1989ലാണു ഈ സംഭവം നടക്കുന്നതു. വടക്കന്‍ വീരഗാഥ ചങ്ങനാശ്ശേരില്‍ പോയി എത്ര തവണ കണ്ടുവെന്ന് എനിക്ക് നോ ഐഡിയ. [ഒരു സിനിമാ ഇറങ്ങിയാല്‍ അത് ഹിറ്റ് ആക്കുകയെന്ന വലിയ ചുമതല അന്ന് ഞങ്ങളെ പോലെയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളുടെ “ഈ”ചുമലില്‍ ആയിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് എന്താ ചുമതല... ചുമ്മാതെ ഇന്റര്‍നെറ്റും നോക്കി, വ്യാജ സിഡിയും കണ്ട് ജീവിതം പാഴാക്കുക.. Poor Fellows.]
അവസാനം ഈ പടം തിരുവല്ല ദീപാ തിയേറ്ററിലും എത്തി. ഒരു ദിവസം പതിവു പോലെ മാര്‍ത്തോമാ കോളെജില്‍, എതോ സാറിന്റെ, എതോ ബോറടിച്ച പിരീഡില്‍ ക്ലാസ്സ് കട്ട് ചെയ്ത്, സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആര്‍ക്കോ വീണ്ടും ചന്തു മാനിയ തോന്നി. വടക്കന്‍ വീരഗാഥക്ക് വിട്ടാലോ??? പലര്‍ക്കും ആ പടം വീണ്ടും കാണാന്‍ താത്‌പര്യമെയില്ലാഞ്ഞ കാരണത്താലും, ഒന്ന് രണ്ട് ഡയലോഗ് കൂടി കാണാപാഠം പഠിക്കാനുള്ളതിനാലും ഞാനും ഈ ചന്തു മാനിയാക്‌ക്‍സിന്റെ കൂടെ കൂടി. അങ്ങനെ ഞങ്ങള്‍ മൂന്നാള്‍ ഒരു ഹീറോ ഹോണ്ടായില്‍ ദീപാ തിയേറ്റര്‍ ലക്ഷ്യമാക്കി യാത്രയായി. വണ്ടിയുടെ ഉടമസ്ഥനും, വാഹനസാരഥിയുമായവന്‍ ഇരിക്കുന്നത് പെട്രോള്‍ ടാങ്കിനു പുറത്താണു. ഞാന്‍ നടുക്ക് ഒരു പരുവത്തില്‍ 'സേഫായി' ഞെങ്ങി ഞെരുങ്ങി ഇരുപ്പുണ്ട്..
മാര്‍ത്തോമാ കോളെജിന്റെ കയറ്റം ഇറങ്ങി, അടുത്ത കയറ്റം കയറി കുറ്റപുഴ മെയിന്‍ റോഡില്‍ എത്തും മുന്‍പെ, ദാ ഒരു കാക്കിയിട്ട കൈ, ഹീറോ ഹോണ്ടായുടെ നേരെ നീങ്ങി. ലിഫ്റ്റിനാണെങ്കില്‍ ചങ്ങാതി, അടുത്ത വണ്ടിക്ക് കൈ കാട്ട് എന്ന് പറയാന്‍ തുനിഞ്ഞപ്പോഴാണു ഇടുക്കില്‍ നിന്നും ഞാന്‍ ശരിക്കും ആ കാക്കി ശരീരം കണ്ടത്. സാക്ഷാല്‍ പോലീസ്. ഏതായാലും കാക്കിയിട്ട കൈ കണ്ടതേ, നമ്മുടെ ഹീറോ ഹോണ്ടാ സൈഡില്‍ ഓട്ടോ സ്റ്റോപ്പായി. വണ്ടി നിര്‍ത്തിയതും, പുറകില്‍ ഇരുന്ന അമ്മാവന്‍ ഷാജി [പത്ത് എസ്.എസ്.എല്‍ സി ബുക്ക് സ്വന്തമായിട്ടുള്ളവന്‍, ഉദ്ദേശ്യം 80 കിലോയുള്ളവന്‍, 15 പൊറോട്ടയും 3 പ്ലേറ്റ് ബീഫും ഒറ്റ ഇരുപ്പില്‍ മടുപ്പില്ലാതെ തിന്നുന്നവന്‍ ഷാജി] ചാടി ഇറങ്ങിയതും, കൈ കാണിച്ച പോലീസുകാരന്‍ ഒന്ന് പതറിയെന്നത് സത്യം. എന്നാലും കാക്കി യൂണിഫോമിന്റെ ധൈര്യത്തില്‍, ലാത്തി എടുത്ത് ഹീറോ ഹോണ്ടായുടെ ഹാന്‍ഡിലില്‍ വെച്ച്... ആ ആഹ്!!! സാറന്മാര്‍ ഇങ്ങ് വന്നാട്ടെ.. ബുക്കും, പേപ്പറും, ലൈസന്‍സും എല്ലാം ഇങ്ങ് കൊണ്ട് വാ!! എന്ന് അക്രോശിക്കാതെ ഒന്ന് ക്രോശിച്ചു.
പെട്രോള്‍ ടാങ്കില്‍ നിന്ന് ഉടമസ്ഥനും, ഞാനും പതിയെ വണ്ടിയില്‍ നിന്നിറങ്ങി ഈ ചോദിച്ച സാധങ്ങള്‍ ഏമാനു വെച്ച് നീട്ടി. ഏമാന്‍ അതില്‍ ഒക്കെ ചുമ്മാതെ നോക്കിയിട്ട്, ഡ്രൈവര്‍ കം ഉടമയോട് ഒരു ചോദ്യം..
ചോദ്യം നമ്പര്‍ 1:- എടെ എടെ....നിനക്ക് ഒക്കെ ആരടെ ലൈസന്‍സ് തന്നത്?
ചോദ്യം നമ്പര്‍ 2:- റ്റൂ വീലറില്‍ എത്ര പേരെ കയറ്റാമെടെ??
ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ ക്വസ്റ്റ്യന്‍:- എത്ര രൂപയുണ്ടെടെ പോക്കറ്റില്‍???
ചോദ്യം ചെയ്യലും, തൊണ്ടി കണ്ടത്തലും പോലീസിന്റെ തന്നെ മൗലീക അവകാശമായതു കൊണ്ട് പുള്ളി തന്നെ ഞങ്ങളുടെ പോക്കറ്റില്‍ നിന്നും പേഴ്‌സ് എടുത്ത് അതില്‍ നിന്നും ഹരിഹരന്‍ ചേട്ടനു കൊടുക്കാനായി കരുതിയ തുക യാതൊരു ഉളുപ്പുമില്ലാതെ എടുത്ത്, കാലി പേഴ്‌സുകള്‍ തിരികെ തന്നിട്ട്....വേഗം പോയി കൊള്ളാന്‍ പറഞ്ഞു. പോലീസിന്റെ ഓര്‍ഡര്‍ കേട്ടതും ഡ്രൈവറും, ഷാജിയും ചാടി കയറി. ഇനിയും നിയമം തെറ്റിക്കേണ്ടായെന്ന് കരുതി ഞാന്‍ അവിടുന്ന് നടന്ന് എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയപ്പോള്‍ ഏമാന്റെ ആക്രോശം....
എടാ... ഇവനെയും കൂടി കൊണ്ട് പോടായെന്ന്... [ആ അശരീരി ഏമാന്റെ വായില്‍ നിന്നും ആ റ്റയിമില്‍, അല്ലെങ്കില്‍ ആ വേളയില്‍ അതുമല്ലായെങ്കില്‍ ആ പ്രത്യേക സാഹശ്ചര്യത്തില്‍ കേട്ടപ്പോള്‍ എനിക്ക് ഞാന്‍ പോലും അറിയാതെ ഒന്ന് രണ്ട് കോള്‍മയിര്‍ കൊണ്ടു പോയി... സത്യം...
------------------------------
സംഭവം:2
ഇനി അടുത്ത സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണു. നമ്മുടെ ഹീറോ ഹോണ്ടായുടെ ഉടമ തന്നെ ഇവിടെയും താരം. ഇവന്‍ ഇപ്പോള്‍ ബി.കോം ഒക്കെ പാസ്സായി എം.ബി.എക്ക് പഠിക്കുന്നു. ഇവന്‍ ബൈക്കുമായി പഴയതു പോലെ തന്നെ പെട്രോള്‍ റ്റാങ്കിന്റെ പുറത്തിരുന്നു സഞ്ചരിക്കുന്നു. ഇവന്റെ പുറകില്‍ ഫെവി ക്വിക്ക് പറ്റിച്ചത് പോലെ വീണ്ടും രണ്ട് പേര്‍ ഒട്ടി പിടിച്ചിരിക്കുന്നു. എന്തോ അത്യാവശ്യത്തിനു ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കുതിക്കുമ്പോഴാണു പുറകില്‍ ദാ!!ട്രാഫിക്ക് പോലീസ്. ഒളിവില്‍ പോകുന്നതിനു മുന്‍പേ അനുസരണമുള്ള ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. വീണ്ടും വണ്ടി ഒതുക്കി വെക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളാ പോലീസ് ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെ കര്‍ണ്ണാടകാ പോലീസും ചോദിച്ചപ്പോള്‍ ഇവന്‍ മണി മണിയായി ഇംഗ്ലീഷില്‍ ഉത്തരം പറഞ്ഞു. കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്കും മലയാളവും, തെറിയും നല്ല ഫ്ലുവെന്റാ. ബാക്കി ഒന്നും അത്ര പോരാ. ഒരു സിംപതി കിട്ടാന്‍ വേണ്ടി, നമ്മുടെ ഉടമസ്ഥന്‍ പോലീസിനോട് പറഞ്ഞു, " സാറെ.. ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ അപ്പനു അത്യാവശ്യമായി ബ്ലഡ് വേണമെന്ന് പറഞ്ഞതിനു ഞാന്‍ ഇവന്മാരെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയാണു. ഒരു ജീവന്റെ കാര്യമായതു കൊണ്ടാ..." ഈ കഥ തന്നെയാടെ എല്ലാവരും പറയുന്നത്.. നീ പുതിയ കഥ വല്ലതും പറയടാ എന്ന സ്റ്റയിലില്‍ ഏമാന്‍ നിന്നിട്ട്, പൈസ കൊടുത്തിട്ട് പോടെ എന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഇവന്‍ പണ്ടത്തെ പോലെ തന്നെ എല്ലാരുടെയും കൈയില്‍ നിന്നും ഷെയര്‍ ഇട്ട്, ഏമാനു ഡൊണേറ്റ് ചെയ്തു. ഏമാന്റെ വലിയ മനസ്സ് കാരണം, ആ തുക എത്രയെന്ന് പോലും എണ്ണി നോക്കാതെ പോക്കറ്റില്‍ ഇട്ടിട്ട്... കൂടെ ഉള്ള കൂട്ടുകാരനെ ഒന്ന് ദഹിപ്പിച്ച് നോക്കി. സാറെ, ഞാന്‍ ഇങ്ങനെ ഒരു തെറ്റ് ഇനി ആവര്‍ത്തിക്കില്ലായെന്ന് ഇംഗ്ലീഷില്‍ ഈ മറുതായോട് പറഞ്ഞു കൊടുക്കടാ ചങ്ങാതിയെന്ന് പോലും പറയാതെ സ്വന്തമായി റിസ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞതു ഇങ്ങനെ:- Don't Repeat this again....
പിന്നെ എല്ലാം കിലുക്കം സ്റ്റയില്‍ ആയിരുന്നു. പോലീസുകാരന്‍ ചോദിക്കുന്നു..നീ എന്നോടാണോ ഈ പറയുന്നതെന്ന്.. അതെയെന്ന് ഈ ചങ്ങാതി. ഒടുക്കം ബോധം വരുമ്പോള്‍ ബര്‍മുഡാ പോലെ എന്തോ സംഗതിയുമിട്ട് ബാംഗ്ലൂരിലെ ഏതോ ഒരു ലോക്കപ്പില്‍ ഒരു ദിവസം ഫ്രീ സ്റ്റേ!!! അവിടെ വെച്ച് കൂമ്പിനിട്ട് ഇടി കിട്ടിയപ്പോഴാണു .... I dont repeat this again എന്നാണു അവന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോഴെക്കും [കേവലം ഒരു I ക്ക് ഇത്രമാത്രം പവര്‍ ഉണ്ടെന്ന നഗ്ന സത്യം] ഇവന്റെ ഐയും, എയും ഉള്‍പ്പെടെ എല്ലാ വൗവല്‍സും പോയി കഴിഞ്ഞിരുന്നു.
ഇനിയും പറ, പൈസ മേടിച്ച് നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും, വെടിപ്പായും ചെയ്തു തരുന്ന കേരളാ പോലീസോ, പൈസ മേടിച്ചിട്ടും നമ്മളെ ദ്രോഹിക്കുന്ന അയല്‍ സംസ്ഥാന പോലീസോ നല്ലത്...
ഗുണപാഠം:- കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല. ജസ്റ്റ് റിമംമ്പര്‍ ദാറ്റ്!!!
Tuesday, 15 September 2009
Subscribe to:
Posts (Atom)