Tuesday, 15 July 2008

കുടിയനപ്പച്ചനും...കുരുത്തക്കേടുകളും

അമ്മ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌, കാപ്പി ഇട്ട്‌, പട്ടികളെ പൂട്ടി, പത്രം എടുക്കാന്‍ ഗേറ്റിന്റെ അടുത്ത്‌ ചെന്നു. അവിടെ ചെന്നപ്പോള്‍ ഗേറ്റിന്റെ പുറത്ത്‌ ഒരു മണ്‍ക്കുടം/കലം പൊട്ടി കിടക്കുന്നത്‌ കണ്ടു. ഇത്‌ എന്ത്‌ മറിമായം? അമ്മ സംഭവ സ്ഥലം വളരെ വിദഗ്ദമായി പരിശോധിച്ചു. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, അപ്പ സംഭവസ്ഥലത്തെത്തി. പൊട്ടിയ കുടത്തിന്റെ അവശിഷ്ടങ്ങള്‍ നോക്കി അതിന്റെ 'ഫേസ്‌ കട്ട്‌' മനസ്സില്ലാക്കാന്‍ ഒരു വൃഥാശ്രമം നടത്തി. അവസാനം അപ്പയും എഴുന്നേറ്റ്‌ കൈ മലര്‍ത്തി. പിന്നെ അമ്മ നേരെ പട്ടികളുടെ അടുത്തേക്ക്‌ ചെന്ന് അവറ്റകളോട്‌ ചൂടായി:- വെറുതെ തീറ്റയും തിന്ന് കിടക്കുന്നു...'പടിക്കല്‍ കൊണ്ട്‌ കുടം ഒടച്ചിട്ട്‌ അതാരാണെന്ന് പോലും അറിയില്ല'. ഇന്ന് നോക്കിക്കോ...ഞാന്‍ തീറ്റ തരില്ല എന്നൊക്കെ പറയുന്നത്‌ കേട്ടിട്ടും മലയാളം ഞങ്ങളുടെ മാതൃഭാഷയല്ല...നീ രാവിലെ വെറുതെ ഇങ്ങനെ വെറുതെ കുരച്ചിട്ട്‌ ഒരു കാര്യവുമില്ലായെന്ന ഭാവത്തില്‍ അവറ്റകള്‍ കിടന്നു. ശബ്ദകോലാഹലങ്ങള്‍ കേട്ട്‌ ഞാനും ചേച്ചിയും സ്പോട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി. ഈ സംഭവം നടക്കുന്നതിനു കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണു ഞങ്ങള്‍ ‘മുക്കവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമാ കണ്ടത്‌. അതിലെ ചില രംഗങ്ങള്‍ എന്റെ മനസ്സില്‍ കൂടി മിന്നി മറിഞ്ഞു. ഞാന്‍ അപ്പയോട്‌ വിളിച്ച്‌ പറഞ്ഞു:- അപ്പേ!!! ഇനി അതു പോലെ വല്ല ഭൂതത്തിന്റെയും കുടമായിരിക്കുമോയിത്‌? എങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. ഞാന്‍ പൊട്ടിയ കുടത്തില്‍ തൊട്ട്‌ ഭൂതത്തെ വിളിച്ചു കൊണ്ടിരുന്നു. അപ്പയക്ക്‌ എന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര ബോധിച്ചില്ല. അപ്പ സ്റ്റാര്‍ട്ട്‌, ക്യാമറ, 'ആക്ഷന്‍' പറയുന്നതിനു മുന്‍പെ ഞാന്‍ ആ ഭൂതത്തെക്കാള്‍ ഫാസ്റ്റായി സ്ഥലം കാലിയാക്കി. നമ്മുടെ ജോലിക്കാര്‍ വന്നു. പണി ചെയ്യാതെ സമയം കളയാന്‍ കിട്ടിയ ഈ സുവര്‍ണ്ണാവസരം അവര്‍ ശരിക്കും എന്‍ജോയി ചെയ്തു. അവസാനം എല്ലാവരും ഒറ്റ കണ്‍ക്ലൂഷ്യനില്‍ എത്തി-കൂടോത്രം. അതും മണ്‍ക്കുടത്തില്‍. അതി ഭയങ്കരമായ ക്ഷുദ്ര പ്രയോഗമാണത്‌. അഭിപ്രായങ്ങള്‍ പലത്‌ വന്നതോടെ അമ്മ അതിനെ മറികടക്കാന്‍ ഒരു 7 ദിവസത്തെ ഉപവാസം പ്രഖ്യാപിച്ചു...കൂടാതെ ആള്‍രൂപങ്ങള്‍, മെഴുകുതിരികള്‍, പിടിപ്പണം അങ്ങനെ പുറത്ത്‌ പറയാത്ത നേര്‍ച്ചകള്‍ വേറെ. അമ്മ ഉപവാസം പ്രഖ്യാപിച്ചതോടെ അപ്പയും ഉപവാസം ഉറപ്പിച്ചു. എനിക്ക്‌ പണ്ടേ ഭക്ഷണം വേണ്ടാത്തതു കൊണ്ട്‌ ഞാനും ഉപവാസം ഏറ്റെടുത്തു. പിന്നെ വീട്ടിലെ നായ്ക്കള്‍ക്ക്‌ ശിക്ഷണ നടപടിയായി നിര്‍ബന്ധിത ഉപവാസം. അങ്ങനെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ദിനങ്ങള്‍ കഴിച്ച്‌ നീക്കി. ഏതായാലും കൂടോത്രത്തിന്റെ സൈഡ്‌ എഫെകറ്റ്‌സ്‌ ഒന്നും വീട്ടില്‍ കണ്ടില്ല.

മാസങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാനും അപ്പയും കൂടി തിരുവല്ലയില്‍ ഷോപ്പിങ്ങും ഒക്കെ നടത്തി സാധനങ്ങള്‍ വണ്ടിയില്ലേക്ക്‌ വെയ്ക്കുമ്പോള്‍, നമ്മുടെ ബന്ധത്തിലുള്ള ഒരു അപ്പച്ചന്‍ അടിച്ച്‌ കോണ്‍ തെറ്റി നില്‍ക്കുന്നു. [ഓഹ്‌ അതിനു ഞാന്‍ ഈ അപ്പച്ചന്‍ പച്ചയായി നില്‍ക്കുന്നത്‌ കണ്ടിട്ടേയില്ല.] എത്ര ഫിറ്റായാലും അപ്പച്ചന്‍ വാള്‍ വെക്കില്ല, റോഡില്‍ കിടക്കുകയില്ല, ചീത്തയും തെറിയും ഒന്നും പറയില്ല. അതാണു അപ്പച്ചന്റെ സ്പെഷ്യാലിറ്റി. ചിലപ്പോള്‍ അടിച്ച്‌ ഫിറ്റായി കഴിഞ്ഞാല്‍ നമ്മുടെ വീട്ടില്‍ വരും. ഇപ്പോള്‍ കുറേ നാളായി അപ്പച്ചനെ കണ്ടിട്ടും. അപ്പച്ചനെ കണ്ടതും അപ്പ പോയി അപ്പച്ചനെ പിടിച്ചു. അല്‍പനേരത്തെ കുശലാന്വേഷണത്തിനു ശേഷം അപ്പച്ചനെ പിടിച്ച്‌ അപ്പ വണ്ടിയില്‍ കൊണ്ടിരുത്തിയിട്ട്‌ വീണ്ടും ബാക്കി സാധനങ്ങള്‍ എടുക്കാന്‍ കടയിലേക്ക്‌ പോയി. കടയില്‍ നിന്നിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പെട്ടെന്ന് മഴ. ആയതിനാല്‍ ഞങ്ങള്‍ ആ കടതിണ്ണയില്‍ ഏറേ നേരം നിന്നു. മഴ ഒന്ന് തോര്‍ന്നപ്പോള്‍, ഞങ്ങള്‍ ചെന്നപ്പോള്‍, വണ്ടിയില്‍ അപ്പച്ചനില്ല. അപ്പ ചുറ്റും നോക്കി. അപ്പച്ചനെ കണ്ടില്ല. വീണ്ടും അടിക്കാന്‍ പോയതായിരിക്കും... അഹ്‌..നമ്മള്‍ക്ക്‌ പോകാം. അപ്പ വണ്ടിയില്‍ കയറി, സാധനങ്ങള്‍ എല്ലാം പെറുക്കി വെച്ച്‌ വണ്ടി ഓടിക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല. അപ്പ പോക്കറ്റില്‍ നിന്ന് പൈസയും ബില്ലും എല്ലാം വലിച്ച്‌ വാരിയിട്ട്‌ നോക്കി. പിന്നെ കൊണ്ട്‌ വന്ന് വെച്ച സാധനങ്ങള്‍ എല്ലാം ഒന്ന് മാറ്റി നോക്കി. അവിടെയും കണ്ടില്ല. പിന്നെ വീണ്ടും കടയിലേക്ക്‌ പോയി. അവിടുത്തെ കൗണ്ടറിലും പരിസരത്തും ഒക്കെ നോക്കി. പിന്നെ കാണാതെ പോയ അപ്പച്ചനെ തപ്പാന്‍ തന്നെ നിശ്ചയിച്ചു. ഇപ്പോഴത്തെ ചാലക്കുഴി ബസാറിന്റെ അകത്ത്‌ ഒരു ഷാപ്പുണ്ട്‌. പക്ഷെ അപ്പയ്ക്ക്‌ അവിടെ കയറി അപ്പച്ചനെ തിരക്കാന്‍ മടി. കോളെജില്‍ പഠിക്കുമ്പോള്‍ A പടം കാണാന്‍ പോകുന്ന കോളെജ്‌ കുമാരനെ പോലെ അപ്പ ചുറ്റും നോക്കി, ഷാപ്പിനുള്ളില്‍ എന്റെ കൈ പിടിച്ച്‌ കയറി. [ഞാനാരാ മോനെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായോ]. ഷാപ്പിന്റെ ഉടമസ്ഥനോട്‌ അപ്പച്ചനെ തിരക്കിയപ്പോള്‍, ഇന്നത്തെ ക്വോട്ടാ കഴിഞ്ഞ്‌ പോയിയെന്ന് പറഞ്ഞു. ഇനി ഉള്ളത്‌ ഒരു ബാര്‍ ഹോട്ടലാണു. അവിടെയും എന്നെയും കൊണ്ട്‌ അപ്പ പോയി. അവിടെ ചെന്നപ്പോള്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പ്രതീതി. ‘ഷിയോന്‍ ഷഞ്ചാഴി ഞാന്‍...യേഷുവില്‍ ചാഴി ഞാന്‍...പോകുന്നു കുരിഷിന്റെ പാഴയില്‍... നിന്നെന്ന് പാട്ടു പാടി, ആ പാതയില്‍ വീണു കിടക്കുന്ന സഞ്ചാരിയെ തട്ടി ഞങ്ങള്‍ ബാറിനുള്ളില്‍ പ്രവേശിച്ചു. ആ ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ അപ്പച്ചനെ തിരഞ്ഞു. ഇല്ല, അവിടെയും ഇല്ല...ഇത്‌ ‘റോഡില്‍ നിന്ന പാമ്പിനെ എടുത്ത്‌ കാറില്‍ വെച്ചെ’ന്ന് പറഞ്ഞ പോലെയായല്ലോ....അപ്പ പിറുപിറുത്തു. ഇനി ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ഒന്ന് നോക്കാമെന്ന് പറഞ്ഞ്‌ സ്റ്റാന്‍ഡില്‍ കയറി നോക്കിയപ്പോള്‍, സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍, നമ്മുടെ വണ്ടിയില്‍ നിന്നെടുത്ത ഒരു കവര്‍ തലയ്ക്ക്‌ മുകളില്‍ പിടിച്ച്‌ നില്‍ക്കുന്ന അപ്പച്ചനെ കണ്ടു. അപ്പച്ചന്റെ അടുത്ത്‌ ചെന്ന് അപ്പ പറഞ്ഞു, അച്ചായന്‍ നല്ല പണിയാ കാണിച്ചത്‌. വണ്ടിയുടെ താക്കോല്‍ എന്തിയേ? താക്കോലോ...ഞാന്‍ എങ്ങും എടുത്തില്ല. പിന്നെ ഈ ഒരു കൂട്‌ സാധനം എടുത്തു. മഴ നനയാതെയിരിക്കാന്‍. വേറെ ഒന്നും ഞാന്‍ എടുത്തില്ല. അപ്പച്ചന്‍ കൈ മലര്‍ത്തി. അപ്പ താണു വീണു. അച്ചായാ... അച്ചായന്‍ അത്‌ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ഇല്ലെടോ കുഞ്ഞുമോനെ..ഞാന്‍ എടുത്തില്ല. സംശയമുണ്ടെങ്കില്‍ താന്‍ തപ്പിക്കോ എന്ന് പറഞ്ഞ്‌ ആ സ്റ്റാന്‍ഡില്‍ അപ്പച്ചന്‍ സുവിശേഷ പ്രവര്‍ത്തകനെ പോലെ ആകാശത്തേക്ക്‌ കൈകള്‍ ഉയര്‍ത്തി നിന്നു. അപ്പ ആ ജുബ്ബയുടെ പോക്കറ്റില്‍ കൈയിട്ട്‌ നോക്കി. കുറച്ച്‌ നോട്ടുകളും, ചില്ലറ പൈസയും കൈയില്‍ തടഞ്ഞതല്ലാതെ താക്കോല്‍ കൈയില്‍ മുട്ടിയില്ല. അവസാനം അപ്പ പറഞ്ഞു, അച്ചായന്‍ താക്കോല്‍ എടുത്തില്ലായെങ്കില്‍ ഞാന്‍ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ആളിനെ കൊണ്ട്‌ വന്ന് ബാറ്ററി യില്‍ നിന്ന് നേരിട്ട്‌ കറന്റ്‌ എടുത്ത്‌ ശരിയാക്കാന്‍ പോവുകയാ...അച്ചായന്‍ താക്കോല്‍ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ശെ!!! ഇതെന്താ ഈ കുഞ്ഞുമോനോട്‌ പറഞ്ഞാല്‍ മനസ്സിലാകില്ലേ...കുഞ്ഞുമോനും കുടിച്ചിട്ടുണ്ടോ? ഞാന്‍ എടുത്തില്ലാന്നെല്ലേ പറഞ്ഞത്‌...അങ്ങനെ അവസാനം അപ്പ മനസ്സില്ലാ മനസ്സോടെ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ഒരു പയ്യനെ കൊണ്ട്‌ വന്ന് ഏറെ നേരത്തെ അദ്ധ്വാനത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടാക്കി. വണ്ടി സ്റ്റാര്‍ട്ടായതും അപ്പച്ചന്‍ ചാടി വണ്ടിയുടെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചു. വീടു വരെ ആരും ഒന്നും സംസാരിച്ചില്ല. വീട്ടില്‍ ചെന്ന് കയറിയിട്ട്‌ അപ്പ അമ്മയോട്‌ ഒരു ചൂട്‌ കാപ്പി ഇടാന്‍ പറഞ്ഞിട്ട്‌ ഞങ്ങള്‍ക്ക്‌ നേരിട്ട്‌ കരളലിയിക്കുന്ന കഥ പറഞ്ഞു. കഥയ്ക്കിടയ്ക്ക്‌ വെച്ച്‌ അപ്പച്ചന്‍ പറഞ്ഞു...ഞാന്‍ ആ താക്കോല്‍ ഒന്നും എടുത്തില്ല. വണ്ടിയില്ലാത്ത എനിക്ക്‌ എന്തിനാ താക്കോല്‍? അതെന്താ നിങ്ങള്‍ ആരും മനസ്സിലാക്കാത്തെ? ഇത്രയും പറഞ്ഞ്‌ അപ്പച്ചന്‍ തന്റെ ജുബ്ബ പൊക്കി, മുണ്ട്‌ ഒന്ന് മുറുക്കി കുത്തിയപ്പോള്‍, ക്നിം, ണിം ശബ്ദത്തോടെ എളികുത്തില്‍ നിന്നും താക്കോല്‍ താഴെ. താക്കോല്‍ താഴെ വീണത്തും അപ്പ ചാടി അതെടുത്ത്‌ അപ്പച്ചനെ വായില്‍ വന്നതെല്ലാം പറഞ്ഞു. അവസാനം അപ്പച്ചന്‍ പറഞ്ഞു, എനിക്ക്‌ കുഞ്ഞുമോനോട്‌ നല്ല ദേഷ്യം ഉണ്ടായിരുന്നു. അപ്പയ്ക്ക്‌ ഇതും കൂടി കേട്ടപ്പോള്‍ പിന്നെയും ദേഷ്യം വന്നു. ഞാന്‍ എന്താ അച്ചായന്റെ വല്ലോം മോഷ്ടിച്ചോ? എന്നോട്‌ ദേഷ്യം ഉണ്ട്‌ പോലും...അപ്പ പിറുപിറുത്തു. അതിനു അപ്പച്ചന്‍ പറഞ്ഞു:- കുറച്ച്‌ മാസങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരു രാത്രിയില്‍ പെരുന്തുരുത്തി ഷാപ്പില്‍ നിന്നും കുടിച്ചിട്ട്‌ വണ്ടി കിട്ടാതെ നടന്ന് വന്ന്, ദേവസ്വം ബോര്‍ഡ്‌ സ്‌ക്കൂളിന്റെ അടുത്തുള്ള ആ മുറുക്കാന്‍ കടയുടെ മൂലയ്ക്ക്‌ വെള്ളം വെച്ചിരുന്ന വലിയ ഒരു കുടവും ചുമ്മി ഞാന്‍ ഇവിടെ വന്നപ്പോള്‍ ഗേറ്റിന്റെ അവിടെ കുരച്ചും കൊണ്ട്‌ പട്ടി. അവസാനം അത്രയും പാടുപ്പെട്ട്‌ ചുമ്മി കൊണ്ട്‌ വന്ന ആ കുടം പട്ടിക്ക്‌ എറിഞ്ഞ്‌ കൊടുത്തിട്ട്‌ ഞാന്‍ പോയി. അത്രയും കഷ്ടപ്പെട്ട്‌ ഞാന്‍ കൊണ്ട്‌ വന്ന ആ കുടം പൊട്ടിയപ്പോള്‍ എനിക്കുണ്ടായ ആ ദേഷ്യം ഇന്നാണു തീര്‍ന്നത്‌..സത്യം. പിന്നെ അപ്പയ്ക്ക്‌ അപ്പച്ചന്‍ വക ഒരു താക്കീതും..വണ്ടി കൊണ്ട്‌ നടക്കുന്നവന്‍ താക്കോല്‍ സൂക്ഷിക്കണം. ഏതായാലും ഈ സംഭവത്തോടെ അപ്പ രണ്ട്‌ കാര്യം പഠിച്ചു..1] താക്കോല്‍ സൂക്ഷിക്കാനും...2]. വെള്ളം അടിച്ചവരെ വണ്ടിയില്‍ കയറ്റാതിരിക്കാനും. ഈ കഥയുടെ ക്ലൈമാക്സ്‌ കേട്ടപ്പോള്‍ ഹര്‍ബജന്റെ അടി കൊണ്ട്‌ കവിള്‍ വീര്‍ത്ത ശ്രീശാന്തിനെ പോലെ അമ്മയുടെ കവിളുകള്‍ ദേഷ്യം കൊണ്ട്‌ വീര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു... 7 ദിവസത്തെ ഉപവാസം, പിടിപ്പണം, ആള്‍രൂപം ഇവയൊക്കെയാണു ആ കുടം പൊട്ടിയതിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടി വീണതെന്ന് ഇനിയും പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ...

37 comments:

മാണിക്യം said...

പറയാതിരിക്കാന്‍ മേലാ ,
മാനസ്സിന്റെ അടിവാരത്തുന്ന്
ചിരിച്ച് ഇങ്ങ് മോളില്‍ എത്തി ,
ആ ഒര്‍ജിനാലിറ്റിക്ക്
കൊട്‌ കൈ!!
പിന്നെ ഇവിടെ ഞാന്‍ തന്നെ
ആദ്യ കുടം ഉടക്കുന്നു!!........

♪♪ ഷിയോന്‍ ഷഞ്ചാഴി ഞാന്‍...
യേഷുവില്‍ ചാഴി ഞാന്‍...
പോകുന്നു ബ്ലോഗിന്റെ പാതയില്‍....♪♪

Adv.Sabu Thomas said...

ഇത് അടിപൊളി തന്നേ സെനു പാവമമ്മ ഇതാണു അന്ധ വിശ്വാസികളുടെ കുഴപ്പം

ഹരിത് said...

:)

ഹരിശ്രീ said...

അടിപൊളി...

:)

ശ്രീവല്ലഭന്‍. said...

ഹാ ഹാ .....കൊള്ളാം അപ്പച്ചന്റെ പ്രതികാരം :-)

smitha adharsh said...

ഇതും കലക്കി കളഞ്ഞല്ലോ,സേനു ചേട്ടാ...ഒരു കാര്യം കൂടി,ഊട്ടി ഉറപ്പിച്ചു...കുടുംബപരമായി,നിങ്ങള്‍ മൊത്തം "സ്ടാറുകള്‍"....ആണെന്ന്..ആ അപ്പച്ചന്‍..!!! പറയാതിരിക്കാന്‍ വയ്യ..എന്ത് "തങ്കപ്പെട്ട"...അപ്പച്ചന്‍ .?? എത്ര ഫിറ്റായാലും അപ്പച്ചന്‍ വാള്‍ വെക്കില്ല, റോഡില്‍ കിടക്കുകയില്ല, ചീത്തയും തെറിയും ഒന്നും പറയില്ല. അതാണു അപ്പച്ചന്റെ സ്പെഷ്യാലിറ്റി.
കൂടോത്രം കലക്കി മാഷേ...

ശ്രീ said...

പാവം അമ്മ. ഉപവാസം വേയ്സ്റ്റായി, അല്ലേ?
;)

അപ്പച്ചന്‍ ആളു കൊള്ളാം.

നന്ദകുമാര്‍ said...

:-)
"ഷിയോന്‍ ഷഞ്ചാഴി ഞാന്‍...
യേഷുവില്‍ ചാഴി ഞാന്‍...“

ചിരിച്ചു ചിരിച്ചു എന്റെമ്മേ എനിക്കു വയ്യ!!

(ആ കാര്‍ന്നോരടെ കരണക്കുറ്റിക്കു ഒന്നു പൊട്ടിക്കാര്‍ന്നില്ലേ!!)

അപ്പു said...

:-)

ഷിയോൺ ഷഞ്ചാഴി... റൊമ്പ പിടിച്ചേ..

നട്ടപിരാന്തന്‍ said...

എത്ര ഫിറ്റായാലും അപ്പച്ചന്‍ വാള്‍ വെക്കില്ല, റോഡില്‍ കിടക്കുകയില്ല, ചീത്തയും തെറിയും ഒന്നും പറയില്ല. അതാണു അപ്പച്ചന്റെ സ്പെഷ്യാലിറ്റി.

ഇങ്ങനെയും അച്ചായന്മാരോ... പുള്ളിയുടെ ഒരു ക്ലോണ്‍ ആവിശ്യമാണ് നമ്മുക്ക്....

..സീനു..... ആ പതിവു ഇരിപ്പന്‍ തമാശയിലേക്ക് എത്തിയോ....(ചിലപ്പൊള്‍ രണ്ട് പ്രാവിശ്യം വായിച്ചിട്ട് കമന്റിടുന്നതിനാലായിരിക്കുമല്ലേ)

sureshthannickelraghavan said...

appachan still alive? i need some training..............haha.

Kalpak S said...

"അമ്മ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌, കാപ്പി ഇട്ട്‌, പട്ടികളെ പൂട്ടി"

ഫൌള്‍...ഫൌള്‍...

നമ്മുടെ നാട്ടില്‍ ചങ്ങല ഇട്ടാ പട്ടികളെ പൂട്ടുന്നത്..


ഹോ.. ഒരു തമാശ പറഞ്ഞപ്പം എന്തൊരാശ്വാസം.

ട്യേണ്‍....

Priya Sreekumar said...

:),nannayittundu.Chila prayogangal kollaam.

ak said...

“ശ്ശ്ശ്ശ്ശ്ശ്ശ്”

ഞാന്‍ വന്നേച്ചും പോയി എന്നറിയിക്കാനാ...
ശ്ശ്ശ്ശ്
ങും?

ജിഹേഷ് said...

കലക്കന്‍ പോസ്റ്റ്.. പൊട്ടിയ കുടവും അതിനെ ചുറ്റിപറ്റിയുള്ള കോലാഹലങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു...:)

qw_er_ty

ചക്കര said...

:)

qw_er_ty

sreedevi said...

കിടിലം..ചിരിച്ചു വീണു ...

സീത said...

സെനു,
നന്നായിരിക്കുന്നു

Benchu said...

Dhaiva bhayam ulla veettileyannu senuchan ennu eppozhengilum ellarem ariyichathu karyayi...athey aa kudathil thottu bhoothathe vilichappo athu real aayi pratyakshappettirunnengil Karthave Senuchan enna cheythene???? hooooooo enikkathorkkan koody vayya.... onnamathe pandengo oru blogil postiyathu orkkunnu parannu pokathirikkan pocketil kallu ettonda nadannirunney ennu......anganulla Senuchante sthithy kastham aayene... entayalum onnum nadannilla bhagyam... vidhubalede prarthanayude bhalamayirikkum...

Anyway super dialogues.... vayanakkare boradippikkathe varivalichezhuthathe 2 sotryum koody super aayi ezhuthy...

JAI PAZHAMPURANNAMS......

അനൂപ്‌ കോതനല്ലൂര്‍ said...

♪♪ ഷിയോന്‍ ഷഞ്ചാഴി ഞാന്‍...
യേഷുവില്‍ ചാഴി ഞാന്‍...
പോകുന്നു ബ്ലോഗിന്റെ പാതയില്‍
എനിക്ക് ചിരിക്കാന്‍ വയ്യെ
സെനു നല്ല സൂപ്പര്‍ എഴുത്ത് മാഷെ

കാപ്പിലാന്‍ said...

:)

jyothirmayi said...

പൊട്ടിയ കുടവും അന്ധവിശ്വാസങ്ങളും....ഹഹഹ....

മിഴി വിളക്ക് said...

സെനൂ..കൊള്ളാം..അവിടെ നാട്ടിലുള്ള കുട്ടിക്കുറൂമ്പന്മാര്‍ പിള്ളേര്‍ക്കു മാത്രമല്ല കുരുത്തക്കേട്, തലമൂത്ത കുരുത്തം കെട്ട അപ്പച്ചന്മാരും മോശമല്ല..അല്ലേ..

കാലത്ത് മുറ്റത്ത് കലം പൊട്ടി കിടക്കുന്നതു കണ്ടാല്‍ സെനൂന്റെ അമ്മയ്ക്ക് മാത്രമല്ല, നമ്മുടെ നാട്ടിലെ നാട്ടിലെ എല്ലാ അമ്മമാര്‍ക്കും ഉള്ള സംശയം ‘കൂടോത്രം” ആണോന്നാ.
ഇതു വായിക്കുമ്പോള്‍ നാട്ടിലെ ചില കുരുത്തം കെട്ട പിള്ളേര്‍ ഏപ്രില്‍ ഫൂള്‍ ദിവസം പാവം ഒരു ചായക്കടക്കാരന്‍ ചേട്ടനെ വഴിയാധാരമാക്കിയ കാര്യമാ ഓര്‍മ്മ വരിക.ഏപ്രില്‍ ഫൂളീന്‍ കടയുടെ മുന്നില്‍ കോഴിത്തലയും ചെമ്പരത്തി പൂവും കൊണ്ടിട്ടിട്ട് ചെക്കന്മാര്‍ മുങ്ങി..ചേട്ടന്‍ പാവം കൂടോത്രത്തിന്റെ പുറത്ത് വഴിപാടൂം, പൂജയും, പ്രതിവിധിയുമായി നടന്ന് നടന്ന് അവസാനം ഭ്രാന്തു പിടീച്ചൂത്രേ.
ഉപവാസം എന്തായാലും നന്നായി ട്ടോ..അമ്മയ്ക്ക് എന്റെ വക ഒരു അഭിനന്ദനം..ഒപ്പം വീട്ടു വിശേഷങ്ങള്‍ തനിമ ചോരാതെ രസകരമായി എഴുതുന്ന സെനുവിനും..

കുറ്റ്യാടിക്കാരന്‍ said...

:)

Thomas.V said...

സെനു ഭായ്‌ ലഗെ രഹൊ.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഈ അച്ചായന്മാരെല്ലാം കൊള്ളാമല്ലോ? ആരാന്റെ കുടമെടുത്ത് പൊട്ടിച്ചതും പോരാ, പിന്നെയും അച്ചായനു മുറുമുറുപ്പ് അല്ലേ?

Teena said...

chakkikkothha chankaran

Molly said...

Nalla tamasha tanne. I got my computer fixed today. Thought I will leave my comment first. Really a good one. Keep it up

Molly

സുഗേഷ് said...

സൈനു ചേട്ടാ വളരെ മനോഹരമായിട്ടുണ്ട് ചിരിച്ചു ചിരിച്ച് ചിരിച്ച് വാളു വയ്ക്കാന്‍ തോന്നി

അക്കരെപച്ച said...

കൊള്ളാം നന്നായിരിക്കുന്നു.

പക്ഷെ എത്രവെള്ളമടിച്ചാലും വാളുവെക്കില്ലന്നു പറഞ്ഞതിനോട്‌ ഞാന്‍ യോജിക്കില്ല, ഉറപ്പ്‌!.

ചിലപ്പോള്‍ വാളു വെക്കാനുള്ള ശേഷി പോയതായിരിക്കും അല്ലേ പാവം അപ്പച്ചന്‍.

bejovablood said...

thats a nice experience.......

Senu Eapen Thomas, Poovathoor said...

ഇവിടെ വന്ന് വായിച്ചവര്‍ക്കും, കമന്റിയവര്‍ക്കും എന്റെ നന്‍റി.
കമന്റ്‌ അയയച്ച 2 പേര്‍ക്ക്‌ സ്പെഷ്യല്‍ മറുപടി വേണമെന്ന് തോന്നി.
1] കല്‍പ്പക്‌: "അമ്മ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌, കാപ്പി ഇട്ട്‌, പട്ടികളെ പൂട്ടി"
അതിന്റെ എല്ലാം ഇടയില്‍ 'കോമാ'യെന്ന സാധനം തെളിഞ്ഞ്‌ കിടപ്പുണ്ട്‌ മാഷേ...പിന്നെ ചിലപ്പോള്‍ ഇങ്ങനെയും കാപ്പി ഇടാമായിരിക്കും.

2]അക്കര പച്ച:-എത്ര വെള്ളം അടിച്ചാലും വാളു വെക്കത്തിലായെന്ന് അപ്പച്ചനും കമ്പനിക്കാരും സാക്ഷ്യപ്പെടുത്തിയിരുന്നു. പരീക്ഷിക്കാന്‍ ഇന്ന് അപ്പച്ചന്‍ ജീവനോടില്ലയെന്റെ വിന്‍സെന്റേ!!!. പക്ഷെ ഈ ഞാന്‍ ഒരിക്കല്‍ അടിച്ചു...അന്ന് ഒരു മുട്ടന്‍ വാള്‍ വെച്ചു. അതും ഒരു പോസ്റ്റായിട്ടുണ്ട്‌.
http://pazhamburanams.blogspot.com/2007/10/blog-post.html

കുഞ്ഞന്‍ said...

സോനു..

ഈ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ചിരിയേക്കാളപ്പുറം സങ്കടമാണ് തോന്നിയത്..പാവം പട്ടികള്‍..അവയെ തെറ്റിദ്ധരിച്ചില്ലെ..തിന്നുന്ന ചോറിന് നന്ദി കാണിക്കുന്നവര്‍..അവയ്ക്കു വേണ്ടി രണ്ടു തുള്ളി കണ്ണീര്‍ !!

ഓ.ടോ..ബൂലോകത്തിനൊരു വക്കീലിനെ കിട്ടിയല്ലൊ..ഞാനും ഇനി ഗുമസ്തന്‍ കുഞ്ഞന്‍ എന്ന് പേരുവയ്ക്കാന്‍ പോകുകയാണ്..പക്ഷെ ഗുമസ്തന് ഗുമ്മു പോരാ..

Senu Eapen Thomas, Poovathoor said...

കുഞ്ഞന്‍ ഒരു ഗുമസ്തന്‍ കുഞ്ഞനാകേണ്ട. പട്ടിക്കള്‍ക്ക്‌ വേണ്ടി 2 തുള്ളി കണ്ണുനീര്‍ പൊഴിച്ചതിനു, ദേ അവര്‍ വാലാട്ടി സ്നേഹം കാട്ടി. കൂടാതെ അങ്ങ്‌ ദില്ലിയില്‍ ഒരു അമ്മായി [മനേകാ ഗാന്ധി] ഒരു ഫോം കുഞ്ഞനയയ്ച്ചു തരും. അത്‌ ഒന്ന് തെറ്റില്ലാതെ എഴുതി ആദ്യം ക്ലബില്‍ ചേരുക. പിന്നീട്‌ നമ്മള്‍ക്ക്‌ ഗുമസ്തനാകാം.

പഴമ്പുരാണംസ്‌.

Kerala News said...

ഷിയോന്‍ ഷഞ്ചാഴി ഞാന്‍...
യേഷുവില്‍ ചാഴി ഞാന്‍...
അടിപൊളി...........
ഒരു കാലത്തു എല്ലാ അച്ചായന്മാരും ഇതുപോലെ പാട്ടു പൊളിച്ചെഴുതിയിട്ടുണ്ട്‌.
ബ്ലോഗ് അടിപൊളി..............

Niram Jubin said...

സംഭവം വായിച്ചെങ്കിലും കമന്റിടാതെ പോയത് ക്ഷമിച്ചാലും...ചിരിച്ച് ചിരിച്ച് വയറുവേദനിച്ചപ്പോള്‍ എഴുന്നേറ്റു പോയതാ....ഇത്തരം അച്ചായന്മാര്‍ ഇനി ഈ ലോകത്ത് ജന്മമെടുക്കുമോ ആവോ... കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ദൈവംതമ്പുരാന്‍ ഇത്തരക്കാരെ സൃഷ്ടിക്കാനുപയോഗിക്കുന്ന മൂശ തല്ലിപ്പൊട്ടിച്ചു കളഞ്ഞു എന്നാണു കേട്ടത്...

ബാജി ഓടംവേലി said...

:)