അമ്മയുടെ ഡ്രൈവിംഗ് പഠനവും ഇതര സംഭവങ്ങളും ഒരു പോസ്റ്റാക്കിയപ്പോള്‍, ഞാന്‍ പ്രതീക്ഷിച്ചതു പോലെ അമ്മയുടെ ഫോണ്‍ വന്നു. അമ്മയ്ക്ക് പരിഭവം. അപ്പയ്ക്ക് ആ കഥയില്‍ കുറച്ച് അനിഷ്ട സംഭവങ്ങള്‍ കൂടി ചേര്‍ക്കാഞ്ഞതിലെ വിഷമം. അവസാനം അമ്മ ഫോണ്‍ താത്തു വെയ്ക്കുന്നതിനു മുന്‍പ് എന്നോട് പറഞ്ഞു, എടാ നീ ഒരു വലിയ കഥ എഴുത്തുകാരന്...നീ മിടുക്കനാണെങ്കില്‍ പണ്ടത്തെ നമ്മുടെ മൈസൂര്‍ യാത്രയും, വെണ്ണിക്കുളം യാത്രയും നീ ഒരു പോസ്റ്റാക്കടായെന്ന്.... ഓഹ് പിന്നെ....മൈസൂര്‍ യാത്രയെ....ഉം ഉം മിക്കവാറും. ഞാന്‍ ആ യാത്രയേ പറ്റി ഓര്‍ക്കുന്നതേയില്ല. കാരണം ഞാന്‍ അന്ന് കേവലം ഒരു മുലകുടി മാറാത്ത ഒരു കുട്ടി, അമ്മയുടെ ഒക്കത്ത് മാത്രമിരിക്കുന്ന കുട്ടി... ഓഹ് നീ മറന്നാലും ഞാന്‍ അതു മറന്നിട്ടില്ല. അപ്പ അതു മറന്നിട്ടില്ല. അന്ന് നമ്മുടെ കൂടെ യാത്ര ചെയ്ത് ആരും അത് മറന്നിട്ടുണ്ടാകുകയുമില്ല. നീ മറന്നാല്‍ ഞാന്‍ അത് ഓര്‍പ്പിച്ചു തരാം. നീ അങ്ങ് എഴുത്... അമ്മ ആ സംഭവം റിവൈന്‍ഡ് ചെയ്തു പ്ലേ ചെയ്തു. പക്ഷെ ഞാന്‍ ആ കഥ എഴുതിയാല്‍ ചിലപ്പോള്‍ ഞാന്‍ എസ്ക്കോബാറിനെ [വേള്‍ഡ് കപ്പില്‍ സെല്‍ഫ് ഗോള്‍ അടിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന താരം] പോലെയായേക്കും. പക്ഷെ ഒരു കാര്യം എനിക്കുറപ്പുണ്ട്. ഈ കഥയില്‍ എന്റെ ഭാഗം എനിക്ക് നല്ല ഒരു വക്കീലിനെ വെച്ച് വാദിപ്പിച്ച് ജയിക്കാം. പ്രായപൂര്‍ത്തിയാകാത്ത, പറക്ക മുറ്റാത്ത ഒരു കുഞ്ഞ്, ഡയപ്പറിടാഞ്ഞതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലല്ലോ. അന്ന് സ്നഗ്ഗിയും, പാമ്പേഴ്സും ഒന്നും ഇല്ലാഞ്ഞത് എന്റെ കുറ്റമാണോ? പിന്നെ പണ്ട് കാലങ്ങളില്‍ മിക്ക പാലങ്ങളിലും ഭാരം ഇറക്കി പോവുക എന്നൊരു ബോര്‍ഡ് കാണാമായിരുന്നു. ഒരു പക്ഷെ അന്ന് ഞാനും ആ കുഞ്ഞു നാളില്‍ അത്തരം ഒരു ബോര്‍ഡ് അമ്മയുടെ ഒക്കത്തിരുന്ന് കണ്ട് മനസ്സില്ലാക്കിയതിനെ തുടര്‍ന്ന് 'ഭാരം ഇറക്കി വെച്ചതാണോ'യെന്ന് കൂടി ഈ ഉള്ളവനു സംശയം ഇല്ലാതില്ല. ആയതിനാല്‍ ഈ ചുമത്തിയ വലിയ കുറ്റത്തില്‍ നിന്നും ഞാന്‍ നിരപരാധിയാണെന്ന് സ്വയം പ്രഖ്യാപിച്ച് തലയൂരാന്‍ ഞാന്‍ അങ്ങ് തീരുമാനിച്ചു.
പിന്നെ വെണ്ണിക്കുളം യാത്ര...അത് വലിയ മാനക്കേടിന്റെ കഥയല്ല. ആയതിനാല്‍ അത് ഞാന്‍ ഒരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു...കാരണം- വിധുബാലാ… സ്റ്റില്‍ ഐ ലവ് യു.....
എനിക്ക് അന്ന് കൂടിയാല്‍ രണ്ടര വയസ്സ് പ്രായം. അമ്മയ്ക്ക് തനിയെ അമ്മ വീട്ടിലേക്ക് പോകാന്‍ പേടിയായതിനാല്‍ ബോഡി ഗാര്‍ഡായി ഈ രണ്ടര വയസ്സുകാരനെയും എടുത്ത് ഒരു ട്രാന്സ്പ്പോര്ട്ട് ബസ്സില്‍ സ്ഥാനം ഉറപ്പിച്ചു. കണ്ടക്ടര്‍ വന്നു. അമ്മ ടിക്കെറ്റെടുത്തു. അല്പം കഴിഞ്ഞ് എനിക്ക് ബോറടിച്ചപ്പോള്‍ ഞാന്‍ അമ്മയോട് പല ചോദ്യങ്ങളും ചോദിച്ച് ബുദ്ധിമുട്ടിച്ചു. [ബോറടിച്ചില്ലായെങ്കിലും എന്റെ നാക്ക് അടങ്ങി കിടക്കില്ല കേട്ടോ...] അവസാനം അമ്മയ്ക്ക് കണ്ടക്ടെര്‍ സാര്‍ കൊടുത്ത റ്റിക്കറ്റ് ഞാന്‍ കൈവശമാക്കി. അപ്പോള്‍ അമ്മ പറഞ്ഞു, റ്റിക്കറ്റ് കളയല്ലേ...സൂക്ഷിച്ച് വെക്കണേ... പിന്നെ അതായി എന്റെ സംശയം.. ഇത് എന്തിനു സൂക്ഷിച്ച് വെയ്ക്കണം? സൂക്ഷിച്ചില്ലെങ്കില്‍ എന്ത് പറ്റും? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം പാകത്തിനുള്ള ഉത്തരം അമ്മ പറഞ്ഞു തന്നു കൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ അമ്മ വീട്ടില്‍ എത്തി ചേര്‍ന്നു. അമ്മ വീട്ടില്‍ ചെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ എന്റെ മൂക്കൊലിക്കാന്‍ തുടങ്ങി. എന്റെ അമ്മയുടെ അമ്മായി ഒരു വലിയ ഹോമിയോപൊതി ഡോക്ടറാണു. ആയതിനാല്‍ എന്റെ ചെറുതും വലുതുമായ എല്ലാ രോഗങ്ങള്‍ക്കും ഉള്ള 'വിസ്വസ്ത സ്ഥാപനം'ആണു ഈ അമ്മയിയുടെ ഹോമിയോ പ്രയോഗം. മൂക്കില്‍ നിന്നും പ്രവാഹം കൂടിയതിനെ തുടര്‍ന്ന്, സൂസി ആന്റിയുടെ അടുത്ത് പോകാന്‍ ഉള്ള എന്റെ ആവശ്യം അമ്മയെ അറിയിച്ചു. പക്ഷെ അമ്മ അത് അത്ര കാര്യമാക്കിയില്ല. ഞങ്ങള്‍ തിരിച്ച് വീട്ടില്‍ വന്നു. അപ്പോഴും എന്റെ മൂക്ക് ഇംഗ്ലീഷ്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ റണ്‍ ചെയ്തു കൊണ്ടേയിരുന്നു -Running Nose. അമ്മ ചില ചില്ലറ പൊടികൈകള്‍ എന്നില്‍ പ്രയോഗിച്ചെങ്കിലും അതു എന്നില്‍ ഏശിയതേയില്ല. 2 ദിവസം കഴിഞ്ഞപ്പോള്‍, എനിക്ക് പനിയായി. ഒപ്പം മൂക്കിനും വായിക്കും വല്ലാത്ത നാറ്റവും. അങ്ങനെ അപ്പയും അമ്മയും കൂടി എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഡോക്ടര്‍ എന്നെ വിശദമായി പരിശോധിച്ചിട്ട്, സൈനസ്സയിറ്റിസ് ആണെന്ന് വിധി എഴുതി. പിന്നെ 2 കടലാസ് നിറയെ കുനു കുനെ മരുന്നും കുറിച്ച് തന്നു. ഈ മരുന്നും എനിക്ക് ഫലിച്ചില്ല. അങ്ങനെ എന്നെ ഒരു ഇ.എന്‍.റ്റി ഡോക്ടറെ തന്നെ കൊണ്ട് കാണിച്ചു. ഡോക്ടര്‍ നമ്മുടെ ശിക്കാരി ശംഭുവിനെ പോലെ തലയില്‍ വലിയ ലൈറ്റും ഒക്കെ ഫിറ്റ് ചെയ്ത് എന്റെ മൂക്കു വിശദമായി [മാസ്ക്ക് കെട്ടി] പരിശോധിച്ചു. [ഇപ്പ്പ്പോഴായിരുന്നെങ്കില്‍ ഡോക്ടര്‍, മൂക്കില്‍ പഞ്ഞി അത്തറില് മുക്കി വെച്ചേനെ.] ഒടുക്കം തന്റെ കൈയില്‍ ഇരുന്ന് ഒരു കൊടില് വെച്ച് എന്റെ മൂക്കില്‍ കുത്തി. ആ ഒറ്റ കുത്തില്‍ എന്റെ മൂക്കില്‍ നിന്നും കട്ട ചോര പുറത്തേക്കൊഴുകി. ആ ഡോക്ടര്‍ വേറെ ചില മരുന്നുകള്‍ കൂടി കുറിച്ചു. ഉംഹും എനിക്കു യാതൊരു കുറവുമില്ല. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, എന്റെ അടുത്ത് വരുമ്പോള്‍ ഇറച്ചിക്കടയില്‍ ഇറച്ചി ചീഞ്ഞ നാറ്റം. പെറ്റ അമ്മ സഹിക്കില്ല.. പിന്നെ വെറുതാക്കാരുടെ കാര്യം പറയണോ??? സ്വന്തം മകന് ചൊറിക്കുട്ടനാണെങ്കിലും, അവന് അപ്പനും, അമ്മയ്ക്കും മണിക്കുട്ടനാണല്ലോ...അങ്ങനെ ഈ മണിക്കുട്ടന്റെ smell സഹിച്ച് നമ്മുടെ ഹോമിയോ അമ്മായിയെ കാണിക്കാന്‍ കൊണ്ട് പോയി. അമ്മായി നോക്കിയിട്ട് 3 ചെറിയ പൊതികളിലായി ഹോമിയോപൊതി പൊതിഞ്ഞ് തന്നു. 2 ദിവസം മരുന്ന് കഴിച്ച ശേഷം അമ്മ എന്നെ വാഷ് ബെയ്സിന്റെ അടുത്ത് കൊണ്ട് പോയി...മൂക്ക് നന്നായി ചീറ്റാന്‍ പറഞ്ഞു. ഞാന്‍ ഒരു ഒന്ന് ഒന്നര ചീറ്റ് അങ്ങു ചീറ്റി. ആ ചീറ്റലില്‍ മൂക്കില്‍ നിന്ന് ഒരു കുഞ്ഞ് ബോള്‍ പോലെ എന്തോ ഒന്ന് തെറിച്ച് വാഷ്ബെയ്സനില്‍ വീണു. അമ്മയല്ലേ ആള്...ഉടന്‍ തന്നെ അത് കുത്തി പൊക്കി സമഗ്ര പരിശോധന നടത്തി. അത് എന്തായിരുന്നെന്നോ...തിരുവല്ല-വെണ്ണിക്കുളം ബസ് ടിക്കറ്റ്. അമ്മയുടെ കൈയില്‍ നിന്നും ആ ടിക്കറ്റ് വാങ്ങിച്ചപ്പോള്‍ അമ്മ പറഞ്ഞു..ടിക്കറ്റ് കളയല്ലേ..സൂക്ഷിച്ചു വെയ്ക്കണേയെന്ന്..അപ്പയുടെ കൂട്ട് ഷര്‍ട്ടിനു പോക്കറ്റില്ലാത്ത ഞാന്‍ അതങ്ങ് സൂക്ഷിച്ച് വെച്ചു...സ്വന്തം മൂക്കിലേക്ക്... ദൈവമേ, സ്വന്തമായി പോക്കറ്റില്ല്ലാത്ത എനിക്ക് ടിക്കറ്റ് സൂക്ഷിക്കാന്‍ ‘നവദ്വാരങ്ങള്‍’ തന്നതിനു നന്ദി. അമ്മ പറഞ്ഞതു അനുസരിച്ചതു കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അന്നാണു എനിക്കു മനസ്സിലായതു. ഈ ഒറ്റ യാത്ര കൊണ്ട് എന്റെ മനോഹരമായിരുന്ന മൂക്ക് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൂക്ക് പോലെ ആയി. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സ്സില്ലായില്ലേ ഞാന്‍ കുഞ്ഞിലെ മുതലെ അപ്പനും അമ്മയും പറയുന്നത് വള്ളി പുള്ളി വിടാതെ അനുസരിച്ചു നടക്കുന്ന നല്ല ഒരു പയ്യനാണെന്ന്..... ഇനിയെങ്കിലും നിങ്ങളും എന്നെ നോക്കി പഠിക്ക് മക്കളേ....
സത്യം പറയട്ടെ.... കാലം ഇത്രയും കഴിഞ്ഞിട്ടും, ബസ്സില്‍ കയറി ‘ടിക്കറ്റ് സൂക്ഷിക്കുക’ എന്ന ആ ബോര്‍ഡ് കാണുമ്പോള്‍ തന്നെ എന്റെ മൂക്കില്‍ എവിടെ നിന്നോ ഒരു ചീഞ്ഞ Smell അടിക്കും...അപ്പോള്‍ പിന്നെ അമ്മയുടെ കാര്യം എടുത്ത് പറയണോ....
ഈ കഥയിലെ ഹോമിയോ അമ്മായി ആണിതു..
Tuesday, 1 July 2008
Subscribe to:
Post Comments (Atom)
20 comments:
സംഭവം കൊള്ളാം, വേണ്ടാത്തതൊക്കെ അനുസരിക്കാന്‍ നല്ല വിരുതാണല്ലേ ? പഴിചാരാന്‍ മറ്റൊരു ചുവരുണ്ടങ്കില്....!
കടലാസു പഞ്ഞിയായി വരുകാരുന്നു, അമ്മായി രക്ഷ
ഡോക്ടര്‍ നമ്മുടെ ശിക്കാരി ശംഭുവിനെ പോലെ തലയില്‍ വലിയ ലൈറ്റും ഒക്കെ ഫിറ്റ് ചെയ്ത് എന്റെ മൂക്കുകള്‍ വിശദമായി [മാസ്ക്ക് കെട്ടി] പരിശോധിച്ചു.
ഹഹ..മൂക്കുകള്‍ ..ഹഹ..
ഹോ! മൂക്കിനകത്ത് ടിക്കറ്റ് സൂക്ഷിച്ചു വയ്ക്കുന്ന വിദ്യ ഇതാദ്യമായാണ് കേള്‍ക്കുന്നത്.
:)
കൊള്ളാം മാഷെ
ദൈവമേ, സ്വന്തമായി പോക്കറ്റില്ല്ലാത്ത എനിക്ക് ടിക്കറ്റ് സൂക്ഷിക്കാന്‍ ‘നവദ്വാരങ്ങള്‍’ തന്നതിനു നന്ദി...
ഇത് പണ്ട് എന്റെ അനിയന് മഞ്ചാടിക്കുരു സൂക്ഷിച്ചപ്പോ പറഞ്ഞ ഡയലോഗാണല്ലോ.....
അലക്കീട്ടുണ്ടച്ചായോ....
ഇപ്പോഴിക്കഥ ഒരു പോസ്റ്റായി. ഇനി എല്ലാ രണ്ടു വയസ്സുകാരും ഇതു വായിച്ചു വളര്‍ന്നാല്‍ എന്താവും? ഭഗവാനെ!
വായിച്ചിട്ട് നന്നായിരിക്കുന്നു.
ഇത് വായിച്ചു തനിയേ ചിരിച്ചുകൊണ്ടിരിക്കുന്ന എന്നെ നോക്കി, അതാ ആ ബഹറൈനി നാട്ടുകട്ട വീണ്ടും ചോദിക്കുന്നു........ “ r u still crazy?"
അനുസരണയോടെ നടന്നു എന്നതാണു ഞാന്‍ ചെയ്ത ഏറ്റവും വലിയ കുറ്റം. ഞാന്‍ നല്ല ഒരു പയ്യനാ.
പിന്നെ അരുണ്‍ കാട്ടി തന്ന ആ തെറ്റ്[മൂക്കുകള്‍] ഡീസെന്റായി തിരുത്തി. താങ്ക്സ്.
സ്നേഹപൂര്‍വ്വം,
പഴമ്പുരാണംസ്.
എന്റെ മോള് മൂക്കില്‍ പാവക്കാക്കുരു സൂക്ഷിച്ചു വെച്ചതാ എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്..അവളെ ഓപ്പറെഷന് തിയേറ്ററില്‍ കയറ്റി അതെടുത്തു കളയുന്നതു വരെ ഞാന്‍ അനുഭവിച്ച റ്റെന്ഷന് !!! ആ പാവക്ക കുരു ആ സംഭവത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..
നല്ല പോസ്റ്റ്.കുറെ ചിരിപ്പിച്ചു
ഹി..ഹി..ഹ..ഹ.. ഇതു കലക്കി മാഷേ....സൈനു ചേട്ടന്റെ കൂടെ അമ്മയ്ക്കും ഒരു "ഷേക്ക് ഹാന്‍ഡ്" . എസ്കോര്‍ട്ട് കൊണ്ടുപോയ ഒരു വിത്ത് !!! ഭാഗ്യം,ആ ബസ്സ് വലിച്ചു മൂക്കില്‍ കേറ്റാതിരുന്നത് !!!!
ആ ഹോമിയോപതി അമ്മായി ഇപ്പോഴും ഉണ്ടോ മാഷേ?
നല്ല പോസ്റ്റ്..
നല്ല പോസ്റ്റ്...
ബസ് ടിക്കറ്റ് മൂക്കിലും സൂക്ഷിക്കാമെന്ന് ഇത് വായിച്ചപ്പോള്‍ മനസ്സിലായി.....
:)
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി...ഒരുപാട് പേര് ഈ ലോക്കറ് ഉപയോഗിച്ചിട്ടുണ്ട്. എന്റെയൊരു അനന്തിരവള്‍ ചെയ്തത് ഇതുപോലെയൊരു കടുംകൈ ആയിരുന്നു. മൂന്നു രൂപയുടെ ഒരു മുത്തുമാലയിലെ ഏതാണ്ട് എല്ലാ മണികളും മൂക്കില്‍ തിരുകിക്കയറ്റി; അതിനു മൂവായിരം രൂപയുടെ ചെലവൂണ്ടാക്കി വെച്ചു.
ഏതായാലും സെനുച്ചായന്‍ വീണ്ടും കസറുന്നു...
Go Ahead
:-)
നവദ്വാരങ്ങളില്‍ മൂക്കു മാത്രമല്ലെ ഉപയോഗിച്ചുള്ളു. ഇത്രയെങ്കിലുമേ സംഭവിച്ചുള്ളു എന്നങ്ങു ആശ്വസിക്കാം , അല്ലേ?
പണ്ട് പുളിങ്കുരു മൂക്കില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ബസ്സ് ടിക്കറ്റും അങ്ങനെ സൂക്ഷിക്കാം അല്ലേ,,
മാഷെ,
കൊള്ളാം.
:)
കൊട് കൈ. കാന്താരിക്കുട്ടിക്ക് എത്ര രൂപാ ചെലവായി എന്ന് എഴുതിയിട്ടില്ല. ജൂബിന്‍ അത് തുറന്ന് പറണ്ജിട്ടുണ്ട്. സബാഷ്. എനിക്ക് രണ്ട് അനുഭവം ഉണ്ട്. മക്കളുടെ ഭാഗത്ത് നിന്നാ രണ്ടും. മൂത്തയാള്‍ ചെയ്തത് പിന്നെ പറയാം. രണ്ടാന്മത്തേതാദ്യം. രണ്ടാമത്തവള്‍ ഒരു രൂപയുടെ ഒരു നാണയം സൂക്ഷിച്ച് വച്ചത് വായിലായിരുന്നു. കുറച്ചൂടെ സേഫായിക്കൊള്ളട്ടെ എന്ന് വിചാരിച്ചാവും തൊണ്ടയിലേക്കതാഴ്ത്തി. പിന്നെ കണ്ണും മിഴിച്ചങനെ നില്‍പ്പായി. പണ്ടാരടങ്ങാന്‍ അന്ന് ഇ.എന്‍.ടി ക്കാരുടെ ഏതോ സംസ്ഥാനതല കോണ്‍ഫ്രന്‍സ് നടക്കുകയായിരുന്നു. മാവേലിക്കരയിലും തിരുവല്ലയിലും ഒരൊറ്റ ഇ.എന്‍.റ്റിക്കാരനില്ല. ഉള്ള ചില കക്ഷികള്‍ക്കാണെങ്കില്‍ നാക്ക് കുഴയാതെ ഒരക്ഷരം മിണ്ടാനും പറ്റുന്നില്ല. ഏതോ മുന്തിയ കമ്പനിയാണെന്ന് തോന്നുന്നു കോണ്‍ഫ്രന്‍സിനു ഭക്ഷണം ഏര്‍പ്പാടാക്കിയത്. നേരേ കോട്ടയത്തേക്ക് വച്ചുപിടിച്ചു. വഴിയില്‍ ഒന്ന് രണ്ട് മുന്തിയ ആശുപത്രികളില്‍ കയറി നോക്കി. അതില്‍ ഒരു വിദ്വാന് പറഞ്ഞത് കേട്ടപ്പോള്‍ ആധിയോടെ ഇരിക്കുകയായിരുന്നെങ്കിലും ചിരിച്ച് പോയി. “കുട്ടിയെ അഡ്മിറ്റ് ചെയ്യ്. നാളെ നോക്കാം”. കുട്ടി ഏതാണ്ട് ശ്വാസതടസ്സത്തിന്റെ വക്കിലെത്തി നിക്കുമ്പോഴാണു ഇതെന്ന് ഓര്‍ക്കണം. മറ്റു ചില ആശുപത്രികളില്‍ ഡോക്ടറുണ്ട്. പക്ഷെ കുട്ടി ഡോക്ടറല്ല. കുട്ടിയായതു കൊണ്ട് കുട്ടി ഡോക്ടറ് വേണം പോലും. പുഷ്പഗിരീലും പറ്റുകേലാന്ന് പറഞ്ഞപ്പോള്‍ നമ്മുടെ ഡ്രൈവന് പറഞ്ഞു സായിപ്പിന്റെ ആശുപത്രിയില്‍ ഒന്ന് നോക്കിയാലോ? ഭാഗ്യം! അവിടെ കുട്ടി ഡോക്ടറും ഇ.എന്‍.ടിയുമില്ല. പക്ഷെ മനുഷ്യത്തമുള്ള ചെറുപ്പക്കാരനായ ഒരു ഡോക്ടറ് ഉണ്ടായിരുന്നു. അദ്ദേഹം, പറഞ്ഞു, ഭയപ്പെടാനൊന്നുമില്ല. ഞാന്‍ ഒന്നു നോക്കട്ടെ...നോക്കി. ഒരു രൂപാ പുരത്ത്. അപ്പോ ഒരു കാര്യം മനസിലായി. മനുഷ്യപ്പറ്റാണു കാര്യം. ഡിഗ്രിയൊന്നുമല്ല. ഈ വകേല് ചെലവ് 3800. രണ്ടാമത്തെ സംഭവം മൂത്തയാളുടെ വക സംഭാവനയാണു. സേനുവിന്റെ ആ പഴയ പ്രായം. കപ്പലണ്ടിയാണു വില്ലന്‍. മൂക്കിലിരുന്ന് അവന് കുതിരാന്‍ തുടങ്ങി. വറത്തതായിരുന്നതുകൊണ്ട് മുളച്ചില്ലെന്ന് മാത്രം. ഇ.എന്‍.ടിയെ വിളിച്ച് ബുക്ക് ചെയ്തു. കപ്പലണ്ടിയല്ലെ ഉച്ചയ്ക്ക് ശേഷം ചെന്നാല്‍ മതിയെന്ന് പറഞ്ഞും. ഉച്ചയായി. മൂന്ന് മണിയാകാന്‍ നോക്കിയീരുപ്പായി. പോകാനുള്ള ഓട്ടോ വന്നു. മുറ്റത്ത് വന്ന് അവന് ഒന്ന് വട്ടം കറക്കി നിര്‍ത്തി. ച്ഛുക്ക്..ച്ഛിക്ക്...എന്ന് പറഞ്ഞു സംഗതി ഒരു കവിള് പുക പുറത്തേക്ക് തുപ്പി. കൃത്യമായും അത് മൂക്കില്‍ കപ്പലണ്ടിയുമായി ഇരിക്കുന്ന വിദ്വാന്റെ മുഖത്തേക്കായിരുന്നു. ഹാ...ശ്,,,ച്ഛി...ദാ കിടക്കുന്നു കുതിര്‍ന്ന് വീര്‍ത്ത കപ്പലണ്ടി ഒന്ന്. ചെലവ് ആട്ടോയുടെ മിനിമം കൂലി. അന്ന് രൂ.5.
hmmmm
kollam...
onnu aanjupidicharunnengil oru scientist aavan chance undarunnene..
കാന്താരിക്കുട്ടി said...
എന്റെ മോള് മൂക്കില്‍ പാവക്കാക്കുരു സൂക്ഷിച്ചു വെച്ചതാ എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്..അവളെ ഓപ്പറെഷന് തിയേറ്ററില്‍ കയറ്റി അതെടുത്തു കളയുന്നതു വരെ ഞാന്‍ അനുഭവിച്ച റ്റെന്ഷന് !!! ആ പാവക്ക കുരു ആ സംഭവത്തിന്റെ ഓര്‍മ്മക്കായി ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..
---------------------------------
അതൊന്നു നട്ട് നോക്കാരുന്നു..ഇത്രയും കാലം ആയപ്പോഴെങ്കിലും
എല്ലാവരും..എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചു വച്ചിരുന്നെയെന്നു ഞാന്‍ അത്ഭുതപ്പെടുവാണ്.
ബസ്സ് ടിക്കറ്റ്, പാവയ്ക്കാ കുരു..പിന്നെ പുളുങ്കുരു...ഇനിയും ഏറെ അനുഭവങ്ങള്‍ മറുപടിയായ് വരും എന്നു കരുതാം..
സേനുവിനു അഭിനന്ദനങ്ങള്‍ അറിയിയ്ക്ക്കുന്നു കെട്ടോ
Post a Comment