Sunday 15 March 2009

സ്റ്റഡി ടൂറും, പൊല്ലാപ്പുകളും.

ഡിഗ്രി കഴിഞ്ഞ്‌ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ വെല്ലൂരില്‍ പഠിക്കാന്‍ പോയത്‌. ബി.കോം ഒരു പരുവത്തില്‍ ജയിച്ച്‌ വെല്ലൂരു ചെന്നപ്പോള്‍ ഇടി വെട്ടിയവന്റെ തലയില്‍ ബോംബ്‌ പൊട്ടിയെന്ന് പറഞ്ഞതു പോലെയായി അവസ്ഥകള്‍. അനാറ്റമി, ഫിസിയോളജി, മൈക്രോ ബയോളജി അങ്ങനെ പുതു പുതു വിഷയങ്ങള്‍ എന്നെ ഇക്ഷ, ഇറ വരപ്പിച്ചു. എന്തു ചെയ്യാം; പിന്നെ രണ്ടും കല്‍പിച്ച്‌ എല്ലാം കാണാതെ പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തമിഴന്മാരുടെയും, ഒറിസ്സാകാരന്റെയും, ഗുജ്ജുവിന്റെയും ഒക്കെ മുന്‍പില്‍ ഞാന്‍ ഒരു വിധം പിടിച്ചു നിന്നു.

കോഴ്സ്‌ ഏറെ കുറെ തീരാറായപ്പോള്‍ ഒരു 10 ദിവസത്തെ സ്റ്റഡി റ്റൂര്‍. അതും ദില്ലിയിലേക്ക്‌. അവിടെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ 3 ദിവസത്തെ പ്രാക്‌ക്‍ടിക്കല്‍ ട്രെയിനിംഗ്‌ അടക്കം ഉള്ള ടൂര്‍. വെല്ലൂരിലെ എം.പി, തന്റെ ദില്ലിയിലെ വീട്‌ ഞങ്ങളുടെ താമസത്തിനായി ഒരുക്കുകയും, അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങളെ കൊണ്ട്‌ നടക്കാന്‍ ഒരു സാരഥിയോടു കൂടിയ വാന്‍ കൂടി സ്പോണ്‍സര്‍ ചെയതപ്പോള്‍ ഞങ്ങള്‍ ഡബിള്‍ ഹാപ്പി. പിന്നെ പാര്‍ലമന്റ്‌ ഹൗസ്‌, രാഷ്ട്രപതി ഭവന്‍ മുതലായവ കാണാന്‍ കക്ഷി പ്രത്യേക സൗകര്യവും ചെയ്തു തരാമെന്ന് കയറി ഏറ്റപ്പോള്‍ തമിഴനാണെങ്കിലും വേണ്ടില്ല ഇത്‌ താനെടാ എം.പി..., കേരളത്തിലേത്‌ ഒക്കെ വെറും ‘__പി’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുവെന്നത്‌ സത്യം.

അവസാനം ഞങ്ങള്‍ മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ദില്ലിക്ക്‌ വണ്ടി കയറി. ദില്ലിയില്‍ ചെന്ന് ഇറങ്ങിയപ്പോഴെ എന്റെ ശരീരം തണുപ്പ്‌ സഹിക്കാന്‍ വയ്യാതെ വിറയക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന തമിഴന്മാര്‍ ട്രയിന്‍ കുലുങ്ങിയപ്പോള്‍ തന്നെ സ്വെറ്റര്‍ വലിച്ച്‌ കയറ്റിയപ്പോള്‍, ഇവനൊക്കെ എന്തിന്റെ അസുഖമാ എന്ന് ചിന്തിച്ച ഞാന്‍, ഈശ്വരാ... വൃത്തിയും വീറുമില്ലാത്ത തമിഴന്റെയാണെങ്കിലും വേണ്ടില്ല കമ്പിളിയുണ്ടോ സഖാവെ, എന്റെ തണുപ്പ്‌ മാറ്റാനെന്ന് വിളിച്ച്‌ ചോദിച്ചിട്ടും മങ്കി ക്യാപ്പും, ഷോളും, സ്വറ്ററും ഒക്കെയിട്ടിരുന്ന ഒറ്റ തമിഴനും എന്റെ കരച്ചിലും പല്ലുകടിയും കേട്ടില്ല. എം.പി അയയ്ച്ച വണ്ടിയും സാരഥിയും ഞങ്ങളെ കാത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നതിനാല്‍, അധികം വിറയ്ക്കാതെ എം.പി ക്വാര്‍ട്ടേര്‍സില്‍ ഞങ്ങള്‍ എത്തി. അവിടെ കമ്പിളി പുതപ്പും, ചൂടു വെള്ളവും, റൂം ഹീറ്ററും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ വിറച്ച്‌ മരിച്ചില്ല.

ആദ്യത്തെ മൂന്ന് ദിവസം ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ഞങ്ങള്‍ മല്ലടിച്ചു. അതിനു ശേഷം കറക്കം.

അങ്ങനെ പാര്‍ലമന്റ്‌ മന്ദിരവും, അവിടുത്തെ നടപടികളും കാണാന്‍ ഞങ്ങള്‍ക്കും അവസരം കിട്ടി. രണ്ട്‌ മൂന്നിടത്തെ സെക്യുരിറ്റി ചെക്കപ്പ്‌ കഴിഞ്ഞു, ഞാന്‍ മുന്നോട്‌ പോകാന്‍ തുടങ്ങിയപ്പോള്‍, ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ കൈയിലിരുന്ന മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദിക്കാന്‍ തുടങ്ങി. അയാള്‍ എന്നെ തടഞ്ഞ്‌ നിര്‍ത്തി... പോക്കറ്റിലുള്ള സകല സാധനങ്ങളും ഒരു ട്രേയില്‍ നിക്ഷേപിക്കാന്‍ പറഞ്ഞിട്ട്‌, എന്റെ ശരീരത്തിലൂടെ ആ മെഷീന്‍ ഓടിച്ചപ്പോള്‍ ഇക്കിളി കൊണ്ടിട്ടും ചിരിക്കാതെ ഞാന്‍ പിടിച്ചു നിന്നു. എന്റെ പാന്റിന്റെ അവിടെ മെഷീന്‍ വന്നപ്പോള്‍ വീണ്ടും മെഷീന്‍ പീക്ക്‌ പീക്ക്‌ ശബ്ദം പുറപ്പെടുവിച്ചു. എന്റെ പാന്റിന്റെ പോക്കറ്റില്‍ വല്ലതും ഉണ്ടോ എന്ന് തിരക്കിയെങ്കിലും മജീഷ്യന്‍ മുതുക്കാടിനെ പോലെ പോക്കറ്റ്‌ ശൂന്യമെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. എന്റെ കൂട്ടുകാര്‍ അങ്ങേപുറത്ത്‌ മാറി നിന്നു ചിരി ആരംഭിച്ചപ്പോള്‍, പോലീസുകാരന്‍ അവരോട്‌ പാര്‍ലമെന്റില്‍ പ്രവേശിച്ചു കൊള്ളാന്‍ പറഞ്ഞു. എന്നിട്ട്‌ പോലീസുകാരന്‍ എന്നെയും കൊണ്ട്‌ ഒരു അടച്ച മുറിയില്‍ കയറ്റി. അവിടെ വേറെ രണ്ട്‌ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവരും ഈ ഉള്ളവനെ അരിച്ചു പെറുക്കാന്‍ തുടങ്ങി. അവസാനം എന്റെ ഷര്‍ട്ടും, ബനിയനും, പാന്റും ഊരി, വി.ഐ.പിയുടെ ജട്ടി പരസ്യത്തിലെ യുവ കോമളനെ പോലെ കൈയും കെട്ടി നിര്‍ത്തി പരിശോധന തുടര്‍ന്നു. ഒരുത്തന്‍ എന്റെ പാന്റില്‍ കൂടി മെഷീന്‍ ഓടിച്ചു കളിച്ചു. അതിനിടയില്‍ ഒരുത്തന്‍ എനിക്ക്‌ അരിഞ്ഞാണം ഉണ്ടോയെന്ന് തപ്പിയപ്പോള്‍ ഞാന്‍ ഇക്കിളി കൊണ്ട്‌ കിരിച്ചു [കര + ചിരി] അവസാനം ഞങ്ങളെ കുഴക്കിയ ചോദ്യത്തിനു ഉത്തരം കിട്ടി. എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഗുളികയുടെ കവറിന്റെ പുറത്തുള്ള ഒരു അലൂമിനിയം ഫോയില്‍ പുറത്തെടുത്തതോടെ ആ മെഷീന്റെ കരച്ചില്‍ നിന്നു...ഒപ്പം എന്റെ വെപ്രാളവും.

അവസാനം പൂര്‍ണ്ണ ഔദ്ധ്യോഗിക ബഹുമതികളോടെ Z കാറ്റഗറി ഉദ്യോഗസ്ഥരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പാന്റും, ഷര്‍ട്ടും വലിച്ച്‌ കയറ്റി വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചു. എത്ര നേരം അവിടെ ഇരുന്നൂവെന്നോ, എന്താണു അവിടെ നടന്നതെന്നോ എനിക്ക്‌ മനസ്സിലായതേയില്ല. ഒടുക്കം അവിടുന്നിറങ്ങി പാര്‍ലമന്റ്‌ മന്ദിരത്തിലെ എം.പി മാരുടെ ക്യാന്റീനിലേക്ക്‌ ഞങ്ങളെ ഞങ്ങളുടെ സാരഥി നയിച്ചു. അവിടെ കയറി 5 കോഴ്‌സ്‌ ലഞ്ചും അടിച്ച്‌ പുറത്ത്‌ വന്നപ്പോള്‍ ഈ ലഞ്ചും എം.പി 'വഹ' എന്ന് പറഞ്ഞപ്പോള്‍ ആഹഹ ഈ എം.പി നിന്നാള്‍ വാഴട്ടെയെന്ന് വീണ്ടും മനസ്സില്‍ പറഞ്ഞു.

ഭക്ഷണവും കഴിഞ്ഞ്‌ ഞങ്ങള്‍ നേരെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ പോയി. Z ക്യാറ്റഗറി പരിശോധനയും, 5 കോഴ്സ്‌ ഭക്ഷണത്തിന്റെ ക്ഷീണവും എന്നെയാകെ തളര്‍ത്തിയിരുന്നു. അങ്ങനെ ആ ക്ഷീണത്തില്‍ അല്‍പം ഒന്ന് മയങ്ങി. ഏകദേശം 4 മണിയോടു കൂടി ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വെളിയില്‍ കൂടി ചുമ്മാതെ ഒന്ന് ഉലാത്താന്‍ തീരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ വിശാലമായ ഒരു മൈതാനം ഉണ്ട്‌. അവിടെ തകൃതിയായി ഒരു പന്തലിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നു. പണിക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍. അങ്ങനെ ഞാന്‍ അവരൊട്‌ കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു- ഏതോ ഒരു എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയുടെ ഒരുക്കങ്ങളാണതെന്ന്.

കുശലാന്വേഷണത്തിനു ശേഷം മുന്‍പോട്ട്‌ പോയപ്പോള്‍ രമേശ്‌ ചെന്നിത്തല എം.പി എന്ന ബോര്‍ഡ്‌ എന്റെ ദൃഷ്ടിയില്‍ പെട്ടു. അതിന്റെ തൊട്ടടുത്ത്‌ തന്നെ തെന്നല ബാലകൃഷണപിള്ള എന്ന ബോര്‍ഡും കണ്ടു. പിന്നെ ഒട്ടും സമയം കളയാതെ അവരുടെ കോളിംഗ്‌ ബെല്ല് പോയി അടിച്ചു. അവരുടെ ഭാഗ്യത്തിനു ആരും അവിടെ ഉണ്ടായിരുന്നില്ല.

പിന്നെ ഏറെ നേരം ചുമ്മാതെ റോഡില്‍ കൂടി ഞങ്ങള്‍ എല്ലാവരും നടന്നു. വഴി തെറ്റിയാല്‍ ചോദിച്ച്‌ വീട്ടില്‍ വന്ന് കയറാന്‍ ഹിന്ദി എന്ന സാധനം നഹി നഹി. അതു കൊണ്ട്‌ രാഷ്ട്ര ഭാഷയെ അപമാനിച്ചുവെന്ന പേരു ദോഷം വെരുത്തെണ്ടായെന്ന് കരുതി നേരം ഇരുട്ടി തുടങ്ങിയതോടെ വീട്ടിലേക്ക്‌ തിരിച്ചു നടന്നു.

വീടിന്റെ അവിടെ ചെന്നപ്പോള്‍, നമ്മുടെ പന്തല്‍ ഫോമിലായി. നിറയെ ലൈറ്റും ഒക്കെ കത്തിച്ച്‌, ഇല്യൂമിനേഷനും ഒക്കെ ഇട്ടു ശരിക്കും ഒരു മായാ പ്രപഞ്ചം. കേറ്ററിങ്‌കാര്‍ ഭക്ഷണം എല്ലാം അറേഞ്ച്‌ ചെയ്യുന്നു. ഭക്ഷണത്തിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്കടിച്ചപ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.

കോളെജില്‍ പഠിക്കുമ്പോഴെ വിളിക്കാത്ത കല്യാണത്തിനു പോയി നല്ല ശീലമുള്ള ഞാന്‍, രാത്രിയിലത്തെ ഭക്ഷണം എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയെന്ന് പറഞ്ഞപ്പോള്‍, യാതൊരു നാണവും മാനവും ഇല്ലാതെ സാര്‍ അടക്കം എല്ലാവരും എന്നോട്‌ യോജിച്ചു. പിന്നെ വേഗം എല്ലാവരും കുളിച്ച്‌ റെഡിയായി. സാര്‍ അകത്ത്‌ കയറി രണ്ട്‌ ലാര്‍ജ്ജും വീശി ഒന്ന് ഉഷാറായി. ഏതായാലും സാറിന്റെ ഭാര്യ ഈ വിളിക്കാ കല്യാണത്തിനു വരുന്നില്ലായെന്ന് പറഞ്ഞപ്പോള്‍.. അമ്മാ ഇവിടെ തന്നെ ഇരുന്നാല്‍ മതി. ഞാന്‍ ഭക്ഷണം അവിടുന്ന് കൊണ്ട്‌ തരാമെന്ന് പറഞ്ഞ്‌ ദാനശീലന്റെ കുപ്പായം അണിഞ്ഞു.

ഉച്ചക്ക്‌ 5 കോഴ്സ്‌ ലഞ്ചാണെങ്കില്‍, രാത്രിയില്‍ അതിലും ഗംഭീര ഭക്ഷണം. ഒരു ഓര്‍ക്കസ്ട്ര ട്രൂപ്പും അതില്‍ നല്ല ഒരു സുന്ദരി പെണ്ണും കൂടി അടിച്ച്‌ പൊളിച്ച്‌ പാട്ട്‌ പാടുന്ന കാരണത്താല്‍ അതിനു അനുസരിച്ച്‌ തുള്ളുന്ന തിരക്കിലായി ചെറുസെറ്റ്‌. ആ സമയം തക്കത്തില്‍ ഉപയോഗിച്ച്‌ സൊമാലിയക്കാരുടെ കൈയില്‍ അരിച്ചാക്ക്‌ കിട്ടിയതു പോലെ ഞങ്ങള്‍ ഭക്ഷണം നിരത്തിയ ഭാഗത്തേക്ക്‌ കുതിച്ചു. ബുഫെ ആയ കാരണം എല്ലാത്തിന്റെയും രുചി നോക്കി എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായതു കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു. വായില്‍ കൊള്ളാത്ത കുറെ പേരുകള്‍ അവയുടെ ചുവട്ടില്‍ എഴുതിയും വെച്ചിട്ടുണ്ട്‌.... പക്ഷെ എന്താണു സാധനം എന്ന് അറിയണമെങ്കില്‍ തിന്നു തന്നെ നോക്കണം. കാരണം അവയുടെ പേരില്‍ ചിലത്‌ ഇങ്ങനെയായിരുന്നു:- ഗലീനാ കാഫ്രില്‍ [ഗോവന്‍ രീതിയില്‍ കോഴി വറുത്തത്‌] നമ്മ്താ മോമോ [നമ്മുടെ കൊഞ്ച്‌ മൈദായില്‍ പാത്തിരിക്കുന്നു] ഡോയി മാച്ച്‌ [ നല്ല കട മീന്‍ എന്തൊക്കെയോ ചെയ്ത്‌ മധുരമൂറിക്കുന്ന ഒരു കറി] സൊ...എല്ലാം നമ്മള്‍ തൊട്ടും രുചിച്ചും നോക്കിയാല്‍ കൂടി മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ട്‌...കാരണം മധുരമുള്ള മീന്‍ കറി എന്റെ അമ്മ വെച്ചാല്‍ എന്തരു ഇത്‌, ഇതിന്റെയും പേരു മീന്‍ കറി എന്ന് തന്നെയോ അമ്മെയെന്ന് ചോദിക്കുന്ന ഞാന്‍ ഈ വായില്‍ മധുരിക്കുന്ന മീനിന്റെ പേരു ഡോയി മാച്ച്‌ എന്ന് പഠിച്ച കാരണത്താല്‍ പിന്നെ ആ ഭാഗത്തേക്ക്‌ പോയതെയില്ല. പിന്നെ കുടിക്കാന്‍ വിവിധ തരം ജ്യൂസുകള്‍, ഒപ്പം ബട്ടര്‍ മില്‍ക്ക്‌.... ബട്ടര്‍ ചേര്‍ത്ത മില്‍ക്ക്‌.... ഹാ ഹാ...ഞാന്‍ ഇതൊക്കെയെ കുടിക്കത്തുള്ളു എന്ന സ്റ്റയിലില്‍ പോയി അത്‌ ഗ്ലാസ്സില്‍ പകര്‍ത്തി കുടിച്ചപ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ആ ബട്ടര്‍ മില്‍ക്കിനു മോരും വെള്ളമെന്ന് പറയും... അമ്മച്ചിയാണ മോരും വെള്ളം ദില്ലിയില്‍ എം.പിയുടെ മോളുടെ കല്യാണത്തിനു വന്നപ്പോള്‍ ബട്ടര്‍ മില്‍ക്ക്‌. അങ്ങനെ മനസ്സിലാകുന്നതും, മനസ്സിലാകാത്തതുമായ ഭക്ഷണങ്ങള്‍ വയറ്റില്‍ കൊള്ളിച്ച്‌ കൊണ്ട്‌ നിന്നപ്പോള്‍ അവിടേക്കു 'കരിമ്പൂച്ചകളുടെ' ഒരു തള്ളി കയറ്റം കണ്ട്‌ എന്താണു അവിടെ സംഭവിക്കുന്നതെന്നറിയാതെ കോഴിക്കാലു എന്റെ തൊണ്ടയില്‍ കുടുങ്ങി. കണ്ണ്‍ അടച്ചു തുറക്കും മുന്‍പെ ആ ഹാള്‍ നിറച്ചും കരിമ്പൂച്ചകള്‍...ഡാന്‍സും കൂത്തും, പാട്ടും എല്ലാം നിലച്ചു. ഞാന്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍, ദാ നില്‍ക്കുന്നു സാക്ഷാല്‍ നമ്മുടെ പ്രധാനമന്ത്രി ദേവ ഗൗഡ, ഹരിയാനയുടെ സിംഹം ദേവി ലാല്‍ അങ്ങനെ കുറെ പേര്‍ ഒരുമിച്ച്‌ കയറി വന്നതിന്റെ സെക്യുരിറ്റിയായിരുന്നു അത്‌. തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കാല്‍ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ മോഡില്‍ ഇട്ട്‌ വേഗം പുറത്തെടുത്ത്‌ ബാക്കി ഭക്ഷണത്തിന്റെ രുചി നോക്കാന്‍ മെനക്കെടാതെ എ.കെ.47ന്റെ ഇടയില്‍ കൂടി പുറത്തിറങ്ങി.

രണ്ടടി നടന്നപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു പാണ്ടി, ഒരു ബെന്‍സ്‌ കാര്‍ ചൂണ്ടി കാട്ടി, ഇന്ത ടൊയോട്ടാ കാര്‍ വന്ത്‌ ദേവഗൗഡാജി കാര്‍ എന്ന് പറഞ്ഞപ്പോള്‍...പോടാ അത്‌ ബെന്‍സെടാ ബെന്‍സ്‌... ബെന്‍സ്‌ പാത്താലും ടൊയൊട്ടാ പാത്താലും തെരിയാത്ത അറിവ്‌ കെട്ട മുന്‍ടം എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പാണ്ടി, അത്‌ ടൊയോട്ടാ എന്ന് പറഞ്ഞപ്പോള്‍ അരിശം മൂത്ത്‌ ബെന്‍സിന്റെ പുറകിലുള്ള എംബ്ലം കാട്ടാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിട്ട്‌, നായേ...ഇന്ത്‌ എംബ്ലം പാ.....മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ എന്റെ രണ്ട്‌ ചെവി പുറകിലും എന്തോ വന്ന് കൊണ്ടു. കവച്ച്‌ നിന്ന ഞാന്‍ കാലിന്റെ ഇടയില്‍ കൂടി കരിമ്പൂച്ചകളുടെ കാലു കണ്ടപ്പോള്‍ തന്നെ സിഗ്നല്‍ കിട്ടാതെ സംപ്രേക്ഷണം തടസ്സപ്പെട്ടു പോയ റ്റി.വി പരിപാടി പോലെ നിന്നിടത്ത്‌ നിന്ന് വിറച്ചു. വയറു നിറച്ച്‌ കഴിച്ചിട്ട്‌ , കാലും കവച്ച്‌ കുനിഞ്ഞ്‌ നിന്ന്, ഭയം നിമിത്തം എന്റെ ഭാഗത്ത്‌ നിന്ന് അസ്വഭാവികമായി എന്തെങ്കിലും ശബ്ദം പുറത്ത്‌ വന്നാല്‍. വെടിയുണ്ട കയറിയ അരിപ്പ പോലെയായ ഒരു ശരീരം ദില്ലിയുടെ തെരുവില്‍ വീഴും. അതിലും ഭേദം വരുന്നത്‌ വരട്ടെയെന്ന് കരുതി, ഞാന്‍ ആകാശത്തേക്ക്‌ രണ്ട്‌ കൈകളും ഉയര്‍ത്തി കീഴടങ്ങി. പെട്ടെന്ന് തന്നെ മറ്റൊരു കരിമ്പൂച്ച എന്റെ ദേഹം മൊത്തം മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച്‌ ഉഴിഞ്ഞു. വേറൊരുത്തന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ട്‌ ഉള്ളതെല്ലാം പൊക്കി. ഭാഗ്യത്തിനു എന്റെ വെല്ലൂരെ തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടി. അതു നോക്കിയിട്ട്‌ എന്തൊക്കെയോ ഹിന്ദിയില്‍ എന്നോട്‌ തിരക്കി... കൈ പൊക്കി നില്‍ക്കുമ്പോള്‍ നാക്ക്‌ പൊങ്ങില്ലായെന്ന വലിയ തത്വം അപ്പോഴാണു എനിക്ക്‌ മനസ്സിലായത്‌. എന്റെ വായില്‍ നിന്ന് ഒരു ശബ്ദം പോലും വന്നില്ല. പിന്നെ എ.കെ.47 പുറകില്‍ നിന്ന് മാറ്റി എന്നോട്‌ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അച്ചുമാവന്‍ ബാംഗ്ലൂരില്‍ മേജര്‍ സന്ദീപിന്റെ വീടിന്റെ അവിടെ വെച്ച്‌ പത്രക്കാരോട്‌ പറഞ്ഞതിനെക്കാട്ടിലും 'അടി' 'പൊളി' ഇംഗ്ലീഷ്‌ വിറച്ചു വിറച്ച്‌ പറഞ്ഞു... എല്ലാം മനസ്സിലാക്കിയിട്ട്‌, ആ പൊയ്ക്കോ എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ എന്റെ കൂടെ വന്ന ഒറ്റ ഒരുത്തന്‍ പോലും ആ പരിസരത്തില്ല. കൂട്ടുകാരായാല്‍ ഇങ്ങനെ തന്നെ വേണം...

ഞാന്‍ പതുക്കെ എം.പി ക്വാട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാരുടെയും മുഖത്ത്‌ ആശ്വാസം. ആരോടും ഒന്നും പറയാന്‍ നില്‍ക്കാതെ നേരെ കക്കൂസ്സില്‍ പോയി... ഭാഗ്യം, അണ്ടര്‍വെയര്‍ വൃത്തിക്കേടായില്ല. കക്കൂസ്സില്‍ നിന്നിറങ്ങിയ ഞാന്‍ പിന്നീട്‌ ആരോടും അധികം സംസാരിച്ചില്ല, ചിരിച്ചില്ല, സാറു വരച്ച ലക്ഷ്മണ രേഖയ്ക്ക്‌ പുറത്ത്‌ കടന്നതുമില്ല. അന്ന് കമാന്‍ഡോസിന്റെ എ.കെ.47 തോക്ക്‌ വെച്ച്‌ എന്റെ മെഡുല്ലായ്ക്ക്‌ വല്ല അടി കിട്ടിയതായിരിക്കുമെന്ന് എന്റെ കൂട്ടുകാര്‍ ചിന്തിച്ചു പോയി.

പണ്ടുള്ളവര്‍ പറയുമ്പോലെ , ‘ദില്ലി കടക്കുവോളം നാരായണ, നാരായണയെന്ന് ‘പോലും ഞാന്‍ വിളിക്കാന്‍ നാവുയര്‍ത്തിയില്ല; കാരണം അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍.നാരായണന്‍ജി ആയിരുന്നെ. ഇനി അതിന്റെ പേരില്‍ ഒരു സെക്യുരിറ്റി ചെക്ക്‌ അപ്പിനു എന്റെ ശരീരത്തിനു ത്രാണിയില്ലായിരുന്നു. അങ്ങനെ കടിച്ച്‌ പിടിച്ച്‌ ടൂറും കഴിഞ്ഞു വെല്ലൂരില്‍ സുരക്ഷിതമായി എത്തിയപ്പോള്‍ ‘ദേ, പിന്നെയും ശങ്കരന്‍ തെങ്ങിന്‍ മേല്‍ തന്നെയെന്ന്’ പറഞ്ഞതു പോലെ എന്റെ സ്വഭാവവും മാറിയെന്ന് എന്ന് ഇനിയും പറയേണ്ടതില്ലല്ലോ.

31 comments:

Senu Eapen Thomas, Poovathoor said...

വെല്ലൂരില്‍ നിന്നും കോഴ്സിന്റെ ഒടുക്കം ഒരു സ്റ്റഡി ടൂര്‍- ദില്ലിയിലേക്ക്‌. അവിടെ വെച്ച്‌ ഞങ്ങള്‍ ആരും ക്ഷണിക്കാത്ത ഒരു കല്യാണ വിരുന്നിനു പോയി. അവിടെ വെച്ച്‌ ഉണ്ടായ പുകിലുകള്‍... ഈശ്വരാ... പള്‍സ്‌ ഇപ്പോഴും ഉണ്ട്‌ കേട്ടാാ.. അതു കൊണ്ട്‌ ജീവനുണ്ട്‌... ഫാഗ്യം.

ബഷീർ said...

SENU,,, SUPERB...

FIRST COMMENT FROM ME..

സജുശ്രീപദം said...

സേനു ഭായ് തകര്‍ത്തൂട്ടോ!!!!

Ranjith chemmad / ചെമ്മാടൻ said...

കിടിലന്‍!
ഓരോന്നും വായിച്ചു വരുന്നു.

Anonymous said...

superb ponnaa superb...uuuuuuupsssssssssss flying kissess from Jakartha

അനീഷ് രവീന്ദ്രൻ said...

ഹ ഹ..സെനൂ ചിരിച്ച് കണ്ണ് നിറഞ്ഞു. അപാര സാധനം. അടിപൊളി.

smitha adharsh said...

നന്നായിരിക്കുന്നു...
ഗുളിക ഇവര്‍ക്കൊക്കെ അലൂമിനിയം ഫോയില്‍ കൊണ്ടല്ലാതെ വേറെ ഒന്നും എടുത്തു പൊതിയാന്‍ കണ്ടില്ലേ?
അല്ല..വേറെ എന്തെങ്കിലും ആയിരുന്നെന്കില്‍ ഈ അനുഭവം വായിക്കാന്‍ പറ്റുമായിരുന്നോ?

എം.എസ്. രാജ്‌ | M S Raj said...

അച്ചുമാവന്‍ ബാംഗ്ലൂരില്‍ മേജര്‍ സന്ദീപിന്റെ വീടിന്റെ അവിടെ വെച്ച്‌ പത്രക്കാരോട്‌ പറഞ്ഞതിനെക്കാട്ടിലും 'അടി' 'പൊളി' ഇംഗ്ലീഷ്‌ വിറച്ചു വിറച്ച്‌ പറഞ്ഞു...

ഈ ഭാഗം വായിച്ചപ്പോള്‍ സംഭവം സ്വന്തം കണ്മുന്നില്‍ നടക്കുന്നതു പോലെ തോന്നി. കിടിലന്‍ പുരാണം തന്നെ!

Rani said...

അടിപൊളി ...

മാണിക്യം said...

"കൈ പൊക്കി നില്‍ക്കുമ്പോള്‍
നാക്ക്‌ പൊങ്ങില്ലായെന്ന
വലിയ തത്വം അപ്പോഴാണു
എനിക്ക്‌ മനസ്സിലായത്‌..."

:)
ഉപമയും
ഉപമാനങ്ങളും
ഉഷാറായി.

അശോക് കർത്താ said...

ദാ മാണിക്യം പറഞ്ഞതെ എനക്കും പറയാനുള്ളു.

Anonymous said...

കള്ളാ .ആ ഗുളികയുടെ കവര്‍ മനപൂര്‍വ്വം വച്ചതല്ലേ ...അവര്‍ക്ക് പണികൊടുക്കാന്‍ ?അവസാനം പണികിട്ടിയല്ലേ!!!!!!!!!!

ദീപക് രാജ്|Deepak Raj said...

പ്രിയ സെനൂ അച്ചായാ
കഴിഞ്ഞ പോസ്റ്റിലെ "നാറിയ" കഥകളുടെ ക്ഷീണം ഇത്തവണ "അഞ്ചു കോഴ്സ് സദ്യയുടെ" മണമുള്ള പോസ്റ്റ് കൊണ്ട് തീര്‍ത്തു. പിന്നെ ഇപ്പോഴും ഈ സദ്യാ പ്രേമം ഉണ്ടോ..?
നന്നായി.

സ്നേഹത്തോടെ
(ദീപക് രാജ്)

..:: അച്ചായന്‍ ::.. said...

"സൊമാലിയക്കാരുടെ കൈയില്‍ അരിച്ചാക്ക്‌ കിട്ടിയതു"

എന്തൊരു ഉപമ എന്റെ അണ്ണോ ... കിടു കിടു :D

Unknown said...

Good one....

Anonymous said...

വെറും തറ ഭാഷ ...........
"മണ്ടന്മാര്‍ ലണ്ടനില്‍ " സ്റ്റൈല്‍ ...........
ഇവനോക്കെയാണ് ബ്ലോഗിലെ പുലികള്‍ .................

hi said...

hooo..goood

രഘുനാഥന്‍ said...

പ്രിയ സെനു‌..കുറച്ചുനാളായി താങ്കളുടെ പഴമ്പുരാണംസ് വായിക്കാന്‍ കഴിഞ്ഞില്ല. കലക്കുന്നുണ്ട് കേട്ടോ....കരിമ്പൂച്ചകളെ കണ്ടു നെജ്ട്ടി അല്ലെ...ഞാന്‍ കരിമ്പൂച്ച അല്ല പച്ച പൂച്ചയാ ..ആശംസകള്‍

Dr.Biji Anie Thomas said...

കരിമ്പൂച്ചകളെ വിരട്ടിക്കളഞ്ഞൂല്ലോ സെനൂ..ചിരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ..

Anonymous said...

സെനുച്ചായോ,

അച്ചായന്‍ അങ്ങ്‌ ഫേമസായി അല്ലെ. അച്ചായന്റെ ബ്ലോഗ്‌ മാര്‍പാപ്പ വരെ വായിക്കാന്‍ തുടങ്ങിയെന്ന് തോന്നുന്നുവല്ലോ. തറയാണെന്ന് മാര്‍പാപ്പ ആണോ അച്ചായാ കമന്റിയത്‌?

ആ വലിയ എഴുത്തുകാരന്റെ മേല്‍വിലാസം ഒന്ന് കിട്ടിയിരുന്നെങ്കില്‍ നല്ല കുറച്ച്‌ ബ്ലോഗ്‌ മേല്‍വിലാസം കൊടുക്കാമായിരുന്നു.

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. അസൂയ മൂത്ത അനോണിയെ, മിടുക്കനാണെങ്കില്‍ താനും പുലിയാകടോ.

ഞാനും അനോണി തന്നെ.

Neena Sabarish said...

ഈ കൈപൊക്കിയാല്‍ നാവ് പൊങ്ങില്ലാ??.....ഇല്ലാ??.......സത്യം? പേരൊന്നു മാറ്റി kuruthakkedu.com എന്നാക്കരുതോ? അമ്മച്ചിയാണേ അതാ ചേര്‍ച്ച.....

nandakumar said...

ശ്രീനു നന്നായിരിക്കുന്നു. ഇനിയും പോരട്ടെ വീര സാഹസിക കഥകള്‍
(ഇനിയും കൊഴുപ്പിക്കാമെന്നു തോന്നി)

Manikandan said...

സെനുച്ചായോ ഈ ജീവിതം ഒരു ഒന്നൊര സംഭവം തന്നെ. ഡൽഹി പുരാണം ഇഷ്ടപ്പെട്ടു.

Anonymous said...

senuchayan oru sambhavam alla.. oru prasthanam alla.. oru country annuennu manasilayi...

കൊച്ചുമുതലാളി said...

:) good....

siva // ശിവ said...

വായിച്ചു, ചിരിച്ചു...

Anonymous said...

Adipoli senu.........super...eniyum eshuthuuuuuuuuuuu

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.

Mayasanal Suryakalady said...

excellent...superb! pazhakumthorum ruchi koodunna pazhankanji pole pazhamburanams...

Anonymous said...

Dear senu
Realy i enjoy keep it up
thank you. George Panayil
Nedumpana(U S A)

Anonymous said...

:)