Thursday, 15 November 2007

വീണ്ടും ചില കോളേജ്‌ വിശേഷങ്ങള്‍.

പ്രീഡിഗ്രി കഴിഞ്ഞു. ഇനി സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി വന്നാല്‍ പോലും ഇനി ഡിഗ്രി പഠിച്ച്‌ സമയം കളയാന്‍ ഞാനില്ലായെന്ന് പറഞ്ഞ്‌ ഹോട്ടല്‍ മാനേജ്‌മന്റ്‌ എന്ന സുന്ദര സ്വപ്നവുമായി നടന്ന്, കേരളാ എന്റ്രന്‍സ്‌ എഴുതിയെങ്കിലും അതു 8 നിലയില്‍ പൊട്ടിയെന്ന് മാത്രവുമല്ല ഡിഗ്രി തന്നെ ശരണം എന്ന നിലയില്‍ കൊണ്ട്‌ എത്തിക്കുകയും ചെയ്തു. എന്റ്രന്‍സിന്റെ പുറകെ നടക്കുകയും, ഡിഗ്രിക്ക്‌ പോകില്ലായെന്ന് വാശി പിടിക്കുകയും ചെയ്ത്‌ കാരണം ഞാന്‍ നല്ല കോളെജില്‍ ഒന്നും തന്നെ അപേക്ഷയും സമര്‍പ്പിച്ചില്ല. ആയതിനാല്‍ പാരലല്‍ കോളേജ്‌ തന്നെ ശരണം. അങ്ങനെ മാര്‍ത്തോമാ കോളേജില്‍ വിലസി നടന്ന ആ പഴയ ആറംഗ സംഘത്തില്‍ നിന്ന് ഒരുവന്‍ ചരിഞ്ഞ്‌, അഞ്ചംഗം എന്ന പുതിയ കണക്കോടെ തിരുവല്ലയിലെ തന്നെ ഒരു 'പ്രശസ്തമായ' പാരലല്‍ കോളേജില്‍ ബി.കോമിനു ചേര്‍ന്നു.

മാര്‍ത്തോമാ കോളേജ്‌ എവിടെ, ഇത്‌ എവിടെ? പെണ്‍കുട്ടികളോട്‌ മിണ്ടാന്‍ പറ്റില്ല, അവരെ നോക്കാന്‍ പറ്റില്ല, ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ പറ്റില്ല, അങ്ങനെ ആകെ മൊത്തം ഒരു സുഖമില്ലായ്ം. തീഹാര്‍ ജയിലില്‍ ഇതിലും സ്വാതന്ത്ര്യമുണ്ടു എന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അവിടുത്തെ ഓരോ സംവിധാനങ്ങളും. ഓരോ ക്ലാസ്സ്‌ കഴിഞ്ഞും പ്യൂണന്മാര്‍ വന്ന് ക്ലാസ്സ്‌ മുറികളുടെ പുറത്ത്‌ റോന്ത്‌ ചുറ്റി ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവരെ കയ്യോടെ പിടിക്കുകയും, ആണും പെണ്ണും സംസാരിക്കുകയോ മറ്റും ചെയ്താല്‍, ആ പെണ്‍കുട്ടികളെ ഉടനടി പ്രിന്‍സി മുന്‍പാകെ ഹാജരാക്കി, താക്കീത്‌ നല്‍കിപ്പിക്കുക മുതലായവയാണു ഇവിടുത്തെ ഈ പ്യൂണന്മാരുടെ പ്രധാന വിനോദങ്ങള്‍. ഈ അനീതിയ്ക്കും, ക്രൂരതകള്‍ക്കും എതിരെ സമരം നടത്തി പ്രതികരിയ്ക്കാം എന്ന് വെച്ചാല്‍ കൂടി, ഞങ്ങള്‍ 5 പേര്‍ മാത്രം കാണും അതിനും. ബാക്കി എല്ലാവരും, അയ്യോ, പ്രിന്‍സി വക്കു പടയും. എനച്ചു പേടിയാ എന്നു പറയുന്ന ധൈര്യശാലികള്‍. ആയതിനാല്‍ അവരുടെ കാടന്‍ നിയമങ്ങള്‍ ഞങ്ങള്‍ മാര്‍ത്തോമാ സന്തതികള്‍ പൊട്ടിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ 5 പേരും ക്ലാസ്സുകള്‍ കട്ട്‌ ചെയ്യാനും, റിലീസ്‌ പടങ്ങള്‍ ഒന്നൊഴിയാതെ കാണാനും ഒക്കെ തീരുമാനിച്ചു. ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ്‌ വരെ ഞങ്ങള്‍ ക്ലാസ്സില്‍ കാണും. സാര്‍ ക്ലാസ്സില്‍ വന്നാല്‍ ഉടന്‍ തന്നെ നിയമസഭ ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷം പോലെ ഞങ്ങള്‍ ക്ലാസ്സുകള്‍ ധൈര്യപൂര്‍വ്വം ബഹിഷ്ക്കരിച്ചു കൊണ്ടിരുന്നു. ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍, നമ്മുടെ മാര്‍ത്തോമാ കോളേജിലെ കെ.എസ്‌.യുക്കാര്‍ പഠിപ്പു മുടക്കി കളിക്കുന്നു. ഞങ്ങളും അവരോടൊപ്പം സമരത്തില്‍ കയറി. പിന്നീട്‌ നേതാവിനോട്‌ പറഞ്ഞ്‌ നേരെ ഞങ്ങളുടെ കോളേജിലേക്കും സമരം വ്യാപിപ്പിച്ചു. ആ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന സമരം. സമരക്കാര്‍ കോളേജില്‍ പ്രവേശിച്ചിട്ടും പഠനം തുടര്‍ന്ന് കൊണ്ടേയിരുന്നു. അപ്പോള്‍ നേതാവ്‌ ഞങ്ങളോട്‌ വന്ന് ഇവിടുത്തെ മണി എവിടെയാണു എന്നു തിരക്കി സത്യത്തില്‍ അപ്പോള്‍ മാത്രമാണു അങ്ങനെ ഒരു വസ്തുവിനെ പറ്റി ഞങ്ങളും ഓര്‍ത്തത്‌.. അവിടുത്തെ മണിയെ പറ്റി ഞങ്ങള്‍ക്കും വലിയ ധാരണയില്ലഞ്ഞതിനാല്‍ അവിടുത്തെ പ്യൂണിനോട്‌ തന്നെ മണി തിരക്കി. ഏതായാലും അച്ചടക്കമുള്ള പ്യൂണ്‍ ആയതിനാല്‍ ശരിക്കുള്ള മണി തന്നെ കാട്ടി. [ഇതേ സ്ഥാനത്ത്‌ മാര്‍ത്തോമാ കോളേജിലെ രസതന്ത്ര വിഭാഗത്തിലെ അറ്റന്‍ഡറോട്‌ ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ ചിലപ്പോള്‍ തല കറങ്ങി, കണ്ണില്‍ ഇരുട്ട്‌ കയറി ഫ്ലാറ്റ്‌ ആയേനേ. പിന്നീട്‌ മണി പോയിട്ട്‌ കലാഭവന്‍ മണിയെ പോലും തിരിച്ചറിയാന്‍ പറ്റിയെന്നും വരില്ല.] അങ്ങനെ കെ.എസ്‌.യു വക ആദ്യത്തെ സമര മണി മുഴങ്ങി. അതോടെ അന്ന് അവിടുത്തെ കുട്ടികള്‍ ആദ്യമായി പരോളിലിറങ്ങി. കെ.എസ്‌.യൂക്കാര്‍ സമരം നടത്തിയതല്ലേ, പിന്നീട്‌ എസ്‌.എഫ്‌.ഐക്കാരും സമരവുമായി എത്തി ഞങ്ങളെ മോചിതരാക്കി. സമരത്തോടെ ഞങ്ങള്‍ക്കു സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ഉണ്ടായി. പണ്ടുള്ളവര്‍ പറയുന്നത്‌ എത്ര സത്യം. മൂക്കില്ലാ രാജ്യത്ത്‌ മുറി മൂക്കന്‍ രാജാവ്‌. അങ്ങനെ പെണ്‍കുട്ടികള്‍ ഞങ്ങളോട്‌ ധൈര്യമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അല്‍പ സ്വല്‍പം ക്ലാസ്സില്‍ കയറ്റം തുടങ്ങി.

ഇവിടുത്തെ റ്റീച്ചറന്മാരെല്ലാവരും വെറും മിസ്സ്‌ മാത്രമാണെന്ന സത്യം ക്ലാസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണറിഞ്ഞത്‌. ആര്‍ക്കും കൊള്ളാവുന്ന ഒരു ഇരട്ട പേരു പോലും ഇല്ല. മാര്‍ത്തോമാ കോളേജില്‍ ഇരട്ട പേരില്ലാത്ത ഒരു റ്റീച്ചറന്മാര്‍ പോലുമില്ല. ഞങ്ങള്‍ ആ ദൗത്യവും ഏറ്റെടുത്തു. അങ്ങനെ കോളേജില്‍ മിസ്സ്‌ മോര്‍ച്ചറിയും [യാതൊരു ഭാവ വ്യത്യാസവുമില്ലാത്ത റ്റീച്ചര്‍] , ചാടി ചാടി നടക്കുന്ന റ്റീച്ചര്‍-മിസ്സ്‌ റബര്‍ പന്തും, മസ്സിലു പിടിച്ചു നടക്കുന്ന സാര്‍ കൊച്ചിന്‍ ഹനീഫയും ഒക്കെയായി മാറി.

കോളേജിന്റെ അടുത്ത്‌ ഒരു നല്ല ഹോട്ടല്‍ ഇല്ല. നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ അല്‍പം നടക്കണം. പൊരി വെയിലത്ത്‌ നടന്ന് ഭക്ഷണവും കഴിച്ച്‌ തിരിച്ചു വരുമ്പോഴെക്കും കഴിച്ച ഭക്ഷണവും ദഹിച്ചിരിക്കും. അപ്പോള്‍ മറ്റൊരു വിദ്വാന്‍ ഒരു പുതിയ സൂത്രം പറഞ്ഞു. അതു ഞങ്ങള്‍ക്ക്‌ നന്നേ ബോധിച്ചു. ഞങ്ങളുടെ കോളേജിന്റെ, സോറി, ജയിലിന്റെ അടുത്ത്‌ ഒരു അടി പൊളി പള്ളിയും അതിനോടു ചേര്‍ന്ന് ഒരു നല്ല ഹാളും ഉണ്ട്‌. അവിടെ മിക്ക ദിവസവും കല്യാണം കാണും. ആയതിനാല്‍ നമ്മള്‍ക്ക്‌ അതു ഒന്ന് പയറ്റിയാലോ? അങ്ങനെ പിന്നെ ഞങ്ങളും കല്യാണരാമന്മാരായി. ആദ്യമൊക്കെ ചില്ലറ ചമ്മല്‍ തോന്നിയെങ്കിലും പിന്നീട്‌ അതു ഞങ്ങളുടെ ക്ലാസ്സിന്റെ തന്നെ ഒരു ഭാഗമായി മാറി. ഭക്ഷണം മാത്രമായിരുന്നില്ലാ ഞങ്ങളുടെ ഉന്നം. ചെറുക്കന്റെയും പെണ്ണിന്റെയും വണ്ടിയില്‍ നിന്നും പൂവുകള്‍, മിഠായി, ഇവ മൊത്തമായും ചില്ലറയായും ശേഖരിച്ച്‌ ക്ലാസ്സില്‍ കൊണ്ട്‌ ചെന്നു ‘ഗുണവും, നിറവും’ നോക്കി പെണ്‍കുട്ടികള്‍ക്ക്‌ പൂക്കളും, മിഠായികളും സമ്മാനിച്ചു ഞങ്ങള്‍ ഉദാരവത്ക്കരണത്തിന്റെ വക്താക്കളായി. ഉച്ചയ്ക്‌ ഞങ്ങളുടെ വരവും കാത്ത്‌ പെണ്‍കുട്ടികള്‍ കാത്തിരുന്നു.. പൂവിനും, മിഠായ്ക്കുമായി.. അങ്ങനെ ഞങ്ങളുടെ സ്റ്റാര്‍ വാല്യു പിന്നെയും കൂടി. ഒരു വിളിക്കാത്ത കല്യാണത്തിനു പോയാല്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും ഞങ്ങള്‍ കുറഞ്ഞ സമയം കൊണ്ട്‌ സ്വായത്തമാക്കി. ആയതിനാല്‍ ഞങ്ങള്‍ ചെറുക്കന്‍ കൂട്ടരോട്‌ പെണ്‍ക്കൂട്ടരെന്നും , പെണ്‍കൂട്ടരോട്‌ ആണ്‍കൂട്ടരെന്നും പറഞ്ഞ്‌ നില്‍ക്കാനും ഞങ്ങള്‍ പഠിച്ചു. അങ്ങനെ ഞങ്ങള്‍ ബിരിയാണിയും, ഫ്രൈഡ്‌ റൈസും കഴിച്ച്‌ മടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുതിയ കേറ്ററിംഗ്‌ കമ്പനിയുടെ ഭക്ഷണം. ഞങ്ങള്‍ പതിവു പോലെ ഹാളില്‍ കയറി സ്ഥാനമുറപ്പിച്ചു. ചെറുക്കനും പെണ്ണും സ്റ്റേജില്‍ വന്നപ്പോള്‍ കേറ്ററിംഗ്‌ കമ്പനി വക ഒരു അനൗണ്‍സ്‌മന്റ്‌. അവര്‍ ആരുടെയോ പ്ലേറ്റിന്റെ അടിയില്‍ ഒരു കൂപ്പണ്‍ വെച്ചിട്ടുണ്ട്‌. അതു കിട്ടുന്നവര്‍ വന്ന് ബന്ധം പറഞ്ഞ്‌ ചെറുക്കന്റെയും പെണ്ണിന്റെയും കൈയില്‍ നിന്നും ഒരു റ്റൈറ്റാന്‍ വാച്ച്‌ സമ്മാനം വാങ്ങുക. കേറ്ററിംഗ്‌ കമ്പനിയുടെ കഷ്ടകാലത്തിനു ഈ കൂപ്പണ്‍ ഞങ്ങളുടെ സുഹ്രുത്തിന്റെ പ്ലേറ്റിന്റെ അടിയിലാണിരുന്നത്‌. ആ റ്റൈറ്റാന്‍ വാച്ച്‌ വാങ്ങാന്‍ സ്റ്റേജില്‍ കയറിയാല്‍ ചിലപ്പോള്‍ ഞങ്ങളുടെ റ്റൈറ്റായ പാന്റ്‌ വരെ കീറും. മുള്ളിയപ്പം തെറിച്ച ഒരു ബന്ധം പോലും ഇല്ലാത്ത ആ സാഹചര്യ്ത്തില്‍ ആ റ്റൈറ്റാന്‍ വാച്ച്‌ ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചു. ആരും സമ്മാനം വാങ്ങാന്‍ കയറിയില്ലായെന്ന ഒറ്റ കാരണത്താല്‍ ആ കല്യാണത്തിനു പങ്കെടുത്തയെല്ലാവര്‍ക്കും ഒരു കാര്യം മനസ്സിലായി- കേറ്ററിംഗ്‌ കമ്പനിക്കാര്‍ ലോക വെട്ടിപ്പുകാര്‍. പിന്നെ ഞങ്ങള്‍ അവരുടെ ഭക്ഷണം കഴിച്ചിട്ടേയില്ല. പാവങ്ങള്‍.

അങ്ങനെ ഈ കോളേജിലും ഓണം വന്നെത്തി. അത്തപ്പൂവിടീല്‍ മത്സരത്തിനു ഞങ്ങളും ചേര്‍ന്നു. അന്ന് അവിടെ ഉണ്ടായിരുന്ന കേരള മങ്കമാരുടെ ഇടയില്‍ കൂടി ഒരു വലിയ സഞ്ചിയുമായി കടന്ന് ചെന്ന് അത്തപ്പൂവിടീല്‍ നോക്കി കണ്ടു. വിധി നിര്‍ണ്ണയത്തിനു സമയം ആയപ്പോള്‍ ഞങ്ങളുടെ സഞ്ചിയില്‍ നിന്നും ഒരു റീത്ത്‌ പുറത്തെടുത്ത്‌ അഭിമാനപുരസ്സരം ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍പില്‍ വെച്ചു, അവിടുന്നും, ഇവിടുന്നും ഉപേക്ഷിക്കപ്പെട്ട പൂക്കള്‍ കൊണ്ട്‌ ‘എക്സ്‌ മാര്‍ത്തോമാ കുഞ്ഞുങ്ങള്‍’ എന്നെഴുതി ഇന്‍സ്റ്റന്റ്‌ അത്തപ്പൂക്കളം തീര്‍ത്തു.

മാര്‍ത്തോമാ കോളേജില്‍ പിരിവിന്റെ [സംഭാവന] കാര്യം വരുമ്പോള്‍ നമ്മുടെ കെ.എസ്‌.യു / എസ്‌.എഫ്‌.ഐയ്ക്കാര്‍ എല്ലാം മറന്ന് ഒരു അമ്മ പെറ്റ മക്കളെ പോലെയാകും. ക്രിസ്തുമസ്സ്‌ സമയത്ത്‌ രണ്ട്‌ പാര്‍ട്ടിക്കാരും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയ്ക്കാരുടെ സ്വന്തം ബക്കറ്റുമായി ക്രിസ്തുമസ്സ്‌ കരോളുമായി ക്ലാസ്സില്‍ വന്നു.

" ബേതലഹേമില്‍ കുഞ്ഞ്‌ പിറന്നതിനു കാശെട്‌ പിള്ളേരെ... കാശെട്‌ പിള്ളേരെ.." ഈ കരോള്‍ ഗാനം കേട്ട്‌ ജാതി മത ഭേദമന്യേ എല്ലാവരും തല കുത്തി ചിരിച്ചു. സഹോദരങ്ങള്‍ കാശ്‌ വാരുകയും ചെയ്തു.

അടുത്ത വര്‍ഷം കെ.എസ്‌.യു / എസ്‌.എഫ്‌.ഐയ്ക്കാര്‍ പുതിയ കരോള്‍ ഗാനവുമായി രംഗത്ത്‌ വന്നു. ഇത്തവണ പാരഡി ഗാനങ്ങളുടെ ട്രെന്‍ഡായതിനാല്‍ ഏക്‌, ദോ, തീന്‍ എന്ന ഹിറ്റ്‌ ഗാനത്തിന്റെ പാരഡി.

ഓരെശു, രണ്ടേശു, മൂന്നെശു, നാലേശു പിന്നഞ്ചാറേശു......[2]
ദേ കിടയ്ക്കുന്നു കാലിക്കൂട്ടില്‍...
മറിയത്തിന്‍ പൊന്മകനായി...
ആട്ടിടയന്മാര്‍ അവര്‍ യമഹായില്‍ വന്നു...
മാലാഖമാര്‍ അവര്‍ ജെറ്റില്‍ വന്നു...

ഇങ്ങനെ പോയ ആ പാട്ട്‌ കേട്ടിട്ടും മാര്‍ത്തോമാ കോളെജില്‍ ഒരു വര്‍ഗ്ഗീയ കലാപവവും ഉണ്ടായില്ല. എല്ലാവരും ചിരിച്ചു ആര്‍മാദിച്ചു. മാര്‍ത്തോമാ കോളേജില്‍ ആകെയുണ്ടായിരുന്ന 2 പാര്‍ട്ടികള്‍ കെ.എസ്‌.യുവും, എസ്‌.എഫ്‌.ഐയും മാത്രമായിരുന്നു. അടി എന്ന് എഴുതി കാണിച്ചാല്‍ മതി, കെ.എസ്‌.യുക്കാര്‍ എന്നും പി.ടി.ഉഷയെക്കാളും മുന്‍പിലായിരുന്നതിനാല്‍ ക്യാമ്പസ്‌ തല്ലുകള്‍ ലൈവായി കണ്ടിട്ടേയില്ല. പിന്നെ ആകെ കണ്ടിട്ടുള്ളത്‌ അവിടെയും ഇവിടെയും അഴിഞ്ഞ്‌ കിടക്കുന്ന ഖദര്‍ മുണ്ടുകള്‍ മാത്രമാണു. അതിനെ പറ്റി കെ.എസ്‌.യു നേതാക്കളോട്‌ ചോദിച്ചാല്‍ പറയും, അതു പിന്നെ ഞങ്ങള്‍ മഹാത്മാ ഗാന്ധിയുടെ അനുയായികളാ... “ഫ്രീഡംമൂവ്‌ മെന്റ്‌.”

എന്നാല്‍ ഞാന്‍ ഡിഗ്രിയ്ക്ക്‌ ജോയിന്‍ ചെയ്ത്‌ ഈ പാരലല്‍ കോളേജില്‍ കരോള്‍ നടന്നതാകട്ടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക്‌ ഉള്ള സുരക്ഷാ സന്നാഹത്തോടെയാണു. ആര്‍ക്കും ചലിക്കാന്‍ പോലും പറ്റാത്ത സാഹശ്ചര്യമായിരുന്നു അന്ന് അവിടെ ഉണ്ടായത്‌.

ഏതായാലും ഞങ്ങളെ സഹിക്കാന്‍ കോളേജും, കോളെജിനെ സഹിക്കാന്‍ ഞങ്ങളും തയ്യാറായില്ല. അങ്ങനെ ആ കോളെജില്‍ നിന്നും ഞങ്ങള്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടും മൂന്നും വര്‍ഷം ഞങ്ങള്‍ വേറെ 2 കോളെജില്‍ കൂടി പഠിച്ച്‌ 3 വര്‍ഷം 3 കോളേജ്‌ എന്ന അപൂര്‍വ്വ ബഹുമതിക്കര്‍ഹരായി.

എന്തു പറഞ്ഞാലും അവസാനം ഞാന്‍ ബി. കോം കാരനായി. അങ്ങനെ ലോകത്തിലെ ആദ്യ വിദ്യാഭ്യാസ വെബ്‌ സൈറ്റില്‍ ഞാനും അംഗമായി. ഞെട്ടെണ്ട. തമിഴ്‌നാട്ടുക്കാരന്‍ പേരിന്റെ കൂടെ അവന്റെ ഡിഗ്രിയും എഴുതും. ആ സ്റ്റയിലില്‍ എന്റെ പേരും എഴുതിക്കോ- senueapenthomasb.com. [www അതു ഇപ്പോള്‍ വന്ന സാധനമാ].

11 comments:

Unknown said...

വീണ്ടും ചില കലക്കല്‍ വിശേഷങ്ങള്‍....ഉഗ്രന്‍... keep wriring..

Cheers, Manoj

ശ്രീ said...

തേങ്ങ എന്റെ വക.

“ഠേ!”

“ആരും സമ്മാനം വാങ്ങാന്‍ കയറിയില്ലായെന്ന ഒറ്റ കാരണത്താല്‍ ആ കല്യാണത്തിനു പങ്കെടുത്തയെല്ലാവര്‍ക്കും ഒരു കാര്യം മനസ്സിലായി- കേറ്ററിംഗ്‌ കമ്പനിക്കാര്‍ ലോക വെട്ടിപ്പുകാര്‍. പിന്നെ ഞങ്ങള്‍ അവരുടെ ഭക്ഷണം കഴിച്ചിട്ടേയില്ല. പാവങ്ങള്‍.”

ആ പാവം കാറ്ററിങ്ങുകാരുടെ വയറ്റത്തടിച്ചല്ലേ?


പിന്നെ, ആ അവസാ‍നത്തെ വെബ് ഐഡി കലക്കീട്ടോ. നല്ല ഐഡിയ!

:)

ശ്രീ said...

തേങ്ങ ഒരെണ്ണം മിസ്സായല്ലേ?

ആ, സാരമില്ല.

ശ്രീവല്ലഭന്‍. said...

ഈ പൊടിയാടിക്കാരുടെ ഒരു കാര്യം! കോളേജ് വിശേഷങ്ങള്‍ വായിച്ചു. നന്നായിരിക്കുന്നു.പാരലല്‍ കോളേജ് വിശേഷങ്ങള്‍ അതിലും ഗംഭീരമായിരിക്കുമല്ലോ. ഹോസ്റ്റല്‍ വിശേഷങ്ങളുമായി ഞാന്‍ താമസിയാതെ വരും. അപ്പോള്‍ കാണാം....കല്യാണ സദ്യ കോളേജ് കുമാരന്‍മാരുടെയിടയില്‍ വളരെ പോപ്പുലര്‍ ആണ്.

Anonymous said...

kollam kettooo
othiri nalinu sesham ithu vayikumbooo
pazhaya kalangal orma verunnu

Science Stuff said...

pazhaya karyangalokkeee
ormaverunnuu
canteenum, auditorum, cheemutta eeru, etc etc

ധ്വനി | Dhwani said...

എന്റെ കലാലയ ജീവിതം ഓര്‍മ്മ വന്നു!!


വെബ് സൈറ്റ് അഡ്രസ് കിടുകിടു!!

നല്ല പോസ്റ്റ്

ഏ.ആര്‍. നജീം said...

ഹോ. അടിപൊളി ഓര്‍മ്മകള്‍ തന്നെ ...

പിന്നെ ഒരു ഡൗട്ട് :

[ഇതേ സ്ഥാനത്ത്‌ മാര്‍ത്തോമാ കോളേജിലെ രസതന്ത്ര വിഭാഗത്തിലെ അറ്റന്‍ഡറോട്‌ ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ ചിലപ്പോള്‍ തല കറങ്ങി, കണ്ണില്‍ ഇരുട്ട്‌ കയറി ഫ്ലാറ്റ്‌ ആയേനേ].
അതെന്താ അങ്ങിനെ...? (ഇപ്പൊ വേണ്ട പിന്നെ പറഞ്ഞാ മതിട്ടോ )

:)

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്. കൂടുതല്‍ തിരുവല്ലാക്കഥകള്‍ക്കായി കാത്തിരിക്കുന്നു.

Kalpak S said...

ചീറി ഈപ്പച്ചായാ.... പോരട്ടങനെ പോരട്ടെ....

സോമേട്ടന്റ്റെ പ്രസിദ്ദ്മായ ലേലം സിനിമാ ഡയലൊഗ് : ഈപ്പച്ചന്‍ സ്കൂളില്‍ പോയിട്ടില്ല...

B.com = Bellow Commonsense എന്നു ഞാന്‍ പറന്ഞാളാല്‍ ?

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.