Monday 1 February 2010

ഹെല്‍ത്ത്‌ പുരാണം

എന്റെ കുഞ്ഞും നാളില്‍ ഒന്ന് വണ്ണംവെയ്ക്കാന്‍ ഞാന്‍ അതിയായി മോഹിച്ചിരുന്നു. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്‌, അസ്ഥി പിടിച്ച ഒരു ശരീരമായിരുന്നു എനിക്ക്‌ ഉണ്ടായിരുന്നത്‌. പത്താം ക്ലാസ്സ്‌ പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ ക്ലാസ്സില്‍ കേവലം ഒരു 35 കിലോ തൂക്കക്കാരനായിരുന്നു ഞാന്‍. ആ സമയത്ത്‌ അപ്പയും അമ്മയും എന്റെ ശരീരം പുഷ്ടിപിടിപ്പിക്കാന്‍ വേണ്ടി മേടിച്ച്‌ തന്ന് ച്യവനപ്രാശം, കോംപ്ലാന്‍, സാനറ്റജന്‍, ഷാര്‍ക്കഫെറോള്‍ മുതലായവയുടെ റ്റിനുകള്‍ ചുമ്മാതെ തൂക്കി നോക്കിയാല്‍ തന്നെ എന്റെ തൂക്കത്തിലും കൂടുതലായേനെ. ലൈഫ്‌ ബോയി എവിടെയുണ്ടോ, അവിടെയാണാരോഗ്യമെന്ന പരസ്യത്തെ തുടര്‍ന്ന് സോപ്പ്‌ തേച്ച്‌ പതപ്പിച്ചും, ച്യവനപ്രാശം തിന്നും ഞാന്‍ ചുമ്മാ ജീവിതം മുന്‍പോട്ട്‌ കൊണ്ട്‌ പോയി.

ആട്ടിന്‍ പാല്‍ കറന്നെടുത്ത്‌, അല്‍പം ജീരകം പൊടിച്ചിട്ട്‌ കുടിച്ചാല്‍ തടിയിങ്ങ്‌ പോരുമെന്ന് ഒരു വൈദ്യര്‍ പറഞ്ഞതും ആട്‌ വീട്ടില്‍ വന്നു. ആട്‌ ആടുകള്‍ ആയിട്ടും എനിക്ക്‌ നോ ചെയിഞ്ച്‌. കോഴിമുട്ട പച്ചക്ക്‌ പാലില്‍ അടിച്ച്‌ കുടിക്കുക. അങ്ങനെ ആരു എന്തു വണ്ണം വെയ്ക്കാന്‍ ഉള്ള ഒറ്റ മൂലി, ഇരട്ട മൂലികള്‍ ഒക്കെ പറഞ്ഞാലും അതെല്ലാം വളരെ ശുഷ്കാന്തിയോടെ ചെയ്യുന്ന ഒരു ആരോഗ്യ സ്വാമിയായിരുന്നു ഞാന്‍

എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും, എന്തൊക്കെ തിന്നിട്ടും പെട്ടി ത്രാസിനു മുകളില്‍ കയറി നിന്ന് തൂക്കം നോക്കുമ്പോള്‍, എന്റെ തൂക്കം ദാ പിന്നെയും 35 കിലോ 200 ഗ്രാം തന്നെ. അന്ന് ആലുക്കാസിന്റെ സ്വര്‍ണ്ണക്കട തിരുവല്ലായില്‍ ഇല്ലായിരുന്നു, അല്ലായിരുന്നെങ്കില്‍ മില്ലിഗ്രാമില്‍ കൂടിയുള്ള തൂക്കം ചുമ്മാതെ ഒന്ന് അറിഞ്ഞ്‌ ആശ്വസിക്കാമായിരുന്നു.

അങ്ങനെയിരിക്കെ എന്റെ ഒരു ശക്തനായ എതിരാളിയും, സമപ്രായക്കരനും അസ്ഥിപന്‍ജരവുമായ ബന്ധു ഒന്ന് ദോഹ വരെ അവധിക്കു പോയി തിരിച്ചു വന്നപ്പോള്‍, ക്യാപിറ്റല്‍ ലെറ്റര്‍ “D”കണക്കെയാണു.. ദോഹയില്‍ ചെന്ന് K.F.C – [Kentucky Fried Chicken] കഴിച്ചാണു താന്‍ ഈ പരുവമായതെന്നും, K.F.C കോഴിയുടെ കൊതിയൂറിപ്പിക്കുന്ന മണം ഓര്‍ക്കുമ്പോള്‍, കൊതി തീര്‍ക്കാനായി ആ ചിക്കന്‍ പൊതിഞ്ഞ റ്റിഷ്യു താന്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച്ചയുടെ അന്ന് കുന്തിരിക്കം പുകച്ച്‌, അതിന്റെ മുന്‍പില്‍ മുട്ടു കുത്തി മണം പിടിക്കുന്ന ഒരു ഓര്‍ത്തഡോക്‍സ്‌ കാരനായ ഞാന്‍, ആ റ്റിഷ്യു ഒന്ന് മണപ്പിച്ച്‌ വണ്ണം വെയ്ക്കാന്‍ വൃഥാ ഒന്ന് ശ്രമിച്ചു. സ്ഥിരമായി ആ റ്റിഷ്യു മണപ്പിച്ച്‌ മണപ്പിച്ച്‌ ഫ്രൈഡ്‌ ചിക്കന്റെ മണത്തിന്റെ സ്ഥാനത്ത്‌ മനം മടുപ്പിക്കുന്ന മണമാണു എന്റെ മൂക്കിലേക്കടിച്ചതെങ്കിലും, അവന്റെ ആശ്വാസത്തിനായി ഞാന്‍ ഒരു ആ ആഹാ!!! ശബ്ദം അല്‍പം എക്കോയോടു കൂടി തന്നെ ചുമ്മാ പുറത്തേക്ക്‌ വിട്ടു.

ആയിടയ്ക്കാണു ഞങ്ങളുടെ നാട്ടിലെ “ഈര്‍ക്കിലി ഓമന” കുവൈറ്റിലേക്ക്‌ വീട്ടു വേലയ്ക്കായി പോയത്‌. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ ഈര്‍ക്കിലിയായി പോയ ഓമന ക്യാപിറ്റല്‍ ലെറ്റര്‍ “B”കണക്കെ സകലയിടവും തള്ളി തിരിച്ചു വന്നത്‌ കണ്ടപ്പോള്‍, പഴയ Mark-2 അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലയിറ്റ്‌ പോലെ നാട്ടുകാരുടെ കണ്ണുകളും പുറത്തേക്ക്‌ തള്ളി. ബോംബെ മുംബൈ ആയതു പോലെ, ബാംഗ്ലൂര്‍ ബംഗലൂരു ആയതു പോലെ ഈര്‍ക്കിലി ഓമന, യാതൊരു സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കാതെ നാട്ടുകാരുടെ സ്വന്തം “ഷെയ്ക്കി ഓമന"യായി മാറി.

കോളെജില്‍ പഠിക്കാന്‍ ആദ്യ ദിവസം പോയത്‌ തന്നെ അപ്പ ദോഹയില്‍ നിന്ന് കൊണ്ട്‌ വന്ന നീല ജീന്‍സും ഒരു ഫുള്‍ കൈ റ്റീ ഷര്‍ട്ടുമിട്ടാണു. ആ ജീന്‍സാണെങ്കില്‍ അപ്പ ദോഹയിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയുടെ സൈസ്‌ അനുസരിച്ചു മേടിച്ചതാണു. അത്‌ ഞാന്‍ ഉപയോഗിക്കുന്നത്‌ പ്രീ-ഡിഗ്രിക്ക്‌ ഒന്നാം വര്‍ഷവും. പക്ഷെ അന്ന് അത്‌ ഫിറ്റാകാന്‍ അതിന്റെ അടിയില്‍ ബര്‍മുഡായും ഇട്ടിരുന്നുവെന്നത്‌ ട്രേഡ്‌ സീക്രട്ട്‌. എന്തെങ്കിലും വരട്ടെ..പിന്നെ ഭാഗ്യത്തിനു കെ.എസ്‌.യുകാരനായ കാരണത്താല്‍ പിന്നെ ജീന്‍സ്‌ ഉപേക്ഷിച്ച്‌, ഖദര്‍ ഷര്‍ട്ടും, മുണ്ടും ആയിരുന്നു കോളെജിലെ എന്റെ യൂണിഫോം.

കോളെജ്‌ പഠനം പൂര്‍ത്തിയായതോടെ എന്റെ എല്ലിന്റെ ഘനം കൂടിയാതായിരിക്കാം; ഞാന്‍ 40 കിലോ ആയി. അപ്പോഴും എന്റെ ആരോഗ്യ പരിപാലനം നിര്‍ത്തിയില്ല. ചീസ്‌ തീറ്റയും, ഏത്തയ്ക്ക, മുട്ട കോമ്പിനേഴനും എല്ലാം പരീക്ഷിച്ച്‌ കൊണ്ടേയിരുന്നു.

ഒരു ദിവസം, എന്തോ വര്‍ത്തമാനത്തിനിടയില്‍ അപ്പ, നമ്മുടെ കുടുംബത്തിലുള്ള ഒരു വൈദ്യരെ പറ്റി സംസാരിച്ചു. നല്ല മിടുക്കനാണു. വൈദ്യരെ പറ്റി പറഞ്ഞു തീര്‍ന്നതും, വണ്ണം വെയ്ക്കാന്‍ ആ വൈദ്യരോടു മരുന്ന ചോദിക്കാന്‍ വയ്യായിരുന്നോ എന്ന് എന്റെ ചോദ്യവും പുറത്ത്‌ വന്നു. അങ്ങനെ ഒരു ദിവസം അപ്പയുടെ അനുവാദത്തോടു കൂടി, ഞാനും ഒരു സുഹൃത്തും കൂടി ഈ വൈദ്യരുടെ വീട്ടില്‍ പോയി. വൈദ്യരെ കണ്ട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, വൈദ്യരുടെ മുഖം മാറി. പുള്ളീ ചോദിച്ചു; നിനക്ക്‌ മറ്റ്‌ എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടൊ? നിരന്തരമായ ചുമ [ക്ഷയം ഉണ്ടോ എന്ന് പച്ച മലയാളം], മലബന്ധം ഉണ്ടോ [നമ്മള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അപ്പ പറഞ്ഞറിഞ്ഞു..ഇങ്ങനെ ഒരു ബന്ധത്തെ പറ്റി ആരും പറഞ്ഞ്‌ കേട്ടിട്ടില്ല. ചോദിച്ചിട്ട്‌ പറയാം], വായു കോപം ഉണ്ടോ? മുതലായ ചോദ്യങ്ങള്‍..അതിനു ശേഷം വൈദ്യര്‍ പറഞ്ഞു, മറ്റ്‌ ശരീര പ്രശനങ്ങള്‍ ഒന്നുമില്ലെങ്കില്‍ വെറുതെ മരുന്ന് കഴിച്ച്‌ വണ്ണം വെയ്ക്കുന്നതെന്തിനാ.? പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ കുറച്ച്‌ മരുന്ന് കുറിച്ച്‌ തരാം. തിരുവല്ലായിലെ ഒരു ---------------മരുന്ന് കടയില്‍ നിന്ന് തന്നെ വാങ്ങണമെന്ന് പറഞ്ഞത്‌ കൊണ്ട്‌ നേരെ ആ കടയിലേക്ക്‌ പോയി.

കടയില്‍ ചെന്നു വൈദ്യരുടെ കുറിപ്പ്‌ കൊടുത്തു. മരുന്നുകള്‍ പൊതിയുന്നതിനിടയില്‍ അവിടുത്തെ സെയില്‍സ്‌ മാന്‍ പറഞ്ഞു, " അതെ അമ്മ ലേഹ്യം തിന്നുമ്പോള്‍, ചിലപ്പോള്‍ കുഞ്ഞിനു വയറിളക്കം ഒക്കെ ഉണ്ടായീന്ന് വരും. പക്ഷെ ഒന്ന് രണ്ട്‌ ദിവസത്തിനകം അതങ്ങ്‌ മാറും. അതില്‍ പേടിക്കാനൊന്നുമില്ല...”

പണ്ട്‌ സന്ധ്യാ നേരത്ത്‌ നമ്മള്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ അമ്മയുടെ മുലയില്‍ നീരു വരുമെന്ന് പറയുമ്പോലെയാണെല്ലോ, ഞാന്‍ ലേഹ്യം തിന്നുമ്പോള്‍, കുഞ്ഞിനു വയറിളകുമെന്ന്, ഈ മന്ദബുദ്ധി സെയില്‍സ്‌മാന്‍ പറയുന്നതെന്ന് ഓര്‍ത്ത്‌ ഞാന്‍ ഊറി ചിരിച്ചപ്പോള്‍, എന്റെ അതേ സംശയം എന്റെ സതീര്‍ത്ഥ്യനും ഉണ്ടായി. അവന്‍ തിരക്കി... "ചേട്ടന്‍ പറഞ്ഞതെന്തെന്ന് മനസ്സിലായില്ല"? ഉടനെ ചേട്ടന്‍ പറഞ്ഞു.. “മക്കളെ... ഈ ലേഹ്യം അമ്മ കഴിക്കുമ്പോള്‍, മുല കുടിക്കുന്ന കുഞ്ഞിനു ഈ മരുന്നിന്റെ ചൂടും ഒക്കെ കാരണം വയറിളക്കം ഉണ്ടാകുമെന്ന്..മനസ്സിലായോ?”

എവിടെ അമ്മ? എവിടെ മുല? ..ആകെ മൊത്തം കണ്‍ഫൂഷന്‍.. ഒന്നും മനസ്സിലാകുന്നില്ല. ഏതപ്പാ കോതമംഗലമെന്ന സ്റ്റയിലിലെ ഞങ്ങളുടെ നില്‍പ്പ്‌ കണ്ടിട്ട്‌ ചേട്ടന്‍ വീണ്ടും പറഞ്ഞു..എടാ കൊച്ചുങ്ങളെ.. വീട്ടില്‍ പ്രായമായ ആരുമില്ലെ.. ഇതൊക്കെ വന്ന് വാങ്ങി കൊണ്ട്‌ പോകാന്‍.??? എടാ പ്രസവ രക്ഷക്കുള്ള മരുന്നാ ഇത്‌. പ്രസവിച്ച്‌ കിടക്കുന്ന പെണ്ണ്‍, ഈ മരുന്ന് തിന്ന് കഴിഞ്ഞ്‌, കുഞ്ഞു മുലപ്പാലു കുടിക്കുമ്പോള്‍ കുഞ്ഞിനു ചിലപ്പോള്‍ ഒന്ന് രണ്ട്‌ ദിവസം വയറിളക്കം ഉണ്ടാകുമെന്ന്.. ഇപ്പ്പ്പോള്‍ മനസ്സിലായോ..യോ.???. ഇക്കുറി ഞങ്ങള്‍ക്ക്‌ ഇന്ത്യാവിഷനിലെ നികേഷിനെ പോലെ കാര്യങ്ങള്‍ എല്ലാം വ്യക്തവും, സപഷ്ടവും, സ്പുഷ്ടവുമായി മനസ്സിലായി.

എന്റെ കണ്ണില്‍ ഇരുട്ട്‌ കയറുന്നത്‌ പോലെ... കൂട്ടുകാരന്റെ മുഖത്ത്‌ എങ്ങനെ നോക്കും.. ആകെ ചമ്മല്‍. ഹൊ!!! ഇത്തരം പണി, ശത്രുക്കള്‍ക്ക്‌ പോലും പണിയരുതെന്റെ “കുടുംബത്തിലെ കണ്ടരരു വൈദ്യരരെയെന്ന്” മനസ്സില്‍ പറഞ്ഞ്‌, തന്ന ലേഹ്യവും കുറിപ്പും വാങ്ങി, പൈസയും കൊടുത്ത്‌ ഒരു പരുവത്തില്‍ വീട്ടില്‍ വന്നു. ഈശ്വരാ...നാളെ കൂട്ടുകാരന്റെ മുഖത്തെങ്ങനെ നോക്കും? അവനീ സംഭവം എത്ര പേരോട്‌ പറയും?... നാളെ തിരുവല്ലായില്‍ പോകാന്‍ പറ്റുമോ? വീട്ടില്‍ ചെന്നിട്ട്‌ യാതൊരു സ്വസ്ഥതയുമില്ല.

രാത്രിയില്‍ അത്താഴത്തിനു ഒരുമിച്ച്‌ കൂടിയപ്പോള്‍ തനിക്ക്‌ പറ്റിയ പറ്റ്‌ അല്‍പം മയപ്പെടുത്തി പറഞ്ഞു. ഉടനെ അമ്മാമച്ചി [അമ്മയുടെ അമ്മ] വക ഒരു കമന്റ്‌."എടാ മനസ്സ്‌ നന്നായാല്‍ മാങ്ങണ്ടി തിന്നാലും നന്നാകുമെന്നാ.. നിന്റെ ഈ കുസൃതികളും, പാരവെയ്പ്പുകളും ഒക്കെ നിര്‍ത്തിയാല്‍ തന്നെ നീ നന്നാകുമെന്ന" കമന്റ്‌ ഓര്‍ക്കാപ്പുറത്ത്‌ വന്നപ്പോള്‍ തന്നെ, ഇന്നത്തെ ദിവസം തന്റേതല്ലായെന്ന് ബോദ്ധ്യമായി.

ഏതായാലും മരുന്ന് മുടക്കിയില്ല. അത്താഴം കഴിഞ്ഞുള്ള ഒരു ടീ സ്പൂണ്‍ ലേഹ്യവും, 10 മില്ലി അരിഷ്ടവും കുടിച്ച്‌ ഉദ്ഘാടനം നടത്തി. നാണക്കേട്‌ പേടിച്ച്‌ പിറ്റേന്ന് തിരുവല്ലാ ഭാഗത്തേക്കെ ഇറങ്ങിയില്ല. വൈകിട്ട്‌ ഒരു ഫോണ്‍ കോള്‍.. മരുന്ന് വാങ്ങാന്‍ വന്ന സുഹൃത്താണെന്ന് കേട്ടപ്പോഴെ എന്റെ മുഖം വിളറി. എന്താടാ നിന്നെ ഇന്ന് തിരുവല്ലായിലേക്ക്‌ കണ്ടില്ലല്ലോ? വയറിളക്കം വല്ലതുമാണോയെന്ന് അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞപ്പോള്‍ മുഖം പിന്നെയും കോടി.

ഒന്ന് ഒന്നര മാസക്കാലം, വൈദ്യര്‍ പറഞ്ഞത്‌ പോലെ ഒട്ടും തെറ്റാതെ കിറു കൃത്യമായി മരുന്ന് കഴിച്ചു. പൈസ പോയീന്നല്ലാതെ വണ്ണമൊന്നും വെച്ചില്ല. ഈ സംഭവത്തോടെ മരുന്ന് കഴിച്ച്‌ വണ്ണം വെയ്പ്പിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. പിന്നീട്‌ കല്യാണം കഴിഞ്ഞു. ലയിറ്റ്‌ വെയിറ്റായ ഫാദറിനു, ഫെദര്‍ വെയിറ്റില്‍ ദൈവം കുഞ്ഞുങ്ങളെയും തന്നു.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മക്കളുടെ ശരീരം പുഷ്ടി പിടിപ്പിക്കാന്‍ വേണ്ടി മറ്റൊരു വൈദ്യരെ പോയി കണ്ടു. പുള്ളിക്കാരാന്‍ കൂശ്‌മാണ്ഡ രസായനം തന്നു. മക്കള്‍ക്ക്‌ അത്‌ ഇഷ്ടപ്പെടാഞ്ഞതിനെ തുടര്‍ന്ന് അപ്പന്‍ സേവിച്ചു. സത്യം... അതിന്റെ ഗുണമാണോ, അമ്മാമച്ചി പണ്ട്‌ പറഞ്ഞത്‌ പോലെ, എന്റെ മനസ്സ്‌ നന്നായതാണോ എന്തോ... എന്റെ ശരീരം പെട്ടെന്ന് പുഷ്ടിപ്പെട്ടു. ഇപ്പോള്‍ 65 കിലോ 300 ഗ്രാം തൂക്കമുള്ള ഒരു ശരീരത്തിന്റെ ഉടമയാണു ഞാന്‍. ഇപ്പോള്‍ അത്‌ കൂടാതിരിക്കാന്‍ നടപ്പും, മറ്റ്‌ ഇതര വ്യായാമങ്ങളും എടുത്ത്‌ വരുന്നു...

പണ്ട്‌ വണ്ണം വെയ്ക്കാന്‍.........ഇന്ന് വണ്ണം വെയ്ക്കാതിരിക്കാന്‍... കാലം മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളെ.

വാല്‍ക്കഷണം:-

എന്റെ അനുഭവം വായിച്ച്‌ വണ്ണം വെയ്ക്കാനായി മരുന്നുകള്‍ വാരി വലിച്ച്‌ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌...

രാവണ പ്രഭു എന്ന ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ [മോഹന്‍ലാല്‍], ആറടി ഒന്നര ഇഞ്ച്‌ നീളവും, അതിനു തക്ക 'ബോഡിയുമുള്ള' മുണ്ടയ്ക്കല്‍ ശേഖരനോട്‌, "എന്താടോ താന്‍ നന്നാവാത്തെ" എന്ന് കൂളായി ചോദിക്കുന്നത്‌ കേട്ടപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി..

ഇന്ദ്രനസിനെ കണ്ടാലും, നെപ്പോളിയനെ കണ്ടാലും മലയാളികള്‍ ഇങ്ങനെ പലതും ചോദിച്ചു കൊണ്ടിരിക്കും... "എന്താ നന്നാവാത്തെയെന്ന്???"
ബഹു ജനം പല വിധം...



”മനസ്സ്‌ നന്നായാല്‍ മാങ്ങാണ്ടി തിന്നാലും നന്നാവും”. മാതാ തങ്കമ്മ ഈപ്പന്‍