Wednesday, 28 June 2017

A Hand Guide to Canada Immigration - Part 2 (Malayalam)

കൂട് വിട്ട് കൂട് മാറുന്ന അവസ്ഥയാണ് കാനഡയിലേക്ക് ചേക്കേറുന്ന ഓരോ മലയാളിയുടെയും മനസ്സ് .അതിനുള്ള ആദ്യ പടി എന്നവണ്ണം, കാനഡയിലുള്ള കൂട്ടുകാരോടൊക്കെ ഒന്ന് വെറുതെ തിരക്കും .ബന്ധത്തിൽപെട്ട ആർക്കോ വേണ്ടിയാണെന്ന ഭാവത്തിൽ.അത്യാവശ്യം വിവരങ്ങളൊക്കെ അറിഞ്ഞുകഴിയുമ്പോൾ കുറച്ചൊരു ധൈര്യം വരും.പിന്നീടാണ് ഏതെങ്കിലും ഏജൻസിക്ക്‌ തല വയ്ക്കുന്നത്..ഇനി അത് വേണ്ടി വരില്ല.കാലം മാറിയപ്പോൾ വിജ്ഞാനം വിരൽ തുമ്പിൽ എന്ന് പറയും പോലെയാണ് കനേഡിയൻ ഇമ്മിഗ്രേഷനെ സംബന്ധിച്ചുള്ള സകല വിവരങ്ങളും.അപേക്ഷിക്കാനുള്ള ഫീസ് മുതൽ,ആരംഭ കാലത്ത്‌ ലഭിക്കുന്ന സർക്കാരിന്റെ സഹായങ്ങൾ, കാനഡയിൽ എത്തി കഴിഞ്ഞാൽ ഒരു കുടുംബത്തിന് ആദ്യ മാസങ്ങളിലെ ചിലവുകൾക്കായി ബാങ്കിൽ നിക്ഷേപിക്കേണ്ട തുക തുടങ്ങിയവ വ്യക്തമാക്കികൊണ്ട് എല്ലാവിവരങ്ങളും അറിയിച്ചുകൊണ്ട്, വാതായനങ്ങൾ മലർക്കെ തുറന്നിട്ടിരിക്കുന്ന രാജ്യമാണ് കാനഡ.

കാര്യമിതൊക്കെയാണെങ്കിലും ഓരോ മലയാളിയും മറ്റൊരു രാജ്യത്തേക്ക് പോകാനും അവിടെ ജീവിക്കാനുമുള്ള തീരുമാനം എടുക്കുന്നത് ഒരു പാടു കണക്കുക്കൂട്ടലുകൾക്കൊടുവിലാണ്. സ്വന്തക്കാരേയും കൂട്ടുകാരെയുമൊക്കെ വിട്ട് ,പത്തു പുത്തനുണ്ടാക്കാമെന്ന ഒരു ആഗ്രഹമാണ് മുന്നിൽ .അതിനായി ആദ്യം പലരുടെ കയ്യിൽ നിന്നും മറിച്ചും ,തിരിച്ചുമൊക്കെ വിമാനം കേറുന്നവരും ഉണ്ട്.ചിറ്റപ്പനും പേരപ്പനും എന്നുവേണ്ട സകലമാന ആൾക്കാരുടെ കയ്യിൽ നിന്നും പണം കടം കൊള്ളും .അവസാന ശ്രമമെന്ന മട്ടില് ബാങ്ക് കാരുടെ അടുക്കലും എത്തും .കാനഡയിൽ എത്തിയ ഉടൻ ഈ കടമൊക്കെ വീട്ടാൻ കഴിയുമെന്ന ധാരണയിലാണ് പലരും ഇങ്ങനെ ശ്രമിക്കുന്നത് .ഇനി യാഥാർഥ്യത്തിലേക്ക് നമുക്ക് കടക്കാം .

ഒരു ശരാശരി കണക്ക് പ്രകാരം ,രണ്ടു മുതൽ മൂന്ന് വർഷമാണ് ഒരു കുടുംബം കാനഡയിൽ എത്തി ബാലാരിഷ്ടതകൾ പിന്നിടുന്നതിനായി കണക്കാക്കുന്നത്.അതിനാൽ ഈ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കേണ്ടതായുണ്ട്. കാനഡയിൽ എത്തുന്ന ദിവസം മുതൽ നിങ്ങൾ കയ്യിൽ കരുതുന്ന സമ്പാദ്യത്തിൽ നിന്ന് തന്നെയാണ് ഓരോ ദിവസവും നിങ്ങളുടെ ചിലവുകൾക്കായി മാറ്റിവെയ്‌ക്കേണ്ടിവരുന്നത്.ജോലി ലഭിക്കാനായി വൈകുന്നതോടെ നമ്മൾ സ്വാഭാവികമായും മാനസിക സമ്മർദ്ദത്തിൽ ആവുക സ്വാഭാവികം.അതിനാൽ വ്യക്തമായ ധാരണ ഇക്കാര്യത്തിൽ ആവശ്യമാണ്.പലരും തമാശയായി പറയാറുണ്ട്.."എന്ന് നിങ്ങൾ ഇന്ത്യൻ കറൻസിയുമായി തുലനം ചെയ്യാതെ സാധനങ്ങൾ വാങ്ങാൻ തുടങ്ങുന്നുവോ ,ആ ദിവസം നിങ്ങൾ നിങ്ങൾ ഇവിടെയുള്ള സാഹചര്യവുമായി പൊരുത്തപെട്ടു"എന്ന് .ഈ തമാശയിൽ ,ഇവിടെയുള്ള ജീവിതവുമായുള്ള താദാമ്യം പ്രാപിക്കൽ ഒളിഞ്ഞുകിടപ്പുണ്ട് . അതൊരു പക്ഷേ മൂന്ന് മാസം ആവാം ,മൂന്ന് വർഷവും ആവാം.അതിനാൽ കൊള്ളപലിശക്ക് കടമെടുത്തു കൊണ്ടോ,വസ്തു ഈടുവെച്ചു ഏജന്റിന് പണം കൊടുക്കാൻ ആരും ദയവായി ശ്രമിക്കാതിരിക്കുക .

വ്യക്തമായ ഗൃഹപാഠം ചെയ്തിട്ടുവേണം പ്രൊഫെഷനലുകളായ നഴ്സുമാരായാലും ഡോക്ടറുമാരായാലും മൈഗ്രേഷന് ശ്രമിക്കേണ്ടത്. കാനഡായിലേക്കു SKILLED WORKERS കാറ്റഗറിയിൽ ഡോക്ടർ, നേഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റ്, അങ്ങനെ ആളുകളുടെ ഒരു നീണ്ട നിര ഒക്കെ ഉണ്ടെന്നത് സത്യം തന്നെ. നമ്മൾ നാട്ടിൽ IAS, IPS, MBBS ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ട്, കാനഡായിൽ വന്നാൽ അതിനു ഒന്നും ഒരു വിലയുമില്ലായെന്നതാണ് സത്യം. ആ ഒരു തിരിച്ചറിവ് നമ്മൾക്ക് ഓരോരുത്തർക്കും വേണം. IT മേഖലയിൽ ഉള്ളവർക്ക് അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെ ജോലി തരപ്പെട്ടു കണ്ടിട്ടുണ്ട്.. നേഴ്‌സന്മാർക്ക് ലോകത്തെവിടെയും സുവർണ്ണാവസരം, കാനഡയിൽ വൻ ജോലി സാദ്ധ്യത എന്നൊക്കെ പല പരസ്യങ്ങളിലും കാണാറുണ്ടെങ്കിലും ഇവിടെ വരുന്ന നേഴ്‌സന്മാർ വളരെ ബുദ്ധിമുട്ടു സഹിക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്.

നാട്ടിൽ ഉള്ളപ്പോൾ തന്നെ എലിജിബിലിറ്റി ലഭിക്കാനായി ശ്രമിക്കുന്നതാണ് നേഴ്‌സസിന് ഏറ്റവും ഉത്തമം. ഇതിനു കാരണങ്ങൾ പലതാണ് .ഒന്നാമതായി ,RN /RPN/ LPN എന്നീ ക്യാറ്റഗറിയിലെ പരീക്ഷ എഴുതുവാനായി എലിജിബിലിറ്റി നേടിയ ശേഷമാണ് നിങ്ങൾ വരുന്നതെങ്കിൽ നേഴ്സ് ആയി മാറാനായി നിങ്ങള്ക്ക് അധികം സമയം വേണ്ടിവരില്ല.പരീക്ഷ എഴുതുവാനായുള്ള അനുമതി ലഭിച്ച ശേഷം ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതാണ് നല്ലത് .കാരണം എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടാൽ അത് നിങ്ങളുടെ ഇംഗ്ലീഷ് പരീക്ഷയുടെ വാലിഡിറ്റിയെ ബാധിക്കുമെന്നതാണ് നേര്.(2 വർഷമാണ് ഇംഗ്ലീഷ് പരീക്ഷയുടെ കാലാവധി )

ഇത്തരം കാര്യങ്ങളിൽ വ്യക്തമായ ധാരണ ഉണ്ടെങ്കിൽ കഴിവതും ഇവിടെ വന്നിട്ടുള്ള പല വിധത്തിലുള്ള കാലതാമസവും ഒഴിവാക്കാം.
മറ്റൊരു പ്രധാന കാര്യം ,എക്സ്പീരിയൻസ് ലെറ്റർ ഹോസ്പിറ്റലിൽ നിന്നും കൈപറ്റുമ്പോൾ എത്ര മണിക്കൂറാണ് നിങ്ങൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തതെന്നത് കൂടി ആ ലെറ്റർ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.ഇവിടെ ജോലിക്കുകയറി ,അടുത്ത ലെവെലിലേക്ക് നിങ്ങളെ പരിഗണിക്കാനായി ഈ ലെറ്റർ പ്രയോജനപ്പെടും.

ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ,കാനഡയിൽ നേഴ്സ് ആയി മാറാനുള്ള എല്ലാവിധ സേവനങ്ങളും നൽകുന്ന ഒരു സ്ഥാപനമാണ് കെയർ .പേര് പോലെ തന്നെയാണ് ഇവരുടെ സഹായവും. ഇവരുടെ സേവനം ഉറപ്പുവരുത്തിയാലുള്ള നേട്ടങ്ങൾ നിരവധിയാണ്.അന്താരാഷ്ട തലത്തിൽ അറിയപ്പെടുന്ന ഈ സംഘടന ,അംഗങ്ങൾക്ക് ആജീവനാന്ത അംഗത്വമാണ് നൽകുന്നത്.CARE -ന്റെ ആഭിമുഖ്യത്തിൽ ,ഹോസ്പിറ്റലുകളിൽ നിങ്ങൾക്ക് ഒരു RN നെ അനുഗമിച്ചുകൊണ്ടു ആശുപത്രിയിലെ ജോലിയെ കുറിച്ചുമൊക്കെ ഒരു നേർകാഴ്ചക്കുള്ള അവസരം( Job Shadowing ) ഇവർ ഒരുക്കാറുണ്ട് .ഇത്തരം അവസരങ്ങൾ നിങ്ങളുടെ ആത്മ വിശ്വാസത്തെ ഒരുപാടു ഉയർത്തുന്നതാണ് .ഇവ കൂടാതെ നഴ്‌സുമാർക്ക് പ്രയോജന പ്രദമായ പല കോഴ്‌സ്സുകളും വളരെ കുറഞ്ഞ ഫീസ് ഈടാക്കിക്കൊണ്ടു സംഘടിപ്പിക്കുണ്ട്.

ഉപകാരപ്രദമായ ചില വെബ് സൈറ്റ് അഡ്രസ്സുകൾ

http://www.nnas.ca/

http://www.care4nurses.org/.

https://www.cna-aiic.ca/en/becoming-an-rn/rn-exam/nclex-rn-exam-writing-tips

http://allnurses.com/nursing-in-canada/

https://www.cna-aiic.ca/en

No comments: