Monday, 1 March 2010

ഓട്ടോ ക്ഷോ | AUTO SHOW.

മാര്‍ത്തോമാ കോളെജില്‍ നിന്നും പടിയിറുങ്ങന്നതിനു മുന്‍പുള്ള അവസാന റൗണ്ട്‌ പരീക്ഷ. ചന്തൂനെ തോല്‍പ്പിക്കാനാകില്ല മക്കളെ എന്ന് പലവട്ടം പറഞ്ഞാലും നമ്മുടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കാര്‍ക്ക്‌ അത്‌ വല്ലതും മനസ്സിലാകുമോ? ആയതിനാല്‍ പരീക്ഷയുക്ക്‌ മുന്‍പ്‌ , ക്ലാസ്സിലെ “ഗോഡ്‌സ്‌ ഓണ്‍ ചില്‍ഡ്രന്‍സിന്റെ” സഹായത്തോടെ വിഷയങ്ങളുടെ പേരുകള്‍ മനസ്സിലാക്കി, ഒന്ന് രണ്ട്‌ കൊള്ളാവുന്നവരുടെ ഗൈഡ്‌ ഒക്കെ വാങ്ങി പഠിച്ചാണു പരീക്ഷയ്ക്കായി നമ്മള്‍ ഒരുങ്ങിയത്‌. അങ്ങനെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ്‌ ഞാന്‍ പുറത്തിറങ്ങി. എന്റെ കമ്പനികള്‍ എല്ലാം ഇപ്പോളും പരീക്ഷാ പേപ്പറില്‍ അവസാന റ്റച്ചിങ്ങ്‌സ്‌ നടത്തി കൊണ്ടിരിക്കുന്നതേയുള്ളു. നാളെ ആണെങ്കില്‍ കൊമേര്‍സ്യല്‍ കറസ്പോണ്ടന്‍സ്‌ പരീക്ഷയാണു. രാഷ്ട്രപതിക്കും, സുപ്രീം കോടതി ജഡ്‌ജിക്കും ഒക്കെ എങ്ങനെ ഏത്‌ വിധത്തില്‍ എഴുത്ത്‌ അയയ്ക്കണമെന്ന്, ശരിയായ രീതിയില്‍ എഴുതിയില്ലെങ്കില്‍, ചിലപ്പാള്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യമില്ലാ വാറണ്ടിട്ട്‌ അകത്ത്‌ പോകാനും ഇടയുണ്ട്‌. ആകയാല്‍ പരീക്ഷയ്ക്ക്‌ പഠിക്കാനായി പൊരി വെയിലത്ത്‌ നടത്തം ആരംഭിച്ചു. സാധാരണ ഗതിയില്‍ നടത്തത്തിനു ഏതെങ്കിലും ചുരിദാറിനെ കമ്പനി കിട്ടേണ്ടതാണു. അന്ന് ചുരിദാറും, റിട്ടേണ്‍ ഓട്ടോയും ഒന്നും കിട്ടിയില്ല. അങ്ങനെ പ്രകൃതി സൗന്ദര്യമൊട്ടുമില്ലാത്ത കുറ്റപ്പുഴ വെയിറ്റിംഗ്‌ ഷെഡില്‍ ബസ്സ്‌ കാത്ത്‌ നിന്നപ്പോള്‍, എക്സ്‌ സര്‍വീസ്‌ എന്ന പേരുള്ള ഒരു ഓട്ടോ വരുന്നു. ഞാന്‍ കൈ നീട്ടിയപ്പോള്‍, എക്സ്‌ സര്‍വിസ്‌ പറഞ്ഞു:- സായിപ്പിന്റെ ആശുപത്രി വരയേ ഉള്ളു. ഞാന്‍ അതു സമ്മതിച്ച്‌ ഓട്ടോയില്‍ കയറി.ഓട്ടോയില്‍ വെച്ച്‌ എനിക്ക്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ എക്സ്‌ സര്‍വീസ്‌ സസന്തോഷം എന്നെ അവിടെ എത്തിച്ചു.

പോക്കറ്റില്‍ ആകെയുണ്ടായിരുന്ന പത്തിന്റെ നോട്ട്‌ ഞാന്‍ കക്ഷിക്ക്‌ കൊടുത്തപ്പോള്‍, 5 രൂപാ തിരികെ തരാതെ, എന്നോട്‌ ഒരക്ഷരം കൂടി പറയാതെ പുള്ളി ഓട്ടോ ഓടിച്ച്‌ പോയി. ഞാന്‍, “ചേട്ടാ.. ചേട്ടാ.. എന്റെ 5 രൂപാ” എന്ന് പറഞ്ഞ്‌ പുറകെ ഓടിയെങ്കിലും "You just can't beat a BAJAJ" എന്ന പരസ്യ വാചകം പോലെ ആ ബജാജ്‌ ഓട്ടോ എന്നെ തോല്‍പ്പിച്ച്‌ കടന്ന് പോയി. പക്ഷെ ഓട്ടത്തിനിടയില്‍ ആ ഓട്ടോയുടെ നമ്പര്‍ എനിക്ക്‌ കിട്ടി. അത്‌ ഞാന്‍ എന്റെ നോട്ട്‌ ബുക്കില്‍ എഴുതിയിട്ടു. അങ്ങനെ നോട്ട്‌ ബുക്ക്‌ കൊണ്ട്‌ ആദ്യമായി എനിക്ക്‌ ഒരു പ്രയോജനവും കിട്ടി.

കണ്‍സഷന്‍ കാര്‍ഡ്‌ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ തോര്‍ത്ത്‌ വിരിക്കേണ്ടി വന്നില്ല. അങ്ങനെ പരീക്ഷകള്‍ എല്ലാം അവസാനിച്ച്‌ കഴിഞ്ഞപ്പോഴും തന്നെ പറ്റിച്ച ആ എക്സ്‌ സര്‍വീസുകാരനെ വെറുതെ വിടാന്‍ ഞാന്‍ തീരുമാനിച്ചില്ല. കൊമേഴ്‌സ്യല്‍ കറസ്പോണ്ടന്‍സ്‌ ഗൈഡും, ബുക്കും എല്ലാം ഒരിക്കല്‍ കൂടി നന്നായി റെഫര്‍ ചെയ്ത്‌, തനിക്ക്‌ പറ്റിയ സങ്കടം വിശദമായി എഴുതി പത്തനംതിട്ട ജില്ല കളക്ടറുടെ പേര്‍ക്ക്‌ റെജിസ്റ്റേര്‍ഡ്‌ ലെറ്റര്‍ അയയ്ച്ചു. ഞാനിങ്ങനെ ഒരു എഴുത്ത്‌ അയയ്ച്ചുവെന്ന കാര്യം അപ്പയോടും അമ്മയോടും പറഞ്ഞപ്പോള്‍ ആ 5 രൂപാ പോയതിനു 6 രൂപാ മുടക്കി റജിസ്റ്റേര്‍ഡ്‌ ലെറ്റര്‍ അയയ്ച്ച ആദ്യ വ്യക്തി നീ ആയിരിക്കും എന്ന് പറഞ്ഞ്‌ കളിയാക്കി..

പരീക്ഷയുടെ റിസള്‍ട്ട്‌ അത്‌ എങ്ങനെയാകുമെന്ന് ഒരു ഐഡിയായും ഇല്ല. ഇക്കാര്യത്തില്‍ എന്നെ സ്ഥിരമായി സഹായിക്കുന്നത്‌ പരുമല തിരുമേനിയും, ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനുമൊക്കെയാണു. വെള്ളിയാഴ്ച്ചകളില്‍ പരുമല പള്ളിയില്‍ പോയിയും, ഞായറാഴ്ച്ചകളില്‍ ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മുട്ടേല്‍ നിന്നും ഒക്കെ ദൈവ ചിന്തകളില്‍ മുഴുകി നടന്നതിനാല്‍ ഈ പരാതിയെ പറ്റി ഞാന്‍ അങ്ങ്‌ മറന്നു.

ഒരു വെള്ളിയാഴ്ച്ച ഞാന്‍ പരുമല പള്ളിയില്‍ പോയി വീട്ടില്‍ തിരികെ വന്നപ്പോള്‍, അമ്മ പറഞ്ഞു..," എടാ..നിനക്ക്‌ ഒരു കോള്‍ ഉണ്ട്‌. നിന്നെ തിരക്കി ഇന്ന് രണ്ട്‌ പോലീസുകാര്‍, തിരുവല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും വന്നിരുന്നു. നീ ഈ വരുന്ന തിങ്കളാഴ്ച്ച സര്‍ക്കിള്‍ ഓഫീസില്‍ 10.00 മണിക്ക്‌ ചെല്ലണമെന്ന്" പറഞ്ഞപ്പോളെക്കും എന്റെ തൊണ്ട വരണ്ടു. എന്തോന്നിനാ ഞാന്‍ സര്‍ക്കിളിന്റെ അടുത്തും ട്രയാങ്കിളിന്റെ അടുത്തും പോകേണ്ടത്‌? അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്ന് പറഞ്ഞത്‌ പോലെ, ഞാന്‍ അമ്മയോട്‌ തട്ടി കയറി. അമ്മ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വെറുതെ ഇതിനൊന്നും പോകേണ്ടിയിരുന്നില്ലായെന്ന് തോന്നി.

ഉറക്കമില്ലാത്ത രാത്രികള്‍ക്ക്‌ ശേഷം, ആ വലിയ തിങ്കളാഴ്ച്ച വന്നു. രാവിലെ എട്ടു മണിക്ക്‌ തന്നെ സര്‍വ്വ ദൈവങ്ങളെയും വിളിച്ച്‌ വാദിയായ ഞാന്‍ പേടിയോടെ വീട്ടില്‍ നിന്നിറങ്ങി. ഞാന്‍ തിരുവല്ലായില്‍ ചെന്നതും, എന്റെ ഭാഗ്യത്തിനു എന്റെ സഹപാഠിയും, അജാനബാഹുവുമായ പീറ്ററിനെ കണ്ടു. പീറ്ററിനു നല്ല വിക്കുണ്ടെങ്കിലും ആള്‍ പുലിയാണു. പീറ്ററിനോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പീറ്റര്‍ പറഞ്ഞു... അ അ അ അതിനു നീയെന്തിനാ പേ പേ പേടിക്കുന്നത്‌?? നമ്മള്‍ക്ക്‌ ഒരുമിച്ച്‌ പോ പോ പോകാമെടാ…. ഭയം നിമിത്തം വീട്ടില്‍ നിന്നും തുള്ളി വെള്ളം കുടിക്കാതെ ഇറങ്ങിയ ഞാന്‍, പീറ്ററിനെ കണ്ടപ്പോള്‍, ക്വട്ടേഷന്‍ റ്റീമിനെ അറേഞ്ച്‌ ചെയ്ത ധൈര്യമായി എനിക്ക്‌. പിന്നെ ഞങ്ങള്‍ രണ്ടാളും ഹോട്ടല്‍ ആര്യാസില്‍ കയറി മസാല ദോശയും തട്ടി പീറ്ററിന്റെ ബുള്ളറ്റില്‍ അള്ളി പിടിച്ചിരുന്ന് ഞങ്ങള്‍ സി.ഐ ഓഫീസില്‍ ചെന്നു.

എക്സ്‌സര്‍വീസീന്റെ വണ്ടിയും, ചേട്ടനും അവിടെ എന്നെ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ സര്‍ക്കിള്‍ ഓഫീസില്‍ നിന്നും കിട്ടിയ കത്ത്‌ അവിടുത്തെ പോലീസുകാരന്റെ കൈയില്‍ കൊടുത്ത്‌ മാറി നിന്നു. എന്റെ ചങ്കിടിപ്പ്‌ പുറത്ത്‌ കേള്‍ക്കാന്‍ പറ്റുന്ന അവസ്ഥ. ഞങ്ങള്‍ കഴിച്ച മസാല ദോശ ഏമ്പക്കമായും, നോവായും ഒക്കെ എന്നെ ബുദ്ധിമുട്ടിച്ചു. ഏതായാലും അധികം കാത്ത്‌ നില്‍ക്കേണ്ടി വന്നില്ല. സി.ഐ ഞങ്ങളെ രണ്ടാളെയും വിളിപ്പിച്ചു. എന്റെ മുട്ട്‌ ഇടിക്കാന്‍ തുടങ്ങി. സി.ഐക്ക്‌ ‘ഗുഡ്‌ ആഫറ്റര്‍ നൂണ്‍’, ‘ഗുഡ്‌ മോണിംഗ്‌’ പിന്നെ ഒരു ‘നമസ്ക്കാരവും’ കൊടുത്തു. ഞങ്ങളെ രണ്ടാളെയും ഒന്ന് ദഹിപ്പിച്ച്‌ നോക്കിയിട്ട്‌ സി.ഐ ചോദിച്ചു...എന്താ പ്രശ്നം. ഞാന്‍ പ്രശ്നം വള്ളി പുള്ളി വിടാതെ പറഞ്ഞു. എന്താടോ??? താന്‍ എന്തിനാ ഈ കൊച്ചന്റെ 5 രൂപാ കൊടുക്കാതെ പോയതെന്ന് സി.ഐ ചോദിച്ചപ്പോള്‍ , ഞാന്‍ രാജ്യത്തിനു വേണ്ടി പടവെട്ടിയ ഒരു പട്ടാളക്കാരനാ സാറെ ….ഇത്രയും പറഞ്ഞപ്പോള്‍ സി.ഐ ഒരു പോലീസുകാരനെ വിളിച്ചു...എന്നിട്ട്‌ പോലീസുകാരനോട്‌ ചോദിച്ചു..അതേ ഈ രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ ഇരട്ട പേരു എന്തവാണു? അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു, 'ഇയാളെ സ്റ്റാന്‍ഡില്‍ എല്ലാവരും റിസേര്‍വ്‌ എന്നാണു.. റിസേര്‍വോ??? എന്താ ഈ രാജ്യസ്നേഹിയെ അങ്ങനെ വിളിക്കാന്‍ കാര്യം? അപ്പോള്‍ പോലീസുകാരന്‍ വീണ്ടും പറഞ്ഞു...ഇയാള്‍ ഓട്ടോയേല്‍ പെണ്ണുങ്ങള്‍ കയറുമ്പോള്‍ റിസേര്‍വ്‌ ആയെന്ന് പറഞ്ഞ്‌ സീറ്റിനിടയില്‍ കൂടി കൈയിട്ട്‌..... ഓഹ്‌ ഇതാണോടോ താന്‍ പറഞ്ഞ രാജ്യ സ്നേഹം? അപ്പോള്‍ താന്‍ ഈ കൊച്ചന്റെ കൈയില്‍ നിന്ന് മേടിച്ച 5 രൂപയോ? അത്‌ സാറെ ഈ കൊച്ചന്‍ 10 തന്നപ്പോള്‍ ഞാന്‍ കരുതി എനിക്ക്‌ ഓട്ടത്തിനു തന്നതാണെന്ന്... അല്ലതെ ഞാന്‍ പറ്റിച്ചതൊന്നുമല്ല സാറെ.. ആഹ്‌ എങ്കില്‍ 5 രൂപാ തിരികെ കൊടുത്ത്‌ ഒപ്പിട്ട്‌ വേഗം സ്ഥലം വിടാന്‍ നോക്ക്‌..പറഞ്ഞ്‌ തീര്‍ന്നതും, എലിയെ ഒക്കെ മാളത്തില്‍ നിന്നും പുകച്ച്‌ പുറത്ത്‌ ചാടിക്കുമ്പോലെ ഞാനും ചേട്ടനും വേഗം പുറത്ത്‌ ചാടി. വെളിയില്‍ ചെന്ന് ചേട്ടന്‍ എനിക്ക്‌ ഒരു അഞ്ചിന്റെ നോട്ട്‌ എടുത്ത്‌ തന്നു. വിജയ ഭാവത്തില്‍ ഞാന്‍ പീറ്ററെ നോക്കി, ആ നോട്ട്‌ വാങ്ങി പോക്കറ്റില്‍ ഇട്ടു.

വാദിയും, പ്രതിയും, സാക്ഷിയും റെജിസ്റ്ററില്‍ ഒപ്പ്‌ വെയ്ക്കാന്‍ പറഞ്ഞ്‌, റജിസ്റ്റര്‍ എന്റെ മുന്‍പിലേക്ക്‌ തള്ളിയപ്പോള്‍, തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്റെ കൈകള്‍ ചലിക്കുന്ന വേഗത്തില്‍ എന്റെ കൈ വിറച്ചു കൊണ്ടിരുന്നു. ഒരു പരുവത്തില്‍ ഞാന്‍ എന്റെ പേരിന്റെ അവിടെയും, 5 രൂപാ കൈ പറ്റി കേസ്‌ തീര്‍ത്തിരിക്കുന്നുവെന്ന് പറഞ്ഞ്‌ ഒപ്പിട്ടു. ചേട്ടനും ഒപ്പിട്ടപ്പോള്‍ അടുത്തത്‌ സാക്ഷി. പോലീസുകാരന്‍ പീറ്ററെ വിളിച്ചു.. എടോ തന്റെ പേരു എന്താ?? പെട്ടെന്നുള്ള പോലീസുകാരന്റെ ചോദ്യം കേട്ടപ്പോള്‍ പീറ്റര്‍ പറഞ്ഞു.. പീ…..പീ…. പീ …..ഉടനെ വേറെ ഒരു പോലീസുകാരന്‍ പറഞ്ഞു..എന്റെ സാറെ അവനെ കൊണ്ട്‌ അധികം ഹോണടിപ്പിക്കാതെ പറഞ്ഞ്‌ വിടാന്‍ നോക്ക്‌... ഒരു തമാശയാണു ആ പോലീസുകാരന്‍ പൊട്ടിച്ചതെങ്കിലും ഞാന്‍ ചിരിച്ചില്ല.

ഞങ്ങള്‍ സര്‍ക്കിള്‍ ഓഫീസിനു വെളിയില്‍ വന്ന് ബുള്ളറ്റ്‌ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ശൂ ….ശൂ… വിളി കേട്ട്‌ ഞങ്ങള്‍ രണ്ടാളും തിരിഞ്ഞ്‌ നോക്കിയപ്പോള്‍, ആഗസ്റ്റ്‌ 15 ആണെന്നോ വല്ലതും ഓര്‍ത്ത്‌ തെറ്റിദ്ധരിച്ചതായിരിക്കാം..ആ രാജ്യസ്നേഹിയായ ചേട്ടന്‍ അറ്റന്‍ഷനായി നിന്ന് തന്റെ ഉടുമുണ്ട്‌, പതാക ഉയര്‍ത്തുന്ന ലാഘവത്തോടെ ഉയര്‍ത്തി കാണിച്ചതും ഒപ്പമായിരുന്നു. ത്രിവര്‍ണ്ണ പതാകയുടെ സ്ഥാനത്ത്‌ കള്ളി വരയന്‍ അണ്ടര്‍ വെയറും, അശോക ചക്രത്തിന്റെ സ്ഥാനത്ത്‌ മറ്റ്‌ പലതും കണ്ടപ്പോള്‍, പരിസരം മറന്ന് ഞാന്‍ ഉറക്കെ വിളിച്ചു "റിസേര്‍വേ..ജയ്‌ ഹിന്ദ്‌". പീറ്റര്‍ എന്തൊക്കെയോ പറഞ്ഞുവെങ്കിലും ദേഷ്യവും, വിക്കും എല്ലാം കൂടി മിക്സായപ്പോള്‍ മൈയും….പൂവും…. കായും ….ഒക്കെയേ ഞാന്‍ കേട്ടുള്ളു.

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ വെല്ലൂരു നിന്നും തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി ഓട്ടോയ്ക്കായി ചെന്നപ്പോള്‍ നമ്മുടെ എക്സ്‌സര്‍വീസ്‌. എന്നെ കണ്ടതും പുള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയിട്ട്‌ നീയൊന്നും ഇതു വരെ ചത്തില്ലെയെന്ന് ചോദിച്ച്‌ വണ്ടി ഓടിച്ചു പോയി. പരാതി വീണ്ടും കൊടുത്താലോയെന്ന് ആലോചിച്ചപ്പോള്‍.. വീണ്ടും ഒരു പതാക ഉയര്‍ത്തല്‍ കാണേണ്ടായെന്ന് കരുതി മാറ്റൊരു ഓട്ടോ പിടിച്ച്‌ വീട്ടില്‍ പോയി.. വിവരം ഇല്ലാത്തവര്‍ എന്തെങ്കിലും കാട്ടിയാല്‍ ബോധമില്ലാത്ത നമ്മള്‍ വേണ്ടെ ക്ഷമിക്കാന്‍... അത്‌ തന്നെ..ഞാന്‍ അങ്ങട്‌ ക്ഷമിച്ചു.

വാല്‍കഷണം:- മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാണ്ഡഹാറിൽ, മഹാ നടന്മാരായ അമിതാബ്‌ ബച്ചന്‍, മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്കൊപ്പം എന്റെ അഞ്ച്‌ രൂപാ ഹൈജാക്ക്‌ ചെയ്ത, എക്‍സ്‌ സര്‍വീസുകാരനായ ഈ റിസേര്‍വ്‌ ചേട്ടനും കൂടി എന്തെങ്കിലും ഒരു റോള്‍ കൊടുത്ത്‌ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

31 comments:

Senu Eapen Thomas, Poovathoor said...

ഒരു ഓട്ടോക്കാരന്‍ 5 രൂപാ കൂടുതല്‍ മേടിച്ചതിനു, 6 രൂപാ മുടക്കി ജില്ലാ കളക്ടര്‍ക്ക്‌ പരാതി അയയ്ച്ച്‌ 5 രൂപാ തിരികെ മേടിച്ച സംഭവ ബഹുലമായ കഥ

വിന്‍സ് said...

ഹഹഹ...കൊള്ളാം!!!

Teena said...

വിവരം ഇല്ലാത്തവര്‍ എന്തെങ്കിലും കാട്ടിയാല്‍ ബോധമില്ലാത്ത നമ്മള്‍ വേണ്ടെ ക്ഷമിക്കാന്‍... അത്‌ തന്നെ..kalakki.........

ബിനോയ്//HariNav said...

ഹ ഹ തകര്‍പ്പന്‍! :)

Adv.Sabu Thomas said...

ati poli senu

arun said...

അടിപൊളി.... :D

ആറു രൂപാ മുടക്കി ഒരുഗ്രന്‍ കണി കണ്ടല്ലേ?? കൊള്ളാം.........

മാണിക്യം said...

"പീ…..പീ…. പീ …..ഉടനെ വേറെ ഒരു പോലീസുകാരന്‍ പറഞ്ഞു..എന്റെ സാറെ അവനെ കൊണ്ട്‌ അധികം ഹോണടിപ്പിക്കാതെ
പറഞ്ഞ്‌ വിടാന്‍ നോക്ക്‌....."


സെനൂ ശരിക്കും കുറെനാളുകള്‍ക്ക് ശേഷം നല്ല ഒരു സെനൂ റ്റച്ചുള്ള പോസ്റ്റ് ....

വെള്ളം ചേര്‍ക്കതെ ചിരിച്ചു.. നിറഞ്ഞ റ്റൂത്പേസ്റ്റ് റ്റൂബില്‍ നിന്ന് വരുന്ന പേയ്‌സ്റ്റ് പോലെ [അല്ലതെ പേയ്‌സ്റ്റ് തീര്‍ന്ന റ്റൂബില്‍ നിന്ന് ഞെക്കി ചാടിക്കുമ്പോള്‍ വരുന്ന ഗ്യാസ് കയറിയ പേയ്‌സ്റ്റ് പോലത്തെ തമാശയല്ലന്നു ചുരുക്കം]

ഇത്തരം ഒക്കെ ഇനിയും 'റിസേര്‍വില്‍' കാണൊമല്ലൊ അല്ലേ? സെനുവേ..ജയ്‌ ഹിന്ദ്‌.

mazhamekhangal said...

iniyum ithupole stock undo? nalla rasamundu

അരുണ്‍ കായംകുളം said...

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ വെല്ലൂരു നിന്നും തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി ഓട്ടോയ്ക്കായി ചെന്നപ്പോള്‍ നമ്മുടെ എക്സ്‌സര്‍വീസ്‌. എന്നെ കണ്ടതും പുള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയിട്ട്‌ നീയൊന്നും ഇതു വരെ ചത്തില്ലെയെന്ന് ചോദിച്ച്‌ വണ്ടി ഓടിച്ചു പോയി

ഹ..ഹ..ഹ
പോകും, പോയില്ലങ്കിലെ അത്ഭുതമുള്ളു.അമ്മാതിരി പണി പണ്ട് കൊടുത്തതല്ലേ?

ജീവി കരിവെള്ളൂര്‍ said...

ഹ ഹ രാജ്യസ്നേഹം കലക്കി ..

Niram Jubin said...

റിസര്‍വ്വ് ചേട്ടന്റെ ത്രിവര്‍ണപതാകയും.. അശോകചക്രവും....ഹഹഹ..

AJAY said...

adi-poli---

പി എ അനിഷ്, എളനാട് said...

കൊള്ളാം

പഥികന്‍ said...

6 രൂപയ്ക്കു ത്രിവര്‍ണപതാകയും പോലീസ് സ്റ്റേഷനും ബാക്കി 5 രൂപയും.

കൊള്ളാം. അടിപ്പൊളി, തകര്‍ത്തു.

raji said...

Peterntay Bullet el ally pidichirunna Senuvinay onnu orthu. PDC kku padikkumbam athinulla aalay ollu. athu orthu chirichu

അഭി said...

കൊള്ളാം അടിപൊളി

ചാണ്ടിക്കുഞ്ഞ് said...

"വിവരം ഇല്ലാത്തവര്‍ എന്തെങ്കിലും കാട്ടിയാല്‍ ബോധമില്ലാത്ത നമ്മള്‍ വേണ്ടെ ക്ഷമിക്കാന്‍... അത്‌ തന്നെ..ഞാന്‍ അങ്ങട്‌ ക്ഷമിച്ചു"

അതന്നെ...

പ്രദീപ്‌ said...

മാഷേ , ശരിക്കും ഇഷ്ടപ്പെട്ടു ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സേനു, കുറെ കാലമായി ഇതിലേ വന്നിട്ട്..
ഓട്ടോ കഥ വായിച്ച് 50 രൂപയ്ക്കുള്ള ചിരി ചിരിച്ചു.. നിങ്ങൾ ആളൊരു ഭയങ്കരനായിരുന്നു അല്ലേ.. കൊള്ളാ‍ാം

Sony George said...

6 രൂപ പോയാലെന്താ മാഷേ, Live ആയി അശോകചക്രം കണ്ടില്ലേ...
എന്തായാലും സംഭവം കലക്കി ... എക്സ് സര്‍വീസിനെ ഭാവനയില്‍ കാണുമ്പോള്‍ തന്നെ ചിരി വരുന്നു...

കുക്കു.. said...

സെനു ചേട്ടാ പോലിസ് സ്റ്റേഷന്‍ കയറിയാല്‍ എന്താ കാശ് തിരിച്ചു കിട്ടിയെല്ലോ..;)
"പീ…..പീ…. പീ …..ഉടനെ വേറെ ഒരു പോലീസുകാരന്‍ പറഞ്ഞു..എന്റെ സാറെ അവനെ കൊണ്ട്‌ അധികം ഹോണടിപ്പിക്കാതെ
പറഞ്ഞ്‌ വിടാന്‍ നോക്ക്‌....."
ഇത് ചിരിപ്പിച്ചു
:)

jayanEvoor said...

ഉം....
കലക്കി!

ഇന്നലെ എനിക്കും പറ്റി ഒരു ഓട്ടോ അമളി.
വിശദമായി പിന്നെ എഴുതാം!

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

ഈപ... ഇതിലും വലുതെന്തോ സംഭവിക്കാന്‍ ഇരുനത എന്ന് കരുതിയാല്‍ മതി~

Molly said...

Nice to see you back after some time. A good one. Enjoyed reading it

അബ്‌കാരി said...

അടിപൊളി.... :D

ചേച്ചിപ്പെണ്ണ് said...

chirippichu senu :)

chandy said...

Senuve, kollam nalla post. enikku thonnunnu ninte 5 roopayude kanakkil aa Circle minimum oru anpathu avante kaiyil ninnu medichu kanum. atha ninnodu athra dheshyam.Pinne asoka chakram!! adutha pravashyam arenkilum shu... shu.. vekkumbol thirinju nokkarutheh!!! Just december that!!!
Chandy

അരുണ്‍കുമാര്‍ | Arunkumar said...

:)

Abilash said...

hahaha...goood..kolllaaam.

Senu Eapen Thomas, Poovathoor said...

ഞാന്‍ ഒരു ത്രിവര്‍ണ്ണ പതാകയും, അശോക ചക്രവും ലൈവായി കണ്ടുവെന്ന് പറഞ്ഞപ്പോള്‍ ആഹാ.. എന്താ ആശ്വാസം. എന്താ ചിരി. ചിരിച്ചോ മക്കളെ ചിരിച്ചോ... റിസേര്‍വ്‌ ചേട്ടന്‍ നമ്മുടെയൊക്കെ പൊഹ കണ്ടിട്ടേ പോകൂ...

വിന്‍സ്‌, ബിനോയി, വക്കീല്‍ സാബുചായന്‍, അജയ്‌, അനീഷ്‌, അബ്ക്കാരി, ചേച്ചി പെണ്ണ്‍, അരുണ്‍ എന്നിവരുടെ 'പൊട്ടി'ചിരികള്‍ ഞാന്‍ വക വെച്ചു. അഭിനന്ദങ്ങള്‍ സ്വീകരിച്ചു. അല്ല ഇതെന്തോന്നാ കീര്‍ത്തിചക്രയുടെ അന്‍പതാം ദിനാഘോഷമോ?

റ്റീനാ:- അയ്യോടാ പാവം. എന്തൊരു കുടുംബ സ്നേഹം. ബോധവും വിവരവും ഒക്കെ പറഞ്ഞപ്പോള്‍ അതേല്‍ അങ്ങ്‌ തൂങ്ങി. ഞാനും ഒന്ന് ശൂ ശൂ വിളിക്കട്ടെ.

മാണിക്യം:- പീ.... പീ.... പീീ ഇതു വരെ ഈ പോസ്റ്റ്‌ വായിച്ചിട്ടില്ല. അവന്‍ ഈ പോസ്റ്റ്‌ വായിച്ചാല്‍ അടുത്ത പോസ്റ്റുമായി ഞാന്‍ വരും.

പിന്നെ നിറഞ്ഞ റ്റൂത്ത്‌ പേസ്റ്റിന്റെ റ്റ്യൂബില്‍ നിന്നും പേസ്റ്റ്‌ വരുന്നത്‌ പോലെ...എന്താാ ഉപമ? നിറഞ്ഞ ഗ്യാസ്‌ സിലിണ്ടറില്‍ നിന്നും ഗ്യാസ്‌ വരുന്നത്‌ പോലെയെന്ന് പറയാഞ്ഞത്‌ ഫാഗ്യം!!! പിന്നെ തന്ന ആ ജയ്‌ ഹിന്ദ്‌!!! ഞാന്‍ പതാക ഉയര്‍ത്തി...

മഴമേഘങ്ങള്‍:- ഇപ്പോള്‍ പഴമ്പുരാണംസ്‌ റിസേര്‍വില്‍ ആണു ഓടുന്നത്‌.... വന്നതിനു, കമന്റിയതിനു നന്ദി.

അരുണ്‍, കായംകുളം:- കായംകുളം സൂപ്പര്‍ ഫാസ്റ്റ്‌, തിരുവല്ല റേല്‍വേ സ്റ്റേഷനില്‍ വന്ന് ഈ എക്സ്‌സര്‍വീസിന്റെ ഓട്ടോയില്‍ കയരിയതിനു നന്ദി. ഇനിയും വരണേ!!!

കരിവള്ളൂര്‍:- രാജ്യ സ്നേഹം കലക്കി..ജയ്‌ ഹോ എന്നതാ ഇപ്പോള്‍ സ്റ്റയില്‍.

രാജ്യ സ്നേഹികളെ, ALL KERALA EX SERVICE MEN ASSOCIATION കാരെ, AUTO DRIVERS UNIONകാരെ... അങ്ങനെ എല്ലാവരും വന്ന് ഈ EX-SERVICEകാരനെ പ്രൊത്സാഹിപ്പിക്കൂ.

സസ്നേഹം.
സെനു, പഴമ്പുരാണംസ്‌.

തെച്ചിക്കോടന്‍ said...

ഇവിടെ എത്താന്‍ വൈകി.
രസികന്‍ സംഭവങ്ങള്‍ ആണല്ലോ ഇവിടെല്ലാം.
ഇനി ഏതായാലും മിസ്സ്‌ ചെയ്യില്ല.
ആശംസകള്‍.