊരു ഉഗ്രന്‍ സാധനം മറന്നു അല്ലെ?
പാട്ടു പുസ്തകം! സിനിമ കാഴ്ച്ച ആണ്ടില്‍ ഒന്നൊ മറ്റൊ അതും തലപട്ടക്കാരു കണ്ടു ങാഃ കുഴപ്പമില്ല പിള്ളാര്‍ക്കും കാണാം എന്നു നോട്ടറിയുടെ സീല്‍ വച്ച അനുമതി പത്രം കിട്ടിയ സിനിമാ മാത്രമെ കണ്ടിട്ടുള്ളു ഞങ്ങളുടെ ഫാമിലി ഔട്ടിങ് ബീച്ചിലും തിരുവനന്തപുരം മ്യൂസിയത്തിലും അതു പിന്നെ ദൂരയാത്രാ എന്ന ലേബലും കിട്ടും ഒക്കെ ആയി ഒതുങ്ങിയപ്പോഴും പാട്ടു പുസ്തകത്തിന്റെ ഒരു വന്‍'പിച്ച' ശേഖരം തന്നെ എനിക്കുണ്ടായിരുന്നു..
ആരു സിനിമാക്കു പോയാലും പാട്ടു പുസ്തകം എനിക്ക് വാങ്ങി തരണം എന്നു നാണമില്ലതെ പറയും.. ശരിയാ പല നിറമുള്ള നോട്ടിസില്‍ അച്ചടിച്ചു വരുന്ന സിനിമാകഥ മുഴുവന്‍ വായിക്കുക "ശേഷം വെള്ളിത്തിരയില്‍"വരെ എന്നിട്ട് സിനിമാ ആദ്യം കണ്ടിട്ടു വരുന്നവരെ പിടിച്ചിരുത്തി ആ വെള്ളിത്തിരയിലെ സംഭവം പറയിപ്പിക്കുക ബാക്കി ഒക്കെ ഭാവനക്കും .. പിന്നെ റേഡിയൊയില്‍ വരും ചലചിത്ര ശബ്ദരേഖ .. ...
അതൊക്കെ ഒരു കാലം മോനേ!:(
ഇനി പിടിച്ച കിട്ടുല്ലാ!!

ഫസല്‍ / fazal said...

നല്ല വിവരണം,
കുടെ, പണ്ടെങ്ങോ സിനിമാവണ്ടിക്കു പിന്നാലെ ഏറെ ദൂരം ഓടി പെറുക്കിക്കൂട്ടുന്ന നോട്ടീസുകള്‍ എങ്ങോ വെച്ചു മറന്നതുപോലൊരു വേദനയും...
ആശംസകള്‍.

mini//മിനി said...

ആ നോട്ടിസൊക്കെ പുരാവസ്ത്തുക്കളുടെ പ്രദര്‍ശനത്തില്‍ ചിലര്‍ കാണിക്കാറുണ്ട്. പിന്നെ നമ്മുടെ നാട്ടിന്‍പുറത്ത് ഒരാള്‍ സിനിമാപോസ്റ്ററും പൊക്കിപിടിച്ച് മറ്റൊരാള്‍ ചെണ്ട കൊട്ടികൊണ്ട് ഇടവഴിയിലൂടെ നടന്ന് നോട്ടീസ് വിതരണം നടത്തുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. ഈ അവളുടെ രാവുകള്‍ വന്നപ്പോള്‍ സീമയുടെ പോസ്റ്ററിന്റെ അടിയില്‍ പോയി നിന്ന് മേലോട്ട് നോക്കുന്ന ചില മിടുക്കന്മാര്‍ ഉണ്ടായിരുന്നു.

Senu Eapen Thomas, Poovathoor said...

ആദ്യ ദിവസം തന്നെ A സിനിമാ കാണാന്‍ വന്ന എല്ലാ നല്ലവരായ കാഴ്ച്ചക്കാര്‍ക്കും നന്ദി...

സജു:- ഓര്‍മ്മയില്‍ നിന്നു ചികഞ്ഞെടുക്കുന്നതാ... മറവി ഒക്കെ ആയി തുടങ്ങി... സന്തോഷ്‌ ബ്രഹ്മി തിന്നാന്‍ സമയമായീന്ന്... പോസ്റ്റ്‌ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാം. പിന്നെ നാട്ടിലെ പോസ്റ്റാണെങ്കില്‍ മന്ത്രി എ.കെ.ബാലനോടു കൂടി ഒന്ന് പറഞ്ഞേക്ക്‌..

മാണിക്യം:- ഞാന്‍ കണ്ട ഈ സിനിമകളില്‍ എവിടെയാ പാട്ട്‌... ഞാന്‍ അങ്ങനെ ഒരു സംഭവം കണ്ടിട്ടു കൂടിയില്ല. കേട്ടിട്ടുണ്ട്‌.. കട്ട്‌ സിനിമയ്ക്ക്‌ പോകുന്ന സമയമായപ്പോഴെക്കും ആ ഏര്‍പ്പാട്‌ നിന്നു.

ഫസലെ:- വന്നതിനും, എന്റെ കൂടെ ആ സിനിമാ വണ്ടിയുടെ പുറകെ ഓടിയതിനും നന്ദി... ഇനി സിനിമാ കണ്ട്‌ കഥ പറ...

മിനി:- അയ്യേ.... ഞാന്‍ അവളുടെ രാവുകളിലെ സീമ ചേച്ചിയുടെ ബട്ടണ്‍സ്‌ മാത്രമെ എണ്ണിയിട്ടുള്ളു. 5 എണ്ണം. അല്ലാതെ മിനി പറയുമ്പോലെ ശെ, ശെ... പിന്നെ വലുതായപ്പോള്‍ അഡള്‍ട്ട്‌സ്‌ ഒണ്‍ലി എന്തെ 3D ഇറങ്ങാത്തതെന്ന് അറിയാതെ ചിന്തിച്ചിട്ടുണ്ട്‌.
[എന്റെ കുഞ്ഞു ബുദ്ധിയില്‍ തോന്നിയതാണെ]

എ പടം കാണാന്‍ ഓടി വായോ...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ലതി said...

അല്ല പിന്നെ...

poor-me/പാവം-ഞാന്‍ said...

വായിച്ച് ആസ്വദിച്ചു...
പാട്ട്സപ്പണ്ട്യേ..എന്ന എന്റെ ലേഖനം ഒന്നു വായിച്ചു നോക്കിയാല്‍ ഇതൊക്കെ യുണിവേര്‍സല്‍ ആണെന്നു മനസ്സിലാകും
http://manjalyneeyam.blogspot.com,

യൂസുഫ്പ said...

ഇമ്മിണി ബല്യ പഴമ്പുരാണംസ് വായിച്ചു ചിരിച്ചു.

Anonymous said...

Dear Senue
Ur description of our (g)olden times was good, But this time less humour
Santhosh

ശ്രീവല്ലഭന്‍. said...

പൊടിയാടി കീ ജയ്‌.
ഞങ്ങള്‍ കണ്ടിരുന്നത്‌ ചോറ്റാനിക്കര അമ്മ, ഭക്തകുചേല തുടങ്ങിയ ഭക്തി സാന്ദ്രമായ സിനിമകളാണ് :-)

വായനശാലയില്‍ കുറച്ചുനാള്‍ പ്രവര്‍ത്തിച്ചപ്പോള്‍ എല്‍ പി സ്കൂളില്‍ സിനിമാ പ്രദര്‍ശനത്തിനായി മുന്നില്‍ നിന്നിരുന്നു.

കറുത്തേടം said...

ഇന്ന് DTS സിനിമ കണ്ടാലും കിട്ടാത്ത ഒരു സുഖം ആ പഴയ സിനിമകള്‍ക്ക്‌ ഉണ്ടായിരുന്നു. പഴമ്പുരാണം വായിച്ചു ഓര്‍മകളിലേക്ക് ഒഴുകിപ്പോയ പോലെ..

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ശരിക്കും ഓര്‍മ്മകളുടെ ഒരു മടക്കയാത്രയായി ഈ പോസ്റ്റ്............. ഒരു തേങ്ങാ പിടി................ഠോ.............

ആദര്‍ശ് | Adarsh said...

നല്ല ഓര്‍മ്മകള്‍...
പണ്ട് നോട്ടീസിനു പിറകെ ഓടിയതും,
വാശി പിടിച്ച് കരഞ്ഞ്‌ വീട്ടുകാര്‍ സിനിമയ്ക്ക് കൊണ്ട് പോയതും,അവിടെക്കിടന്ന് ഉറങ്ങിയതും,
സ്കൂളില്‍ ഒരു രൂപ കൊടുത്ത്‌ സിനിമ കണ്ടതും,
എല്ലാം ഓര്‍മ്മയില്‍ വന്നു..

കഷായക്കാരൻ said...

പോസ്റ്റ് വായിച്ചു.
സേനൂന് ഇത് മതി
(പിള്ളേർക്ക് ഇത് മതി എന്ന സ്റ്റൈലിൽ)

bilatthipattanam said...

ഇമ്മണി ബലിയ എഴുത്താണ് ഇങ്ങളുടെട്ടാ...കേട്ടൊ

jayanEvoor said...

ഗൃഹാതുരത്വം....!
എവൂരുന്നു വന്നു തിരുവന്തോരത്തിരുന്നു പണി നോക്കുന്ന എനിക്കുപോലും അത് വരുന്നു!!
നന്ദി സെനു!

( മുന്നൂറു സിനിമാ നോട്ടീസും , ഇരുനൂറ്റമ്പത് തീപ്പെട്ടിപ്പടവും സ്വന്തമായി ഉണ്ടായിരുന്ന ഒരു വല്യ 'ഡമ്പന് ' ആയിരുന്നു ഞാന്‍ !)

Typist | എഴുത്തുകാരി said...

അതെ, നോട്ടീസിനുവേണ്ടി കാറിന്റെ പിന്നില്‍ എത്ര ഓടിയിരിക്കുന്നു. പലപ്പോഴും കിട്ടില്ല. കൊടകര ദ്വാരകയില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു എന്നു തുടങ്ങി ശേഷം വെള്ളിത്തിരയില്‍ വരെ എത്ര സന്തോഷത്തിലാ വായിക്കുക.പിന്നെ അമ്മയും നാട്ടിലെ മുത്തശ്ശിമാരെല്ലാവരും കൂടി ഒരു പോക്കുണ്ട്, ഭക്തി സിനിമകള്‍ക്കു്. പഴയ കാലമൊക്കെ ഓര്‍മ്മ വന്നു.

krish | കൃഷ് said...

സില്‍മാപുരാണം കൊള്ളാം.


(ഇപ്പോള്‍, പണ്ട് കാണാന്‍ പറ്റാത്ത ‘ A‘ സില്‍മകളുറ്റെ DVD ഇട്ട് കാണുന്നുണ്ടായിരിക്കുമല്ലേ)

കുക്കു.. said...

സെനു ചേട്ടാ...നല്ല പോസ്റ്റ്‌..
:)

Molly said...

Dear Senu:

Jan vayichu chiri thanne chiri. Brings back nostalgic memories.

Ammama

Sureshkumar Punjhayil said...

Mattoru cinima kazcha...!

Athimanoharam, Ashamsakal...!!!

രഘുനാഥന്‍ said...

പ്രിയ സോനു...താങ്കളുടെ പുരാണങ്ങള്‍ വായിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നു..ഓഫീസ്സില്‍ അടുത്തിരിക്കുന്നവര്‍ "ഇവന് വട്ടായോ?" എന്ന രീതിയില്‍ നോക്കുന്നു..ഏതായാലും ആശംസകള്‍

Rani Ajay said...

നന്നായി ചിരിച്ചു പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്കുപോലെ തോന്നി ... എപ്പോള്‍ ആ പച്ച പേപ്പറില്‍ പൊതിഞ്ഞ ന്യൂട്രിന്‍ മിഠായി കാണാനേ ഇല്ല അല്ലെ.... ഇപ്പോഴും എന്റെ ലെങേജിലെ ഒരു പ്രധാന ഐറ്റം ഗ്യാസ് മിട്ടായി തന്നെയാണ് ..

പ്രദീപ്‌ said...

അണ്ണാ, എന്നതാ ഞാന്‍ പറയേണ്ടേ ???
നിങ്ങളുടെ എഴുത്ത് എനിക്കിഷ്ടമാണ് .മലയാള മനോരമ പ്രസിധീകരിച്ച ,നിങ്ങളുടെ ഒരു പോസ്ടില്ലേ * ട്രെയിന്‍ യാത്രയില്‍ കണ്ട ഒരു "പാമ്പിന്റെ കഥ , അത് ഞാന്‍ ഇന്ത്യയില്‍ വെച്ചു പത്രത്തില്‍ വായിച്ചിരുന്നു . അന്ന് ഞാന്‍ അതോര്‍ത്തോര്‍ത്തു ചിരിച്ചിട്ടുമുണ്ട് . പിന്നീട് ഇവിടെയുള്ള മലയാളി കൂട്ടങ്ങളില്‍ അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട് . അതിനുശേഷമാണ് ഞാന്‍ ബൂലോകത്ത് വരുന്നതും ഇവിടെ വെച്ച് നിങ്ങളുടെ ബ്ലോഗ്‌ കാണുന്നതും . എന്തായാലും അന്ന് പത്രം വായിച്ചപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല നിങ്ങളുമായി ഒരു കമ്യൂണികേഷന്‍ ഉണ്ടാവും എന്ന് . ബ്ലോഗ്‌ കൂട്ടായ്മക്ക് നന്ദി .ഇനിയും എഴുതൂ

മനനം മനോമനന്‍ said...

ഹഹഹ! ഇനിയിപ്പോൾ ആ പ്രായത്തിലുള്ള നമ്മൾ ആരും ഇതൊന്നും എഴുതണ്ടല്ലോ!

Anonymous said...

കൊള്ളാം ... നന്നായിട്ടുണ്ട്

Senu Eapen Thomas, Poovathoor said...

ഞാന്‍ ഒന്ന് മയങ്ങി പോയോ.. കാട്ടിലെ സിനിമാ കാണാന്‍ പോയി മിക്കപ്പോഴും എന്നെ തോളില്‍ ഇട്ടാണു തിരികെ കൊണ്ട്‌ വരിക.. അത്‌ ഇവിടെയും സംഭവിച്ചോ???

ലതിയേ:- ഹല്ല പിന്നെ...:) അത്‌ എന്തോന്നാാ..

പാവത്താനെ:- പാട്ട്‌സ്‌ പണ്ടിയേ.. ഇത്‌ എന്തൂട്ടാ സാധനമെന്ന് കരുതിയെങ്കിലും പാട്ടു പുസ്തകം + കപ്പലണ്ടിയെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ആ ബ്ലോഗില്‍ ഒന്ന് എത്തിനോട്ടത്തിനു പോയി. വന്നതിനു, കമന്റിയതിനു സന്തോഷം... ഇനി വരണം..

യൂസഫേ;- ഈ ഇമ്മിണി വലിയ പുരാണംസ്‌ വായിച്ച്‌ ചിരീച്ചതിനു നന്‍റി.

സന്തോഷെ:- തമാശ കുറഞ്ഞൂവെന്ന അഭിപ്രായം പലരും എന്നെ മെയിലില്‍ കൂടി എഴിതിയും, വിളിച്ചും ഒക്കെ പറഞ്ഞു. ഞാന്‍ എന്റെ പഴയകാലം അല്‍പം ഒന്ന് ആലോചിച്ചു പോയിപഴമ്പുരാണംസ്‌ അല്‍പം നൊസ്റ്റാള്‍ജിക്കായ ഒരു മേഖലയിലേക്ക്‌ പോയപ്പോള്‍ അല്‍പം സീരിയസ്സായി പോയതില്‍ സോറി.

ശ്രി വല്ലഭാ:- പൊടിയാടി കീ ജയ്‌... പൊടിയാടി വാഴ്‌ക. കീ ജയ്‌.. പൊടിയാടിയില്‍ നിന്നും ബ്ലോഗറന്മാരുടെ കൂട്ടായ്മ തുടങ്ങാന്‍ പ്ലാനുണ്ട്‌ കേട്ടോ..

കറുത്തേടം:- എന്തോന്ന് DTS ആ ഫ്രണ്ട്‌ ബഞ്ചിലിരുന്ന് മൂട്ട കടിച്ച്‌, ബോളി തിന്ന് ഇരുന്ന് കാണുന്ന ആ സുഖം ഇന്ന് എങ്ങും കിട്ടില്ല.. സത്യം സത്യം ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം:- ഇതൊക്കെ ഈ കുഞ്ഞു തലയില്‍ ഓര്‍ത്തിരിക്കുന്ന എന്നെ സമ്മതിക്കണം. എന്നെ കൊണ്ട്‌ ഞാന്‍ തോറ്റു.

ഷക്കീല ചേച്ചിയുടെ A സിനിമാ കാണാന്‍ പാത്തും പതുങ്ങിയും വരുന്ന എല്ലാവരെയും പോലെ ഇവിടെയും പാത്തും പതുങ്ങിയും വരുന്നവരെ നിങ്ങള്‍ക്ക്‌ സ്വാഗതം. ഈ A സിനിമാ കാണാന്‍ വന്ന കാര്യം ഞാന്‍ ആരോടും ഒന്നും പറയില്ല.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Aju said...

Good one Cenu. Do you remember the releasing day of Kireedom at Apsara theatre, chry. If my memory is correct, I's there with you, Oommachen, saju etc to watch it.
Keep up the good work
Aju

abey e mathews said...

Categorised Malayalam Blogroll Aggregator
http://ml.cresignsys.com/

please give me your category of your blog to info@cresignsys.com

മത്താപ്പ് said...

ഹുറേയ് യ് യ് യ് യ് യ്.......
പൊടിയാടിക്കാരൻ ഒരു ഒടുക്കത്തെ
പൊടിപാറലാണല്ലോ.....