എം.ജി.എം സ്കൂള്‍ ഏഴാം ക്ലാസ്സ് വരെ വളരെ നല്ലതായിരുന്നുവെന്ന് വേണം പറയാന്‍. എട്ടാം ക്ലാസ്സില്‍ കയറിയപ്പോള്‍, കുട്ടികള്‍ കൂടുതലായ കാരണത്താല്‍ ഞങ്ങളുടെ ക്ലാസ്സ് രണ്ടായി. അങ്ങനെ ഞാന്‍ ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ്സിലായി. പെണ്‍കുട്ടികള്‍ ഉള്ള ക്ലാസ്സിലേക്ക് മാറാന്‍ കടിച്ചാല്‍ പൊട്ടാത്ത പല കള്ളങ്ങള്‍ സാറന്മാരോട് പറഞ്ഞ് നോക്കിയെങ്കിലും, കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ അവര്‍ അവരുടെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇന്റര്‍വെല്‍ എന്നൊരു സമയമുണ്ടെങ്കില്‍, വെള്ള ഉടുപ്പും, പച്ച പാവാടയും കാണാന്‍, പഴയ പച്ച പനംതത്തകളെ ഒരു നോക്ക് കാണാന്‍ ഈ ഉള്ളവനും, മറ്റുള്ളവന്മാരോട് ഒപ്പം പോവുക പതിവായി. അതെങ്ങനെ ഗുളികനും, കേതുവും അങ്ങനെ എന്തൊക്കെ ഗൃഹപ്പിഴകള്‍ ഉണ്ടോ, അതെല്ലാം തലയ്ക്ക് മുകളില്‍ തൂങ്ങി കിടന്നത് കൊണ്ട്, ഞങ്ങളുടെ ഈ റോന്ത് ചുറ്റല്‍ അവിടുത്തെ പ്രധാന അദ്ധ്യാപകന്‍ കൈയ്യോടെ പിടികൂടുകയും നിര്‍ദ്ദാക്ഷണ്യം 144 പ്രഖ്യാപിക്കുകയും ചെയ്തു. ഈ 144ലോട് കൂടി ഞങ്ങളെ പഴയ പെണ്‍പടകള്‍ മറക്കുകയും ചെയ്തു.
ഇനി പെണ്‍ക്കുട്ടികള്‍ ഞങ്ങളെ നോക്കണമെങ്കില്‍, ഹീറോ ആവുകയെന്ന ഒറ്റ മാര്‍ഗ്ഗം. പഠിച്ച് ഹീറോയാകാമെന്ന് വെച്ചാല്‍ അത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാകും. അടുത്തയിനം, ഓട്ടം, ചാട്ടം എന്നിവയില്‍ പേരെടുക്കുക. അതിനു ഞങ്ങളുടെ ഹെഡ്മാസറ്ററിന്റെ കൂടെ പഠിച്ച 'ലവന്മാരൊക്കെ' ഇപ്പോഴും ഓടുകയും, ചാടുകയും ഒക്കെ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് അതിനും ചാന്‍സില്ല. പിന്നെ കലാപരിപാടികളില്‍ പങ്കെടുക്കുക... അതിനു എന്തെങ്കിലും കലാപരിപാടികള്‍ അറിയണമല്ലോ... സോ..നമ്മള്‍ അവിടെ ഒരു സീറോ വിദ്യാര്‍ത്ഥിയായി പഠിക്കുന്ന കാലത്താണു എന്റെ കൈയ്യില്‍ ആ നോട്ടീസ് കിട്ടിയത്. എം.ജി.എമ്മിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 5.00 മണിക്ക്, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കരാട്ടേ ക്ലാസ്സ് ആരംഭിക്കുന്നു. കരാട്ടേ, പുതിയ ഇനം ആയതിനാല്‍ നമ്മള്‍ക്കും ഷൈന്‍ ചെയ്യാം. പോരാത്തതിനു സ്കൂള്‍ പരിസരത്തും. വീട്ടില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍, അടുത്ത ഗൃഹപ്പിഴ.. എന്റെ കസിനും പഠിക്കാന്‍ വരുന്നു. കസിന്‍ കോളെജില്‍ പഠിക്കുന്നതു കൊണ്ട്, കസിന്‍ വരുന്ന ആ സമയം കൊണ്ട്, കരാട്ടെയുടെ യൂണിഫോമൊക്കെ ഇട്ട് സ്കൂള്‍ ഗ്രൗണ്ടില്‍ കൂടി ഒന്ന് രണ്ട് വട്ടം ഓടി, പെണ്‍ക്കുട്ടികളുടെ മുന്‍പില്‍ നഷ്ടപ്പെട്ട പഴയ ആ ഇമേജ് വീണ്ടെടുക്കാനുള്ള ഒരു അവസരമായി ഇതു മാറി. കരാട്ടെയെ പറ്റി മറ്റ് കുട്ടികള്‍ സംശയം ചോദിക്കുമ്പോള്‍, ബ്രൂസിലിയെക്കാട്ടിലും പരിജജ്ഞാനത്തോടെ സംസാരിച്ചു. പക്ഷെ ക്ലാസ്സുകള്‍ പലത് കഴിഞ്ഞിട്ടും, വെള്ള ബെല്‍റ്റ് തന്നെ എന്റെ അരയില്‍ ചുറ്റി കിടന്നു. ഏതായാലും മാസങ്ങള്‍ക്ക് ശേഷമുള്ള, 'റേയും', 'വുസ്സിനും' ശേഷം, എന്റെ അരയില്‍ ഒരു മഞ്ഞ ബെല്‍റ്റ് കയറി.
കരാട്ടേ ക്ലാസ് കഴിഞ്ഞാല്‍, അടുത്തുള്ള ഒരു കോഫി ബാറില്‍ നിന്ന് എന്തെങ്കിലും കഴിക്കാന്‍ വീട്ടില്‍ നിന്ന് അനുവദിച്ചിരുന്ന ഒരു പ്രത്യേക അലവന്‍സ്, ഒരു ദിവസം പോലും ലാപ്സാക്കന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല.
അന്ന് മാര്‍ത്തോമാ കോളെജിലെ, കെ.എസ്.യു നേതാവായ എന്റെ കസിന്‍ ബ്രദര്‍ 'പ്രിന്‍സിയെ' ഘരാവോ ചെയ്ത് അന്തസ്സായി സസ്പെന്‍ഷന്‍ മേടിച്ച കാരണത്താല്‍ അന്നത്തെ കരാട്ടേ ക്ലാസ്സിനു എത്തിയില്ല. പക്ഷെ ഞാന്‍ പതിവു പോലെ ക്ലാസ്സും കഴിഞ്ഞ് വിശാലമായി ഭക്ഷണവും ഒക്കെ കഴിച്ച്, പൊടിയാടിയില്‍ ചെന്നിറങ്ങിയപ്പോള്‍ സമയം കൃത്യം 8.00 മണി. പൊടിയാടിയില്‍ നിന്ന് വീട്ടില്‍ എത്താന്‍ ഒരു കിലോമീറ്റര്‍ നടക്കണം. കണ്ണ്‍ കാണാ പകല്‍ നടന്നാല്‍, വാറ്റ് അടിച്ച് വരുന്ന പാമ്പുകളും, പുഷ് പുള്ളുകളും വിഹരിക്കുന്ന റോഡാണു ഞങ്ങളുടേത്. പോരാത്തതിനു, ഞങ്ങളുടെ ആ റോഡില്‍ രണ്ട് പാല. കൂടാതെ എന്റെ കുഞ്ഞും നാളില്‍ തൂങ്ങി ചത്ത ഒരാളുടെ പ്രേതം അവിടെ കറങ്ങി നടക്കുന്നുവെന്ന് പറഞ്ഞ് മന്ത്രവും, പൂജകളും ഒക്കെ പല തവണ നടത്തിയിട്ടുമുണ്ട്. അങ്ങനെയുള്ള ഈ റോഡില്‍ കൂടി വേണം എനിക്ക് വീട്ടില്‍ എത്താന്‍. വരുന്നത് വരട്ടെ. രണ്ടും കല്‍പിച്ച് ഞാന്‍ യാത്ര തുടങ്ങി. ഞങ്ങളുടെ വീട് തിരിയുന്നതിന്റെ അവിടെ ഒരു പള്ളി ഉണ്ട്. ആ പള്ളിയുടെ കുരിശും തൊട്ടിയിലുള്ള ഗീവര്‍ഗ്ഗീസ് പുണ്യാളച്ചനോടും, വേളാങ്കണി മാതാവിനോടും ഞാന്‍ എന്റെ ആവലാതി പറഞ്ഞിട്ട് 2 ചുവട് മുന്നോട്ട് വെച്ചതും.... കറന്റ് പോയി. കണ്ണ്ണില്‍ കുത്തിയാല്‍ അറിയില്ല. അത്ര ഇരുട്ട്.. പോരാത്തതിനു എന്റെ കണ്ണിലും, നെഞ്ചിലും ഇരുട്ട്. അന്നരം എന്റെ മനസ്സില്‍ ആരോ പറയുന്നു, ഛെ, ഛെ ഇങ്ങനെ പേടിച്ചാലോ... നീ പിന്നെ എന്തിനാ കരാട്ടെയ്ക്കും മറ്റും പോകുന്നത്?? ഇങ്ങനെ ഉള്ള അവസരങ്ങളിലല്ലേ നമ്മുടെ ധൈര്യം കാട്ടേണ്ടിയത്? ഓഹ് അത് ശരിയാണല്ലോ....അങ്ങനെ ഞാന്‍ പിന്നെയും നടക്കാന്‍ തുടങ്ങി. സോറി.. ഇഴയാന്‍ തുടങ്ങി. ഒരു 5 ചുവട് വെച്ചു കാണും, അപ്പോള്‍ കാണാം നല്ല തീ കനല്‍ പോലെ തിളങ്ങി കൊണ്ടിരിക്കുന്ന 2 കണ്ണുകള്‍. എന്റെ നടത്തത്തിനനുസരിച്ച് ആ കണ്ണുകളും പുറകോട്ട് പുറകോട്ട് നടക്കുന്നു. അപ്പോള്‍ റോഡില്‍ കൂടി പോയ ഒരു വണ്ടിയുടെ വെളിച്ചത്തില്‍ ഞാന്‍ ഈ കണ്ണിന്റെ ഉറവിടം കണ്ടെത്തി. കരി പോലെ കറുത്ത ഒരു പട്ടി. എന്തിനേറെ പറയുന്ന്..ഈ എന്നെ കണ്ട് പേടിച്ചോ, മറ്റ് ഗത്യന്തരം ഇല്ലാഞ്ഞതു കൊണ്ടോ, പട്ടി ആ പള്ളിയുടെ ശവക്കോട്ടയിലേക്ക് ഓടി കയറി. കരി പോലെ കറുത്ത പട്ടി...ശവക്കോട്ട...ഞാന്‍ കരാട്ടേ കഴിഞ്ഞപ്പോള്‍ കഴിച്ച പറോട്ടയും, കറിയും അപ്പോള്‍ തന്നെ പുറത്ത് പോകുമെന്ന് തോന്നി പോയി. പിന്നെ ഒന്നും ചിന്തിച്ചില്ല... ഗീവര്‍ഗ്ഗീസ് പുണ്യാളച്ചന്റെയും, വേളാങ്കണി മാതാവിന്റെയും സെക്യുരിറ്റി വേണ്ടായെന്ന് വെച്ച് ഞാന്‍ വന്ന വഴിക്ക് തിരിച്ച് ഓടി. പൊടിയാടിയില്‍ എത്തിയപ്പോള്‍ മാത്രമാണു എന്റെ ശ്വാസം നേരെ വീണത്. ഓടുമ്പോഴും ഞാന്‍ ആ പട്ടിയെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഏതായാലും ആ പട്ടി എന്റെ പുറകെ വന്നില്ല. വന്നിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒരു മാരത്തോണ്‍ ഓട്ടക്കാരനായേനെ...
ഞാന്‍ സ്വസ്ഥമായി വെയിറ്റിംഗ് ഷെഡില്‍ കയറി നിന്നു. ഓട്ടോയ്ക്ക് വീട്ടില്‍ പോകാമെന്ന് വെച്ചാല്‍ ഒറ്റ ഓട്ടോ അവിടെയില്ല. കറന്റ് വരുന്ന യാതൊരു ലക്ഷണവും കാണുന്നുമില്ല. ഏറേ നേരത്തെ കാത്തിരുപ്പിനു ശേഷം... ഒരു സൈക്കിള്‍ ആടിയാടി വരുന്നത് കണ്ടു. രാത്രിയില്‍ ആടിയാടി വരുന്ന സൈക്കിള്‍, അത് തീര്‍ച്ചായായും ഞങ്ങളുടെ അയല്‍ക്കാരനായിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു കൊണ്ട് ഞാന്‍ ആ സൈക്കിളിന്റെ അടുത്തേക്ക് ചെന്നു. ആശ്വാസമായി. ഞങ്ങളുടെ റോഡില്‍ തന്നെയാണു കക്ഷിയുടെയും വീട്. പക്ഷെ പുള്ളിയുടെ വീടിന്റെ അവിടുന്ന് ഒരു മുക്കാല്‍ കിലോമീറ്റര്‍ നടന്നാലേ എനിക്ക് വീട്ടില്‍ എത്താനും ആവു. കക്ഷി എന്നെ കണ്ട്, ഞാന്‍ എന്താ ഈ സമയത്ത് ഇവിടെ തനിയെ നില്‍ക്കുന്നത് എന്ന് എനിക്ക് “മനസ്സിലാകുന്ന ഭാഷയില്‍” ചോദിച്ചു. പിന്നെ ഉള്ളില്‍ കിടന്ന മറ്റവന്റെ പ്രവര്‍ത്തനം മൂലം പുള്ളിയുടെ ആറാമിന്ദ്രീയം തുറന്ന്, എന്നെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പുള്ളി കയറിയേല്‍ക്കുകയും ചെയ്തു. അങ്ങനെ വീണ്ടും ഞങ്ങള്‍ യാത്ര ആരംഭിച്ചു.
ഈ തവണ ഞാന്‍ ഗീവര്‍ഗ്ഗീസ് പുണ്യാളച്ചന്റെയോ, മാതാവിന്റെയോ റെക്കമെന്‍ഡേഷന്‍ ആവശ്യപ്പെട്ടില്ല. കാരണം അവരെ കാട്ടിലും ശക്തനാണല്ലോ ഇപ്പോള്‍ എന്റെ കൂടെയുള്ളത്....ഏതായാലും ശവക്കോട്ടയുടെ അടുത്തെത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ വീണ്ടും പട്ടിയെ തേടി പോയെങ്കിലും ഇത്തവണ ആ പട്ടിയെ ഞാന്‍ കണ്ടില്ല.
എന്റെ സെക്യുരിറ്റിയാകട്ടെ ഇടയ്ക്കിടെ ആരാടാ അത്?..ഛീ നായേ...എടാ... എന്നൊക്കെ ഒരു കാര്യവുമില്ലാതെ വിളിച്ച് ചോദിച്ചാണു എന്നെയും കൊണ്ട് പോകുന്നത്. ഇടയ്ക്കിട സൈക്കിള്‍ കണ്ട വേലിയില്‍ ഉടക്കും. അന്നരം സൈക്കളിനെയും, വേലിയെയും തെറി പറയും. അങ്ങനെ ഞങ്ങള്‍ ഒന്നാമത്തെ പാലയുടെ അടുത്തെത്തി. പിന്നെ പ്രേതത്തെ പറ്റി മാത്രമായി സംസാരം. ഒരിക്കല്‍ ഞാന്‍ ഇതിലേ വരുമ്പോള്‍, നല്ല വെള്ള സാരിയൊക്കെ ഉടുത്ത്, നമ്മുടെ ഉണ്ണിമേരിയെ പോലെ ഒരു സ്ത്രീ, എന്നോട് മുറുക്കാന്‍ ചോദിച്ചു... കക്ഷിയെ കണ്ടപ്പോഴെ എനിക്ക് അസുഖം മനസ്സില്ലായി. ഞാനല്ലേ കക്ഷി..ഒട്ടും പേടിക്കാതെ അരയില്‍ നിന്ന് മടക്ക് പിച്ചാത്തിയങ്ങൂരി. അതില്‍ ചുണ്ണാമ്പ് പുരട്ടി കാണിച്ചു... അവളു പെണ്ണാണെങ്കില്‍ മേടിക്കത്തില്ല. പോരാത്തതിനു ഞാന്‍ ഒരടി മുന്നോട്ട് വെയ്ക്കുമ്പോള്‍ അവള്‍ രണ്ടടി പുറകോട്ട് പോകും.. എന്റെ ദൈവമേ... ഈ ഉണ്ണിമേരി പ്രേതം തന്നെയാണോ കുറച്ചു മുന്‍പേ നായുടെ രൂപത്തില്‍ എന്റെ മുന്‍പില്‍ വന്ന് ചാടിയത്. എന്റെ സംസാരം നിലച്ചപ്പോള്‍ കക്ഷി തുടര്‍ന്നു... മോനിത് ഒന്നും കേട്ട് പേടിക്കേണ്ട... ഞാനുള്ളപ്പോള്‍ ഒരു മറ്റവളും മോന്റെ ഒരു രോമത്തില്‍ പോലും തൊടത്തില്ല. പിന്നെ പേടിക്കേണ്ടവന്‍ മാടനാ.. അവന്‍ പുറകില്‍ കൂടി വന്ന് നമ്മുടെ നിഴലില്‍ അവന്റെ കൈയില്‍ ഇരിക്കുന്ന ചങ്ങലയ്ക്കടിക്കും. അടി കിട്ടിയാല്‍ നമ്മുടെ ദേഹം പൊട്ടി ചോര വരും. അടിയുടെ വെയിറ്റ് പോലെയിരിക്കും മുറിവും. ആ മാടന്‍ മുന്‍പില്‍ കൂടി വന്നാല്‍ അവന്‍ എന്നെ ഒരു പുല്ലും ചെയ്യത്തില്ല. മോനു സംശയമുണ്ടോ? ഏയ് എനിക്ക് ഒരു സംശയവുമില്ല. എന്നാലും എന്റെ കഴുത്ത് പെഡസ്റ്റല്‍ ഫാന്‍ കണക്കെ മാടനെയും, ഉണ്ണിമേരിയെയും, പട്ടിയെയും ഒക്കെ തേടി കൊണ്ടിരുന്നു.
ഒരു വളവ് കഴിഞ്ഞപ്പോള്‍ പുള്ളി ചോദിച്ചു....മോന്‍ ഓര്‍മ്മയുണ്ടോ.. നമ്മുടെ കുറ്റിപറമ്പിലെ ഗോപാലന്‍ തൂങ്ങി ചത്തത്?? ആ ഓര്‍മ്മയുണ്ട്..ഞാന്‍ യു.കെ.ജിയില്‍ പഠിക്കുമ്പോഴാണു അത്. ഊക്കെജിയിലൊന്നുമല്ല അവന്‍ വാഴപറമ്പുകാരുടെ ഷെഡിലെ കഴുക്കോലിലാണു തൂങ്ങിയത്...ഓഹ്!!! [ഞാന്‍ അതിനു കൂടുതല്‍ വിശദീകരണം കൊടുക്കാന്‍ പോയില്ല]. അവന്‍ തൂങ്ങി ചത്ത് കഴിഞ്ഞ് മനുഷ്യര്‍ക്കാര്‍ക്കും അവന്റെ ശല്യം കാരണം വഴി നടക്കാന്‍ വയ്യായിരുന്നു. പക്ഷെ. അവനും എന്റെ അടുത്ത് ഒന്ന് പയറ്റി നോക്കി. അന്ന് ഞാന്‍ രണ്ടെണ്ണം മീനാക്ഷിയുടെ അവിടുന്ന് അടിച്ചിട്ട് വരികയായിരുന്നു. ഞാന്‍ വളവു തിരിഞ്ഞതും, ഷര്‍ട്ട് ഒന്നും ഇടാതെ ഒരുത്തന്‍ എന്റെ കൂടെ വരുന്നു. ഞാന്‍ നോക്കിയപ്പോള്‍ നമ്മുടെ ഗോപാലന്‍. ഞാന്‍ മടക്കു പിച്ചാത്തി അങ്ങ് നിവര്‍ത്തി. അടുത്ത വളവു തിരിഞ്ഞപ്പോള്‍ ഗോപാലന്‍ എങ്ങോട്ട് പോയി എന്ന് ഞാന്‍ പിന്നെ കണ്ടില്ല.. എന്റെ ദൈവമേ!! ഇങ്ങേരു എന്റെ റ്റെന്‍ഷന്‍ കൂട്ടും. എങ്ങനെയും വീട്ടില്‍ ഒന്ന് എത്തിയാല്‍ മതിയായിരുന്നു.
അങ്ങനെ അടുത്ത പാല ചുവടായി. കക്ഷി സംസാരത്തിന്റെ ചൂടിലും, അകത്തു കിടന്ന മറ്റവന്റെ പ്രവര്‍ത്തനത്തിലും നേരെ പോയി ആ പാലയില്‍ തന്നെ ഇടിച്ചു. ഇടിയുടെ അഘാതത്തില്‍ കക്ഷിയുടെ കൈയില്‍ നിന്നും സൈക്കിളും താഴെ വീണു. ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ, എടാ....നീ എന്നെ തടയാന്‍ മാത്രം വളര്‍ന്നോ......എന്നൊക്കെ ചോദിച്ച് പാലയ്ക്കിട്ട് കാലു മടക്കി ഒരു തൊഴിയും, ഒരു അടിയും ഒക്കെ കൊടുത്തു. കൊടുത്തത് പാലയ്ക്കാണെന്നാണു എന്റെ ഓര്‍മ്മ. പക്ഷെ ഞാന്‍ നോക്കുമ്പോള്‍ പിന്നെ കാണുന്നത്...റോഡില്‍ വീണു കിട്ക്കുന്ന എന്റെ സെക്യുരിറ്റിയെയാണു. ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ആ നില്‍പ്പ് അത്ര പന്തിയല്ല. കാരണം പാല ചുവട്. ഞാന്‍ വെച്ച് പിടിച്ചു..പാലയുടെ അവിടുന്ന് 10 അടി അകലെയുള്ള വീട് ലക്ഷ്യമാക്കി ഞാന്‍ ഓടി. ആ വീട്ടിലെ ഗൃഹനാഥനെയും, കൂട്ടി വീണ്ടും പാല ചുവട്ടില്‍ എത്തി.അപ്പോള്‍ പണ്ട് ഏതോ ഒരു കവി പാടിയത് പോലെ... “വീണിതല്ലോ കിടക്കുന്നു ധരണിയില്‍, കോണകവും അഴിഞ്ഞയ്യോ ശിവ ശിവ” എന്ന പോലെ മുണ്ട് വേറെ, സൈക്കിള്‍ വേറെ എന്ന നിലയില്‍ കിടക്കുന്നു എന്റെ സ്വന്തം സെക്യുരിറ്റി. സെക്യുരിറ്റിയെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ഗൃഹനാഥന്‍ ശ്രമിച്ചപ്പോള്‍ ആഴാടാ...പട്ടീ.. എന്നുള്ള വിളി ഫ്രീയായി കിട്ടിയപ്പോള്‍ ഗൃഹനാഥന്‍ പറഞ്ഞു:- നീ ഇന്ന് ഇവിടെ കിടക്ക്.. എന്നിട്ട് ഗൃഹനാഥന്‍ എന്നെ വീട്ടില്‍ കൊണ്ടാക്കാമെന്ന് ഏറ്റു. അങ്ങനെ അടുത്ത സെക്യുരിറ്റിയെയും കൊണ്ട് ഞാന്‍ വീണ്ടും യാത്ര ആരംഭിച്ചു. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ ചോദിച്ചു, ആ പാലയില്‍ പ്രേതവും ഒക്കെയില്ലെ?? അവിടെ അങ്ങനെ കിടന്നാല്‍ കുഴപ്പമാകത്തില്ലേ? എന്റെ ചോദ്യം കേട്ടപ്പോള്‍ പുള്ളി കുലുങ്ങി ചിരിച്ചു... കുഞ്ഞേ, പ്രേതവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല. ഇതൊക്കെ മനുഷ്യരു ചുമ്മാതെ പറയുന്നതല്ലേ... ഏതായാലും സുഖമായി ഞാന്‍ വീട്ടില്‍ ചെന്നെത്തി. ഇനി അച്ചാച്ചന്‍ ഇല്ലാതെ കരാട്ടെ ക്ലാസ്സിനു പോകുന്നില്ലായെന്ന് ഒരു തീരുമാനവുമെടുത്തു.
പിറ്റേന്ന് രാവിലെ സ്കൂളില്‍ പോകുമ്പോള്‍ ആ പാല ചുവട്ടില്‍ പ്രേതത്തിന്റെ ആക്രമം ഒന്നും ഏല്‍ക്കാതെ ബര്‍മുഡായും ഇട്ട് എന്റെ സെക്യുരിറ്റി അപ്പോഴും നല്ല ഉറക്കത്തില്‍ തന്നെയായിരുന്നു. ആ കിടപ്പ് കണ്ടപ്പോള്‍, കോവളം ബീച്ച് പൊടിയാടിയില്ലേക്ക് മാറ്റി സ്ഥാപിച്ചതു പോലെ തോന്നി. അതോടെ എനിക്ക് ഒരു കാര്യം ബോദ്ധ്യമായി, പൊടിയാടിയിലെ വാറ്റ് അടിച്ചാല്‍ എവിടെയും കിടക്കാം..അതും പ്രേതത്തെ പോലും പേടിക്കാതെ. ചുമ്മാതാണോ ‘നാടിനെ സ്നേഹിക്കുന്നവര്‍...നാടനെ സ്നേഹിക്കുന്നവര്‍’ എന്റെ പൊടിയാടിയില്ലേക്ക് ദിനംപ്രതി വന്നു പോകുന്നത്. ഇനി തികഞ്ഞ അഭിമാനത്തോടെ ഞാനും പറയട്ടെ:- മേരാ പൊടിയാടി മഹാന്‍ ഹെ!!!
ഏതായാലും ഈ ഒറ്റ “ Z ക്യാറ്റഗറി ” സെക്യുരിറ്റിയോടു കൂടി എന്റെ കരാട്ടേ പഠിത്തം, 'ഗോവിന്ദാാാാ'യെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ!!!.
[അടുത്ത പോസ്റ്റ്:- മാര്‍ച്ച് 1, 2008നു.]
Friday, 15 February 2008
Friday, 1 February 2008
പാമ്പ് Vs പാസ്റ്റര്‍
മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം, ഞങ്ങള്‍ എല്ലാവരും കൂടി തിരുവനന്തപുരത്ത് കാഴ്ച്ച ബംഗ്ലാവ് കാണാന്‍ പോയി. ട്രയിനില്‍ ആയിരുന്നു യാത്ര.
ശബരിമല സീസണ്‍ ആയിരുന്നതിനാല്‍ അയ്യപ്പന്മാരുടെ തിരക്കായിരുന്നു ട്രയിനില്‍. സ്ലീപ്പര്‍ ടിക്കറ്റ് എടുത്തതിനാല്‍ ഞങ്ങള്‍ കണ്ട ഒരു
കംപ്പാര്‍ട്ട്മെന്റില്‍ കയറി. ചെങ്ങന്നൂര്‍ ആയപ്പോഴെയ്ക്കും, ഏറെ കുറേ അയ്യപ്പന്മാര്‍ ഇറങ്ങിയതോടെ ഞങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. ഞങ്ങളുടെ കൂടെ യാത്ര ചെയുന്ന ഒരാളുടെ വേഷവിധാനത്തില്‍ നിന്ന് ആള്‍ ഒരു പാസ്റ്റര്‍ ആണെന്ന് മനസ്സിലായി. ട്രയിന്‍ യാത്ര ഉല്ലാസപ്രദമാകാണമെങ്കില്‍ യാത്രക്കാര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കണം, പക്ഷെ ഇവിടെ ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍ പാസ്റ്റര്‍ തുടങ്ങും, പിന്നെ ഞാന്‍ തന്നെ പാസ്റ്ററിന്റെ വായ്ക്ക് പ്ലാസ്റ്റര്‍ ഒട്ടിക്കേണ്ടി വരും. അങ്ങനെ ആകെ വിഷമിച്ച് ഇരിക്കുമ്പോള്‍ കായംകുളത്ത് നിന്ന് ഒരു 'മദ്യ'വയസ്ക്കന്‍ നമ്മുടെ പാസ്റ്ററിന്റെ അടുത്ത് സ്ഥാനം പിടിച്ചു. ഓഹ്!!!, ട്രയിന്‍ 1.30 മണിക്കൂര്‍ ലയിറ്റായിട്ടാണു വന്നത്. മദ്യവയസ്ക്കന്‍ വായ തുറന്നതോടെ മറുവശത്തിരുന്ന എന്റെ പോലും തല അല്‍പം മന്ദിച്ചു. പിന്നെ കക്ഷി ലാലു പ്രസാദിനെയും, സര്‍ക്കാരിനെയും നിര്‍ദ്ദാക്ഷ്ണ്യം പുലഭ്യം പറഞ്ഞു കൊണ്ടിരുന്നു. മദ്യവയസ്ക്കന്റെ സംസാരത്തില്‍ അസഹ്യനായ പാസ്റ്റര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. സംസാരം തുടങ്ങിയതിങ്ങനെ:- ക്രിസ്തുമസ്സിന്റെ തലേ ദിവസം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒഴുകിയത് 84 കോടിയുടെ മദ്യമാണു. ആള്‍ക്കാര്‍ കൈയില്‍ കിടക്കുന്ന കാശും കൊടുത്ത് എന്തിനാണിങ്ങനെ നശിക്കുന്നത്? പാസ്റ്റര്‍ ഒരു പൊതു തത്വം പറഞ്ഞപ്പോഴെയ്ക്കും,ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. എന്നാല്‍ ഞാന്‍ ഈ കാര്യങ്ങളില്‍ യാതൊരു അഭിപ്രായവും രേഖപ്പെടുത്താതെ, മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ ഭാര്യയോടും മക്കളോടും സംസാരിച്ച് കൊണ്ടിരുന്നു. ജനപിന്തുണ ലഭിച്ചതോടെ പാസ്റ്റര്‍ ഫോമിലായി. പാസ്റ്റര്‍ പറഞ്ഞു:- ഇവര്‍ ഈ കുടിച്ചു കളയുന്ന പൈസയ്ക്ക് പാല്‍ കുടിച്ചാല്‍, ശരീരവും നന്നാകും, വീട്ടില്‍ കിടക്കുകയും ചെയ്യാം. എല്ലാവരും അതിനോട് യോജിച്ചപ്പോള്‍, മദ്യവയസ്ക്കന്‍ പറഞ്ഞു, ഓഹ് എന്നിട്ടാണോ നമ്മുടെ കര്‍ത്താവ്, കല്യാണ വീട്ടില്‍ വെള്ളം വീഞ്ഞാക്കിയത്? പിന്നെ എന്താ പുള്ളി പാലുണ്ടാക്കി കൊടുക്കാഞ്ഞത്? ചോദ്യം കേട്ടതോടെ പാസ്റ്റര്‍ പരുങ്ങി. പിന്നെ പാസ്റ്റര്‍ പഴയ കാലവും, പുതിയ കാലവും താരതമ്യം ചെയ്യാന്‍ തുടങ്ങി. അങ്ങനെ യാത്രയ്ക്കു ഒരു മൂഡായി. പാസ്റ്റര്‍ തന്റെ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോള്‍, നമ്മുടെ 'പാമ്പ്' പറഞ്ഞു, ബൈബിളില്‍ നോഹ, ദാവീദ്, ശലോമോന്‍ മുതലായവര്‍ വീഞ്ഞ് കുടിച്ചിരുന്നു. പിന്നെയാണോ എളിയവനും ദോഷിയും ആയ ഞാന്‍? ഈ വാചകം പാസ്റ്റര്‍ക്ക് നന്നായി സുഖിച്ചു. പിന്നെ രക്ഷയും, മാനസാന്തരവും ആയി വിഷയം. രക്ഷിക്കപ്പെട്ടാലേ സ്വര്‍ഗ്ഗത്തില്‍ പോവുകയുള്ളോ? എങ്കില്‍ കര്‍ത്താവിന്റെ കൂടെ ക്രൂശിക്കപ്പെട്ട വലതു ഭാഗത്തെ കള്ളനോട്, ഇന്ന് നീ എന്റെ കൂടെ പറുദീസയിലിരിയ്ക്കും എന്ന് പറഞ്ഞത് രക്ഷിക്കപ്പെട്ടിട്ടാണോ? അതെ, അവന്‍ അവസാനം ക്രൂശില്‍ കിടന്ന് മാനസന്തരപ്പെട്ടു, അങ്ങനെ അവന്‍ രക്ഷിക്കപ്പെട്ടു. പിന്നെ വലതു ഭാഗത്തെ കള്ളന്‍ എന്ന് ബൈബിളില്‍ എങ്ങും പറഞ്ഞിട്ടുമില്ല. ലോകം അവസാനിക്കാറായി, ആയതിനാല്‍ എത്രയും പെട്ടെന്ന് രക്ഷിക്കപ്പെടുക.
ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നോക്കിയപ്പോള്‍ നല്ലവരായി ആരെയും കണ്ടില്ലയെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പാസ്റ്റര്‍ നല്ലവനാണെന്ന് പറയാന്‍ പറ്റുമോ എന്ന് ഒരു മറു ചോദ്യം പാമ്പെറിഞ്ഞു. പാമ്പിനും ബൈബിളില്‍ അല്‍പം അറിവുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ടോ മറ്റോ, പാസ്റ്റര്‍ പ്രവചനത്തിലേക്ക് കയറി. ബൈബിളില്‍ ഇന്ത്യയെ പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്-അറിയാമോ?
പാമ്പ്:-അതും ഇതുമായി എന്ത് ബന്ധം?
പാസ്റ്റര്‍:- ബന്ധം ഉണ്ട്. ഇംഗ്ലീഷില്‍, ഇന്ത്യയെന്നും, മലയാളത്തില്‍ ഹിന്ദു ദേശമെന്നും എസ്ഥേറിന്റെ പുസ്തകത്തിലാണു പറഞ്ഞിരിക്കുന്നത്.
പാമ്പ്:- ഓഹ് ക്വിസ് ആയിരുന്നോ? എന്നാല്‍ ഇന്നാ എന്റെ അടുത്ത ചോദ്യം. ബൈബിളില്‍ മഹാത്മാ ഗാന്ധിയെ പറ്റി പറഞ്ഞിരിക്കുന്ന ഭാഗം എവിടെയാണു?
ഈ ചോദ്യം കേട്ടപ്പോള്‍ ഞാനും ഒന്ന് അന്ധാളിച്ചു. മഹാത്മാ ഗാന്ധി, ബൈബിളിലോ? ഞാന്‍ ഭാര്യയെയും ഒന്ന് നോക്കി. അവള്‍ക്കും 'നോ ഇന്‍ഫര്‍മേഷന്‍' [ഒരു വിവരവും ഇല്ല] എന്ന് അവളുടെ മുഖ ഭാവത്തില്‍ നിന്ന് തന്നെ മനസ്സിലായി.
മഹാത്മാ ഗാന്ധിയെ പറ്റിയോ, ബൈബിളിലോ.... പാസ്റ്റര്‍ എടുത്ത് ചോദിച്ചു.
അതെ മഹാത്മാ ഗാന്ധി തന്നെ... നമ്മുടെ ഫാദര്‍ ഓഫ് ദി നേഷനേ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു കുടം തുപ്പല്‍ എന്റെ മുഖത്തേക്ക് തെറിച്ചു. തുപ്പല്‍ അല്ലായിരുന്നു സത്യത്തില്‍ അത്, മുഴുവന്‍ തനി സ്പിരിറ്റ്. ഏതായാലും മുഖത്ത് തെറിച്ചത് അത്രയും ഞാന്‍ തുടച്ചു മാറ്റി. ദൈവമേ ഇത് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരത്തെ തന്നെ ഒരു വൈപ്പര്‍ ഫിറ്റ് ചെയ്തേനെ എന്ന് ഭാര്യയോടു സ്വകാര്യമായി പറഞ്ഞു.
പാസ്റ്റര്‍:- ഒരു കരണത്ത് അടിച്ചവനു മറു കരണം കൂടി കാട്ടി കൊടുത്ത് ക്രിസ്തുവിന്റെ ശരിയായ അനുയായി ആയി മാറിയ മഹാത്മാ ഗാന്ധി. അതിനുമപ്പുറം ഗാന്ധിജിയെ പറ്റി ബൈബിളില്‍ എങ്ങും പരാമര്‍ശിച്ചിട്ടില്ല. ഇനി പ്രവചന പുസ്തകത്തിലോ മറ്റോ സൂചനകള്‍ ഉണ്ടെങ്കില്‍ അത് എനിക്ക് അറിയില്ല. എന്റെ അറിവില്‍ ഇത്ര മാത്രമേ ഉള്ളു.
പാമ്പ്:- ഗാന്ധിജിയെ പറ്റി സൂചനയല്ല; പേരെടുത്ത് പറഞ്ഞിട്ടുണ്ട്. അറിയാമോ, അറിയത്തില്ലയോ? ആഹ, ഞാന്‍ വെള്ളം അടിക്കും. പക്ഷെ ബൈബിള്‍ വായിക്കുമ്പോള്‍ നമ്മള്‍ അതില്‍ ശ്രദ്ധിക്കും. അല്ലാതെ ആര്‍ക്കാണ്ടും വേണ്ടി വായിക്കാറില്ല.
പാമ്പ് വാചാലനായി. പാസ്റ്റര്‍ വിഷണ്ണനായി. ഞങ്ങള്‍ ആകാംക്ഷാകുലരായി.
അപ്പോള്‍ തോറ്റോ, പാസ്റ്ററേ? പാമ്പ് ചോദിച്ചു.
പാസ്റ്ററിന്റെ ബൈബിള്‍ ഇങ്ങു തന്നേ....
പാമ്പ് ബൈബിള്‍ തുറന്നു, എന്നിട്ട് അതിന്റെ ആദ്യത്തെ പേജ് തുറന്ന് ഞങ്ങളെ എല്ലാവരെയും കാട്ടി, കണ്ടോ... ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യാ, 206 മഹാത്മാ ഗാന്ധി റോഡ്, ബാംഗ്ലൂര്‍-560 001. കണ്ടോ ഒന്നാം പേജില്‍ കിടക്കുന്ന മഹാത്മാ ഗാന്ധിയെ കണ്ടിട്ടില്ല, പിന്നാ ആര്‍ക്കും മനസ്സില്ലാകാത്ത പ്രവചനം വായിച്ച് മനസ്സിലാക്കുന്നതു.....
പാസ്റ്ററിന്റെ ചുളുങ്ങിയ മുഖം കാര്യമാക്കാതെ തന്നെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ചിരിച്ചു. അപ്പോഴെയ്ക്കും നമ്മുടെ പാമ്പ് അശ്വമേധം അവതരിപ്പിക്കുന്ന പ്രദീപിന്റെ ഗമയില്‍ സീറ്റില്‍ ഒന്ന് ഞെളിഞ്ഞ് ഇരുന്നു.
എന്റെ ദൈവമേ!!! തിരുവനന്തപുരത്ത് എത്തിയത് അറിഞ്ഞതേയില്ല. ഇനി ശേഷം യാത്രയില്‍ പാസ്റ്റര്‍ ‘രക്ഷപ്പെട്ടോ’, അതോ പാമ്പ് ‘രക്ഷിക്കപ്പെട്ടോ’ എന്ന് അറിയില്ല. ഏതായാലും ഞങ്ങള്‍ രക്ഷപ്പെട്ടു.
പാസ്റ്ററിന്റെ കാര്യം............................... ജിങ്കാലാലാ!!!

Subscribe to:
Posts (Atom)