Thursday, 30 August 2007

പുത്ര മാഹാത്മ്യം

പഴമ്പുരാണത്തില്‍ നിന്നും അല്‍പം മാറി ഇതാ ഈ ലക്കം ഒരു പുതിയ പുരാണം.

അങ്ങനെ ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞും 04/08/07 മുതല്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. ചേച്ചി നേരത്തെ സ്കൂളില്‍ പോകുന്നതു കാണുമ്പോള്‍ അവനും അതു പോലെ സ്കൂളില്‍ പോകണമെന്നു പറഞ്ഞു വഴക്കായിരുന്നു. ആദ്യ 1-2 ദിവസം 'എ,ബി,സി,ഡി' ബാ, ബാ ബ്ലാക്ക്‌ ഷീപ്പും, സ്കൂള്‍ വിശേഷങ്ങളും വായ പൂട്ടാതെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം സ്കൂളില്‍ നിന്നും വന്ന് ഭക്ഷണവും കഴിഞ്ഞു ചേച്ചിയും അവനും കൂടെ കിച്ചന്‍ സെറ്റുമെടുത്ത്‌ കളിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ എന്റെ ഗ്രഹപ്പിഴയ്ക്ക്‌ അവനോട്‌ പോയി കിടന്നുറങ്ങാന്‍ പറഞ്ഞു. അപ്പോള്‍ അവന്റെ സത്യസന്ധമായ മറുപടി കേട്ട്‌ ഞങ്ങള്‍ ചിരിച്ചു. അവന്‍ പറഞ്ഞതു- മോനോ ഇന്നു ക്ലാസ്സില്‍ കിടന്ന് ഉറങ്ങിയപ്പാ...ഇപ്പോ, മോനോയ്ക്ക്‌ ‘ചീണം’ ഇല്ലപ്പാ..
ഏതായാലും പഠനത്തോടൊപ്പം എഴുത്തും തുടങ്ങിയതോടെ അവന്റെയും ഞങ്ങളുടെയും ശനിദശ തുടങ്ങി. നേര്‍ വര, ഇടത്തേക്കും വലത്തേക്കും ചരിഞ്ഞ വരകള്‍ ഒക്കെ ക്ലാസ്സില്‍ പഠിപ്പിച്ചു. പക്ഷെ ആ വരകള്‍ എല്ലാം അവന്റെ ബുക്കില്‍ ഒരു പോലെ തന്നെ കിടന്നു. ഭാര്യ അതു കണ്ട്‌ അവനെ ഈ വരകള്‍ പഠിപ്പിക്കാന്‍ ഒരു പാഴ്‌ ശ്രമം നടത്തി. അവനു ഉറക്കം വരുന്നുവെന്നു പറഞ്ഞു അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കാണിച്ചു ഉറങ്ങാന്‍ പോയി കിടന്നു. ഉറങ്ങി എഴുന്നേറ്റ്‌, പാലും കുടിച്ച ശേഷം അവന്‍ സൈക്കിള്‍ എടുത്തപ്പോള്‍, ഭാര്യ വീണ്ടും വിളിച്ചു പറഞ്ഞു, 'മോനെ പഠിക്കാന്‍ വാടാ...' സൈക്കള്‍ കളിച്ചിട്ടു പഠിക്കാം എന്നായിരുന്നു അവന്റെ പ്രതികരണം. അല്‍പം കഴിഞ്ഞു ഒരു വീഴ്ചയുടെ ശബ്ദം കേട്ട്‌ ശ്രീമതി വിളിച്ച്‌ ചോദിച്ചു- മോനോ, എന്തവാടാ ഒരു ശബ്ദം കേട്ടത്‌? അതോ, സൈക്കിളില്‍ നിന്നും മോനോയുടെ ചന്തി താഴെ വീണതാ... [ഉരുണ്ടു വീണുവെന്ന് പറഞ്ഞതാ]ഏതായാലും ആ വീഴ്ചയോടെ അവന്‍ പഠിക്കാന്‍ തന്നെ അങ്ങ്‌ തീരുമാനിച്ചു. അവന്‍ സൈക്കിള്‍ കൊണ്ടു വെച്ച ശേഷം അമ്മയുടെ അടുത്ത്‌ അനുസരണയോടെ ചെന്നു. ഭാര്യ അവനെ വരകള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കഷ്ടി ഒരു പേജ്‌ അവന്‍ എഴുതി കാണും, അതിനു ശേഷം ആശാന്‍ ബുക്ക്‌ മടക്കി അടുക്കളയില്‍ ചെന്ന് മുഖം വക്രിപ്പിച്ച്‌ അമ്മയോടു അല്‍പം സീരിയസ്സ്‌ ആയി പറഞ്ഞു :- ഞാന്‍ സ്കൂളില്‍ പോകുന്നില്ലാ, എനിക്ക്‌ ഇനിയും പഠിക്കേണ്ടാ. ഭാര്യക്കു അവന്റെ പറച്ചില്‍ കേട്ടു ചിരി വന്നുവെങ്കിലും, മുഖത്തു ദേഷ്യം കാട്ടി അവനോടു ചോദിച്ചു :- പഠിക്കാതെ നീ എന്തു ചെയ്യാന്‍ പോവുകയാ???

മറുപടിയും വളരെ പെട്ടന്നായിരുന്നു... ഞാന്‍ സുരേഷ്‌ അങ്കിളിന്റെ കൂടെ പോകും. ഇതു കേട്ടതും എന്റെ ഭാര്യ പൊട്ടിചിരിച്ചു കൊണ്ടു എന്നെ വിളിച്ചു പറഞ്ഞു, നമ്മള്‍ ഇവനു ആരോണ്‍ എന്ന് പേരിട്ടതു വെറുതെയാ... ഇവനു പറ്റിയ പേരു ബാര്‍ബറാ സെനു എന്നായിരുന്നു. അതെങ്ങനാ മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുക്കുമോ??

ഇനി എന്റെ ഭാര്യയോടു അല്‍പം സ്വകാര്യം. ബാര്‍ബറാ ബുഷ്‌ ബാര്‍ബറും അല്ല. എലിസബേത്ത്‌ ടയ്‌ലര്‍ തയ്യല്‍ക്കാരിയുമല്ല. .അവരാരും ഇതു കേള്‍ക്കുകയും വേണ്ട.. എന്റെ ഭാര്യ, ഇനി മുതല്‍ ഏഷ്യാനെറ്റില്‍ മുന്‍ഷി കാണുകയും വേണ്ട. ഒടുക്കത്തെ കുറച്ച്‌ പഴഞ്ചൊല്ലുകളേ!!!
ഈശ്വരാാ.. മോനു നല്ല ബുദ്ധി കൊടുക്കണേ.... മിച്ചമുണ്ടെങ്കില്‍ എന്റെ ഭാര്യയ്ക്കും..

ഇനി കുറച്ച്‌ ആരോണ്‍ തമാശകള്‍.

* വീട്ടിലെ റ്റാങ്കിലെ വെള്ളം തീര്‍ന്നു. പിന്നെ വെള്ളം വന്ന് കഴിഞ്ഞ്‌ മോന്‍, വാഷ്ബേസിന്റെ ടാപ്പ്‌ തുറന്നു. അപ്പോള്‍ അതില്‍ നിന്നും പൊട്ടലും ചീറ്റലും ആണു പുറത്ത്‌ വന്നത്‌. അപ്പോള്‍ മോന്‍ അവിടുന്ന് ഓടി വന്ന് എന്റെ അടുത്ത്‌ പറഞ്ഞു:- അപ്പാ ബാത്ത്‌ റൂമിലെ റ്റാപ്പ്‌ മോനോയോട്‌ പറയുകയാ പോടാ, പോടാന്ന്....

* ഞങ്ങള്‍ വൈകിട്ട്‌ ഒന്ന് നടക്കാനിറങ്ങി. അപ്പോള്‍ ഒരു കാക്കയെ ചൂണ്ടി കാട്ടി, മോള്‍ എന്നോട്‌ ചോദിച്ചു:- അപ്പ, അപ്പാ, ആ കാക്ക എന്താണു തിന്നുന്നത്‌? അപ്പോള്‍ മൊന്റെ മറുപടി:- ചേച്ചി, ആ കാക്ക ചൂയിംഗം തിന്നുകയാ. കണ്ടില്ലേ അതു ചവയ്ക്കുന്നത്‌.

* ഒരിക്കല്‍ ലുലുവില്‍ വെച്ചു ഞാന്‍ ഒരു ഓര്‍ബിറ്റ്‌ ചൂയിംഗം എടുത്തു. അത്‌ അവന്റെ കണ്ണില്‍ പെട്ടു. അവന്‍ എന്നെ അതു അവിടെ തിരിച്ചു വെയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ട്‌ അവന്‍ എന്നോട്‌ പറഞ്ഞു:- അപ്പ, അതു പശു തിന്നുന്നതാ.. [റ്റി.വി പരസ്യം കണ്ടാണു അവന്‍ ഈ കാര്യം മനസ്സിലായത്‌]

* ഒരു ദിവസം ഞാനും, മോനും കവലയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഒരു സുഹ്രുത്ത്‌ വന്ന് അവനെ എടുത്ത്‌ ഇക്കിള്‍ ഇട്ട്‌ അവന്റെ ചന്തിക്ക്‌ ഒരു പിച്ചും പിച്ചി. ഉടനെ അവന്‍ എന്നോട്‌ പരാതി പറഞ്ഞു- ഈ അങ്കിള്‍ എന്റെ ചന്തിക്ക്‌ പിച്ചി അപ്പാ. ഞാന്‍ പറഞ്ഞു, പോട്ട്‌.. അങ്കിള്‍ സ്നേഹം കൊണ്ടല്ലേ നിന്നെ പിച്ചിയത്‌. ഉടനെ അവന്‍...അല്ല അപ്പാ അങ്കിള്‍ കൈ കൊണ്ടാ പിച്ചിയത്‌.

10 comments:

സഹയാത്രികന്‍ said...

ആരോണ്‍ മോന്‍ കലക്കട്ടെ... ആശംസകള്‍

Anonymous said...

All the best for Barbara Senu, sorry, Aaron

Anonymous said...

kathha koLLaam

Anonymous said...

senu ithu njaan thanne. kathha koLLaam ---santhOsh

ബാജി ഓടംവേലി said...

കലക്കിയിട്ടിണ്ട്‌
തുടരുക

Anonymous said...

ഇവന്‍ അപ്പന്റെ മോന്‍ തന്നെ. ഭാര്യ പറഞ്ഞത്‌ സത്യം. മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ?

Anonymous said...

R u following K.Karunakaran. Moneyum Blogilekku kondu veran plan undo? Appante Pazhamburanavum, Monte Puthupuranavum pratheekshikkammo???

Adv.Sabu Thomas said...

പുത്ര മാഹാത്മ്യം മനോഹരം!

Anonymous said...

Kollam. Monum baaviyundu

Anonymous said...

alpam vayeki anengilum. enike senuchayente pazhampuranam blogs eppozhum , fresh n full aye vayekenam enne nirbhandham aa.

monute karyam kettapol, enike kaananum ariyanum pattanje Senu inte balyam poole thonni poova!!
like father like son!!Leshavum samshyam illa...

Benoy