Saturday, 23 May 2015

ഉമ്മനും, ചാന്തുപൊട്ടും.

ഇന്നലെ രാത്രിയിൽ ഉറക്കം വന്നതേയില്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ ആ രൂപം മാത്രം മനസ്സിൽ. എന്റെ പ്രിയ സുഹൃത്ത്, കാനഡയിലെ, ലണ്ടനിൽ പോയപ്പോൾ, അത് വഴി ആരും തിരിഞ്ഞു നോക്കാനില്ലാതെ, ആൾക്കൂട്ടങ്ങൾ ഒന്നും ഇല്ലാതെ ഉമ്മൻ ചാണ്ടി(യെ) പോലൊരാൾ നടന്നു വരുന്നത് കണ്ടു. അങ്ങനെ ആ അപരന്റെ ഫോട്ടോ, ക്യാമറയിൽ പകർത്തി. പടങ്ങൾ ഭാര്യയേയും, മക്കളെയും കാട്ടി. അത് പാന്റിട്ട ഉമ്മൻ ചാണ്ടി തന്നെ എന്ന് അവരും പറഞ്ഞപ്പോൾ, ഫേസ്ബുക്കിൽ പോസ്റ്റി. സംഭവം "അതി വേഗം, ബഹുദൂരം കണക്കെ" ഹിറ്റായി. ഒടുവിൽ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ചില പത്രങ്ങളുമൊക്കെ ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. സത്യത്തിൽ ഇതാണ് എന്റെ ഉറക്കം കളഞ്ഞ സംഭവം. വിനോദും ഞാനും നല്ല സ്നേഹിതരാണെങ്കിലും, എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ കുശുമ്പ് ബാറ്റിങ് തുടങ്ങി.


നേരം വെളുത്ത ഉടനെ ഫേസ് ബുക്ക് തുറന്നപ്പോൾ ഈ ഫോട്ടോയ്ക്ക് നാനൂറിലേറെ ഷെയർ. മനോരമ ഓൺലൈനിൽ ഇതിന്റെ വാർത്തയ്ക്കാകട്ടെ പതിനായിരത്തിലേറെ ലൈക്, നാലായിരത്തോളം ഷെയർ.

ഏതായാലും ഞാനും ഇന്ന് മുതൽ പരിസരം സസൂക്ഷമം വീക്ഷിച്ചു നടക്കാനും, ക്യാമറ സത്വരഫോട്ടോ പിടിക്കാനും തയ്യാറാക്കി വെച്ചു. ജോലിക്കു പോകാൻ കയറിയ ബസ്സിലെ സകലമാന അണ്ണന്മാരെയും, അണ്ണിമാരെയും പതിവിലും കൂടുതലായി വായ് നോക്കി. ഉമ്മൻ ചാണ്ടി പോയിട്ട്, ചാണ്ടി ഉമ്മന്റെയോ, സരിതയുടെയോ പോലും ഛായ ഉള്ള ഒറ്റ ഒന്നിനെയും കണ്ടില്ല.


രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ കയറി, കിട്ടിയ സീറ്റിൽ ഇരുന്ന് രാവിലത്തേതിന്റെ ബാക്കി "ഛായഗ്രഹണം" തുടങ്ങി. അപ്പോഴാണ്‌ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഫിലിപ്പിനോ പയ്യനെ കണ്ടത്. പണ്ടേ ഏതു ഫിലിപ്പിനോ പയ്യന്മാർക്കും, പഴയ ലോക്സഭാ സ്പീക്കർ പി.എ. സാംഗ്മയുടെ ഛായ ഉള്ളതിനാൽ അത് ഞാൻ അത്ര കാര്യമാക്കിയില്ല. പക്ഷേ ഇവനാണെങ്കിൽ കൈയിലിരിക്കുന്ന മൊബൈൽ ഫോണ്‍ ഇട്ട് കുലുക്കുകയും, സുരേഷ് ഗോപി പറയും പോലെ ഷിറ്റും, *&**#്*& പറഞ്ഞു കൊണ്ടുമിരിക്കുന്നു. ഒടുക്കം സഹികെട്ടെന്നോണം അവൻ എന്റെ മൊബൈൽ ഫോണ്‍ ചോദിച്ചു. എന്റെ ഫോണിൽ നിന്നും അവന്റെ ഫോണിലേക്ക് ഒരു കോൾ വിളിക്കണം. അവന്റെ ഫോണ്‍ ഹാങ് ആയി. ഞാൻ ഫോണ്‍ കൊടുത്തു. എന്റെ ഫോണിൽനിന്നു നമ്പർ ഞെക്കിയതും സംഗതി അങ്ങ് ശരിയായി. പിന്നീട് അവൻ അവന്റെ ഫോണിൽനിന്ന് ആരെയോ വിളിച്ചു സംസാരിക്കാൻ തുടങ്ങി. ഞാൻ അപ്പോഴും പെഡസ്റ്റൽ ഫാൻ കണക്കെ ആളുകളെ വായ് നോക്കി കൊണ്ടേയിരുന്നു.


ഇതിനിടെ ഫിലിപ്പിനോ ഫോണ്‍ സല്ലാപം അവസാനിപ്പിച്ച് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്റെ കൈയിൽ തട്ടിയിട്ട് പറഞ്ഞു - "യൂ ലുക്ക് റ്റൂ റ്റയേർഡ് മാൻ.. യൂ നീഡ് എ ഗുഡ് മസ്സാജ്". അപ്പോൾ ഞാൻ അവനോട് പറഞ്ഞു - "ഐ ആം കമിങ് ആഫ്ടർ വര്ക്ക്. നീഡ് എ ഗുഡ് സ്ലീപ്പ്".. അപ്പോൾ അവൻ പിന്നെയും പറഞ്ഞു- "നോ മാൻ. യൂ നീഡ് എ ഗുഡ് മസ്സാജ്. എ വെരി സ്പെഷ്യൽ മസ്സാജ്" എന്നു പറഞ്ഞ്, അവൻ എന്നെ കൈവട്ടമിട്ടുപിടിച്ചു, പുറത്തു മെല്ലെ തടവാനും തുടങ്ങി. ആ പിടിയിലും തടവിലും എനിക്ക് ഒരു കാര്യം മനസ്സിലായി. സൂക്ഷിച്ചില്ലെങ്കിൽ താനിത്രയും നാൾ കാത്തു സൂക്ഷിച്ച ചാരിത്ര്യം പ്ളിങ് ആകും. 5 സ്റ്റോപ്പ് കൂടി കഴിഞ്ഞാലെ എനിക്ക് ഇറങ്ങേണ്ട സ്ഥലമാകൂ. എന്നാലും വേണ്ടില്ല, അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയില്ലെങ്കിൽ ഈ കശ്മലൻ തന്നെ പീഡിപ്പിക്കും. ഒട്ടും താമസിച്ചില്ല. സ്റ്റോപ്പിനായി ബെല്ലടിച്ചു. ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൻ വിളിച്ചു പറഞ്ഞു - "മൈ നമ്പർ ഈസ്‌ ദേർ ഇൻ യുവർ ഫോണ്‍. കോൾ മീ വെൻ യൂ ആർ ഫ്രീ". ഓക്കെ.. ഓക്കെ.. പറഞ്ഞ് ചാടി വെളിയിൽ ഇറങ്ങിയപ്പോളാണു ഓർത്തത്... "നിനക്കൊന്നും വീട്ടിൽ അപ്പനും ചേട്ടനും ഇല്ലേടാ പട്ടീീീീ??? എന്ന നമ്മുടെ സ്ഥിരം ഡയലോഗ് അവനോട് ഞാൻ ചോദിച്ചിലല്ലോയെന്ന്.


ഈശ്വരാ..... ഉമ്മൻ ചാണ്ടിയെ തേടി നടന്ന് ചാന്തു പൊട്ടിന്റെ കൈയ്യിൽ അകപ്പെട്ട അവസ്ഥ.. ഹോ അണ്‍സഹിക്കമ്പിൾ...


സ്പെഷൽ ഓഫർ: സുഹൃത്തുക്കളിൽ ആർക്കെങ്കിലും ഫ്രീ മസ്സാജ് ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ ആ നമ്പർ തന്നേക്കാം കേട്ടോ..

10 comments:

Senu Eapen Thomas, Poovathoor said...

ഉമ്മൻ ചാണ്ടിയെ കാനഡായിൽ തപ്പി നടന്നു അബദ്ധത്തിലായ കഥ...
http://pazhamburanams.blogspot.ca/2015/05/blog-post.html

വായിച്ചാലും, കമന്റിയാലും.

ajith said...

തല്‍ക്കാലം രക്ഷപ്പെട്ടു. അല്ലേ

ഹരിശ്രീ said...

:)

Raj said...

😊😊

ജെ.കുട്ടന്‍ said...

ചിലപ്പോൾ തെറ്റിദ്ധരിച്ചതും ആകാം...............

മാണിക്യം said...

ഇന്നാള് "സാങ്കേതിക പ്രശ്നം" എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല ..

chandy said...

ഹൊ , ആ മൂന്ന്‌ ബസ്സ്‌ സ്റ്റോപ്പ്‌ കൂടി കഴിഞ്ഞിരുന്നെങ്കിൽ നല്ല ഒരു പീഡന കഥ വായിക്കാമായിരുന്നു !!!

ആദര്‍ശ് | Adarsh said...

ചാണ്ടിയെ തേടി ചണ്ടിയായേനെ ..ഗോള്ളാം ..:)

P Das said...

Ha ha

പിരിക്കുട്ടി said...

kollallo,,,,