Saturday 15 September 2007

നാടന്‍ ഡോഗ്‌ ഷോ

നാട്ടില്‍ കൂണു പോലെ ബ്ലേഡ്‌ കമ്പനികള്‍ ഉണ്ടെങ്കിലും, മിക്ക ഗ്രാമങ്ങളിലുമുണ്ട്‌ ബോര്‍ഡ്‌ പോലും വയ്ക്കാതെ, പരസ്യങ്ങള്‍ പോലും കൊടുക്കാതെ നാട്ടുകാരുടെ മാത്രം സഹകരണത്തോടെ, നാട്ടുകാരുടെ മാത്രം ബ്ലേഡുകള്‍. ബ്ലേഡുകാര്‍ എല്ലാവരും ഒരേ ഗ്രൂപ്പുകാര്‍. അവര്‍ സ്വന്തം അമ്മ ചെന്ന് കടം ചോദിച്ചാലും ഉരുപ്പടി ചോദിയ്ക്കും. പിന്നെയാണോ വെറുതാക്കാര്‍. അറുത്ത കൈയ്ക്ക്‌ ഉപ്പ്‌ തേയ്ക്കാത്തവര്‍. ആര്‍ക്കും 5 പൈസയ്ക്ക്‌ ഉപകാരം ചെയ്യാത്തവര്‍.

അത്തരത്തിലുള്ള ഒരു ബ്ലേഡ്കാരനാണു ഞങ്ങളുടെ ഗ്രാമത്തിലെ 65 വയസ്സുള്ള കോരച്ചായന്‍. ഞങ്ങളുടെ പള്ളിയിലെ ഒരു പ്രമാണി കൂടിയാണു ഈ കോരച്ചായന്‍.അതു പിന്നെ അങ്ങനെയല്ലേ വരൂ.. പൈസയുണ്ടെങ്കില്‍ ആരും പള്ളി പ്രമാണിയാകും. മൊത്തമൂറ്റ്‌ ബ്ലേഡാണെങ്കില്‍ ഞങ്ങളുടെ കോരച്ചായന്‍ കൊടുവാളാണു. 2 സൈഡിലും മൂര്‍ച്ചയുള്ള ഉഗ്രന്‍ വാള്‍. കോരച്ചായനോട്‌ 10 മിനിറ്റ്‌ സംസാരിച്ചാല്‍ ഒരു കാര്യം വ്യക്തമാകും... പൈസയെ പറ്റിയും, പണയ ഉരുപ്പ്പ്പടികളെയും പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ ആളുടെ പിരി ഒരല്‍പ്പം ലൂസ്സ്‌ ആയെന്ന്. മുണ്ടിന്റെ കോത്തലയില്‍ ഒരു വലിയ ചരടില്‍ കെട്ടിയിട്ട താക്കോല്‍ കൂട്ടവുമായിട്ടാണു നമ്മുടെ കോരച്ചായന്റെ സഞ്ചാരം തന്നെ. കോരച്ചായന്റെ വീടിന്റെ മുന്‍പില്‍ കൂടി ആരു കടന്ന് പോയാലും അവരെ ഞെട്ടിക്കാന്‍ പാകത്തിനു കോരച്ചായന്റെ പ്രത്യേക കോച്ചിംഗ്‌ കോടുത്ത്‌ വളര്‍ത്തുന്ന ഒരു അല്‍സേഷ്യന്‍ പട്ടി. അവന്റെ കുര കേട്ടാല്‍ മാത്രം മതി..സാധരണക്കാര്‍ ഒന്ന് ഭയക്കും. അന്നേരം അവനെ നേരിട്ട്‌ കണ്ടാലോ?? അല്‍സേഷ്യന്‍ പട്ടിയുടെ എല്ലാ രാജകീയത്വവുമുള്ള ഒരു അടിപൊളി പട്ടി. കൈസര്‍ എന്നാണിവന്റെ പേരു. ഇവനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ കോരചേട്ടന്‍ വാചാലനാകും. അവന്‍ പ്രീഡിഗ്രിയാണു [പെഡിഗ്രിയെന്ന് നമ്മള്‍ മനസ്സിലാക്കുക], റോയല്‍ ബ്ലഡാണു..അങ്ങനെ അങ്ങനെ പലതും കേള്‍ക്കും..പിന്നെ അവസാനം അച്ചായന്‍ പറയും - അവന്റെ അടുത്ത്‌ ഞാനല്ലാതെ ആരും പോകത്തില്ല. എന്റെ ഭാര്യ, മക്കള്‍ എല്ലാവര്‍ക്കും അവനെ പേടിയാണു. അവന്റെ സ്വഭാവം എപ്പോള്‍ മാറുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതു കൊണ്ടല്ലേ അവന്റെ കൂട്‌ ഞാന്‍ ഗോദ്രേജിന്റെ 8 ലീവര്‍ താഴിട്ടു പൂട്ടുന്നത്‌ തന്നെ. അതു കേള്‍ക്കുന്നവര്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോകും, അച്ചായന്റെയല്ലേ പട്ടി... അതേ സ്വഭാവവും..അച്ചായനെയും പൂട്ടേണ്ട സമയം അടുത്തിരിക്കുന്നു...

വെളുപ്പാന്‍ കാലത്ത്‌ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഓടാന്‍ പൊകുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്‌. [എന്നെ നേരിട്ട്‌ അറിയാവുന്നവര്‍ക്ക്‌ എന്റെ ആരോഗ്യത്തെ പറ്റി അറിയാം. കാറ്റുള്ളപ്പോള്‍ പോക്കറ്റില്‍ കല്ലിട്ട്‌ ഓടണേ മോനെ എന്ന് ഉപദേശിച്ചവര്‍ ധാരാളം.] അങ്ങനെ ഒരു ദിവസം ഓട്ടം കഴിഞ്ഞ്‌ തിരികെ വരുന്ന സമയം..നമ്മുടെ കഥാനായകന്‍ കോരച്ചായന്റെ വീട്ടില്‍ നിന്നും വലിയ കരച്ചിലും ബഹളവും - ഓടി വായോ..അരെങ്കിലും ഒന്ന് വന്ന് രക്ഷിക്കോ?? ആരെങ്കിലും ഒന്ന് വരണേയെന്ന് പറഞ്ഞ്‌ അലമുറയിട്ട്‌ കരയുന്ന കോരച്ചായ്ന്റെ ഭാര്യയുടെ കരച്ചില്‍..ബ്ലേഡ്കാരന്റെ വീടല്ലേ...കള്ളന്മാര്‍ വല്ലതും കയറിയതാണോ? ഞാന്‍ ഒന്ന് ശങ്കിച്ചു. വണ്ടി തിരിച്ചു വിട്ടാലോ? ഗേറ്റിന്റെ മുന്‍പില്‍ ചെന്നപ്പോള്‍ 3-4 പേര്‍ ഗേറ്റിന്റെ അവിടെ നിന്ന് കാഴ്ച കാണുന്നു. അന്നേരം പേടിക്കാന്‍ ഒന്നുമില്ല. ഇനി കാഴ്ച കാണുക തന്നെ. ആ കാഴ്ച കണ്ടപ്പോള്‍ ആര്‍ത്ത്‌ ചിരിക്കാനാണെനിക്ക്‌ തോന്നിയത്‌. കോരച്ചായന്‍ രാവിലെ കൈസറിനെ പൂട്ടാന്‍ ചെന്നതാണു. കഷ്ടം. കൈസറിന്റെ സ്വഭാവം മാറി. അവന്‍ കോരച്ചായനെ ഉരുട്ടിയിട്ട്‌ കടിച്ചു. ഞാന്‍ ചെന്നപ്പോള്‍ കോരച്ചായന്‍ സ്വതന്ത്രനായി [നൂല്‍ ബന്ധമില്ലാതെ] കൈസറിന്റെ പുറത്ത്‌ കയറിയിരിക്കുന്നു. പിന്നെ ഒരു ഉറപ്പിനു വേണ്ടി അച്ചായന്‍ കൈസറിന്റെ ചെവിയിലും മുറുക്കെ പിടിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കോരച്ചായന്റെ ഇരുപ്പ്‌ കണ്ടാല്‍ ബജാജ്‌ കവസാക്കിയില്‍ ഇരിക്കുന്ന സച്ചിനെ പോലെയുണ്ട്‌.. എന്റെ കുട്ടിക്കാലത്ത്‌ മിക്ക വീടുകളുടെയും മുകളിലും വെയ്കുന്ന ഒരു പ്രതിമയുണ്ടായിരുന്നു - ഒരു മീനിന്റെ മുകളില്‍ ഉടുക്കാകുണ്ടിയായി ഇരിക്കുന്ന ഒരു കുഞ്ഞി പയ്യന്റെ പ്രതിമ..അതിന്റെ ഒരു വലിയ രൂപമാണിപ്പോള്‍ കോരച്ചായന്റെ വീടീന്റെ മുന്‍പില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്‌.

പിന്നെയും കാഴ്ചക്കാര്‍ കൂടി. കോരച്ചായന്‍ ഗെയിറ്റിന്റെ മുന്‍പില്‍ കൂടി നില്‍ക്കുന്നയാള്‍ക്കാരെ നോക്കിയപ്പോള്‍ അച്ചായന്റെ കണ്ണുകള്‍ തിളങ്ങി. അച്ചായന്‍ നീട്ടി വിളിച്ചു... എടാ സരസ്സാ...., ഒന്നു കയറി വാടാ....ഇവനെ ഒന്നു കൂട്ടില്‍ കയറ്റാന്‍ കൂടെടാ...കോരച്ചായന്റെ വിളിയും സരസ്സന്റെ മറുപടിയും വളരെ പെട്ടന്നായിരുന്നു..ഓഹ്‌ പിന്നെ...ചോറു കൊടുക്കുന്ന അച്ചായന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനെ പോലെ, “ഉള്ള കുന്തവും” കൊണ്ട്‌ മുകളിലിരുമ്പോഴാ വഴിയെ പോകുന്ന ഞാന്‍...പോരാത്തതിനു ഞാനും വിത്തൗട്ടാ...സരസ്സന്‍ ഇത്രയും പറഞ്ഞു നടന്ന് നീങ്ങിയപ്പോള്‍ വിത്തൗട്ടായ ഞാനും ഊറി ചിരിച്ച്‌ കൊണ്ട്‌ വണ്ടി വിട്ടു.
ഏതായാലും ഈ സംഭവത്തോടെ നാട്ടുക്കാര്‍ കോരച്ചായനു ഒരു പുതിയ പേരിട്ടു- കോര ശ്ലീഹാ.

സത്യം സത്യമായി എനിക്ക്‌ ഈ നാമകരണ ശശ്രൂഷയില്‍ അറിഞ്ഞോ, അറിയാതെയോ, യാതൊരു പങ്കുമില്ലായെന്ന വസ്തുത കൂടി നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഇതു കോരച്ചായനെ പേടിച്ചിട്ടൊന്നുമല്ല... എനിക്ക്‌ കോര സുവിശേഷം തീരെ ഇഷ്ടമല്ല. അത്ര തന്നെ.

[ടി കഥയിലെ കഥാപാത്രത്തിന്റെ പേരുകള്‍ വ്യാജമാണു. കൈസറിന്റെ പോലും.....]