Tuesday 29 March 2016

പ്രേം നസീറിന്റെ ഒരു കത്ത്..

മിനിമോൾ വന്നപ്പോൾ മുതൽ ഒരു ഉത്സവ പ്രതീതിയാണു..അവളുടെ കലപില സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയുകേയില്ല. അവൾ വന്നതിൽ പിന്നെ നാട്ടിലെ ചിന്തകളും ഒക്കെ കൂടി ഉറക്കവും കുറഞ്ഞു.

രാത്രിയിലെപ്പോഴാണു ഉറങ്ങിയതെന്ന് അറിയില്ല. പക്ഷെ നല്ല ഉറക്കത്തിനിടയിൽ ആരുടെയോ അലാറം മുഴങ്ങുന്നതു കേട്ടാണ് ഞെട്ടിയുണർന്നത്. കിടക്കയിൽ ഉറക്കച്ചടവോടെ അങ്ങനെ തന്നെ കുറച്ചു നേരം കൂടി കിടന്നു. അപ്പോഴാണതു അലാറം അല്ല... ആരോ വിരുന്നുകാർ വന്നതാണെന്ന് മനസ്സിലായത്.. "ങ്യാഹഹ, ങ്യാഹഹ" എന്ന അവന്റെ ചിരിയാണ് തന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചതെന്ന് ഓർത്തപ്പോൾ തന്നെ അവനോടു അല്പം നീരസം തോന്നി.. പക്ഷെ ആ ചിരിക്കിടയിലും, മിനിമോളുടെ കിലു കില് സ്വരവും, ചിരിയും കേൾക്കാം .

ഞാൻ എഴുന്നേറ്റു തിണ്ണയിൽ ചെന്ന്, ഒന്ന് മുരടനക്കിയതും, അയ്യോ നസീർ സാർ

എന്ന് പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്ന് , കാലിൽ തൊട്ടനുഗ്രഹം വാങ്ങി.. മിനിമോൾ പറഞ്ഞു- ഇത് ഞങ്ങളുടെ കറുത്ത മുത്ത്- കലാഭവൻ മണി.. നാട്ടുകാരുടെ മണി ചേട്ടൻ... നാടൻ പാട്ടുകളുടെ തമ്പ്രാൻ. ങും അതൊക്കെ കൊള്ളാം. പക്ഷെ തന്റെ ഒരു ചിരി.. അത് രാവിലെ എന്റെ ഉറക്കം കളഞ്ഞു.. അയ്യോ സോറി സാറെന്ന് പറഞ്ഞ് മണി അല്പം വിനയാന്വിതനായി. ഉടനെ മിനിമോൾ പറഞ്ഞു ... അയ്യോ സാർ....ഈ ചിരി കേരളത്തിൽ ഒരു തരംഗമായിരുന്നു.. ഈ ചിരിയാണ് മണിയെ മണിയാക്കിയതും.

അപ്പോഴേയ്ക്കും, സത്യൻ, ബഹദൂർ, ഉമ്മർ, മുരളി, ജോസ് പ്രകാശ്, ശ്രിനാഥ്, ആഗസ്റ്റിൻ, ബാലൻ കെ. നായർ, ഗോപി, സുകുമാരി കുതിരവട്ടം പപ്പു, ശ്രീവിദ്യ എല്ലാവരും വന്നു. പരിചയപ്പെടലും, സ്നേഹം പുതുക്കലും ഒക്കെ കഴിഞ്ഞപ്പോഴാണ്, രാവിലത്തെ പുഷപ്സും, ജോഗിംഗും ഒക്കെ കഴിഞ്ഞു ജയൻ വന്നു കയറിയത്.. ജയനെ കണ്ടതും മണി ഓടി ചെന്ന് പരിചയപ്പെടുകയും, ശരപഞ്ചരത്തിൽ കണ്ട് കൊതി തീരാത്ത ആ മസിലിൽ ഒക്കെ ഒന്ന് തൊട്ട് നിർവൃതി അടയുകയും ചെയ്തു..

അല്പം കഴിഞ്ഞു മണി പോയി, മിനിമോളോട് സ്വകാര്യമായി എന്തോ ചോദിച്ചു.. ചോദിച്ചു തീർന്നതും, മിനിമോൾ അലറി കൊണ്ടു സ്മിത ചേച്ചിയെ കാണാൻ ദേ ഒരാൾ എന്ന് പറഞ്ഞതും ഒരു പോലെയായിരുന്നു.. അതോടെ സാക്ഷാൽ സിൽക്ക് സ്മിതയും വന്നു...

ഒന്ന് രണ്ട് ദിവസം കൊണ്ട് മണി അവിടെ താരമായി.. ഒരു ദിവസം മണി ഒരു പുതിയ ഐഡിയായുമായി വന്നു.. ഏതായാലും നമ്മുടെ ആളുകൾ ഇത്രയും പേരിവിടെയുണ്ട്.. നമ്മൾക്ക് എന്ത് കൊണ്ട് അമ്മയുടെ ഒരു ചാപ്റ്റർ ഇവിടെ തുടങ്ങി കൂടാ.. അങ്ങനെ അമ്മയുടെ ചാപ്റ്റർ ആരംഭിച്ചു.. എന്നെ എല്ലാവരും പ്രസിഡന്റാക്കി.. പിന്നെ വൈസ് പ്രസിഡന്റായി ഭരത് ഗോപിയും, സെക്രട്ടറിയായി ജയനും, ട്രഷറരായി സുകുമാരിയെയും തെരഞ്ഞെടുത്തു.. നാട്ടിലുള്ളത് പോലെ കൈനീട്ടം എന്നൊരു പരിപാടി തുടങ്ങണമെന്നാശയം മിനിമോൾ തന്നെയാണു വെച്ചതു.. സ്വർഗ്ഗത്തിൽ അമ്മയുടെ നേതൃത്വത്തിൽ മരങ്ങൾ വെച്ചു പിടിപ്പികണമെന്ന് ഞാൻ പറഞ്ഞപ്പോൾ, മരം ചുറ്റി ഇവിടെയും പ്രേമിക്കാനാണോയെന്ന് ചോദിച്ചു മിനിമോൾ കളിയാക്കി.. മണ്ടി പെണ്ണ്... മരം ഒരു വരമാണെന്ന് അവൾക്കിത്രയും ആയിട്ട് അറിയത്തില്ലേ...

കൈനീട്ടം പരിപാടി തികച്ചും വ്യത്യസ്തമായ ഒരു ആശയമായി തോന്നി.. ആറു മാസത്തിലൊരിക്കൽ നറുക്കെടുത്ത്, വിജയിക്ക് ആറുമാസക്കാലം നാട്ടിൽ പോയി അടിച്ചു പൊളിക്കാം.. നമ്മൾക് ഇഷ്ടമുള്ള ആളുകളുടെ ശരീരത്തിൽ ആത്മാവായി കയറാം. എല്ലാവർക്കും ഐഡിയാ ഇഷ്ടപ്പെട്ടു. ശബ്ദ വോട്ടോടെ ഐഡിയാ തെരഞ്ഞെടുത്തതോടെ ദൈവത്തിനു ഇത് തള്ളി കളയാനും ആയില്ല. അങ്ങനെ ആദ്യത്തെ നറുക്കെടുപ്പ് നടന്നു.. ആദ്യ വിജയിയെ സത്യനാണ് പ്രഖ്യാപിച്ചത്. ജോസ് പ്രകാശായിരുന്നു ആ ഭാഗ്യവാൻ.

നാട്ടിലേക്കു പോകാനുള്ള നല്ല സമയം നോക്കാൻ തിലകൻ, വേഗം പോയി മനോരമ കലണ്ടർ കൊണ്ടു വന്നു.. (പാവം ഗൃഹ പ്രവേശം, കല്യാണം, ആഘോഷം എന്തുമാകാട്ടെ, കലണ്ടർ മനോരമ തന്നെയെന്നു പറഞ്ഞാണ് എപ്പോഴും തിലകൻ നടക്കുന്നത്.. ) അങ്ങനെ നാട്ടിലേക്കു പോകാൻ നല്ലൊരു സമയവും കുറിച്ചു. ജോസ് പ്രകാശിന്റെ നാട്ടിൽ പോക്കിന് വേണ്ട പാക്കിങ്ങിനു എല്ലാരും സഹായിച്ചു..

അങ്ങനെ ജോസ് പ്രകാശ് നാട്ടിലേക്ക്.. ജോസ് പ്രകാശിനെ എയർപോർട്ടിൽ കയറി വിട്ടിട്ടു, രതീഷ് തിരിച്ചു വന്നു.. നാട്ടിൽ കഷ്ടാനുഭവ ആഴ്ച്ചയുടെ നാളായതു കൊണ്ടും, ബാറുകൾ പൂട്ടിയതു കൊണ്ടും ജോസ് പ്രകാശിനു പഴയത് പോലെ ഒന്നും അടിച്ചു പൊളിക്കാൻ പറ്റിലായെന്ന് എല്ലാവരും പറഞ്ഞ് ആശ്വസിച്ചപ്പോൾ പാടിയിലെ നമ്മുടെ പിള്ളേരു നല്ല വാറ്റു ഉണ്ടാക്കുമെന്ന് മണി പറഞ്ഞപ്പോൾ, രാജൻ പി. ദേവ് അരിശം പൂണ്ടു.. വാറ്റ് അത് കാരണം ഞങ്ങളുടെ എത്ര ബാറുകളാ നഷ്ടത്തിലായതെന്ന് അറിയുമോ നിനക്കെന്ന് ചോദിച്ചു മണിയെ അടിക്കാനൊരുങ്ങി..

പിറ്റേന്ന് നേരം പുലർന്ന്, മിനി മോൾ വാതിൽ തുറന്നതും, പാക്കിസ്ഥാൻ വിട്ട മിസൈല് കണക്കെ, ഉമ്മറത്ത് വളഞ്ഞു കൂടി കിടക്കുന്ന ജോസ് പ്രകാശിനെ കണ്ടു ഞെട്ടി.. എയർ ഇന്ത്യക്കാണോ ഇവിടുന്നും നാട്ടിലേക്ക് ടിക്കറ്റെന്ന് ചോദിച്ചതിനു ജോസ് പ്രകാശ് കണ്ണു തിരുമ്മി, ഉറക്ക ചടവോടെ പറഞ്ഞു- ഓ ഞാൻ അങ്ങോട്ടേക്കില്ല. എന്റെ അതേ പേരുള്ളവൻ കാണിച്ച വൃത്തിക്കേടു കണ്ടോ...http://www.mangalam.com/print-edition/crime/418389
എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റയാക്കുകയാ വേണ്ടത്... കുഞ്ഞുങ്ങളെയും, മോന്റെ ഭാര്യയാകാൻ പോകുന്നവരെയും ഒക്കെ പീഡിപ്പിക്കുന്ന കുറെ ജോസന്മാർ..

(നിങ്ങൾ "കല്പന" എന്ന് വിളിക്കുന്ന കുട്ടിയെ ഞാൻ മിനി മോൾ എന്നാണു വിളിക്കുന്നത് )





3 comments:

ajith said...

എല്ലാരും സ്വർഗത്തിൽ തന്നെയാണെന്ന് ഉറപ്പാണല്ലോ അല്ലേ. ഹഹഹ

പിരിക്കുട്ടി said...

BLOGGIL UNDALLO GOOD ..........

Third Eye Movie Reviews said...

Good.. .