10 തട്ട് തടുക്കാം, പക്ഷെ ഒരു മുട്ട് തടുക്കാമോ???
പ്രശസ്ത കളരി അഭ്യാസി പൊടിയാടി ഗുരുക്കള്‍ ചോദിച്ചതാണത്രേ ഈ ചോദ്യം. 18 അടവും പഠിച്ചവര്‍ക്കു പോലും ഇവനെ തടുക്കാന്‍ പറ്റില്ലത്രേ. പിന്നെയാണോ ഒരു അടവു പോലും അറിയാന്‍ വയ്യാത്ത നമ്മള്‍.
പ്രീഡിഗ്രി സമയം. എന്റെ കസ്സിന്റെ വീട് പീരുമേട്ടിലുള്ളതിനാല്‍ അവധി സമയം മിക്കവാറും ഞങ്ങള്‍ പീരുമേടിനാണു പോകുന്നത്. പുല്ലുപാറ, കുട്ടിക്കാനം, വാഗമണ്‍, തേക്കടി, മൂന്നാര്‍ ഇവകള്‍ ഇന്നും എന്റെ പ്രിയപ്പെട്ട ഒഴിവുകാല സങ്കേതങ്ങള്‍ തന്നെ. അങ്ങനെ പതിവു പോലെ ഞാനും എന്റെ കസ്സിനും കൂടി പീരുമേടില്‍ നിന്നും അവധിയൊക്കെ അടിച്ച് പൊളിച്ചിട്ട് തിരിച്ച് വരികയാണു. പൊന്‍കുന്നം തൊട്ട് എനിക്ക് ദാഹിക്കാന്‍ തുടങ്ങിയതാണു, പക്ഷെ കസ്സിന്‍ അവിടെയെങ്ങും വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. അങ്ങനെ ഞങ്ങള്‍ ചങ്ങനാശ്ശേരി കഴിഞ്ഞ്, പെരുന്തുരുത്തിയും കഴിഞ്ഞ് ഒരു ചെറിയ പെട്ടികടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. ആ കടയുടെ മുന്‍പില്‍ ഒരു കാര്‍ഡ്ബോര്‍ഡില്‍, ചുണ്ണാമ്പ് കൊണ്ട് വളരെ പൈശാചികവും, മൃഗീയവുമായ കൈയക്ഷരത്തില്‍ 'മോരും വെള്ളം വില്‍ക്കപ്പെടും' എന്ന് എഴുതി തൂക്കിയിട്ടതിലേക്ക് കൈ ചൂണ്ടി അചാച്ചന്‍ പറഞ്ഞു-ഇവിടുത്തെ മോരും വെള്ളം കുടിച്ചാല്‍ പിന്നെ നമ്മള്‍ വേറെ ഒന്നും കുടിക്കില്ല. അത്രയ്ക്ക് റ്റേസ്റ്റ് ആണു. അങ്ങനെ അചാച്ചന്റെ താത്പര്യപ്രകാരം ഞാനും ആ മൊരും വെള്ളം കുടിക്കാന്‍ തീരുമാനിച്ചു. കുടിച്ചപ്പോള്‍ ആഹഹ.. അചാച്ചന്‍ പറഞ്ഞത് സത്യം തന്നെ. എന്തൊരു രുചി. ഇഞ്ചിയും, പച്ചമുളകും ഒക്കെ പാകത്തിനിട്ട്, പരുവത്തിനു തണുപ്പുമുള്ള മോരും വെള്ളം.. രുചി കാരണം വീണ്ടും ഒരു ഗ്ലാസ്സ് കൂടി കുടിച്ച്, നീട്ടി ഒരു ഏമ്പക്കവും വിട്ട്, അല്‍പം മാറി അവിടുത്തെ കണ്ടത്തിലേക്ക് നോക്കി, തികച്ചും കേരളീയ സ്റ്റയിലില്‍ മൂത്രവുമൊഴിച്ച് വീണ്ടും യാത്ര തിരിച്ചു. 4 ഗ്ലാസ്സ് മോരും വെള്ളത്തിനു 4 രൂപാ മാത്രം. വണ്ടിയില്‍ കയറിയിട്ടും ഞങ്ങള്‍ അതിന്റെ രുചിയെ പറ്റി വാഴ്ത്തി സ്തുതിച്ചു കൊണ്ടിരുന്നു.
അല്‍പം കഴിഞ്ഞ് മുത്തൂര്‍ എന്ന സ്ഥലം കഴിഞ്ഞപ്പോള്‍, എന്റെ വയറ്റില്‍ ഒരു ഉരുണ്ട് കയറ്റം, ഒരു കൊള്ളിയാന്‍ മിന്നല്‍... ദൈവമേ!!! മുത്തൂര്‍ എന്ന പേരു ഇവിടെ യാത്ഥാര്‍ത്ഥ്യമാകാന്‍ പോവുകയാണോ? ഞാന്‍ ഒരല്‍പ്പം ബലം പിടിച്ചിരുന്നു. എന്റെ വയറ്റിലെ ഓര്‍ക്കസ്റ്റ്രയുടെ ശബ്ദം വെളിയില്‍ കേട്ട് തുടങ്ങി. ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്റെ അവസ്ത്ഥ മനസ്സിലാക്കിയിട്ടെന്നോണം അചാച്ചന്‍ വണ്ടിയ്ക്ക് വേഗം കൂട്ടിയത് ഞാനറിഞ്ഞു. ഞാന്‍ എന്റെ സങ്കടാവസ്ത്ഥ തുറന്ന് പറഞ്ഞു.. അപ്പ്പ്പോളാണു ഞാന്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്.. അചാച്ചനും അതേ അവസ്ത്ഥയില്‍ തന്നെ.. അതാണു വണ്ടിയുടെ സ്പീഡ് എഴുപതില്‍ നിന്നും തൊണ്ണൂറിലേക്ക് കുതിച്ചത്. പിന്നെ ഞങ്ങള്‍ രണ്ടാളും ഒന്നും മിണ്ടാതെ നമ്മുടെ പഴയ പ്രധാന്മന്ത്രി ശ്രീ. നരസിംഹറാവുവിനെ പോലെ ഇരുന്നു.
വണ്ടിയ്ക്കു സ്പീഡ് പോരാ.. സകല ദൈവങ്ങളെയും വിളിച്ചു. ഏതായാലും അചാച്ചന്‍ വണ്ടി നേരെ കൊണ്ടു ഒരു ഹോട്ടലിന്റെ മുന്‍പില്‍ ചവട്ടി നിര്‍ത്തിയതും ഞങ്ങള്‍ രണ്ടാളും ചാടിയിറങ്ങിയതും ഒപ്പം ആയിരുന്നു. അപ്പോള്‍ അവിടുത്തെ കൊമ്പന്‍ മീശക്കാരന്‍ സെക്യുരിറ്റി, കാര്‍ പാര്‍ക്ക് ചെയ്തത് ശരിയായില്ലായെന്ന് പറഞ്ഞ് വന്നപ്പോള്‍ , അചാച്ചന്‍ കാറിന്റെ താക്കോല്‍ പുള്ളിയെ തന്നെയേല്‍പ്പിച്ച്, ചേട്ടന്‍ തന്നെ അങ്ങു പാര്‍ക്കു ചെയ്യെന്ന് പറഞ്ഞ് ഹോട്ടലിനുള്ളിലേക്ക് ഓടി കയറി.
കഷ്ടകാലം പിടിച്ചവനു കക്കൂസില്‍ പോകാന്‍ മുട്ടുമ്പോള്‍ അണ്ടര്‍വെയറിന്റെ പീത്തയ്ക്ക് കടുംക്കെട്ട് വീണുയെന്ന് പറഞ്ഞതു പോലെ ഞങ്ങളെയ്ക്കാട്ടിലും മുന്‍പേ ഒരുത്തന്‍ അതില്‍ ഉണ്ട്. മുട്ടുവീന്‍ തുറക്കപ്പെടും എന്ന ആപ്ത വാക്യം മനസ്സില്‍ വെച്ച് മുട്ടി... അവന്‍ തുറന്നില്ല. പക്ഷെ പെണ്ണുങ്ങളുടെ റ്റോയിലറ്റ് ഒഴിഞ്ഞു കിടക്കുന്നു. അചാച്ചന്‍ അതിനെ ലക്ഷ്യമാക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു അത് ഷീ ആണു കേട്ടോ [ആണുങ്ങളുടെ റ്റോയിലറ്റിന്റെ അവിടെ ഹീയെന്നും പെണ്ണുങ്ങളുടെ റ്റോയിലെറ്റിന്റെ അവിടെ ഷീ എന്നുമാണു അവിടെ നാമകരണം ചെയ്തിരിക്കുന്നത്]ഓഹ്, പോയി പണി നോക്കാന്‍ പറ.. കക്കൂസില്‍ പോകാന്‍ മുട്ടി നില്‍ക്കുമ്പോഴാ ഹീയും ഷീയും.. അചാച്ചന്‍ അകത്തു കയറി കതകടച്ചു.
ഞാന്‍ പിന്നെയും വെളിയില്‍ തന്നെ. നട തുറക്കുന്നതും കാത്ത് നില്‍ക്കുന്ന ഭക്തനെ പോലെ ഞാന്‍ വിറച്ചു നിന്നു. നക്ഷത്ര ഹോട്ടലാ... 2 റ്റോയിലറ്റ് മാത്രം. ഇവിടെ ഈ അവസ്തയില്‍ നില്‍ക്കുമ്പോഴായിരിക്കും നക്ഷത്രം കാണുന്നത്...പിന്നെ ബില്ല് കിട്ടുമ്പോഴും...ഞാന്‍ പിറുപിറുത്ത് കൊണ്ടിരുന്നു. അവസാനം സഹിക്കാതെ ഞാന്‍ അചാച്ചന്റെ റ്റോയിലറ്റിന്റെ കതകിനു മുട്ടിയിട്ട് പറഞ്ഞു-ഒന്ന് വേഗം ഇറങ്ങ്...എനിക്ക് ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യ.

അപ്പോള്‍ അചാച്ചന്റെ വക പുതിയ റ്റെക്നിക്ക്... എടാ.. നീ കത്രിക പൂട്ട് ഇട്ടു നില്‍ക്കാന്‍... [കാല്‍ കത്രിക പോലെ വെച്ച് നില്‍ക്കാന്‍] ഓഹ്ഹൊ.. വലിയ കാര്യമായി പോയി.. ഈ റ്റെക്നിക്ക് അറിയാമാഞ്ഞിട്ടാണോ...ഷീയില്‍ ഓടി കയറിയത്... എന്നിട്ട് അകത്തിരുന്ന് എന്നോട് ഉപദേശിക്കുന്നു...കത്രിക പൂട്ട് ഇടാന്‍... ദൈവമേ.. നീ ഇതു ഒന്നും കാണുന്നില്ലേ...???
എന്റെ ആ പ്രാര്‍ത്ഥന ദൈവം കേട്ടു. അതാ നട തുറന്നു... അയാള്‍ പുറത്തിറങ്ങുന്നതിനു മുന്‍പേ ഞാന്‍ അകത്തു കയറി. സത്യം പറയാമല്ലോ...മുട്ട് മടക്കിയതു പോലും എനിക്ക് ഓര്‍മ്മയില്ല. എല്ലാം വളരെ പെട്ടന്നായിരുന്നു. Sprinkle ഉപ്പിന്റെ പരസ്യം പോലെ, എക്സ്റ്റ്രാ ഫ്രീ ഫ്ലോ!!! മകളെ കെട്ടിച്ചു വിട്ട അപ്പന്റെ കണക്കെ ഞാന്‍ തളര്‍ന്നിരുന്നു. അല്‍പം കഴിഞ്ഞപ്പോഴാണു എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്. ദൈവമേ... ഞാന്‍ ആ ആവേശത്തില്‍ പാന്റ് ഊരിയായിരുന്നോ?? ഓഹ്ഹ് ഊരി...ഊരി...പക്ഷെ ഞാന്‍ ഒരു ഹൃദ്രോഗിയെ പോലെ വിയര്‍ത്ത് കുളിച്ചിരുന്നു.
ഞാന്‍ കതക് തുറന്ന് പുറത്തു വന്ന് അല്‍പം കഴിഞ്ഞാണു അചാച്ചന്‍ പുറത്തു വന്നത് തന്നെ..
4 രൂപാ മുടക്കി മോരും വെള്ളം കുടിച്ചു കുടലു കൂടി പുറത്ത് കളഞ്ഞ 2 ആത്മാക്കള്‍.. വേച്ചു വേച്ചു ആ റെസ്റ്റോറന്റ് കം ബാര്‍ ഹോട്ടലിന്റെ വെളിയിലേക്കു ഇറങ്ങി വരുന്നതു കണ്ട് ആള്‍ക്കാര്‍ പറഞ്ഞു….ഹും പെരുപ്പാ… സത്യത്തില്‍, എവിടെയാണു പെരുത്തതെന്ന് ഞങ്ങള്‍ക്കേ അറിയൂ...
ഇനി എന്റെ പൊടിയാടി ഗുരുക്കളേ, അങ്ങ് പറഞ്ഞത് എത്രയോ സത്യം- 10 തട്ട് തടുക്കാം.. പക്ഷെ “ഒരു മുട്ട് “ തടുക്കാന്‍ പറ്റില്ല. [അതു ഏത് മുട്ട് എന്ന് ഇനിയും ചോദിക്കരുതേ. ] ഇതു സത്യം, സത്യം, സത്യം.