പൊടിയാടി:- പേരു പോലെ പൊടി നിറഞ്ഞ സ്ഥലമൊന്നുമല്ല. മറിച്ച് പ്രകൃതി രമണിയമായ സ്ഥലം. പമ്പയാറും, മണിമലയാറും പൊടിയാടിയെ കൂടുതല്‍ സുന്ദരിയാക്കി. പണ്ട് കൃഷിക്കാരുടെ സ്വന്തം നാടായിരുന്നു പൊടിയാടി. അങ്ങനെയാണു പഞ്ചാരമില്ല് പുളിക്കീഴ് വന്നത്. കരിമ്പും, നെല്ലും, വാഴയും, കപ്പയും ഒക്കെ കൃഷി ചെയ്തിരുന്ന നാട്. രാസ വള പ്രയോഗങ്ങളില്ലാതെ കൃഷി ചെയ്യുന്ന സമ്പ്രദായത്തിനു ഇന്ന് പ്രസക്തി ഏറിയിട്ടുണ്ട്. എന്നാല്‍ ഈ കൃഷി രീതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൊടിയാടിക്കാര്‍ അവലംബിച്ച് ഫലം കണ്ടവരാണു. മുതലാളിമാര്‍ കരിമ്പ് കൃഷി ചെയ്യും.'ജൈവ വള പ്രയോഗം' നാട്ടുകാരുടെ വക ഫ്രീ. കാലം മാറി, കഥ മാറി. കൃഷി ചെയ്യാനും, ജോലി ചെയ്യാനും ആളില്ലാതായതോടെ കരിമ്പ് കൃഷി ഞങ്ങളുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. കൃഷി ചെയ്യാതെ ഈ പ്രദേശത്തെ പല കണ്ടങ്ങളും അങ്ങനെ കിടന്നിട്ടും, ഒരു പാര്‍ട്ടിക്കാരനും കൊടി കുത്താനിറങ്ങിയില്ല. ഈ കണ്ടങ്ങളില്‍ കൊടി കുത്താനിറങ്ങിയാല്‍ അവരൊന്നും 'നേരെ ചൊവ്വേ പോകില്ല'. കാലക്രമേണ ഈ കണ്ടങ്ങള്‍ ഒരു റ്റിപ്പര്‍ ലോറിയില്‍ പോലും ഒറ്റ ലോഡ് മണ്ണു പോലും ഇറക്കാതെ ഞങ്ങളുടെ നാട്ടുകാരുടെ സ്ഥിരോത്സാഹം കൊണ്ടങ്ങ് നികന്നു. ചുമ്മാതെയാണോ...അങ്ങു അമേരിക്കയില്‍ ഇരുന്ന് നമ്മുടെ ബുഷ്ച്ചായന്‍ നമ്മളെ തീറ്റ പണ്ടാരങ്ങള്‍ എന്നു വിളിച്ചതു.
ഇതിനിടയില്‍ ടീമിലെ ഒരു ഫൗണ്ടര്‍ മെംബറുടെ മകനും കുടുംബവും സിംഗപ്പൂരിലേക്ക് കുടിയേറിയതിനെ തുടര്‍ന്ന് അച്ചനെയും മകന്‍ സിംഗപ്പൂരിലേക്ക് കൊണ്ട് പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ അച്ചന്‍ പിറ്റേന്ന് അതിരാവിലെ സ്വന്തം പറമ്പില്‍ പോയി കാര്യം സാധിച്ചു വന്നിട്ട്, അനന്തിരവന്‍ പയ്യനോട് പറഞ്ഞു, ഓഹ്ഹ് ഒത്തിരി നാളു കൂടി ഇന്നു വായിക്ക് രുചിയായിട്ട് ഒന്ന് വയറ്റീന്ന് പോയതെന്ന്. അതാണു ആ ആത്മ ബന്ധം.
മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ വീടൊന്നിനു മൂന്നും നാലും കക്കൂസ്സുകള്‍ കൊടുത്തിട്ടും പുല്ലു മുട്ടിയാലേ വയറൊഴിയൂ എന്ന സ്ഥിതിയുള്ള നാട്ടുകാര്‍ പുതു പുതു സങ്കേതങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു. അങ്ങനെ ആറ്റു പുറമ്പോക്കില്‍ ഉള്ള പുലിമുട്ടും അതിനോടു ചേര്‍ന്ന സ്ഥലവും ഞങ്ങളുടെ ഗ്രാമവാസികള്‍ ദത്തെടുത്തു. ഏതോ ഒരു ‘മാന്യനായ വ്യക്തിക്ക്’ ഇങ്ങനെ പൊതു സ്ഥലത്ത് വെളിക്കിറങ്ങുന്നത് അപമാനമായി തോന്നിയതിനെ തുടര്‍ന്ന് അവിടെ മുള വെച്ചു പിടിപ്പിച്ചു. ഏതാനം മാസം കൊണ്ട് , [ഇവിടുത്തെ വളത്തിന്റെ ശക്തി കാരണം] ഇത് ഒരു വലിയ കാടായി മാറി. മുളങ്കാട് ഒരു വലിയ മറവായതിനാല്‍, ഇവിടെ വാറ്റുകാരും പതുക്കെ കൂടി. ആറ്റിറമ്പ് ആയതിനാല്‍ ചാരായം എടുത്താല്‍ ഉടനെ സുരക്ഷിതമായി വെള്ളത്തില്‍ താഴ്ത്താം. 'രണ്ടിനു' പോയി കഴിഞ്ഞു ക്ഷീണം തീര്‍ക്കാന്‍ അല്‍പം വാറ്റ് അടിക്കാം. അങ്ങനെ കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ എയര്‍ റ്റോയ്‌ലറ്റ് അറ്റാച്ചഡ് ബാര്‍, പൊടിയാടിക്ക് സ്വന്തമായി. ഇതിനൊക്കെ പുറമേ നല്ല പ്രകൃതി രമണീയമായ സ്ഥലവും. വാറ്റ് അടിച്ചു ഫ്ലാറ്റായാല്‍ കാറ്റും കൊണ്ട് കിടക്കാം. [സത്യം പറയാമല്ല്ലോ...സുബോധത്തോടെ ആരെങ്കിലും അവിടെ വന്നാല്‍ അവന്‍ നാറ്റം കൊണ്ട് ഫ്ലാറ്റാകും.] ഏതായാലും അങ്ങനെ ഈ ദത്തെടുത്ത ഈ പ്രദേശവും വാറ്റിനെ സ്നേഹിക്കുന്നവരുടെ ഭൂപടത്തില്‍ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.
അങ്ങനെ വാറ്റ് അടി, പൊടി പൊടിച്ചിരിക്കുന്ന സമയം... ആരും പ്രതീക്ഷിക്കാത്ത സമയത്ത് എക്സൈസുകാര്‍ വന്ന് സ്ഥലം വളഞ്ഞു. കാക്കി കുപ്പായം കണ്ടതും ഫിറ്റായവരും, അണ്‍ഫിറ്റായവരും, വാറ്റുകാരും, കൂട്ടുകാരും പമ്പാ നദിയിലേക്ക് എടുത്ത് ചാടി. സി.ഐ പല തവണ കരയില്‍ നിന്ന് ആക്രോശിച്ച് അവരെ പ്രോത്സാഹിപ്പിച്ച കാരണം എല്ലാവരും വേഗത്തില്‍ തന്നെ അടുത്ത പോയിന്റില്‍ എത്തി. പിന്നെ എക്സൈസുകാര്‍ എല്ലാവരും ആ പരിസരത്ത് അങ്ങ് വിഹരിച്ചു. മുളങ്കാട്ടില്‍ വാറ്റാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍, കോട എല്ലാം നശിപ്പിച്ചു. ആരെയും കിട്ടിയില്ലായെങ്കിലും തങ്ങളെ കൊണ്ട് ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തില്‍ സി.ഐയും കൂട്ടരും നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തിക്കേട്. തങ്ങള്‍ക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എല്ലാവരും ഒത്തുന്നു. ഷൂസ്സില്‍ സൂക്ഷിച്ച് നോക്കിയതും എല്ലാവര്‍ക്കും കാര്യം പിടിക്കിട്ടി. ഇവിടുന്ന് കിട്ടിയ ‘തൊണ്ടിയാണു’ തങ്ങളെ ‘ഞൊണ്ടികളാക്കിയിരിക്കുന്നത്’…..പിന്നീട് അവിടെ ഒരു ചവിട്ട് നാടകം തന്നെ അരങ്ങേറി. ഒരു പോലീസുകാരന്‍ സി.ഐ ഉണ്ടെന്ന കാര്യം മറന്ന് 2 സംസ്‌കൃത പദം ഉപയോഗിച്ച് ചോദിച്ചു, പണ്ടാരമടങ്ങാന്‍ ഇവനൊക്കെ എന്താ ഫെവിക്കോളും തിന്നിട്ടാണോ വെളിക്കിറങ്ങുന്നതെന്ന്..ഷൂ പറിഞ്ഞാലും ഇതു പറിയുമെന്ന് എനിക്കു തോന്നുന്നില്ലായെന്ന്....പിന്നീട് അവിടെ വന്ന എല്ലാ പോലീസ് ഏമാന്മാരും, ഷൂസ്സ് പമ്പാ നദിയില്‍ മുക്കി നന്നായി കഴുകി വെടിപ്പാക്കി ഒരു വടക്കന്‍ വീര ഗാഥയില്‍, മാധവി പാടിയ ചന്ദന ലേപ സുഗന്ധം.....എന്ന പാട്ടു, പൊടിയാടിയിലെ നല്ലവരായ വാറ്റുകാര്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിട്ടാണു സ്ഥലം കാലിയാക്കിയതു. പിന്നീട് ആ പ്രദേശത്തേക്ക് എക്സൈസ്ക്കാര്‍ എത്തി നോക്കിയതേയില്ല.
ഒരു ദിവസം വാറ്റുകാര്‍ക്ക് ഒരു പൂതി. കറന്റിട്ട് മീന്‍ പിടിക്കാന്‍. പുലിമുട്ടിനു നേരെ മുകളില്‍ കൂടി പോകുന്ന 11 കെ.വി അതിനു ധാരാളം. സര്‍ക്കാര്‍ കാര്യങ്ങള്‍ പോലെ ഇവിടെ ചുവപ്പ് നാടകളില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതു അന്നരം തന്നെ നടത്തുക. അതാണാ ‘സ്പിരിറ്റ്.’ അരമണിക്കൂറിനകം കാര്യങ്ങള്‍ റെഡി ആയി. കറന്റ് അടിച്ച് മീന്‍ പൊങ്ങുമ്പോള്‍ ആറ്റില്‍ ചാടാന്‍ റെഡി ആയി 5 പേര്‍ നില ഉറപ്പിച്ചു. 2 പേര്‍ മുളയും, വയറും മറ്റും 11 കെ.വിയില്‍ കുരുക്കാന്‍ തയ്യാറായി. 2 പേര്‍ മേല്‍ നോട്ടക്കാരുമായി. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കറന്റ് കൊടുത്തു. കൊടുത്തതും മുളങ്കാടിനു അപ്പുറത്ത് നിന്നും ഒരു അലര്‍ച്ച. പെട്ടെന്ന് തന്നെ എല്ലാവരും അങ്ങോട്ട് പാഞ്ഞു. വെള്ളത്തില്‍ നിന്നും പേടിച്ച് കയറി വരുന്ന ഞങ്ങളുടെ അയല്‍വാസി. എന്തു പറ്റി, എന്തു പറ്റിയെടാ??? എന്ന് ഓടി കൂടിയവര്‍ തിരക്കി... അപ്പോള്‍ അയല്‍വാസി പറഞ്ഞു...ഞാന്‍ ‘വെളിക്കിറങ്ങിയിട്ട്’ കഴുകാന്‍ ആറ്റില്‍ ഇറങ്ങിയതാണു. പെട്ടെന്ന് ഒരു പെരുപ്പ്. കാരി കുത്തിയതു പോലോ...പുളവന്‍ കടിച്ചതു പോലോ...അങ്ങനത്തെ ഒരു അവസ്ഥ. ഹൊ!! ഞാന്‍ ശരിക്കും അങ്ങു പേടിച്ച് പോയി. പിന്നെ അവിടെ കൂടി നിന്നവര്‍ 'സംഭവ സ്ഥലം' നേരിട്ട് പരിശോധിച്ച് F.I.R തയ്യാറാക്കി. പിന്നീട് തന്മയത്വത്തില്‍ വാറ്റിന്റെ ഒരു സ്മോളും കൊടുത്ത് അവനെ ഹാപ്പിയാക്കി പറഞ്ഞയയ്യ്ച്ചു.
വിശ്വസിച്ചാലും, ഇല്ലെങ്കിലും [Beleive it or not] ആ ഒറ്റ സംഭവത്തോടെ ഈ അയല്‍വാസി കക്കൂസ്സിനെ സ്നേഹിക്കാന്‍ തുടങ്ങി. ഭ്രാന്ത് കൂടിയാല്‍ തലയ്ക്ക് കറന്റ് അടിപ്പിച്ചാല്‍ ഭേദമാകും എന്ന് കേട്ടിട്ടുണ്ട്, സിനിമകളില്‍ കണ്ടിട്ടുണ്ട്. പക്ഷെ....ഇത്തരം ഒരു അപൂര്‍വ്വ പരീക്ഷണവും, വിജയവും അത് പൊടിയാടിക്കാര്‍ക്ക് മാത്രം സ്വന്തമായിരിക്കും.
വാല്‍കഷണം:- ഞാന്‍ മുംബൈ എന്ന സ്ഥലത്ത് ഒരിക്കല്‍ പോയി. ദൈവമേ!!! ഞാന്‍ കേട്ടിട്ടുള്ള മുംബൈ അല്ല ഞാന്‍ നേരില്‍ കണ്ട മുംബൈ. ഞാന്‍ ട്രയിന്‍ കാത്ത് നില്‍ക്കുന്ന സമയം [6.30 a.m] പാന്റിട്ടവരും, സാരി ഉടുത്തവരും, നിക്കറിട്ടവരും ഒരു പോലെ നാണമില്ലാതെ 'മുഖാമുഖം' പരിപാടി നടത്തുന്നതു പോലെ കുത്തിയിരിക്കുന്ന മുംബൈ...ഈ അണ്ടര്‍വെയറും ഊരി കുത്തി ഇരിക്കുന്ന ഈ കണ്ട ജനത്തെ കണ്ടിട്ടാണോ ഈ ‘മാധ്യമ സിന്‍ഡിക്കേറ്റ്‌സ്' മുംബൈ അണ്ടര്‍ വേള്‍ഡാണെന്ന് പറഞ്ഞത്. കഷടം തന്നെ.. ഒരു പൊടിയാടിക്കാരനും ഇതിനു മുന്‍പേ ഇവിടെ വന്നിട്ടില്ലേ...അറ്റ്‌ലീസ്റ്റ് ഒരു മുള എങ്കിലും വെച്ചു പിടിപ്പിച്ച് ഒരു കാടാക്കാന്‍ ഇവിടെ ആരുമില്ലേ..അതുമല്ലായെങ്കില്‍ ക്ലീന്‍ മുംബൈയാക്കാന്‍ താത്‌പര്യം ഉള്ള പക്ഷം പൊടിയാടിയിലെ വാറ്റുകാരോട് ഒരു വാക്ക്...ഇലക്ട്രിക്ക് ട്രെയിനും കൂടിയായപ്പോള്‍ ഈസിയല്ലെ കാര്യങ്ങള്‍....ഒറ്റ കറന്റടി...പിന്നെ ക്ലീനല്ലേ ക്ലീന്‍...നമ്മുടെ മുംബൈയും…
Saturday, 15 November 2008
Subscribe to:
Posts (Atom)