Thursday, 1 May 2014

മാർത്തോമാ കോളെജും, ലേഡീസ് ഒൺലിയും പിന്നെ ഒരു സമരവും.

തിരുവല്ല മാർത്തോമാ കോളെജിൽ രണ്ട് കൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്ന് കേൾക്കുന്നത് ഒരു ഹരമാണു. മാർത്തോമാ കോളെജ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരു മുറ്റവും, കാമുകീ കാമുകന്മാരുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിന്റെ സൈഡിലെ സ്റ്റെപ്പുകളും, വിശുദ്ധ പ്രേമങ്ങൾ കുടി കൊണ്ടിരുന്ന ചാപ്പൽ പടവുകളും, K.S.U, S.F.I സമരങ്ങളും ഒക്കെയാണു.

മാർത്തോമാ കോളെജു പോലെ തന്നെ എന്നും പ്രിയപ്പെട്ടതായിരുന്നു. ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി ബസ്സും, ചെങ്ങന്നൂർ ലേഡിസ് ഒൺലി ബസ്സും. രാവിലെ ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി ബസ്സ് കുറ്റപ്പുഴ കയറ്റം കയറി വരുമ്പോഴെ കോളെജിൽ അതിന്റെ അലയൊലികൾ പ്രതിഫലിക്കും. ക്രിസ്തീയ ഗീതം മുതൽ കൊടുങ്ങല്ലൂർ ഭക്തി ഗാനം വരെ ഇത്ര അക്ഷര സ്ഫുടതയോടെ, ശ്രുതിയും,സംഗതിയും തെറ്റാതെ പാടുന്ന കലാകാരന്മാരെ ഐഡിയാ സ്റ്റാർ സിംഗറിൽ പോലും ആരും കണ്ടിട്ടില്ല. ദൂരദർശനിൽ, ചിത്രഗീതം സംപ്രേക്ഷണം ചെയ്യുമ്പോൾ ചില ഗാനങ്ങൾ എപ്പോഴും കേൾക്കുമെന്നകണക്കെ, "സമയമാം രഥത്തിൽ ഞാൻ" എന്ന പാട്ടും, "അയ്യയ്യോ വയ്യായേ ഈ പെണ്ണുങ്ങളെ പോറ്റുവാൻ" എന്ന പാട്ടും ഈ ബസ്സിലെ നിത്യ ഹരിത ഗാനങ്ങളായിരുന്നു.എന്നാൽ "പരിശുദ്ധാത്മാവേ ശക്തി പകരണമേ" എന്ന പാട്ട്, നമ്മുടെ ആന വണ്ടിയുടെ തകിടേൽ അടിച്ചു പാടുമ്പൊൾ,പെന്തക്കോസ്തു പിള്ളേർ പോലും ആനന്ദനിർവൃതിയിൽ ആറാടുമായിരുന്നു. പക്ഷെ ലേഡീസ് ഒൺലി ബസ്സാകട്ടെ... ഒരനക്കം പോലുമില്ലാതെ ആൾക്കാരുടെയെല്ലാം അസൂയാ പാത്രമായി ഓടിക്കൊണ്ടുമിരുന്നു. അന്നൊക്കെ നിനക്കു ഭാവിയിൽ ആരാകാനാണു ആഗ്രഹമെന്ന് അബദ്ധത്തിൽ ഏതെങ്കിലും സാറന്മാർ ചോദിച്ചാൽ ഞങ്ങൾക്കെല്ലാം ഒറ്റ ഉത്തരം മാത്രമാണുണ്ടായിരുന്നത്...ലേഡീസ് ഒൺലിയിലെ കണ്ട്ക്ടർ അല്ലെങ്കിൽ ഡ്രൈവർ. ഈ ബസ്സിലെ ഡ്രൈവറും, കണ്ട്ക്ടറും അന്ന് ഞങ്ങളുടെ നോട്ടത്തിൽ I.A.S, I.P.S പദവികൾക്ക് മേലെയായിരുന്നു.

ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലിയിലെ പൈതങ്ങളുടെ കൈയില്ലിരുപ്പു കൊണ്ടോ, എന്തോ ഒരു സുപ്രഭാതത്തിൽ കെ.എസ്.ആർ.ടി.സി ഈ ബസ്സ്, യാതൊരു മുന്നറിയുപ്പുമില്ലാതെ നിർത്തി. പക്ഷെ അന്നരവും തലയെടുപ്പോടെ തന്നെ ലേഡീസ് ഒൺലി ബസ്സു വന്ന് തരുണീ മണികളെ കയറ്റി കൊണ്ടു പോവുകയും വരികയും ചെയ്തു. ആഴ്ച്ച ഒന്നു കഴിഞ്ഞിട്ടും K.S.R.T.C സ്റ്റുഡന്റ്സ് ഒൺലി വിട്ടു കൊടുത്തില്ല. K.S.U, S.F.I നേതാക്കന്മാരെ കണ്ട് വിവരം പറഞ്ഞിട്ടും ആർക്കും അനക്കം ഒന്നും ഇല്ല. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം കോളെജ് വിട്ട്, കോളെജിനു മുൻപിലുള്ള അരമതിലിൽ ബസ്സുകൾ കാത്തിരുന്നപ്പോൾ പതിവു പോലെ, ദാ വരുന്നു കുറ്റപ്പുഴയുടെ രോമാഞ്ചമായ ലേഡീസ് ഒൺലി ബസ്സ്. പെൺക്കുട്ടികൾ അന്നനട വെച്ചു ബസ്സിൽ കയറി , കണ്ടക്ടർ സർ ഡബിൾ ബെല്ല് അടിച്ചതും, വടക്കു നോക്കി യന്ത്രത്തിലെ, തടത്തിൽ ദിനേശൻ തമാശ കണക്കെ, ചായക്കടയാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയവനെ പോലെ മല്ലപ്പള്ളികാരനായ ഞങ്ങളുടെ ഒരു സുഹൃത്ത് ഓടി വന്ന് ഈ ലേഡീസ് ഒൺലി ബസ്സിന്റെ ഫുട്ട് ബോർഡിൽ ചാടി കയറിയതും ഒപ്പമായിരുന്നു.. കൂട്ടുകാരനാണെങ്കിലും, അവന്റെ അബദ്ധം കണ്ട് ഞങ്ങളെല്ലാം ഒന്നടങ്കം കൂവി. ബോബനും മോളിയിലെയും അപ്പി ഹിപ്പിയെ പോലെ ഒരുത്തന്റെ പ്രകടനം കണ്ട്, ബസ്സിലെ കണ്ടകടർ സാറും, പെൺകിടാങ്ങളും ഞെട്ടി തരിച്ച്, പൊട്ടി ചിരിച്ചു. കണ്ടകടർ സർ ബസ്സ് ബെല്ലടിച്ചു നിർത്തിച്ചിട്ട് നമ്മുടെ ശ്രീനിവാസൻ സിറ്റി പോലീസ് കമ്മീഷണറായ കണക്കെ ഇല്ലാത്ത മസ്സിലും പിടിച്ച് “ബോർഡ് നോക്കി വേണമെടാ ബസ്സിൽ കയറാൻ” എന്ന് പറഞ്ഞു ആക്രോശിച്ചു.

ഞങ്ങൾ കോറസായി കൂവൽ തുടർന്നു. ഞങ്ങളുടെ കൂവൽ ഒന്നും കേട്ടിട്ടും, കണ്ടകടർ സാറിന്റെ മസ്സിലു പിടുത്തം കണ്ടിട്ടും ഒട്ടും ആവേശം ചോരാതെ നമ്മുടെ ചങ്ങായി പറഞ്ഞു... “സ്റ്റുഡന്റ്സ് ഒൺലി വന്നില്ലെങ്കിൽ, ലേഡിസ്ഒൺലിയേലും ഞങ്ങൾ കയറും. ഞങ്ങൾക്കും ഇല്ലേ, വീടും കുടുംബവും“...ഇത്രയും പറഞ്ഞിട്ടു അവൻ ഓക്സിജനു വേണ്ടി പിടയ്ക്കുന്ന രോഗിയെ പോലെ ഒന്നു പിടച്ചിട്ടു,കൈകളുയർത്തി വിളിച്ചു.. “വിദ്യാർത്ഥി ഐക്യം സിന്ദാ‍ാ‍ാ‍ാബാദ്”… മല്ലപ്പള്ളികാരനായ ഇവനു ചെങ്ങന്നൂർ ബസ്സിലെന്തു കാര്യമെന്ന് കരുതി ചിന്തിച്ച് കൂവിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവൻ പെട്ടെന്ന്, മണിചിത്രത്താഴിലെ നാഗവല്ലിയായി മാറിയത്. കണ്ടക്ടർ സാർ ശ്രീനിവാസനിൽ നിന്നും ഭരത്ചന്ദ്രൻ ഐ.പി.എസ് ആയിട്ടും, ഡോ.സണ്ണിയായിട്ടും ഒക്കെ വേഷപകർച്ചകൾ നടത്തിയെങ്കിലും നമ്മുടെ സുഹൃത്ത് നാഗവല്ലിയായി തന്നെ നിലകൊണ്ട്, ബസ്സിന്റെ ഫുട്ട് ബോർഡിൽ ഇരുന്ന് ഒറ്റക്ക് വിദ്യാർത്ഥി ഐക്യം സിന്ദാബാദ് മുഴക്കി കൊണ്ടിരുന്നു.

സംഗതി ലേഡീസ് ഒൺലി ബസ്സായതു കൊണ്ടും, ഷൈൻ ചെയ്യാൻ പറ്റുന്ന അവസരമായതു കൊണ്ടും ഇവന്റെ സമരത്തിനു ഐക്യദാർഠ്യം പ്രഖ്യാപിച്ചു KSU, SFI അണികൾ ഒപ്പം കൂടി. വിദ്യാർത്ഥി ഐക്യത്തിന്റെ രൂപം മാറി, ഭാവം മാറി ഫുട്ട് ബോർഡിൽ ഇരുന്ന് സമരം ചെയ്തവനെപിന്തള്ളി നേതാക്കളും, അണികളും ബസ്സിനകത്തു കയറി മേയാൻ തുടങ്ങി. ലേഡീസ് ഒൺലിയിലെ കുമാരിമാരുടെ സാന്നിധ്യം നേതാക്കൾക്കും അണികൾക്കും ഊർജ്ജം പകർന്നുകൊണ്ടെയിരുന്നു.ഏറെ നാളായി മോഹിച്ചു കൊണ്ടിരുന്ന സിംഗിൾ ബെല്ല്, ഡബിൾ ബെല്ലടികൾ ഓരോരുത്തർ ഏറ്റെടുത്തു. പുര കത്തുമ്പൊൾ തന്നെ വേണം വാഴ വെട്ടാനെന്ന കണക്കെ, ചിലർ കുമാരിമാരുമായി കരിക്കുലർ ആക്റ്റിവിറ്റീസിലും, മറ്റു ചിലർ “എക്സ്ട്രാകരിക്കുലർ ആക്റ്റിവിറ്റീസിലും” ആക്റ്റീവായി പങ്കെടുത്തു.

ഇന്ത്യൻ പട്ടാളക്കാർ പാക്കിസ്താനു ശക്തമായ തിരിച്ചടി തുടങ്ങിയപ്പോൾ ബോർഡറിൽ നിന്നും മുങ്ങിയ പാക്ക് പട്ടാളക്കാരെ പോലെ ബസ്സിൽ നിന്നും കണ്ടക്ടറും,ഡ്രൈവർ സാറും പുറത്തിറങ്ങി. ഡ്രൈവർ സാർ ഡോർ തുറന്ന് പുറത്ത് ചാടിയതും, കരുണാകർജി രാജി വെച്ചപ്പോൾ ഉമ്മൻ ജി മുഖ്യമന്ത്രിയായ കണക്കെ, ഒരു നേതാവു ആ ഡ്രൈവർ സീറ്റു സ്വന്തമാക്കി. എന്നിട്ടു ആവേശമൊട്ടും കുറക്കാതെ ഡ്രൈവറന്മാരുടെ സ്വകാര്യ അഹങ്കാരമായ “പോം പോം” ഹോണിൽ നിർദ്ദാക്ഷണ്യം മർദ്ദിക്കാൻ തുടങ്ങി. നേതാവിന്റെ ഈ വീരസാഹസം പിടിക്കാതെ വന്ന ഒരു SFI ക്കാരൻ ബസ്സിന്റെ വെളിയിൽ കൂടി വന്ന് ഹോൺ ഊരിയെടുത്ത് തിരിച്ച് ബസ്സിനുള്ളിൽ കയറി.അങ്ങനെ പോം പോം അടിക്കാൻ കൈ തരിച്ചിരുന്ന കൂട്ടുകാർക്കെല്ലാം അതേൽ കളിക്കാൻ ഒരു സുവർണ്ണാവസരമായി. അല്പ നേരം കഴിഞ്ഞപ്പോൾ പോം പോമിന്റെ കഥ കഴിഞ്ഞു. ഓരോരുത്തർ പോം പോമിന്റെ ഓർക്കമ്മക്കായി അതിന്റെ ഓരോ ഭാഗങ്ങൾ സ്വന്തമാക്കി.

ഇതല്ലാം കണ്ട് ഡ്രൈവർ സാറും, കണ്ടകടർ സാറും കോളേജിലേക്ക് ഒന്നും മിണ്ടാതെ കയറി പോയി. അല്പം കഴിഞ്ഞു കണ്ടകടർ സാർ വിനയാന്വിതനായി സമരക്കാരൊടു പറഞ്ഞു.. “പത്തു മിനിട്ടിനകം ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി വരും”.. ഇതുകേട്ടതും പിന്നെയും കുറച്ചു നേരത്തേക്കും കൂടി KSU, SFI വിദ്യാർത്ഥി ഐക്യം സിന്ദാബാദ് വിളികൾ മുഴങ്ങി.

കുറ്റപ്പുഴയുടെ കയറ്റം കയറി, ചെങ്ങന്നൂർ സ്റ്റുഡൻസ് ഒൺലിയുടെ ശബ്ദം കേട്ടപ്പോഴെ ആർപ്പു വിളികൾ ഉയർന്നു. സിന്ദാബാദുകൾ അണികൾ മാറി മാറി വിളിച്ചു. എല്ലാവരുടെയും കളി ചിരികൾ നിർത്തി കൊണ്ട് കുറ്റപ്പുഴ കയറ്റം കയറിവന്നതാകട്ടെ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ ആന വണ്ടിക്കു പകരം നീല നിറമുള്ള സാക്ഷാൽ ഇടി വണ്ടി. അതിൽ നിന്നും ചട പടാന്ന് പോലീസുകാർ ലാത്തിയുമായി ചാടി ഇറങ്ങി. ബസ്സിനുള്ളിലേക്ക് ഇരച്ചു കയറാൻ തുടങ്ങിയപ്പോഴേക്കും, പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യമെന്ന്, ഇന്നസെന്റ് അഴകിയ രാവണനിൽ ചോദിക്കും പോലെ ചോദിച്ചു കൊണ്ട് ലേഡീസ് ഒൺലിയിലെ BOYZ, പോലീസിനു മാർഗ്ഗതടസ്സം സൃഷ്ടിച്ചു. അതിലെ ഒരു ഏമാൻ പറഞ്ഞു, ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി നാളെ മുതൽ വരും. ഇനി വണ്ടിയേന്ന് എല്ലാനും ഇങ്ങോട്ട് ഇറങ്ങിയാട്ടെയെന്ന്.. പറഞ്ഞപ്പോൾ, ഭയ ഭക്തി ബഹുമാനത്തോടെ കൃസ്ത്യാനികൾ റാസയിൽ പങ്കെടുക്കുന്ന്തു പോലെ ഓരോരുത്തരായി ലേഡീസ് ഒൺലിയിൽ നിന്നു ഇറങ്ങി. വണ്ടി സ്റ്റാർട്ട് ആക്കി പോകാൻ നേരം, ഡ്രൈവർ സാർ പറഞ്ഞു... സാറെ.. ഇവരെല്ലാം കൂടി എന്റെ ഹോൺ നശിപ്പിച്ചു. അതു തിരിച്ചു കിട്ടിയാലെ വണ്ടി സ്റ്റാൻഡ് വിടൂ. പോം പോമിന്റെ പ്രധാന സാമഗ്രികളായ ഞെക്കുന്ന സുന്നാപ്രിയും, അതിന്റെ കുഴലും പോലീസുകാർ തന്നെ അണികളിൽ നിന്നും തൊണ്ടി മുതലായി പൊക്കി. പോം പോമിൽ പഠനം നടത്തിയവർ അതിന്റെ ഓരോ സുനഗ്രാഹികളും തിരികെ കൊടുത്തു.ഫിസികസിലെ ഒരു മൂത്തചേട്ടൻ, ഇത്ര എത്ര പോം പോം ശരിയാക്കിയിട്ടുള്ളവനാണീ ഞാനെന്ന ഭാവത്തിൽ അതെല്ലാം വാങ്ങി ഫിറ്റു ചെയ്തു. എല്ലാം ശരിയാക്കി കഴിഞ്ഞ്, വിജയഭാവത്തിൽ പോം പോമിൽ ഞെക്കിയപ്പോൾ ഘനഗാംഭീര്യമുള്ള ആ പഴയ പോം പോമിനു പകരം ചക്കക്കുരുതിന്ന്, പുറത്തേക്ക് തള്ളുന്ന ഒരു ശബ്ദം പോലെ പീ‍ീ‍ീഷൂ‍ൂ‍ൂ‍ൂ‍ൂ‍ൂന്ന് ഒരു അപശബ്ദം പുറത്തേക്ക് തള്ളി. പിന്നെയും അതിൽ അര തച്ച് പണി പണിത ശേഷം വീണ്ടും ഞെക്കിയപ്പോൾ, വീണ്ടും ചക്കക്കുരു റിംഗ് റ്റോൺ തന്നെ. ഡ്രൈവർ സാർ പോലീസുകാരോടു പറഞ്ഞു.. “ഇത് കുഴപ്പമാകും സാറെ. ഒന്നുകിൽ ഇതു ശരിയാക്കി തരണം; അല്ലെങ്കിൽ 150 രൂപാ പിഴ ഡിപ്പോയിൽ അടയ്ക്കണം.” ഫിസിക്സിലെ ഐസക്ക് ന്യൂട്ടൺ പരാജയപ്പെട്ടിടത്ത് മറ്റാരും അതേൽ പരീക്ഷണം നടത്താൻ തയ്യാറായില്ല. കോളെജിലെ നിത്യ നടപടി പോലെ, പെട്ടെന്ന് തന്നെ പോം പോം പിരുവു തുടങ്ങി. നിമിഷ നേരം കൊണ്ട്, ഡ്രൈവർ സാർ പറഞ്ഞ 150 രൂഫാ റെഡ്ഡി.

പിരിവിനിടയിൽ, പോലീസുകാരും പിള്ളേരുമായി നല്ല കമ്പനി ആയി. ഒടുക്കത്തെ തമാശകൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു അവരങ്ങ് ഒരു വാടാ പോടാ ബന്ധം തന്നെ സ്ഥാപിച്ചു. 150 രൂഫാ ഡ്രൈവറിന്റെ കൈയിൽ സമരനേതാവ് കൊടുത്തപ്പോൾ,ഡ്രൈവർ സാർ പറഞ്ഞു, ഇതു നിങ്ങളു തന്നെ വന്ന് വേണം, ഡിപ്പോയിൽ അടച്ച് രസീതു വാങ്ങാൻ. പിന്നെ ഡ്രൈവർ സാറിനു ഒന്നും പരാതി ഇല്ലാത്ത കാരണം കേസുമില്ല.

ഏമാൻ പറഞ്ഞു, "ഏതായാലും കേസും വഴക്കും ഒന്നും ഇല്ല. സമരം ചെയ്ത കുട്ടി നേതാക്കന്മാരെല്ലാം സർക്കാർ വണ്ടിയെലോട്ട് കയറിക്കോ.. എ. കെ. ആന്റണിയും, ഇ.കെ. നായനാരും ഒക്കെ ഇങ്ങനെയല്ലേ നേതാക്കളായത്?? ഡിപ്പോയിൽ ചെന്ന് 150 രൂഫാ അടച്ച രസീതു കാട്ടിയിട്ടു എല്ലാവനും വീട്ടിൽ പൊയ്ക്കോ!!! നാളെ മുതൽ ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലിയും വരും. അങ്ങനെ സമരക്കാരെല്ലാരും വണ്ടിയേൽ കയറി. അപ്പോൾ നർമ്മ സംഭാഷണത്തിനിടയിൽ പോലീസുമായി നല്ല വാടാ പോടാ ബന്ധം സ്ഥാപിച്ച പാവം തലവടിക്കാരനെ വണ്ടിയേലേക്ക് പോലീസുകാർ ക്ഷണിച്ചില്ല. ആ വിഷമത്തിന് തലവടിക്കാരൻ തൻറെ "ക്ലോസ് ഫ്രണ്ടായ" പോലീസുകാരനോടു ഒരു ലിഫ്റ്റ് ചോദിച്ചു. ക്ലോസ് ഫ്രണ്ടിനോടും വണ്ടിയേൽ കയറിക്കോളാൻ പറഞ്ഞപ്പോൾ, സ്ക്കൂളിൽ നിന്നും വീഡിയോ കോച്ചു ബസ്സിൽ എസ്കേർഷനു പോകുന്ന സന്തോഷമായിരുന്നു അവൻറെ മുഖത്ത്. അങ്ങനെ ലേഡീസ് ഒൺലി മുൻപിലും, ഇടി വണ്ടി പുറകിലുമായിട്ടുള്ള അസുലഭ സുന്ദര യാത്ര.
ആ യാത്രയിൽ കാക്കിക്കുള്ളിലെ കലാകാരന്മാരും വിദ്യാർത്ഥികളും തമാശകൾ പറഞ്ഞ് പൊട്ടി ചിരിച്ചുകൊണ്ടിരുന്നു. ഫ്രണ്ടസ് എന്ന സിനിമയിൽ രാജാവു വീപ്പയിൽ വീണപ്പോൾ ശ്രീനിവാസൻ ചിരിച്ചതു പോലെ വരെ സുഹൃത്തുക്കൾ പോലീസ് തമാശകൾ കേട്ടു ചിരിച്ചു. പോലീസ് തമാശകൾ കാരണം, ഇടി വണ്ടി K.S.R.T.C ബസ്സ് സ്റ്റാൻഡിൽ എത്തിയതേയറിഞ്ഞില്ല. സ്റ്റാൻഡിൽ എത്തിയപാടെ, ചെങ്ങന്നുർ ലേഡീസ് ഒൺലി ബസ്സിലെ സാറന്മാരും,നമ്മുടെ മല്ലപ്പള്ളി സമര നേതാവും ഒക്കെ കൂടി ഡിപ്പോയിൽ പോയി പൈസ അടച്ച്,ആ രസീതുമായി പോലീസ് ഏമാന്മാരെ കണ്ട് ബോധിപ്പിക്കാൻ ചെന്നപ്പോൾ, ഏമാന്മാരുടെ നിറം മാറി. സ്റ്റേഷനിൽ ചെന്ന്, എസ്.ഐയെ കണ്ടിട്ടേ ജാമ്യം ഉള്ളു. എസ്.ഐ എന്ന് കേട്ടതേ എല്ലാവന്മരുടെയും മുഖത്തു “കിളി പോയ” സ്ഥിതി ആയി.

അപ്പോൾ ലിഫറ്റ് ചോദിച്ചു കയറിയ തലവടിക്കാരൻ, ക്ലോസ് ഫ്രണ്ടിനോട്.. സാറേ ഞാൻ അങ്ങോട്ടു പോട്ട്.. ഇനി എവിടെ വെച്ചു കണ്ടാലും എന്നെ മറക്കരുത്.. എന്നെക്കെ പറഞ്ഞു ഇറങ്ങാൻ നോക്കിയപ്പോൾ, ക്ലോസ് ഫ്രണ്ട് ഒന്ന് രണ്ട് അന്യ ഭാഷ പറഞ്ഞിട്ട് നിനക്ക് പോലീസ് വണ്ടിയെ കിട്ടിയൊള്ളോടാ ലിഫ്റ്റ് ചോദിക്കാൻ. ഇതെന്നാ നിന്റെ കുടുംബ സ്വത്താണോടാ $#$%$%& മോനേ എന്ന് കൂടി ചോദിച്ചപ്പോൾ യേശു ക്രിസ്തു ക്രൂശിൽ കിടന്ന്, എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു എന്ന് ഇവനും അറിയാതെ പറഞ്ഞു പോയി.
അന്ന് എസ്.ഐ ആണെങ്കിൽ സാക്ഷാൽ സലീം രാജും. വെട്ട് ഒന്ന്; മുറി രണ്ട് എന്ന രീതി. എത്ര റെക്കമെണ്ടേഷൻ ഉണ്ടെങ്കിലും പോക്രിത്തരങ്ങൾ കാട്ടുന്നവർക്ക് ഇടി ഉറപ്പ്... മല്ലപ്പള്ളിക്കാരനെയും പൊക്കി ഇടി വണ്ടിയിലിട്ട്,വണ്ടി നേരെ തിരുവല്ലാ പോലീസ് സ്റ്റേഷനിലേക്ക്.. സമയമാം രഥത്തിൽ പാടേണ്ട അവസ്ഥയാണിപ്പോൾ വണ്ടിയിൽ..

പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ സ്ഥലത്തില്ല. നാളെ രാവിലെ 9.00 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ എല്ലാവരോടും പറഞ്ഞിട്ടു, ഇപ്പോൾ പോയി കൊള്ളാൻ പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് ലവന്മാർ സ്ഥലം കാലിയാക്കുമെന്ന് പോലീസ് ഏമാന്മാർ പോലും കരുതി കാണില്ല.
പിറ്റേന്ന് എല്ലാവരും 8.30 മണിയോടെ പോലീസ് സ്റ്റേഷൻ പരിസരത്ത് ഹാജരായി. മല്ലപ്പള്ളിക്കാരൻ ഒരു നേതാവിനെയും കൂട്ടിയിട്ടുണ്ട്. അങ്ങനെ എല്ലാവരും വലതു കാൽ വെച്ച് പോലീസ് സ്റ്റേഷനിൽ ഹാജരായി.

എസ്.ഐയെ നേതാവു കണ്ടു. എസ്.ഐ പറഞ്ഞു നേതാവു വന്ന കാരണം പൊട്ടീരു കൊടുക്കില്ല. പക്ഷെ ചെറിയ ശിക്ഷ കൊടുക്കും. നേതാവ് പോയികൊള്ളാൻ പറഞ്ഞിട്ടു, ഇവരോടു അവിടെ നില്ക്കാൻ പറഞ്ഞു. ഒന്ന് ഒന്നര മണിക്കൂറത്തെ നില്പ്പിനു ശേഷം എസ്.ഐ ഇറങ്ങി വന്നിട്ടു, മല്ലപ്പള്ളിക്കാരനെ മാത്രമായി വിളിച്ച് അല്പം സംസ്കൃത ശ്ലോകം ചൊല്ലി. സംസ്കൃത ശ്ലോകം ഇങ്ങനെയെങ്കിൽ ഇനി ബാക്കി എന്ത് എന്ന ചോദ്യവുമായി സമരക്കാർ അവിടെ നിന്നപ്പോൾ എസ.ഐ ഉവാച:- നീ 250 തവണയും, ബാക്കി എല്ലാവരും 101 തവണയും ഏത്തമിട്ടിട്ടു പോയാൽ മതിയെന്ന്. ഏത്തമിടുമ്പോൾ “സർക്കാർ മുതൽ ഞങ്ങൾ നശിപ്പിക്കില്ലാ”യെന്ന് പറയുകയും വേണം.

ഏത്തമെങ്കിൽ ഏത്തം. ശരീരത്തിനു കേടില്ലല്ലോ. ഏല്ലാവരും ഏത്തം തുടങ്ങി. 40 കഴിഞ്ഞപ്പോൾ തന്നെ പലരുടെയും വായിൽ തുപ്പല്ലില്ലാതെ, “പൊഴു മുഴൽ നഷിപ്പിക്കിഴായെന്ന്” വരെയായി. കഷ്ടപ്പെട്ടു പൊഴു മുഴൽ നഴിപ്പിക്കാതെ ഏത്തമിട്ടു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി കൂട്ടത്തിൽ നിന്നും ഒരു പർ ർ ർ ർ ർ ർ ശബ്ദം. ചിരിക്കണോ, വേണ്ടായോ എന്ന് ശങ്കിച്ചു നില്ക്കുമ്പോൾ ഒരു ഏമാൻ... എന്താടാ നീ പോലീസ് സ്റ്റേഷനും ബോംബ് വെച്ച് തകർക്കാനിറങ്ങിയതാണോ എന്ന ചോദ്യത്തിനു പർ ർ ർ ർ ശബ്ദത്തിന്റെ ഓണർ പറഞ്ഞു... “സർ... എന്റെ പാന്റിന്റെ മൂടു കീറി.” അതു കേട്ടതെ എല്ലാവരും ചിരി കടിച്ചമർത്തി. അപ്പോൾ ഏമാൻ.. “കീറും.. അമ്മാതിരി കീറല്ലെ നീ ഇപ്പോൾ കീറിയതെന്നു” കൂടി പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനും ശിക്ഷയും എല്ലാം മറന്നു ഒന്നു ചിരിച്ചു നടു നിവർത്തു. . ഏങ്ങിയും വലിഞ്ഞും 101 തികച്ചു. കാലുകൾ നേരെ നില്ക്കുന്നില്ല. അപ്പോഴും 250 ഏത്തമിടുന്നവനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പാടില്ലാത്ത ഒരു അനുഫൂതി . ഏത്തമിട്ട് കഴിഞ്ഞു, പോലീസ് സ്റ്റേഷനിൽ ഓട്ടോഗ്രാഫിൽ ഒപ്പിട്ടു കൊടുത്ത ശേഷം സ്റ്റേഷനിൽ നിന്നു ഇറങ്ങിയിട്ട് നടക്കാൻ പോലും ആർക്കും പറ്റുന്നില്ല. മൂടു കീറിയ പാന്റ് കാണാതിരിക്കാൻ ഇൻ ചെയ്ത ഷർട്ട് പുറത്തിട്ട് നടക്കുമ്പോഴും അവന്റെ കീറിയ മൂട് പൊക്കി കണ്ട് ക്ഷീണം മാറ്റാൻ ശ്രമിച്ചു. അങ്ങനെ ഇഴഞ്ഞും,വലിഞ്ഞും പതുക്കെ പോകുമ്പോൾ 250 ഏത്തമിട്ടവൻ വക ഒരു കമന്റ്. "ഹോ ആ പോലീസുകാരൻ അങ്ങോട്ടു ഒന്ന് മാറിയപ്പോൾ ഞാൻ എണ്ണം തെറ്റിച്ചു. ഹല്ലാ!!! കോപ്പാ!!! 250 ഏത്തമിടാൻ. അവന്റെ അമ്മൂമ്മേടെ ഏത്തം“….

ഈ തമാശയും കൂടിയായപ്പോൾ എല്ലാവർക്കും ഗ്ലൂക്കോസ് കിട്ടിയ പ്രതീതി. ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഓട്ടോ പിടിച്ച് നേരെ മാർത്തോമാ കോളെജിൽ ചെന്നപ്പോൾ, തലേന്നുള്ള പൊലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് KSU, SFI സമരം. കോളെജിൽ ഒറ്റ ഒരുത്തർ പോലും ഇല്ല. അങ്ങനെ കോളെജിൽ കയറി, ക്ലാസ്സു കട്ട് ചെയ്യാനുള്ള അവസരവും നഷ്ടമായി. പിന്നെയും കഷ്ടപ്പെട്ട്, കുറ്റപ്പുഴ കയറ്റവും കയറി തിരുവല്ല സ്റ്റാൻഡ് വരെ എത്തിയപ്പോൾ ആറ്റുകാൽ രാധാകൃഷണൻ മസിലു പിടിച്ചു പറയുമ്പോലെ, ധന നഷ്ടം,മാനഹാനി, ശരീര പീഡ ഇവ ഫലം.

വാൽകഷണം:- കൂട്ടുകാരന്റെ മൂടു കീറൽ സംഭവം കൊണ്ട് ഈ കഥ ക്യാമ്പസ് കീഴടക്കി. മീശ മാധവനിൽ, കൊച്ചിൻ ഹനീഫയെ പിടലീ, പിടലീ എന്നു വിളിക്കുമ്പോലെ ഇവനെ ക്യാമ്പസിൽ മൂഡ്സെ, മൂഡ്സെ (MOODS) സ്നേഹപൂർവ്വം വിളിച്ചിരുന്നുവെന്നത് ഇന്ന് ഹിസ്റ്ററി..

ഗുണപാഠം ഓഫ് ദ സ്റ്റോറി:- "പോലിസ് വണ്ടിക്ക് ലിഫറ്റ് ചോദിക്കരുത്!!!"

16 comments:

Senu Eapen Thomas, Poovathoor said...

മാർത്തോമാ കോളെജിൽ പഠിക്കൊമ്പോഴത്തെ ഹരമായിരുന്ന ചെങ്ങന്നുർ സ്റ്റുഡന്റ്സ് ഒൺലി ബസ്സ് നിർത്തിയപ്പോൾ ഉണ്ടാക്കിയ സമരവും, തുടർന്നു ഉണ്ടായ പുകിലുകളും.. “ഒരു സമര വീര ഗാഥ ”. വായിച്ചാലും, കമന്റിയാലും.

Jacob John said...

മാർത്തോമ കോളേജ് കാലം ഓർമിച്ചതിനും ഓർപ്പിച്ചതിനും വളരെ നന്ദി.
നല്ല എഴുത്ത്

Madhusudana Kurup said...

"" HAIL ALMA MATER HAIL TO THEE , MARTHOMA COLLEGE HAIL TO THEEE "

ഞങ്ങള്‍ പഠിക്കുന്ന കാലത്തും ചെങ്ങന്നൂര്‍ ബസ് ഇങ്ങനെ തന്നെ ആയിരുന്നു :)

joseph idicula said...

ഇപ്പോഴും ഓർമയിൽ സുക്ഷിച്ചു വയ്ക്കുന്ന നമ്മുടെ കോളേജ് ലൈഫ് നർമത്തിൽ ചാലിച്ചുള്ള രസകരമായ Senu ന്റെ എഴുത്തുകൾക് ഭാവുകങ്ങൾ

Anonymous said...

നന്നായിട്ടുണ്ട് . പഴയത് പലതും ഓർത്തുപോയി ......

ജയക്കുട്ടൻ

Anonymous said...

നന്നായിട്ടുണ്ട് . പഴയത് പലതും ഓർത്തുപോയി ......

ജയക്കുട്ടൻ

Aju said...

Senu, aa thalavadikkaran 'Oommachen' aano? Mallappallykkaran aara?

Sureshkumar Punjhayil said...

College Days ...!

Manoharam, Ashamsakal...!!!

Anonymous said...

Senu, excellent writing. Very light reading. Keep it up!

എം.എസ്. രാജ്‌ | M S Raj said...

സംഭവമാണു കേട്ടോ!

ആദര്‍ശ് | Adarsh said...

അച്ചായോ ,തകർത്തു :)
കോളേജ് ജീവിതത്തിൽ ഓരോ ദിവസവും ഇതുപോലെ എത്രയെത്ര മഹാസംഭവങ്ങളാണ് നടന്നിട്ടുള്ളത് !പിന്നെ ഓർക്കുമ്പോൾ എല്ലാം മഹാ കോമഡികളായി ചിരിയുണർത്തും :)

Adv.Sabu Thomas said...

നന്നായിട്ടുണ്ട്നല്ല എഴുത്ത്,തകർത്തു

Anie Thomas.Dr said...

കോളജ് ജീവിതം അടിപൊളി....കൊള്ളാം ...

ajith said...

കോളേജോര്‍മ്മകള്‍ വളരെ രസകരമായി എഴുതി

Neenu Mariya Mathew said...

kolllalloooooooooooo

milly said...

Senu...Well written..Marthoma collegeilude onnu poya effect.You are so talented