Wednesday 2 April 2014

ജെ.സി.ബി പുരാണംസ്

ഇബ്രിയിൽ താമസിക്കുന്ന ഞങ്ങൾക്ക് മസ്ക്കറ്റിൽ പോവുകയെന്നതു ഒരു ദിവസത്തെ യാത്രയാണു. ഇബ്രിയിൽ നിന്നും 300 കി.മി ദൂരെയാണു മസ്ക്കറ്റ്. ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ കൂടി മൂന്ന് മണിക്കൂർ അങ്ങോട്ടും, മൂന്ന് മണിക്കൂർ ഇങ്ങോട്ടും വണ്ടി ഓടിച്ചു തിരിച്ചു വരുമ്പോൾ പൈൽസ് രോഗികൾക്ക് പൃഷ്ടം ചൂടായി ആശ്വാസം ലഭിക്കുമെന്നതൊഴിച്ചാൽ ബാക്കിയുള്ളവർക്കെല്ലാം നടുവേദനയും തലവേദനയുമായിരിക്കും മിച്ചം.

കീ ബോർഡ് പഠിപ്പിക്കാൻ ഒരു സാർ, നിസ്വായിൽ നിന്നും വരുന്നു. കീ ബോർഡ് പഠിക്കാൻ ആഗ്രഹമുള്ള പൈതങ്ങളുടെ കൂട്ടത്തിൽ എന്റെ മോനും പെട്ടു. 10-12 പിള്ളേരു കീ ബോർഡ് പഠിക്കാൻ പേരു കൊടുത്തപ്പോൾ അടുത്ത പ്രശ്നം. കീ ബോർഡ് മേടിക്കണം. കീ ബോർഡ് മേടിക്കണമെങ്കിൽ മസ്ക്കറ്റിൽ പോകണം. കൂടുതൽ പേരു വാങ്ങിയാൽ ഡിസ്ക്കൗണ്ടും തരാമെന്ന കടക്കാരന്റെ ഉറപ്പിനുമേൽ ഞാനും മസ്ക്കറ്റിൽ പോയി കീ ബോർഡ് വാങ്ങാൻ തീരുമാനിച്ചു.

ഇബ്രിയിൽ നിന്നും ആരെങ്കിലും മസ്കറ്റിൽ പോകുന്നുണ്ടൊ എന്ന ചോദ്യത്തിനു പെട്ടെന്നു തന്നെ ഉത്തരവും കിട്ടി. എന്റെ ഒരു സുഹൃത്ത് നാട്ടിൽ പോകുന്നു. സുഹൃത്തിനെയും കൂട്ടി എയർപോർട്ടിൽ വിട്ട ശേഷം, നമ്മൾക്കു കീബോർഡും വാങ്ങി തിരിച്ചും വരാം. രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും ഹോർളിക്സ് ഇട്ട പാലെന്ന് കണക്കെ ആ ഓഫർ കേട്ട് ഞാൻ രോമാഞ്ച കഞ്ചുകമണിഞ്ഞു. എയർപോർട്ടിൽ നിന്നും തിരിച്ചു വാഹനമോടിക്കാൻ ഒരു വാഹന സാരഥിയെയും കണ്ടു പിടിച്ചു. ഇബ്രിയിലെ തന്നെ ഒരു മലയാളി ജെ.സി.ബി മെക്കാനിക്ക്

അങ്ങനെ ആ മഹാദിവസം വന്നു. ഞങ്ങൾ മസ്ക്കറ്റ് എയർപ്പോർട്ടിൽ എത്തി. വണ്ടിയിൽ നിന്നും ലഗേജുകളെല്ലാം പുറത്തെടുത്ത് ട്രോളിയിൽ വെച്ച ശേഷം, വണ്ടിയുടെ ഓണർ എന്നോട് കീ ബോർഡ് മേടിക്കുന്ന കടയുടെ അഡ്രസ്സ് ചോദിച്ചു. ഞാൻ അഡ്രസ്സ് പറഞ്ഞപ്പോൾ, എയർപോർട്ടിൽ നിന്നും റൈറ്റ് കട്ട് ചെയ്ത്, മെയിൻ റോഡിൽ ഇറങ്ങി....പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ ഇതൊന്നും എന്റെ കാര്യങ്ങളേയല്ല എന്ന ഭാവത്തിൽ ഡിക്കിയിലേക്ക് ചാരി നിന്നു പേനയുടെ അടപ്പ് ഊരി ചെവിക്കകത്തിട്ട് സ്വർഗ്ഗീയാനുഭൂതിയിൽ നിൽക്കുകയാണു നമ്മുടെ ജെ.സി.ബി മെക്കാനിക്ക്..

എയർപോർട്ടിൽ നിന്നും ആൾ യാത്രയായ ശേഷം നമ്മുടെ വാഹന സാരഥി ഡ്രൈവിങ്ങ് സീറ്റിലേക്കിരിക്കാൻ നോക്കിയപ്പോൾ തന്നെ ശരിയല്ല. കക്ഷിക്ക് നല്ല നീളമുണ്ട്. ആയതിനാൽ സീറ്റ് പുറകിലേക്ക് മാറ്റിയിട്ട ശേഷം വിശാലമായി കയറിയിരുന്നു. വണ്ടി സ്റ്റാർട്ടാക്കി, മുന്പോട്ട് എടുത്തതും, വണ്ടി നിന്നു. വീണ്ടും സ്റ്റാർട്ടാക്കി, വണ്ടി എടുത്തപ്പോഴും പഴയ അവസ്ഥ തന്നെ. അപ്പോൾ കക്ഷി എന്നോട് പറഞ്ഞു, “ജെ.സി.ബി ഓടിച്ച് ഓടിച്ച് ഇപ്പോൾ വന്ന് വന്ന് ചെറിയ വണ്ടി ഒന്നും അങ്ങോട്ട് പറ്റുന്നില്ല; അതാ പ്രശനം”… അതു കേട്ടതും എന്റെ നെഞ്ചു ഒന്നു കാളി. ഞാൻ ആ ഇരുപ്പിൽ ഇരുന്ന് സകല ദൈവങ്ങളെയും വിളിച്ചു. എന്തായാലും വണ്ടിക്ക് മനസ്സിലായി കക്ഷി പുലിയാണെന്ന്. വണ്ടി പതുക്കെ എയർപോർട്ടിൽ നിന്നും സ്ക്കൂട്ടായി. എയർപോർട്ടിനു വെളിയിൽ വന്ന് ട്രാഫിക്ക് ലൈറ്റിൽ കിടക്കുമ്പോൾ പുള്ളി എന്നോട് ഒരു ചോദ്യം... നമ്മൾക്ക് എങ്ങോട്ടാ പോകേണ്ടതെന്ന്??? ആ ചോദ്യം കേട്ടതും കറുത്തവാവിന്റെ അന്ന് കൂളിങ്ങ് ഗ്ലാസ്സ് വെച്ചതു പോലെയായി ഞാൻ. കണ്ണിൽ മൊത്തം ഇരുട്ട്.. ഞാൻ പറഞ്ഞു റുവിയിലേക്കാണു പോകേണ്ടത്?? അപ്പോൾ കക്ഷി.. അതു എനിക്കു അറിയാം.. പക്ഷെ ഏതു വഴിക്കാണു പോകേണ്ടത്? തെക്ക് വടക്ക്, കിഴക്ക് പടിഞ്ഞാറു ദിശകളിലേക്കെല്ലാം 3 വരി റോഡും, അതിൽ കൂടിയെല്ലാം 120നു മേലെ സ്പീഡിൽ വണ്ടികൾ ഓടി കൊണ്ടിരിക്കുമ്പോഴാണു പുള്ളിയുടെ ഈ ചോദ്യം. ട്രാഫിക്കിൽ കിടന്ന് വടക്ക് നോക്കി യന്ത്രം കറങ്ങുമ്പോലെ ഞാൻ തല തിരിച്ചും മറിച്ചും നോക്കിയപ്പോൾ മസ്കറ്റ് എന്ന ഒരു ബോർഡു കണ്ടതും ഞാൻ സന്തോഷം കൊണ്ട് അറിയാതെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊടിഞ്ഞു.

പോകുന്ന വഴിയിൽ കക്ഷി വീണ്ടും ചോദിച്ചു, "നമ്മൾ പോകുന്ന കട റുവിയിൽ എവിടെയാണെന്ന് അറിയാമോ??" ഞാൻ..എന്റെ ഭായി, ഞാൻ നേരത്തെ പറഞ്ഞില്ലെ.. എനിക്ക് മസ്കറ്റിന്റെ എബിസിഡി അറിയില്ല. നമ്മൾക്ക് ആ കടക്കാരനെ വേണമെങ്കിൽ ഒന്ന് വിളീച്ചു ചോദിക്കാം. അങ്ങനെ ഞാൻ കടക്കാരനെ ഫോൺ വിളിച്ചു. കടക്കാരൻ എനിക്ക് എളുപ്പം മനസ്സിലാകാൻ വേണ്ടി പറഞ്ഞു.. റുവിയിൽ മലബാർ ഗോൾഡിന്റെ അടുത്തുള്ള കടയാ ഇതെന്ന്.. കടക്കാരൻ പറഞ്ഞത് അതു പോലെ ഞാൻ സാരഥിയോട് പറഞ്ഞപ്പോൾ സാരഥി വക അടുത്ത ചോദ്യം.." അതേ ഈ റുവിയിൽ മലബാർ ഗോൾഡ് എവിടെയാ??? ഞാൻ വേഗം പറഞ്ഞു, അത് ഈ കടയ്ക്ക് അടുത്ത്...

ഒന്ന് രണ്ട് ദിവസം മുൻപ്, എന്റെ മറ്റൊരു സുഹൃത്ത്, മലബാർ ഗോൾഡിൽ പോയ വിവരം പറഞ്ഞിരുന്നു. അതു കൊണ്ട് വഴി തിരക്കാൻ വേണ്ടി ഞാൻ ആ സുഹൃത്തിനെ വിളിച്ചു. അപ്പോൾ ആ സുഹൃത്ത് പറഞ്ഞു.. സെനു ഭായി നിങ്ങൾ മലബാർ ഗോൾഡ് തിരക്കി മസ്കറ്റിൽ കിടന്ന് കറങ്ങേണ്ടാ.. മസ്കറ്റിലെ ലുലുവിൽ കയറുക. അതിനകത്ത് മലബാർ ഗോൾഡുണ്ട്.. മലബാർ ഗോൾഡല്ലല്ലോ നമ്മുടെ ആവശ്യം.. പിയാനോ കടയല്ലെ. കൂടുതൽ ഒന്നും പറയാതെ ഞാൻ ഫോൺ ഓഫാക്കിയപ്പോൾ സാരഥി എന്നോട് കട മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.. ഓഹ് അവൻ പറയുന്നു ഏതെങ്കിലും ലുലുവിൽ കയറിയാൽ മതിയെന്ന്.. അതിനകത്ത് മലബാർ ഗോൾഡുണ്ടെന്ന്.. ഇതു കേട്ടതും സാരഥി വയലന്റായി. കോപ്പിലെ ഇടപാട്.. ഏത്.....മോനെയാ വഴി ചോദിച്ച് വിളിച്ചത്?? അവനോട് പറ ടൂ ടൂ ടൂ ടൂൂൂൂൂൂഇവിടെ പിയാനോ കട നോക്കി നടക്കുമ്പോഴാ അവന്റെ ___ലെ ലുലു. ഹും യൂസഫലി 98 ലുലു ഉണ്ടാക്കിയെന്നാ പറയുന്നെ. നമ്മൾ ഇത്രയായിട്ടും ഒരു ലുലു പോലും കണ്ടിട്ടില്ല. ഇവനിതൊക്കെ ഏത് ടു ടൂ ടൂൂൂൂവിലാണോ ലുലു ഉണ്ടാക്കിയിട്ടിരിക്കുന്നത്...ഇത് കേട്ടതെ എനിക്ക് ചിരി അടക്കാനായില്ല. വഴി അറിയാത്തതിനു ഒടുക്കം തെറി യൂസഫലിക്ക്.. ഞാൻ മനസ്സു തുറന്ന് ചിരിച്ചു. ചിരിച്ചതിനും കിട്ടി അടുത്തത്. അതോടെ ഞാൻ ഡിസെന്റായി.

റുവി അടുക്കാറായി. ഷെറാട്ടൺ ഹോട്ടൽ കണ്ടാണു ഞാൻ അതു പറഞ്ഞത്.. അപ്പോൾ കക്ഷി ചോദിച്ചു, എന്താ എന്നെ പറ്റി വിചാരിച്ചത്? ഞാൻ ഒന്നും മിണ്ടാതെ വഴി നോക്കിയിരുന്നു. ഒരു വളവു കഴിഞ്ഞു തിരിഞ്ഞു വന്നപ്പോൾ; ദാ വീണ്ടും ഒരു ഷെറാട്ടൺ.. അപ്പോൾ കക്ഷി പറഞ്ഞു.. കണ്ടോ കാശുള്ള ആൺപിള്ളേർ മസ്കറ്റിൽ തന്നെ എത്ര ഹോട്ടലാ പണിതിട്ടിരിക്കുന്നത്.. 98 ലുലു..കക്ഷി പിറുപിറുത്തു
പിന്നെയും ഏതൊക്കെയോ വളവും തിരിഞ്ഞും വന്നപ്പോൾ ദാ പിന്നെയും ഷെറാട്ടൺ. അപ്പോൾ ഞാൻ പറഞ്ഞു നമ്മൾ ചുമ്മാതെ ഈ ഷെറാട്ടണു വലം വെച്ചു കൊണ്ടിരിക്കുകയാ..പിന്നെ മസ്കറ്റിൽ ഏതായാലും ടൺ കണക്കിനു ഷെറാട്ടൺ ഒന്നും ഇല്ല. എന്റെ ആ പറച്ചിൽ കേട്ടപ്പോൾ പുള്ളിക്കും എന്തോ പന്തിക്കേട് തോന്നി..വീണ്ടും പെഡസ്റ്റൽ ഫാൻ കണക്കെ അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ചു നോക്കിയപ്പോൾ റുവി എന്ന് എഴുതിയ ഒരു ചൂണ്ടുപലക കണ്ടു. പക്ഷെ അതു ചൂണ്ടുന്നത് ആകാശത്തേക്കും. അതു കണ്ടതും സാരഥി വീണ്ടും വയലന്റായി. ഇതെന്നാ @#$% ലാണോ റുവി?

ഏതായാലും റുവി തേടി തേടി; മുംബൈയിലെ ഒക്കെ ഇടുങ്ങിയ ഗലിയിൽ കൂടി പോകുന്ന തരം റോഡുകളിൽ കൂടിയൊക്കെ വണ്ടി ഓടിച്ച് പോകുമ്പോൾ തന്നെ ഞാൻ നമ്മളുടെ കടയുടെ ബോർഡ് കണ്ടു. വാസ്ക്കോടഗാമ കപ്പാട് വന്നിറങ്ങിയ സന്തോഷത്തോടെ, വണ്ടി ആ ഗലിയുടെ സൈഡിൽ പാർക്ക് ചെയ്തു റോഡ് ക്രോസ്സ് ചെയ്തു കീബോർഡ് കടയിലേക്കു പോയി. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞു ആ റോഡിന്റെ പുറകിലാണു നമ്മൾ ഉദ്ദേശിച്ച കട. അതു മലബാർ ഗോൾഡിന്റെ തൊട്ടടുത്താണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും കണ്ണിൽ കണ്ണിൽ നോക്കി.ഞങ്ങൾ കടയിൽ നിന്നിറങ്ങി പുതിയ കടയെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ സാരഥി വക അടുത്ത ചോദ്യം.. അതെ.. നമ്മൾ വണ്ടി പാർക്ക് ചെയ്ത സ്ഥലം ഓർമ്മയുണ്ടോ, വണ്ടി ഞാൻ ലോക്ക് ചെയ്തായിരുന്നോ?? ഈ രണ്ടു ചോദ്യവും ഒരുമിച്ചു കേട്ടതെ ഞാൻ ഞെട്ടി. ആയതിനാൽ ഞങ്ങൾ വീണ്ടും ഗലിയിലേക്ക് തന്നെ നടന്നു. വണ്ടി അവിടുന്നെടുത്തു മലബാർ ഗോൾഡിന്റെ സൈഡിൽ പാർക്ക് ചെയ്ത്, കടയിൽ നിന്നും കീബോർഡും വാങ്ങി തിരിച്ചു ഇബ്രിയിലേക്ക്..

മസ്ക്കറ്റിൽ നിന്നും ഇബ്രിക്ക് തിരിക്കുമ്പോൾ പുള്ളി ചോദിച്ചു.... നമ്മൾക്ക് സൊഹാർ വഴി ഇബ്രിക്കു പോയാൽ പോരെ? സൊഹാർ എങ്കിൽ സൊഹാർ; നമ്മൾക്ക് എങ്ങനെയും ഇബ്രിയിൽ ചെല്ലണം. മറ്റു പ്രത്യേകിച്ച് ദൗത്യമൊന്നും എനിക്ക് ഇല്ലാഞ്ഞതിനാൽ ഞാൻ ആ സൊഹാറിൽ കൂടിയുള്ള യാത്രക്ക് തലകുലുക്കി സമ്മതം മൂളി. വണ്ടി മെയിൻ റോഡിൽ ട്രാഫിക്ക് ലൈറ്റിൽ കിടക്കുമ്പോൾ, പുള്ളി റിയർ വ്യൂ മിറർ അടുപ്പിച്ചു വെച്ചു തന്റെ മുഖസൗന്ദര്യം ക്ലോസപ്പിൽ കണ്ട് ആസ്വദിക്കുമ്പോൾ പുറകിൽ നിന്ന് ചറ പറ ഹോൺ അടി. ഞാൻ നോക്കിയപ്പോൾ പച്ച ലൈറ്റ് കത്തിയിട്ടും, ഹോണടികൾ കേട്ടിട്ടും, പുള്ളി, പുള്ളിയുടെ സൗന്ദര്യത്തിൽ സ്വയം മറന്നിരിക്കുകയാണു. ഞാൻ പറഞ്ഞു, ഭായി പച്ച ലൈറ്റായി, വണ്ടിക്കാരെല്ലാം ബഹളം വെയ്ക്കുന്നുവെന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെടാതെ വണ്ടി എടുത്തു. ആ സമയത്ത് പെട്ടെന്ന് പുള്ളി ഒരു ജെ.സി.ബിയാണു ഓടിക്കുന്നതെന്ന ധാരണയിൽ എന്തോ ചെയ്തു. വണ്ടി നിന്ന നിൽപ്പിൽ കിടന്ന് റെയ്സായി. പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു, ഗിയറു മാറ്റി വണ്ടി മുന്നോട്ട് എടുത്തു. തൊട്ടു പുറകിലുള്ള ഒരു ടാങ്കർ ലോറിക്കാരൻ, നമ്മുടെ സാരഥിയുടെ വണ്ടി ഓടീരിലുള്ള അതൃപ്തി പ്രകടിപ്പിച്ചെന്നോണം ഹോൺ അടിച്ചു കൊണ്ടേയിരുന്നു. ഇതു സഹിക്കാതെ, ഗ്ലാസ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി കഥകളിയിൽ ഒന്നും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക മുദ്ര, നടുവിരലു കൊണ്ട് കാട്ടി, കൈ അകത്തിട്ടിട്ട് പറഞ്ഞു.. ഹല്ല പച്ചയുടെ ഒക്കെ അഹങ്കാരമേ!! നമ്മളും അവനും ഓടിക്കുന്നത് @#^&% തന്നെയാ. ഞാൻ പറഞ്ഞു.. "യേ അവൻ നമ്മുടെ വണ്ടി നമ്പർ എഴുതി പരാതി പറഞ്ഞാൽ നമ്മൾ തൂങ്ങും"..ഉടനെ നമ്മുടെ ചങ്ങായി.. "നമ്മൾ എന്തിനു തൂങ്ങണം. വണ്ടിയുടെ ഉടയവൻ തൂങ്ങും. ഇബ്രിയിൽ ജെ.സി.ബി പണിയുന്ന ഞാൻ എങ്ങനെ തൂങ്ങാനാ.. ഭായി പറ"... ആ ആത്മാർത്ഥത കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞും, തൊണ്ട ഇടറിയും പോയി. ഞങ്ങളുടെ വർത്തമാനത്തിനിടെ ടാങ്കർ ലോറിക്കാരൻ അടുത്ത ലെയിനിൽ കൂടി മുൻപിൽ കയറി ഹിന്ദിയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അപ്പോൾ നമ്മുടെ സാരഥി കുലുങ്ങി ചിരിച്ച്, സ്റ്റിയറിങ്ങിലേക്ക് കമിഴ്ന്ന് വീണിട്ട് പറഞ്ഞു, ഹിന്ദി അറിയാൻ വയ്യാത്ത എന്നോട് അവൻ ഹിന്ദിയിൽ എന്റെ അമ്മക്കോ, അപ്പനോ തെറി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? "എനിക്ക് ഹിന്ദി അറിയാൻ വയ്യാഞ്ഞിട്ടല്ലേ, ആംഗ്യ ഭാഷ ഞാൻ കാട്ടിയത്. പച്ചയുടെ ബുദ്ധിയല്ല, എന്റെ ബുദ്ധി ഭായീ"യെന്ന് പറഞ്ഞു പുള്ളി, പുള്ളിയുടെ ബുദ്ധിയിൽ ഊറ്റം കൊണ്ടു.

മസ്കറ്റിലെ ട്രാഫിക്കു ഒന്നൊഴിഞ്ഞപ്പോഴേക്കും പുള്ളി, വണ്ടിയുടെ സ്പീഡ് കൂട്ടാൻ തുടങ്ങി. 100 സ്പീഡ് ലിമിറ്റുള്ള റോഡിൽ കൂടി 140 സ്പീഡിൽ വണ്ടി കത്തിച്ചപ്പോൾ ഞാൻ പറഞ്ഞു... ഭായി..ഇവിടെയൊക്കെ ക്യാമറാകൾ വെച്ചിട്ടുണ്ട്.. ഫൈൻ അടിക്കും. ഉടനെ പുള്ളി.. എന്റെ പട്ടി ഫൈൻ അടക്കും. വണ്ടിയുടെ ഉടമസ്ഥൻ ഫൈൻ അടക്കും. അല്ല ഞാൻ അടക്കണോ?" ഞാൻ സകല ദൈവങ്ങളെയും വിളിച്ചു വണ്ടിയിൽ ഇരുന്നു. ഒരു നല്ല വളവ് പുള്ളി ഒട്ടും സ്പീഡ് കുറക്കുന്നില്ല. ഞാൻ വണ്ടിയുടെ ഡാഷ് ബോർഡിൽ ഒന്ന് അള്ളി പിടിച്ച്, എന്റെ ഭാര്യയെയും, മക്കളെയും മനസ്സിൽ കണ്ട് കണ്ണും പൂട്ടിയിരുന്നു. കണ്ണു അടച്ചിരിക്കുമ്പോൾ പുള്ളി എന്നെ വിളിച്ചിട്ടു പറഞ്ഞു.. ബെസ്റ്റ് കക്ഷിയാ വണ്ടിയിൽ ഇരുന്ന് ഉറങ്ങുകയാ.. ദേ അങ്ങോട്ട് നോക്ക്.. കുഴിയിൽ കണ്ടോ ഒരു സെയിൽസ് വാൻ കിടക്കുന്നത്. അതെങ്ങനെയാ..ഇവനൊക്കെ ഇവന്റെ അമ്മയെ കെട്ടിക്കാൻ പോകുന്ന പോക്കല്ലെ.. ഒടുക്കത്തെ സ്പീഡ്.. ദാ!!! $#@%$ വും കുത്തി കിടക്കുന്നു. പുള്ളി വണ്ടി ഒന്ന് സ്ലോ ചെയ്തപ്പോൾ ആ വണ്ടിയുടെ പുറകു വശത്ത് എഴുതി വെച്ചിരിക്കുന്നു.. How is my driving? If over speed please call…….. അയ്യോ, നിന്റെ ഡ്രൈവിങ്ങ് ബെസ്റ്റ് ഡ്രൈവിങ്ങല്ലേ.. അതു കൊണ്ടല്ലെ ഇവിടെ മൂഡും പൊക്കി കിടക്കുന്നേ... ഈ കമന്റ് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.

വണ്ടി പിന്നെയും സ്പീഡിൽ തന്നെ പോയി. അല്പം കഴിഞ്ഞപ്പോൾ ഞാൻ നിസ്വ എന്ന ബോർഡ് കണ്ടപ്പോൾ, ഞാൻ പറഞ്ഞു.. ഭായി സൊഹാർ വഴി പോകാമെന്ന് പറഞ്ഞു, നമ്മൾ നിസ്വായിലാ എത്തിയിരിക്കുന്നത്... ഒരു ഭാവവ്യതാസവുമില്ലാതെ പുള്ളി പറഞ്ഞു.. ആ നമ്മൾക്ക് ഏതെങ്കിലും റോഡ് മിസ്സായി കാണും. ഏതായാലും ഞാൻ സേഫായി നിസ്വാ വരെ കൊണ്ടു വന്നില്ലേ?? നിസ്വായിൽ ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു വീണ്ടും യാത്ര തുടങ്ങി. ഇബ്രിക്ക്..

ഭക്ഷണം കഴിഞ്ഞതു കൊണ്ടാകാം എന്റെ കണ്ണുകൾ അടഞ്ഞു അടഞ്ഞു വന്നു. ഉറക്കത്തിൽ നിന്നു രക്ഷപ്പെടാനായി ഞാൻ പുള്ളിയോടു ജെ.സി.ബി ഓടിക്കുന്നതിനെ പറ്റി അല്പം സംശയം ചോദിച്ചു. എന്റെ ഈശ്വരാ!!! വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ പോലെ, പുള്ളി വീര സാഹസിക കഥകൾ പറഞ്ഞു എന്നെ രോമാഞ്ചം കൊള്ളിച്ചു. കഥ പറച്ചിലിനിടയിൽ പുള്ളി ടൊയോട്ടാ കൊറോള, ജെ.സി.ബിയാണെന്ന ധാരണയിൽ വീണ്ടും അബദ്ധങ്ങൾ കാട്ടി. നിസ്വാ - ഇബ്രി റോഡ്, വഴിതെറ്റികാഞ്ഞ കാരണത്താൽ ഞങ്ങൾ ദൈവകൃപയാൽ സസുഖം വീട്ടിൽ എത്തി ചേർന്നു. വീടിന്റെ മുറ്റത്ത് ചെന്നിറങ്ങിയപ്പോൾ, PWD എഞ്ചിനിയർ അപ്പോ തന്നെ ഞമ്മക്ക്(കുതിരവട്ടം പപ്പു) അവാർഡു തന്നുവെന്ന് പറയുമ്പോലെ, സത്യത്തിൽ പുള്ളിക്ക് ഒരു അവാർഡ് കൊടുക്കണമെന്ന് എനിക്കും തോന്നിയെങ്കിലും, വായിൽ നിന്നു വരുന്ന “പി.സി.ജോർജ്ജിനെ” ഓർത്തു ഞാൻ ഒന്നും മുണ്ടിയില്ല.

ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ജെ.സി.ബി ഡ്രൈവർ വക ഒരു ഫോൺ കോൾ - നാട്ടിൽ പോയ കക്ഷിയെ കൊണ്ടു വരാൻ വീണ്ടും എയർപോർട്ടിലേക്ക് പുള്ളി പോകുന്നു. കമ്പനി കൊടുക്കാൻ ഞാനും ചെല്ലാൻ....കള്ളത്തരങ്ങൾ പറഞ്ഞ് ഫോൺ താത്തു വെച്ചപ്പോൾ രണ്ട് കൊമ്പുകൾ തലയിൽ വെച്ച്, പല്ലുകൾ ഉന്തി എന്റെ രക്തം കുടിക്കാനായി വരുന്ന ഒരു ജെ.സി.ബിയുടെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു.....