Monday, 1 September 2008

അവധിക്കാല ഓര്‍മ്മകള്‍ [ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പി ഈ ലക്കത്തോടൊപ്പം ഫ്രീ]

വോട്ടര്‍ പട്ടികയില്‍ 18 തികയാത്ത ഭൂരിഭാഗം കുഞ്ഞ്‌ കുട്ടി പരാധീനങ്ങളും, ജാതി മത ഭേദമില്ലാതെ, ലിംഗ വ്യത്യാസമില്ലാതെ ഞങ്ങളുടെ കുട്ടി ഗ്യാങ്ങില്‍ അംഗങ്ങളായിരുന്നു. ശനിയാഴ്ച്ചകളിലും, ഓണാവധി, ക്രിസ്തുമസ്സ്‌ അവധി, വലിയ അവധി ദിവസങ്ങളില്‍ എല്ലാം ഞങ്ങള്‍ രാവിലെ മുതല്‍ ഒരുമിച്ചു കൂടും. എന്റെ അപ്പച്ചന്‍ ഒരു ഓട്‌ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാല്‍ എന്റെ ജനനത്തോടെ ആ ഓട്‌ ഫാക്ടറി ചരിത്രത്തിന്റെ ഭാഗമായി. ഈ ചരിത്ര സ്മാരകമായിരുന്നു ഞങ്ങളുടെ വിഹാര കേന്ദ്രം. കൂടാതെ വിശപ്പടിക്കുമ്പോള്‍ അപ്പ പറമ്പില്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്ന ചാമ്പ, മാവ്‌, പേര, ലോലോലി [ഗ്ലോവിക്ക], ജാതി മുതലായ ഫല വൃക്ഷങ്ങളില്‍ കയറി കായ കനികള്‍ ഭക്ഷിച്ചും, അവയില്‍ ഫാസ്റ്റ്‌ ഫുഡുകള്‍ [അവയില്‍ ചിലതിന്റെ റെസിപ്പി ഈ ലക്കത്തോടൊപ്പം ഫ്രീ.]പരീക്ഷിച്ചും ഞങ്ങള്‍ അവധിക്കാലം അടിച്ചു പൊളിച്ചിരുന്നു.

സെവന്റീസ്‌, കപടി, ഇട്ടൂലി-കുത്തൂലി, സാറ്റ്‌, ചീട്ടില്‍ കഴുത കളി, അക്ക്‌ കളി മുതലായവകളായിരുന്നു ഞങ്ങളുടെ പ്രധാന ഇനങ്ങള്‍. ഇതില്‍ കപടി കളി എനിക്ക്‌ വലിയ താത്‌പര്യമില്ലായിരുന്നു. കാരണം കപടി, കപടി എന്ന് വിളിച്ച്‌ കൂവി പോകുന്ന ഞാന്‍ അല്‍പ സമയത്തിനുള്ളില്‍ എതിര്‍ പക്ഷക്കാരന്റെ തോളത്ത്‌ ഇരുന്നായിരിക്കും കപടി കപടിയെന്ന് പറയുന്നത്‌. ചീട്ടിലെ കഴുത കളി എനിക്ക്‌ ഇഷ്ടപ്പെട്ട ഇനമായിരുന്നു. കാരണം കൂട്ടത്തില്‍ ഉള്ള ഒരു പെണ്‍ക്കുട്ടി ആസ്ഥാന കഴുത ആയിരുന്നു. പിന്നെ സെവന്റീസ്‌... ഒതുക്കത്തില്‍ ഏറു കൊള്ളാതെ അക്ക്‌ അടുക്കി വെച്ച്‌ സെവന്റീസ്‌ എന്ന് വിളിക്കാന്‍ ഞാനും, ചേച്ചിയും വിരുതരായിരുന്നു. എന്നാല്‍ കൂട്ടത്തില്‍ ചിലരുടെ ഏറു പിടിച്ച്‌, 'വഴിയെ പോകുന്ന ചാവാലി പട്ടിക്ക്‌' ഏറു കിട്ടിയ കണക്കെ കരഞ്ഞിട്ടുണ്ടെന്നതും പരമ സത്യം. എന്നിരുന്നാലും ഇതില്‍ ഒന്നും ആര്‍ക്കും പരാതികളുമില്ലായിരുന്നു താനും.

അങ്ങനെ വീണ്ടും ഒരു ഓണാവധി വന്നു. ഞങ്ങള്‍ പതിവു പോലെ ഒന്നിച്ചു കൂടി. ഓണാവധിക്ക്‌ ഊഞ്ഞാലാട്ട മത്സരം ഒരു പ്രധാന ഇനമായിരുന്നു. എന്റെ ചേച്ചിക്ക്‌ ഊഞ്ഞാലില്‍ നിന്നും, ഇരുന്നും ആടാന്‍ ഒട്ടും പേടിയില്ല. ഊഞ്ഞാലാട്ടത്തില്‍ ആദ്യ കുറച്ച്‌ സമയം ഒരാള്‍ ആട്ടി തരും. ഊഞ്ഞാലില്‍ ഒരാള്‍ നില്‍ക്കുകയും, മറ്റൊരാള്‍ ഇരുന്നുമാണു ആടുന്നത്‌. ചേച്ചിയുടെ കൂടെയാടാന്‍ എനിക്ക്‌ തീരെ സ്റ്റാമിന ഇല്ല. എന്നാലും ചേച്ചി, മത്സരം വരുമ്പോള്‍ എന്നെയായിരിക്കും തിരഞ്ഞെടുക്കുക. അങ്ങനെ ഞാനും ചേച്ചിയും ആട്ടം തുടങ്ങി. കാണികള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ചേച്ചി ആട്ടത്തിനു സ്പീഡ്‌ കൂട്ടി. ഞാന്‍ കയറില്‍ മുറുക്കി പിടിച്ച്‌ പ്രാണരക്ഷാര്‍ത്ഥം കൂവുകയല്ലാതെ സ്പീഡ്‌ കൂട്ടാന്‍ വേണ്ടി ആക്സ്‌ലേറ്ററില്‍ കാലു കൊടുക്കാറെയില്ല. അങ്ങനെ ഞാനും ചേച്ചിയും ഏതാണ്ട്‌ ഊഞ്ഞാലു കെട്ടിയ മാവിന്റെ മുകളില്‍ വരെ എത്താറായി കാണും...എന്ത്‌ പറ്റിയെന്ന് ഇപ്പോഴും എനിക്കറിയില്ല....ഏകദേശം 50 മീറ്റര്‍ അകലത്ത്‌ നിന്നാണു ഞങ്ങള്‍ എഴുന്നേറ്റ്‌ വന്നതെന്ന് മാത്രം എനിക്കറിയാം. എപ്പോളായിരുന്നു ആ ക്രാഷ്‌ ലാന്‍ഡിംഗ്‌ എന്ന് ഒരു ഊഹവുമില്ല. കാണികള്‍ കൂടുതലായതിനാല്‍ കരയാനും, പിഴിയാനും നില്‍ക്കാതെ വേഗം ചന്തിയിലെ പൊടിയും തൂത്ത്‌ അടുത്ത മത്സരാര്‍ത്ഥികളെ കയറ്റി ഊഞ്ഞാലില്‍ ഇരുത്തി, വൈകിട്ട്‌ വീട്ടില്‍ വന്ന് അയഡക്സ്‌ പുരട്ടി ആവി പുരട്ടി ആശ്വസിച്ചു. അതില്‍ പിന്നിട്‌ ഞാനിന്നു വരെ ചേച്ചിയുടെ കൂടെ ഊഞ്ഞാലില്‍ കയറിയിട്ടില്ല.

പിന്നെ ഞങ്ങളുടെ പ്രധാന വിനോദം സാറ്റ്‌ കളിയായിരുന്നു. ഓട്‌ ഫാക്‍ടറി വിശാലമായിരുന്നതിനാല്‍ ഒളിച്ചിരിക്കാന്‍ ഒരു പാട്‌ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പതിവു പോലെ സാറ്റ്‌ കളി തുടങ്ങി. ചേച്ചിയാണു എണ്ണുന്നത്‌. ചേച്ചി എണ്ണി തീര്‍ന്നതും 'പൊത്തോ' എന്നൊരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. ചേച്ചി കണ്ണു തുറന്ന് നോക്കിയപ്പോള്‍, ഒരാള്‍ പാത്തിരുന്നത്‌ ഓട്‌ ഉണക്കാന്‍ വെയ്ക്കുന്ന ഷെല്‍ഫിന്റെ മുകളിലായിരുന്നു. കാല പഴക്കത്തില്‍ ആ ഷെല്‍ഫ്‌ ചിതല്‍ അരിച്ചിരുന്നതിനാല്‍, ഒളിച്ചിരുന്ന ഞങ്ങളുടെ സുഹൃത്തും, കഴുക്കോലും, പട്ടികയും സഹിതം താഴേക്കു വീണ ശബ്ദമാണു എക്കോ പൊലും ഇല്ലാതെ ആ പൊത്തോയെന്ന് കേട്ടത്‌. ചേച്ചിക്ക്‌ ഈ കാഴ്ച്ച നന്നായി ബോധിച്ചു. ആയതിനാല്‍ ചേച്ചി പരിസരം മറന്ന് ചിരിച്ചു. നമ്മുടെ സുഹൃത്ത്‌ വിടുമോ??? ഞങ്ങള്‍ ഊഞ്ഞാലില്‍ നിന്നും താഴെ വീണു എഴുന്നേറ്റതിലും സ്പീഡില്‍ അവന്‍ എഴുന്നേറ്റ്‌ അന്തസ്സായി പോയി സാറ്റ്‌ വെച്ചിട്ട്‌ ചേച്ചിയോട്‌ പറഞ്ഞു, "അതേ ഞാന്‍ വേഗം സാറ്റ്‌ വെക്കാന്‍ വേണ്ടി വന്നതാണെന്ന്". ശൂന്യാകാശത്ത്‌ നിന്നേ!!! വേഗം സാറ്റ്‌ വെയ്ക്കാന്‍ വന്നതാണത്രേ!!! ഇതു കേട്ടതും ചേച്ചി പിന്നെയും ചിരിച്ചു.

പിന്നെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു പെണ്‍ക്കുട്ടി എണ്ണാന്‍ തുടങ്ങി. കക്ഷി ഭയങ്കര പേടിച്ചു തൂറിയാണു. ആയതിനാല്‍ ഞങ്ങള്‍ അത്‌ മുതലാക്കി, കൂട്ടുകാര്‍ ഒന്നടങ്കം ഇഷ്ടിക ചൂളയില്‍ കയറി ഒളിച്ചു. ഇഷ്ടിക ചൂളയ്ക്കകത്ത്‌ കുറ്റാകുറ്റ്‌ ഇരുട്ട്‌. പിന്നെ കൂട്ടുകാരുടെ ധൈര്യത്തിലാണു നമ്മള്‍ ഈ സാഹസത്തിനൊക്കെ മുതിരുന്നത്‌. അങ്ങനെ ഞങ്ങള്‍ കയറി ഒളിച്ച്‌, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, ഞങ്ങളുടെ സുഹൃത്ത്‌ ചൂളയുടെ ഏഴ്‌ അയലത്ത്‌ പോലും വരുന്നില്ല. എല്ലാവര്‍ക്കും വിശപ്പടിക്കാന്‍ തുടങ്ങി. ചിലരുടെ കുടലു കരിഞ്ഞ മണവും, ചൂളയിലെ മണവും, ആവിയും എല്ലാം കാരണം അതിലെ ഏറെ നേരത്തെ ഇരുപ്പ്‌ ദുസഹമായതിനെ തുടര്‍ന്ന് ഞങ്ങള്‍ ഓരോരുത്തരായി പോയി സാറ്റ്‌ വെച്ചു. എല്ലാവരും സാറ്റ്‌ വെച്ചിട്ടും, ഞങ്ങളെ കണ്ടു പിടിക്കേണ്ടിയ ആളിനെ കാണുന്നില്ല. പിന്നെ ഞങ്ങളെല്ലാവരും കൂടി പുള്ളിക്കാരിയെ കണ്ടു പിടിക്കാനുള്ള തിരച്ചിലായി. ഇതിനിടയില്‍ ആരോ ഒരാള്‍ പുള്ളിക്കാരിയുടെ വീട്ടിലേക്ക്‌ കുതിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത്‌.....പുള്ളിക്കാരി ഞങ്ങളെയെല്ലാം ഒളിപ്പിച്ചിരുത്തിയിട്ട്‌, വിശാലമായി ഊണും കഴിഞ്ഞ്‌ ഏമ്പക്കവും വിട്ട്‌ കൈ കഴുകാനായി കിണറ്റ്‌ കരയിലേക്ക്‌ വരുന്ന അത്യപൂര്‍വ്വ കാഴ്ച്ച. പട്ടിണിക്ക്‌ തങ്ങളെയിരുത്തി ഭക്ഷണം കഴിച്ച ആ ദേഷ്യത്തില്‍, അന്വേഷണത്തിനിറങ്ങി പുറപ്പെട്ട സുഹൃത്ത്‌ അല്‍പം ‘അന്യ ഭാഷ’ പറഞ്ഞ്‌, 4.00 മണിക്ക്‌ വീണ്ടും കൂടാമെന്ന് പറഞ്ഞ്‌ പിരിഞ്ഞു.

അങ്ങനെ ഞങ്ങള്‍ എല്ലാവരും 4.00 മണിയോടെ ഓട്ടാഫീസില്‍ തന്നെ ഒത്ത്‌ കൂടി. കാപ്പി കുടി ഒക്കെ കഴിഞ്ഞ്‌ വന്ന കാരണം സെവന്റീസ്‌ കളിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കളി തുടങ്ങി. 1-2 സെറ്റ്‌ കഴിഞ്ഞപ്പോഴെക്കും ഒരു കൂട്ടുകാരിക്ക്‌ രണ്ടിനു പോകാന്‍ ഉള്ള ഒരു വിളി. ആ വിളി അവള്‍ തുറന്ന് പറഞ്ഞപ്പോള്‍, കളി താത്ക്കാലികമായി നിര്‍ത്തിയതും, കൂട്ടുകാരി അടുത്ത പറമ്പിനെ ലക്ഷ്യമാക്കി ഓടി. ഞങ്ങള്‍ പിന്നീട്‌ കൊച്ച്‌ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞങ്ങനെ നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ രണ്ടിനു പോയ കൂട്ടുകാരി നനഞ്ഞ്‌ ഈറനായി അവിടേക്ക്‌ വന്നു. ഇത്‌ എന്ത്‌ പറ്റി? നീ കുളിച്ചോ? [ഓട്ടാഫീസിന്റെ പുറകില്‍ കൂടിയാണു വിശാലമായ പമ്പ നദി]. പുള്ളിക്കാരി ചമ്മലോടെ പറഞ്ഞു, " അതേയ്‌ ഞാന്‍ കാര്യം സാധിച്ചു കൊണ്ടിരുന്നപ്പോള്‍, എന്തോ ഒരു സാധനം എന്റെ ദേഹത്തേക്ക്‌ വന്ന് വീണു. അത്‌ ദേഹത്തേക്ക്‌ വീണ അതേ നിമിഷത്തില്‍ എന്റെ ബാലന്‍സ്‌ തെറ്റി ഞാന്‍ 'അതിലേക്ക്‌' തന്നെ വീണു. സത്യം പറഞ്ഞാല്‍ ഞാന്‍ കരുതിയതെന്താന്നോ....നിങ്ങള്‍ ആരോ എന്നെ കണ്ടു..എന്നിട്ട്‌ എന്നെ സെവന്റീസിന്റെ പന്ത്‌ എടുത്ത്‌ എറിഞ്ഞതാണെന്ന്? ഉരുണ്ട്‌ പിരണ്ട്‌ എഴുന്നേറ്റ്‌ നോക്കിയപ്പോളാ മനസ്സിലായത്‌ തെങ്ങില്‍ നിന്നും വീണ ഒരു വെള്ളയ്ക്കാ ആയിരുന്നതെന്ന്.... പിന്നെ പോയി ദേഹം കഴുകി. ഉടുപ്പിലൊക്കെ പറ്റിയ കാരണം പിന്നെ ഉടുപ്പും, പാവാടയും കഴുകി...അങ്ങനെ ആകെ നനഞ്ഞു. ഏതായാലും പറ്റിയത്‌ പറ്റി. ഇനി നിങ്ങളായിട്ട്‌ എന്നെ നാറ്റിക്കരുതേ" യെന്ന് അഭ്യര്‍ത്ഥിച്ചതും ഇതില്‍ കൂടുതല്‍ ഞങ്ങളെന്ത്‌ നാറ്റിക്കാനാ...തന്നെതാന്‍ നാറ്റിച്ചിട്ടല്ലേ വന്നത്‌ എന്ന് മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞപ്പോളായിരിക്കും കൂട്ടുകാരി ചിന്തിച്ചത്‌, :- ദൈവമേ!!! ഞാന്‍ എന്തിനാ ഇത്ര സത്യസന്ധയായതെന്ന്??? ഏതായാലും ആ വീഴ്ച്ചയോടെ കൂട്ടുകാരിക്ക്‌ പുതിയ പേരായി-'മലം'ഞ്ചരക്ക്‌ [മലഞ്ചരക്ക്‌]. ഒപ്പം അവള്‍ വരുമ്പോള്‍ റ്റൈറ്റില്‍ സോങ്ങുമായി....മലയാറ്റൂര്‍ 'മലം' ഞ്ചെരുവിലെ പൊന്മാനേ....പെരിയാറില്‍ മീന്‍ പിടിക്കും പൊന്മാനേ!!!

കാലം കടന്നു പോയി. ഇന്ന് ഈ മലഞ്ചരക്ക്‌ യു.എസ്സില്‍ നേഴ്സാണു. പഴമ്പുരാണംസിന്റെ സ്ഥിരം വായനക്കാരിയുമാണു. കൂട്ടുകാരി, നമ്മുടെ പഴയ കാലങ്ങള്‍ എന്താടാ നീ ഇതു വരെ എഴുതാത്തതെന്ന് ചോദിച്ചപ്പോളതും ഞാന്‍ അങ്ങു പോസ്റ്റാക്കാന്‍ തീരുമാനിച്ചു. പക്ഷെ അത്‌ ഇങ്ങനെയാകുമെന്ന് ഒരിക്കലും അവള്‍ ഓര്‍ത്തിരിക്കില്ല്ല. സത്യസന്ധര്‍ക്ക്‌ വരുന്ന ഓരോ പ്രശനങ്ങളേ!!!!.


അവധിക്കാല ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പീസ്‌.

1. കാന്താരി വാളന്‍പുളി.
നല്ല വാളന്‍പുളി തോടോടു കൂടിയത്‌-ഒന്ന്
ഉപ്പ്‌ നീരു - ആവശ്യത്തിനു.
കാന്താരി മുളക്‌ പഴുത്തത്‌:- ഒന്ന്.

ഇനി വാളന്‍ പുളിയുടെ തോടിന്റെ ഒരു മൂലയ്ക്ക്‌ ചെറിയ ഒരു സൂചി കൊണ്ട്‌ ഒരു ദ്വാരം ഉണ്ടാക്കുക. പിന്നീട്‌ കാന്താരി ഞെരുടി ഉപ്പു നീരില്‍ ചാലിക്കുക. ഈ പുളി ഉപ്പ്‌ നീരില്‍ ഇട്ട്‌ വെയ്ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ കഴിക്കുക.

2. മാങ്ങ മുള്‍കോഷ്യം.
ചനച്ച മാങ്ങാ:- 1
സവോള:- 1
വറ്റല്‍ മുളക്‌ പൊടി:- ആവശ്യതിനു.
ഉപ്പ്‌:- ആവശ്യത്തിനു.
വെളിച്ചെണ്ണ:- 2 സ്പൂണ്‍

ഇനി ചനച്ച മാങ്ങാ ചെറുതായി കൊത്തിയരിയുക. പിന്നീട്‌ സവോളയും അരിയുക. ഇനി ഉപ്പും, മുളകുപൊടിയും വിതറി 2 സ്പൂണ്‍ വെളിച്ചെണ്ണയും കൂടി കൂട്ടി ഇളക്കി 2 മിനിട്ട്‌ കഴിഞ്ഞ്‌ കഴിക്കുക.

3. പേരയ്ക്ക, ചാമ്പയ്ക്ക, ലോലോലി [ഗ്ലോവിക്ക] [സീസണ്‍ അനുസരിച്ച്‌] മിക്സ്‌ മസാല.
പേരയ്ക്ക- 1
ഉപ്പ്‌ നീരു:- ആവശ്യത്തിനു.
മുളക്‌ പൊടി:- ആവശ്യത്തിനു.
കായ പൊടി:- അല്‍പം.

ഇനി പേരയ്ക്ക 8 ചെറിയ കഷ്ണമായി മുറിക്കുക. മുളകും, ഉപ്പ്‌ നീരും, കായ പൊടിയും ചേര്‍ത്ത്‌ ഇളക്കി അല്‍പം കഴിഞ്ഞു കഴിക്കുക.

41 comments:

Senu Eapen Thomas, Poovathoor said...

ബര്‍ഗറും, പിസ്സായും, നൂഡില്‍സും തുടങ്ങിയ വായില്‍ കൊള്ളാത്ത പേരുകള്‍ ഉള്ള ഫാസ്റ്റ്‌ ഫുഡുകള്‍ മാത്രം പരിചയിച്ചിട്ടുള്ള നമ്മുടെ പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക്‌ അവധിക്കാലത്ത്‌ വേഗം തയ്യാറാക്കാന്‍ പാകത്തില്‍ ഉള്ള ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പി, ഈ ലക്കത്തോടൊപ്പം തികച്ചും ഫ്രീ.

ഒപ്പം പഴമ്പുരാണംസ്‌ വായനക്കാര്‍ക്ക്‌, ഹൃദയം നിറഞ്ഞ sHAPPY pONAM ആശംസകളും

അനൂപ് തിരുവല്ല said...

:)

കുട്ടനാടന്‍ said...

പോസ്റ്റിൽ സത്യ സന്ധതയുണ്ട് സെനൂ ഒപ്പം ഏറെ ഗൃഹാതുരത്വവും. റെസിപ്പീസ് കൊള്ളാം

ശ്രീ said...

സെനുവേട്ടാ...
ഓണക്കാല ഓര്‍മ്മകള്‍ക്ക് തേങ്ങ എന്റെ വക
“ഠേ!”

പോസ്റ്റ് ചിരിപ്പിച്ചു. പിന്നെ, പാവം മലഞ്ചരക്ക്! ഇതു വായിച്ച് പിന്നേം ഇത്രയ്ക്കു നിഷ്കളങ്ക ആയതിനേക്കുറിച്ചോര്‍ത്തു വിഷമിയ്ക്കുന്നുണ്ടായിരിയ്ക്കും. ;)

ആ അവസാന റെസിപ്പീ കൊള്ളാം.
വാളന്‍പുളിയില്‍ ഉപ്പും മുളകും ചേര്‍ത്ത് കഴിയ്ക്കുന്ന പരിപാടി ഞങ്ങള്‍ക്കുമുണ്ടായിരുന്നു. [ ഹോ! കൊതിയാകുന്നു. ]

നവരുചിയന്‍ said...

ഓണത്തിന് വീട്ടില്‍ പോകാന്‍ ലീവ് അപ്ലിക്കേഷന്‍ കൊടുത്തിട്ട് വരുമ്പോള്‍ ആണ് ഈ പോസ്റ്റ് കണ്ടത് ...... സന്തോഷം ആയി ... നല്ലപോസ്റ്റ് ....... എന്നാലും ഫാസ്റ്റ്‌ ഫുഡ്‌ റെസിപ്പി വേണ്ടാരുന്നു ....വെറുതെ വായില് മൊത്തം വെള്ളം ആയി

കുഞ്ഞന്‍ said...

സോനു ഭായി...

ആദ്യം ഓണം സ്പെഷ്യല്‍ ഒരു മുട്ടന്‍ തേങ്ങ ഉടയ്ക്കുന്നു....

((((((ഠോ))))))))

ഓണാശംസകളും റംസാന്‍ ആശംസകളും നേരുന്നു..!

Teena said...

chettanod oru kaaryavum viswasicch parayan kollila ennu manasilaayi........


pinne fast food recipe kandappol vaalyi kappal odikkanulla vellam....

നട്ടപിരാന്തന്‍ said...

ഇതാണ് ശരിക്കുമുള്ള പഴമ്പുരാണംസ്.

ഓര്‍ക്കുമ്പോള്‍, പഴയകാലത്തെ മധുരിക്കുന്ന ഓര്‍മ്മകള്‍ തന്ന ഈ പോസ്റ്റിനു നട്ടപിരാന്തന്റെ വക ഒരു.....ഒരു....ഒരു.......ഒരു.....

പറയാന്‍ പറ്റുന്നില്ല മാഷെ.....

നട്ടപിരാന്തന്‍ said...

ഇതാണു മാഷെ ശരിക്കുമുള്ള പഴമ്പുരാണംസ്.

ഓര്‍ക്കുമ്പോള്‍, പഴയകാലത്തെ മധുരിക്കുന്ന ഓര്‍മ്മകള്‍ തന്ന ഈ പോസ്റ്റിനു നട്ടപിരാന്തന്റെ വക.... ഒരു...ഒരു......ഒരു.....ഒരു..

പറയാന്‍ പറ്റുന്നില്ല മാഷെ.

PIN said...

അവധിക്കാല ഓർമ്മകൾ നായിട്ടുണ്ട്.
ഇപ്പോഴത്തെ കുട്ടികൽക്ക്, പഴയ ആ കളികളും ആ ഫാസ്റ്റ് ഫുഡും ഒക്കെ നഷ്ടമായി അല്ലേ? എത്ര മനോഹരമായിരുന്നു പഴയ ആ കുട്ടിക്കാലം അല്ലേ?

നന്നായിട്ട് എഴുതിയിരിക്കുന്നു ആശംസകൾ...

smitha adharsh said...

പട്ടിണിക്ക്‌ തങ്ങളെയിരുത്തി ഭക്ഷണം കഴിച്ച ആ ദേഷ്യത്തില്‍, അന്വേഷണത്തിനിറങ്ങി പുറപ്പെട്ട സുഹൃത്ത്‌ അല്‍പം ‘അന്യ ഭാഷ’ പറഞ്ഞ്‌, 4.00 മണിക്ക്‌ വീണ്ടും കൂടാമെന്ന് പറഞ്ഞ്‌ പിരിഞ്ഞു.
സെനുചെട്ടാ ഈ അന്യഭാഷാ എവിടെയാ പഠിപ്പിക്കുന്നെ?ഒന്നറിയാനാ!!!
ഇത്തവണ ആ "മലന്ച്ചരക്കിനു" ഇട്ടു പണി കൊടുത്തു അല്ലെ?
റെസിപീകള്‍ എല്ലാം കലക്കി...കേട്ടോ
ഇതെല്ലാം ഞങ്ങള്‍ക്കും പരിചയം ഉണ്ടായിരുന്നത് തന്നെ.അതൊക്കെ ഒരു കാലം..ഇനി അതൊന്നും തിരിച്ചു വരില്ലല്ലോ..കുട്ടികളെ ഒക്കെ ഈ പോസ്റ്റ് ഒക്കെ വായിച്ചു കേള്‍പ്പിക്കണം എല്ലാവരും.പണ്ടത്തെ കുട്ടികള്‍ ഇങ്ങനെ ഒക്കെയാണ് കളിച്ചിരുന്നത് എന്ന് പറഞ്ഞു കൊടുക്കാന്‍..
പിന്നെ,ചീട്ടു കളിയിലെ "കഴുത"....അതൊക്കെ അറിയ്വോ?ശോ!ഞാന്‍ വിചാരിച്ചു,ഇതൊക്കെ തൃശ്ശൂരിലെ കുട്ട്യോള്‍ക്ക് മാത്രേ അറിയൂ എന്ന്...!!
നല്ല പോസ്റ്റ്..ഇഷ്ടപ്പെട്ടു...

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

krish | കൃഷ് said...

((((((ഠേ!!))))))

ഫ്രീ റെസീപ്പിക്കുള്ള തേങ്ങ ഞാന്‍ തന്നെ ഉടച്ചേക്കാം.

രസികന്‍ പോസ്റ്റ്.

“മലയാറ്റൂര്‍ 'മലം' ഞ്ചെരുവിലെ പൊന്മാനേ....പെരിയാറില്‍ മീന്‍ പിടിക്കും പൊന്മാനേ!!! “

ഹഹഹ.. ഇത് കലക്കി.

krish | കൃഷ് said...

((((((ഠേ!!!))))))

ഫ്രീ റെസീപ്പിക്കുള്ള തേങ്ങയാ ഉടച്ചത്.

രസികന്‍ പോസ്റ്റ്.

“മലയാറ്റൂര്‍ 'മലം' ഞ്ചെരുവിലെ പൊന്മാനേ....പെരിയാറില്‍ മീന്‍ പിടിക്കും പൊന്മാനേ!!! “

ഹഹ.. ഇതു കലക്കി.

ചക്കര said...

ഏതാ ഈ മലംചരക്ക്? രഹസ്യമായി അറിയിച്ചാല്‍ മതി!!

ഓണാശംസകള്‍.

കാന്താരിക്കുട്ടി said...

അവധിക്കാല ഓര്‍മ്മകള്‍ കലക്കീട്ടോ..മലയാറ്റൂര്‍ മലം ചെരുവ് ഒത്തിരി ഇഷ്ട്ടപ്പെട്ടു.കൂടാതെ അവധിക്കാല ഫാസ്റ്റ് ഫൂഡ് റെസിപ്പികളും..വായിലൂടെ കപ്പലോട്ടിക്കാനുള്ള വെള്ളം

ഒരു ഓഫ് ; സത്യമായും സേനു എന്ന പേരു കേട്ടപ്പോള്‍ ഒരു ചേച്ചി ആണെന്നാ ഞാന്‍ കരുതിയിരുന്നത്..മുകളിലെ കമന്റ്സ് കണ്ടപ്പോളാ ചേച്ചി അല്ലാ ചേട്ടന്‍ ആണെന്നു മനസ്സിലായത്.എന്റെ ഒരു പുത്തിയേ !!

കാന്താരിക്കുട്ടി said...

ഷാപ്പി പോണം “ വേണ്ടാരുന്നേ !!

അനില്‍@ബ്ലോഗ് said...

പഴമ്പുരാണംസ് ഇഷ്ടമായി. വീണ്ടും വരാം പുരാണങ്ങള്‍ കേള്‍ക്കാന്‍.

keralainside.net said...

this post is being categorised (നർമ്മം)by www.keralainside.net.
Thank You..

Senu Eapen Thomas, Poovathoor said...

ഓണം. പൊന്നോണം. ഇന്ന് ഒമാനിന്റെ ഭാഗത്തിരുന്ന് ഓണത്തിനെ വരവേല്‍ക്കാനിരുന്നപ്പോളാണു ഈ പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ നമ്മുടെ മലഞ്ചരക്ക്‌ ഓര്‍മ്മിപ്പിച്ചത്‌. ഫ്ലാറ്റിലെ നാലു ചുമരുകള്‍ക്കുള്ളില്‍ വട്ടം കറങ്ങുന്ന ഞങ്ങളുടെ 2 കുരുന്നുകള്‍ക്കും ഈ കളിയും, ചിരിയും, തമാശകളും എല്ലാം ഇഷ്ടപ്പെട്ടു. എന്തിനും സോസ്‌ കൂട്ടി കഴിക്കുന്ന ഞങ്ങളുടെ പുത്രനു ഇന്ന് കാന്താരി മുളകും, വാളന്‍പുളിയും തിന്നണം. മോള്‍ക്ക്‌ ലോലോലിക്കായോടാണു താത്‌പര്യം. ഏതായാലും ഞങ്ങളുടെ റെസിപ്പി എല്ലാവരിലും വായില്‍ വെള്ളം വരുത്തിയെന്ന് കണ്ടപ്പോള്‍ അതിലേറെ സന്തോഷം തോന്നി.

തിരുവല്ലായില്‍ നിന്നും അനൂപ്‌ ഒത്തിരി നാള്‍ കൂടി കടന്ന് വന്ന് തന്റെ സാന്നിദ്ധ്യം കാട്ടി കടന്ന് പോയതിലുള്ള സന്തോഷം അറിയിക്കുന്നു.

കുട്ടനാടന്‍ ചേട്ടാ:- പോസ്റ്റില്‍ സത്യസന്ധതയുണ്ട്‌ എന്ന് പറഞ്ഞതില്‍ സന്തോഷം. പക്ഷെ ഇന്ന് കേരളത്തിലെ പോസ്റ്റില്‍ കറന്റില്ല കേട്ടോ....

ശ്രീയേ:- തേങ്ങാ ഞാന്‍ വരവ്‌ വെച്ചു. കേരളത്തില്‍ തേങ്ങായ്ക്ക്‌ വിലയിലെങ്കിലും ഇവിടെ ഒമാനില്‍ ഇതിന്റെ വില കൂടി വരുന്നു. മലഞ്ചരക്ക്‌ അന്നും ഇന്നും സത്യസന്ധയാ... പറ്റുന്നത്‌ അബദ്ധങ്ങളും. വാളന്‍ പുളി, കാന്താരി കൂട്ടി അടിയ്ക്കുമ്പോള്‍ ഞങ്ങളെയും ഒന്ന് ഓര്‍ത്തേക്കണേ!!!

നവരുചിയാ:- നാട്ടിലേക്ക്‌ പോവുകയാ അല്ലെ....ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

കുഞ്ഞാ:- ശോ!!! ഇത്രയും ഉറക്കെ എറിയണ്ടായിരുന്നു. നൂറു കഷണമായി പോയി. ആശംസകള്‍ കൈ പറ്റി....

റ്റീന:- സംശയമുണ്ടെങ്കില്‍ രഹസ്യം പറഞ്ഞ്‌ നോക്ക്‌!!!. കുറെ നാള്‍ കണ്ടില്ലല്ലോ....വായില്‍ വെള്ളം വരുത്തിയതിന്റെ ചിലവ്‌ എപ്പോഴാ...

സജു:- ഒരു....ഒരു....ഒരു...എന്താ ഇത്ര വിഷമം. എന്താണെങ്കിലും പോരട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക്‌ നന്ദി.

പിന്‍:- നമ്മള്‍ ഒക്കെ എത്രയോ ഭാഗ്യവാന്മാര്‍... ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇന്ന് കിട്ടുന്നത്‌ എടുത്താല്‍ പൊങ്ങാത്ത ബാഗും, റ്റ്യൂഷനും, പിന്നെ ബര്‍ഗ്ഗറും, പിസ്സായും...ഐസ്‌ക്രീമും...

സ്മിതാ:- ആദ്യം അന്യ ഭാഷയെ പറ്റി. സ്മിത സീരിയസ്സാണെങ്കില്‍ പെന്തക്കോസ്തില്‍ ചേരുക. അല്ലെങ്കില്‍ ഇതു പോലെ ഒന്ന് സാറ്റ്‌ കളിക്കിടയില്‍ മുങ്ങുക. വീട്ടില്‍ വന്ന് പഠിപ്പിക്കും...പിന്നെ കഴുത കളി തൃശ്ശൂരുകാരുടെയാണെങ്കില്‍ ഞങ്ങളുടെ അവിടുത്തെ കഴുതകള്‍ എങ്ങോട്ട്‌ പോകും???

കേരളാ നെറ്റ്‌:- നെറ്റ്‌ സന്ദര്‍ശിച്ചു. പറഞ്ഞത്‌ പോലെ ചെയ്തു. നന്ദി.

കൃഷേ:- ആ തേങ്ങയും വേസ്റ്റായി. മലയാറ്റൂര്‍ മലംഞ്ചെരുവിന്റെ ആള്‍ക്കാര്‍ കേസും കൊണ്ട്‌ വരരുതേയെന്ന പ്രാര്‍ത്ഥനയോടെ...

ചക്കരേ:- വേണ്ട...'ല'യില്‍ തുടങ്ങുന്ന ആള്‍ക്കാര്‍ അല്ല. അതു പോരെ. ഞാന്‍ ആ പൊടിയാടിയില്‍ നേരെ ചൊവ്വെ ഒന്ന് ജീവിച്ച്‌ പൊയ്ക്കോട്ടെ എന്റെ ചക്കരെ...

കാന്താരിക്കുട്ടി:- ആ കപ്പലോട്ടിക്കനുള്ള വെള്ളം ഇടുക്കി ഡാമില്‍ ഒന്ന് എത്തിച്ചു കൂടെ കുട്ട്യേ. കറണ്ട്‌ കട്ട്‌ ഒന്ന് ഒഴിവാക്കാമായിരുന്നു. പിന്നെ കാന്താരിക്കുട്ടിയുടെ 'പുത്തി' കാന്താരിയോളം....

അനിലേ:- വന്നതിനു, കമന്റിയതിനു എല്ലാം നന്ദി.

റെസിപ്പി വായിച്ച്‌ പരീക്ഷിക്കുന്നവര്‍ ഈ ഉള്ളവനെയും ഒന്ന് ഓര്‍ത്തേക്കണേയെന്ന അപേക്ഷയോടെ..

സെനു ഈപ്പന്‍ തോമസ്‌,
പഴമ്പുരാണംസ്‌.

Sarija N S said...

സാറ്റും കണ്ടില്ലാ സാറ്റും .... ഓര്‍മ്മചിത്രങ്ങള്‍ തെളിയുന്നു

Molly said...

"Short & Sweet" Madhurikkum Ormale....

regards

Molly

The Common Man | പ്രാരാബ്ദം said...

"ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റേ...സാറ്റ്മരത്തിന്റെ ചോട്ടില്‍ ഒളിയില്ല.!.."

സെനൂ... എനിക്കിഷ്ടായി!

ഞങ്ങളും സെവന്റീസ്‌ എന്നാ പറഞ്ഞിരുന്നതു. പിന്നെയാണറിഞ്ഞത്‌ അതു 'സെവന്‍ റ്റൈല്‍സ്‌' എന്നായിരുന്നു എന്നു.

Anonymous said...

Dear Senue, Very nice Santhosh

ഗോപക്‌ യു ആര്‍ said...

കുട്ടിക്കാലസ്മരണകള്‍
നന്നായി

നിരക്ഷരന്‍ said...

കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഈ പോസ്റ്റ്. നന്ദി സേനൂ.....

ഓ:ടോ:- എന്നാലും മലഞ്ചരക്കിനോട് ഈ ചതി വേണ്ടായിരുന്നു. ങ്ങാ...ജനിച്ചപ്പോള്‍ തന്നെ സ്വന്തം അപ്പന്റെ ഓട്ടുകമ്പനി പൂട്ടിച്ച കക്ഷിയല്ലേ ? അത് വെച്ച് നോക്കിയാല്‍ മലഞ്ചരക്കിന്റെ കാര്യം ഒന്നുമല്ല. ഞാന്‍ ഡിസ്ട്രിക്‍ട്ട് വിട്ടു :) :)

ak-അശോക് കര്‍ത്താ said...

ഓരോ പോസ്റ്റും ഒന്നിനൊന്ന് മെച്ചം. കമന്റുകളും കൂടി വരുനുണ്ടല്ലോ. റെസിപ്പി കൊള്ളാം.

Oman said...

valare naannyi kuttikaalam vivarichirikkunnu...njangaleyum senuvinte aa kuttikaalathekku kuutti kontu poyi....vaayikkumpol manassil ingane reality show thelinju..:)

Tinto said...

Senu & Betty,

Hope u r doing fine...i have just learned of ur pazhampuranam blog, let me be among the first to appreciate for choose this title.

we enjoyed it your fud receipie...

your lovingly family freind

Tinto from Oman

ചക്കര said...

അവധിക്കാലത്തെ മറ്റൊരു വിനോദം പറയുവാന്‍ വിട്ടു പോയി! സെനു വിവരിച്ച വിശാലമായ പമ്പയാറിന്റെ മറുകരയില്‍ ഒരു ഡൊക്ടറുടെ വീടും അതിനു ചുറ്റും അത്യാവശ്യം വലിയ കൊക്കോ തോട്ടവും ഇക്കരെ നിന്നേ കാണാം.. പമ്പയാറു നീന്തിക്കടക്കുവാന്‍ വലുപ്പവും ധൈര്യവും ഉള്ളവര്‍ അക്കരെയെത്തി ഡോക്ടറുടെ കൊക്കോ മോഷ്ടിക്കുവാന്‍ തുടങ്ങുമ്പോള്‍, അത്ര വലുപ്പവും ധൈര്യവുമില്ലാതെ ഇക്കരെ നില്‍ക്കുന്നവര്‍ ഉറക്കെ വിളിച്ചു കൂവും..,“ഡോക്ടറേ.. ഓടിവായോ..ദേണ്ടേ കൊക്കോ കട്ടേടുക്കുന്നേ..”! ഇതു കേള്‍ക്കാത്ത താമസം മോഷ്ടാക്കള്‍ പ്രാണരക്ഷാര്‍ത്ഥം തിരിച്ച് നീന്തുകയായി!! വ്യായാമം മിച്ചം!!

Chullan said...

പ്രിയപ്പെട്ട സെനു അറിയുന്നതിനു പഴമ്പുരാണം കലക്കി... പ്രത്യേകിച്ചും ആ റെസീപ്പികള്‍...

കാന്താരി വാളന്‍പുളി, മാങ്ങ മുള്‍കോഷ്യം, എന്നിവ നള്ളാ ളുചി ളുള്ളവ.. പണ്ടാറടങ്ങാന്‍ .. വായേല്‍ വെള്ളം നിറഞ്ഞ് പോയി ;) ആ അപ്പൊ മാങ്ങാ മുള്‍ക്ലോഷ്ല്യം.. ഛെ.. സ്ലോളി.. വ്ലാ‍യില്‍ വ്ലെള്ളം നിളഞ്ഞ ക്ലാളണം എഴുതാന്‍ പ്ലറ്റുന്നിള്ള.. ;)

ഇനിയും ഒരുപാട് പുരാണങ്ങള്‍ എഴുതുക.. എഴുതി എഴുതി നമ്മുടെ വാല്‍മീകി അണ്ണനെ പോലെ വലിയ ഒരു പുരാവസ്ത്തു ആകുക.. (അത്രോം താടി വേണ്ടാട്ടാ)

സെനൂനും ഇവിടെയുള്ള ബാക്കി സകലമാന നാട്ടുകാര്‍ക്കും മലഞ്ചരക്കിനും എന്റെ ഹ്രദയം നിറഞ്ഞുകവിഞ്ഞ ഓണാശംസകള്‍ :)

എന്ന് സ്വന്തം ചുള്ളന്‍ ..

Senu Eapen Thomas, Poovathoor said...

റെസിപ്പി ഭൂരിഭാഗം മലയാളികള്‍ക്കും സുഖിച്ചു. പക്ഷെ ഞാന്‍ റെസിപ്പി എഴുതി പെണ്ണുങ്ങളെ വശത്താക്കാന്‍ ശ്രമിക്കുകയാണോ എന്ന് ഒരു തത്‌പര കക്ഷി എനിക്ക്‌ ഒരു മെയില്‍ എഴുതി ചോദിച്ചു. ദൈവമേ എന്റെ സ്ഥിതി ഇതായപ്പോള്‍ പാവം ആ നളന്‍ എന്തോരം കുത്തു വാക്കുകള്‍ കേട്ടിരിക്കും.

സരിജേ:- സരിജാ സാറ്റ്‌. ഞാനാ ആദ്യം സാറ്റ്‌ വെച്ചത്‌.

മോളിമാമ്മ:- തിരക്കിനിടയിലും, വരുന്നതിനും, വായിക്കുന്നതിനും നന്ദി.

പ്രാരാബ്ദക്കാരന്‍ ജോസ്‌:- സെവന്‍ റ്റൈല്‍സ്‌ ലോഭിച്ച്‌ സെവന്റീസ്‌ ആയതായിരിക്കും. ഇത്‌ ഒരു പുതിയ അറിവായിരുന്നു. വന്നതിനു, സാറ്റ്‌ കളിച്ചതിനു, അക്ക്‌ അടിക്കയതിനു..നന്ദി. വീണ്ടും വരണേ...കളിക്കാന്‍...Sept-15

സന്തോഷെ:- സ്വയം പുകഴ്‌ത്തുന്ന ആളിനെ കണ്ടു...Very nice Santhosh. പോട്ട്‌ നാട്ടുകാര്‍ ആരും പറഞ്ഞില്ലെങ്കിലും ഇങ്ങനെ പറയരുത്‌. പ്ലീസ്‌...

ഗോപകേ:- സാറ്റ്‌ കളിക്കാന്‍ കൂടിയതില്‍ സന്തോഷം.

നിരക്ഷരാ:- സത്യം സത്യമായും മലഞ്ചരക്ക്‌ ഹാപ്പിയാ. ഡബിള്‍ ഹാപ്പി. എനിക്ക്‌ ഇമ്മിണി വലിയ മെയില്‍ വന്നു...അവളെ നാറ്റിച്ചതിനു താങ്ക്സ്‌ പറഞ്ഞ്‌. പിന്നെ ഓട്ടു കമ്പനി പൂട്ടിച്ചതിനു പിന്നില്‍ ഞാനല്ല. പിന്നെ എന്റെ വല്യപ്പച്ചന്‍ ആ നാട്ടിലെ ഒരു ചെറിയ റ്റാറ്റ ആയിരുന്നു. ജോലിക്കാര്‍ സമരം തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ കമ്പനി പൂട്ടി തൊഴിലാളികളുടെ വയറ്റതടിച്ചതാണു. എന്നിട്ട്‌ അപ്പച്ചന്‍ ഓയില്‍ കമ്പനി തുടങ്ങി..എന്നു വെച്ചാല്‍ ഞാന്‍ ജനിച്ചതില്‍ പിന്നെ അപ്പച്ചനു വെച്ചടി വെച്ചടി കയറ്റമായിരുന്നൂന്ന് സാരം. പക്ഷെ എനിക്കു അതിന്റെ അഹങ്കാരം ഇല്ല.

എ.കെ ചേട്ടാ:- ചേട്ടനെ പൊലെ ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ എനിക്ക്‌ tom & jerry- രോമാഞ്ചം വരുന്നു. സത്യം. നന്ദി ചേട്ടാ..നന്ദി.

ഓ-മാന്‍ ആണോ, ഓമനയാണോ ഇതു എന്നറിയില്ല. വന്നതിനു അത്രയും കമന്റിയതിനു താങ്ക്സ്‌. പിന്നെ വോട്ട്‌ ചെയ്യെണ്ട ഫോര്‍മാറ്റ്‌ അറിയാമല്ലോ അല്ലേ???

റ്റിന്റു:- പണ്ട്‌ ബാലരമയില്‍ കപീഷിന്റെ കൂട്ടുകാരന്‍ ഒരു മാന്‍ ഉണ്ടായിരുന്നു-പിന്റു. ഇങ്ങനെ ഒരു ഫ്രണ്ടിനെ എന്റെ ഓര്‍മ്മയില്‍ തെളിയുന്നില്ല. ഏതായാലും വന്നതിനു, അഭിനന്ദിച്ചതിനു ഒക്കെ നന്രി. വീണ്ടും വരണേ?

ചക്കരേ!!! ഓഹ്‌ സത്യത്തില്‍ ഞാന്‍ ആ സംഭവം വിട്ടു പോയി. 4-5 ആണ്‍ക്കുട്ടികളുടെ കൂടെ ആ പമ്പാ നദി അക്കരെ ഇക്കരെ നീന്താന്‍ തന്റേടമുള്ള വനിതാരത്നങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഡോകടറേ- ഓടി വായോ എന്ന് കോളാമ്പി വെച്ച്‌ കെട്ടി പലപ്പോഴും കൊതി മൂത്ത്‌ ഞാന്‍ വിളിച്ച്‌ കൂവിയിട്ടുണ്ട്‌. ചക്കരക്ക്‌ ഇതൊക്കെ ഒന്ന് എഴുതിക്കൂടെ....

റെസിപ്പി പരീക്ഷിച്ച ആര്‍ക്കും തട്ട്‌ കേടുകള്‍ പറ്റിയിട്ടില്ലായെന്ന പൂര്‍ണ്ണ വിശ്വാസത്തില്‍..

സസ്നേഹം
പഴമ്പുരാണംസ്‌.

പോങ്ങുമ്മൂടന്‍ said...

"കൂട്ടുകാരി, നമ്മുടെ പഴയ കാലങ്ങള്‍ എന്താടാ നീ ഇതു വരെ എഴുതാത്തതെന്ന് ചോദിച്ചപ്പോളതും ഞാന്‍ അങ്ങു പോസ്റ്റാക്കാന്‍ തീരുമാനിച്ചു. പക്ഷെ അത്‌ ഇങ്ങനെയാകുമെന്ന് ഒരിക്കലും അവള്‍ ഓര്‍ത്തിരിക്കില്ല്ല. സത്യസന്ധര്‍ക്ക്‌ വരുന്ന ഓരോ പ്രശനങ്ങളേ!!!!."

ആട്ടെ കൂട്ടുകാരി ഇതു വായിച്ച് കഴിഞ്ഞും കൂട്ടുകാരിയായി തന്നെ തുടരുന്നോ? :)

രസിച്ചു സേനുവേട്ടാ....

Senu Eapen Thomas, Poovathoor said...

ദേ...ചുള്ളനായി വന്ന് അളകുളാന്ന് സംസാരിക്കുന്നു. എന്നിട്ട്‌ വാളന്‍പുളിയെ തെറി പറയുന്നു. പോട്ട്‌...ഞാന്‍ ക്ഷമിച്ചു.

ഹരി:- ഓര്‍മ്മ കുറിപ്പ്‌ വായിച്ചിട്ട്‌ മലഞ്ചരക്കിന്റെ ഇമ്മിണി വലിയ ഒരു മെയില്‍ വന്നു. ആള്‍ ഭയങ്കര ഹാപ്പി. ഡബിള്‍ ഹാപ്പി. ഒന്ന്:- പേരു പുറത്ത്‌ വിടാഞ്ഞതിനു..2] പഴയ ഓര്‍മ്മകള്‍ പുതുക്കിയതിനു. പക്ഷെ കക്ഷി ഭര്‍ത്താവിനോട്‌ പോലും ഈ കഥയിലെ മലഞ്ചരക്ക്‌ താന്‍ ആണെന്ന് വെളിപ്പെടുത്തിയില്ലാന്ന്...അത്‌ മൂപ്പരെ അറിയിക്കാനുള്ള തത്രപ്പാടിലാണു ഞാനിപ്പോള്‍. പാരയല്ലയോ ജീവിതം.

എല്ലാ വായനക്കാര്‍ക്കം പഴമ്പുരാണംസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

sureshthannickelraghavan said...

ഒപ്പം അവള്‍ വരുമ്പോള്‍ റ്റൈറ്റില്‍ സോങ്ങുമായി....മലയാറ്റൂര്‍ 'മലം' ഞ്ചെരുവിലെ പൊന്മാനേ....പെരിയാറില്‍ മീന്‍ പിടിക്കും പൊന്മാനേ!!!

കാലം കടന്നു പോയി. ഇന്ന് ഈ മലഞ്ചരക്ക്‌ യു.എസ്സില്‍ നേഴ്സാണു. പഴമ്പുരാണംസിന്റെ സ്ഥിരം വായനക്കാരിയുമാണു. കൂട്ടുകാരി,
ഹ ഹാആആആആആആ ,ഇവിടുണ്ടോ ? കണ്ടാല്‍ രണ്ടിന് പോകുന്നോന്നു ചോദിക്കാം , സെനു പുളിയുടെ കാര്യം പറയേണ്ട .....................

മാണിക്യം said...

വയിച്ച് ചിരിച്ച് കുടലു കുരുങ്ങി
റെസിപ്പി കണ്ടപ്പോ കൊതിയും വന്നു
നേരെ പോയി ഫ്രിഡ്‌ജില്‍ തപ്പി
ആതാ പാത്തിരിക്കുന്നു ചെനച്ചമാങ്ങാ
നല്ല വറ്റല്‍മുളക് എടുത്ത് ചേറുതീയില്‍ എണ്ണ ഒഴിച്ച് വറുത്ത് തരിയായി പൊടിച്ചു
മാങ്ങ ചെത്തി ചെറുകഷണങ്ങളാക്കി
ഉപ്പും മുളകും എണ്ണയും കൂടെ ഒരു മിക്സ് നടത്തി മുളക് വറുത്ത മണം ചെന്നപ്പോഴേ ഞായറാഴ്ചയായിട്ട് വീട്ടിലിരുന്ന മക്കള്‍ ഹാജര്‍‌
ഇതെന്താ പെട്ടന്ന് ഈ നേരത്ത് ഈ വിഭവം എന്നായി അങ്ങനെ പഴമ്പുരാണം മാങ്ങായ്ക്ക്
മേമ്പോടി ആയി വായിച്ചു കേള്‍പ്പിച്ചു .. ചുരുക്കത്തില്‍ ഇനി പഴമ്പുരാണംസ്‌
മൊത്തം വായിച്ച് കേള്‍പ്പിക്കണം ...
മല്ഞ്ചരക്ക് ഇവിടെ ഹിറ്റായി..
അമ്മയുടെ മലഞ്ചരക്ക് പുരാണം എന്ന് പേരും!

Niram Jubin said...

അച്ചായോ... റെസിപ്പി ഒക്കെ കൊള്ളാം. ഇത്തരം തട്ടിക്കൂട്ടു വിഭവങ്ങള്‍ അടിച്ചുകയറ്റി മൂട്ടിലെ ആപ്പും കളഞ്ഞ് ആന്തരാവയവങ്ങള്‍ പുറത്തു കളഞ്ഞ ധീരരക്തസക്ഷികള്‍ക്ക് ഒരു സ്മാരകം കൂടി ആകാമായിരുന്നു.

Senu Eapen Thomas, Poovathoor said...

ആളുകള്‍ വന്ന് ഓണത്തിന്റെ തിരക്കിനിടയിലും റെസിപ്പി കോക്കുന്നതിന്ന്, കമന്റുന്നതിനു ഒക്കെ നന്ദി.

സുരേഷേട്ടാ:-യു.എസ്സില്‍ ഉണ്ടോ? രണ്ടിനു പോകുന്നുണ്ടൊ എന്ന് ചോദിക്കാനാണെന്ന ചോദ്യം കണ്ടപ്പോള്‍, ഈ പൊടിയാടിക്കാരെ പറ്റി എന്താ കരുതിയത്‌??? ഞങ്ങള്‍ പൊടിയാടിക്കാരെ തൊട്ടു കളിച്ചാല്‍....[നമ്മുടെ മലഞ്ചരക്കിന്റെ ഭര്‍ത്താവിനെ കണ്ടാല്‍ ധാരാ സിങ്ങിന്റെ അത്രയും ഉണ്ടെന്ന് ഇപ്പോളാണു ഞാനറിഞ്ഞത്‌....]

ഞാന്‍ നിങ്ങള്‍ ഉദ്ദേശിച്ചയാളല്ല. ..സോറി....

പിന്നെ മാണിക്യം:- റെസിപ്പി കണ്ട്‌ ട്രൈ ചെയ്തുന്ന് ആദ്യമായി പറഞ്ഞ ഒരു അമ്മ. മക്കള്‍ക്ക്‌ മാങ്ങായും, വറ്റല്‍ മുളകും ഒക്കെ തന്നെ ചേര്‍ത്ത്‌ സ്വല്‍പം ഗംഭീരമായി തന്നെ കാര്യങ്ങള്‍ ചെയ്ത്‌ ഒപ്പം പഴമ്പുരാണംസ്‌ കൂടി വായിച്ച്‌ കേള്‍പ്പിച്ച്‌ മക്കളെ ആരാധകരായി മാറ്റിയതിനു താങ്ക്സ്‌. അമ്മയുടെ മലഞ്ചരക്ക്‌ പുരാണം തുടര്‍ന്നും വായിച്ചു കേള്‍പ്പിക്കുക...ഇത്രയും വലിയ സന്തോഷം വേറെ എന്തുണ്ട്‌??

ജുബിനേ:- ധൈര്യമായി പരീക്ഷിച്ചോ...ഒരു കുഴപ്പവും വരില്ല. ഏതായാലും ഇപ്പോഴത്തെ ഫാസ്റ്റ്‌ ഫുഡുകളെ കാട്ടിലും നല്ലത്‌ ഇവന്‍ തന്നെ. പിന്നെ അധികം ആയാല്‍ അമൃതും വിഷം...

വന്ന് വായിച്ച എല്ലാവര്‍ക്കും, കമന്റിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു കൊണ്ട്‌....

സസ്നേഹം,
പഴമ്പുരാണംസ്‌.

smriti said...

പഴം പുരാണം അവിടെയും ഇവിടെയും എല്ലാം വായിച്ചു.....
കൊള്ളാം......
JP @ thrissivaperoor

Anonymous said...

പഴം പുരാണം അവിടെയും ഇവിടെയും എല്ലാം വായിച്ചു.....
കൊള്ളാം......
jp vettiyattil
trichur

എക്സ് | X said...

സെനുവിന്റെ പഴമ്പുരാണംസ് വളരെ നന്നായി...
പാവം മലഞ്ചരക്ക് ഇത്രയ്ക്ക് വേണ്ടായിരുന്നു
പിന്നെ റെസിപ്പികള്‍ എല്ലാം വിജയകരമായി പരീക്ഷിച്ചു കുട്ടിക്കാലത്ത് കഴിച്ചു പരിചയ‌മുള്ളതു കൊണ്ട് വലിയ കുഴപ്പമോന്നും സംഭവിച്ചില്ല..
സ്നേഹത്തോടെ വീണ്ടും വരാം...